Saturday, March 12, 2011

തവിട് കൊടുത്ത് വാങ്ങിയ കുട്ടി

കുട്ടിക്കാലത്തെ ഓര്‍മയാണ് ..തുലാക്കാറ്റിനൊപ്പം കടന്നു വരുന്ന ഓര്‍മ്മകള്‍ ആകാശത്തു ഉരുണ്ടു കൂടുന്ന മഴ മേഘങ്ങള്‍ക്ക് രണ്ടു മനുഷ്യരൂപം ..തോളില്‍ ഭാണ്ഡവും തൂക്കി ,വടിയും കുട്ടിപ്പിടിച്ചു നടക്കുന്ന രണ്ടു പേര്‍ ...

"ബേബ്യെടത്തിയേ ..".
പടിഞ്ഞാറ് നിന്നു വീശിയ നേരിയ തുലാക്കാറ്റിനൊപ്പം പടിപ്പുരകടന്നു എത്തിയ കാളിയുടെ
നീട്ടി വിളി. നീട്ടിയുള്ള ആ വിളികേട്ടു തെക്കേമുറിയില്‍ കഥാപ്പുസ്തകം വായിച്ചിരുന്ന ഞാന്‍ ഒന്ന് ഞെട്ടി .. .കുട്ട്യോളെ പിടിക്കാന്‍ വരണ കാളിയു ടെ വരവാണ് ആ വിളംബരം ..പിന്നില്‍ തൂങ്ങിയാടുന്ന ചാക്കില്‍ ആമകള്‍ക്കൊപ്പം തന്നെ പോലുള്ള കുട്ടികളും ഉണ്ടാകുമായിരിക്കും !! അതോര്‍ത്തു ഞാന്‍ പേടിച്ചു വിറച്ചു ..
"ബേബ്യേടത്തിയെ..."

അമ്മയെ കാളി വിളിക്കണതാണ്.ആ ഒരു വിളി.. വെറും വിളിയല്ല.അത് ... ..ആ വിളിക്ക് ഒരു താളം ഉണ്ടായിരുന്നു. രാമനും,കാളിയുംമാസത്തില്‍ രണ്ടു തവണയെങ്കിലും വന്നു പോകാറുണ്ട് .
രണ്ടാള്‍ക്കും കുളത്തില്‍

നിന്നും,പാടത്തുനിന്നുംആമയെ കുത്തി പിടിക്കലാണ് പണി ..

കറുത്ത നിറവും ,കുടവയറും,ചുവന്ന ഉണ്ടകണ്ണുകളും ,മുറുക്കിച്ചുവപ്പിച്ച വായും , കുട്ടികള്‍ക്ക് പേടിതോന്നുന്ന രൂപമായിരുന്നു രാമന്റെത് ,
കവിളൊക്കെ ഒട്ടി കുറെ പല്ലുകളും കൊഴിഞ്ഞു ,കുനിഞ്ഞു കൂടിയാണ് കാളി യുടെ നടപ്പ്. വെളുത്ത ആമയും,കറുത്ത ആമയും,ചിലപ്പോഴൊക്കെ പോക്രാച്ചി തവളയും കാണും അവരുടെ ഭാണ്ടകെട്ടില്‍ ..
ആമയെ പിടിക്കാനുള്ള നീണ്ട മുളവടിയും കുത്തി ഭാണ്ഡവും
തൂക്കിയുള്ള ആ വരവ് ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ കുട്ടികള്‍ ഓടിയോളിക്കും....

വീടിന്റെ പടിക്കല്‍ എത്തുമ്പോഴേക്കും" ബേബ്യെടത്തിയേ "യെന്നു കാളി നീട്ടി വിളിക്കും....താളത്തിലുള്ള ആ വിളി കേള്‍ക്കേണ്ട താമസം .

ഞാന്‍ഏതേലും മുറിയിലോ ,കട്ടിനടീലോ ,ഓവ് മുറീലോ ,കയ്യാലയിലോ പോയി പതുങ്ങി ഒളിച്ചിരിക്കും.


പിന്നെ കാളി പോകുംവരെ എത്ര വിളിച്ചാലും വിളികേള്‍ക്കില്ല .

കാളി പടിക്കല്‍ പേരയുടെ ചുവട്ടില്‍ ഇരിക്കുകയെ ഉള്ളൂ..വീടിനടുത്തൊന്നും
വരുകയോ ഇരിക്കുകയോ ചെയ്യില്ല്യ.

അമ്മ അവര്‍ക്ക് ഒരു ഇലവെട്ടി അതില്‍ ചോറും കൂട്ടാനും ഒഴിച്ചുകൊടുക്കും.തിന്നു മതിയാകുമ്പോള്‍ ബാക്കി ഭാണ്ഡത്തിലെ പിച്ചള തൂക്കുപാത്രത്തില്‍ നിറച്ചു വെക്കും.

പോകാറകുമ്പോള്‍ അല്പം അരിയും കൊടുക്കും..
ചോറൊക്കെ തിന്നുകഴിയുമ്പോ കാളി അമ്മയോട് എന്നെ തിരക്കും
"മോളൂട്ടി എവിടെ കണ്ടില്ല്യല്ലോ " എന്ന്..

ഞാന്‍ ആണെങ്കില്‍ കൊന്നാലും

പുറത്തെക്കിറങ്ങില്ല്യ.. .എനിക്കവരെകാണുന്നത് പോലും അത്രയ്ക്ക് പേടിയായിരുന്നു...


അവര്‍ വന്നുപോകുന്ന ദിവസങ്ങളിലൊക്കെ രാത്രിയില്‍ ഞാന്‍ പേടിച്ചു കരയുമായിരുന്നു ...ആ കരച്ചിലിന്റെ ആക്കം കുറക്കാനായി എന്നും രാത്രിയില്‍ എനിക്ക് കഴിക്കാനായി അമ്മ കരുതാറുള്ള ബിസ്ക്കറ്റും കാപ്പിയും അന്ന് അല്‍പ്പം കൂടുതല്‍ കിട്ടും.. ഇങ്ങനെ കൂടുതല്‍ കിട്ടുന്നബിസ്ക്കട്ടിന്റെ പങ്കു പറ്റാനായി ഏട്ടന്മാര്‍ കാവലിരിക്കുന്നുണ്ടാകും
..ആര്‍ക്കും കൊടുക്കാതെ മൊത്തമായി ഞാന്‍ അതെല്ലാം അകതാക്കുമ്പോ അതുവരെ ഉറക്കമൊഴിച്ചു കാത്തിരുന്നതു വെറുതെ യായല്ലോ എന്ന ദേഷ്യത്തോടെ എനിക്കൊരു നുള്ളും തന്നു അവര്‍ കിടക്കാന്‍ പോകും ,
എന്നാല്‍ എനിക്ക് കഥകള്‍ പറഞ്ഞുതരികയും എന്നെ,ഊട്ടുകയും,ഉറക്കുകയും ചെയ്യുന്ന എന്റെ രണ്ടാമത്തെ ചേച്ചിക്ക് ഒരു പങ്ക് കരുതാന്‍ ഞാന്‍

മറക്കാറില്ല്യ...എന്റെ ഈ കാളിപ്പേടിക്കുപിന്നില്‍ ഒരു കഥയുണ്ടായിരുന്നു.

ആദ്യമൊക്കെ കാളിയുടെ വരവിനെ ഞാന്‍ കൌതുകത്തോടെയും അല്പം പേടിയോടെയും,അറപ്പോടെയും നോക്കിനില്‍ക്കുമായിരുന്നു.
ഒരിക്കല്‍ അച്ഛന്റെ കയ്യും പിടിച്ചു അവരുടെ ഭാണ്ഡതിലെ ആമയെ ഏറെ കൌതുകത്തോടെ നോക്കി നില്‍ക്കുകയായിരുന്നു
ഇടയ്ക്ക് .ഈര്‍ക്കിലി കൊണ്ട് അതിനെ കുത്തുകയും.കല്ല്‌ എടുത്തു എറിയുകയും ചെയ്യു മ്പോള്‍ അതിന്റെ തല ഉള്ളിലേക്ക് വലിയും
ശല്യം സഹിക്കാതെ വരുമ്പോള്‍ സൂത്രക്കാരനായ ആമ അനങ്ങാതെ കിടക്കുകയും,ഞാന്‍ മാറിനിന്നാല്‍ ഇഴയാന്‍ തുടങ്ങുകയും ചെയ്യുന്നത് നോക്കിനിന്നു ..
അങ്ങിനെ പാവം ആമയെ ഉപദ്രവിക്കുന്നതിനിടയിലാണ് അച്ഛന്‍ ഒരൂസം എന്റെ പിഞ്ചു മനസ്സില്‍ തീ കോരിയിട്ട ആ ഭീകര സത്യം എന്നോട് വിളിച്ചു പറഞ്ഞത് ...

എന്നോ ഒരിക്കല്‍ ആമയെ വില്‍ക്കാനായി കാളിവന്നപ്പോ ഭാണ്ഡത്തിലെ ഒരുകെട്ടില്‍ ചുവന്നുതുടുത്ത ഒരു സുന്ദരികുട്ടി ആമകള്‍ക്കൊപ്പം കിടക്കണതു എന്റെ അച്ഛന്‍ കണ്ടത്രെ !
പാവം തോന്നിയ .അച്ഛന്‍ കാളിയോടും,രാമനോടും " ആ കുട്ടിയെ എനിക്ക് തന്നാല്‍ ഞാന്‍ വളര്‍ത്തിക്കോളാം എന്ന് പറഞ്ഞു ,അവര്‍ സമ്മതിക്കുകയും അതിനു പകരം അച്ഛന്‍ അവര്‍ക്ക് ഭാണ്ഡം നിറയെ തവിട് നല്‍കുകയും ചെയതു വിട്ടത്രേ ...
ആകുട്ടിയാണ് ഞാന്‍ എന്ന് പറഞ്ഞപ്പോ സത്യത്തില്‍ ഞാന്‍ തേങ്ങിക്കരഞ്ഞു പോയി !

അവര്‍ ആമയെ പിടിക്കാനല്ല മാസത്തില്‍ രണ്ടുതവണ വരുന്നത്..എന്നെ കാണാന്‍ വേണ്ടിയാണെന്നും കൂടി കേട്ടപ്പോ ഞാന്‍ തകര്‍ന്നു തരിപ്പണമായി പോയി .
അതോടെ അവരുടെ വരവ് എനിക്കൊരു പേടി സ്വപ്നമായി മാറി.എന്നെ നെഞ്ചത്ത് കിടത്തി വളര്‍ത്തിയ എന്റെ അച്ഛനെ വിട്ട്‌ , അമ്മയെ

വിട്ടു,ഇടവും വലവും ചേര്‍ത്തു നിര്‍ത്തി എന്നെ കൊണ്ട് നടന്ന ഏട്ടന്മാരെയും ചേച്ചിമാരെയും വേര്‍പിരിഞ്ഞു അവര്‍ എന്നെ അകലെയെങ്ങോ ഉള്ള അവരുടെ വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകുമോ എന്ന പേടി..


പിന്നീടെല്ലാം കാളിയുടെ വിളികെല്‍ക്കുമ്പോഴേക്കും ഞാന്‍ ഓടി ഒളിക്കും.ഏട്ടന്മാര്‍ ചിലപ്പോഴെല്ലാം ഭയന്ന് ഒളിച്ചിരിക്കുന്ന എന്നെ കണ്ടു പിടിച്ചു പിടിച്ചുവലിച്ചു അവരുടെ മുന്‍പില്‍ കൊണ്ടുനിര്ത്തും .. എന്നെ കൊല്ലുന്നതിനു തുല്യമായിരുന്നു അത്..

എന്നെ കാണുമ്പോ പല്ലില്ലാത്ത മോണകാട്ടി അവര്‍ ചിരിക്കും.എന്റെ കവിളില്‍ അവര്‍ തൊടും..കൈതട്ടിമാറ്റി കരഞ്ഞു ബഹളം വെച്ച് ഞാന്‍ ഓടും..അവര്‍ വരുന്ന ദിവസങ്ങളില്‍ എല്ലാം ഇതൊരു പതിവായിരുന്നു...

അച്ഛന്‍ വീട്ടില്‍ വരുന്നവരോടെല്ലാം ഇവളെ തവിടുകൊടുത്തു വാങ്ങ്യതാ എന്നുപറയുമ്പോള്‍ " അല്ല... അല്ല..." എന്നുവാദിച്ചുജയിക്കാന്‍ ഞാന്‍ പാടുപെട്ടു...

പിന്നീട് ഞാനും ഏട്ടന്മാരും തല്ലുകൂടുമ്പോഴെല്ലാം അവര്‍ ഇതുപറഞ്ഞു എന്നെ കളിയാക്കി നാണം കെടുത്തും ..

"തവിട് കൊടുത്ത് വാങ്ങിയത് കൊണ്ടാണ് ഞങ്ങളുടെ അച്ഛന് നിന്നോട് ഇത്ര സ്നേഹം "
എന്നവര്‍ വാദിച്ചു ജയിച്ചു .
പാവം ഞാന്‍ ...വര്‍ഷങ്ങളോളം ഞാന്‍ അത് വിശ്വസിച്ചിരുന്നു എന്നുള്ളതാണ് സത്യം..

ഇന്നും എവിടെയെങ്കിലും ആമയെ കാണുമ്പോ കാളിയെയും അവരുടെ ബെബീയ്ടത്യെ എന്ന നീട്ടി വിളിയും എന്റെ കാതില്‍ മുഴങ്ങും...

Wednesday, March 2, 2011

ഇതും ഒരു റിയാലിറ്റിഷോ

ലോകം വലിയൊരു നാടക ശാലയാണെന്ന് വിഖ്യാത എഴുത്തുകാരന്‍ വില്യം ഷേക്സ്പിയര്‍ പറഞ്ഞിട്ടുണ്ട് (All the world's a stage..The men and women are players)

..ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുസരിച്ച് എടുത്തണിഞ്ഞ വേഷങ്ങള്‍ എത്ര തന്മയത്വമായി അഭിനയിച്ചു തീര്‍ക്കുന്നവരാണ് നമ്മളില്‍ പലരും.

അഭിനയം ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ പറ്റാത്ത വിധത്തില്‍ ലോകവും മനുഷ്യരും മാറി എന്നതാണ് യാഥാര്‍ത്ഥ്യം ..

സമൂഹത്തിലും കുടുംബത്തിലും വ്യക്തി ജീവിതത്തിലും നാം കെട്ടിയാടുന്ന വേഷങ്ങള്‍ വേഷ പകര്‍ച്ചകള്‍ എത്രയാണെന്ന് ഒന്ന് ചിന്തിച്ചു നോക്കിയാല്‍ നാം തന്നെ വിസ്മയിച്ചു പോകും !

മനുഷ്യ ബന്ധങ്ങളില്‍ സംഭവിക്കുന്ന വിള്ളലുകളെക്കുറിച്ചുള്ള ചിന്തകളിലാണ് ഈയിടെയായി എന്റെ മനസ് വ്യാപരിക്കുന്നത് ..പത്രങ്ങള്‍ നിവര്‍ത്തിയാല്‍ ...മക്കളെ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കള്‍ , ഭാര്യയെ ഉപേക്ഷിക്കുന്ന ഭര്‍ത്താവ് , ഭര്‍ത്താവിനെ വിട്ടു പോകുന്ന ഭാര്യ ..
മകന്റെ അടിയേറ്റു അച്ഛന്‍ മരിച്ചു ,പെറ്റമ്മ ചോരകുഞ്ഞിനെ കൊന്നു കുഴിച്ചു മൂടി .., എന്നിങ്ങനെ മനസ്സ് മരവിപ്പിക്കുന്ന നിരവധി വാര്‍ത്തകളാണ് കാണുന്നത് !

സത്യത്തില്‍ നമ്മുടെ സമൂഹത്തിനു എന്താണ് സംഭവിച്ചത് ? ഭാര്യ ഭര്‍തൃ ബന്ധത്തിലും കുടുംബ ജീവിതത്തിലും ഒക്കെ ഉണ്ടായേക്കാവുന്ന താളപ്പിഴകളെ ക്കുറിച്ചുള്ള ചില ചിന്തകളാണ് ഇന്ന് ഞാന്‍ പങ്കു വയ്ക്കുന്നത് ..പരസ്പര വിശ്വാസം എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നതാണ് പ്രശ്നം .

കുടുംബ ജീവിതത്തില്‍ ഏറ്റവും വേണ്ടത് തുറന്നു പറച്ചില്‍ തന്നെയാണ്.രണ്ടു ചുറ്റുപാടുകളില്‍ വളര്‍ന്നവര്‍ ഒരുമിച്ചു ജീവിക്കേണ്ടി വരുമ്പോള്‍ രണ്ടുപേരുടെയും താല്‍പ്പര്യങ്ങള്‍ വ്യത്യസ്തമായിരിക്കും.അത് തുറന്നുപറയുമ്പോള്‍ മാത്രമാണ് മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ.

ഒരു കള്ളം ഒളിക്കാന്‍ പലകള്ളങ്ങള്‍ പറയേണ്ടിവരുമ്പോള്‍ അവിടെ നഷ്ടമാകുന്നത് ഒരാള്‍ മറ്റൊരാളില്‍ പുലര്‍ത്തുന്ന വിശ്വാസമാണ്.പരസ്പരമുള്ള തുറന്നുപറച്ചിലുകള്‍ പോലെതന്നെയാണ് പരസ്പരമുള്ള സെക്ഷ്വല്‍ റിലേഷനും‍ .ഇതു രണ്ടും കുടുംബബന്ധം കൂടുതല്‍ കെട്ടുറപ്പുള്ളതാക്കി മാറ്റുന്നു.
ഇന്നത്തെ കാലഘട്ടത്തില്‍ പീഡനത്തില്‍ അറസ്റ്റിലാകുന്ന ഭര്‍ത്താക്കന്മാരുടെയും,ഒളിച്ചോടുന്ന വീട്ടമ്മ മാരുടെയും എണ്ണം ദിനം പ്രതി കൂടുകയാണ്. പണ്ട് കാലങ്ങളില്‍ ഭര്‍ത്താവിനെ കാണപ്പെട്ട ദൈവം ആയികണക്കാക്കിയിരുന്ന സ്ത്രീകള്‍ ഉണ്ടായിരുന്നു.ഇന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ഒരു പക്ഷെ കണ്ടെന്നിരിക്കാം.ദാമ്പത്യ ബന്ധങ്ങളിലെ തകര്‍ച്ച മിക്ക ജീവിതങ്ങളെയും താളം തെറ്റിക്കുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടാകുന്ന ഈഗോ കുടുംബ ബന്ധത്തില്‍ വിള്ളല്‍വരുവാന്‍ കാരണം ആകുന്നു.,ലഭിക്കാത്ത സ്നേഹവും ,കെയറിങ്ങും മറ്റൊരാള്‍ നല്‍കുമ്പോള്‍ ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയാതെ അതിനുപുറകെ പോകുന്നതാണ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നത്.രണ്ടും മൂന്നും മക്കള്‍ ഉള്ള വീട്ടമ്മമാര്‍ വരെ ഒളിച്ചോടുന്നു.തനിക്ക് ഭര്‍ത്താവില്‍ നിന്നും കിട്ടാത്ത സ്നേഹം,പരിഗണന ഇതെല്ലാം മറ്റൊരാളില്‍ നിന്നും ലഭിക്കും എന്ന തോന്നല്‍ ആണു സ്ത്രീ ആ പ്രവൃര്‍ത്തിചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷെ അത് വെറും ഒരു തോന്നല്‍ മാത്രമായിരുന്നു എന്നു പിന്നീട് തിരിച്ചറിയുന്നു .

തെറ്റ് ചെയ്യുന്ന പെണ്ണിനെ പിഴച്ചവളായിട്ടാണ് സമൂഹം എന്നും നോക്കി കാണുന്നത് .തെറ്റ് ചെയ്യാന്‍ കൂട്ട് നില്‍ക്കുന്ന പുരുഷന്‍ പലപ്പോഴും പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെടുന്നു .
മാനാഭിമാനങ്ങള്‍ പാലിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ടവള്‍ എന്നും പെണ്ണ് തന്നെ .
വ്യഭിചാര ശാല കളിലെ നിത്യ സന്ദര്‍ശകരും പ്രേമ ഭിക്ഷാം ദേഹികളുമായ കാമവെറിയന്മാര്‍ പോലും ഒരു വിവാഹത്തെ പറ്റി ചിന്തിക്കുമ്പോള്‍ തന്റെ വധുവായി വരുന്നവള്‍ കന്യകയായിരിക്കണം എന്ന അത്യാഗ്രഹത്തില്‍ ഉറച്ചു നില്‍ക്കുന്നത് കാണാം . വിവാഹ ശേഷം പാതിവ്രത്യവും വിശ്വാസവും സൂക്ഷിക്കാനുള്ള ഏകപക്ഷീയമായ ബാധ്യതയും പെണ്ണിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് മതവും പുരുഷ മേധാവിത്വത്തില്‍ കേന്ദ്രീകരിക്കപ്പെട്ട സാമൂഹിക വ്യവസ്ഥിതിയും ശുഷ്ക്കാന്തി കാണിക്കുന്നത്.

താന്‍ ജീവിത പങ്കാളിയാക്കുന്ന പുരുഷനും തന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സദാചാര നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തി ആയിരിക്കണമെന്ന് ആഗ്രഹിച്ചു കൂടാ?സ്ത്രീക്കും പുരുഷനും വികാരങ്ങള്‍ ഒരുപോലെയാണ്.പുരുഷന്‍ തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ സ്ത്രീ പ്രകടിപ്പിക്കുന്നില്ല.പുരുഷന്‍ വ്യത്യസ്തത തേടി അല്ലെങ്കില്‍ സ്വന്തം ഇണയുടെ പോരായ്മകള്‍ മറികടക്കാന്‍ മറ്റു സ്ത്രീകളെ തേടി പോകുമ്പോള്‍ അത്തരം ചിന്തകള്‍ എന്ത് കൊണ്ട് സ്ത്രീക്കും ആയിക്കൂടാ..??അവള്‍ക്കും എന്തുകൊണ്ട് ഇങ്ങനെ എല്ലാം ചിന്തിച്ചു കൂടാ..? പരസ്ത്രീകളുമായി തനിക്ക് ബന്ധം ഉണ്ട് എന്ന് സ്വയം വിളിച്ചു പറഞ്ഞു വലിയവന്‍ ആവാന്‍ ശ്രമിക്കുന്ന ചിലരുണ്ട് . തന്റെ വ്യക്തിപരമായ മഹത്ത്വമായി ഇതെല്ലാം ചിലര്‍ കണക്കാക്കുന്നു, ആഘോഷിക്കുന്നു.


ഇന്നത്തെ പുതു തലമുറയിലെ പെണ്‍കുട്ടികള്‍ ഏറെക്കുറെ അത് മനസ്സിലാക്കി കഴിഞ്ഞു.സ്ത്രീകള്‍ക്ക് മാത്രം കെട്ടി എഴുന്നള്ളിച്ചു നടക്കാന്‍ കന്യകാത്വം വേണം ,പാതിവ്രത്യം വേണം എന്നൊക്കെ നിഷ്കര്ഷിക്കുനത് പോലെ പുരുഷന്മാര്‍ക്കും തങ്ങളുടെ പരിശുദ്ധി പരസ്ത്രീകള്‍ക്ക് മുന്നില്‍ അടിയറ വയ്ക്കാനുള്ളതല്ല എന്ന ബോധം ഉണ്ടാവേണ്ടിയിരിക്കുന്നു . സമൂഹത്തിലും കുടുംബത്തിലും എല്ലാ മേഖലയിലും ഏറക്കുറെ പുരുഷന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരാണ് സ്ത്രീകള്‍ .കുടുംബവും, തൊഴില്‍ മേഖലയും നീതിന്യായ വ്യവസ്ഥയും, ഭരണ രംഗവും മെച്ചപ്പെട്ട രീതിയില്‍ കൊണ്ട് പോകാന്‍ ഇന്ന് സ്ത്രീകള്‍ക്ക് തനിച്ചു കഴിയും .എന്തിനു ,ശൂന്യാകാശ സഞ്ചാര രംഗത്ത് പോലും ഇന്ന് സ്ത്രീയും പുരുഷനും തുല്യ ശക്തിയായ് മാറിക്കഴിഞ്ഞു .ഈ തുല്യത ദാമ്പത്യ ബന്ധത്തിലും അവള്‍ ആഗ്രഹിച്ചാല്‍ അത് അത്യാഗ്രഹമാവില്ല . .അത് പാലിക്കാനുള്ള മിനിമം ബാധ്യതയെങ്കിലും പുരുഷന്‍ കാണിക്കുന്നില്ല എങ്കില്‍ അവരുടെ പങ്കാളികളായ പെണ്‍കുട്ടികളും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ തുനിഞ്ഞാല്‍ നമ്മള്‍ ആരെ കുറ്റം പറയണം ? ,.കന്യകാത്വം എന്ന് പറയുന്നത് പറയുന്നത് രണ്ടുകൂട്ടര്‍ക്കും ഒരു പോലെ വിലപെട്ടതാണ് എന്ന്ഇന്നത്തെ പുതു തലമുറയിലെ പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നു . അത് സംരെക്ഷിക്കാന്‍ പുരുഷന്‍ ശ്രമിക്കുന്നില്ല എന്ന് മനസ്സിലാക്കിയ പുതുതലമുറ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ വിവാഹപൂര്‍വ ബന്ധങ്ങളില്‍ എത്തിപെടാന്‍ അവര്‍ക്കും ഒട്ടും മടി ഇല്ലാതായിരിക്കുന്നു..



സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് മിക്ക ഭാര്യമാര്‍ക്കും നല്ല മതിപ്പായിരിക്കും..തിരിച്ചും അങ്ങനെ തന്നെ കരുതുന്നവരും കുറവല്ല ..അങ്ങിനെ വലിയ മതിപ്പുമായി ഇരിക്കുന്ന ഭാര്യ ഭര്‍ത്താക്കന്മാര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഒരു കണ്ണ് അവരില്‍ ഇരുന്നോട്ടെ. തന്റെ ഭര്‍ത്താവു കുടിക്കില്ല,വലിക്കില്ല ,യാതൊരു ദു;സ്വഭാവവും ഇല്ലാന്ന് മറ്റുള്ളവരോട് വീമ്പു പറയുമ്പോള്‍ ഓര്‍ക്കുക, നല്ലപോലെ തന്റെ ഭര്‍ത്താവിനെ കുറിച്ച അറിയുമെങ്കില്‍ മാത്രം എങ്ങനെ വീരവാദം മുഴക്കാവൂ.ഇല്ലെങ്കില്‍ മറ്റുള്ളവരുടെ മുന്‍പില്‍ പരിഹാസകഥാ പാത്രം ആകേണ്ടി വരുന്നത് സ്ത്രീകള്‍ തന്നെ .

ദീര്‍ഘ കാലം കൂടെ കഴിഞ്ഞിട്ടും തന്റെ ഭര്‍ത്താവ് കുടിക്കുമോ ,വലിക്കുമോ എന്നു പോലും അറിയാത്ത ഭാര്യമാരും ഉണ്ട്.അത് മറച്ചു വെക്കാനുള്ള പുരുഷന്റെ കഴിവ് പ്രശംസനീയം തന്നെ ...ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്.ഒരു പെണ്ണിന് വേണ്ടുന്ന നല്ല വസ്ത്രം ,ആഹാരം ,പാര്‍പ്പിടം,പണം ഇതൊക്കെ നല്കുന്നുണ്ടല്ലോ ,പിന്നെ ആണുങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ള രീതിയില്‍ നടന്നാല്‍ എന്താണെന്ന് ..കുടുംബം പുലര്‍ത്തുന്നത് മാത്രമാണ് ദാമ്പത്യ ബന്ധത്തിന്റെ വിജയം എന്ന് കരുതി പോരുന്ന ഈ പഴയ വാദഗതി ഇന്നത്തെ സ്ത്രീ ശക്തി അംഗീ കരിക്കുമെന്നു കരുതാന്‍ വയ്യ.
എല്ലാ സുഖങ്ങളെക്കാളും മീതെ തന്റെ ഇണയുടെ കരുതല്‍ (caring )എന്നും തന്റെ മേല്‍ ഉണ്ടായിരിക്കണം എന്ന് കൊതിക്കുന്നതാണ് പെണ്‍ മനസ് എന്ന് പുരുഷ സമൂഹം എന്നാണ് തിരിച്ചറിയുക ?


ഇതുപോലെത്തന്നെയാണ് ജോലി ആവശ്യാര്‍ത്ഥം എന്നും, റിട്ടന്‍ ടെസ്റ്റ് ഉണ്ടെന്നും പറഞ്ഞു പോകുന്ന ഉദ്യോഗസ്ഥകളായ ഭാര്യമാര്‍(ഭര്‍ത്താക്കന്മാരും ). കാമുകന്മാരോടൊത്ത് അന്തി ഉറങ്ങുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. അടുത്തിടെ റെയില്‍വേ സ്റ്റേഷനില്‍ നടന്ന റെയിഡില്‍ ഒഴിഞ്ഞുകിടക്കുന്ന ബോഗികളില്‍ നിന്നും അറസ്റ്റു ചെയ്തവരില്‍ ഉദ്യോഗസ്ഥകളായ വീട്ടമ്മമാരും, വലിയ വീടുകളിലെ വീട്ടമ്മമാരും, കോളജു വിദ്യാര്‍ഥികളും,സമൂഹത്തില്‍ ഉന്നതന്മാരായ ഭര്താക്കാന്‍മാരും ഉള്‍പ്പെട്ടിരുന്നു എന്നത് ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ് .പ്രണയത്തിന്റെ മറവിലാണു ഇത്തരം ബന്ധങ്ങള്‍ അധികവും നടക്കുന്നത് .എന്നാല്‍ കക്ഷത്തില്‍ ഉള്ളത് പോകാതെ ഉത്തരത്തില്‍ ഉള്ളത് എടുക്കണം എന്നാണു മിക്കവരുടെയും ചിന്ത.അതിനെ പ്രണയം എന്ന് വിളിക്കാന്‍ കഴിയില്ല ..മറ്റെന്തോക്കയോ ആണത് .ഒരാളുടെ കുറവ് നികത്താന്‍ മറ്റൊരാള്‍.

(എല്ലാവരും ഇങ്ങനെ ആണെന്നല്ല അതിനര്‍ത്ഥം. ഒരു വിഭാഗം ഇങ്ങനെയും ഉണ്ടെന്നു പലരും അറിയാതെ പോകുന്നു )

എന്നും പുതുമയും , റൊമാന്‍സും ഏറെ ഇഷ്ടപെടുന്ന തരക്കാരായിട്ടാണ് ദൈവം പുരുഷന്റെ നെറുകയില്‍ സ്ത്രീകളെക്കാള്‍ രണ്ടു വര കൂടുതല്‍ വരച്ചു ചേര്‍ത്തിട്ടുള്ളത്. അതുകൊണ്ട് എപ്പോഴും,അമ്പലവും പള്ളിയും,നോയമ്പും,വൃതവും,നേര്‍ച്ചയും വഴിപാടുമായി നടന്നാല്‍ പലരും പരിധിക്കു പുറത്താകും .

സദാ സമയം വഴക്കുണ്ടാക്കുന്ന ഭാര്യയാണെങ്കില്‍ ഒരു പക്ഷെ ഭര്‍ത്താവ് എന്നും ടൂറും, ബിസിയും ആയിരിക്കും.

പണവും പ്രശസ്തിയും മറ്റു പലതും തേടി കുടുംബജീവിത ത്തിലെ വേഷം കെട്ടലുകള്‍ തുടരുകയാണ് . .

ഭാര്യയെ നിറകണ്ണുകളോടെ പ്രസവത്തിനായി നാട്ടിലേക്ക് കയറ്റിവിടുന്ന ഭര്‍ത്താക്കന്മാരെ കണ്ടിട്ടുണ്ട്."യെന്‍ പൊണ്ടാട്ടി ഊരുക്കു പോയാച്ച് "എന്നും പറഞ്ഞു നിലം വിട്ടു ചാടുന്ന ഇവര്‍ ഭര്‍ത്താവിനു നേരത്തിനു ഭക്ഷണം കിട്ടുമോ ,വസ്ത്രം ആര് കഴുകി കൊടുക്കും,

ഒരു പാത്രം പോലും കഴുകിവെക്കാന്‍ തന്റെ ഭര്‍ത്താവിന് അറിയില്ലല്ലോ എന്നും, താന്‍ ഇല്ലാതെ അദ്ദേഹം കഷ്ടപ്പെടു മല്ലോ എന്നോര്‍ത്തും ദു;ഖിക്കുന്ന മഹിളാ രത്നങ്ങള്‍ ഉണ്ട്. അവര്‍ അറിയുന്നില്ല ഭാര്യയില്ലാത്ത ഈ അവധി ദിവസങ്ങള്‍ എങ്ങിനെ നൂറാം വാരം ഓടിക്കാം എന്നോര്‍ത്ത് തലപുകക്കുകയാണ് തങ്ങളുടെ മനസിലെ തങ്ക വിഗ്രഹങ്ങളായ ഭര്‍തൃ കോമളന്‍മാര്‍ എന്ന് !എപ്പോഴും ,തിരക്കും മീറ്റിങ്ങും എന്ന് പറഞ്ഞു നടക്കുന്നവരെ ഒന്ന് ഭാര്യമാര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും...

തന്റെ ഭര്‍ത്താവിന്റെ ഇഷ്ടവും,അനിഷ്ടവും,നല്ലസ്വഭാവവും ദു:സ്വഭാവവും ഉത്തമയായ ഒരു സ്ത്രീക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരും. അതനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞാല്‍ നല്ലത്. ഒരു സ്ത്രീ പരപുരുഷ ബന്ധം പുലര്‍ത്തി എന്ന് കേട്ടാല്‍ അതിനെ പര്‍വതീകരിച്ച് പറയാന്‍ മിടുക്ക് കാട്ടുന്ന പുരുഷന്‍ ഒന്ന് അറിയാതെ പോകുന്നു. തെറ്റുകാരില്‍ ഒരാള്‍ ഒരു പുരുഷനും കൂടി ആണെന്നുള്ളത്‌ . അത് പോലെ തിരിച്ചും.. ഒരു പുരുഷന്‍ തെറ്റായ മാര്‍ഗത്തിലൂടെ പോകുന്നുണ്ടെങ്കില്‍ അത് സ്ത്രീയുടെ പോരായ്മ യാകാം .

ഭര്‍ത്താവിന്റെ നിഴലായി മാറാന്‍ ഒരു സ്ത്രീക്ക് കഴിഞ്ഞിരിക്കണം എങ്കിലേ ഭാര്യക്ക്‌ ഭര്‍ത്താവിനെയും , ഭര്‍ത്താവിനു ഭാര്യയെയൂം അറിയാന്‍ കഴിയൂ..ഭാര്യയുടെ ഉള്ളറിഞ്ഞ് അവളെ സ്നേഹിക്കാന്‍ പുരുഷനും കഴിയണം ..ഒന്നുമില്ലെങ്കില്‍ പരസ്പരം സ്നേഹിക്കുന്നതായി അഭിനയിക്കുകയെങ്കിലും വേണം .

തന്റെ പങ്കാളിയുടെ പോരായിമകള്‍ തിരിച്ചറിയുകയും ,മറ്റൊരാളെ കാണുമ്പോള്‍ അയാള്‍ എന്റെ പങ്കാളി ആയെങ്കില്‍ എന്ന് ധരിക്കുകയും,അയാള്‍ എല്ലാം തികഞ്ഞവന്‍ (തികഞ്ഞവള്‍) എന്ന് ധരിച്ചാല്‍ അത് ശുദ്ധ മണ്ടത്തരംആകും..

ദൈവം കൂട്ടിച്ചേര്‍ക്കുന്ന കണ്ണികള്‍ക്ക് എന്തിന്റെ പേരിലായാലും ഒരാള്‍ക്ക്‌ പകരമാകാന്‍ മറ്റൊരാള്‍ക്ക്‌ കഴിഞ്ഞെന്നു വരില്ല..

ജീവിതത്തിലെ അഭിനയത്തിനാണ് ഓസ്ക്കാര്‍ കൊടുക്കേണ്ടത് എന്ന് ആരോ പറഞ്ഞത് ഞാന്‍ ഓര്‍ത്തു പോവുകയാണ്..



എല്ലാ പുരുഷന്‍ മാരും അല്ലെങ്കില്‍ എല്ലാ സ്ത്രീകളും ഇങ്ങനെയാ ണെന്ന് സ്ഥാപിക്കാനല്ല ഞാന്‍ ഇവിടെ ശ്രമിച്ചത്.

ഇങ്ങനെയും ഒരു വിഭാഗം പരസ്പരം കോമാളി വേഷം കെട്ടുന്നത് ചൂണ്ടിക്കാണിച്ചു എന്ന് മാത്രം ...