Friday, August 5, 2011

പിന്‍നിലാവ്








ഒരു നിലാവ് പോലെയാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. പ്രത്യേകിച്ചൊരു ബാഹ്യ സൌന്ദര്യവും നിന്നില്‍ കണ്ടെതാതിരുന്നിട്ടും ഞാന്‍ ഇഷ്ടപെട്ടത്, അല്ലെങ്കില്‍ ഇഷ്ടപെടാന്‍ തുടങ്ങിയത് നിന്റെ മനസ്സിന്റെ നൈര്‍മല്യത്തെയായിരുന്നു. പാറകെട്ടിനുള്ളില്‍ നിന്നും വരുന്ന നീരൊഴുക്കിന്‌ തണുപ്പേറും എന്നതുപോലെ, നിന്റെ ഉള്ളിലെ പച്ചമനുഷ്യനെ, ആ കുളിരിനെ ഞാന്‍ പ്രണയിച്ചു തുടങ്ങിയിരുന്നു. എന്റെ ഓരോ നിമിഷവും കടന്നു പോകുന്നത് നീയെന്ന വിചാരത്താലാണ് ‍.

പ്രണയം ഊഷ്മളമായ ഒരോര്‍മ്മയാണ്. എന്നും ഓര്‍ക്കാവുന്ന സുഖമുള്ളൊരു നോവായി പ്രണയം മനസ്സിനെ പൊതിയുന്നു. എന്റെ ലോകത്തിലേക്ക് ഒരു വസന്തം വാരി വിതറി കൊണ്ടാണ് നീ കടന്നുവന്നത്.  എന്റെ ഹൃദയത്തിലേക്ക് പ്രണയത്തിന്റെ വിത്തുപാകിയത് ഞാനോ അതോ നീയോ? ഞാന്‍ തന്നെയായിരുന്നു അല്ലേ! എന്റെ ഭ്രാന്തന്‍ ചിന്തകള്‍ക്ക് ഞാന്‍ തന്നെ ആവശ്യത്തിനു വെള്ളവും വളവും നല്‍കി വളരാന്‍ അനുവദിച്ചു. എനിക്ക് പടരാന്‍.. എന്റെ ചിന്തകള്‍ക്ക് പടര്‍ന്നു പന്തലിക്കാന്‍ ആദ്യമായി ഒരു തണല്‍മരം കണ്ടെത്തിയതിന്റെ ആനന്ദത്തിലായിരുന്നു ഞാന്‍. അത്രമേല്‍ ... ഇനിയൊരിടവും ബാക്കിയില്ലാത്ത പോലെ നീ എന്നില്‍ ആണ്ടിറങ്ങിയിരുന്നു...

ഓരോ ദിവസം കടന്നു പൊയ്ക്കൊണ്ടിരിക്കെ എന്റെ മനസ്സ് നിന്നിലേക്ക് കൂടുതല്‍ അലിഞ്ഞു ചേരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും നീ അറിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാത്ത പോലെ നീ പെരുമാറിക്കൊണ്ടിരുന്നു. എന്നെ മനസ്സിലാക്കാന്‍ ആരുമില്ല എന്ന്‍ ഞാന്‍
വിശ്വസിച്ചിരുന്ന ഈ ലോകത്ത് പെട്ടെന്ന് എന്റെ സന്തോഷങ്ങളിലേക്ക് നീ കടന്നു വന്നപ്പോള്‍, ഞാന്‍ പറയാതെ തന്നെ എന്റെ ഹൃദയത്തിന്റെ ഭാഷ നീ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ എന്റെ മനസ്സിന്റെ അറകളില്‍ ഞാന്‍ കാത്ത് സുക്ഷിച്ചു വെച്ചിരുന്ന പ്രണയമരം വീണ്ടും തളിരിടാന്‍ തുടങ്ങുന്നത് ഞാനറിഞ്ഞു.

പരിചയപ്പെട്ടപ്പോള്‍ മുതലുള്ള എന്റെ ഒരു മോഹമായിരുന്നു നമ്മളൊരുമിച്ചുഒരു യാത്ര. എന്തായിരുന്നു എന്റെ മനസ്സില്‍.. അറിയില്ല എനിക്ക്. എന്തിനായിരുന്നു അത്തരം ഒരു യാത്ര ഞാന്‍ കൊതിച്ചത്. ഇന്നും അറിയില്ല. ഒന്നുമാത്രമറിയാം! നിന്നോട് ചേര്‍ന്ന് , നിന്നിലേക്ക് അലിഞ്ഞ് ഇല്ലാതാവുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു എന്ന് മാത്രം!! വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ആ യാത്രക്ക് അവസരം ഉണ്ടായത്. എനിക്കുള്ള ടിക്കറ്റ് നീ എടുക്കുമ്പോഴും നീയും എന്നോടൊത്ത് വരുമെന്ന് ഞാന്‍ കരുതിയതേയില്ല. പറഞ്ഞ് തീര്‍ക്കാനാവാത്ത വിശേഷങ്ങള്‍ക്കിടയില്‍ തികച്ചും ലാഘവത്തോടെ നാളത്തെ യാത്രയില്‍ ഞാന്‍ നിന്നോടൊത്തുണ്ടാവുമെന്ന് നീ പറഞ്ഞപ്പോള്‍ ചിരിക്കാനോ കരയാനോ കഴിയാത്ത ഒരു വല്ലാത്ത ആത്മസംഘര്‍ഷമായിരുന്നു എന്റെ മനസ്സില്‍.

പാളങ്ങളും ചക്രങ്ങളും തമ്മില്‍ സ്നേഹം കൂടി തുടങ്ങിയിട്ടും ചുവപ്പ് മഞ്ഞയായും മഞ്ഞ മെല്ലെ പച്ചയായും സിഗ്നല്‍ വെളിച്ചങ്ങള്‍ മാറിയിട്ടും നിന്റെ വരവിനായി കണ്‍പാര്‍ത്ത് ഞാന്‍ നിന്നു. എന്റെ ഹൃദയത്തിന്റെ ചൂളം‌വിളികള്‍ നിന്റെ ഹൃദയത്തിലേക്ക് തരംഗങ്ങളായി എത്താതെ പോയല്ലോ എന്ന് വല്ലാത്ത നിരാശതോന്നിയ നിമിഷങ്ങള്‍. നിന്റെ സെല്‍ ഫോണ്‍ പോലും എന്റെ നൊമ്പരങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവാതെ സ്വിച്ച് ഓഫ് എന്ന് കാര്‍ക്കശ്യത്തോടെ പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ അറിഞ്ഞു . കണ്‍പീലികള്‍ ഇറുകെയടച്ചപ്പോള്‍ കണ്ണില്‍ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ മറ്റാരും കാണാതിരിക്കാന്‍ ഞാന്‍ വല്ലാതെ പാടുപെട്ടു. ആ സമയത്ത് നീ വിളിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ എന്നെന്നേക്കുമായി ഗുണ്ടു ഇല്ലാതായേനേ." പേടിച്ചു പോയോ ഗുണ്ടൂ" എന്ന നിന്റെ പെട്ടന്നുള്ള ചോദ്യതോടെ പതിവ് പോലെ പുറകില്‍ നിന്നു പറഞ്ഞപ്പോള്‍ ശക്തിയോടെ നിന്റെ നെഞ്ചില്‍ ഇടിച്ചാണ്‌ എന്‍റെ ദേഷ്യവും ,സങ്കടവും തകര്‍ത്തെറിഞ്ഞത്. അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഒരു പക്ഷെ ഞാന്‍ തകര്‍ന്നു പോയേനേ. എന്റെ ഓരോ ഇടിയും നിന്നില്‍ പൊട്ടിച്ചിരിയുണ്ടാക്കിയപ്പോള്‍ ഒരു വേള അതുവരെ ഉണ്ടായിരുന്ന വേദനയുടെ നൂറിരട്ടി സന്തോഷം എന്‍റെ ഹൃദയത്തെ പുണരുന്നത് ഞാന്‍ അറിഞ്ഞു. നെഞ്ചില്‍ കത്തിക്കൊണ്ടിരുന്ന നെരിപ്പോട് നീ കാണാതിരിക്കുവാന്‍ എനിക്ക് വല്ലാതെ പാടുപെടേണ്ടി വന്നു.

ജീവിതത്തില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന ചില നിമിഷങ്ങള്‍ ദൈവം വെച്ചു നീട്ടുമ്പോള്‍ എല്ലാം യാന്ത്രികമായി സംഭവിച്ചു കൊണ്ടിരിക്കും. എന്‍റെ ഭാഗ്യവും നിര്‍ഭാഗ്യവും എന്‍റെ മുന്‍പില്‍ ഇരിക്കുന്ന നീയാണെന്നും, എന്‍റെ സ്നേഹം മുഴുവന്‍ പ്രകടിപ്പിക്കാന്‍ അല്ലെങ്കില്‍ തുറന്നു പറയാന്‍ എനിക്ക് കിട്ടിയ ഏതാനും മണിക്കൂറുകള്‍ - അല്ലെങ്കില്‍ നീ എനിക്ക് ദാനം നല്‍കിയ ഈ മണിക്കൂറുകള്‍ - ശെരിയാണ് ..ആ മണിക്കൂറുകള്‍ നീ എനിക്ക് ദാനം നല്‍കിയത് തന്നെ ആയിരുന്നു. എനിക്കൊരിക്കലും അത് നഷ്ടപ്പെടുത്താനാവില്ലായിരുന്നു. എന്നെ തന്നെ നോക്കി ഒന്നും മിണ്ടാതെ ഇരിക്കുന്ന നിന്റെ മനസ്സില്‍ ആ നിമിഷങ്ങളില്‍ എന്തായിരിക്കുമെന്ന് ഞാന്‍ വെറുതെയെങ്കിലും ഒന്ന് സങ്കല്‍പ്പിച്ചു നോക്കി. ഒരിക്കലെങ്കിലും... 'ഗുണ്ടു ഞാന്‍ നിന്നെ സ്നേഹിക്കുന്നു' എന്ന് നീ പറയുന്നതുകേള്‍ക്കാന്‍ എന്‍റെ മനസ്സ് ഒരു പാട് കൊതിച്ചു. നീ ഒരു ദുഷ്ടനാ.. മറ്റുള്ളവരുടെ മനസ്സ് വേദനിക്കുന്നത് കാണാന്‍ കഴിയാത്ത ഹൃദയശൂന്യന്‍ എന്ന് സ്വയം പറയുമ്പോഴും എന്റെ മനസ്സ് നിന്നെ ന്യായീകരിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു! ഒടുവില്‍, 'നീ എന്നെ സ്നേഹിക്കുന്നുവോ'? എന്ന് മുഖത്ത് നോക്കി ചോദിച്ചപ്പോഴും പതിവ് കള്ളചിരിയായിരുന്നു നിന്റെ ഉത്തരം. 'എനിക്കറിയാം നീ എന്നെ സ്നേഹിക്കുന്നുണ്ടെന്ന്‌ ' ഉത്തരവും ഞാന്‍ തന്നെ പറഞ്ഞപ്പോള്‍ വല്ലാത്ത ഒരു ചിരിയായിരുന്നു നിന്റെ മറുപടി. പറയുന്ന ഇഷ്ടത്തിന്റെ അളവിനേക്കാള്‍ പറയാത്ത ഇഷ്ടത്തിന്‌ അളവ് കൂടുമെന്ന് കരുതിയല്ലേ നീ പറയാത്തതെന്ന എന്റെ ന്യായീകരണം കേട്ട് നീ പൊട്ടിച്ചിരിച്ചു. ക്രൂരന്‍! അല്പം പോലും സ്നേഹമില്ലാത്ത താന്തോന്നി!! പക്ഷെ എന്നിട്ടും നീ എന്നെ സ്നേഹിക്കുന്നില്ല എന്ന് കരുതുവാന്‍ , ചിന്തിക്കുവാന്‍ ഞാന്‍ തയ്യാറായില്ല. മറിച്ച് വിശ്വസിക്കുവാന്‍ …. സ്വയം വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.

ഒരിക്കലെങ്കിലും ഇഷ്ടമാണെന്ന വാക്ക് നീ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു. എന്‍റെ മോഹം ഒരു വേദനയായി എന്നില്‍ നിറയുന്നത് ഞാന്‍ അറിഞ്ഞിട്ടും എന്‍റെ വഴിയിലെ പ്രകാശത്തെ ഊതികെടുതുവാന്‍ എനിക്കായില്ല. ഓടികൊണ്ടിരിക്കെ തന്നെ ഈ ട്രെയിന്‍ യാത്ര ഒരു ദുരന്തമായി അവസാനിച്ചെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.കാരണം നിന്നോടൊത്തു ഈ ജീവിതം തീരുന്നെങ്കില്‍ അതില്‍ ഞാന്‍ ഏറെ സന്തോഷിച്ചിരുന്നു.സ്വന്തം സ്വാര്‍ത്ഥതക്കു വേണ്ടി ആയിരങ്ങളെ ബലിയാടാക്കാന്‍ ആഗ്രഹിച്ച എന്‍റെ മനസ്സിനോടെനിക്ക് വെറുപ്പുതോന്നി.
അണയാറായ തീ ആളികത്തുമെന്നു പറഞ്ഞപോലെ ആയിരുന്നു ഞാന്‍ അപ്പോള്‍. ആ തീ കെടും മുന്‍പ് എന്റെ പ്രണയത്തിന്റെ അഗ്നിയില്‍ നീ കൂടി കത്തി ചാമ്പലായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. പിണച്ചു വെച്ച കൈകള്‍ കൊരുത്തെടുത്ത് ഞാന്‍ എന്‍റെ നെഞ്ചോടുചേര്‍ത്തു പിടിച്ചു. ആ കൈകളില്‍ മൃദുവായി ഉമ്മവേക്കുമ്പോള്‍ അതുവരെ ഞാന്‍ അടക്കി വെച്ച സ്നേഹമത്രയും അണപൊട്ടുകയായിരുന്നു. മതിവരുവോളം നിന്റെ കൈകളില്‍ ഉമ്മവെച്ചിട്ടും തിരിച്ചൊരു തലോടല്‍ പോലും നല്‍കാതെ എന്‍റെ കണ്ണില്‍ നോക്കി ഇരുന്ന നിന്റെ മനസ്സില്‍ എന്തായിരുന്നു.. അടക്കിവെച്ച സ്നേഹമോ? അതോ എനിക്കായി നല്‍കാന്‍ നിന്റെ കയ്യില്‍ ഒന്നും ഇല്ലെന്നായിരുന്നോ? അത് സത്യമാകരുതെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു . ഉറക്കം വന്നു കണ്ണുകളെ തഴുകുമ്പോള്‍ ഉറങ്ങിക്കോ നീ എന്ന് പറഞ്ഞു ഉറങ്ങാന്‍ അനുവദിക്കുകയും അടുത്ത നിമിഷം ഉറക്കത്തിലേക്ക് വീഴുന്ന എന്നെ നുള്ളി ഉണര്‍ത്തിയതും ഒക്കെ എന്തിനായിരുന്നെന്ന് ഇന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. പറഞ്ഞിട്ടും,പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കിഴക്ക് സൂര്യന്‍ ഉദിച്ചു പൊങ്ങുമ്പോള്‍ തൂക്കിലേറ്റാന്‍ വിധിക്കപെട്ട കുറ്റവാളിയെ പോലെയായി എന്‍റെ മനസ്സ്. സ്റ്റേഷന്‍ അടുക്കുന്ന സമയം നീ എന്തിനാണ് എന്‍റെ നേരെ കൈ നീട്ടിയത്? ആ നീട്ടിയ കൈയില്‍ ഞാന്‍ പിടിക്കുമ്പോള്‍ ഈ പിടി ഒരിക്കലും വിടാതിരുന്നെങ്കില്‍ എന്ന്‍ ഒരു നിമിഷമെങ്കിലും വെറുതെ ആശിച്ചു പോയി. ട്രെയിന്റെ വേഗത കുറഞ്ഞ നില്ക്കാന്‍ തുടങ്ങുമ്പോള്‍ നീ എന്റെ കൈകളില്‍ മുറുകെ പിടിച്ചത് എന്തിനായിരുന്നു? എന്നെ പറഞ്ഞ വിടാന്‍ നിന്റെ മനസും ആഗ്രഹിചിരുന്നില്ല അല്ലേ? ഇറങ്ങി നടക്കുമ്പോള്‍ തിരിഞ്ഞു നോക്കരുതെന്ന് നീ പറഞ്ഞിട്ടും നോക്കാതിരിക്കാന്‍ എനിക്കായില്ല. ഒരുപക്ഷെ ഇനി ഒരിക്കലും കണ്ടുമുട്ടില്ലെന്ന വേദനയോടെ പിരിഞ്ഞകലുമ്പോഴും എന്‍റെ മനസ്സ് നിന്റെ ഒരു വിളിക്കായി കാതോര്‍ത്തു.

നീ ഒരിക്കലും പറഞ്ഞില്ല നിന്നെ സ്നേഹിക്കണമെന്നു. ബന്ധങ്ങളുടെ ബന്ധനത്തില്‍ പെട്ട് സ്വയം ജീവിക്കാന്‍ മറന്ന നിനക്ക് ഒരുപക്ഷെ എന്നെ ഓര്‍ക്കാന്‍ പോലും സമയം കുറവാണെന്ന് അറിയാം. ഒരു മെഴുകുതിരി പോലെ സ്വയം എരിഞ്ഞു മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തി സ്വയം നശിക്കുന്ന നിന്നെ ഒര്തെനിക്കെന്നും വിഷമം ആയിരുന്നു. സ്വന്തം യോഗ്യതപോലും നീ മറന്നു.ആവശ്യത്തില്‍ കൂടുതല്‍ അറിവും ബുദ്ധിയും ഉണ്ടായിട്ടും , ഒന്നും ഇല്ലാത്തവനെ പോലെ കഴിയേണ്ടി വരുന്നത് ഒരുപക്ഷെ നിന്റെ നിയോഗം തന്നെയാകാം.

നിന്നെ ഓര്‍ക്കണമെന്ന് പോലും നീ പറഞ്ഞിട്ടില്ല. കഴിഞ്ഞ മാസം ഏതാനും കത്തുകള്‍ നിന്റെതായി വീണ്ടും കിട്ടിയപ്പോള്‍ അതില്‍ പോലും പ്രണയത്തെ കുറിച്ചൊരു സൂചനയുമില്ല. കാരണം നിനക്കറിയാം പ്രണയം അങ്ങനെ പറയേണ്ടതല്ല എന്ന്. പ്രണയത്തെ അനുഗമിക്കുക . നമ്മുടെ കര്‍മം അതാണ്‌. ആലയില്‍ ഇരുമ്പ് വച്ച് കൊടുത്താല്‍ ബാക്കി തീ നോക്കി കൊള്ളുംഅതുപോലെ പ്രണയത്തെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചാല്‍ പിന്നെ നമ്മുടെ കര്‍മം കഴിഞ്ഞു. . പിന്നെ നടന്നു കൊള്ളുക. ഒരക്ഷരം പോലും ഉരിയാടാതെ. എനിക്കപ്പോള്‍ നീയെന്ന ബിന്ദുവിനെ കേന്ദ്രീകരിച്ച് കറങ്ങണം എന്നെ ഉള്ളൂ. നീയെന്ന അച്ചുതണ്ടാണ്‌ എന്റെ ജീവിതം.

എന്തിനായിരുന്നു നമ്മള്‍ കണ്ടുമുട്ടിയത്‌? എന്തിനു വേണ്ടിയാണ് ഞാന്‍ നിന്നെ സ്നേഹിച്ചത് അറിയില്ലായിരുന്നു. എന്തിനു വേണ്ടിയാണ് എന്‍റെ ആത്മാവ് നിന്നില്‍ അലിയാന്‍ കൊതിച്ചത്? അറിയില്ലെനിക്കിന്നും.. എനിക്കറിയില്ല ഞാന്‍ നിനക്കാരയിരുന്നെന്ന്. ഒന്നെനിക്കറിയാം നിന്നെ ഞാന്‍ ഒരുപാട് പ്രണയിച്ചിരുന്നു.

എല്ലാം ഈശ്വര നിശ്ചയം എന്ന് പറയുമ്പോഴും ഇന്നും ഞാന്‍ എന്നോട് തന്നെ ചോദിക്കുന്നു നീ എന്നെ പ്രണയിച്ചിരുന്നോ..?

ഒരുനിമിഷം കൊണ്ട് മറക്കാനും ഓര്‍ക്കാനും നമ്മള്‍ ശ്രമിക്കുമ്പോള്‍ ഒരിക്കലും മറക്കരുതെന്ന് ആഗ്രഹിക്കുന്നതെല്ലാം മറവിയുടെ അടിത്തട്ടില്‍ പായല്‍ പിടിച്ചു കിടക്കും.. ഇടക്ക് അവ നമ്മള്‍ അറിയാതെ തന്നെ പൊടിതട്ടി എടുക്കുമ്പോള്‍ മനസ്സില്‍ ഒരു നീറ്റല്‍ നാമറിയാതെ കടന്നുവരുന്നത് അറിയുന്നു. നിനച്ചിരിക്കാതെ വന്നുചേര്‍ന്ന വിധിയുടെ വിളയാട്ടം പോലെ നീ എന്‍റെ ജീവിതത്തിന്റെ താളമായി മാറിയത് ഞാന്‍ പോലും അറിയാതെയാണ്. എത്രപെട്ടന്നാണ് ആ താളത്തിനൊത്ത് ഞാന്‍ ചുവടുകള്‍ വെച്ചത്. നീ ഇല്ലെങ്കില്‍ ഏതു വെട്ടവും എനിക്ക് ഇരുട്ടാണ്‌. അതുകൊണ്ടാണ് ഞാന്‍ തുടരെ നിനക്ക് കുറിച്ചത്. എവിടെയാണെങ്കിലും ഒരു വരിയെങ്കിലും കുറിച്ച് നിന്റെ സാന്നിധ്യം അറിയിക്കണമെന്ന്.ആ സാന്നിധ്യത്തിന്റെ തുടിപ്പിലാണ് എനിക്ക് എഴുതാനാവുക. ഈ എഴുത്തില്ലെങ്കില്‍ പിന്നെ ഞാനുണ്ടോ? "പലര്‍ക്കായി നീ വീതിച്ചുനല്കിയ ഈ ജന്മം തീര്‍ത്ത്, അടുത്ത ജന്മം എനിക്കുമാത്രം "എന്ന് നീ ഏകിയ വാക്കിനായി ഞാന്‍ കാത്തിരിക്കും. പണ്ട് ആകാശം കാണാതെ സൂക്ഷിക്കുമായിരുന്ന മയില്‍പ്പീലി പോലെ എന്‍റെ പ്രണയവും..

Tuesday, August 2, 2011

രണ്ടു കവിതകള്‍

സ്വപ്നം

അടഞ്ഞ വാതിലിനും ,
നിറഞ്ഞ മൌനത്തിനും
നിലച്ച ശബ്ദത്തിനും - അപ്പുറം;
കേള്‍ക്കുന്നു ഞാന്‍ നിന്‍
പതിഞ്ഞ കാലടിശബ്ദം.
നടക്കാത്ത എന്നിലെ ഭ്രാന്ത സ്വപ്നങ്ങളേ..
നിങ്ങളെ ഞാന്‍
എന്‍ ഗര്‍ഭത്തില്‍ പേറുന്നു.



മരണം

ഈ നഗരത്തിലെ ഏതെങ്കിലും
ഒരു മുറിയില്‍ വെച്ചു ഞാന്‍
മരണപെട്ടേയ്ക്കാം
അതൊരു ആത്മഹത്യയായി
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം!!

പക്ഷെ മറ്റാര്‍ക്കുമറിയില്ലല്ലോ
അതിനും എത്രയോ മുന്‍പ്‌തന്നെ
ഞാന്‍ കൊലചെയ്യപെട്ടിരുന്നെന്ന്.