Saturday, May 29, 2010

മാളു ഏടത്തിയും മണിയും.

എന്‍റെ ഗ്രാമത്തില്‍ ആദ്യകാലത്ത് ഗള്‍ഫില്‍ പോയി പുതുപ്പണക്കാര്‍ ആയവരാണ്‌ മാളുവേട്ടത്തിയും,ചന്ദ്രേട്ടനും. അന്നൊക്കെ ഗള്‍ഫില്‍ പോവുക എന്നു പറഞ്ഞാല്‍ വലിയ ഒരു കാര്യംതന്നെ ആയിരുന്നു. എന്‍റെയൊക്കെ കുട്ടിക്കാലത്ത് നാട്ടിന്‍പുറത്ത് വിരലില്‍ എണ്ണാവുന്നവരെ അന്ന് ഗള്‍ഫുകാരായുള്ളൂ.!!
ഓട്ടുപാത്രം പണയം വെച്ചപോലെ ഒരു മൂലയ്ക്ക് ഒതുങ്ങി കൂടി കഴിയുന്ന ചന്ദ്രേട്ടന്‍ തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത ഒരു പാവം മനുഷ്യനാണ് എന്നാല്‍ മാളുവേട്ടത്തിയാണെങ്കില്‍ നേരെ ഓപ്പോസിറ്റ് സ്വഭാവം നാട്ടിലെ പ്രധാന ന്യൂസ് ഏജന്‍റും..!
ഇവരുടെ മക്കളില്‍ മൂത്തവന്‍ ബാലന്‍ .കാണാന്‍ സാമാന്യം തരക്കേടില്ല. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം. ! .രണ്ടാമത്തവന്‍ മണി.. ആറടി പൊക്കവും അതിനൊത്ത തടിയും ഉള്ള ഒരു ആജാന ബാഹു.! മൂന്നാമത്തെതും ഇളയവളുമായ ലീല..പത്താം ക്ലാസ്സ് ഒരു ബാലി കേറാമലയാണെന്നു തിരിച്ചറിവുണ്ടായപ്പോള്‍ പഠിപ്പ് നിര്‍ത്തി മലയാളം വാരികകളില്‍ ഒതുങ്ങികൂടി കഴിയുന്നു. അവള്‍ക്ക് വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് സാമാന്യം നല്ല തടിയുമായി പ്രായത്തിനെക്കാള്‍ വലിയ ശരീരപ്രകൃതി..!!
മണി പത്താം ക്ലാസില്‍ പഠിച്ചിരുന്ന സമയത്ത് മാളുവേട്ടത്തിയും ലീലയും മണിയും ഒരേ മുറിയിലായിരുന്നു കിടന്നുറങ്ങിയിരുന്നത് .അന്നവരുടെ വീട് ഇന്നത്തെ പോലെ ടറസ്സ് വീടൊന്നുമായിരുന്നില്ല രണ്ട് മുറികള്‍ മാത്രമുള്ള ഓട് മേഞ്ഞ ഒരു ചെറിയ വീടായിരുന്നു. ഒരു ദിവസം ഉറക്കത്തില്‍ എന്തോ ശബ്ദം കേട്ട് ഉണര്‍ന്ന മാളുവേട്ടത്തി മുകളിലേക്ക് നോക്കിയപ്പോള്‍ ആകാശവും നക്ഷത്രങ്ങളും കണ്ടു. മുറിക്കകത്ത കിടന്നിരുന്ന താന്‍ എങ്ങനെ ആകാശം കാണുന്നു എന്നോര്‍ത്ത് മാളുവേട്ടത്തി കണ്ണുകള്‍ ഒന്നുകൂടി തിരുമ്മികൊണ്ട് വീണ്ടും മുകളിലേക്ക് നോക്കി ! മുകളില്‍ ഓടിളക്കി എങ്ങിനെ താഴെ ഇറങ്ങണം എന്ന് ചിന്താമഗ്നനായി ഇരിക്കുന്ന ഒരു ഇരുണ്ട രൂപം .!! മാളുവേട്ടത്തിയുടെ തൊണ്ട വരണ്ടു. ഒച്ചയുണ്ടാക്കാന്‍ നോക്കി ശബ്ദം പുറത്തേക്കു വരുന്നില്ല,.! കൈകാലുകള്‍ തളരുന്ന പോലെ തോനി അവര്‍ സര്‍വ ശക്തിയും എടുത്ത് നിലത്തു പായ വിരിച്ച് കിടന്നിരുന്ന മണിയെ തോണ്ടി…!
“ഡാ ..മണീ… ..ഓട്ടുംപുറത്തു അതാടാ ഒരു കള്ളന്‍ ഇരിക്ക്ണൂ ഒച്ച വെച്ച് ആളെകൂട്ടെടാ .!
സര്‍വ്വശക്തിയും മനസ്സിലേക്കാവഹിച്ച് അവര്‍ ഒറ്റശ്വാസത്തില്‍ പതിഞ്ഞ സ്വരത്തില്‍ അത്രയും പറഞ്ഞു.!
കേട്ട പാതി കേള്‍ക്കാത്ത പാതി മണി അമ്മ കിടന്നിരുന്ന കട്ടിന്നടിയിലേക്ക് ഒറ്റ വലിച്ചില്‍..എന്നിട്ട് മാളുവേട്ടത്തിയോട്‌ പറഞ്ഞു.!“അമ്മ...അനങ്ങി പോണ്ട..മിണ്ടാതെ കിടന്നോളില്‍..അനങ്ങി പോണ്ട ...!
മാളുവേട്ടത്തി പിന്നെയും മണിയോട് ഒച്ചവെക്കാന്‍ പറഞ്ഞുവെങ്കിലും മണി മിണ്ടുന്നില്ല.! അവസാനം സര്‍വശക്തിയും സംഭരിച്ചു മാളുവേട്ടത്തി തന്നെ ഉറക്കെ നിലവിളിചു .! നിലവിളികേട്ട് കള്ളന്‍ ഓട്ടിന്‍ പുറത്തു നിന്നും ചാടി ജീവനും കൊണ്ട് ഓടിരെക്ഷപെട്ടു.!
അതിനു ശേഷം മണിയെ കണ്ടാല്‍ കുട്ടികള്‍ കളിയാക്കി പറയും.. “മണിയെ ... ..ഓട്ടുംപുറത്തുഅതാ കള്ളന്‍“ എന്ന്.!
ഒരിക്കല്‍ മണി സ്കൂളില്‍ പോവുന്ന വഴിയില്‍ റോഡ്‌ നന്നാക്കാന്‍ വേണ്ടി വന്ന റോഡ്‌ റോളറിനു ചുറ്റും കുട്ടികള്‍ കൂടി നില്‍ക്കുന്നു അന്ന് ആദ്യമായാണ് അവര്‍ റോഡ് റോളര്‍ കാണുന്നത് ഒരു വലിയ അത്ഭുത ജീവിയെ കാണുന്ന പോലെ എല്ലാവരും അതിനു ചുറ്റും കൂടി അതിനു പലരും പല പേരുകള്‍ പറഞ്ഞു അവസാനം മണി അതുകണ്ടപ്പോള്‍ അവരോട് പറഞ്ഞു “ഇത് തീവണ്ടിയാ മണ്ടന്മാരെ “ എന്ന് തീവണ്ടിയും എന്താ എന്നറിയാത്ത കുട്ടികള്‍ മണിയുടെ ബുദ്ധിശക്തിയെ അഭിനന്ദിച്ചു.!

കാലങ്ങള്‍ക്ക് ശേഷം ബാലനും, മണിയും ഗള്‍ഫില്‍ പോയി. തരക്കേടില്ലാത്ത ജോലിയും ശമ്പളവുമായപ്പോള്‍ നാട്ടിലെ പുതുപണക്കാരായി മാറി.! ബാലനും മണിയും ചേര്‍ന്ന് അമ്മയെയും അച്ഛനെയും ഗള്‍ഫിലേക്ക് കൊണ്ട് പോകാന്‍ തീരുമാനിച്ചു. ( ആ കാലത്തൊക്കെ കുടുംബത്തെ അതും അച്ഛനെയും,അമ്മയെയും ഒക്കെ ഗള്‍ഫില്‍ കൊണ്ട് പോകുന്നത് വളരെ അപൂര്‍വമായിട്ടാണ്.)
ചന്ദ്രേട്ടനും മാളുവേട്ടത്തിക്കും വിസ വന്നത് നാട്ടില്‍ വലിയ ചര്‍ച്ചാ വിഷയമായി.! അങ്ങിനെ മൂന്നു മാസത്തെ ഗള്‍ഫ്‌ പര്യടനം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ ശേഷം മാളൂവേട്ടത്തി നല്ല തിരക്കിലായിരുന്നു . വീട് വീടാന്തരം കയറി ഇറങ്ങി ഗള്‍ഫിലെ വിശേഷങ്ങള്‍ വിളമ്പുകൊണ്ടിരുന്നു .ഗള്‍ഫിലൊക്കെ ആള്‍ക്കാര് ഇങ്ങിന്യാന്നും പറഞ്ഞ് മാളുവേട്ടത്തി ആരെ കണ്ടാലും കെട്ടിപിടിച്ചു ഉമ്മവെക്കും. !
അങ്ങിനെ ഒരു ദിവസം മാളുവേട്ടത്തി അടുത്ത വീട്ടില്‍ വിശേഷം പറയാനായി പോയി,ചെന്ന പാടെ എല്ലാവരെയും കെട്ടി പിടിച്ചു ഉമ്മവെച്ചു. കൂട്ടത്തില്‍ അവിടത്തെ നായ ടൈഗര്‍ നെയും കെട്ടി പിടിച്ചു ഉമ്മവെച്ചു..ടൈഗറിനുണ്ടോ അറിയുന്നു ഇതു ഗള്‍ഫ്‌ രീതിയാണെന്നും ..ടൈഗറുംതിരിച്ചു ഒരു ഉമ്മ കൊടുത്തു ,മാളുവേട്ടത്തിയുടെ കവിളില്‍ മൂന്നു സ്റ്റിച്ചും പൊക്കിളിനു ചുറ്റും പതിനാല് ഇഞ്ചകഷനും കിട്ടിയതോടെ കെട്ടിപിടിച്ചു ഉമ്മ വെക്കുന്ന ആ രീതി മാറിക്കിട്ടി.!

മാളുവേട്ടത്തിയുടെ ചൊറിച്ചില്‍ വക വെക്കാതെ ബാലന്‍ പാവപ്പെട്ട ഒരു വീട്ടില്‍ നിന്നും സുന്ദരിയായ ഒരു പെണ്ണിനെ കെട്ടികൊണ്ട് വന്നു.കല്ല്യാണം കഴിഞ്ഞതില്‍ പിന്നെ ബാലന്‍ ആളാകെ മാറി. സദാ സമയവും ബാലന്‍ അവളെ ചുറ്റി പറ്റിയായി നടത്തം.അവളുടെ സൌന്ദര്യം അയാളുടെ ഉറക്കം കെടുത്തി.പാതി രാത്രിയില്‍ എഴുനേറ്റു ടോര്‍ച്ചടിക്കുന്ന അവസ്ഥയിലായി.അങ്ങിനെ ഗള്‍ഫു വേണ്ടാന്ന് വെച്ച് ഭാര്യക്ക്‌ കൂട്ടിരിക്കാന്‍ അയാള്‍ തീരുമാനിച്ചു.ഇതിനിടയില്‍ മണിക്കും,ലീലക്കും കല്യാണാലോചനകള്‍ തകൃതിയായി നടന്നു.ലീലയുടെ സൌന്ദര്യം വരുന്നവര്‍ക്ക് ഇഷ്ട പെടാത്തത് കൊണ്ട് ഒന്നും ശരിയാകുന്നുമില്ല . കുറെ തിരഞ്ഞു നടന്നതിനു ശേഷം ഒരു കല്യാണം ഒത്തുവന്നു രണ്ടുപേരുടെയും കല്ല്യാണം ഒരേ പന്തലില്‍ വെച്ച് നടത്താന്‍ തീരുമാനമായി.!! കല്യാണം ക്ഷണിക്കാന്‍ നടന്ന മണി എല്ലാരോടും പറഞ്ഞു നടന്നത് ."പോത്തിനെ അങ്ങട് കൊടുത്തു ഒരു എരുമയെ ഇങ്ങട് വാങ്ങാണ്” എന്നാണ് .!!
കല്ല്യാണം എല്ലാം ഭംഗിയായി നടന്നു...! കാലക്രമേണ ഗള്‍ഫിലെ ബിസിനെസ്സ് എല്ലാം പൊളിഞ്ഞു മണിയും നാട്ടില്‍ തന്നെ താമസമായി. അതോട് കൂടി വീട്ടിലെ പ്രശ്നങ്ങളും കൂടി വന്നു...! ബാലന് സംശയതോടൊപ്പം അന്തഃവിശ്വാസവും കൂടിയായപ്പോള്‍ പെരുമാറ്റത്തില്‍ പലവിത്യാസങ്ങളുമുണ്ടായി തുടങ്ങി.! ബാലനെ ഡോകട്റെ കാണിക്കാന്‍ വേണ്ടി ബന്ധുക്കളും ,നാട്ടുകാരും എല്ലാരുമെല്ലാം കൂടി തൃശൂര്‍ക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു,ആദ്യം ബാലന്‍ എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു.ഒരു വലിയ ജനകൂട്ടം തന്നെ ബാലനെ കൊണ്ട് പോകാന്‍ തയ്യാറായി വന്നു. ഒരു ജീപ്പ് വിളിച്ചു കൂടെ പോകുന്നവര്‍ ഓരോരുത്തരായി ജീപ്പില്‍ കയറി.നാട്ടുകാരും ബന്ധുക്കളും എല്ലാ സീറ്റും കരസ്ഥമാക്കി .!അവസാനം ബാലന് ഇരിക്കാന്‍ സ്ഥലം ഇല്ലാതായപ്പോള്‍ ബാലന്‍ ജീപ്പിന്‍റെ പിറകില്‍ തൂങ്ങി പോവണ്ടി വന്നു.!.. ബാലന്‍റെ അസുഖം ഏതാണ്ടൊക്കെ മാറിയെങ്കിലും ഇപ്പോള്‍ പുത്തന്‍ പണത്തിന്‍റെ നിറപകിട്ടില്ലാതെ ജീവിതത്തിന്‍റെ ഓരോ മൂലയില്‍ ഓരോര്തരായി ഒതുങ്ങി കഴിയുന്നു...!!

Wednesday, May 19, 2010

ഇന്നത്തെ കുട്ടികളിലെ സ്വഭാവ വിശേഷങ്ങൾ..

കഴിഞ്ഞ ദിവസം മോന്‍ പഠിക്കുന്ന സ്കൂളിലെ പി.ടി.എ മീറ്റിങ്ങിനു ഞാന്‍ പോകുകയുണ്ടായി. ഇതിനു മുന്‍പും ഇടക്കൊക്കെ പോയിട്ടുണ്ടെങ്കിലും കുറെക്കാലത്തിനുശേഷമാണു ഇത്തവണ ഞാനും പോയിരുന്നു.. സാധാരണ ഏട്ടന്‍ ആണു ആ ഉദ്യമത്തിന് പോകാറുള്ളത്. പി.ടി .എ മീറ്റിങ്ങ് എന്ന് പറയുമ്പോള്‍ അമ്മമാരുടെ ഫാഷന്‍ പരേഡ് എന്ന് പറയുന്നതാകും കൂടുതല്‍ നല്ലത് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. പ്രായത്തെക്കാള്‍ അമിത വളര്‍ച്ചയുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ എനിക്കും ഒരു യൂണിഫോം ഇട്ടു വേണമെങ്കില്‍ ഇനിയും സ്കൂളില്‍ ചേരാം എന്ന് തോന്നിയിട്ടുണ്ട്. പല ഭാഷക്കാരായ അമ്മമാര്‍ ഏട്ടനെ നോക്കി ലൈന്‍ അടിക്കുമ്പോള്‍ എന്നെ തോണ്ടി കൊണ്ട് പറയും, അതാ പച്ചസാരി നോക്കുന്നു, നീല ചുരിദാര്‍ നോക്കുന്നു എന്നൊക്കെ. എന്നെ എത്രമാത്രം പ്രകോപിപ്പിക്കാമോ; അതാണ്‌ ലക്ഷ്യം എന്നറിയാവുന്നതു കൊണ്ട് ആത്മസംയമനം കൈവിടാതെ ഞാന്‍ ഇരിക്കും. കുശുമ്പും,അസൂയയും അതിനപ്പുറവും എന്തൊക്കെ ഉണ്ടോ അതൊക്കെ എന്‍റെ തലയ്ക്കുമുകളില്‍ വട്ടമിട്ടു നില്‍ക്കും. ഭർത്താവിനു സൌന്ദര്യം കൂടിയാലും കഷ്ടം ആണെന്ന് സ്വയം പിറുപിറുക്കും...

പൊതുവേ ഞാന്‍ പി.ടി.എ. മീറ്റിങ്ങിനു ഞാന്‍ പോകാത്തതിനു മുഖ്യമായും രണ്ടു കാരണങ്ങള്‍ ആണു ഉണ്ടായിരുന്നത്. ഒന്ന് എന്‍റെ ഭാഷാ പ്രശ്നം, രണ്ടാമത്തേത് മോന്റെ വീരസാഹസിക കഥകൾ. പഠിത്തത്തിലും, മറ്റു കാര്യങ്ങളിലും ഉള്ള അവന്റെ അലസതയും മറ്റും ടീച്ചര്‍മാര്‍ പറയുമ്പോള്‍ എന്‍റെ ബി പി നല്ല പോലെ ഉയരാറുണ്ട്. .അത് കൊണ്ട് തന്നെ ആ ഉദ്യമത്തില്‍ നിന്നും ഞാന്‍ പിന്‍വലിയാറണ്ട്. ഓരോ ടീച്ചര്‍മാരെയും കണ്ടു പുറത്തിറങ്ങുമ്പോള്‍ എന്‍റെ ഇംഗ്ലീഷ് എങ്ങിനെ ഉണ്ടെന്നു ഞാന്‍ മോനോടു ചോദിച്ചു കൊണ്ടിരിക്കും. മോന്‍ എന്നെ പ്രോത്സാഹിപ്പിക്കും; കുഴപ്പം ഇല്ലന്നും, ചെറിയ തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞു തരുകയും ചെയ്യുമ്പോള്‍ എന്‍റെ ആത്മവിശ്വാസം കൂടാറുണ്ട്. എപ്പോഴും ടെന്‍സുകള്‍ ആണു എന്‍റെ മുന്‍പില്‍ വില്ലന്‍മാരായി നിൽക്കാറുള്ളത്. അപ്പോള്‍ ഞാന്‍ അവനോട് പറയും പഠിക്കേണ്ട സമയത്ത് പഠിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌ എന്ന്. മക്കള്‍ നന്നായി വളര്‍ന്നു നല്ല നിലയില്‍ എത്തിയാല്‍ അതിന്റെ ക്രെഡിറ്റ് അച്ഛന്‍മാര്‍ക്കും, മക്കള്‍ താന്തോന്നികള്‍ ആയാല്‍ അതിന്റെ പൂര്‍ണ്ണഉത്തരവാദിത്വം അമ്മയിലും ആണു പൊതുവേ കണ്ടിട്ടുള്ളത്. ആൺകുട്ടികളെ അനുസരണയോടെയും ഉത്തരവാദിത്വ ബോധത്തോടെയും, നല്ലതും ചീത്തയും മനസ്സിലാക്കാനും, കാര്യബോധം അവരില്‍ വളര്‍ത്താനും അച്ഛന്മാരുടെ ശിക്ഷണത്തില്‍ തന്നെ ആണ്മക്കള്‍ വളർന്നാലേ സാധ്യമാകൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അത് പോലെതന്നെ ഒരു പെണ്‍കുട്ടിയെ അടക്കത്തിലും ഒതുക്കത്തിലും വളര്‍ത്താനും, അവരുടെ വളര്‍ച്ചയില്‍ വേണ്ടത് പറഞ്ഞുകൊടുക്കാനും അമ്മമാര്‍ക്കാണ് അച്ഛന്‍മാരെക്കാള്‍ കൂടുതല്‍ കഴിയുക. എന്നിരിക്കെ എന്‍റെ മകന്റെ കാര്യത്തില്‍ ഏട്ടന് അവനോടുള്ള സമീപനം എനിക്ക് പലപ്പോഴും വിഷമം സൃഷ്ടിക്കാറുണ്ട്. തെറ്റുകള്‍ ചെയ്യുമ്പോള്‍ ശിക്ഷിക്കേണ്ടിടത്ത് ശിക്ഷിച്ചും, ശാസിക്കേണ്ടിടത്ത് ശാസിച്ചും തന്നെ വളര്‍ത്തണം. അമ്മമാരുടെ ശാസനക്കു വളരെ ഏറെ പരിമിധികള്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. വളര്‍ച്ചയുടെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന അവനോടു ഞാന്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരാറില്ല. പകരം ഞാന്‍ അവന്റെ ശത്രുവായി തീർന്നേക്കാം. "ഒന്നേ ഉള്ളുവെങ്കില്‍ ഉലക്കകൊണ്ട് അടിക്കണം " എന്ന പഴമൊഴി ഇന്നത്തെ കാലത്ത് നടപ്പാക്കിയാല്‍ ഗുണത്തേക്കാളേറെ ദോഷം മാത്രമേ സംഭവിക്കുകയുള്ളൂ. അവനെ ഞാന്‍ ശിക്ഷിച്ചു കഴിഞ്ഞാല്‍ അവനെക്കാള്‍ ഏറെ കരയുന്നത് ഞാനാകും എന്നുള്ളതുകൊണ്ട് എന്‍റെ ശിക്ഷണം ഞാന്‍ കുറച്ചു. മക്കളെ വളര്‍ത്തേണ്ടത് അമ്മമാരുടെ മാത്രം ഡ്യൂട്ടി ആണെന്ന് വിശ്വസിക്കുന്ന കുറെ അച്ഛന്‍മാര്‍ ഇന്നുമുണ്ട്. അച്ഛന്‍മാരുടെ വാക്കുകളും, പ്രവര്‍ത്തികളും മക്കളില്‍ വളരെ അധികം സ്വാധീനം ചെലുത്തും എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ അച്ഛനെയും, അച്ഛന്റെ രീതികളും ആണു എന്‍റെ മനസ്സിലിപ്പോൾ നിറഞ്ഞു വരുന്നത്. അച്ഛന്റെ ഉറക്കെ ഉള്ള ഒരു വിളി മാത്രം മതിയായിരുന്നു ഞാനും എന്റെ സഹോദരങ്ങളും നിശബ്ദരാകാനും, അച്ചടക്കം പാലിക്കുന്നവരാകാനും. ആ വിളിയിൽ എല്ലാം അടങ്ങുമായിരുന്നു. അച്ഛന്റെ ശിക്ഷയോ വഴക്കോ ഒന്നും എനിക്ക് കിട്ടിയിട്ടില്ലെങ്കിലും; എന്‍റെ ഓര്‍മ്മയില്‍, ഏട്ടന്മാരെയും, ചേച്ചിമാരെയും വഴക്കുപറയുന്നതും ശിക്ഷിക്കുന്നതും അവര്‍ പേടിയോടെയും ബഹുമാനത്തോടെയും എതോരുകാര്യവും ചെയ്യുന്നതും കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. ആ കാഴ്ച്ചപ്പാടാകാം ഞാന്‍ എന്‍റെ മകനിലും കാണാന്‍ ആഗ്രഹിച്ചത്‌. ചിലപ്പോള്‍ അങ്ങിനെ ചിന്തിക്കുന്നത് എന്‍റെ തെറ്റാകാം. എങ്കിലും ഞാന്‍ വിശ്വസിക്കുന്നു ആണ്‍കുട്ടികളുടെ സ്വഭാവ രൂപീകരണ ദശയിൽ അച്ഛന്മാർക്കാണു പ്രധാന പങ്കെന്ന്. അപ്പോള്‍ സ്വാഭാവികമായും എല്ലാവര്ക്കും ഒരു ചോദ്യം ഉയര്‍ന്നു വന്നേക്കാം, നാട്ടില്‍ ഭാര്യയെയും കുട്ടികളെയും നിര്‍ത്തി വരുന്ന ഒരുപാട് അച്ചന്മാര്‍ ഉണ്ട് ആ കുട്ടികളെ നോക്കുവാനായി നാട്ടില്‍ പൊയ് നില്‍ക്കണം എന്നല്ല ,അവര്‍ക്ക് ഒരുതരത്തിലല്ലെങ്കില്‍ മറ്റൌരുതരത്തില്‍ വീട്ടില്‍ മറ്റു മുതിര്‍ന്നവര്‍ കാണുമായിരിക്കും .എങ്കിലും പ്രവാസികളായ അച്ഛന്‍മാര്‍ ഇടക്കൊക്കെ അവരുടെ കാര്യങ്ങള്‍ തിരക്കുനത് നന്നായിരിക്കും....

അവിടെവെച്ചു ഞാന്‍ രണ്ടുമൂന്നു അമ്മമാരെ പരിചയപ്പെടുകയുണ്ടായി. എല്ലാര്‍ക്കും പറയാന്‍ ഉള്ളത് മക്കളുടെ പെരുമാറ്റത്തെക്കുറിച്ചായിരുന്നു. ഉത്തരവാദിത്വബോധമില്ലായ്മയും, അനുസരണക്കേടും, അശ്രദ്ധയും, എന്തിനും ഏതിനും മറ്റുള്ളവരുടെ ആശ്രയം ഇല്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവരുടെ അവസ്ഥയെക്കുറിച്ചായിരുന്നു പരാമർശിക്കപ്പെട്ടത്. പിന്നെ മറ്റൊരു കാര്യം; കുട്ടികൾ മറ്റുള്ളവരോട് മലയാളത്തിൽ സംസാരിക്കുമ്പോള്, ഒരുകാര്യം മറ്റുള്ളവര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് അത് എങ്ങിനെ പറഞ്ഞ് ഫലിപ്പിക്കണം എന്നറിയില്ല എന്നുള്ളതാണ്. ഉദാഹരണത്തിന് ഇന്നു ഞാന്‍ എന്‍റെ ഫ്രെണ്ട് ഹരിയെ കണ്ടെന്നും അവന്‍ ഒരു നല്ല പേന നല്‍കി എന്നുമാണെങ്കില്‍; പറയുന്നത് ഇങ്ങനെ ആകും.."ആ പേന നല്ല പേന ". ഏത് പേന? അത് എവിടുന്നു കിട്ടി? ആര് നല്‍കി ? എന്നല്ലാം നമ്മള്‍ ചോദിച്ചു മനസ്സിലാക്കിക്കോണം. "വെളിച്ചം നേരാവുക" (നേരം പുലര്‍ന്നു); “പശു കുട്ടി ഇട്ടു" ഇങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കയല്ലാതെ എന്തുചെയ്യും. ഇതെന്തുകൊണ്ടാണ് ഒരുകാര്യം മറ്റുള്ളവരോട് വ്യക്തമായി പറഞ്ഞ് അവതരിപ്പിക്കാന്‍ കഴിയാതെ പോകുന്നത് എന്ന്‌ ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇതേ പ്രശ്നം മറ്റുള്ള അമ്മമാരും പറഞ്ഞുകേട്ടപ്പോള്‍ എനിക്കല്പം ആശ്വാസമായി. കാരണം ഇതു എന്‍റെ മോന്റെ മാത്രം പ്രശ്നം അല്ല എന്നറിഞ്ഞപ്പോൾ. കുട്ടികള്‍ വീട്ടില്‍ മാത്രം ആണു മലയാളം സംസാരിക്കുന്നത് . കുട്ടികള്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നത് ഇംഗ്ലീഷില്‍ ആണെന്നുള്ളത്‌ കൊണ്ടാകാം ഒരുപക്ഷെ ഇങ്ങനെ അത്തരത്തില്‍ സംഭവിക്കുന്നത്‌ എന്നാണെനിക്കു തോന്നുന്നത്.


ഏഴിലും, എട്ടിലും പഠിക്കുന്ന കുട്ടികള്‍ക്ക് പോലും നാണം എന്തെന്നോ സ്വന്തം ശരീരത്തെക്കുറിച്ചോ വളര്‍ച്ചയെക്കുറിച്ചൊന്നും ബോധവാന്മാരല്ല. അവര്‍ക്ക് ആകെ അറിയുന്നത് രണ്ടു കാര്യങ്ങള്‍ ആകും. പുതിയ ഗെയിം, പിന്നെ പുതിയ റെസ്റ്റോറെന്റും അവിടെ കിട്ടുന്ന രുചിയുള്ള ഭക്ഷണവും. ആവശ്യപ്പെടുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ കിട്ടുന്നതുകൊണ്ടും പൈസയുടെ മൂല്യമോ അത് എങ്ങിനെ ഉണ്ടാകുന്നു എന്നോ അതിന്റെ പിന്നിലെ കഷ്ടപ്പാടോ ഒന്നും ഗള്‍ഫിലെ കുട്ടികള്‍ അറിയുന്നില്ല്യ. നാട്ടിലെ കുട്ടികളെ പോലെ വിരുതും, സാമർത്ഥ്യവും വളരെ കുറവാണ് ഇവിടെ വളരുന്ന കുട്ടികള്‍ക്ക്. ഒന്നും സ്വയം ചെയ്തു ശീലിക്കാത്തത് കൊണ്ട് സാമാന്യബുദ്ധി ഉപയോഗിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ ദിവസം നടന്ന ഒരു ചെറിയ സംഭവം ഞാന്‍ ഓർക്കുയാണ് ഇപ്പോള്‍. മീന്‍ വറുക്കാന്‍ സ്റ്റൌവില്‍ വെച്ചു ഞാന്‍ കുളിക്കാനായി പോയി. ഞാന്‍ തിരിച്ചു വരുമ്പോഴേക്കും മീന്‍ ഏറെക്കുറെ കരിഞ്ഞിരുന്നു. ആ മണം റൂം മൊത്തം തങ്ങി നിന്നു. അപ്പോള്‍ മോന്‍ പറഞ്ഞത് ഞാന്‍ കണ്ടു മീന്‍ കരിയുന്നത് എന്നാണു. അത് കണ്ടിട്ടും അത് കരിയുകയാണെന്നും, അത് ഓഫ്‌ ചെയ്യണം എന്നും അവനു തോന്നിയില്ല. അപ്പോൾ ഞാന്‍ ചോദിച്ചു; എന്നിട്ട് നീ എന്തുകൊണ്ട് ഓഫ്‌ ചെയ്തില്ല എന്നു. അപ്പോൾ അവന്‍ പറഞ്ഞത് അമ്മ പറഞ്ഞില്ലാലോ അത് ഓഫ്‌ ചെയ്യാന്‍; എന്നാണു... ഹഹ...ഇതില്‍ കൂടുതല്‍ എന്താ പറയേണ്ടത്. ഇതു പോലെ മറ്റൊരു അമ്മ പറഞ്ഞത്; അവരുടെ മകന്റെ യൂണിഫോം അയണ്‍ ചെയ്തു ചൂടുള്ള അയണ്‍ ബോക്സ്‌ കുത്തി നിര്‍ത്തി ഇരുന്നു. അതില്‍ പോയി തൊട്ടു നോക്കി കൈ പൊള്ളീട്ടു വന്ന മകനോട്‌ ചോദിച്ചു; എങ്ങിനെ പൊള്ളി എന്ന്?? അപ്പോൾ പറഞ്ഞത്രെ അയണ്‍ ബോക്സ്‌ ഓഫ്‌ ആണോ എന്നു നോക്കിയതാണെന്ന്. ഓഫ് ആണോ എന്നു നോക്കുക സ്വിച്ചില്‍ നോക്കിയല്ലേ എന്നു തിരിച്ചു ചോദിച്ചപ്പോഴാണ് അവര്‍ക്ക് മനസ്സിലാകുന്നത്‌. ഇത്തരം സാമാന്യ ബുദ്ധിപോലും ഉപയോഗിക്കാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക് കഴിയാതെ പോകുന്നു. എല്ലാകുട്ടികളും ഇത്തരത്തില്‍ ആകണം എന്നില്ല, എങ്കിലും ഏറിയ പങ്കും ഇങ്ങനെ ഒക്കെ തന്നെയാണ്.

ഭക്ഷണം,വസ്ത്രം മറ്റെല്ലാ കാര്യങ്ങളും അതാതു സമയങ്ങളില്‍ സ്വന്തം കൈകളില്‍ എത്തിപ്പെടുന്നതുകൊണ്ട് ഒന്നും അന്വേഷിച്ചു പോകുകയോ വാങ്ങിക്കേണ്ടാതായോ അവസരം അവര്‍ക്ക് വരുന്നില്ല. സമൂഹമായോ, ചുറ്റുപാടുകളുമായോ അവര്‍ ഇടപഴകുകയോ, അറിയുകയോ ചെയ്യുന്നില്ല. .ഇത്തരം കുട്ടികള്‍ക്ക് നാട്ടില്‍ ചെന്നാല്‍ അവിടുത്തെ ചുറ്റുപാടില്‍ അഡ്ജെസ്റ്റ് ചെയ്യാന്‍ വളരെ അധികം ബുദ്ധിമുട്ടേണ്ടിവന്നേക്കാം....ഗള്‍ഫിലെ എല്ലാകുട്ടികളും ഇതുപോലെ ആണെന്നല്ല ഈ പറഞ്ഞതിനെല്ലാം അർത്ഥം...ഇങ്ങനെയും ഉണ്ട് എന്ന് പറയുവാന്‍ വേണ്ടി മാത്രം ആണു ഈ ചെറിയ കുറിപ്പുകൊണ്ട്‌ ഉദേശിച്ചത്‌.

Sunday, May 16, 2010

ആര്‍ദ്രമാംസ്നേഹം.

മെരുങ്ങാത്ത മനസ്സിന്റെ
അടങ്ങാത്ത മോഹങ്ങള്‍
തേടി അലയുന്നതല്ലോയീ ജീവിതം.

സ്നേഹത്തിന്‍ ജാലകപ്പാളികൾ
നിനക്കായ് തുറന്നപ്പോൾ
ആര്‍ദ്രമാം നിന്‍സ്നേഹവും,
അതിരറ്റ വാത്സല്ല്യവും,
ആവോളം നുകർന്നു ഞാൻ .

സ്നേഹത്തിന്‍ ചൂരും,ചൂടും നിറഞ്ഞ
ആ നല്ലകാലത്തിലൂടെ
നടന്നു പോകുമ്പോള്‍
ഒരു സുനാമിയായി വന്നു നീ
എടുത്തുകൊണ്ടു പോയത്
എന്‍ ഹൃദയമാണ്!!

കാലത്തിന്‍ കുത്തൊഴുക്കില്‍
ഒലിച്ചുപോയോരെന്‍
ആര്‍ദ്രമാം സ്നേഹത്തിന്‍
ഓര്‍മ്മകളെ നെഞ്ചോടു ചേർത്തിടുന്നു.

ചഞ്ചലമാം മനസ്സിന്‍
പാകപ്പിഴയിൽ നിന്നു മറികടക്കാന്‍,
ചിലത് വേണ്ടന്നു വെക്കാന്‍
ചിലത് നേടാൻ,
ഇനിയും ഏറെദൂരം
പോകേണ്ടതുണ്ട് ഇന്നെനിക്ക്..

Sunday, May 9, 2010

മാനസാന്തരങ്ങളുടെ ഒച്ചകള്‍

വ്യഥയുണ്ടെങ്കിലുമിന്നുള്ളമറിയാതെ
എന്‍റെ മിഴികള്‍ നിറഞ്ഞിടുന്നു.
ഞാന്‍ അറിയാതെ എന്‍റെ നെഞ്ചും
നോവിനാല്‍ലേറെ പിടഞ്ഞിടുന്നു.
കേട്ടതത്രയും സങ്കടപ്പെരുമഴ,
അറിയില്ലെനിക്ക്‌ നിന്നെയെങ്കിലും ,
അറിയുന്നു ഞാനിന്നുനിന്റെ ദുഃഖം.
എന്റേത് ,എന്റേതെന്ന് മാത്രമോതി
നെഞ്ചോടു ചേര്‍ത്തതെല്ലാം
നിന്റെതല്ലന്നപരമസത്യം
മറന്നിടുന്നതെന്തേ..?

ഏറെമോഹമില്ലാത്തൊരെന്‍
മനസ്സിലെക്കേറെമോഹങ്ങള്‍
പകര്‍ന്നൊരുതുലാഭാരം നടത്തി.
മോഹങ്ങളും ,സ്വപ്നങ്ങളും
അശ്വമേഥരഥത്തിലേറി കുതിക്കവേ,
ഒരു പത്മവ്യൂഹത്തില്‍
അകപെട്ടതെന്നസത്യം
അറിയാന്‍ ഏറെ വൈകിയോ...?
ദിശയറിയാതെ,വഴിയറിയാതെ
ജീവരക്ഷക്കായി കൈകൂപ്പി നില്‍ക്കെ
ഇതാണ് നിന്റെവിധി,ഇതാണ് നിന്റെനിയോഗം
എന്നോതി മാറിനില്പൂ ഭഗവാന്‍.
അമ്മതന്‍ ഗര്‍ഭപാത്രത്തില്‍
ജീവനായി തുടിച്ചനേരം തലയെഴുത്തിന്റെ
നിയോഗവും നിന്നോടു ചേര്‍ക്കപെട്ടുവെന്നു..
ഇന്നലെയുടെ തെറ്റ്
ഇന്നിന്റെ ശരിയായിമാറ്റി
നീയും ,നിന്റെ സ്വപ്നങ്ങളും
സ്വര്‍ണ്ണരഥത്തിലേറി പായുകയാണ്
ദിശതേടി.. ദിക്കുതേടി ,ഒരു അവസാനം തേടി.