Wednesday, December 1, 2010

ഇവരും മനുഷ്യര്‍

മനുഷ്യ വംശത്തില്‍ നിന്നും പുറത്താക്കപ്പെട്ട  സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ ശക്തമായപ്പോഴാണ് മനുഷ്യ കുലം ആണും,പെണ്ണും കൂടിച്ചേര്‍ന്നതാണ് എന്ന സത്യം പതുക്കെ അംഗീകരിച്ചു തുടങ്ങിയത്. എന്നാല്‍ ആണിലും പെണ്ണിലും പെട്ടവര്‍..., ആണും പെണ്ണും കെട്ട എന്ന് ആക്ഷേപിക്കുന്ന മറ്റൊരു വിഭാഗം അവഗണനകളില്‍ അപഹാസ്യരായി സ്വന്തം മേല്‍വിലാസം പോലും കണ്ടെത്താന്‍ കഴിയാതെ ഇന്നും നമുക്ക് ചുറ്റിലും ഉണ്ട്. അവരെ പരിഹാസരൂപേണ മറ്റുള്ളവര്‍ ചാന്തുപൊട്ടെന്നും, ഒന്‍പതെന്നും, ഹിജഡയെന്നും, ധിംതരികിടതോം എന്നും ഒക്കെ വിളിച്ചു പോരുന്നു.പുരുഷനായി ജനിച്ചു പോയി എങ്കിലും വൈകാരികമായി സ്ത്രീയായി ജീവിക്കാന്‍ ആഗ്രഹിക്കുകയും ,അതിനായി പാട്പെടുകയും ചെയുന്ന ഇത്തരം സമൂഹത്തിന്റെ ആകുലതകളെക്കുറിച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇങ്ങനെ പുരുഷ ശരീരത്തിനുള്ളില്‍ വീര്‍പ്പുമുട്ടുന്ന ഒരു വിഭാഗം ജനതയുടെ, അല്ലെങ്കില്‍ അവര്‍ അനുഭവിക്കുന്ന മാനസിക സഘര്‍ഷങ്ങളുടെ വേലിയേറ്റം മനസ്സിലാക്കാന്‍ വിവേകശാലികള്‍ എന്ന് പറയപെടുന്ന കേരള സമൂഹത്തിനു കഴിഞ്ഞിട്ടില്ല. (കേരള സമൂഹമെന്നതിനേക്കാള്‍ സമൂഹത്തിന്‌ എന്ന ഒരു വാക്കാവും കൂടുതല്‍ ഉചിതം). നമ്മുടെ കാപട്യം നിറഞ്ഞ, മാന്യതയുടെ മുഖാവരണം സ്വയം ധരിച്ച സമൂഹം ഇവരെ  അവഞ്ജയോടെ  മാത്രം കാണുന്നു. പക്ഷെ, എന്തെന്ത് വൈകല്യത്തിന്റെ പേരിലാണെങ്കില്‍ പോലും ഇവര്‍ കാട്ടി കൂട്ടുന്ന കോമാളിത്തരങ്ങള്‍ അല്ലെങ്കില്‍ കൊപ്രാട്ടിതരങ്ങള്‍ക്ക് നേരെ കണ്ണടക്കാനോ അവയെ അഗീകരിക്കാനോ കഴിയുന്നവയും അല്ല എന്ന സത്യം മനസ്സിലാക്കി കൊണ്ട് തന്നെ പറയട്ടെ.. ഇത്രയധികം പീഢനം ഇവര്‍ അര്‍ഹിക്കുന്നുണ്ടോ? ജനിപ്പിച്ച അച്ഛനും അമ്മയും പോലും അവരെ തള്ളി പറയന്നു. ഇങ്ങനെ ഒരു കുഞ്ഞും ജനിക്കാന്‍ ഇടവരുത്തരുതേ എന്ന് മനസ്സുരുകി പ്രാര്‍ഥിക്കുകയാണ്. അവര്‍ സ്വന്തം പ്രവര്‍ത്തി കൊണ്ടല്ല ഇങ്ങനെ ആയിതീരുന്നത് (അങ്ങിനെയുള്ള ചുരുക്കം ആളുകളെ മറക്കുന്നില്ല) എന്ന് മനസ്സിലാക്കാനുള്ള വിവേകം ഇനിയെങ്കിലും നമ്മുടെ സമൂഹം കാട്ടേണ്ടതുണ്ട് എന്ന് തോന്നുന്നു.

സ്വവര്‍ഗ രതിയുടെ പേരില്‍ ദിനം പ്രതി നമ്മുടെ നാട്ടില്‍ നിന്നും ഒട്ടേറെ ആണ്‍കുട്ടികള്‍ അപ്രത്യക്ഷരാകുന്നു. ഇവര്‍ക്കെല്ലാം എന്ത് സംഭവിക്കുന്നു. ആദ്യ കുറേ ദിവസങ്ങളിലെ പത്രങ്ങളുടെ തലക്കെട്ടുകളായി ഇവര്‍ നമുക്കിടയില്‍ നിറഞ്ഞുനില്‍ക്കും. പിന്നെ, പിന്നെ എല്ലാം പുതിയ വാര്‍ത്തകള്‍ക്ക് മുന്‍പില്‍ വിസ്മൃതിയിലാവും. പക്ഷെ, സ്വന്തം വിധിയെ പഴിച്ച് ശിഷ്ടകാലം ജിവിക്കേണ്ടി വരുന്ന ഇവരെല്ലാം ഏതൊക്കയോ തലങ്ങളില്‍ എത്തിപെടുകയും പിന്നീട് അക്രമവാസന ഉള്ളവരായി മദ്യത്തിനും ,മയക്കുമരുന്നിനും അടിമകളായ എന്തും ചെയാന്‍ ചങ്കൂറ്റമുള്ളവരായി തീരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു വിഭാഗം മനുഷ്യര്‍ തന്നെയാണ് അക്രമകാരികളായ ഇത്തരം ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത്.

അവനവന്റെ നൈമിഷികമായ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അല്ലെങ്കില്‍ വെറിപിടിച്ച ലൈംഗീകവാസനകള്‍ക്ക്  വേണ്ടി മറ്റുള്ളവരെ ഉപയോഗപെടുത്തുമ്പോള്‍ അവിടെ കച്ചവട മനസ്സും വൃത്തിഹീനമായ സെക്ഷ്വല്‍ സാറ്റിസ്ഫാക്ഷനും മാത്രമാണ് ഉണ്ടാകുന്നത്. മണ്ണും,പെണ്ണും,പൊന്നും എല്ലാം വില്‍ക്കാനും വാങ്ങാനും മാത്രമുള്ളതാണെന്ന് പറയുന്നത് പോലെ ഇപ്പോള്‍ ആണ്‍കുട്ടികളും വില്‍പ്പന ചരക്കുകളായി മാറി കൊണ്ടിരിക്കുകയാണ്. അവനവന്റെ വീട്ടില്‍ നിന്നും ഒരു കുട്ടിയെ ഇത്തരത്തില്‍ നഷ്ടപ്പെടുമ്പോഴേ, നഷ്ടപെടുന്നതിന്റെ വേദന മനസ്സിലാക്കുന്നത്. പ്രണയം,സ്നേഹം,കരുണ ഇതൊക്കെ ഇന്നു വെറും കച്ചവട ലാഭമുണ്ടാക്കകയെന്ന ലക്ഷ്യത്തോടെ പ്രകടിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ രക്ഷിതാക്കളുടെ അശ്രദ്ധയാണ്‌ ഇത്തരം ഒരു സാഹചര്യത്തിലേക്ക്  കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത് എന്ന് പറയാതെ വയ്യ. രക്ഷിതാക്കള്‍ കുട്ടികളെ കൂടുതലായി ശ്രദ്ധിക്കുകയും അവര്‍ക്ക് വേണ്ട സമയത്ത് സമയോചിതമയ ബോധവല്‍ക്കരണം കൊടുക്കുകയും ഇന്നത്തെ, ഈ വെറി പിടിച്ച കാലത്ത് ആവശ്യമായി തീര്‍ന്നിരിക്കുന്നു. മാതാ പിതാക്കളുടെ അശ്രദ്ധയും, ഉദാസീനതയും ഒരു പരിധിവരെ കുട്ടികളെ വഴിതെറ്റിക്കാന്‍ കാരണമാകുന്നു. ജീവിതത്തിലെ പുത്തന്‍ ചുറ്റുപാടുകളേയും സമ്പ്രദായങ്ങളേയും വിസ്മയത്തോടെ കാണുന്ന ചെറിയ പ്രായത്തില്‍ കുട്ടികളെ ബന്ധുക്കളുടെ കൂടെ രാത്രി കാലങ്ങളില്‍ ഉറങ്ങാന്‍ വിടുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നു.

രക്ത ബന്ധങ്ങള്‍ പോലും കുട്ടികളെ ചൂഷണം ചെയ്യുവാന്‍ മടി വരുത്താത്ത കാലമാണ്‌ ഇന്നിന്റെ ഈ നവയുഗം!! തെറ്റും ശരിയും മനസ്സിലാക്കാന്‍ കഴിയാത്ത കൊച്ചു പ്രായത്തില്‍ സംഭവിക്കുന്ന ഇത്തരം അതിക്രമങ്ങള്‍ കുട്ടികളില്‍ ഏല്‍പ്പിക്കുന്ന ആത്മനിന്ദ കടുത്തതായിരിക്കും.ഇതു മനസ്സിലാക്കി രക്ഷിതാക്കള്‍ തന്നെയാണ് അവരെ നേരായ മാര്‍ഗ്ഗത്തിലേക്ക് കൊണ്ട് വരേണ്ടത്.മറിച്ച്, ഇതിനെ നിസ്സാരവല്‍ക്കരിച്ചാല്‍ ഒരു പക്ഷെ പിന്നീട് രക്ഷിതാക്കള്‍ തന്നെ ദു:ഖിക്കാന്‍ ഇടവന്നെക്കാം. ആണും പെണ്ണും എന്ന പോലെ ഹിജഡകളായി ജന്മം എടുക്കുന്നവരും ദൈവത്തിന്റെ വരദാനമാണ് .പക്ഷെ ദൈവത്തിനു എവിടെയോ കണക്കുകള്‍ പിഴച്ച അഭിശപ്ത മുഹൂര്‍ത്തത്തില്‍ ഭൂമിയില്‍ പിറവി എടുത്തുപോയ ഈ ജന്മങ്ങളെ തികഞ്ഞ പരിഹാസത്തോടെയും അവഞ്ജയോടെയും കാണുകയും, ചെയുന്നതു എത്ര ദയനീയമാണ്‌!

ഇത്തരം സമൂഹത്തിന്റെ അറിയപ്പെടാതെ  ,അല്ലെങ്കില്‍ പറയപ്പെടാതെ പോകുന്ന വേദനകളിലേക്ക് മനുഷ്യ സ്നേഹികള്‍ കണ്ണ് തുറക്കേണ്ടതുണ്ട് .എന്നാല്‍ ദു:ഖകരമായ സത്യം മറ്റൊന്നാണ് എന്ന് പറയാതെ വയ്യ. ഇത്തരം ജനസമൂഹത്തെ എങ്ങിനെയൊക്കെ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്ന ചിന്തയോടെ മാത്രമായി അവരെ സമീപിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റിലും ഉള്ളത് . ഇവരെ രക്ഷിക്കുന്നതിനു പകരം അവരെ തിന്മയുടെ പാതയിലേക്ക് നയിക്കുകയും അത് വഴി അവരെ ശിക്ഷിക്കുകയുമാണ്‌ കപട സദചരവും കൊണ്ട് നടക്കുന്നവര്‍ ചെയ്യുന്നത്. ഇതൊരു വൈകല്യമായി കണക്കാകാതെ, മറിച്ച് അവരെ സമീപിക്കുന്ന വ്യക്തികള്‍ക്കാണ് ആദ്യം ചികിത്സ നല്‍കേണ്ടത്. ഇത്തരം ഹോര്‍മോണ്‍ തകരാരുമായി ജനിക്കുന്നവരെ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കുവാന്‍ കഴിയുന്നതല്ല എങ്കിലും അവരുടെ ജനന വൈകല്യങ്ങള്‍ ഒരു പരിധി വരെ സര്‍ജറിയിലൂടെയും മറ്റും പരിഹരിക്കാവുന്നതാണ് . അവരെ സര്‍ജറിക്ക് വിധേയരാക്കി പുരുഷനായോ അല്ലങ്കില്‍ സ്ത്രീയായോ മാറ്റുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. എങ്കിലും ജീവിതത്തില്‍ പൂര്‍ണ്ണത കൈവരിക്കാന്‍ അതുകൊണ്ടൊന്നും അവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. എന്നിരിക്കിലും ഇവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മോചനം നേടാന്‍ ഒരു പരിധിവരെ ഇതിലൂടെ കഴിഞ്ഞേക്കാം.
പക്ഷെ സാധാരണക്കാരായ ജനസമൂഹത്തിന്‌ ഇത്തരം ചിലവേറിയ ശസ്ത്രക്രിയകള്‍ ഇന്നും വിദൂരമാണെന്നിരിക്കെ ഇത്തരം ആളുകള്‍ക്ക് സര്‍ക്കാര്‍ ചികിത്സാസഹായം അനുവദിക്കുകയും, ജെനമൈത്രി അല്ലങ്കില്‍ കുടുംബശ്രീ എന്ന പേരുകളില്‍ സ്ത്രീകള്‍ക്കായി നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ പോലെ ഇത്തരം ആളുകള്‍ക്ക് വേണ്ടി കൂടി ഒരു പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചാല്‍ ഒരു പക്ഷെ ഇത്തരം വിഭാഗക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലുകളില്‍ നിന്നും മോചനം ലഭിക്കുവാനും ജീവിക്കുവാനുതകുന്ന ഒരു ജീവിതമാര്‍ഗ്ഗം ഉണ്ടാക്കുവാനും കഴിഞ്ഞേക്കാം. എഴുതിതള്ളപെട്ട ഇത്തരം സമൂഹത്തിന്‌ നേരെ സര്‍ക്കാര്‍ കണ്ണു തുറന്നേ മതിയാവൂ. കാരണം ഇവരും മനുഷ്യരാണ്..ഇവര്‍ക്കും അവകാശങ്ങള്‍ ഉണ്ട്.. ഇവരും ജിവിച്ചോട്ടെ.. ആര്‍ക്കും ഉപദ്രവമാവാതെ ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍..