Sunday, February 28, 2010

കണക്കുപുസ്തകം

കണക്കു പുസ്തകത്തിന്‍
താളില്‍
കൂട്ടിയും ,കുറച്ചും
ജീവിതം നീക്കിടുമ്പോള്‍
കണക്കുകൂട്ടലുകള്‍
എവിടെയോ പിഴചിടുന്നു.
അവിടെ നിശ്വാസങ്ങള്‍
നെടുവീര്‍പ്പുകളായി.

കൂട്ടിയും,കുറച്ചും,ഹരിച്ചും,
ഗുണിച്ചും നേടിയതത്രയും
മനസ്സിന്‍ തീരാഭാരം മാത്രം
അതൊന്നിറക്കിവെക്കാന്‍

ഈ പുസ്തകതാളില്‍ ഇടമില്ല.

മനുഷ്യന്‍ കൂട്ടിവെക്കും
കണക്കില്‍ ദൈവം
കിഴിചിടുമ്പോള്‍
അക്ഷരങ്ങള്‍ക്കും മനസ്സുകള്‍ക്കും
ഇടയില്‍ നിറഞ്ഞിടുനതത്രയും
ശൂന്യതമാത്രം..

Monday, February 22, 2010

മിഴികള്‍




താമര പ്പൂ പോല്‍ വിടർന്നൊരീ
കണ്‍കളില്‍ നിറഞ്ഞു
നിൽപ്പത്‌ വിഷാദമോ?
അതോ..
മഴവില്ലു കണ്ടു നൃത്തമാടിടും
മയിലിന്‍ മനസ്സോ??
അതോ ..
നിന്‍ മിഴികളില്‍
ഒളിപ്പിക്കും വികാര സാന്ദ്രമാം
ഉൾക്കടലിന്നാഴമോ.?.?
ഒരു മാത്ര നിന്നിലേക്കടുപ്പിക്കും
അപാരമീ മിഴികൾ തൻ
കാന്ത ശക്തി.
മനോഹരമീ
മിഴികള്‍
കണ്കുളിര്‍ക്കെ കണ്ടീടുവാന്‍..

Saturday, February 13, 2010

ഗള്‍ഫുകാരന്റെ നിയോഗം..

കഴിഞ്ഞ അവധിക്കു ഞാനും,മോനും,ഹസ്ബെന്റും കൂടി നാട്ടിലേക്ക് പോകാന്‍ ഐയര്പോര്ട്ടില്‍ എത്തി എമിഗ്രേഷന്‍ ക്ലിയര്‍സിനായി ക്യുവില്‍ നില്‍ക്കുമ്പോഴാണ് തൊട്ടടുത്ത്‌ നിന്നും ഉച്ചത്തിലുള്ള സംസാരം കേട്ട് ഞാന്‍ അങ്ങോട്ട്‌ ശ്രദ്ധിച്ചത്.നോക്കിയപ്പോള്‍ഒരു നാല്‍പ്പതു,നാല്പ്പതന്ജ്ജു വയസ്സ് തോന്നിക്കുന്ന മലയാളി ഒരു ചെറിയ ബാഗും പിടിച്ചു ഒരു മുഷിഞ്ഞ വേഷം ധരിച്ചു ,ഷര്‍ട്ടിന്റെ ബട്ടന്‍ പോലും നേരാവണ്ണം ഇടാതെ,(ചെയ്യുന്നസ്ഥലത്തുനിന്നു വരുകയാണെന്ന് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അറിയാം.)ഒരു അറബിയോട് സംസാരിക്കുന്നു.അയാളുടെ കൂടെ നിന്ന് ഉച്ചത്തില്‍ സംസാരിക്കുന്ന അറബി സ്പോണ്‍സര്‍ ആണെന്ന് തോന്നി. അറബി ,അറബി ഭാഷയില്‍ അയാളെ ചീത്ത പറയുന്നു,അയാള്‍ അറബിയില്‍ യാചനാ സ്വരത്തില്‍ എന്തൊക്കയോ പറയുന്നു.എനിക്ക് അറബി അറിയില്ലെങ്കിലും അയാളുടെ മുഖത്തുനിന്നും അത് വായിച്ചെടുക്കാം യാചിക്കുകയാണെന്നു.. മലയാളിയുടെ കയ്യില്‍ അന്നൂര് റിയാലിന്റെ രണ്ടു നോട്ടുകള്‍ ഉണ്ട്.അതില്‍ നിന്നും മനസിലാക്കാം അയാളുടെ ശബളം ആണ് ആവശ്യ പ്പെടുന്നത് എന്ന്.

അത് ഒരു നോമ്പ് മാസമായിരുന്നു.മുസ്ലിം ജനതയുടെ പുണ്ണ്യ മാസം.ആ പുണ്ണ്യ മാസത്തില്‍ സക്കാത്ത് നല്‍കിയാല്‍ പുണ്യം കിട്ടും എന്നു പറഞ്ഞുകേട്ടിടുണ്ട്.അങ്ങിനെ ഒരു ധര്മിഷ്ട്ടാനാവാന്‍ ആ അറബി തയ്യാറായില്ല.അഞ്ചു നേരം നിസ്ക്കരിക്കയും ,നോമ്പ് നോക്കയും,കയ്യില്‍ തസ്ബിയയും കൊണ്ട് നടക്കയും ചെയ്യുന്ന ആ അറബി കാണിക്കുന്ന നിഷ്ഠൂര പ്രവര്‍ത്തി കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത ദേഷ്യവും,വിഷമവും തോന്നി.അയാള്‍ അയാളുടെ അദ്ധ്വാനത്തിന്റെ പ്രതിഫലം ആവശ്യപ്പെടുമ്പോള്‍ നിഷേധിക്കുനത് ഒരു മുസല്‍മാന് മാത്രം അല്ല മനുഷ്യരായി ഭൂമിയില്‍ പിറക്കുന്ന ഒരാളും ചെയ്യാന്‍ പാടില്ലാത്തതാണ്‌ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ചോര നീരാക്കി,അന്ന്യന്റെ ആട്ടും തുപ്പും ,കൊണ്ട് അയാള്‍ ഉണ്ട്ടാക്കുന്ന ഓരോ ചില്ലിക്കാശും പ്രതീക്ഷിച്ചു കഴിയുന്ന ഒരു കുടുംബത്തെ ഞാന്‍ ഓര്‍ത്തു.എല്ലാവരും വലിയ ,വലിയ പെട്ടികളില്‍ സമ്മാന പൊതികളും,മിഠായിവാങ്ങി നാട്ടിലേക്ക് പോകുമ്പോള്‍ ,വെറും ഉടുതുണി മാത്രമായി കയറിചെല്ലുനത് കാണുമ്പോള്‍ അയാളുടെ മക്കള്‍ വിഷമിക്കുനത് ഞാന്‍ ഓര്‍ത്തു.ഒരു മിഠായി പോലും അവര്‍ക്കായി വാങ്ങി കൊണ്ട് പോകാന്‍ കഴിയാത്ത ആ അച്ഛന്റെ വേദന ഞാന്‍ അറിഞ്ഞു.എന്ത് ചെയ്യാം അത് അയാളുടെ വിധി എന്നോര്‍ത്ത് സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു..
അവിടുത്തെ സംസാരവും,അയാളുടെ ദയനീയ സ്ഥിതിയും എല്ലാവരും നോക്കി നിന്നതല്ലാതെ ആരും അങ്ങോട്ട്‌ ചെല്ലുവാനോ,അന്വേഷിക്കുവാനോ ആരും തയ്യാറായില്ല,എല്ലാവരും കാഴ്ചക്കാരായി നോക്കി നിന്നു. തൊട്ടടുത്ത്‌ തന്നെ ഒരു പോലീസ്കാരന്‍ നില്‍പ്പുണ്ടായിട്ടും അയാളും അത് കണ്ടില്ലനു നടിച്ചു.ഇതു അറബി രാജ്യം,അവര്‍ പറയുന്നത് കേട്ട് അടിമകളെ പോലെ അനുസരിക്കേണ്ടി വരുന്നു ചിലപ്പോഴെല്ലാം പ്രവാസികള്‍ക്ക്.ആ മലയാളിയുടെ കയ്യില്‍ ടിക്കെറ്റും,ആയിരം റിയാലും വെച്ച് കൊടുത്ത് അറബി അവിടെനിന്നും പൊയി . ഞങളുടെ ക്ലിയറന്‍സ് കഴിഞ്ഞു വിശ്രമിക്കുന്ന സമയം, സങ്കടപെട്ട് ഒരുമൂലയില്‍ ഇരിക്കുന്ന അയാളുടെ അരികിലേക്ക് ഞങള്‍ ചെന്നു.എന്താണ് പ്രശ്നം എന്ന് അന്വേഷിച്ചു.അറബിയുടെ വീട്ടിലെ വീട്ടു ജോലിക്കാരന്‍ ആണു അയാള്‍ എന്നും, ആറുമാസത്തെ ശബളം നല്‍കാന്‍ ഉണ്ടെന്നും ,അത് ചോദിച്ചതിനു തന്നെ ക്യാന്‍സല്‍ ചെയ്തെന്നും ,തരാനുള്ള പൈസ തന്നില്ലനും അയാള്‍ പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകകയായിരുന്നു.അയാളുടെ അപ്പോഴത്തെ ആ അവസ്ഥ കണ്ടാല്‍ ഏതൊരാളുടെയും മനസ്സലിഞ്ഞു പോകുമായിരുന്നിട്ടും,ഒരാളുപോലും,ഒരു മലയാളി പോലും അയാള്‍ക്കരികിലേക്കു വരുവാനോ,ഒരു പത്തു റിയാല്‍ പോലും ദാനമായി നല്‍കുവാനോ മുതിര്‍ന്നില്ല.എല്ലാവരും ഒരു കാഴ്ചവസ്തുവിനെ കാണുംപോലെ ഒന്നു എത്തി നോക്കി പൊയ്. പ്രവാസികളായ മലയാളികള്‍ ഇത്രയും ഹൃദയ ശൂന്യര്‍ ആയി പോയതെന്തേ എന്ന് ഞാന്‍ ഓര്‍ത്തു പൊയ്.എല്ലാര്‍ക്കും അവരവരുടെ കാര്യമാണ് വലുത്.
ഇതെല്ലാം കണ്ടു ആറാം ക്ലാസ്സില്‍ പഠിക്കുന്ന എന്‍റെ മകന്‍ എന്നോട് പറഞ്ഞു ,അമ്മെ പപ്പയോടു പറഞ്ഞു അയാള്‍ക്ക്‌ എന്തേലും കൊടുക്കാന്‍ പറ എന്ന്.അവന്‍ അത് പറയുന്നതിന് മുന്‍പ് തന്നെ ഞാന്‍ അയാള്‍ക്ക്‌ നല്‍കുവാനായി കുറച്ചു പൈസ കയ്യില്‍ വെച്ചിരുന്നു.എന്‍റെ ആ പൈസ അയാളുടെ ദാരിദ്ര്യം തീര്‍ക്കില്ലനു അറിഞ്ഞിട്ടും അയാളുടെ മക്കള്‍ക്ക്‌ എന്തെങ്കിലും എങ്കിലും വാങ്ങാന്‍ ഉപകരിക്കുമല്ലോ എന്നോര്‍ത്ത് അയാളുടെ കയ്യില്‍ അത് വെച്ച് കൊടുക്കുമ്പോള്‍ അയാളുടെ മുഖത്ത് സന്തോഷമാണോ,സങ്കടമാണോ മിന്നി മറഞ്ഞത് എന്നറിയില്ല..

ഇങ്ങനെ എത്ര ,എത്ര ഹതഭാഗ്യന്മാര്‍ ചോര നീരാക്കിഅദ്ധ്വാനിക്കയും ,നേരത്തിനു ഭക്ഷണം കിട്ടാതെയും കഷ്ടപെടുന്നു.. വണ്ടിയുടെ മുന്‍സീറ്റില്‍ ഇരുന്നു എനിക്ക് ദൈവം നല്‍കിയ സൌഭാഗ്യം ഓര്‍ത്തു യാത്ര ചെയ്യുമ്പോള്‍ ,എ സി പോലും ഇല്ലാത്ത കമ്പനി വണ്ടികളില്‍ രാവേറെ അദ്ധ്വാനിച്ച് ഒന്നു കിടന്നാല്‍ മതി എന്ന ചിന്തയുമായി യാത്ര ചെയ്യുന്ന ജോലിക്കാരെ കാണുമ്പോള്‍ സഹതാപം തോന്നും.അവരെ ചുറ്റി പറ്റി ,അവരുടെ വിയര്‍പ്പിന്റെ ചോറുണ്ണാന്‍ ഒരു കുടുംബം ,അവര്‍ക്ക് വേണ്ടി ആണല്ലോ ഈ പൊരി വെയിലത്ത്‌ കഷ്ടപെടേണ്ടി വരുന്നത്.ഒരു പക്ഷെ അവര്‍ ആലോചിക്കുന്നുണ്ടാകാം,അവര്‍ക്കും ഇതുപോലെ ഒരു വലിയ വണ്ടിയില്‍ സഞ്ചരിക്കാന്‍ കഴിയാതെ പോയത് സ്വന്തം ഭാഗ്യക്കെടോ ??അതോ പഠിക്കേണ്ട സമയത്ത് നേരാവണ്ണം പഠിക്കാത്തത് കൊണ്ടോ ..എങ്കില്‍ ഒരു നല്ല ജോലി എങ്കിലും നെടായിരുന്നു എന്ന് ഒരു പക്ഷെ ഓര്‍ക്കുന്നുണ്ടാകാം. ചിലര്‍ സ്വന്തം അദ്ധ്വാനഫലം നാളെയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഓര്‍ക്കാതെ സ്വയംആര്‍ഭാട ജീവിതം നയിക്കുന്നു.മറ്റു ചിലര്‍ മെഴുകു പോലെ സ്വയം കത്തി തീര്‍ന്നു മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കാന്‍ വിധിക്കപെടുന്നു...

ചിലര്‍ ഗള്‍ഫു പണം കൊണ്ട് പെട്ടന്ന് പണക്കാരനായി തീരുമ്പോള്‍ ധാരാളിയും,അഹങ്കാരിയും ആയി തീരുന്നു.മറ്റുള്ളവരുടെ മുന്‍പില്‍ താന്‍ വലിയവന്‍ ആയെന്നു കാണിക്കാന്‍ തന്നെ കൊണ്ടാകും വിധം ദൂര്ത്ത് കാണിക്കയും കൊട്ടാര സമാനമായ ഒരു വീടും പണിതു മറ്റുള്ളവരുടെ മുന്‍പില്‍ തന്റെ പ്രമാണിതം കാണിക്കാന്‍ ശ്രമിക്കുന്നു.ഗള്‍ഫു പണത്തില്‍ സ്വയം മറന്നു അഹങ്കരിക്കുമ്പോള്‍ ലെക്ഷ്മിദേവി ഒരിക്കലെ കടാക്ഷിക്കൂ എന്നോര്‍ക്കാതെ നിലംവിട്ടു കളിക്കുന്നു.നേടുന്ന പണം വേണ്ട വിതം ഉപയോഗിക്കാതെ ദൂര്തരായ് എല്ലാം നഷ്ട പെടുമ്പോള്‍ ആണു ഒരു വീണ്ടു വിജാരം ഉണ്ടാകുനത്.അപ്പോഴേക്കും ജീവിതത്തിന്റെ പാതി കൊഴിഞ്ഞു തീര്‍ന്നിടുണ്ടാകും...

മറ്റൊരു കൂട്ടര്‍ കഷ്ട പെട്ട്കിട്ടുന്ന ശബളത്തിന് പാതിഭാഗവും നാട്ടില്‍ അയച്ചു ,മിച്ചം വെക്കുന്ന പൈസ കൊണ്ട് നാട്ടിലേക്കുള്ള യാത്രക്കുവേണ്ടി സ്വരൂപിക്കുന്നു.നാട്ടിലേക്കുള്ള യാത്രയില്‍ എന്തക്കയോ കയ്യില്‍ ഉള്ള പൈസകൊണ്ടും,കടം വാങ്ങിയും നാട്ടില്‍ കിട്ടുന്ന സാധനങ്ങള്‍ ഇരട്ടി വിലയും കൊടുത്തു വാങ്ങി കൊണ്ട് പോകുന്നു.ഇവിടുന്നു കൊണ്ട് പോകുന്ന സാധനങ്ങള്‍ അത് കിട്ടുന്ന ആള്‍ക്ക് സന്തോഷം നല്‍കുകയുള്ളൂ എന്ന തോന്നല്‍ ഉള്ളത് കൊണ്ട് ഉള്ള പൈസക്ക് പലതും വാങ്ങുന്നു. എന്നിട്ടോ..വലിയ കാര്യം പോലെ കൊടുക്കുന്ന സാധനങ്ങള്‍ കയ്യില്‍ കിട്ടുമ്പോള്‍ ഇതാണോ ഇപ്പൊ ഗള്‍ഫീന്ന് കൊണ്ട് വന്നത് ?എന്ന ഒരു ഭാവവുമായി നില്‍ക്കുമ്പോള്‍ അവര്‍ അറിയുന്നില്ല ,അയാളുടെ അദ്ധ്വാനത്തിന്റെ ,കഷ്ടപാടിന്റെ വില എന്തെന്ന്...ഗള്‍ഫുകാരന്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാരുടെ മനസ്സിലും പോക്കറ്റില്‍ പൈസയും,നല്ല പെര്ഫ്യുമിന്റെ മണവും,നല്ല വസ്ത്രവും ധരിച്ചു സന്തോഷത്തോടെ ചിരിച്ച മുഖവുമായി നടക്കുന്ന മലയാളിയെയെ അറിയൂ .അയാള്‍ ഇവിടെ എങ്ങിനെ കഴിയുന്നു എന്നോ ,അയാളുടെ കഷ്ടപ്പാട് എന്തെന്നോ ആര്‍ക്കും അറിയില്ല.അയാളുടെ വിഷമങ്ങള്‍ മറ്റുള്ളവരെ കാണിക്കാന്‍ ഒരു ഗള്‍ഫുകാരനും തയ്യാറാകാറും ഇല്ല.ഗള്‍ഫുകാരന്‍ ഗള്‍ഫുകാരനായി ആ പത്രാസ്സോട് കൂടി തന്നെ തിരിച്ചു പോകാന്‍ അയാള്‍ ആഗ്രഹിക്കുന്നു.മറ്റുള്ളവരുടെ മുന്‍പില്‍ കൊച്ചാകാന്‍ അയാളുടെ കൊച്ചുഅഹങ്കാരം അനുവതിക്കാറില്ല എന്നുള്ളതാണ് സത്യം..

Monday, February 1, 2010

ജീവിതം ഒരു പ്രണയം

ഒരു തിരി നാളമായി
ഞാന്‍ നിന്നില്‍ പ്രകാശിക്കവേ
നിന്‍ ഉള്‍ചൂടിന്‍ തുടിപ്പുകള്‍
എനിക്കായ് മാത്രം അല്ലയോ..
നിന്‍ മോഹവും , ഇഷ്ടവും,
കോപവും, തീരാ ദുഖഃവും ,
ഒക്കെയും എന്റേതുമല്ലയോ

വെട്ടിപ്പിടിച്ചീടുവാന്‍
കൊതിക്കുന്നതെല്ലാം
നേടിടുമ്പോള്‍
അത് ഒന്നുമല്ലാതായി തീര്‍ന്നിടുന്നു.
മോഹങ്ങള്‍ക്കൊരറ്റവു
മില്ലാതായ് തീര്‍ന്നിടുന്നു.
അടങ്ങാത്ത മോഹത്തിന്‍
തീരാ കൊതിയുമായി
നീ അലയുന്നു..