Tuesday, January 11, 2011

എല്ലാവരുടെയും ശ്രദ്ധയ്ക്ക്‌

വൃത്തിയുടെയും ആതിഥ്യ മര്യാദ കാര്യത്തിലും നമ്മള്‍ മലയാളികള്‍ ഏറെ മുന്‍പന്തിയില്‍ആണെങ്കിലും ഒരു ഗ്ളാസ്‌ വെള്ളം നല്‍കിയാല്‍ അത് ഏറി പോകുമോ എന്ന് ധരിക്കുന്ന മലയാളികളും നമ്മള്‍ക്കിടയില്‍ ഉണ്ടെന്നു പറയാതെ വയ്യ.
ഒരു വീടിന്റെ ഐശ്വര്യം ആ വീട്ടിലെ സ്ത്രീ ആണെന്ന കാര്യം ഒട്ടുമിക്കവര്‍ക്കും അറിയാം. ഒന്ന് മനസ്സ് തുറന്നു ചിരിക്കാന്‍ പോലും ഇന്നു മറന്നു പോയിരിക്കുന്നു പലരും. പലപ്പോഴും വിരുന്നുകാരെ സ്വീകരിക്കുന്ന ഹാള്‍ വൃത്തിയിലും ഭംഗിയിലും
ഒരുക്കുമ്പോള്‍ അടുക്കളയും ,ബാത്ത്റൂമും അതുപോലെ വൃത്തിയും ,വെടിപ്പും ഉള്ളതാക്കുവാന്‍ മറന്നു പോകുന്നു.ഒരു വീടിന്റെ വൃത്തിയും ,വെടിപ്പും മനസ്സിലാകുകയും വിലയിരുത്താനും കഴിയുന്ന ഏറ്റവും പ്രധാന ഇടം ഇതു രണ്ടുമാണ് എന്ന കാര്യം പലസ്ത്രീജനങ്ങളും മറന്നു പോകുന്നു.
കേരളത്തിലെ ജനങ്ങള്‍ ശുചിത്വത്തിനു ഏറെ പ്രധാന്യം നല്കുന്നുടെങ്കിലും പല സ്ത്രീജെനങ്ങളും ശ്രദ്ധിക്കാതെ പോകുന്ന ഒരു പാട് കാര്യങ്ങള്‍ ഉണ്ട് .അയല്‍പക്കത്തെ വീട് വൃത്തികേടായാലും വേണ്ടില്ല സ്വന്തം വീട് വൃത്തിയാകണം എന്ന് ചിന്തിക്കുന്ന ചിലകൂട്ടര്‍ ഉണ്ട്.സ്വന്തം വീട്ടിലെ ചപ്പുചവറുകള്‍ അയല്‍ക്കാരന്റെ ഗേറ്റിനു മുന്‍പിലോ ,അല്ലങ്കിലോ പറമ്പിലോ നിക്ഷേപിച്ചു സ്വന്തം കാര്യം നോക്കുന്നവര്‍.അതുപോലെ മറ്റുള്ളവരും ചെയ്താല് എന്താകും എന്ന് അവര്‍ ചിന്തിക്കുന്നില്ല്.സ്വന്തം കാര്യം സിന്ദാബാദ്..



ഒരു പുരുഷന്റെ മനസ്സിലേക്ക് എളുപ്പം കടക്കാനുള്ള മാര്‍ഗം അവളുടെ കൈപ്പുണ്ണ്യം ആണെന്ന് പണ്ടുള്ള ആളുകള്‍ പറയും.നമ്മള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരസാധനങ്ങള്‍ രുചി ഉണ്ടാവുക എന്ന് മാത്രം അല്ല ,അത് പാകം ചെയ്യുന്ന ഇടവും,കഴിക്കുന്ന പാത്രവും ,കൈകളും വൃത്തിയും വെടിപ്പും ഉണ്ടായിരിക്കേണ്ടതാണ്.എന്തെങ്കിലും എങ്ങിനെയെങ്കിലും ഉണ്ടാക്കി കഴിച്ചാല്‍ മതി എന്ന ചിന്തയോടെ പാചകം ചെയ്യുന്നവരെ കണ്ടിട്ടുണ്ട്.എന്റെ അഭിപ്രായത്തില്‍ ഏതൊരു ഭക്ഷണം ഉണ്ടാക്കുമ്പോഴും അത് വൃത്തിയായും രുചിയായും ഇരിക്കണം എന്ന പക്ഷക്കാരിയാണ്ഞാന്‍. അത് ഒരു ചമ്മന്തി ആയാല്‍ പോലും. ചില വീടുകളില്‍ ഞാന്‍ കണ്ട ചില കാര്യങ്ങള്‍ പറയാതെ വയ്യ.ചിലര്‍ ചൂടുള്ള പാത്രം അടുപ്പില്‍ നിന്നും ഇറക്കാന്‍ ഉപയോഗിക്കുന്ന തുണികൊണ്ട് തന്നെ ഭക്ഷണം കഴിക്കാനുള്ള പാത്രം തുടക്കുകയും ആ തുണി ഉപയോഗിച്ച് തന്നെ സ്ലാബു തുടക്കുന്നതും കണ്ടു വിഷണ്ണയായി നിന്ന് പോയിട്ടുണ്ട്. വീട്ടില്‍ വാങ്ങിക്കുന്ന മീനിന്‍റെയും,കോഴിമുട്ടയുടെയും ഉളുമ്പ് മണം കുടിക്കാന്‍ കൊടുക്കുന്ന ഗ്ലാസില്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കാന്‍ പല സ്ത്രീകളും മറന്നു പോകുന്നു..ശ്വാസം അടക്കി പിടിച്ചു വെള്ളം കുടിക്കേണ്ടി വരുന്നു .ഒരു സ്ത്രീയായ എനിക്ക് അതൊരു അരോചകമായി തോന്നിയിട്ടുണ്ടെങ്കില്‍ അത്തരം സാഹചര്യം പുരുഷന്മാര്‍ക്ക് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കും എന്നോര്‍ത്ത് പോവുകയാണ്.ദാഹിച്ചു ഇരിക്കുന്ന വ്യക്തിക്ക് ഉളുമ്പ് മണത്തോടെ നല്‍കുമ്പോള്‍ അത് കുടിക്കുന്ന വ്യക്തിക്ക് അതോടെ ദാഹം തീര്‍ന്നെന്നു വരാം.ഒരു ഗ്ലാസ്‌ വെള്ളം ആണെങ്കിലും അത് വൃത്തിയുള്ള ഗ്ലാസില്‍ നല്‍കണം എങ്കിലേ അത് കുടിക്കുന്ന വ്യക്തിയുടെ മനസ്സും ശരീരവും തണുക്കൂ.




ഭംഗി ഉള്ള ഒരു സ്ത്രീയെ കണ്ടാല്‍ ഏതൊരു പുരുഷനും ഒന്ന് നോക്കി പോകും എന്നതുപോലെ ഞാനും നോക്കി നില്‍ക്കാറുണ്ട്.ചില സ്ത്രീകള്‍ മുഖം മിനുക്കി സുന്ദരമാക്കി വെക്കുമ്പോള്‍ പലരും അവരുടെ കൈകാലുകള്‍ അതുപോലെ മനോഹരമാക്കി വെക്കാന്‍ മറക്കുന്നു.എത്ര ഭംഗി ഉള്ള മുഖമായാലും വിണ്ടുകീറിയ പാദവും കൊണ്ട് നടന്നാല്‍ മുഖത്തിന്റെ ഭംഗിഅവിടെ പോകുന്നു.ഒരു സ്ത്രീയുടെ സൌന്ദര്യം അവളുടെ നിറത്തില്‍ അല്ല..സ്ത്രീ കറുത്തും വെളുത്തും ഇരിക്കും എത്ര ഭംഗിഉള്ള സ്ത്രീ അയാലും നന്നായി പെരുമാറാന്‍ കഴിഞ്ഞില്ലെങ്കില്‍ എത്ര സൌന്ദര്യം ഉണ്ടായിട്ടും കാര്യം ഇല്ല.മറ്റൊരാളോടുള്ള മാന്യമായ പെരുമാറ്റത്തിലും ,മാന്യമായ വസ്ത്രധാരണ രീതിയും സ്ത്രീ സൌന്ദര്യത്തിനു മാറ്റ് കൂട്ടുന്നു .ഓരോരുത്തര്‍ക്കും സ്വന്തം ശരീരത്തിന്
കംഫര്‍ട്ട് എന്ന് തോന്നുന്ന ഏത് വസ്ത്രവും ധരിക്കാം .പക്ഷെ അത് മറ്റുള്ളവര്‍ക്ക് അരോചകമാകാതിരിക്കാന്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്. അല്‍പ വസ്ത്രധാരണികളായ ടി വി അവതാരകരെ കണ്ടു അത് അനുകരിക്കുകയാണ് പുതിയ തലമുറയിലെ പ്രവണത.
ഇത്‌ എഴുതുമ്പോള്‍ വസ്ത്രധാരണ രീതിയില്‍ നമ്മള്‍ മലയാളികള്‍ ഒട്ടും ശ്രദ്ധയില്ല എന്ന കാര്യത്തെ ഓര്‍മ്മപെടുത്തുന്ന സംഭവം ഓര്‍ത്തു പോവുകയാണ്.അത്യാവശ്യം തടിയുള്ള ഒരു സ്ത്രീ ഇപ്പോഴത്തെ പുതിയമോഡല്‍ ചുരിദാര്‍ ധരിച്ചു ഇറക്കം കുറഞ്ഞ ആ ടോപ്പിന് ഇറുകി ടൈറ്റായ പാന്റു ധരിച്ച അവര്‍ ഇരുന്നിടത്തുനിന്നും എഴുനേറ്റപ്പോള്‍ പാന്റ് രണ്ടുവശത്തേക്ക് പൊളിഞ്ഞു കാലുകള്‍ പുറത്തേക്കു വന്നു..കണ്ടു നിന്നവരെല്ലാം ചിരിച്ചു..ഒന്നും ചെയ്യാന്‍ കഴിയാതെ തലയും താഴ്തി നടക്കാനുള്ള അവസ്ഥ ഉണ്ടായത് അവരുടെ അശ്രദ്ധകൊണ്ടാണെന്ന കാര്യത്തില്‍ സംശയം ഇല്ല.
സാരി ആണ് കേരള സ്ത്രീയുടെ പാരമ്പര്യ വേഷം എന്നത് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെ സാരി ആണ് ഒരു സ്ത്രീയെ ഏറ്റവും സെക്സിയായി എടുത്തുകാണിക്കുന്ന വേഷം എന്നും പറയാതെ വയ്യ. സാരി ഉടെക്കേണ്ട രീതിയില്‍ ഉടുത്തിട്ടില്ലെങ്കില്‍ സാരിപോലെ ഏറ്റവും മോശമായ വേഷം ഇല്ലാന്ന് പറയാം.സാരി പോലെതന്നെ പര്‍ദക്കുള്ളിലും സെക്സിയാകുന്നവരെയും കണ്ടിട്ടുണ്ട്,
ഭേതം അവര്‍ സാദാവേഷം ധരിക്കുകയാണ് എന്ന് തോന്നീട്ടുണ്ട്..ഏത് പ്രായം ആയാലും ഏത് വേഷം ആയാലും അതു മാന്യമായി ധരിച്ചിരിക്കണം.

പകല്‍മുഴുവന്‍ മുഷിഞ്ഞു നാറിയ വസ്ത്രം ധരിച്ചു രാത്രിയില്‍ കുളിച്ചു പൌഡര്‍ ഇട്ടു അണിഞ്ഞുഒരുങ്ങുന്നവര്‍, നമ്മുടെ ശരീര ദുര്‍ഗന്ധം ഒരുപക്ഷെ അവനവനു മനസ്സിലായി എന്ന് വരില്ല.അടുത്ത് നില്‍ക്കുന്നവര്‍ക്കെ അത് തിരിച്ചറിയാന്‍ കഴിയൂ ..സ്ത്രീ എപ്പോഴും ഉള്ളസൌന്ദര്യം എന്നും നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. അത് വേഷത്തിലും നടത്തത്തിലും ഉണ്ടാകണം .. ചിലരുണ്ട് ഉള്ളഭംഗി ഒക്കെ മതി വയാസ്സായില്ലേ ഇനി ആര് ശ്രദ്ധിക്കാനാ എന്നൊക്കെ ചിന്തിക്കുന്നവര്‍.അങ്ങിനെ ചിന്തിക്കാനേ പാടില്ല. ഉള്ളത് സംരക്ഷിക്കാന്‍ ശ്രമിക്കണം. എന്നുകരുതി ആഴചയില്‍ ആഴചയില്‍ പാര്‍ലറില്‍ പോകണം എന്നല്ല. പണ്ടത്തെ സ്ത്രീകള്‍പ്രത്യേകിച്ചും ഹിന്ദു സ്ത്രീകള്‍ രാവിലെ എഴുന്നേറ്റ് കുളിച്ചു സെറ്റ് മുണ്ട് ഉടുത്ത്‌ നെറ്റിയില്‍ ഒരു ചന്ദനക്കുറിയും തൊട്ടു തലയില്‍ ഒരു തുളസിക്കതിരൊക്കെ വെച്ച് (തുളസി ഒരു ആയുര്‍വേദമരുന്നും,ഒപ്പം തുളസിയുടെ മണത്തിനു ഒരു പോസറ്റീവ് എനര്‍ജിയും നല്‍കാന്‍ കഴിയും) നടക്കുന്ന അവരെ കാണാന്‍ തന്നെ ഒരു ഐശ്വര്യമായിരുന്നു.അവരൊന്നും ഒരു പാര്‍ലറിലും പോയിട്ടല്ല.എന്നും രാവിലെ സ്ത്രീകള്‍ കുളിച്ചാല്‍ നല്ല വസ്ത്രം (അത് എന്ത് വേഷമായാലും )ധരിച്ചാല്‍ തന്നെ അവരെ കാണുമ്പോ ഒരു പോസറ്റീവ് എനര്‍ജി വീട്ടിലുള്ളവര്‍ക്കും,കാണുന്നവര്‍ക്കും ഉണ്ടാകും.സ്ത്രീതന്നെയാണ് വീടിന്റെ ഐശ്വര്യവും വിളക്കും. അങ്ങിനെ ആയിമാറാന്‍ സ്ത്രീതന്നെ വിചാരിക്കുകയും വേണം.

Saturday, January 1, 2011

ലഹരി

ആദ്യമൊരു രസത്തിനായി
നിന്നെ ഞാനൊന്ന് ചുംബിച്ചു
പിന്നെ നീ എനിക്കൊരു നേരമ്പോക്കായി
നിറംക്കെട്ട എന്റെ ഏകാന്ത സന്ധ്യകളില്‍
നിറങ്ങളേഴും വാരിവിതറി കടന്നു വന്നു നീ
പുറത്ത്‌ വീഴുന്ന മഞ്ഞിന്‍ തണുപ്പിലും,
പൊള്ളും ചൂടിലും
ഉറങ്ങാന്‍ കഴിയാതെ കിടന്നീടവേ
ഒരു താരാട്ട് പാട്ടായി
എന്നെ ഉറക്കി നീ.
നിന്നെ ഞാന്‍ ആര്‍ത്തിയോടെ വിഴുങ്ങുമ്പോള്‍
എന്നില്‍ നീ ഒരു ലഹരിയായി നിറഞ്ഞു
മതികെട്ട്‌ പോയൊരെന്‍ വിഭ്രാന്ത ചിന്തയില്‍
വാരിയെടുത്തു മാറോട് ചേര്‍ക്കുമ്പോള്‍
ഒരു ലഹരിയായി
നീയെന്നില്‍ പടരുന്നതറിഞ്ഞു ഞാന്‍
ചിന്തയും,സിരകളും
നിനക്കായി തുടിക്കുമ്പോഴും
തിരിച്ചറിഞ്ഞില്ല
ഞാന്‍ നിന്‍ അടിമയായി തീര്‍ന്നെന്
ഒടുവില്‍ ഞാന്‍ ചോരതുപ്പുമ്പോള്‍ അറിയുന്നു
നീയെന്‍ കരളും കവര്‍ന്നെന്ന് .