Sunday, June 27, 2010

അച്ഛന്‍

എന്‍ അച്ഛനാം നിധിക്ക് ഞാന്‍ഏകിടും
ദിവസത്തിന്‍ആദ്യ കൈനീട്ടം.
പകരമീ കവിളിലേകിടും
സ്നേഹ വാല്‍സല്യം, മധുരമൊരുമ്മ .
ജീവിതപന്ഥാവില്‍
സ്വയം എരിഞ്ഞടങ്ങി മക്കള്‍ക്കൊരു അച്ഛനായി .

അച്ഛന്‍തന്‍ സ്നേഹലാളന
എന്തെന്ന് അറിഞിടുംമുന്‍പേ
ഒരു പിടി ചാരമായി
മാറി എന്‍അച്ഛന്‍.
അമ്മതന്‍ സീമന്തരേഖ മായിച്ചതൊരോര്‍മ
എങ്കിലും ഇന്നും മെന്‍ കുഞ്ഞുഓര്‍മയില്‍
നെയ്‌ തിരിനാളമായി
ഹൃത്തടം നിറഞ്ഞു നില്‍ക്കുമെന്‍അച്ഛന്‍ ... ...

Wednesday, June 16, 2010

പെണ്ണെഴുത്ത്‌

സർഗാത്മകതയുടെ നിര്‍വചനം തൊട്ട് എല്ലാറ്റിന്റെയും അധികാരം കയ്യടക്കിക്കൊണ്ടാണ് പുരുഷന്‍ ഇവിടെ എഴുത്തിന്റെ ലോകത്തെ അധിപതിയായത്.
സ്ത്രീ ഏതെങ്കിലും രംഗത്തേക്ക് കടന്നു വരുമ്പോള്‍ അവളെ എന്നും ഒരു വിമര്‍ശന കണ്ണുവെച്ചു മാത്രം കാണുന്ന ഒരു സമൂഹം ഇന്നും നമുക്ക് ചുറ്റിലും ഉണ്ട്.കലയുടെയും,സാഹിത്യത്തിന്റെയും ലോകത്തിലേക്ക്‌ ഒരു സ്ത്രീ കടന്നു വരുമ്പോള്‍ അവളുടെ എഴുത്തില്‍ വളരെ ഏറെ പരിമിതി ഉണ്ടാകുന്നു. ഒരു പെണ്ണിന് അവളുടെ എഴുത്തില്‍ വളരെ ഏറെ പരിമിതി ഉണ്ടെന്നു വളരെ വ്യക്തമാക്കുനുണ്ട് ഇ .കൃഷ്ണപിള്ള "അവളുടെ കഥ എഴുത്ത്"എന്ന കഥയിലൂടെ. ഭാര്യക്ക് കഥയെഴുതാന്‍ വേണ്ട സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയും ഒടുവില്‍ ഭാര്യയുടെ എഴുത്തുകളില്‍ തന്റെ സുഹൃത്തിനെ ക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കടന്നുവരുന്നത് കണ്ടപ്പോൾ അവളുടെ എഴുത്ത് എന്ന സ്വപ്നം അടുക്കള എന്ന നാലുച്ചുവരുകള്‍ക്കുള്ളില്‍ തളക്കപെടുന്നതുമായാണ് അതിന്റെ കഥാസാരം. ഇതൊക്കെ തന്നെയാണ് ഏറെക്കുറെ പല എഴുത്തുകാരികളുടെ ജീവിതത്തിലും ഉണ്ടാകുന്നത്. തുറന്നു പറച്ചില്‍ സ്ത്രീക്ക് നിഷിദ്ധമാകുന്നു. അങ്ങിനെ തുറന്നു പറച്ചില്‍ എഴുത്തിലൂടെ നടത്തുമ്പോള്‍ അവളെ ഒറ്റപെടുത്താനും, വിമര്‍ശിക്കാനും, എപ്പോഴും സമൂഹം മുന്‍പന്തിയില്‍ നില്‍ക്കുന്നു. അതിനെ അതിജീവിക്കാന്‍ ഒരു എഴുത്തുകാരിക്ക് കഴിഞ്ഞാല്‍ എഴുത്തിന്റെ ലോകത്ത് സ്വന്തമായ ഒരുവ്യക്തി മുദ്ര പതിപ്പിക്കാന്‍ അവള്‍ക്കു കഴിഞ്ഞേക്കാം.

കുടുംബവും,എഴുത്തും,ഒരുപോലെ കൊണ്ടുപോകാന്‍ ഒരു സ്ത്രീക്ക് കഴിഞ്ഞെന്നു വരാറില്ല .കുടുംബ മൂല്യങ്ങളും,സദാചാര സംസ്കാരവും, പെണ്ണിന്റെ എഴുത്തിനെ അതിശക്തമായി നിയന്ത്രിക്കുന്നു. അവിടെ ചോദ്യം ചെയ്യപെടലുകള്‍ ഉണ്ടാകുന്നു. ഒരു എഴുത്തുകാരി അവളുടെ രചനകളിൽ പ്രണയത്തെ കുറിച്ചോ , പരപുരുഷ ബന്ധത്തെക്കുറിച്ചോ പരാമർശിച്ചു പോയാല്‍ കുടുംബ ജീവിതത്തിലും ,സമൂഹത്തിലും അവള്‍ ഒരു നികൃഷ്ട ജീവിയായി കാണപ്പെടുന്നു. ഈ തുറന്നു പറച്ചിലുകള്‍ പുരുഷനാണ് നടത്തുന്നതെങ്കില്‍ അവിടെ ചോദ്യം ചെയ്യപെടല്‍ ഇല്ലാതാകുന്നു. പല പ്രശസ്ത എഴുത്തുകാരും അവരവരുടെ പ്രണയത്തെ ക്കുറിച്ച് എഴുതിയിട്ടുണ്ട്. അതില്‍ പുനത്തില്‍ തന്റെ കാമുകിയെക്കുറിചും അതില്‍ പിറന്നമകനെ കുറിച്ചും പറഞ്ഞപ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ അധികം ആരും തന്നെ ഉണ്ടായില്ല. അതേ സമയം മാധവികുട്ടി അവരുടെ എഴുത്തുകളില്‍ സ്ത്രീപുരുഷ ബന്ധത്തെ ക്കുറിച്ചും,പ്രണയത്തെക്കുറിച്ചും,അവരുടെ ഇഷ്ടങ്ങളെക്കുറിച്ചും,കാഴ്ചപാടിനെക്കുറിച്ചും തുറന്നു എഴുതിയപ്പോള്‍ സമൂഹം അവരെ വിമര്‍ശിക്കയും ,ക്രൂശിക്കുകയുമാണ് ചെയ്തത്. ഇവിടെ എഴുത്തിന്റെ ലോകത്ത് ഒന്നുമല്ലാത്ത ഞാന്‍ എന്റെ ചിന്തകള്‍, എന്റെ ആശയങ്ങള്‍ ,അല്ലെങ്കിൽ ഞാൻ കണ്ട ചില നേർക്കാഴ്ചകൾ എഴുതിയപ്പോള്‍ ചിലര്‍ എന്നെ ഫെമിനിസ്റ്റ് എന്ന് വിളിച്ചു, മറ്റു ചിലര്‍ പറഞ്ഞു ഒരു പെണ്ണിന്റെ (കണ്ണിന്റെ) പടവും , പെണ്ണിന്റെ പേരും ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് കമന്റുകള്‍ വരുന്നത് എന്ന്. പെണ്ണെന്നോ,ആണെന്നോ നോക്കാതെ അവരുടെ എഴുത്തിനെ വില ഇരുത്തണം എന്നഭിപ്രായക്കാരിയാണു ഞാനും ‍.. സ്ത്രീയെയും പുരുഷനെയും സൃഷ്ടിചിരിക്കുന്നത് തന്നെ അങ്ങിനെ ആണല്ലോ. അപ്പോള്‍ സ്ത്രീകളായ എഴുത്തുകാരികളുടെ രചനകള്‍ കൂടുതലായും പുരുഷന്മാര്‍ ശ്രദ്ധിചെന്നിരിക്കും. എന്നത് പോലെ തിരിച്ചും.. അത് സ്വാഭാവികം .പ്രകൃതി നിയമമാണന്ന് എല്ലാവർക്കും അറിയാം. അതല്ല എങ്കില്‍ അവര്‍ ഹിജടകള്‍ ആയിരിക്കണം.
ഫാൻസ് അസോസിയേഷൻ ഒക്കെയുണ്ടാക്കാൻ മാത്രമുള്ള ഒരു കപ്പാസിറ്റി എനിക്കായിട്ടില്ലെന്ന് തന്നെ എന്റെ വിശ്വാസം. എന്റെ പോസ്റ്റില്‍ കമന്റ് വന്നില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യാനും പോകുന്നില്ല... ഇന്നത്തെ സ്ത്രീസമൂഹത്തിന് കുറെയൊക്കെ മനസ്സിലാക്കാനും ,ചിന്തിക്കാനുമുള്ള കഴിവുണ്ടന്നു ഞാന്‍ വിശ്വസിക്കുന്നു.

സ്ത്രീ എന്ന് പറഞ്ഞാല്‍ ഭര്‍ത്താവിനെ പരിചരിച്ചും ,കുട്ടികളെ നോക്കിയും,വീടുനോക്കിയും അടങ്ങി,ഒതുങ്ങി കഴിയുന്ന വെറും ഒരു പെണ്ണ് മാത്രമായി കാണുവാനാണ് മിക്കപുരുഷന്‍മാരും ഇഷ്ടപെടുന്നത്. തികച്ചും സ്വകാര്യമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും, സമൂഹത്തില്‍ നിന്നുമാണ് എഴുത്തുണ്ടാകുന്നത്.. എന്റെ രചനകൾ മോശമാണ് , അല്ലെങ്കിൽ എനിക്ക് പറ്റിയതല്ല എഴുത്ത് എന്നും എന്നോട് പറയുമ്പോള്‍ അത് മനസ്സിലാക്കാനുള്ള സാമാന്യബോധം എനിക്കുണ്ട്. ഒപ്പം അതിനെ അംഗീകരിക്കാനുള്ള മനസ്സും. കാരണം മറ്റാരേക്കാളും എനിക്കറിയാം,എന്റെ പോരായ്മകള്‍. എഴുത്തിൽ പാരമ്പര്യമൂല്യമൊന്നും എനിക്കില്ല. മനസ്സിൽ തോന്നിയതെന്തൊക്കെയോ കുത്തിക്കുറിക്കുന്നു. എഴുത്തിന്റെ എ .ബി .സി .ഡി അറിയാതെ ആണു ഞാന്‍ ഈ വഴികളിലൂടെ യാത്ര തുടങ്ങിയത്. ഒരുപക്ഷെ എഴുത്തിനോടുള്ള പ്രണയം എന്റെ മനസ്സിന്റെ ഏതോ കോണിൽ ഒളിഞ്ഞിരുന്നത് കൊണ്ടാവാം ഇങ്ങനെ ഒരു മാധ്യമത്തിലൂടെ എഴുതി തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്.. എന്നെ പോലെ പ്രവാസ ജീവിതത്തിന്റെ നാലുച്ചുവരുകള്‍ക്കുള്ളില്‍ പ്രത്യേകിച്ച് മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തവര്‍ക്ക് ഇത്തരത്തിലുള്ള കുത്തികുറിക്കലുകള്‍ ഒരു ആശ്വാസം തന്നെയാണ്..

എഴുത്തിന്റെ ലോകത്ത് ഒന്നുമല്ലാത്ത ഞാന്‍ എഴുതുന്ന കുറിപ്പുകളില്‍ പ്രണയം കടന്നു വരുമ്പോള്‍ പലരും അത് സംശയദൃഷ്ടിയോടുകൂടി നോക്കി കാണുന്നു. അപ്പോള്‍ പിന്നെ പ്രശസ്തരായ എഴുത്തുകാരുടെ കാര്യം പറയാന്‍ ഉണ്ടോ..?
ഒരു സ്ത്രീയുടെ രചനക്ക് ഏറ്റവും വലിയ പ്രോത്സാഹനം ലഭിക്കേണ്ടത് സ്വന്തം കുടുംബത്തില്‍ നിന്നുമാണ്( ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്).അതാണ്‌ അവളുടെ വിജയവും. കൈപിടിച്ച് നിര്‍ത്താന്‍ ഒരു കുടുംബ നാഥനെയല്ല സ്ത്രീക്ക് ആവശ്യം മറിച്ച് ,ചൂടിലും, തണുപ്പിലും ,ദുഖത്തിലും ,സന്തോഷത്തിലും കൈപിടിച്ച് നടക്കാവുന്ന ഒരു കൂട്ടുകാരനെയാണ് സ്ത്രീക്ക് ആവശ്യം എന്ന ചന്ദ്രമതി ടീച്ചറുടെ വാക്കുകള്‍ ഞാന്‍ ഇവിടെ കടമെടുക്കട്ടെ..

Tuesday, June 8, 2010

കാഴ്ച

എന്നും നമ്മുടെ കാഴച്ചയിലൂടെയാണ്
നാം കലഹിച്ചിരുന്നത്
ഓരോ കാഴ്ചയിലുമുണ്ടേറെ
വൈരുദ്ധ്യങ്ങള്‍
എന്‍റെ കാഴ്ചകള്‍
നിറം മങ്ങിയ കാഴ്ചകള്‍.
ഞാന്‍ കാണുന്ന പോലെ
നീയും കാണുമെന്നു ശഠിച്ചാലത്
നമ്മുടെ കാഴ്ചയുടെ തെറ്റാകാം.
എന്‍റെ മോഹമെന്നപോലെ
നിന്‍റെയുമെന്നാല്‍ അതല്ലോ
സുന്ദരമാം അതിമോഹം .
എന്റെയും,നിന്റെയും
കാഴ്ചപ്പുറങ്ങള്‍ ഒന്നായാല്‍
പിന്നവിടല്ലോ സ്വര്‍ഗ്ഗവും.