Thursday, December 31, 2009

കാലം

കാലം യവനിക നീക്കി

പടി ഇറങ്ങീടുമ്പോള്‍

ഓര്‍മ്മകള്‍ ഒരു പേറ്റുനോവായി

എന്നില്‍ നിറഞ്ഞിടുന്നു

ആത്‌മസംഘർഷത്തിന്‍

നീര്‍ചാലില്‍ വീണു ഞാന്‍

വെന്തുരുകുമ്പോള്‍

ജീവിതം ഒരു സ്വപ്നമായി

ഒരു തീരാ മോഹമായി

കാലചക്രത്തില്‍ തിരിഞ്ഞിടുന്നു

മാറി മറിഞ്ഞീടുന്ന

വേഷ പകര്‍ച്ചയില്‍

അന്ധാളിച്ചങ്ങിനെ

ഞാന്‍ ഇരിക്കവേ

ഇനി എത്ര നാട്യനടനങ്ങൾ

ഞാന്‍ കണ്ടിടേണം .

പടി ഇറങ്ങിടും തൃസന്ധ്യയെ നോക്കി

ഞാന്‍ നെടുവീര്‍പ്പുതിര്‍ക്കവേ

ഇനി എത്ര സന്ധ്യകള്‍ എന്നെ

തേടി വരും?

നാളെ ഒരു പൊന്‍പുലരി

പിറന്നിടുമ്പോള്‍

ഇനി എത്ര പുലരികള്‍

എനിക്കായി കൺതുറക്കുമെന്നാര്‍ക്കറിയാം!

Monday, December 14, 2009

എന്റെ കാല്‍വെപ്പുകള്‍

എഴുത്തിനെ കുറിച്ചും,കവിതകളേകുറിച്ചും കൂടുതലായി ഒന്നും എനിക്കറിയില്ലായിരുന്നു. ഇന്നും ഈ ബൂലോകത്ത് ഞാന്‍ വെറും ഒരു ശിശു മാത്രം. എഴുതാൻ കഴിവുള്ളവരോട് എനിക്കെന്നും ആരാധനയായിരുന്നു. ഒരു പാടു പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടില്ല. വായന ഇഷ്ടം ആണെങ്കിലും അധികം ഒന്നും വായിക്കാനുള്ള സാഹാചര്യം ഉണ്ടായിട്ടും ഇല്ല. എന്നാലും കിട്ടുന്നതെന്തും അറിയാവുന്ന ഭാഷയില്‍ ആണെങ്കില്‍ പരമാവധി വായിക്കാൻ ശ്രമിക്കറുണ്ട്. എഴുത്തിനെ കുറിച്ചും കവിതയെ കുറിച്ചും ഉള്ള അറിവില്‍ ഞാന്‍ വളരെ പുറകിലാണ്.
ചെറുപ്പം മുതല്‍ വായന ഇഷ്ടമായിരുന്നു. ബോർഡിങ്ങിലെ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്നെ കാണാന്‍ വരുന്ന അമ്മയോട് സിസ്റ്റേര്‍നു പറയാന്‍ ഉണ്ടാവുക എന്റെ പഠിപ്പിനെ കുറിച്ചാകില്ല, മറിച്ച് എന്റെ ബാലരമയോടും ,പൂമ്പാറ്റയോടും ഉള്ള പ്രണയത്തെ കുറിച്ചാകും. അന്നും ഇന്നും വായന എനിക്കിഷ്ടമാണ്.
വലുതായി വിവാഹമൊക്കെ കഴിഞ്ഞു മോനും പിറന്നു കുറെ നാളുകള്‍ക്കു ശേഷം ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതിനു ശേഷം ഉള്ള എന്റെ ഏകാന്തതയില്‍ ഞാന്‍ അതിയായി ആശിച്ചു എഴുതുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്,ഒരു എഴുത്തുകാരിയായെങ്കില്‍ എന്ന വലിയ ഒരു മോഹവും നെഞ്ചിലേറ്റി ഞാന്‍ നടന്നു. എഴുതുന്നവരെ ആരാധനയോടെ നോക്കി. എഴുതണം എന്ന മോഹം എന്നെ അടക്കി ഭരിച്ചു. എങ്ങിനെ എഴുതി തുടങ്ങണമെന്നോ, അത് എങ്ങിനെ എഴുതി ഫലിപ്പിക്കുമെന്നോ അറിയില്ല. മറ്റുള്ളവര്‍ വായിച്ചാല്‍ കളിയാക്കിയാലോ എന്ന പേടി. ഞാന്‍ ദൈവത്തോട് വഴക്കിട്ടു, പഠിക്കാനുള്ള ബുദ്ധിയോ നല്‍കിയില്ല ,എഴുതാനുള്ള കഴിവെങ്കിലും എനിക്കെന്തേ നല്‍കാതെ പോയി എന്ന് ഞാന്‍ പരിഭവം പറഞ്ഞു.
അങ്ങിനെ രണ്ടും കല്പിച്ചു ഒരൂസം ഞാന്‍ പുസ്തകവും, പേനയും കയ്യില്‍ എടുത്തു ഇരുന്നു. എങ്ങിനെ എഴുതി തുടങ്ങണം എന്നൊന്നും ഒരു ധാരണയും ഇല്ല. എനിക്കറിയാവുന്ന രീതിയില്‍ ഞാന്‍ എഴുതി. എഴുതി കഴിഞ്ഞു അതെങ്ങിനെ ഉണ്ടെന്നു അറിയുവാനായി, കഥയെകുറിച്ചും, കവിതയെക്കുറിച്ചും സാമാന്യം അറിവുള്ള എന്റെ സുഹൃത്തിനെ കാണിക്കുകയുണ്ടായി. "ഇതൊരു കഥയാണോ ?" എന്ന ചോദ്യമാണ് എനിക്ക് ലഭിച്ച മറുപടി. അതോടെ എഴുതുവാനുള്ള എന്റെ അടങ്ങാത്ത മോഹത്തെ പെട്ടിയിലാക്കി സൂക്ഷിച്ചു. ഇതൊന്നും എന്നെ പോലുള്ള മണ്ടികള്‍ക്ക് പറ്റിയ പണിയല്ല എന്ന് സ്വയം സമാധാനിച്ചു. കുറെ നാളുകള്‍ക്കു ശേഷം ഞാന്‍ പ്രവാസ ലോകത്തില്‍ എത്തിച്ചേര്‍ന്നു. ഇവിടെ നാലു ചുവരുകളെ നോക്കി ഇരിപ്പ് തുടങ്ങിയപ്പോള്‍ എഴുതുവാനുള്ള എന്റെ പഴയ മോഹം വീണ്ടും ഉയർത്തെഴുന്നേറ്റു. അപ്പോഴാണ്‌ ബ്ലോഗ്ഗ്‌ എന്ന മാധ്യമത്തെ കുറിച്ചറിയാന്‍ ഇടയായത്.
രണ്ടും കല്പിച്ചു ഞാന്‍ ഈ ബൂലോകത്തിലേക്ക് വലതുകാല്‍ എടുത്തു വെച്ചു. പണ്ടു എനിക്ക് കിട്ടിയ മറുപടി പോലെ ഇതൊരു കഥയാണോ.. ഇതൊരു കവിതയാണോ എന്ന മറുപടിയാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷെ എന്റെ പ്രതീക്ഷകള്‍ക്ക് വിപരീതമായിട്ടായിരുന്നു എനിക്ക് ഇതില്‍ നിന്നും കിട്ടിയ പ്രതികരണം. ആരും എന്നെ നിരുത്സാഹപെടുത്തിയില്ല. എന്റെ തെറ്റുകള്‍ ചൂണ്ടികാണിച്ചു. കവിതയെ കുറിച്ചും, കഥയെകുറിച്ചും ഒരു തരിമ്പു പോലും അറിയാതിരുന്ന ഞാൻ ഇവിടം വരെ എത്തി. എന്റെ മോശം കവിതകൾ പോലും ഒരാളും തള്ളി പറഞ്ഞില്ല. എങ്കിലും ഞാന്‍ വിശ്വസിക്കുന്നത് നല്ലതിനെ നല്ലതെന്ന് അഗീകരിക്കുകയും മോശമായ എഴുത്തിനെ അതിനനുസരിച്ച് വിമർശിക്കുകയും ചെയ്യുമ്പോഴാണ് തെറ്റുകള്‍ കൂടുതല്‍ തിരിച്ചറിഞ്ഞു കൂടുതല്‍ നന്നായി എഴുതുവാന്‍ സാധിക്കുകയുളൂ, എന്നതാണു. ഇത്രയും ഞാന്‍ ഇന്നു പറയാനും ഓര്‍ക്കാനും കാരണം; ഞാന്‍ ഈ ബൂലോകത്തേക്ക് എത്തിച്ചേരുവാനുള്ള കാരണവും, ഒന്നും അല്ലാതിരുന്ന ഞാന്‍.. ഒന്നിനെ കുറിച്ചും അറിയാതിരുന്ന ഞാന്‍.. ഇവിടെ വരെ എത്താനുള്ള ഒരുകാരണം അന്ന് ആദ്യത്തെ എഴുത്തിനു എനിക്ക് കിട്ടിയ മറുപടിയാണ്. അതൊരു വാശിയായി എന്റെ ഉള്ളില്‍ കിടന്നതാകാം. ഇന്നും കവിതയിലും, കഥയിലും ഞാൻ ഒരു ചുക്കുമല്ലാ എന്നറിയാം. എങ്കിലും ഇത്രയെങ്കിലും എഴുതുവാന്‍ എനിക്ക് കഴിഞ്ഞതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.
ഒപ്പം, അന്ന് എന്നെ നിരുത്സാഹപ്പെടുത്തിയ എന്റെ സുഹൃത്തിനു സമ്മാനിക്കുന്നു ഈ കുറിപ്പ്.

Saturday, December 12, 2009

ഓര്‍മ്മ


ഓര്‍ക്കാതിരിക്കുവാന്‍ ഞാന്‍

ശ്രമിക്കുമ്പോഴൊക്കയും

ഓര്‍മ്മതന്‍

ആഴിയില്‍നീ

ഉദിച്ചു നില്പൂ.

പ്രകാശം പരത്തും

എന്‍ ചുണ്ടുകള്‍ക്ക്

പിറകില്‍ എരിഞ്ഞടങ്ങന്നതെന്‍

ഹൃദയം.

മറവിതന്‍ തീ ചൂളയില്‍

എന്‍ ഓര്‍മ്മയെ

സ്ഫുടം ചെയിതെടുത്തിട്ടും

മങ്ങാതെ,മായാതെ

പൂര്‍ണബിംബമായി

തെളിഞ്ഞു നില്പൂ.

എരിഞ്ഞടങ്ങിയ

ഒരു സായംസന്ധ്യയില്‍

ഒന്നും പറയാതെ

നീ യാത്രയായി.

മറക്കാന്‍ ശ്രമിച്ചതൊന്നും

ഇനി ഓര്‍ക്കയില്ലന്നു

ഞാന്‍ ശഠിക്കവേ

ഒരു ഓര്‍മ പെടുത്തലായി

നീ എന്തിനു വീണ്ടുമെന്‍

പടി വാതിലില്‍

വന്നു നില്പൂ..

Saturday, December 5, 2009

പരദൂഷണം

കാപട്യം നിറഞ്ഞ ഈ ലോകത്തിൽ നല്ലവരെയും, ചീത്തവരെയും തിരിച്ചറിയാന്‍ പലപ്പോഴും കഴിയാതെ പോകുന്നു. ചിലരെ മനസ്സിലാക്കാന്‍ ഒരു ആയുഷ്ക്കാലം മുഴുവന്‍ എടുത്താലും സാധിച്ചെന്നു വരില്ല. കാപട്യം നിറഞ്ഞ മനസ്സാണ് നമ്മുടെ സമൂഹത്തിന്. വളരെ കുറച്ചു പേരില്‍ മാത്രമേ സ്നേഹവും,കരുണയും കാണൂ. മിക്കവരും സ്വന്തം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി സ്നേഹം നടിക്കുന്നു. അത് സ്വന്തമെന്നു കരുതി കൂടെ കൊണ്ടു നടക്കുന്ന സുഹൃത്തുക്കള്‍ ആകാം, ബന്ധുക്കള്‍ ആകാം. കൂടെ നിന്നു ചതിക്കുന്ന യൂദാസ്സുകളാണ് നമുക്കു ചുറ്റും. ആരെ സ്നേഹിക്കണം, ആരെ വിശ്വസിക്കണം എന്നറിയാന്‍ കഴിയാതെ പോകുന്നു. ചിലരെ എത്ര മനസ്സിലാക്കാന്‍ ശ്രമിച്ചാലും പിടിതരാതെ ഒഴുകുന്ന മനസ്സുകളുള്ളവർ‍, ചിലര്‍ എത്ര സ്നേഹിച്ചാലും ആ സ്നേഹം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നവര്‍ ചിലർ.... പരദൂഷണം ഒരു കലയായി കൂടെ കൊണ്ടു നടക്കുന്നവര്‍ ഉണ്ട്. അവർക്കു ഒരോ ദിവസവും മറ്റുള്ളവരെ കുറിച്ചു എന്തെങ്കിലും കുറ്റങ്ങള്‍ കണ്ടെത്തി നാലാളോട് പറഞ്ഞാലേ സുഖായി ഉറങ്ങാന്‍ കഴിയൂ. പരദൂഷണം സ്ത്രീകളുടെ മാത്രം കുത്തകയാണെന്നും പറഞ്ഞു പരിഹസിക്കുന്ന പുരുഷന്‍മാരെ ധാരാളം കാണാം. എന്നാല്‍ സ്ത്രീകളെക്കാള്‍ ഒട്ടും പുറകിലല്ല പുരുഷന്‍ എന്നതാണ് യാഥാർത്ഥ്യം. സ്ത്രീകളുടെ പരദൂഷണം മറ്റാരുടെയും ജീവിതത്തെ ബാധിക്കാത്ത ഒരു നേരംപോക്ക് മാത്രം ആയി കാണുമ്പോള്‍, പുരുഷന്‍ മാര്‍ പറയുന്ന പരദൂഷണങ്ങള്‍ മിക്കതും മറ്റൊരു വ്യക്തിയേയും, അയാളുടെ ജീവിതത്തെ പോലും തകിടം മറിക്കുന്ന തരത്തില്‍ ആയി തീരാറുണ്ട്. ഒരാള്‍ക്ക്‌ മറ്റൊരാളോട് തോന്നുന്ന വ്യക്തിവൈരാഗ്യങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്നു അവസരം കിട്ടുമ്പോള്‍ മറ്റുള്ളവരുടെ മുന്‍പില്‍ വെച്ചു ആ വ്യക്തിയെ മനപ്പൂർവ്വം അവഹേളിക്കാന്‍ പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്ക് കഴിയാറില്ല. വിവരവും, വിദ്യാഭ്യാസവും ഉള്ള മാന്യന്മാർ പോലും മറ്റുള്ളവരെ ഇത്തരത്തില്‍ ക്രൂശിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നു. ഇത്തരത്തിലുള്ള കല്യാണംമുടക്കികള്‍ പോലും ഇന്നത്തെ സമൂഹത്തില്‍ തഴച്ചുവളരുന്നു. വിദ്യാസമ്പന്നരായ ആളുകള്‍ പോലും ഒരാളെ മനഃപൂര്‍വ്വം തേജോവധം ചെയ്യുവാനായി ഫോട്ടോ മോർഫിംഗ് നടത്തി ഇന്റെര്‍നെറ്റിലൂടെ പ്രദര്‍ശിപ്പിച്ചും മറ്റും അതില്‍ സായൂജ്യം അടയുന്നു. പണ്ടൊക്കെ ഊമകത്തുകള്‍ ആയിരുന്നെങ്കില്‍ ഇന്നത് വ്യാജ ഇ - മെയിലുകള്‍ക്ക് വഴിമാറി. വ്യാജ മെയിലുകള്‍ എന്ന് കരുതി നിസ്സാരമായി തള്ളി കളയാന്‍ ശ്രമിക്കുമെങ്കിലും, അതില്‍ എഴുതുന്ന വാക്കുകള്‍ എത്ര മായിച്ചാലും, എത്ര ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചാലും ഒരിക്കലും മായാത്ത അക്ഷരങ്ങളായി മനസ്സില്‍ പതിഞ്ഞിരിക്കും. അത് ഇടക്കിടെ മനസ്സിനെ നോവിച്ചു കൊണ്ടിരിക്കും. അതില്‍ ചിലപ്പോള്‍ അല്പം പോലും യാഥാർത്ഥ്യം ഇല്ലായിരിക്കാം, എങ്കിലും അത് വായിക്കുന്ന (കേള്‍ക്കുന്ന ) വ്യക്തിയുടെ മനസ്സില്‍ അവിശ്വാസത്തിന്റെ നൂലിഴകള്‍ പാകാന്‍ മറ്റൊരാളുടെ വാക്കിനു അല്ലെങ്കില്‍ ഒരു കത്തിന് കഴിയാറുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു

ഇത്തരത്തില്‍ ഒരു വ്യക്തിയെ മോശക്കാരനായി ചിത്രീകരിക്കുമ്പോള്‍ നിരപരാധിയായ ആ വ്യക്തി എത്രമാത്രം മാനസിക പീഡനം അനുഭവിക്കുന്നു. അത് ആ വ്യക്തിയുടെ ജീവിതത്തെ പോലും ബാധിക്കുന്നു. ഇതൊന്നും ഒരുപക്ഷെ ഇത്തരം യൂദാസ്സുകള്‍ ഓര്‍ക്കാറില്ല. "ആയിരം കുടത്തിന്റെ വായ മൂടി കെട്ടാം, എന്നാല്‍ ഒരു മനുഷ്യന്റെ വായ മൂടികെട്ടാന്‍ സാധിക്കയില്ല" എന്ന പഴംചൊല്ല് ഇവിടെ അന്വർത്ഥമാകുന്നു.

മറ്റുള്ളവരുടെ വീഴ്ചയില്‍ ആനന്ദിക്കുന്നവര്‍ ഓർക്കുക; നാളെ ഇതേ ഗതി ഒരുപക്ഷെ നിങ്ങള്‍ക്കും വന്നേക്കാം. "പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ ദൈവം ചതിക്കും" എന്ന ചൊല്ല് ഇത്തരക്കാര്‍ ഇടക്ക് ഓര്‍ക്കുന്നത് നന്നായിരിക്കും.