Saturday, September 25, 2010

തേടുന്നതാരെ

സൈബർ ലോകത്തിന്റെ മാസ്മരീക പ്രപഞ്ചത്തിൽ എപ്പോഴോ , ഏതോ ഒരു നിമിഷം ആണ്‌ ഒരു കാവലാളെപോലെ നീ എന്നിലേക്ക്‌ കടന്ന് വന്നത്‌. എനിക്കറിയില്ല. തികച്ചും ഏകാകിയായിരുന്ന ഞാൻ പരസ്പരം അറിയാതെ ഏതോ ജാലകങ്ങൾക്കപ്പുറവും ഇപ്പുറവുമിരുന്ന് കണ്ണാരം പൊത്തിക്കളിക്കുന്ന , സൗഹൃദത്തിന്റെ പുതിയ മാനങ്ങൾ തേടുന്ന സൈബർ ലോകത്തിലേക്ക്‌ എങ്ങിനെ എടുത്തെറിയപ്പെട്ടു എന്ന്. ഒരു പക്ഷെ എന്റെ ഏകാന്തതകൾ എന്നെ ഞാൻ പോലുമറിയിക്കാതെ നല്ലതും ചീത്തയുമായ ,ചോദിക്കുന്നതെന്തും മടിയില്ലാതെ മുന്നിലേക്ക്‌ വാരിയിടുന്ന ഈ ലോകത്തേക്ക്‌ ആകൃഷ്ടയാക്കിയതാവാം. രസകരമാണീ ലോകം. ചിലപ്പോളെല്ലാം നനുത്ത വേദനകൾ സമ്മാനിക്കുമെങ്കിൽ പോലും.... ജീവിതത്തിന്റെ പല നൂലാമാലകളിൽ കുടുങ്ങികിടക്കുന്ന മനുഷ്യജന്മങ്ങൾ...!! എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലിനിടയിൽ നിനച്ചിരിക്കാതെ കണ്ടുമുട്ടുന്ന, ചെറിയ ചെറിയ ഹായ്‌ വിളികളിൽ തുടങ്ങുന്ന, സുഹൃദ്‌ ബന്ധങ്ങൾ....

ഇപ്പോളെനിക്കറിയാം മുൻപൊരിക്കൽ ചാറ്റിങ്ങിനിടയിൽ നീ പറഞ്ഞ ആ വാക്കുകളുടെ അർത്ഥം. ഓർമ്മയില്ലേ നിനക്ക്‌? അന്ന് ഒന്നും മനസ്സിലാവാതെ ഒരു ബുദ്ധൂസിനെ പോലെ മിഴിച്ചിരുന്ന എന്നെ നീ സ്മെയിലികളിലൂടെ ഒത്തിരി നേരം കളിയാക്കി. അതെ, മനസ്സിന്റെ കോണിലെവിടെയോ ഒരു നേർത്ത പാളികളാൽ മൂടപ്പെട്ടുകിടക്കുന്ന പലതും കാലമെത്രകഴിഞ്ഞാലും ഓർമ്മയുടെ മേച്ചിൻപുറങ്ങളിൽ ഉടമയില്ലാത്ത പശുക്കളെ പോലെ മേഞ്ഞു നടക്കും എന്ന് നീ പറഞ്ഞപ്പോൾ അയ്യോ അവന്റെ ഒടുക്കത്തെ ഫിലോസഫി എന്ന് പറഞ്ഞ്‌ ഞാൻ ആർത്ത്‌ കൂവിയത്‌. പക്ഷെ, ഇപ്പോൾ മനസ്സിലാവുന്നു നീ അന്ന് പറഞ്ഞതിന്റെ പൊരുൾ..

നിനക്കോർമ്മയുണ്ടോ എപ്പോഴാണ്‌ നമ്മൾ പരസ്പരം കണ്ടുമുട്ടിയതെന്ന്? പരസ്പരം ആരെന്നോ എന്തെന്നോ അറിയാതെ നല്ല സുഹൃത്തുക്കളായി നമ്മൾ മാറിയപ്പോഴും ഒരിക്കലും ഞാൻ ഓർത്തില്ലല്ലോ എന്നെങ്കിലും ഒരിക്കൽ അപ്രത്യക്ഷമാവുന്ന വെറുമൊരു നക്ഷത്രമായി നീ മാറുമെന്ന്. ഇന്ന് ഞാൻ എന്റെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അതിൽ നിന്റെ കൈയൊപ്പ്‌ പതിഞ്ഞിട്ടുണ്ടെന്ന് ഞാൻ അറിയുന്നു. അത്‌ മുഴുവൻ നീ നൽക്കിയ സൗഹൃദത്തിന്റെ ശക്തിയിൽ നിന്നും മാത്രമായിരുന്നു.. നിന്റെ കൈ പിടിച്ചല്ലേ ഞാൻ പിച്ചവെച്ച്‌ തുടങ്ങിയത്‌.. പക്ഷെ.. ഇന്ന്.. ഞാൻ നടക്കാറായപ്പോഴേക്കും നീ എവിടെയാണ്‌ പോയ്‌ ഒളിച്ചത്‌? ഇന്നിപ്പോൾ എനിക്ക്‌ കിട്ടുന്ന ഈ അംഗീകാരങ്ങളേക്കാൾ, അനുമോദനങ്ങളേക്കാൾ ഞാൻ കൊതിച്ചത്‌ നിന്റെ പ്രോത്സാഹനങ്ങളായിരുന്നു.. അല്ലെങ്കിൽ നിന്റെ അനുമോദനങ്ങളായിരുന്നു. പക്ഷെ, എവിടെയും നിറ്റ്നെ ഒരു കുറിപ്പും കണ്ടില്ലല്ലോ പ്രിയ സ്നേഹിതാ.. എന്റെ ഇപ്പോഴുള്ള ഈ കുത്തിക്കുറിക്കലുകൾ ഒരിക്കലെങ്കിലും നീ വായിച്ചു കാണുമോ? അച്ഛനായും സഹോദരനായും നീ എന്നെ ശാസിക്കുമ്പോഴും , ഇടക്ക്‌ പറയാതെ പറയുന്ന വാക്കുകളിൽ ഒരു കള്ളകാമുകനാവുമ്പോഴും ഒരിക്കലും ഞാൻ അറിഞ്ഞിരുന്നില്ലല്ലോ തെളിഞ്ഞ്‌ നിൽക്കുന്ന ഈ പച്ച വെളിച്ചം പ്രകാശം നഷ്ടപ്പെട്ട ഒരു ചിഹ്നം മാത്രമാവുമെന്ന്.

ജീവിതത്തിന്റെ കട്ടപിടിച്ച , ഇരുണ്ട മേച്ചിൽ പുറങ്ങളിലൂടെ നീ വീണ്ടും യാത്ര തുടർന്നപ്പോൾ തനിച്ചായി പോയത്‌ ഈ ഞാനല്ലേ ! ചോര്‍ന്നു പോയത് എന്റെ ശക്തിയും ധൈര്യവുമല്ലേ!! ഈ കുറ്റാക്കൂറ്റിരുട്ടിലും നിന്റെ അവ്യക്തമായ കാലടിപാതകൾ പിൻതുടരാൻ ഞാൻ ശ്രമിച്ചെങ്കിലും ജീവിത പ്രാരാബ്ദങ്ങളുടെ ഈ ഘോരവനാന്തരങ്ങളിൽ എനിക്ക്‌ ഒന്നും കാണാൻ കഴിഞ്ഞില്ലല്ലോ.. ഇരുളിന്റെ അഗാധതയിൽ എവിടെയോ ഒളിച്ചിരിക്കുന്ന നിന്നെ തേടിപിടിക്കാൻ എന്റെ കാലുകൾക്ക്‌ ഇന്ന് ശേഷിയില്ലാതായിരിക്കുന്നു. ഇന്ന് ഈ സൈബർ ലോകത്തിന്റെ വിസ്മയത്തിൽ ഒരിക്കലും കാണാത്ത പല കാഴ്ചകളും , നേടാനാവുമെന്ന് കരുതാതിരുന്ന നേട്ടങ്ങളും ലഭിച്ചപ്പോഴും എനിക്ക്‌ സന്തോഷിക്കാൻ കഴിയുന്നില്ലല്ലോ?? നിന്നിലൂടെ , നിന്റെ സൗഹൃദത്തിലൂടെ ഞാൻ നേടിയ പലതും ഇന്ന് നിന്റെ തിരോധാനം ഏൽപ്പിച്ച വിടവിൽ എനിക്ക്‌ ഒന്നുമല്ലാതാകുന്നു. .

മനസ്സിൽ നിന്നും എത്ര ഡിലീറ്റ്‌ ചെയ്താലും ഡിലീറ്റാവാത്ത ചിലതുണ്ടെന്ന് കാലം എന്നെ പഠിപ്പിച്ചല്ലോ.. അതോ നീയാണോ അതും എന്നെ പഠിപ്പിച്ചത്‌!!! നിന്റെ യാത്രയിൽ നീ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ പാതിവഴിയിൽ മുറിഞ്ഞ്‌ പോയ നമ്മുടെ സൗഹൃദത്തിന്റെ നേർത്ത പട്ടുനൂലിഴകൾ.. ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ മുഖം ആൾക്കൂട്ടത്തിൽ എപ്പോഴെങ്കിലും തേടിയിട്ടുണ്ടോ നിന്റെ കണ്ണുകൾ... ഇല്ല , ഓർത്തിട്ടുണ്ടാകില്ല.. അങ്ങിനെ ഓർത്തിരുന്നെങ്കിൽ ഇന്നും നിന്റെ സന്തോഷത്തിലും ദു:ഖത്തിലും പ്രിയ സുഹൃത്തുക്കളിൽ ഒരാളായി ഞാനുണ്ടാവുമായിരുന്നു. പക്ഷെ,നീ എന്നെ ഓർക്കാറുണ്ടെന്ന് എന്റെ മനസ്സിനെ വിശ്വസിപ്പിക്കാൻ ഞാൻ വെറുതെ ശ്രമിക്കട്ടെ.. അങ്ങിനെ വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. നിന്റെ ജീവിതത്തിലെ ലാഭങ്ങളും നഷ്ടങ്ങളൂം സന്തോഷങ്ങളും ദുഃഖങ്ങളും ഒപ്പം.. നിനക്ക്‌ നഷ്ടമായ നിന്റെ പ്രണയത്തിന്റെ നോവും എല്ലാം എല്ലാം നീ പങ്ക്‌ വെച്ചത്‌ എന്നോടല്ലേ? ആ എന്നെ മറവിയുടെ ചവിറ്റുകൊട്ടയിലേക്ക്‌ വലിച്ചെറിയാൻ നിനക്കാവുമോ? ഇല്ലെന്ന് തന്നെ ഇന്നും ഞാൻ വിശ്വസിക്കട്ടെ... നിനക്കയക്കുന്ന മെയിലുകൾ ബൗൺസാകുമ്പോൾ ഞാൻ എന്താണ്‌ വിശ്വസിക്കേണ്ടത്‌?? നിന്റെ ജീവന്റെ തുടിപ്പുകൾ ഈ ഭൂമിയിൽ അവശേഷിക്കുന്നില്ലെന്നോ? അതോ, ജിവിതത്തിന്റെ നെട്ടോട്ടങ്ങളിൽ മെയിലുകൾ തുറക്കാനാവാതെ എല്ലാം ക്യാൻസലായി എന്നോ?? അതോ നിനച്ചിരിക്കാതെ ഉണ്ടായ അന്നത്തെ ആക്സിഡന്റിൽ ബുദ്ധിമാന്ദ്യം സംഭവിച്ച നിന്റെ മകനുവേണ്ടി നീ നിന്റെ ജിവിതം ഉഴിഞ്ഞുവച്ചുവേന്നോ??? അതല്ലാതെ നീ ജിവിച്ചിരിപ്പില്ലെന്നോ നിന്റെ മെയിൽ വിലാസം നീ എന്തിന്റെ പേരിലാണെങ്കിലും മാറ്റിയെന്നോ വിശ്വസിക്കാൻ ഞാൻ ഒരുക്കമല്ല..

എന്നെങ്കിലുമൊരിക്കൽ എന്റെ കുറിപ്പുകളിൽ നിന്റെ കൈയൊപ്പ്‌ പതിയുന്നതും കാത്ത്‌ ഞാൻ ഇരിക്കും എന്ന് നീ അറിയുക.. മറ്റൊന്നിനും അല്ല... ഈ ഭൂമിയിൽ നിന്നിലെ ജീവന്റെ തുടിപ്പ്‌ ശേഷിക്കുന്നുണ്ടെന്നറിയാൻ.. അതിനു വേണ്ടി മാത്രം... ഞാനെന്ന വ്യക്തി അറിയപ്പെടാൻ , ഇങ്ങനെയൊക്കെ ആയിതീരാൻ ദൈവത്തിനെ നിയോഗമായിരുന്നോ നീ.. ഒരിക്കൽ ഒന്നുമല്ലാതിരുന്ന എന്നിലെ ചെറിയ കഴിവുകൾ വരെ കണ്ടെത്തിയ നിന്നോട്‌ ഒരു നന്ദി വാക്കെങ്കിലും പറയാതെ പോകാൻ എനിക്കാവില്ല. അത്‌.. അത്‌ ഇന്നെന്റെ ഏറ്റവും വലിയ മോഹമാണ്‌. അതിന്‌ വേണ്ടി ഞാൻ ഇവിടെ ഈ സൈബർജാലകത്തിന്റെ നേർത്ത തിരശ്ശീലക്ക്‌ പിന്നിൽ കണ്ണിമ ചിമ്മാതെ കാത്തിരിക്കും. അതിനു വേണ്ടി മാത്രം...എപ്പോഴെങ്കിലും ഒരു ചെറിയ പ്രകാശ വലയമായി വീണ്ടും എന്റെ മുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കാൻ നിനക്കാവില്ലെന്ന പ്രതീക്ഷ ഒരു നേർത്തവലയമായി എനിക്ക്‌ ചുറ്റിലും നിറയുന്നു. സൗഹൃദത്തിന്റെ ആ നല്ല നാളുകളിൽ നീ ആരെന്ന് കണ്ടെത്താൻ കഴിയാതെ പോയ എനിക്ക്‌ ഇപ്പോഴറിയാം നീ എനിക്ക്‌ ആരായിരുന്നെന്ന്. ഞാൻ അത്‌ മനസ്സിലാക്കുന്നു. . ഇപ്പോൾ ഞാൻ തേടുന്നതാരെയെന്ന് ഞാനറിയുന്നു.....

Saturday, September 18, 2010

മലയാളിയും സൌന്ദര്യവും

വെടിക്കല ,കുമ്പ,പുറത്തു രോമം,കഞ്ഞിമുക്കിയ മുണ്ട്,കഷണ്ടി, ഇതൊക്കെ പണ്ടുകാലത്തെ പുരുഷ ലക്ഷണങ്ങള്‍ ആയിരുന്നു.വെടിക്കലകൊണ്ട് പുരുഷന്‍ ധൈര്യശാലി എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ,കുടവയറും,പുറത്തു രോമവും,കഷണ്ടിയും പുരുഷലക്ഷണത്തില്‍ ഉള്‍പെടുത്തിയത്‌ , ഒരുപക്ഷെ അത് എഴുതിയ വ്യക്തിയുടെ താല്‍പ്പര്യം കൊണ്ടുമാത്രം ആകാം. കുമ്പ ഒരുകാലത്തും ഒരു പുരുഷലക്ഷണമായി സ്ത്രീകള്‍ കണക്കാക്കും എന്ന് ഞാന്‍ ധരിക്കുന്നില്ല.കാരണം അത് പുരുഷ ശരീരത്തെ വികൃതമാക്കുകയെ ഉള്ളൂ എന്ന് ഞാന്‍ കരുതുന്നു. സ്ത്രീക്കും,പുരുഷനും കുടവയര്‍ അവരുടെ ശരീരഭംഗി കുറക്കുന്നു.എന്നാല്‍ കുടവയര്‍ സ്ഥിരമായ വ്യയാമത്തിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്നം മാത്രമാണ്. ഇന്നു പുരുഷന്മാരും ,സ്ത്രീകളും,ഏറ്റവും അധികം സംഘര്‍ഷം അനുഭവിക്കുന്നത് കുമ്പയുടെയും,കഷണ്ടിയുടെയും കാര്യത്തിലാണ്. ഇരുപത്തഞ്ചു ശതമാനം പുരുഷന്മാര്‍ക്കും മുപ്പതു വയസ്സ് കഴിയുന്നതോടെ കഷണ്ടി ആരഭിക്കുകയായി .സ്ത്രീകള്‍ക്കും ഇതു സംഭവിക്കുന്നുണ്ട്.പുരുഷനെപോലെ മൊത്തമായും കൊഴിഞ്ഞുപോകുന്നില്ലെങ്കിലും ,അവരിലും ചെറുതായി ഇത് ഉണ്ടാകുന്നു. .എങ്കിലും അത് പുരുഷന്റെത് പോലെ പ്രകടമാകുന്നില്ല എന്നു മാത്രം. കഷണ്ടി വരുന്നതിന്റെ യദാര്‍ത്ഥ കാരണം ഇന്നും മുഴുവനായും മനസ്സിലാക്കിയിട്ടില്ലെങ്കിലും , പുരുഷന്റെ കഷണ്ടിക്ക് പ്രധാനമായും പാരമ്പര്യം ആണ് ഒരു കാരണമായി പറയുന്നത്
ഗള്‍ഫു മലയാളികളായ ഒട്ടേറെ പുരുഷന്മാര്‍ കഷണ്ടിയും,കുടവയറും ഉള്ളവരായി കണ്ടു വരുന്നു. കഷണ്ടിക്ക് കാരണം ഒരുപക്ഷെ ഇവിടുത്തെ കാലാവസ്ഥയാകാം,കുടവയര്‍ ഇവിടുത്തെ ഭക്ഷണ രീതികള്‍ കൊണ്ടും ആയിരിക്കാം.പത്തില്‍ എട്ടു ശതമാനം പുരുഷനും കഷണ്ടി ഉള്ളവര്‍ ആണെങ്കില്‍ അതില്‍ ഏഴു ശതമാനം പുരുഷനും ഗള്‍ഫ് ഗെയിറ്റ് (ARTIFICIAL HAIR FIXING )നെ ആശ്രയിച്ചു ജീവിക്കുന്നവരായിട്ടാണ് കണ്ടിട്ടുള്ളത്.എന്തുകൊണ്ടാണ് ഗള്‍ഫ്‌ മലയാളികളായ പുരുഷന്‍മാര്‍ കൂടുതലായും ഗള്‍ഫ് ഗെയിറ്റ് പോലുള്ളവയെ ആശ്രയിച്ചു ജീവിക്കുന്നത് എന്നു ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട്....യൂറോപ്യന്‍സും,ഫിലിപ്പീന്‍സും,പോലുള്ള മറ്റു രാജ്യക്കാരായ പുരുഷന്മാര്‍ കഷണ്ടി ഒരു കോപ്ലെക്സു ആയി കണക്കാതെ കൊണ്ട് നടക്കുന്നതായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്.എന്നാല്‍ ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവരെ അപേക്ഷിച്ച് ഗള്‍ഫ് മലയാളി പുരുഷന്മാര്‍ കൂടുതലായും ഗള്‍ഫ് ഗെയിറ്റിനു സ്വന്തമാണ്. അതുവെച്ചു സ്വന്തം കഷണ്ടി മറക്കുന്നതിലൂടെ എന്താണ് പുരുഷന്‍ ഉദേശിക്കുന്നത് എന്നു എനിക്ക് മനസ്സിലാകുന്നില്ല.താന്‍ പ്രായം ആയില്ല ഇപ്പോഴും ചെറുപ്പം ആണ് എന്നു മറ്റുള്ളവരെ ബോദ്ദ്യപ്പെടുത്താന്‍ വേണ്ടി ആണോ ??തലയില്‍ ഒരു മുള്‍ക്കീരീടവും ചൂടി നടക്കുന്ന ഇവര്‍ അറിയുന്നില്ല അയാളുടെ യതാര്‍ത്ഥ വ്യക്തിതം ആണ് നഷ്ടപെടുത്തുന്നത് എന്ന്.ഭൂരിഭാഗം പേര്‍ക്കും വിഗ്ഗ് ബോര്‍ ആയി തോന്നുമെങ്കിലും,അപൂര്‍വ്വം ചിലര്‍ക്കൊകെ യോജിക്കാറുണ്ട് . തനതായ മുടിക്കുപകാരം മറ്റൊന്ന് അവിടെ സ്ഥാപിക്കപെടുമ്പോള്‍ സ്വാഭാവികമായും സാമാന്യബോധവും ,അറിവും ഉള്ളവര്‍ക്ക് ആ മുഖത്തെ വൈരൂപ്യം തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരും.. എന്താണ് ഇതിനു പിന്നില്‍ അവര്‍കാണുന്ന സൌന്ദര്യബോധം എന്നു എനിക്ക് മനസ്സിലാകുന്നില്ല.ഒരുവ്യക്തിയുടെ മനസ്സിലാണ് ചെറുപ്പം കാത്തുസൂക്ഷിക്കേണ്ടത് എന്നു ഞാന്‍ വിശ്വസിക്കുന്നു . ശരീര വ്യായമാത്തിലൂടെയും ഒരുപരിധിവരെ ചെറുപ്പം നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരാം.അത് പോലെതന്നെ അറുപതുകഴിഞ്ഞ സ്ത്രീയും ,പുരുഷനും എന്തിനുവേണ്ടിയാണ് മുടികറുപ്പിക്കുന്നത്?ഒരുപ്രായം കഴിഞ്ഞാല്‍ വാര്‍ദ്ധക്യം കടന്നു വരും .വാര്‍ദ്ധക്യം പിടികൂടിയ ശരീരത്തെ മറക്കുവാന്‍ കഴിയാതെ തലമുടി കറുപ്പിക്കുനതിലൂടെ എന്താണ് നേടുന്നത്?ഒരുവ്യക്തിയുടെ ചര്‍മ്മവും ,മുഖവും കണ്ടാല്‍ അറിയാം ഏറെക്കുറെ ആ വ്യക്തിയുടെ പ്രായം .പിന്നെ എന്തിനുവേണ്ടിയാണ് സ്ത്രീയും ,പുരുഷനും കരിതേച്ചു അയാം എ കോപ്ലാന്‍ ബോയ്‌ (ഗേള്‍ )ആയി നടക്കുന്നത്? തികച്ചും ഇതൊരു അഭാസവും വൈരൂപ്യവും ആയിമാത്രമേ എനിക്ക് എന്റെ സൌന്ദര്യസങ്കല്‍പ്പത്തിലൂടെ ഇതിനെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. നാച്ച്വറല്‍ സൌന്ദര്യത്തിന്റെ അടുത്ത്‌ ഈ വേഷംകെട്ടലുകള്‍ തികച്ചും ആരോചകരം എന്നു പറയാതെ വയ്യ.ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീ ആയാലും,പുരുഷന്‍ ആയാലും പ്രകൃതിയോടു സഹകരിക്കുന്നതാണ് അതിന്റെ മര്യാദ .ആ സൌന്ദര്യം മാര്‍ക്കറ്റില്‍ കിട്ടുന്ന ഒരു കരി ഓയലിനും മറികടക്കാന്‍ കഴിയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.ഇതൊക്കെ എന്റെ മാത്രം സൌന്ദര്യ സങ്കല്പം...

Tuesday, September 7, 2010

വാക്ക്

പ്രതീക്ഷ എന്ന വാക്കിനാല്‍
കൊരുത്തിടും ജീവിത മോഹസൗധങ്ങള്‍
ചീട്ടുകൊട്ടാരമായി പടുത്തുയര്‍ത്തി
ഒക്കയും തകര്‍ന്നടിയാന്‍
ഒരു വാക്കല്ലോ ധാരാളം .

ബ്ലോത്രം പത്രത്തില്‍ ജൂണ്‍ 27 വന്ന കവിത