Showing posts with label ഓര്മ. Show all posts
Showing posts with label ഓര്മ. Show all posts

Sunday, June 19, 2011

മനസ്സ്






ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഏതാനും മണിക്കൂറുകള്‍ ... ആ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കേണ്ടി വന്നവര്‍ എന്തായിരിക്കാം ചിന്തിച്ചിട്ടുണ്ടാവുക? ജീവിതത്തിന്റെ കെട്ടിയാടലുകള്‍ ഇവിടെ തീരുകയാണെന്നോ?? അതോ ഇനി ഒരിക്കലും കണ്ണുതുറക്കാതെ സുഖ നിദ്രയില്‍ ആഴ്തണേ എന്നോ. ജീവിതത്തോട് കൂടുതല്‍ ആസക്തി കൂള്ളവര്‍ ഒരുപക്ഷെ എന്റെ ജീവനും , ഓര്‍മ്മയും ഇല്ലാതാക്കല്ലേ എന്ന് ചിന്തിച്ചേക്കാം . ഞാന്‍ എന്തായിരുന്നു ആ നിമിഷം ചിന്തിച്ചിരുന്നത്.?

ജീവിതത്തിന്റെയും മരണത്തിനും ഇടയിലുള്ള ഒരു കൈവിട്ട കളിയാണിതിതെന്ന്‍ ഞാന്‍ ചിന്തിച്ചു പോയത് എനിക്കൊരു സര്‍ജറി വേണമെന്ന് ഡോക്റ്റര്‍ എന്നോട് പറഞ്ഞപ്പോള്‍ മാത്രമാണ്. ഓപ്പറേഷന്‍ തീയറ്ററിലേക്ക് കയറുന്നതിന്റെ തൊട്ടുമുന്‍പ് അമ്മയെ കെട്ടിപിടിക്കുമ്പോള്‍
എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞിരുന്നോ.... അറിയില്ല.. അറിയാതെയെങ്കിലും പ്രതീക്ഷയുടെ ഒരു നനുത്ത സ്വാന്ത്വനം അപ്പോള്‍ എന്നില്‍ അവശേഷിച്ചിരുന്നു. ഒരു പക്ഷെ ഞാന്‍ ജീവിതത്തിലേക്ക് തിരികെ എത്തിയില്ലെങ്കിലോ? എന്റെ മനസ്സിലെ ചിന്തകള്‍ ഒന്നും ആര്‍ക്കും മനസ്സിലാവാന്‍ ഇടനല്‍കാതെ ഓപ്പറേഷന്‍ തീയ്യറ്ററിന്റെ വാതില്‍ അടയുമ്പോള്‍ അമ്മയുടെ കലങ്ങിയ കണ്ണുകളില്‍ നിറഞ്ഞ നിസ്സഹായ മുഖം ഞാന്‍ കണ്ടു. മരണത്തിനും ജീവിതത്തിനും ഇടയിലൂടെ ഉള്ള നൂല്പ്പാലത്തിനു മുകളിലൂടെയാണ്‌ ഇനി ഞാന്‍ സഞ്ചരിക്കേണ്ടത് എന്ന ചിന്ത എന്നെ അലട്ടിയതെയില്ല. തീയ്യറ്ററില്‍ കയറുകയാണെന്ന അവസാന സന്ദേശം പ്രിയതമന് കൈമാറുമ്പോള്‍ മനസ്സ് പതറിയിരുന്നോ.. മകനോടോന്ന് മിണ്ടാന്‍ അറിയാതെയെങ്കിലും കൊതിച്ചു. ആ ബന്ധവും വിച്ഛേദിച്ച് ഫോണ് നിശ്ചലം ആയപ്പോള്‍ എനിക്ക് ചുറ്റിലും ഒരു ശൂന്യത പടരുന്നത്‌ മെല്ലെ ഞാന്‍ അറിഞ്ഞു. ബന്ധങ്ങള്‍ എല്ലാം ഓരോന്നായി എടുത്തെറിയപ്പെട്ടു കഴിഞ്ഞു. എന്റെ ഊഴവും കാത്തു കിടക്കേണ്ടി വന്നപ്പോള്‍ ഒരു വീര്‍പ്പുമുട്ടല്‍ .. എല്ലാവരുടെയും മുഖം ഒരിക്കല്‍ കൂടി കാണണം എന്നൊരാശ... പ്രിയപ്പെട്ടവരുടെ ഓരോരുത്തരുടേയും മുഖം മനസ്സിലൂടെ മിന്നി മറഞ്ഞു. ഇനി ഒരു പക്ഷെ ഞാന്‍ ഒരിക്കലും കണ്ണുതുറക്കാതെ പോയാല്‍ പറയാതെ ബാക്കി വെച്ച വാക്കുകള്‍ ...കേള്‍ക്കാനായി കാത്തുവെച്ച വാക്കുകള്‍ ...എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചു നടന്നു നീങ്ങുകയാണെന്ന തോന്നലില്‍ എന്റെ കണ്ണില്‍ കണ്ണുനീര്‍ പൊടിയുന്നത് ഞാനറിഞ്ഞു. തീയ്യറ്ററിന്‌ പുറത്തു നീയപ്പോള്‍ എന്നെ കാത്തു നില്‍ക്കുന്നത് വെറുതെയെങ്കിലും സങ്കല്‍പ്പിച്ചു. കണ്ണൂതുറക്കുമ്പോള്‍ നീ അവിടെ ഉണ്ടാകണം എന്നു ഞാന്‍ ആശിച്ചിരുന്നു. നീണ്ട എന്റെ കാത്തിരിപ്പിനും ചിന്തകള്‍ക്കും ഒടുവിലായി എന്റെ പേര് വിളിച്ചപ്പോള്‍ ഹൃദയം നിയന്ത്രണാതീതമായി പിടച്ചിരുന്നത് എന്തിനായിരുന്നു. ഞാന്‍ എന്ന സത്യം ഇവിടെ അസ്തമിച്ചേക്കുമോ എന്ന ഭയമോ ,മരിക്കാന്‍ പേടിയില്ലാത്ത നീ എന്തിനാണ് ഭയക്കുന്നതെന്ന് ഞാന്‍ എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ തിരിച്ചു വരുന്നതും പ്രതീക്ഷിച്ച്.. എന്റെ വിളിയും പ്രതീക്ഷിച്ച് കാതങ്ങള്‍ക്കപ്പുറം നീ നെടുവീര്‍പ്പിടുന്ന സ്വരം എന്റെ ചെവിയില്‍ മുഴങ്ങിയിരുന്നു...
അനസ്തേഷ്യയുടെ സൂചിമുനകള്‍ എന്റെ ശരീരത്തില്‍ ആഴ്ന്നിറങ്ങുമ്പോള്‍ ഭൂമിയുമായുള്ള ചിന്തയുടെ അവസാന സമ്പര്‍ക്കം നിലക്കുമ്പോള്‍ കൃഷ്ണാ എന്ന് ഞാന്‍ വിളിക്കുമ്പോഴും എന്റെ ചിന്തകളില്‍ നീയായിരുന്നു. അവസാന വിളിയില്‍ ജീവിക്കാനുള്ള കൊതിയായിരുന്നോ ,അതോ.. അതോ നഷ്ടപെടുന്ന വേദനയോ ...എല്ലാ ബന്ധവും ഭൂമിയില്‍ ഉപേക്ഷിച്ച് എന്റെ മനസ്സൊരു പഞ്ഞികെട്ടായി പറന്നുയരുന്നത് ഞാനറിഞ്ഞു ...

മണിക്കൂറുകള്‍ക്കു ശേഷം എന്റെപേര് ആരോ ഉച്ചത്തില്‍ വിളിക്കുന്നത്‌ ഞാന്‍ കേട്ടു. ആ വിളിക്കുത്തരമായി പതുക്കെ മൂളുമ്പോള്‍ എവിടെയൊക്കയോ വേദന എന്റെ ശരീരത്തെ കീഴടക്കുന്നത്‌ ഞാന്‍ അറിഞ്ഞു... എന്റെ ചിന്തകള്‍ക്കും,ബോധത്തിനും ഒന്നും സംഭവിചിട്ടില്ലെന്നും ഡോക്റ്റര്‍ക്ക് കൈപ്പിഴ പറ്റിയിട്ടില്ലെന്നും അറിഞ്ഞപ്പോള്‍ ജീവിതമെന്ന എന്റെ നിയോഗം അവസാനിച്ചിട്ടെല്ലെന്ന് എനിക്ക് ബോദ്ധ്യമായി.

വെളിച്ചത്തിലേക്ക് എന്നെ കൊണ്ട് പോകുമ്പോള്‍ മോളൂ ഞാന്‍ ഇവിടെ ഉണ്ടെന്നു പറയുന്ന നിന്റെ ശബ്ദം കേള്‍ക്കാന്‍ എന്റെ ഉപബോധ മനസ്സു അലയുന്നത് ഞാന്‍ അറിഞ്ഞു.. സംസാരിക്കാറായപ്പോള്‍ നിന്റെ നെടുവീര്‍പ്പുകള്‍ ഞാന്‍ അറിയാതിരിക്കാന്‍ നീ ശ്രമിക്കുന്നത് ഞാന്‍ അറിഞ്ഞു.. നീണ്ട മൂന്നു മണിക്കൂറുകള്‍ മരണത്തിനും ജീവിതത്തിനും ഇടയിലൂടെ ഉള്ള നൂല്‍‌പാലത്തിലൂടെ ഞാന്‍ സഞ്ചരിച്ചപ്പോള്‍ ആയിരുന്നോ നീ എന്നെ സ്നേഹിച്ചു തുടങ്ങിയത്..?
ഒരിക്കലും തിരികെ വരാതെ ഞാന്‍ നിശ്ചലമായേക്കും എന്ന ഒരു സത്യത്തെ നീ അപ്പോഴാണോ തിരിച്ചറിഞ്ഞത് .. അത് തിരിച്ചറിയാന്‍ നിനക്ക് എനിക്ക് ബോധം നഷ്ടപ്പെട്ട ആ മൂന്നു മണിക്കൂറുകള്‍ വേണ്ടി വന്നു !. ഞാന്‍ എന്ന വ്യക്തിയെ സ്നേഹിക്കാന്‍.. നിനക്കുപറയാനുള്ളത് മുഴുവന്‍ പറഞ്ഞുകേള്‍പ്പിക്കാന്‍, നിന്റെ പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും ചെവി തരുവാന്‍, നിനക്കും താങ്ങും തണലുമായി ഞാനീ ജീവിതകാലം മുഴുവന്‍ ഉണ്ടാവണമെന്ന തോന്നല്‍ നിന്റെ ഉള്ളില്‍ നിറയാന്‍ ഞാന്‍ ബോധം മറിഞ്ഞ് കിടന്ന ആ മൂന്ന് മണിക്കൂറുകള്‍ വേണ്ടിവന്നോ ? വിളിച്ചാല്‍ വിളികേള്‍ക്കാത്ത ദൂരത്തിലാണ് ഞാന്‍ ഉള്ളതെന്ന തോന്നലില്‍ ആയിരുന്നോ പ്രിയനേ എന്നിലെ മുറിവുകള്‍ നിന്നിലേക്ക് കൂടെ പകുത്തെടുക്കണമെന്ന് തോന്നിയത്. എന്തായാലും ഇപ്പോഴെങ്കിലും നിനക്ക് അത് തോന്നിയല്ലോ. എന്റെ ശ്വാസം നിലക്കാതിരിക്കാന്‍ നീ ആഗ്രഹിച്ചു പോയ മൂന്നു മണിക്കൂറുകള്‍.. അവിടെ തുടങ്ങട്ടെ എന്റെ ശരീരത്തിന്റെ പുതിയ ജീവിതം.

Saturday, March 12, 2011

തവിട് കൊടുത്ത് വാങ്ങിയ കുട്ടി

കുട്ടിക്കാലത്തെ ഓര്‍മയാണ് ..തുലാക്കാറ്റിനൊപ്പം കടന്നു വരുന്ന ഓര്‍മ്മകള്‍ ആകാശത്തു ഉരുണ്ടു കൂടുന്ന മഴ മേഘങ്ങള്‍ക്ക് രണ്ടു മനുഷ്യരൂപം ..തോളില്‍ ഭാണ്ഡവും തൂക്കി ,വടിയും കുട്ടിപ്പിടിച്ചു നടക്കുന്ന രണ്ടു പേര്‍ ...

"ബേബ്യെടത്തിയേ ..".
പടിഞ്ഞാറ് നിന്നു വീശിയ നേരിയ തുലാക്കാറ്റിനൊപ്പം പടിപ്പുരകടന്നു എത്തിയ കാളിയുടെ
നീട്ടി വിളി. നീട്ടിയുള്ള ആ വിളികേട്ടു തെക്കേമുറിയില്‍ കഥാപ്പുസ്തകം വായിച്ചിരുന്ന ഞാന്‍ ഒന്ന് ഞെട്ടി .. .കുട്ട്യോളെ പിടിക്കാന്‍ വരണ കാളിയു ടെ വരവാണ് ആ വിളംബരം ..പിന്നില്‍ തൂങ്ങിയാടുന്ന ചാക്കില്‍ ആമകള്‍ക്കൊപ്പം തന്നെ പോലുള്ള കുട്ടികളും ഉണ്ടാകുമായിരിക്കും !! അതോര്‍ത്തു ഞാന്‍ പേടിച്ചു വിറച്ചു ..
"ബേബ്യേടത്തിയെ..."

അമ്മയെ കാളി വിളിക്കണതാണ്.ആ ഒരു വിളി.. വെറും വിളിയല്ല.അത് ... ..ആ വിളിക്ക് ഒരു താളം ഉണ്ടായിരുന്നു. രാമനും,കാളിയുംമാസത്തില്‍ രണ്ടു തവണയെങ്കിലും വന്നു പോകാറുണ്ട് .
രണ്ടാള്‍ക്കും കുളത്തില്‍

നിന്നും,പാടത്തുനിന്നുംആമയെ കുത്തി പിടിക്കലാണ് പണി ..

കറുത്ത നിറവും ,കുടവയറും,ചുവന്ന ഉണ്ടകണ്ണുകളും ,മുറുക്കിച്ചുവപ്പിച്ച വായും , കുട്ടികള്‍ക്ക് പേടിതോന്നുന്ന രൂപമായിരുന്നു രാമന്റെത് ,
കവിളൊക്കെ ഒട്ടി കുറെ പല്ലുകളും കൊഴിഞ്ഞു ,കുനിഞ്ഞു കൂടിയാണ് കാളി യുടെ നടപ്പ്. വെളുത്ത ആമയും,കറുത്ത ആമയും,ചിലപ്പോഴൊക്കെ പോക്രാച്ചി തവളയും കാണും അവരുടെ ഭാണ്ടകെട്ടില്‍ ..
ആമയെ പിടിക്കാനുള്ള നീണ്ട മുളവടിയും കുത്തി ഭാണ്ഡവും
തൂക്കിയുള്ള ആ വരവ് ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ കുട്ടികള്‍ ഓടിയോളിക്കും....

വീടിന്റെ പടിക്കല്‍ എത്തുമ്പോഴേക്കും" ബേബ്യെടത്തിയേ "യെന്നു കാളി നീട്ടി വിളിക്കും....താളത്തിലുള്ള ആ വിളി കേള്‍ക്കേണ്ട താമസം .

ഞാന്‍ഏതേലും മുറിയിലോ ,കട്ടിനടീലോ ,ഓവ് മുറീലോ ,കയ്യാലയിലോ പോയി പതുങ്ങി ഒളിച്ചിരിക്കും.


പിന്നെ കാളി പോകുംവരെ എത്ര വിളിച്ചാലും വിളികേള്‍ക്കില്ല .

കാളി പടിക്കല്‍ പേരയുടെ ചുവട്ടില്‍ ഇരിക്കുകയെ ഉള്ളൂ..വീടിനടുത്തൊന്നും
വരുകയോ ഇരിക്കുകയോ ചെയ്യില്ല്യ.

അമ്മ അവര്‍ക്ക് ഒരു ഇലവെട്ടി അതില്‍ ചോറും കൂട്ടാനും ഒഴിച്ചുകൊടുക്കും.തിന്നു മതിയാകുമ്പോള്‍ ബാക്കി ഭാണ്ഡത്തിലെ പിച്ചള തൂക്കുപാത്രത്തില്‍ നിറച്ചു വെക്കും.

പോകാറകുമ്പോള്‍ അല്പം അരിയും കൊടുക്കും..
ചോറൊക്കെ തിന്നുകഴിയുമ്പോ കാളി അമ്മയോട് എന്നെ തിരക്കും
"മോളൂട്ടി എവിടെ കണ്ടില്ല്യല്ലോ " എന്ന്..

ഞാന്‍ ആണെങ്കില്‍ കൊന്നാലും

പുറത്തെക്കിറങ്ങില്ല്യ.. .എനിക്കവരെകാണുന്നത് പോലും അത്രയ്ക്ക് പേടിയായിരുന്നു...


അവര്‍ വന്നുപോകുന്ന ദിവസങ്ങളിലൊക്കെ രാത്രിയില്‍ ഞാന്‍ പേടിച്ചു കരയുമായിരുന്നു ...ആ കരച്ചിലിന്റെ ആക്കം കുറക്കാനായി എന്നും രാത്രിയില്‍ എനിക്ക് കഴിക്കാനായി അമ്മ കരുതാറുള്ള ബിസ്ക്കറ്റും കാപ്പിയും അന്ന് അല്‍പ്പം കൂടുതല്‍ കിട്ടും.. ഇങ്ങനെ കൂടുതല്‍ കിട്ടുന്നബിസ്ക്കട്ടിന്റെ പങ്കു പറ്റാനായി ഏട്ടന്മാര്‍ കാവലിരിക്കുന്നുണ്ടാകും
..ആര്‍ക്കും കൊടുക്കാതെ മൊത്തമായി ഞാന്‍ അതെല്ലാം അകതാക്കുമ്പോ അതുവരെ ഉറക്കമൊഴിച്ചു കാത്തിരുന്നതു വെറുതെ യായല്ലോ എന്ന ദേഷ്യത്തോടെ എനിക്കൊരു നുള്ളും തന്നു അവര്‍ കിടക്കാന്‍ പോകും ,
എന്നാല്‍ എനിക്ക് കഥകള്‍ പറഞ്ഞുതരികയും എന്നെ,ഊട്ടുകയും,ഉറക്കുകയും ചെയ്യുന്ന എന്റെ രണ്ടാമത്തെ ചേച്ചിക്ക് ഒരു പങ്ക് കരുതാന്‍ ഞാന്‍

മറക്കാറില്ല്യ...എന്റെ ഈ കാളിപ്പേടിക്കുപിന്നില്‍ ഒരു കഥയുണ്ടായിരുന്നു.

ആദ്യമൊക്കെ കാളിയുടെ വരവിനെ ഞാന്‍ കൌതുകത്തോടെയും അല്പം പേടിയോടെയും,അറപ്പോടെയും നോക്കിനില്‍ക്കുമായിരുന്നു.
ഒരിക്കല്‍ അച്ഛന്റെ കയ്യും പിടിച്ചു അവരുടെ ഭാണ്ഡതിലെ ആമയെ ഏറെ കൌതുകത്തോടെ നോക്കി നില്‍ക്കുകയായിരുന്നു
ഇടയ്ക്ക് .ഈര്‍ക്കിലി കൊണ്ട് അതിനെ കുത്തുകയും.കല്ല്‌ എടുത്തു എറിയുകയും ചെയ്യു മ്പോള്‍ അതിന്റെ തല ഉള്ളിലേക്ക് വലിയും
ശല്യം സഹിക്കാതെ വരുമ്പോള്‍ സൂത്രക്കാരനായ ആമ അനങ്ങാതെ കിടക്കുകയും,ഞാന്‍ മാറിനിന്നാല്‍ ഇഴയാന്‍ തുടങ്ങുകയും ചെയ്യുന്നത് നോക്കിനിന്നു ..
അങ്ങിനെ പാവം ആമയെ ഉപദ്രവിക്കുന്നതിനിടയിലാണ് അച്ഛന്‍ ഒരൂസം എന്റെ പിഞ്ചു മനസ്സില്‍ തീ കോരിയിട്ട ആ ഭീകര സത്യം എന്നോട് വിളിച്ചു പറഞ്ഞത് ...

എന്നോ ഒരിക്കല്‍ ആമയെ വില്‍ക്കാനായി കാളിവന്നപ്പോ ഭാണ്ഡത്തിലെ ഒരുകെട്ടില്‍ ചുവന്നുതുടുത്ത ഒരു സുന്ദരികുട്ടി ആമകള്‍ക്കൊപ്പം കിടക്കണതു എന്റെ അച്ഛന്‍ കണ്ടത്രെ !
പാവം തോന്നിയ .അച്ഛന്‍ കാളിയോടും,രാമനോടും " ആ കുട്ടിയെ എനിക്ക് തന്നാല്‍ ഞാന്‍ വളര്‍ത്തിക്കോളാം എന്ന് പറഞ്ഞു ,അവര്‍ സമ്മതിക്കുകയും അതിനു പകരം അച്ഛന്‍ അവര്‍ക്ക് ഭാണ്ഡം നിറയെ തവിട് നല്‍കുകയും ചെയതു വിട്ടത്രേ ...
ആകുട്ടിയാണ് ഞാന്‍ എന്ന് പറഞ്ഞപ്പോ സത്യത്തില്‍ ഞാന്‍ തേങ്ങിക്കരഞ്ഞു പോയി !

അവര്‍ ആമയെ പിടിക്കാനല്ല മാസത്തില്‍ രണ്ടുതവണ വരുന്നത്..എന്നെ കാണാന്‍ വേണ്ടിയാണെന്നും കൂടി കേട്ടപ്പോ ഞാന്‍ തകര്‍ന്നു തരിപ്പണമായി പോയി .
അതോടെ അവരുടെ വരവ് എനിക്കൊരു പേടി സ്വപ്നമായി മാറി.എന്നെ നെഞ്ചത്ത് കിടത്തി വളര്‍ത്തിയ എന്റെ അച്ഛനെ വിട്ട്‌ , അമ്മയെ

വിട്ടു,ഇടവും വലവും ചേര്‍ത്തു നിര്‍ത്തി എന്നെ കൊണ്ട് നടന്ന ഏട്ടന്മാരെയും ചേച്ചിമാരെയും വേര്‍പിരിഞ്ഞു അവര്‍ എന്നെ അകലെയെങ്ങോ ഉള്ള അവരുടെ വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകുമോ എന്ന പേടി..


പിന്നീടെല്ലാം കാളിയുടെ വിളികെല്‍ക്കുമ്പോഴേക്കും ഞാന്‍ ഓടി ഒളിക്കും.ഏട്ടന്മാര്‍ ചിലപ്പോഴെല്ലാം ഭയന്ന് ഒളിച്ചിരിക്കുന്ന എന്നെ കണ്ടു പിടിച്ചു പിടിച്ചുവലിച്ചു അവരുടെ മുന്‍പില്‍ കൊണ്ടുനിര്ത്തും .. എന്നെ കൊല്ലുന്നതിനു തുല്യമായിരുന്നു അത്..

എന്നെ കാണുമ്പോ പല്ലില്ലാത്ത മോണകാട്ടി അവര്‍ ചിരിക്കും.എന്റെ കവിളില്‍ അവര്‍ തൊടും..കൈതട്ടിമാറ്റി കരഞ്ഞു ബഹളം വെച്ച് ഞാന്‍ ഓടും..അവര്‍ വരുന്ന ദിവസങ്ങളില്‍ എല്ലാം ഇതൊരു പതിവായിരുന്നു...

അച്ഛന്‍ വീട്ടില്‍ വരുന്നവരോടെല്ലാം ഇവളെ തവിടുകൊടുത്തു വാങ്ങ്യതാ എന്നുപറയുമ്പോള്‍ " അല്ല... അല്ല..." എന്നുവാദിച്ചുജയിക്കാന്‍ ഞാന്‍ പാടുപെട്ടു...

പിന്നീട് ഞാനും ഏട്ടന്മാരും തല്ലുകൂടുമ്പോഴെല്ലാം അവര്‍ ഇതുപറഞ്ഞു എന്നെ കളിയാക്കി നാണം കെടുത്തും ..

"തവിട് കൊടുത്ത് വാങ്ങിയത് കൊണ്ടാണ് ഞങ്ങളുടെ അച്ഛന് നിന്നോട് ഇത്ര സ്നേഹം "
എന്നവര്‍ വാദിച്ചു ജയിച്ചു .
പാവം ഞാന്‍ ...വര്‍ഷങ്ങളോളം ഞാന്‍ അത് വിശ്വസിച്ചിരുന്നു എന്നുള്ളതാണ് സത്യം..

ഇന്നും എവിടെയെങ്കിലും ആമയെ കാണുമ്പോ കാളിയെയും അവരുടെ ബെബീയ്ടത്യെ എന്ന നീട്ടി വിളിയും എന്റെ കാതില്‍ മുഴങ്ങും...