Wednesday, August 4, 2010

മരണ ദൂത്

മരണത്തെ മുന്നില്‍ കാണുന്ന വ്യക്തിക്ക് പ്രിയപ്പെട്ടവരെ വേര്‍പിരിയുമ്പോള്‍ ഉണ്ടാകുന്ന വേദന പ്രവചനാതീതമാണ്...ഞാന്‍ സ്നേഹിച്ചവരെ ,എന്നെ സ്നേഹിച്ചവരെയൊക്കെ നഷ്ടപെടുത്താന്‍ പോവുകയല്ലേ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍. ആര്‍ക്കാണ് ഞാനെന്റെ അവസാന കുറിപ്പ് നല്‍കേണ്ടത്? പെറ്റുവളര്‍ത്തി വലുതാക്കിയ അമ്മക്കോ? അല്ല.അത് താങ്ങാനുള്ള കരുത്ത് അമ്മയുടെ മനസ്സിനില്ല...കൂടെപിറപ്പുകള്‍കോ ?വേണ്ട,അവരൊന്നും എനിക്ക് പ്രിയപ്പെട്ടവര്‍ ആയിരുന്നില്ലല്ലോ..പിന്നെയോ..എന്റെ ഭര്‍ത്താവിനോ..?ഹേ..!ഒരിക്കലും അല്ല...ജീവിച്ച കാലമത്രയും മുള്‍വാക്കുകളാല്‍ കുത്തിക്കീറി മുറിപ്പെടുത്തി ക്കൊണ്ടിരുന്ന അയാളോട് എനിക്കെന്തു പറയാന്‍ ഉണ്ട് ഇനി? ശാരീരിക പീഢനത്തിനേക്കാള്‍ വലിയ പീഢനം അല്ലെ അയാള്‍ എനിക്ക് നല്‍കിയിരുന്നത്. എന്റെ സുഹ്രദ്ബന്ധങ്ങളും, എന്റെ സൌന്ദര്യവും ആയിരുന്നില്ലേ അയാളുടെ ഉറക്കം കെടുത്തിയിരുന്നത്? എന്റെ സൌഹൃദങ്ങളില്‍ അയാള്‍ തേടികൊണ്ടിരുന്നത് എന്റെ കാമുകന്‍മാരെ ആയിരുന്നു..ഒരു കണക്കിന് അയാള്‍ ആഗ്രഹിക്കുന്നതും എന്റെ മരണം തന്നെയാകാം.പത്തിരുപതു വര്‍ഷം കൂടെ കഴിഞ്ഞിട്ടും,കഴുകന്‍ കണ്ണുകളും, ചെന്നായയുടെ കൂര്‍മ്മബുദ്ധിയും ഉള്ള അയാളുടെ മനസ്സറിയാന്‍ എനിക്ക് കഴിഞ്ഞില്ല .ഒരു പക്ഷെ അതെന്റെ പരാജയം ആകാം.അല്ലെങ്കില്‍ വികൃതമായി ചിന്തിക്കയും,പ്രവര്‍ത്തിക്കുകയും ,പറയുകയും ചെയ്യുന്ന ഒരാളുടെ കൂടെ ജീവിക്കാന്‍ എന്നെ പോലുള്ള ഒരുപാവം പെണ്ണിന് കഴിയുകയില്ലന്നു മനസ്സിലാക്കാന്‍ ഞാന്‍ ഏറെ വൈകി.ഒരു കണക്കിന് ഞാന്‍ എന്റെ മരണത്തിലൂടെ പ്രതികാരം ചെയ്യുന്നത് അയാളോട് അല്ലേ..?നിസ്സഹായയായ ഒരു പെണ്ണിന്റെ സ്ത്രീത്വത്തെ അപമാനിക്കുമ്പോള്‍ ,ഇറങ്ങി പോകാന്‍ മറ്റൊരു ഇടമില്ലാതെ നാലുച്ചുവരുകള്‍ക്കുള്ളില്‍ തളക്കപെടുന്ന ഒരു പെണ്ണിന് പിന്നെ എന്ത് ചെയ്യാന്‍ കഴിയും? കരഞ്ഞു തളര്‍ന്ന കണ്ണുകളില്‍ ഇനി കണ്ണുനീരില്ലാതായിരിക്കുന്നു.അയാളോട് പകവീട്ടാന്‍ എനിക്കെന്റെ ജീവന്‍ മാത്രമാണ് ഇന്ന് സ്വന്തം.നീറുന്ന മനസ്സിന്റെ വീര്‍പ്പുമുട്ടലില്‍ നിന്നും മനസ്സിനെ സ്വതന്ത്രമാക്കാന്‍ എന്റെ മുന്‍പില്‍ മരണം മാത്രം..

അപ്പോള്‍ ആര്‍ക്കുവേണ്ടി ആകണം എന്റെ ഈ കുറിപ്പ്.. എന്റെ മക്കള്‍ക്കോ..അല്ല..പാവം..അവര്‍ക്കറിയില്ലല്ലോ നീറുന്ന ഈ അമ്മയുടെ മനസ്സ്.. കഥ അറിയാതെ ആട്ടം കാണുകയല്ലേ അവര്‍ വളര്‍ന്നു വലുതാകുമ്പോ അവര്‍ അറിയണം ഈ അമ്മ ഒരു പാവം ആയിരുന്നെന്ന്...
പോലീസിനു വേണ്ടിയാകണോ ഈ കുറിപ്പ്? അല്ല..എന്റെ മരണത്തില്‍ ആരുമാരും കുറ്റക്കാരല്ല..ജീവിതം മടുത്തെന്നു തോന്നുന്നതുകൊണ്ട് ദൈവം എനിക്ക് നല്‍കിയ ആയുസ്സ് ഞാന്‍ തന്നെ വെട്ടികുറക്കുന്നു...അതില്‍ മറ്റാര്‍ക്കും പങ്കില്ല..എന്റെ സുഹൃത്തുക്കള്‍,അവരില്‍ ആര്‍ക്കാകണം എന്റെ അവസാന വരികള്‍ നല്‍കേണ്ടത്? എന്റെ ജീവിതം, എന്നെ മനസ്സിലാക്കിയ ഏതാനും നല്ല സൌഹൃദങ്ങള്‍.. അവരായിരുന്നു എന്റെ സന്തോഷം.. എന്റെ പ്രിയ കൂട്ടുകാരി നിനക്ക് മാത്രമാണ് എന്റെ അവസാനക്കുറിപ്പ്‌ വായിക്കാനുള്ള അര്‍ഹത. നീ മാത്രമാണ് എന്റെ ദുഖത്തിലും, എന്റെ സന്തോഷത്തിലും കൂടെ നിന്നത് .... നീ അറിഞ്ഞപോലെ എന്റെ മനസ്സ് മറ്റാരും കണ്ടതില്ല. എന്റെ പ്രിയ ചങ്ങാതി.. ഞാനീ ലോകത്ത് ഒറ്റപെട്ടു പോകുന്നു.. ഞാന്‍ എന്നില്‍ സ്വയം ഒതുങ്ങുമ്പോ എന്റെ ഉള്ളം ഒരു തീഗോളമായി ആളി പടരുകയാണ്. ഞാന്‍ ഈ ജീവിതം കൊണ്ട് നേടിയത് ഒന്നുമാത്രം..എന്നെ സ്നേഹിച്ച കുറെ നല്ല സൌഹൃദങ്ങള്‍. എന്നിട്ടും ..ഞാന്‍ തനിച്ചാകുന്നു. എന്റെ തീരാവേദനകളില്‍ നിന്നും ഞാന്‍ ഒളിച്ചോടുകയാണ്. ആര്‍ക്കുമാര്‍ക്കും ഞാന്‍ ഒരു ശല്ല്യമാകാതെ ,ഒരു ബാധ്യത ആകാതെ.. പലപ്പോഴും ഞാന്‍ മരണത്തെ ക്കുറിച്ച് പരയുമ്പോഴൊക്കെയും എന്റെ മനസ്സിന് ശക്തി പകര്‍ന്നത് നിന്റെ വാക്കുകള്‍ ആയിരുന്നു. ഇന്നു ഞാന്‍ തീര്‍ത്തും നിസ്സഹായ ആയിരിക്കുന്നു..ജീവിതം ഇന്നെന്റെ മുന്‍പില്‍ ഒരു ചോദ്യചിഹ്നമാണ്.ഒരിക്കല്‍ എന്റെ മറ്റൊരു സുഹൃത്തിനോട്‌ അത്മഹത്യയെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്നോട് പറഞ്ഞിരുന്നു, ഞാന്‍ ആത്മഹത്യ ചെയ്താല്‍ എന്നെ വെറുക്കും എന്ന്. ... ആ സുഹൃത്തിനോട്‌ നീ പറയണം ജീവിതം വഴിമുട്ടിയപ്പോള്‍ ചെയ്തതാണെന്ന്... എന്നെ ഒരിക്കലും വെറുക്കരുതെന്ന് നീ പറയണം.. ഇല്ല എനിക്കറിയാം.. എന്നെ വെറുക്കാന്‍ എന്നെ സ്നേഹിച്ചവര്‍ക്കൊന്നും കഴിയില്ലെന്ന്.. അവരുടെ ഓര്‍മയില്‍ എനിക്ക് മരണം ഇല്ലെന്ന്....

എന്റെ കണ്ണില്‍ നിന്നും അവസാന തുള്ളി കണ്ണീരും വീണ് കഴിഞ്ഞു. പ്രിയ സ്നേഹിതേ, ഒരു പക്ഷെ ഈ കത്ത് ഇപ്പോള്‍ നിനക്ക് വായിക്കാന്‍ കഴിയുന്നില്ലായിരിക്കും. ആകെ നനഞ്ഞ് കുതിര്‍ന്ന്.. നിനക്കറിയോ, ഇതാ.. എന്നെയും കാത്ത് എന്റെ മുന്‍പില്‍ എന്റെ ഡസ്ക്കില്‍ ഇരിക്കയാണ് മരണം..ഞാന്‍ ഏറെനാളായി കാത്തിരുന്ന അനിവാര്യമായ എന്റെ മരണം ... ഇന്നു എന്റെ തൊട്ടടുത്ത്‌ എത്തി കഴിഞ്ഞു. ഞാന്‍ ഒന്ന് കൈ എത്തിപിടിക്കുകയെ വേണ്ടൂ ..പിന്നെ ഞാനും ഈ ലോകത്ത് നിന്ന് മറയും..എന്നെ സ്നേഹിച്ചവര്‍ എന്നെ ഓര്‍ത്തു കണ്ണുനീര്‍ വാര്‍ക്കും ..ഒന്ന് ഫോണ്‍ ചെയ്ത് നിന്റെ സ്വരം കേള്‍ക്കണമെന്ന് ഉണ്ടായിരുന്നു എനിക്ക്.. പക്ഷെ കഴിയില്ല മോളേ.. നിന്റെ സ്വരം കേട്ടാല്‍ ഒരു പക്ഷെ ഞാന്‍ തളര്‍ന്ന് പോകും.. ഈ കത്ത് നിനക്ക് വരുമ്പോളേക്കും നീ ഒരു പക്ഷെ എന്റെ മരണ കര്‍മ്മങ്ങളില്‍ മൂകസാക്ഷിയായി .. കരഞ്ഞ് കലങ്ങിയ കണ്ണൂകളുമായി ഇരിക്കുകയാവും..നിനക്കറിയാല്ലോ... നാളെ എന്റെ ഇരുപതാം വിവാഹ വാര്‍ഷികം ആണെന്ന്... എന്റെ വിവാഹ സമ്മാനം ആണ് അയാള്‍ക്കിത്‌.. ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ നീ എന്റെ കൂടെപ്പിറപ്പായി ജനിക്കണേ എന്നാണ്‌ എന്റെ ആഗ്രഹം. .
എന്റെ കാഴ്ച മങ്ങുകയാണ്.. കണ്ണില്‍ വെള്ളം നിറഞ്ഞിട്ടാണോ.. ഹേ അല്ല.. നീ അല്ലെ പറഞ്ഞത് എന്നോട് കരയരുതെന്ന്.. ഇല്ല ഞാന്‍ കരയുന്നില്ല.. എന്റെ ചുറ്റിലും എന്റെ ജീവരക്തം തളം കെട്ടിനില്‍ക്കുന്നു.. എന്റെ കൈകള്‍ തളരുകയാണ്.. മരണം എന്റെ തൊട്ടടുത്തെത്തി.. ഞാനിപ്പോള്‍ വീണു പിടയും.. അവസാന ശ്വാസം നീട്ടി വലിക്കട്ടെ ...ഈശ്വരാ... എന്നോട് പൊറുക്കേണ ...

ഇത് കഥയല്ല. മറിച്ച് മരണത്തെ മുന്നില്‍ വിളിച്ച് നിറുത്തി എന്റെ പ്രിയ കൂട്ടുകാരി എനിക്ക് എഴുതിയ ഒരു കത്താണ്‌ മുകളില്‍ ഞാന്‍ പേസ്റ്റ് ചെയ്തത്..അവള്‍ മരിച്ചില്ല എന്ന സത്യം കൂടെ ഇവിടെ പറയട്ടെ. എനിക്ക് വേണ്ടി , ദൈവം അവിടെ മറ്റൊരാളുടെ രൂപത്തില്‍ അവതരിച്ചതാകാം. കൃത്യസമയത്ത് അവളെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ കഴിഞ്ഞത് കൊണ്ട് ഇപ്പോള്‍ അവള്‍ ജീവിതത്തോട് പൊരുതാന്‍ തീരുമാനിച്ചു. .എത്ര സന്തോഷവതിയായിരുന്നു അവള്‍ വിവാഹം വരെ.. ഒട്ടേറെ ക്കൂട്ടുകാരുമായി ഒരു പൂമ്പാറ്റയെ പോലെ ഞങ്ങള്‍ക്കിടയില്‍ പാറി നടന്നതാണ്‌ അവള്‍..പക്ഷെ വിവാഹം അവളെ വല്ലാതെ മാറ്റി..എന്ത് കൊണ്ടോ അവള്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നോട് മാത്രമേ എന്തെങ്കിലും മനസ്സ് തുറന്നിരുന്നുള്ളൂ.. അവള്‍ എഴുതിയത് പോലെ ഭീകരമായിരുന്നു അവളുടെ അവസ്ഥ..!!! സമൂഹത്തിലെ മാന്യനായ മനുഷ്യന്‍.. എല്ലാവര്‍ക്കും സമ്മതന്‍.. പൊതുകാര്യ പ്രസക്തന്‍.. .. അവളുടെ കൂട്ടുകാര്‍ ആരെങ്കിലും അവളോട് ഒന്ന് സംസാരിച്ചാല്‍ ..അല്ലെങ്കില്‍ അവള്‍ക്ക് കൂട്ടുകാരുടെ ഫോണ്‍ വന്നാല്‍.. പിന്നെ ആ മനുഷ്യന്റെ മറ്റൊരു മുഖമായിരുന്നു. എന്നെ കൂടാതെ ആര്‍ക്കും ഇതൊന്നും അറിയില്ലായിരുന്നു. അവള്‍ ഈ കടുംകൈ ചെയ്യുന്നത് വരെ. പറയരുതെന്ന് എന്നെ അവള്‍ വിലക്കുകയും ചെയ്തിരുന്നു.എന്താ ഇവിടെ സ്ത്രീകള്‍ പുരുഷനുമായി കൂട്ടുകൂടിയാല്‍ തകര്‍ന്നു വീഴുമോ സദാചാരം..സത്യത്തില്‍ താലി പെണ്ണിന് ശാപമാകുന്നത് ഇങ്ങിനെയൊക്കെയാണോ?സ്വന്തം ഭാര്യയില്‍ വിശ്വാസമില്ലാത്ത ഇത്തരം ഭര്‍ത്താക്കന്മാരെ എന്താ ചെയ്യേണ്ടത്. ഇവരാണോ ശരിക്ക് ഭര്‍ത്താവ്? ഇന്ന് അവള്‍ക്കറിയാം.. അവളെ സ്നേഹിക്കാന്‍ ..അവളെ സ്വാന്തനിപ്പിക്കാന്‍ കുറേ നല്ല മനസ്സുകള്‍ ഉണ്ടേന്ന്. എനിക്ക് ഒന്നേ പറയാനുള്ളു.. ഇത്തരം പേപിടിച്ച ഭര്‍ത്താക്കന്മാരെ ചങ്ങലക്കിടുകയല്ലേ വേണ്ടത്. ചില സ്ഥലങ്ങളില്‍ ഇത് മറിച്ചും സംഭവിക്കുന്നുണ്ട്. സംശയ രോഗിയായ ഭാര്യ.. പാവം പിടിച്ച ഭര്‍ത്താവ്.. രണ്ടും ഒന്ന് തന്നെ. ഭാര്യ ഭർതൃ ബന്ധത്തില്‍ആദ്യം വേണ്ടത് പരസ്പര വിശ്വാസമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മനുഷ്യന്‍ ആല്‍മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത് എപ്പോഴാണ്?ഈ ജീവിതത്തിനു ഒരു അര്‍ത്ഥവും ഇല്ലന്ന സ്വയം കണ്ടെത്തലുകള്‍ അവനെ അല്ലെങ്കില്‍ അവളെ ആല്‍മഹത്യയിലേക്ക് നയിക്കുന്നു.ജീവിതത്തിലെ പരാജയങ്ങള്‍ മനുഷ്യമനസ്സിനെ തളര്‍തുമ്പോ ജീവിതത്തില്‍
ഒറ്റപെട്ടു പോകുന്നു എന്ന് തോന്നുമ്പോള്‍ തന്റെതെന്നു പറഞ്ഞു നെഞ്ചോടു ചേര്‍ത്തുവെക്കാന്‍ ആരുമില്ലന്ന തോന്നല്‍ വരുമ്പോള്‍ അവന്‍ അവനിലേക്ക്‌ ഉള്‍വലിയുന്നു.തെറ്റും ,ശെരിയും തിരിച്ചറിയാന്‍ കഴിയാതെ നീറി നീറി കഴിയുമ്പോള്‍ ദുഖത്തിന്റെ കാണാകയങ്ങളില്‍ ഊളിയിട്ടു മറയുന്ന മനസ്സിനെ രേക്ഷിക്കാന്‍
ചിലപ്പോ ഒരു ശക്തിക്കും കഴിയാതെവരുമ്പോള്‍ മനുഷ്യന്‍ എല്ലാ പാപ ഭാരവും ഇറക്കിവേക്കാന്‍ എളുപ്പം കണ്ടെത്തുന്ന മാര്‍ഗം ആണ് ആല്‍മഹത്യ..ഒരു പക്ഷെ ആല്‍മഹത്യയില്‍ അപയം തേടുന്ന മനസ്സിന് ധൈര്യവും രക്ഷയുംനല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ ഒരു നല്ല സുഹൃത്തിനു കഴിഞ്ഞെന്നു വരാം..ഒറ്റപെട്ടു പോകുന്ന സമയങ്ങളില്‍ ആരും ഇല്ലന്നു തോന്നുന്ന സമയങ്ങളില്‍ നിനക്ക് ഞാന്‍ ഉണ്ടെന്നു പറഞ്ഞു ആശ്വസിപ്പിക്കാന്‍ എല്ലാം പങ്കുവെക്കാന്‍ ഒരു ആത്മാർത്ഥസുഹൃത്തിനു കഴിഞ്ഞെന്നു വരാം..