Wednesday, April 21, 2010

മോഷണം

ഈയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചോക്കുപൊടിയില്‍ വന്ന ഒരു ലേഖനം പറഞ്ഞത്,മോഷണം നടത്തിയ രണ്ടുകുട്ടികളെ ശിക്ഷിക്കാതെ ഉപദേശിച്ചു വിട്ട കഥയായിരുന്നു. അപ്പോഴാണ്‌ എന്‍റെ ജീവിതത്തില്‍ ഞാന്‍ നേരിട്ട രണ്ടു മോഷണ സന്ദര്‍ഭങ്ങളുടെ ഓര്‍മ്മകളിലേക്ക് മനസ് അറിയാതെ മടക്കയാത്ര പോയത്.
എന്‍റെ സ്കൂള്‍ കാലഘട്ടം മുഴുവന്‍ ഒരു കോണ്‍വെന്റ് സ്കൂളിലെ ബോര്‍ഡിങ്ങില്‍ ആയിരുന്നു.( മുന്‍പൊരിക്കല്‍ ഞാന്‍ പറഞ്ഞിട്ടുണ്ടിത്)വീര്‍പ്പുമുട്ടലിന്റെയും ഒറ്റപ്പെടലിന്റെയും കൂട്ടുകൂടലിന്റെയും കുസൃതിത്തരങ്ങളുടെയും ഒരു കാലമായിരുന്നു അത്. അന്ന് ഹോസ്റ്റലിലാണ് താമസം. ഹോസ്റ്റല്‍ എന്ന് ആഘോഷമായി പറഞ്ഞുകൂടാ. ഒരുപാടു പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ച് അന്തിയുറങ്ങാനും പടിക്കാനുമായ് ഉണ്ടാക്കിയിരിക്കുന്ന ഡോര്‍മെറ്ററി. എന്റെ എത്രയോ വര്‍ഷങ്ങള്‍ അവീടെയാണ് വിടര്‍ന്നു കൊഴിഞ്ഞത്.
ഞങ്ങളുടെ ഹോസ്റ്റെല്‍ വാര്‍ഡന്‍ സിസ്റ്റര്‍ റീത്ത ആയിരുന്നു. ഒരു ഹോസ്റ്റല്‍ വാര്‍ഡന് അനുവദിച്ചുകിട്ടിയ അധികാരം മുഴുവന്‍ സിസ്റ്റെര്‍ ഞങ്ങള്‍ പെണ്‍കുട്ടികളുടെ മേല്‍ പയറ്റിയിട്ടുണ്ട്. ഞാനാകട്ടെ എപ്പോഴും സിസ്റ്റര്‍ റീത്തയുടെ നോട്ടപുള്ളി ആയിരുന്നു. അതിനു കാരണമുണ്ട്. എന്റെ വായില്‍ കിടക്കുന്ന നാവ് വിശ്രമമില്ലാതെ പണിയെടുക്കുന്നത് സിസ്റ്ററെ വല്ലാതെ പ്രകൊപിപ്പിക്കും.എനിക്കകട്ടെ എന്തുകേട്ടാലും നാവിനെ അടക്കിനിര്‍ത്താനും പറ്റിയിരുന്നില്ല. പഠിക്കുന്ന കുട്ടികളുടെ ശ്രദ്ധ മാറ്റുവാനായി എന്ത് കോമാളിത്തരവും ഞാന്‍‍ കാണിച്ചിരുന്നു.,മിമിക്രി വരെ കളത്തിലിറക്കും.ആ മിമിക്രി കളി പിന്നീട് സ്കൂള്‍ യുവജനോത്സവങ്ങളില്‍ ഒന്നാം സമ്മാനം നേടി തരുകയും ഉണ്ടായി. എന്റെ മിടുക്കു കൊണ്ടോഎന്തൊ എല്ലാവരുടെയും ശ്രദ്ധ പിടിച്ചെടുക്കാന്‍ എനിക്കു കഴിഞ്ഞിരുന്നു. പിന്നെ ബാലരമയും,പൂമ്പാറ്റയും എന്‍റെ കൈകളില്‍ നിന്നും ഒരിക്കലും തഴെയിരിക്കില്ല...മിക്കവാറും എനിക്ക് എന്തു പണിഷ്മെന്റ് എന്ന് ആലോചിക്കല്‍ തന്നെ വാര്‍ഡനും റ്റീച്ചേര്‍സിനും ഒരു പണി ആയിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ടീചെര്സിനെല്ലാം എന്നോട് വല്ലാത്ത ഒരു സ്നേഹംഉണ്ടായിരുന്നു. അതിന്റെയും കാരണം എനിക്കറിയില്ല. ഹിന്ദി ആയിരുന്നു എന്‍റെ ഏറ്റവും വലിയ പേടി സ്വപ്നം.ഹിന്ദി പടിപ്പിക്കുന്ന ജയലേഖടീച്ചര്‍ ഏതാണ്ട് തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെപ്പോലെ ഇരിക്കും പേരിലുമുണ്ടല്ലോ സാമ്യം. ടീച്ചറിന്റെ പിരീഡില്‍ ഞാന്‍ വളരെ പാവം കുട്ടിയായി അടങ്ങിയൊതുങ്ങി പൂച്ചകുട്ടിയെപ്പോലെ ഇരിക്കും.. കാരണം, ടീച്ചറുടെ ഉറ്റ കൂട്ടുകാരി വിലാസിനി ടീച്ചര്‍ ആയിരുന്നു. വകയില്‍ ഒരു അമ്മായി ആയിരുന്നു..
ഓരോ ദിവസത്തെ കംപ്ലൈയിന്റ് അപ്റ്റുഡേറ്റായി അമ്മായിടെ ചെവിയില്‍ എത്തിക്കുന്നതില്‍ ജയലേഖടീച്ചര്‍ക്ക് ഒരു പ്രത്യേക സന്തോഷമുണ്ടായിരുന്നു.ഓരോ ഗുലുമാലുകള്‍ ഉണ്ടാക്കി ഓഫീസ് റൂമിലോ സ്റ്റാഫ് റൂമിലോ കയറിയിറങ്ങുക എന്റെയും ഹോബികളില്‍ പെടും.ചീത്തവിളിയും നാണംകെടുത്തലും സ്ഥിരമായപ്പോള്‍ എനിക്കും അതൊരു രസമായി. ആ തൊലിക്കട്ടി ഇന്ന് എനിക്കൊട്ടുമില്ല കേട്ടോ. ചില ദിവസങ്ങളില്‍ ഓഫീസ് റൂമില്‍ ഇരുന്നു കരഞ്ഞിട്ടുണ്ട് ഞാന്‍. അപ്പോള്‍ എന്നെ രക്ഷിക്കാന്‍ ഏതെങ്കിലും ടീച്ചേര്‍സ് എത്തും..അവാസാനം രക്ഷപെട്ടു പോകാന്‍ നേരത്ത് അമ്മായിയുടെ ഒരു കമന്റ് വരും‘അപാര തൊലിക്കട്ടിയാ,കണ്ടില്ലേ ആ നില്പ്‘. എന്ത് പറഞ്ഞാലും നാണം ഇല്ല,“.അത് കേട്ടു മനസ്സില്‍ ഞാന്‍ ചിരിക്കും... പ്രാക്കുകൊണ്ട് ടീച്ചറെ അഭിഷേകം ചെയ്യും.. ആരും കേള്‍ക്കാതാണ് കേട്ടോ. ഇങ്ങനെ ഒക്കെ ആണെങ്കിലും എന്‍റെ അമ്മായിക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും എന്നെ നല്ല സ്നേഹമായിരുന്നു.മിക്കവാറും പരാതിക്കാരി ജയലേഖ ടീച്ചര്‍ ആകും. അതുകൊണ്ട് ഹിന്ദി ഉള്ള ദിവസം ഒരു സമരം വരണേ ഇന്നു ഉള്ളുരുകി പ്രാര്‍ത്ഥിക്കും.ഞങ്ങളുടെ സ്കൂള്‍ ഗേള്‍സ്‌ മാത്രം ഉള്ളതായിരുന്നു,എങ്കിലും ക്രിസ്ത്യന്‍ കോളേജിലെ ചേട്ടന്‍മാര്‍ പലപ്പോഴും ഞങ്ങള്‍ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി എത്താറുണ്ടായിരുന്നു.അതുകൊണ്ട് ഹിന്ദി ഉള്ള ദിവസം കാതോര്‍ക്കും സമരം വിളികള്‍ അകലെ നിന്നും മുഴങ്ങുന്നുണ്ടോ എന്നു..
ഹോസ്റ്റലില്‍ ഞങ്ങള്‍ നാല്‍പ്പതു പേരാണ് ഉണ്ടായിരുന്നത്. ഒരു വലിയ ഹാള്‍ ആയിരുന്നു.ഒരു കട്ടിലിനു മുകളില്‍ മറ്റൊരു കട്ടില്‍ എന്നക്രമതില്‍ രണ്ടു കട്ടിലുകലാണ് ഉള്ളത്.നാല്‍പ്പതു പേരും ഒരു ഹാളില്‍ കിടക്കുന്നു.അതിനോട് ചേര്‍ന്നാണ് ട്രങ്ക് റൂം.അതായതു പെട്ടികള്‍ സൂക്ഷിക്കുന്ന സ്ഥലം.ഒരിക്കല്‍ നല്ല ഉറക്കത്തില്‍ ആയിരുന്ന ഞാന്‍ മഴ പെയ്യുന്നത് സ്വപ്നം കണ്ടു. ആ മഴയത് ഞാന്‍ നനഞ്ഞു നില്‍ക്കുന്നതു അറികയും ചെയിതു.,പെട്ടന്ന് ഞെട്ടി ഉണര്‍ന്നപ്പോഴാണ് അറിയുന്നത് മഴയല്ല മുകളിലെ കുട്ടി മൂത്രം ഒഴിച്ചതാണെന്ന്.ഞാന്‍ നനഞ്ഞു കുതിര്‍ന്നങ്ങനെ കിടകുകയാ. മൂത്രത്തില്‍. കൊല്ലാന്‍ ഉള്ള ദേഷ്യം വന്നു .ആ പാതിരാത്രിയില്‍ കിടുങ്ങി വിറക്കുന്ന തണുപ്പത്ത് കുളിക്കെണ്ടിയും വന്നു.അങ്ങനെ എന്തെല്ലാം രസങ്ങള്‍. ഇന്നോര്‍ക്കുമ്പോള്‍ ചിരി ഊറിവരുന്നു.

മിക്ക കുട്ടികളുടെയും രക്ഷിതാക്കളോ ബന്ധുക്കളോ അവധിദിവസങ്ങളില്‍ പലഹാരപ്പൊതികളുമായി എത്തും.അതും നോക്കിയിരിപ്പാണ് ഞങ്ങളുടെ ഞങ്ങളുടെ ഞായറാഴ്ചകള്‍.... കിട്ടുന്ന വക ഭുതം പൊന്നു കാക്കുന്ന പോലെ കരുതിവച്ചു കുറേശ്ശെ അകത്താക്കും. ആയിടക്കാണ് പലരുടെയും പലഹാരങ്ങളുടെ എണ്ണം കുറയുന്നതായി പലരും ,പരസ്പ്പരം പറയുവാന്‍ തുടങ്ങിയത്.ഞങ്ങളുടെ കൂട്ടത്തിലെ ദീപയെ കാണാന്‍ കുറെ പലഹാര പൊതികളുമായി ഒരു ദിവസം സന്ധ്യക്ക് അവളുടെ അച്ഛന്‍ എത്തി. കിട്ടിയത് പൊതിപോലുമഴിക്കാതെ അവള്‍ പെട്ടിയിലാക്കി.പിറ്റേദിവസം രാവിലെ പെട്ടി തുറന്നപ്പോള്‍ പലഹാരപൊതികളില്‍പ്പാതിയും തീര്‍ന്നിരിക്കുന്നു.ഇതുകണ്ട് ദീപ കരച്ചില്‍ തുടങ്ങി. മോശമായ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നും ഏകആശ്രയം അവധിദിവസങ്ങളില്‍ കിട്ടുന്ന പലഹാരപ്പൊതികള്‍ ആയിരുന്നു.ആരാണ് കപ്പലിലെ കള്ളന്‍ എന്ന് ആര്‍ക്കും അറിയില്ല.ആരുമാരും,കണ്ടവരില്ല. കള്ളനെ എങ്ങിനെയെങ്കിലും പിടികൂടണം. ആ ചിന്തയുമായി ഞാന്‍ നടന്നു.

അപ്പോഴാണ് ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും തടിയുള്ള രശ്മിയുടെ കിടക്കയില്‍ ഏതാനും മൈസൂര്‍പ്പാക്കിന്റെ അവശിഷ്ടം കിടക്കുനത് എന്‍റെ ശ്രദ്ധയില്‍ പെട്ടത്.ഞാന്‍ ഉടനെ ദീപയെ കൂട്ടി ആ കുട്ടിയുടെ കിടക്കയും ബാഗും പരിശോധിച്ചു.തൊണ്ടിമുതല്‍ അടക്കം പിടികൂടി.രശ്മിയെ വിളിച്ചു.അതോടെ ആ കുട്ടി വലിയ കരച്ചിലായി.സിസ്റ്റെര്‍ന്റെ അടുത്ത് പറയരുത്.സിസ്റ്റെര്‍ അറിഞ്ഞാല്‍ അച്ഛനെ വിളിപ്പിക്കും.കുട്ടികള്‍ അറിഞ്ഞാല്‍ പിന്നെ എനിക്ക് ഇവിടെ നില്ക്കാന്‍ കഴിയില്ല.ഇനി ആവര്‍ത്തിക്കയില്ല.,ഇവിടെ കിട്ടുന്ന ചോറുകൊണ്ട് വിശപ്പ്‌ മാറാത്തത് കൊണ്ട് വിശന്നിട്ടു ചെയിതതാണ് എന്നുപറഞ്ഞുള്ള ആ കുട്ടീടെ കരച്ചില്‍ കണ്ടപ്പോള്‍ എന്റെയും ദീപയുടെയും മനസ്സലിഞ്ഞു. ഞങ്ങള്‍ക്കു വല്ലാത്ത അനുതാപം തോന്നി. ഈ കാര്യം ഞങ്ങള്‍ രഹസ്യമായി സൂക്ഷികയും ചെയിതു.

പിന്നീട് സിസ്റെര്നോട് മോഷണക്കാര്യം പറയുകയും,രാത്രിയില്‍ ട്രങ്ക് റൂം പൂട്ടി ഇടാന്‍ അപേക്ഷിക്കയും ചെയിതു.അതിനു ശേഷം മോഷണം നടന്നതില്ല. ഈ സംഭവം അന്ന് ഞങള്‍ മറ്റുകുട്ടികളെ കൂടി അറിയിച്ചിരുന്നെങ്കില്‍ ആ കുട്ടീക്കു കള്ളി എന്ന പേര് വീഴുമായിരുന്നു. വിശപ്പ് മനുഷ്യനെ ഏതേതെല്ലാം തെട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നാലോചിക്കാനുള്ള ബുദ്ധിയൊന്നും അന്നില്ല. പക്ഷെ രശ്മിയെ രക്ഷിക്കാന്‍ തോന്നിയ മനസ്സോര്‍ത്ത് ഇന്നെനിക്ക് വല്ലാത്ത ആശ്വാസം തോന്നാറുണ്ട്.

കാലങ്ങള്‍ക്ക് ശേഷം ,ഞാന്‍ തൃശ്ശൂരില്‍ താമസമാക്കി. എനിക്ക് അവിടെ കുറച്ചു കുട്ടികളെ കൂട്ടുകാരായി ലഭിച്ചു..അക്കൂട്ട്ത്തില്‍ സ്കൂളിലും ,കൊളേയ്ജിലും പഠിക്കുന്ന കുട്ടികള്‍ ഊണ്ടായിരുന്നു.അവരെല്ലാം എന്നോട് നല്ല അടുപ്പം കാട്ടിയിരുന്നു.. എന്നെ ഒരു ചേച്ചിയെ പോലെ കരുതുകയും ,എന്‍റെ അനിയത്തിമാരായി ഞാന്‍ അവരെയും കണ്ടിരുന്നു. ആ ഇടക്കാണ് എനിക്ക് വിലകൂടിയ ഒരു ഫോണ്‍ ഏട്ടന്‍ കൊടുത്തയക്കുന്നത്.ഒരു ദിവസം സന്ധ്യാനേരത്ത് കുട്ടികളില്‍ ഒരാള്‍ എന്നെ കാണാന്‍ വന്നു..അല്പം നേരം സംസാരിച്ചിരുന്നിട്ട് ,ഞാന്‍ സന്ധ്യാദീപം കൊളുത്താനായി പൊയി.. ഞാന്‍ നാമം ചൊല്ലുന്നതിനിടക്ക് എന്‍റെ സുഹൃത്ത്‌ പോകയാണെന്നു വിളിച്ചു പറഞ്ഞു.വേഗം പ്രാര്‍ത്ഥന കഴിഞ്ഞു തിരിച്ചു വന്നപ്പോഴേക്കും അവള്‍ പൊയിരുനു. എന്‍റെ വീട്ടില്‍ ഞാന്‍ അവര്‍ക്ക് സര്‍വ സ്വാതന്ത്ര്യവും നല്‍കിയിരുന്നു.അവള്‍ പൊയ് അല്പം കഴിഞ്ഞു ഞാന്‍ എന്‍റെ മൊബൈല്‍ നോക്കിയപ്പോള്‍ കാണുന്നില്ല.എല്ലായിടത്തും നോക്കി.ലാന്‍ഡ്ഫോണില്‍ നിന്നും വിളിച്ചു നോക്കിയപ്പോള്‍ സ്വിചിടു ഓഫ്‌ എന്നാണു മറുപടി..ആ ഫോണ്‍ കയ്യില്‍ കിട്ടിയിട്ട് അധികം നാള്‍ കഴിഞ്ഞിരുന്നില്ല. എനിക്കു വല്ലാത്ത സങ്കടവും കരച്ചിലും വന്നു..സിം അടക്കം പോയതിനാല്‍ ബി എസ് . എന്നില്‍ നിന്നും അതിന്റെ ഡ്യൂപ്ലിക്കേറ്റ്‌ കിട്ടണമെങ്കില്‍ അടുത്തുള്ള പോലീസ്സ് സ്റ്റേഷനില്‍ കംപ്ലൈന്റ്റ്‌ എഴുതി നല്‍കണം എന്ന് പറഞ്ഞു.കംപ്ലൈന്റ്റ്‌ നല്‍കുമ്പോള്‍ അവിടുത്തെ ഇന്‍സ്പക്റ്റര്‍ ആരെയെങ്കിലും സംശയം ഉണ്ടോ എന്ന് ചോതിക്കയുണ്ടായി .ഞാന്‍ അന്നേ ദിവസം അവിടെ വന്ന കുട്ടിയെ പറ്റി പറഞ്ഞു. എന്നാല്‍ ആ കുട്ടി തന്നെയാവും. ഒരു കംപ്ലൈന്റ്റ്‌ എഴുതി തന്നാല്‍ സാധനം തിരിച്ചു കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ വേണ്ടാന്ന് പറഞ്ഞു.കാരണം മുതിര്‍ന്ന ഒരു പെണ്‍കുട്ടി പോലിസ് സ്റ്റേഷനില്‍ കേറിയാല്‍ നമ്മുടെ നാട്ടില്‍ എന്താവും സ്ഥിതി.? പിന്നീട് ഒരുപക്ഷെ കുറ്റം തെളിഞ്ഞാല്‍ ആ കുട്ടി എന്തു ചെയ്തുകൂടാ? നാണക്കേട്‌ ഭയന്നു ആല്‍മഹത്യ ചെയ്താല്‍.?. ഇന്നു എന്തിനും ഏതിനും ആല്‍മഹത്യ ഒരു പരിഹാരമായി കണുന്നവരാണല്ലൊ നമ്മുടെ കുട്ടികള്‍. ഈ ഒരു കാരണം കൊണ്ട് അങ്ങിനെ ചെയിതു പോയാല്‍? ഒരു മൊബൈലിനെക്കാളും വില ഞാന്‍ ഒരു മനുഷ്യജീവനകല്പിക്കേണ്ടേ.‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍... ജീവിതകാലം മുഴുവന്‍ ഞാന്‍ മനസ്സമാധാനം പകരം കൊടുക്കേണ്ടി വരില്ലേ?അത് ജീവിതകാലം മുഴുവന്‍ എന്നെ സങ്കടപെടുത്തും. ഞാന്‍ കംപ്ലൈന്റ്റ്‌ കൊടുക്കാന്‍ തയ്യാറായില്ല.എനിക്ക് മൊബൈല്‍ തിരിച്ചു കിട്ടുകയും ചെയിതില്ല.

അതിനുശേഷം പരിധിയില്‍ കവിഞ്ഞ കൂട്ടുകെട്ട് ഞാന്‍ അവസാനിപ്പിക്കയും ചെയിതു.സാമാന്യം ഭേദപെട്ട വീട്ടിലെ കുട്ടി ആയിരുന്നു അവള്‍.എന്തിനാണവള്‍ അത് ചെയ്തത്.?.ഇങ്ങനെയും ഒരു രസത്തിന് വേണ്ടിയാവുമോ?.വീട്ടുകാരോടു മൊബൈല്‍ വാങ്ങിത്തരാന്‍ പറയുന്നതെങ്ങനെ. എല്ല്വരുടെയും കൈയില്‍ അതുണ്ടുതാനും. അപ്പോള്‍ മാര്‍ഗ്ഗം മോഷണം തന്നെ. അവര്‍ അറിയുന്നില്ല അതിന്റെ ഭവിഷ്യത്ത്എന്തെന്ന്..ഒരു പക്ഷെ അറിവില്ലായ്മ ആകാം. പ്രലോഭനങ്ങളെ അതിജീവിക്കാന്‍ നമ്മള്‍ ചെറിയ മനുഷ്യര്‍ക്ക് ഇത്തിരി പ്രയാസം തന്നെ.കുട്ടികള്‍ തെറ്റ് ചെയ്യുമ്പോള്‍ അത് ശ്രദ്ധിക്കാതെ വിടുന്ന രക്ഷിതാക്കളും ഉണ്ട്.അവരും ഒരു തരത്തില്‍ കുറ്റവാളികളായി മക്കളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്..പിനീട് വലിയ തെറ്റുകളിലേക്ക് അവര്‍ എത്തിപ്പെടുമ്പോഴാണ് പലരും ശ്രദ്ധിക്കുന്നത്.അപ്പോഴേക്കും തിരുത്താന്‍ പറ്റാത്ത തലങ്ങളിലേക്ക് അവ വളര്‍ന്നു കഴിഞ്ഞിരിക്കാം.മറ്റുള്ളവന്റെ ഏതൊരു വസ്തുവും അയാളുടെ സമ്മതം ഇല്ലാതെ സ്വന്തമാകുന്നതു തെറ്റാണ് എന്ന ബോധം ചെറുപ്പത്തിലെ കുട്ടികള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് മുതിര്‍ന്നവര്‍ ആണ്. പക്ഷേ എല്ലാവരും അതിര് കവിഞ്ഞ് തോന്നുന്നതെല്ലാം സ്വന്തമാക്കന്‍ നെട്ടോട്ടമോടുമ്പോള്‍ ആര്‍ക്ക് ആരെ ശ്രദ്ധിക്കാന്‍ നേരം. ആര് ആരെ തിരുത്തും??

Monday, April 12, 2010

ഒരു പേര് വരുത്തി വെച്ച വിന.

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഏട്ടനെ ഞാന്‍ കണ്ണേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്‌.എന്‍റെ സംഭാവന ആയിരുന്നു ആ പേര്.അത് ചെവിയിലോതി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ആ പേര് എനിക്ക് തന്നെ ഒരു പാര ആയി തീരും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.വാക്കുകള്‍ സൂക്ഷിച്ചും കണ്ടും ഉപയോഗിച്ചില്ലെങ്കില്‍ ജീവിതത്തില്‍ അതെല്ലാം നമ്മെ പലവിധത്തില്‍ ബാധിക്കും എന്ന് അനുഭവം എന്നെ പഠിപ്പിച്ചു.

ഏട്ടന്‍ ഗള്‍ഫിലേക്ക് പോയ ശേഷം ഞാനും ,മോനും ഒരു പ്രത്യേക സാഹചര്യത്തില്‍ കുറച്ചുനാള്‍ തനിച്ചു താമസിക്കേണ്ടിവന്നു.പരിചയമില്ലാത്ത തൃശ്ശിവപേരൂര്‍ എന്ന തൃശ്ശൂരില്‍ ഒരു കൊച്ചു വീട് വെച്ചു താമസിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ പരിചയക്കാര്‍വളരെ കുറച്ചു പേര്‍ മാത്രമേഉണ്ടായിരുന്നുള്ളൂ . അതില്‍ വളരെ സ്നേഹപൂര്‍വ്വം എന്നെ ഒരു മോളെപ്പോലെ കാണുകയും,ഒരു അമ്മയുടെ കരുതലും ,സ്നേഹവും ഒക്കെ നല്‍കിഎന്നെ സ്നേഹിച്ച ഒരു അമ്മ ഉണ്ടായിരുന്നു അയല്‍പക്കത്ത്. അവര്‍ ഇടക്കിടെ വന്നു എന്‍റെ കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. അവരുടെ പേര് വിലാസിനി എന്നായിരുന്നു.എന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ ആയിരുന്നു അവരുടെ വീട്.എന്‍റെ വീടിനു അടുത്ത്അല്ലെങ്കിലും കൂടി മിക്ക ദിവസങ്ങളിലും അവര്‍ എന്‍റെ വീട്ടില്‍ വരുമായിരുന്നു.അവര്‍ക്ക് ഒരു മകനും,രണ്ടു പെണ്‍ മക്കളുമാണ് ഉണ്ടായിരുന്നത്.അതില്‍ ഒരു മകള്‍ ആത്മഹത്യ ചെയിതിരുന്നു.അതെ കുറിച്ചോര്‍ത്തു അവര്‍ എന്നും സങ്കടപെട്ടിരുന്നു. അവരുടെ ഭര്‍ത്താവ് വളരെ മുന്‍പുതന്നെ മരിച്ച് പോയിരുന്നു .അവര്‍ മകന്റെയും ,മരുമകളുടെയും പേരകുട്ടികളുടെയും കൂടെ ആണു താമസിച്ചിരുന്നത്. ഒരു സ്നേഹമയിയായ അമ്മയായിരുന്നു അവര്‍..

ഒരു ഉച്ച നേരത്ത് ഞാന്‍ ടൌണില്‍ പൊയ് തിരിച്ചു വരുമ്പോള്‍ അവരുടെ വീട്ടുമുറ്റത്ത്‌ നിറയെ ആളുകള്‍ നില്‍ക്കുനതു കണ്ടു.കാര്യം തിരക്കിയപ്പോള്‍ ആ അമ്മ മരിച്ചെന്നു പറഞ്ഞു.ഞാന്‍ ടൌണില്‍ പോകുമ്പോള്‍ വീട്ടുമുറ്റത്ത്‌ നിന്ന അവര്‍ കൈഉയര്‍ത്തി എന്നോട് ചിരിച്ച അവര്‍ ,ഞാന്‍ തിരിച്ചെത്തുംബോഴേക്കും മരിച്ചെന്നു കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അറ്റാക്ക്‌ ആയിരുന്നു അവര്‍ക്ക്.മനുഷ്യന്റെ കാര്യം അത്രെ ഉള്ളൂ എന്നും,അകത്തേക്കെടുത്ത ശ്വാസം പുറത്തേക്കു വിടാന്‍ പോലും കഴിയാതെ എപ്പോവേണോങ്കിലും നിലച്ചു പോകാവുന്ന ഹൃദയം..അത് ഒരു നിമിഷം പോലും ഓര്‍ക്കാതെ മനുഷ്യര്‍ എന്തൊക്കെ കാട്ടി കൂട്ടുന്നു.

അവര്‍ മരിച്ച വാര്‍ത്ത കേട്ട് വളരെ വിഷമത്തോടെ ഞാന്‍ വീട്ടില്‍ എത്തി ,ഈ വിവരം ഞാന്‍ ഗള്‍ഫില്‍ ഉള്ള ഏട്ടനെ അറീക്കുവാനായി ഫോണില്‍ വിളിച്ചു. ഏട്ടനും അവരെ ഒരുപാട് ഇഷ്ടമായിരുന്നു.ഞാന്‍ വളരെ വിഷമത്തോടെ ഉച്ചമയക്കതിലായിരുന്ന ഏട്ടനെ വിളിച്ചുണര്‍ത്തി.ആ സമയത്ത് സാധരണ ഞാന്‍ വിളിക്കാറില്ല,കാരണം നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു പകല്‍ മുഴുവന്‍ ഉറക്കം ആകും എന്നറിയാവുന്നതുകൊണ്ട് വിളിച്ചു ശല്ല്യ പെടുത്താറില്ല്യ്.ഉറക്കം കഴിഞ്ഞു എന്നെ വിളിക്കുകയാണ്‌ പതിവ്.പതിവ് തെറ്റി ഞാന്‍ വിളിച്ചപ്പോള്‍ എന്ത് പറ്റി എന്ന് എന്നോട് ചോദിചു. ..!ഞാന്‍ വളരെ സങ്കട പെട്ട് "കണ്ണാ,കണ്ണേട്ടന്റെ അമ്മ മരിചു "എന്ന് പറഞ്ഞു.ഇതു കേട്ടതും അല്പം നേരം മിണ്ടാതെ നിന്നു,പിന്നെ ചോദിച്ചു എപ്പോള്‍ എന്നു..അല്‍പ്പം മുന്പ് എന്ന് ഞാന്‍ പറഞ്ഞു.ഞാന്‍ അങ്ങോട്ട്‌ പൊക്കോട്ടെ എന്നും ചോദിച്ചു.പൊക്കോളൂ എന്ന് പറഞ്ഞു പെട്ടന്ന് ഫോണ്‍ കട്ട്‌ ചെയിതു.

ഞാന്‍ അവരുടെ വീട്ടില്‍ പൊയ് കുറച്ചു സമയത്തിന് ശേഷം തിരിച്ചു വന്നു ,വീണ്ടും ഏട്ടനെ വിളിച്ചു,ഹോസ്പിറ്റലില്‍ നിന്നും ബോഡി എത്തിയിട്ടില്ലനും അല്‍പ്പം കഴിഞ്ഞേ എത്തുകയുള്ളൂ എന്നും പറയുവാന്‍ വേണ്ടി ഞാന്‍ വിളിച്ചു ,വിളിച്ചപ്പോള്‍ എന്നോട് പൊട്ടിതെറിച്ചുകൊണ്ടൊരു ചോദ്യം ,ആരുടെ അമ്മയാടി മരിച്ചത് എന്ന്...?ഞാന്‍ പറഞ്ഞു "കണ്ണേട്ടന്റെ ....ഡ്രൈവര്‍ കണ്ണേട്ടന്റെ അമ്മ "..അത് പറഞ്ഞതും പിന്നെ കേട്ടത് കാതു പൊട്ടിപോകുന്ന ചീത്തയാ..ഭാഗ്യത്തിന് കാതു പൊട്ടിയില്ല്യ.

പിന്നീടാണ് എനിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്‌ ,ഞാന്‍ ഏട്ടനെ വിളിച്ചിരുന്ന പേര്‍ കണ്ണേട്ടന്‍ എന്നായിരുന്നു,മരിച്ച ആ അമ്മയുടെ മകന്റെ പേരും കണ്ണന്‍ എന്നായിരുന്നു.ഞങ്ങള്‍ കണ്ണേട്ടന്‍ എന്നാണു വിളിച്ചിരുന്നത്‌.ഇതു ഞാന്‍ ഓര്‍ക്കാതെ കണ്ണേട്ടാ,കണ്ണേട്ടന്റെ അമ്മ മരിച്ചു എന്ന് പറഞ്ഞപ്പോള്‍ കേട്ട പാതി ,കേള്‍ക്കാത്ത പാതി എന്‍റെ പ്രിയ ഭര്‍ത്താവ് കരുതി ,അദ്ദേഹത്തിന്റെ അമ്മ അതായത് എന്‍റെ അമ്മായി അമ്മ ആണു ഇഹലോഹം വെടിഞ്ഞതു എന്ന്. ഞാന്‍ മരിച്ച കാര്യം പറഞ്ഞു കൂടുതല്‍ ഒന്നും പറയാതെ പെട്ടന്നു ഫോണ്‍ കട്ട് ചെയിതപ്പോള്‍ ഞാന്‍ കരുതിയത്‌ അവര്‍ മരിച്ചതിലുള്ള വിഷമം കൊണ്ടാകാം എന്നാണ്,എന്നാല്‍ ഞാന്‍ ഫോണ്‍ വെച്ച ഉടനെ ഏട്ടന്‍ നാട്ടിലേക്ക് ഏട്ടന്റെ വീട്ടിലെക്ക് വിളിയോട് വിളി,അവിടെ മറ്റാരോടോ സംസാരിച്ചു ഏറെ നേരം ഫോണ്‍ എന്‍ഗേജ് ആയി,അപ്പോള്‍ എന്‍റെ ഭര്‍ത്താവ് കരുതി ,മരിച്ച വീടല്ലേ എല്ലാവരെയും വിവരം അറീക്കയാകും എന്ന്.ഫോണ്‍ എന്‍ഗേജ് ആയ സമയത്തിനിടക്കു ഓഫീസിലേക്ക് വിളിച്ചു പറയുകയും,ലീവ് കിട്ടുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയും ,അതിനിടക്ക് ടിക്കറ്റ് എടുക്കുവാനും ആളെ ഏര്‍പ്പാടാക്കി.റൂമില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ അമ്മ മരിച്ചിരിക്കുന്ന ഏട്ടനെ ആശ്വസിപ്പിക്കയും കൊണ്ടുപോകാനുള്ള ഡ്രസ്സുകള്‍ പെട്ടിയില്‍യെടുതുവേക്കുകയും ചെയിതു.അല്‍പ സമയത്തിന് ശേഷം ഏട്ടന്‍ വീണ്ടും വീട്ടിലേക്കു വിളിച്ചപ്പോള്‍ അങ്ങേതലക്കല്‍ നിന്നും,അമ്മയുടെ സ്വരം കേട്ടു,അതോടെ ഏട്ടന്‍ ഒന്നു ഞെട്ടി...അപ്പൊ മരിച്ചില്ലേ എന്ന ചോദ്യം മനസ്സില്‍ വന്നത് വിഴുങ്ങി ,വേഗം രണ്ടു വാക്ക് സംസാരിച്ചു ഫോണ്‍ വെച്ചു .ഇത്രയും സംഭവങ്ങള്‍ അവിടെ നടന്ന ശേഷം ആണു ഞാന്‍ വീണ്ടും വിളിക്കുനത്‌,ഇനി ഭാക്കി കാര്യം ഇതു വായിക്കുന്ന നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.....

വളരെ നല്ല ആരോഗ്യവതിയായ എന്‍റെ അമ്മായിഅമ്മയെ ഞാന്‍ അല്‍പനേരത്തേക്ക് കൊന്നു .എന്‍റെ സംഭാഷണത്തില്‍ ഉണ്ടായ ഏറ്റക്കുറച്ചിലും,ഒരേ പേരുകള്‍ ആയതിനാലും സംഭവിച്ചു പോയ അബദ്ധം .പിന്നീട് ഏട്ടന് ,അമ്മ മരിച്ചിട്ടില്ലന്നും,അത് ഒരു അബദ്ധം പറ്റിയതാണെന്നും അധികൃതരെ അറീ്ക്കുവാന് വേണ്ടി വാക്കുകള്‍ക്കുണ്ടായ ദാരിദ്ര്യത്തിനും എന്നെ കൊന്നാല്‍ ദേഷ്യം അടങ്ങുമോ അപ്പോള്‍ ...ആവോ??എല്ലാം കൂടി മരിക്കാത്ത അമ്മായിഅമ്മയെ ഞാന്‍ കൊന്നപ്പോള്‍ എന്‍റെ ചെവി പൊട്ടി പൊയില്ല്യാന്നെ ഉള്ളൂ..ഇത്തരത്തില്‍ അമ്മായിഅമ്മയെ കൊന്ന ആദ്യത്തെ മരുമകള്‍ ഒരുപക്ഷെ ഞാന്‍ ആകാം ആ സംഭവത്തിനു ശേഷം ഞാന്‍ പിന്നീട് ഒരിക്കലും ഏട്ടനെ കണ്ണാ എന്ന് വിളിചിട്ടില്ല്യ.

ഈ ലേഖനം ഇപ്പോഴും ജീവിച്ചിരിക്കുന്ന എന്‍റെ അമ്മായിഅമ്മ വായിക്കാന്‍ ഇടയായാല്‍ എന്‍റെ കാര്യം കട്ട പൊക....ഈശ്വരോരക്ഷ .....

Thursday, April 8, 2010

പിണക്കം മറന്നൊരു ഇണക്കം.

ഓരോ പിണക്കവും ഒടുവിലൊരു
നല്ലയിണക്കമായ് മാറിടുന്നു.
പിണങ്ങിയാല്‍ പിന്നെ
ഇണങ്ങാന്‍ കൊതിക്കുന്ന മനസ്സ്
മഴകൊതിക്കും വേഴാമ്പല്‍ പോലായിടുന്നു.
പിണക്കവും,ഇണക്കവും
ജീവിത ഗതി മാറ്റിടുന്നു...
ഓരോ പിണക്കത്തിനന്ത്യവും
പിടയുന്ന രണ്ടു മനസുകള്‍ ഉറങ്ങാതിരിക്കുന്നു .
പറയാതെ പറയുന്ന നോവിന്റെ
വഴികള്‍ ഒടിവിലോന്നായി
മഴതോര്‍ന്ന മനസുപോലെ... നേര്‍ത്ത കുളിരായി
എങ്കിലും എന്റെ മനസ്സിന്‍ നോവിന്നാരറിയാന്‍
ഓരോ പിണക്കവും
ഉമിതീയില്‍വെന്തുരുകും മനംപോലാണ് ..

Saturday, April 3, 2010

വിണ്ണിലേക്ക്‌മടങ്ങിയ നക്ഷത്രം..

ദാസ്...ദാസ് എന്‍റെ നല്ല ഒരു സുഹൃത്തായിരുന്നു. അവൻ കാണാന്‍ സുന്ദരനായിരുന്നു .ഋതിക്ക്റോഷന്റെ മുഖം എന്ന് പറയാം.നിഷ്കളങ്കമായ മുഖവും ,പൂച്ചകണ്ണും ,ആരെയും ആകര്‍ഷിക്കുന്ന ചിരിയും ,അവനു ഒരു പറ്റം ആരാധകരെ തന്നെ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു.ഞാനും ,ദാസുമായുള്ള പരിചയം വളരെ മുന്‍പുള്ളതാണ്.കൃത്യമായി പറഞ്ഞാല്‍ ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതലുള്ള അടുപ്പം.എന്‍റെ ചേച്ചിയെ കല്ല്യാണം കഴിച്ച വീടിനടുതായിരുന്നു ദാസിന്റെ വീട്.അന്ന് ദാസ് നാലാം ക്ലാസ്സിലാണ്.അന്നും ദാസിനെ കാണാന്‍ നല്ല ഭംഗി ആയിരുന്നു.പെട്ടന്ന് തന്നെ ഞങ്ങള്‍ നല്ല കൂട്ട്കാരായി .ഇടക്കിടെ ഞാന്‍ ചേചീടെ വീട്ടിലെ അതിഥിയായി എത്തുന്ന വേളകളില്‍ ഞങ്ങള്‍ കളിച്ചു നടന്നു.പിന്നീട് പറിച്ചു നടപെട്ട എന്‍റെ സ്ക്കൂള്‍ കാലഘട്ടത്തില്‍ ഞങ്ങള്‍ തമ്മില്‍ കാണുന്നത് വല്ലപ്പോഴും ആയി.എങ്കിലും കാണുന്ന വേളകളില്ലെല്ലാം ഞങ്ങള്‍ ഞങ്ങളുടെ സൌഹൃദം പുതുക്കി കൊണ്ടിരുന്നു
മുതിര്‍ന്നപ്പോള്‍ പിന്നെ കാണാനുള്ള അവസരങ്ങൾ കുറഞ്ഞു.കുറെ കാലത്തിനു ശേഷം ഞാന്‍ ദാസിനെ കാണുമ്പോള്‍ ഞങ്ങൾ രണ്ടുപേരും ഏറെ മാറിയിരുന്നു.ദാസ് കൂടുതല്‍ സുന്ദരനായി. ആരെയും ആകര്‍ഷിക്കുന്ന അവന്റെ വ്യക്തിതവും എനിക്കേറെ ഇഷ്ടമായിരുന്നു.വളര്‍ന്നിട്ടും ഞങ്ങള്‍ക്കിടയിലെ നല്ല സൌഹൃദം നിലനിന്നു.കാണുമ്പോഴെല്ലാം എന്നോട് പറയുവാന്‍ ഒരായിരം കാര്യങ്ങള്‍ ഉണ്ടാകുമായിരുന്നു അവന്. പരസ്പ്പരം എന്തും തുറന്നു പറയാവുന്ന ഒരുനല്ല സൌഹൃദം ആയിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.
അവന്‍ പഠിക്കുവാനായി ബംഗ്ലൂര്‍ക്ക് പോയപ്പോള്‍ പിന്നെ വളരെ കുറച്ചേ ഞങ്ങൾ കണ്ടിട്ടുള്ളൂ.കുറെ നാളുകള്‍ക്കു ശേഷം പിന്നെ അവനെ കാണുന്നത് എന്റെ വിവാഹത്തിനായിരുന്നു.വിവാഹശേഷം ഞാന്‍ അവൻ വീട്ടിലുണ്ടായിരുന്ന ഒരു ദിവസം ഒരിക്കല്‍ അവന്റെ വീട്ടില്‍ പോകുകയുണ്ടായി .അന്ന് ഞങ്ങൾ കാണുമ്പോള്‍ ദാസ് ആകെ നിരാശനായിട്ടാണ് കാണപ്പെട്ടത്. മഴപെയ്യാനായി മൂടികെട്ടി നില്‍ക്കുന്നത് പോലെ ആയിരുന്നു അവന്റെ മനസ്സ് അപ്പോള്‍ എന്ന് എനിക്ക് മനസ്സിലായി.ഒറ്റ ശ്വാസത്തില്‍ എല്ലാം അവന്‍ എന്നോട് പറഞ്ഞു അവന്റെ വീടിനടുത്തുള്ള ഒരു കുട്ടിയുമായി ഇഷ്ടത്തിലാണെന്നും ,അത് വീട്ടുകാര്‍ അറിഞ്ഞെന്നും,ഗള്‍ഫില്‍ ഉള്ള അച്ഛന്‍ അവനെ അങ്ങോട്ട്‌ കൊണ്ട് പോകുകയാണെന്നും.വീട്ടുകാര്‍ക്ക് ആ ബന്ധത്തിന് താല്‍പ്പര്യം ഇല്ലന്നും,കുട്ടിയുടെ ജാതി ആയിരുന്നു പ്രശ്നം.അവന്‍ പോയാല്‍ ആ പെണ്‍കുട്ടിയെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു കൊടുക്കുമോ എന്നായിരുന്നു അവന്റെ പേടി.ഒരു ജോലി എത്രയും പെട്ടന്ന് നേടി തിരികെ വന്നു ആ കുട്ടിയെ സ്വന്തമാക്കാന്‍ എന്റെയും ഏട്ടന്റെയും എല്ലാ സപ്പോര്‍ട്ടും അവനു ഉണ്ടാകും എന്ന് ഞാന്‍ അവനു ധൈര്യം നല്‍കി.പിന്നീട് ഞാന്‍ അവനെ കാണുന്നത് ഗള്‍ഫില്‍ പോകാൻ യാത്രപറയുവാനായി വീട്ടില്‍ വന്നപ്പോള്‍ ആണു. എല്ലാവിധ നന്മകളും ആശംസിച്ചു ഞാന്‍ അവനെ യാത്രയാക്കി...
പിന്നീട് ഒരു വര്‍ഷത്തിനു ഞാന്‍ കേള്‍ക്കുന്നത് അവന്റെ മരണവാര്‍ത്തയാണ്.എനിക്കത് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലായിരുന്നു.കാരണം അത് ഒരു സ്വാഭാവിക മരണം ആയിരുന്നില്ല്യ.ആത്മഹത്യ ആയിരുന്നു.ദാസ് ആത്മഹത്യ ചെയ്യാന്‍മാത്രം ഉള്ള ഒരു പ്രശ്നം എന്തായിരുന്നു എന്നതിന് ഇന്നും ആര്‍ക്കും വ്യക്തമായ ഉത്തരം ഇല്ല.ഗള്‍ഫില്‍ ദാസിനു തരക്കേടില്ലാത്ത ഒരു ജോലി ഉണ്ടായിരുന്നു. ദാസ് താമസിച്ചിരുന്നത് അച്ഛന്റെ കൂടെ ആയിരുന്നു.അച്ഛന്‍ റൂമില്‍ ഇല്ലാത്ത ഒരു സമയം ദാസ് മുറിയില്‍ കെട്ടി തൂങ്ങുകയായിരുന്നു.ഗള്‍ഫിലെ നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുവന്നപ്പോള്‍ അവസാനമായി ഒരിക്കല്‍ കൂടി ദാസിനെ കാണാന്‍ ഞാന്‍ പോയി. തണുത്തുറഞ്ഞു കിടക്കുന്ന ദാസിന്റെ മുഖത്തേക്ക് എനിക്കൊരിക്കലേ നോക്കുവാന്‍ കഴിഞ്ഞുള്ളു .എല്ലാവരോടും എപ്പോഴും ചിരിച്ചുകൊണ്ട് ,വളരെ സൌമ്യനായി സംസാരിക്കുന്ന ദാസ് എന്തിനു ആത്മഹത്യ ചെയ്തു. എന്നാര്‍ക്കും അറിയില്ല.അവന്‍ പ്രണയിക്കുന്ന പെണ്‍കുട്ടി നാട്ടില്‍ അവനായി കാത്തിരിക്കുന്നുണ്ടായിട്ടും ,എന്തിന് അവനിത് ചെയ്തു?പലരും പലതും പറഞ്ഞു കേട്ടു.അതെല്ലാം സത്യമായിരുന്നോ ,അതില്‍ എത്രമാത്രം സത്യം ഉണ്ടെന്നും ഇന്നും എനിക്കറിയില്ല.. ദാസിനു മാത്രം അറിയാവുന്ന സത്യങ്ങള്‍ ...
ദാസും,അച്ഛനും തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും,അവന്റെ അച്ഛനും,അമ്മയും ചെറിയ ഒരു അകല്‍ച്ചയില്‍ ആയിരുന്നു.ദാസിന്റെ അച്ഛന്‍ ഗള്‍ഫില്‍ ഒരു സ്ത്രീയുമായി അടുപ്പത്തില്‍ ആകുകയും ആസ്ത്രീയെ വിവാഹം ചെയ്തു കൂടെ താമസിപ്പിക്കുകയും ചെയ്തിരുന്നു.ആ സ്ത്രീ ദാസ്സിനോട് അടുപ്പം കാണിക്കുകയും,ദാസിനെ വശീകരിക്കാന്‍ ശ്രമിക്കുകയും അതില്‍ നിന്നും രക്ഷപെടാന്‍ ദാസ് തിരഞ്ഞെടുത്ത മാര്‍ഗം ആയിരുന്നു ആത്മഹത്യ എന്നുമൊക്കെയാണ് നാട്ടറിവ് !!!. എല്ലാ സങ്കടങ്ങളും ഉള്ളില്‍ ഒതുക്കി ചിരിച്ചു കൊണ്ട് നടക്കുന്നവരുടെ ഉള്ളില്‍ ഒരു കടലോളം ദുഃഖം ഉണ്ടാകും എന്ന് പണ്ടാരോ പറഞ്ഞത് ശരിയാണ്. ദാസിന്റെ മനസ്സ് പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു അഗ്നി പര്‍വതം ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ അവന്റെ അച്ഛന് പോലും കഴിയാതെ പോയി.അല്ലെങ്കിൽ നല്ലവനായ ആ മകനെ.. അദ്ദേഹത്തിന് നഷ്ടമാകില്ലായിരുന്നു.. ഒരു പെൺകുട്ടിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ആർക്കും കാണേണ്ടി വരില്ലായിരുന്നു.. ഒപ്പം എനിക്ക് എന്റെ നല്ല സുഹൃത്തിനെയും നഷ്ടമാകില്ലായിരുന്നു..
*******************************************
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇന്നും എന്റെ കണ്ണില്‍ ദാസിന്റെ നിഷ്കളങ്കമായ ചിരി മായാതെ നില്‍ക്കുന്നു....സ്വന്തം ജീവിതവും,മകന്റെ ജീവിതവും തകര്‍ത്ത ആ അച്ഛന്‍ എന്ത് നേടി??മൂന്നു ജീവിതങ്ങള്‍ തകര്‍ത്ത ആ സ്ത്രീ എന്ത് നേടി...?? സ്നേഹവും ,പ്രേമവും ,കാമവും എല്ലാം വെറും നൈമിഷികം അതില്‍ ഒരുപാട് ജീവിതങ്ങള്‍ കൊഴിഞ്ഞു വീഴുന്നു..