Tuesday, February 15, 2011

വിശപ്പ്‌ .




എല്ലാവരും പറയുന്നു
വിശപ്പാണെന്ന്..വിശപ്പ്‌ !
പുതിയ ചിന്തയ്ക്കുള്ള വിശപ്പ്.
ലാഭ ,നഷ്ടങ്ങളുടെ വിശപ്പ്
മനസും ശരീരവും കൊതിക്കുന്ന വിശപ്പ്‌.

ചിലര്‍
വയറിന്റെ വിശപ്പകറ്റാന്‍ ഇറങ്ങിത്തിരിച്
മനസില്‍ ആളുന്ന വിശപ്പുമായി കയറി വരുന്നു.
ഉള്ളവനും ഇല്ലാത്തവനും
ഒരുപോലെ വിശപ്പ്‌.

ജീവിതത്തില്‍ നിന്നും
പിഴുതെറിയുന്ന ചില ബന്ധങ്ങള്‍
ഹൃദയത്തില്‍
വിശപ്പായി ആളുന്നു .

എനിക്കുമുണ്ട് ചെറുതാ മൊരു വിശപ്പ്‌ .

ഈ വിശപ്പുമായി ഞാനിരിക്കെ
അതിലേറെ വിശപ്പ്‌ നിനക്കുന്ടെന്നറിയുന്നു
എന്‍റെ വിശപ്പിനെ ഞാന്‍ മറന്നു പോകുന്നു ..
മറന്നേ പോകുന്നു ...

Saturday, February 5, 2011

വിവാഹകമ്പോളതട്ടിപ്പ്

ഞായര്‍ ആഴ്ചകളിലെ മാട്രിമോണിയല്‍ പരസ്യങ്ങള്‍ ആവശ്യമില്ലെങ്കിലും വെറുതെയെങ്കിലും ഒന്ന് കണ്ണോടിച്ചു നോക്കാത്തവരായി ആരും ഉണ്ടാകില്ല. ഈ മാട്രിമോണിയല്‍ നോക്കുവാന്‍ വേണ്ടി മാത്രം ഞായറാഴ്ച പേപ്പര്‍ നോക്കുന്നവരും ഉണ്ട്. എന്നാല്‍ ഇന്നു പത്ര താളുകള്‍ നോക്കി കണ്ടെതുന്നതിനേക്കാള്‍ വധൂ വരന്മാരെ കണ്ടെത്തുന്നതിനായി പലരും നെറ്റിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരം സൈറ്റുകളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്.

തനിക്കിഷ്ടപെട്ട ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ മാട്രിമോണിയല്‍ സൈറ്റിനെ ഉപയോഗപ്പെടുത്തുന്ന യുവതികളുടെയും ,യുവാക്കളുടെയും എണ്ണം ദിനം പ്രതി ഏറി കൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. തനിക്കിഷ്ടപെട്ട, അല്ലങ്കില്‍ തനിക്കിണങ്ങുന്ന യുവതികളെയും യുവാക്കളെയും എളുപ്പത്തില്‍ കണ്ടു പിടിക്കാന്‍ ഇത്തരം സൈറ്റുകള്‍ ഉപകാരപ്രദം ആകുന്നുണ്ടെങ്കിലും ഏതൊരു നല്ല കാര്യത്തിനെയും എങ്ങിനെ നശിപ്പിക്കാം എന്ന് ചിന്തിച്ചു കൂട്ടുന്ന ഒരു വിഭാഗം നമുക്കിടയില്‍ ഇപ്പോഴും ഉണ്ടെന്ന കാര്യം പലരും മറന്നു പോകുന്നു.

ഇന്റര്‍നെറ്റിന്റെ ഉപയോഗം ഇന്നത്തെ ജീവിതകാലഘട്ടത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി തീരുമ്പോള്‍ അതിനുള്ളിലെ കുറ്റകൃത്യങ്ങളും ദിനം പ്രതി കൂടികൊണ്ടിരിക്കുന്നു. ഇന്നു സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതില്‍ ഏറ്റവും കൂടുതല്‍ എത്തി നില്‍ക്കുന്നത് മാട്രിമോണിയല്‍ സൈറ്റുകളാണ് എന്ന സത്യം പലരും അറിയാതെ പോകുന്നു.അടുത്ത കാലത്ത് പുറത്തു വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഓണ്‍ലൈന്‍ ബിസിനസ്സില്‍ ഒന്നാം സ്ഥാനം മാട്രിമോണിയല്‍ സൈറ്റുകള്‍ കരസ്ഥമാക്കിയിരിക്കുന്നു. എന്നാല്‍ ക്രിമിനല്‍ മനസ്സുള്ള ആളുകള്‍ ഓണ്‍ലൈനില്‍ എത്തിയതോടെ സൈബര്‍ കുറ്റകൃത്യങ്ങളിളുടെ നിരയില്‍ നിന്നും മാട്രിമോണിയല്‍ സൈറ്റുകളും രക്ഷപെട്ടില്ല.

മാട്രിമോണിയല്‍ സൈറ്റുകളില്‍ അല്ലങ്കില്‍ പത്രങ്ങളില്‍ പരസ്യം നല്‍കി വഞ്ചിക്കപ്പെടുന്നവരില്‍ ഏറിയ പങ്കും സ്ത്രീകള്‍ ആണെന്ന കാര്യത്തില്‍ സംശയം ഒട്ടും തന്നെ ഇല്ല .അടുത്തിടെ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഏറെ ശ്രദ്ധ പിടിച്ചു പറ്റി.വിവാഹിതനും കുട്ടികള്‍ ഉള്ളതും ഇപ്പോഴും ഭാര്യക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന വ്യക്തി മാട്രിമോണിയലില്‍ പരസ്യം നല്‍കിയത് തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമിചിതന്‍ ആണെന്നും, സാമ്പത്തികം പ്രശ്നമല്ല എന്നുമാണ്‌. ഇത്തരം പരസ്യങ്ങളില്‍ അകപ്പെടുന്നത് പാവപ്പെട്ട കുടുംബങ്ങളിലെ യുവതികളാണ്. സാമ്പത്തിക ശേഷി ഇല്ലാത്തവരെ വട്ടമിട്ട് നടത്തുന്ന ഇത്തരം പരസ്യങ്ങളില്‍ ചെന്ന് വീഴുന്ന സ്ത്രീകള്‍ ഒട്ടേറെയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത്തരത്തില്‍ നാലും അഞ്ചും വിവാഹം കഴിക്കുന്നവര്‍ വല്ലപ്പോഴും മാത്രമാണ് പിടിക്കപ്പെടുന്നത്.



വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ നേരമ്പോക്കിന് യാഹൂ ചാറ്റ്പോലുള്ള സൈറ്റുകളില്‍ സമയം കൊന്നിരുന്ന പലരും ഇന്നു നേരമ്പോക്കിന് മാട്രിമോണിയല്‍ സൈറ്റുകളില്‍ സജീവമാണ്.,വിവാഹമോചിതന്‍ ,അല്ലെങ്കില്‍ ഭാര്യാ മരിച്ചവന്‍ എന്നൊക്കെ പറഞ്ഞു അതില്‍ അപേക്ഷകൊടുക്കുന്നു...സത്യം അതൊന്നും അല്ലെങ്കിലും!! ഒരു ഇരയെ പെട്ടന്ന് വലയില്‍ വീഴ്ത്താനുള്ള എളുപ്പമാര്‍ഗമായി ഇന്നു മാട്രിമോണിയല്‍ സൈറ്റുകള്‍ മാറിയിരിക്കുന്നു.സ്ത്രീകള്‍ അതില്‍ ഫോട്ടോ സഹിതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആ സ്ത്രീയെക്കുറിച്ചുള്ള എല്ലാ ഡിറ്റെയില്‍സും എളുപ്പം കിട്ടുന്നതുകൊണ്ട് അതിനനുസരിച്ച് വലവിരിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയുന്നു. ഇത്തരക്കാര്‍ക്ക് ഇത് ഒരു നേരമ്പോക്കായി മാറുമ്പോള്‍ അങ്ങേതലക്കലുള്ള സ്ത്രീ അറിയുന്നില്ല ഇതിലെ ചതി .പുരുഷന്‍ എന്നും ഒരു വേട്ടക്കാരന്റെ മനസ്സുമായി സ്ത്രീക്ക് പുറകെ വട്ടമിടുന്നു.
ഒരായിരം പ്രതീക്ഷയോടെ ആരംഭിക്കുന്ന ചാറ്റിംഗ് ,പിന്നീട് ഫോണ്‍വിളിയിലെക്കും മറ്റും മാറി മറിയുമ്പോള്‍ ,അവിടെ ഒളിഞ്ഞിരിക്കുന്ന ചീറ്റിങ്ങ് മനസ്സിലാക്കി വരുമ്പോഴേക്കും പെണ്ണിന് വീണ്ടും സ്വന്തം ജീവിതം തന്നെ നഷ്ടപെടുന്നു... എവിടെയും ഇരകള്‍ ആകുന്നതു സ്ത്രീകള്‍ തന്നെ. മറിച്ചുള്ള അനുഭവങ്ങള്‍ വളരെ വിരളമെന്നും ഇത്തരം പഠനങ്ങളീല്‍ പറയുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ മാട്രിമോണിയല്‍ സൈറ്റുകളിലെ ചതികളെക്കുറിച്ച് നമ്മള്‍ ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. നല്ലതെന്നു കരുതി തുടങ്ങുന്ന ഇത്തരം കാര്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ചതിയെക്കുറിച്ച് ഏറെ ബോധവല്‍ക്കരണം ആവശ്യമാണ്‌. പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍..

Tuesday, February 1, 2011

നബീസു

നബീസു ഇപ്പോ നല്ല തിരക്കിലാണ്...പാട്ട് പഠിത്തവും പിന്നെ റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാര്യം നാടായ നാടൊക്കെ, എന്നുവെച്ചാ വള്ളീലും ,പുള്ളീലും ഒക്കെ ഉള്ള ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ തേടി പിടിച്ച് എല്ലാവരെയും അറിയിക്കുന്ന തിരക്കിലാണ്. ഫോണ്‍ താഴെവെക്കാന്‍ നേരം ഇല്ല..ആകെ ബഹളം.. നബീസു ആരെന്ന്‌ അറിയണ്ടേ..എന്റെ അയല്‍പക്കക്കാരിയാ.. രണ്ടു വീടിനപ്പുറത്താണ്‌ നബീസുവിന്റെ മണിമാളിക.കുറ്റം പറയരുതല്ലോ, ഇത്രേം തങ്കപെട്ട സ്വഭാവം ഉള്ള ഒരാള്‍ പരിസരത്തൊന്നും വേറെ ഇല്ല.കാണാന്‍ വലിയ സുന്ദരി ഒന്നും അല്ലെങ്കിലും,താന്‍ വലിയ സുന്ദരി ആണെന്ന ഭാവമാണ്‌ നബീസുവിന്‌. തന്റേടിയും, അഹങ്കാരിയും, പച്ച പരിഷ്ക്കാരിയും ആയ നബീസുവിനു വിദ്യാഭ്യാസം കുറവാണ്.അഞ്ചാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും, നല്ല വകതിരിവും, വാക്ക്സാമര്‍ത്യവുംകൊണ്ട് എവിടെയും വാദിച്ചു ജയിക്കാനുള്ള കഴിവ് കുറച്ചു കൂടുതലായി ദൈവം അവള്‍ക്ക് അറിഞ്ഞു കൊടുത്തിട്ടുമുണ്ട്.. പക്ഷെ എന്തു ചെയ്യാം ,കുതിരക്ക് കൊമ്പ് കൂടി ദൈവം കൊടുത്തിരുന്നെങ്കില്‍ എന്ന് പറയുന്നതുപോലെയാ കാര്യം. നബീസുവിനു അല്പം സൌന്ദര്യം കൂടി ഉണ്ടായിരുന്നെങ്കില്‍ എല്ലാവരെയും മലര്‍ത്തി അടിക്കുക്കുമായിരുന്നു...

നബീസു ജനിച്ചതും വളര്‍ന്നതും,ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു.വളരെ പാവമായ അലി എന്ന ഗള്‍ഫുകാരനാണ്‌ നബീസുവിനെ വിവാഹം കഴിച്ചത്. വിവാഹശേഷം ഗള്‍ഫിലേക്ക്
കൊണ്ടുപോകുകയും ചെയ്തു. അവിടെ പോയതിനു ശേഷം ആണത്രേ നബീസു വലിയ പൊങ്ങച്ചക്കാരി ആയി മാറിയത് എന്ന് പറഞ്ഞു കേള്‍ക്കുന്നു. തന്നെ വിവാഹം ചെയ്തതിനു ശേഷം ആണ് അലിക്കക്ക് ബിസിനസ് വളര്‍ന്നതും.. കണ്ടസ്വത്തും, പ്രാതപവും ഉണ്ടായത് എന്ന് കാണുന്നവരോടൊക്കെ ഒരിക്കലെങ്കിലും പറയാന്‍ നബീസു മറക്കാറില്ല.
നബീസുവിന്റെ ഒരു ദിവസം ആരഭിക്കുന്നത് ഫോണ്‍ വിളിയിലൂടെയാണ്. കാതില്‍ നിന്നും മൊബൈല്‍ മാറ്റിയിട്ട് നബീസുവിനെ കാണുക എന്നത് പ്രയാസമുള്ള കാര്യമാകും. എത്ര നേരം വേണമെങ്കിലും നിര്‍ത്താതെ സംസാരിക്കാന്‍ ഉള്ള ഒരു കഴിവ് ഉണ്ട്. ഫോണിലൂടെ നിര്‍ത്താതെ ഉള്ള സംസാരത്തിന് സര്‍ക്കാര്‍ വല്ല സമ്മാനവും ഏര്‍പ്പെടുത്തിയാല്‍ സമ്മാനം നബീസുവിനു തന്നെ ലഭിക്കും എന്നാ കാര്യത്തില്‍ നാട്ടുകാര്‍ക്കെല്ലാം ഏകാഭിപ്രായമാണ്‌. പാചകം ചെയ്യുക എന്ന് വെച്ചാല്‍ നബീസുവിനെ കൊല്ലുന്നതിനു തുല്ല്യമാ..അടിക്കാനും തുടക്കാനും ആളുവരുന്നതുകൊണ്ട് അത് നടന്നു പോകും. പിന്നെ
ഭക്ഷണത്തിന്റെ കാര്യമാണ്‌. അത് വീട്ടില്‍ ചുരുക്കം ദിവസങ്ങളില്‍ മാത്രമേ നടക്കാറുള്ളൂ എന്ന്
പറയുന്നതാകും ശരി. നബീസുവിനു മക്കള്‍ മൂന്നാണ്. മക്കള്‍ക്ക്‌ വേണ്ടത് പിസ്സയും, ബര്‍ഗറും, പെപ്സിയും!!! അവരുടെ ആവശ്യം അതില്‍ ഒതുങ്ങുന്നതിനാല്‍ വക സാധനങ്ങള്‍ എപ്പോഴും കാണും.. അത് വലിച്ച് വാരി കഴിച്ച് കുട്ടികള്‍ മൊബൈലിലും, കമ്പ്യൂട്ടര്‍ ഗെയിമിലും സമയം ചിലവഴിച്ചു തീര്‍ക്കുന്നു. മിക്കപ്പോഴും ഹോട്ടലില്‍ നിന്നുമുള്ള ഐറ്റംസ് ആണ്‌ വീട്ടിലെ പ്രാതലും, ഉച്ചഭക്ഷണവും, അത്താഴവും എല്ലാം..

ഒരിക്കല്‍ നബീസുവും,നബീസൂന്റെ ഉമ്മ പാത്തുമ്മയും,വീട്ടു വേലക്കാരിയും കൂടി ഒരു മുന്തിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി കയറി. ചോറും കറിയും,രണ്ടു സെറ്റ് നെയ്‌മീന്‍ വറുത്തതും ചിക്കന്‍ ഫ്രൈയും ഓര്‍ഡര്‍ ചെയ്തു. നബീസു , ഉമ്മാന്റെ പ്ലയിറ്റിലെ മീന്‍ വറുത്ത് കൂടി വെട്ടി വിഴുങ്ങുന്നത് കണ്ടപ്പോ പാവം പാത്തുമ്മയുടെ മനസ്സിലെ അമ്മമനം ഇളകി. അതങ്ങിനെ ആണല്ലോ മക്കളെ ഊട്ടാന്‍ ആണല്ലോ അമ്മമാര്‍ ശ്രദ്ധിക്കുക. നബീസു അത് കയ്യിട്ടു വാരി തിന്നുന്നത് കണ്ടപ്പോ പാത്തുമ്മ പറഞ്ഞു; "ന്റെ കുട്ടി തിന്നോളിന്‍, ഉമ്മാക്ക് വേണ്ട." ഇതും പറഞ്ഞ് മീന്‍ പാത്രം നബീസുന്റെ മുന്‍പിലേക്ക് നീക്കി വെച്ച് കൊടുത്തു. അവസാനം കയ്യൊക്കെ കഴുകി ഇരിക്കുമ്പോഴാണ്‌ പാത്തുമ്മ അത് കാണുന്നത്.. നബീസൂന്റെ പ്ലൈയിറ്റിലെ മീന്‍ വറുത്ത് അങ്ങിനെ തന്നെ ഇരിക്കുന്നു. "അതെന്തെയിനി മോളെ തിന്നാതെ വെച്ചത്... അതുങ്ങടു പൊതിഞ്ഞു കെട്ടി എടുത്തോ..കുടീ പൊയ് തിന്നാം..." അപ്പൊ നബീസു പറഞ്ഞു..ഉമ്മാ..അങ്ങിനെ എല്ലനൊന്നും തിന്നരുത് , അപ്പോ ഹോട്ടലുകാര് വിചാരിക്കും മ്മള് ഇതൊന്നും കാണാതെ കിടക്കുന്നോരാ എന്ന്.. മ്മടെ ഒരു പത്രാസിനു അതവിടെ ഇരുന്നോട്ടെ..അത് കേട്ട് പാത്തുമ്മ അറിയാതെ ന്റെ റബ്ബേന്നു വിളിച്ചുപോയി... !!

അഞ്ചാം ക്ളാസ്സില്‍പഠിപ്പു നിര്‍ത്തിയപ്പോ ചായ പീടിക നടത്തുന്ന ബീരാന്‍ക്ക പാത്തുമ്മയോട്‌ ചോദിച്ചു, എടീ പാത്ത്വാ, അന്റെ രണ്ടാമത്തെ മോള് എന്തേയ്‌ ഇഷ്ക്കൂളില്‍ പോവാത്തത്‌ എന്ന്... അപ്പൊ പാത്തുമ്മ പറഞ്ഞു,അത് ഓള് ഒരൂസം ക്ലാസ്സില്‍ പഠിപ്പിചോണ്ടിരിക്കുമ്പോ ഒന്നും തുമ്മി..അപ്പൊ കുട്ട്യോളെല്ലാം കൂടി ഓളെ കളിയാക്കിയത്രെ..അതീപിന്നെ സ്ക്ക്കൂലിന്റെ പടി ചവിട്ടാന്‍ ഓള് കൂട്ടാക്കിനില്ല്യ. അപ്പോ ബീരാന്‍ക്ക ചോദിച്ചു, അതെന്തെയിനു ഒന്ന് തുമ്മിയാല്‍ ഇത്ര ചിരിക്കാന്‍ എന്ന്.. അപ്പൊ പാത്തുമ്മ പറഞ്ഞു..ഓള് തുമ്മിയപ്പോ അതിന്റെ കൂടെ ഒരു കാറ്റും
പൊയ് ..... ഇതു കേട്ട് ബീരാന്‍ക്ക ആര്‍ത്തു ചിരിച്ചു..പിന്നെ എവിടെ കണ്ടാലും ബീരാന്‍ക്ക നബീസുനോട് ചോതിക്കും ഇപ്പോ ഇഞ്ച് തുമ്മാര്‍ണ്ടോ എന്ന്..

നബീസൂന്റെ ആര്‍ഭാട ജീവിതവും,പൊങ്ങച്ചവും കാരണം അലിയുടെ ബിസ്സിനസ്സ് പൊളിഞ്ഞു.... അലി ആണെങ്കില്‍ നബീസു പറഞ്ഞതിന് അപ്പുറം ഇല്ല. കുറെക്കാലം അലി നാട്ടില്‍ തെക്ക് വടക്ക് നടന്നപ്പോഴും ,നബീസു ചോദിക്കുന്നവരോടൊക്കെ പറഞ്ഞോണ്ടിരുന്നത് പുതിയ ഒരു ബിസ്സിനസ്സ് തുടങ്ങീട്ടുണ്ടെന്നും അടുത്ത മാസം പോകും എന്നുമാണ്‌ .. പിന്നെ പൊങ്ങച്ചത്തിന്റെ കെട്ടഴിക്കും കഴിഞ്ഞ മാസം വന്നതേ ഉള്ളൂ.. മൂപ്പര്‍ക്ക് എന്നേം കുട്ടികളയും വിട്ടുനില്‍ക്കാന്‍ കഴിയില്ല , അതോണ്ട്
ഇടയ്ക്ക് ഓടി വരുന്നു.. അത് കേള്‍ക്കുന്നവര്‍ മൂളി കേള്‍ക്കും..ബിസ്സിനസ്സെല്ലാം പൊട്ടി പാളീസായിട്ടും നബീസു അടങ്ങി ഇരുന്നില്ല. മാര്‍ക്ക് കുറവായ മകനെ എങ്ങിനെ എങ്കിലും ഡോക്ടര്‍ ആക്കണം എന്ന വാശിയില്‍ ഉള്ളതെല്ലാം വിറ്റു പെറുക്കി എം ബി ബി എസ്സിനു ചേര്‍ത്തു.. എല്ലാരോടും
വിളിച്ചു പറഞ്ഞു മോന്‍ ഡോക്ടര് ഭാഗം പഠിക്കുകയാണെന്ന്‌.. അധികം നാള്‍ കഴിഞ്ഞില്ല.. മകന്‍ പോയ പോലെ തിരിച്ചെത്തി.. വലിയ ഫീസ്‌ താങ്ങാനുള്ള ശേഷി ഇല്ലായിരുന്നു എന്നതാണ് വാസ്തവമെങ്കിലും അപ്പോഴും നബീസു പറഞ്ഞു ന്റെ മോന് അവിടുത്തെ കാലാവസ്ഥ പിടിക്കുന്നില്ല.. പോയതിനു ശേഷം എന്നും സൂക്കേടാ ..അപ്പൊ മതി പഠിച്ചത് ന്റെ കുട്ടി ഇങ്ങട് പോരെന്നു ഞാന്‍ പറഞ്ഞു .. അരമന രഹസ്യം അങ്ങാടി പാട്ട് എന്ന് പറഞ്ഞപോലെ സത്യമൊക്കെ എല്ലാര്‍ക്കും അറിയാം ,എന്നാലും നബീസ്സു പൊങ്ങച്ചസഞ്ചി തുറക്കുനത് കേള്‍ക്കാനായി ആളുകള്‍ ചോദിച്ചു കൊണ്ടിരിക്കും..
നബീസൂന്റെ പൊങ്ങച്ചം ഇവിടെ അവസാനിക്കുന്നില്ല..ആരോ പറഞ്ഞത്രേ നബീസൂന്റെ
നല്ല സ്വരം ആണല്ലോ എന്ന് ... അതോടെ നബീസു പാട്ട് പഠിത്തം തുടങ്ങി ...ഇപ്പോ
റിയാലിറ്റി ഷോയില്‍ മുഖം കാണിച്ചതിന്റെ ത്രില്ലില്‍ ആണ്... നബീസു പാടുകയാണ്...നബീസൂന്റെ പാട്ട് ഒരിക്കലും നിലയ്ക്കുന്നില്ല...