Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, August 17, 2014

ജീവിതം






നീണ്ടു നിവർന്നു കിടക്കുന്നു 
നിറം മങ്ങിയ  ഓർമകളുടെ ബലികുടീരം പോലെ  മനസ്സ് 
വേലിക്കെട്ടുപ്പോൽ പിണഞ്ഞു കിടക്കും ബന്ധങ്ങൾ,
അറ്റുപ്പോയൊരു ജീവിത കണ്ണികൾ ,
കീറി മുറിക്കപ്പെട്ട സൗഹൃദങ്ങൾ,
ഇനിയും ആടി  തീരാത്ത വേഷപ്പകർച്ചകൾ 
ചിതലരിച്ച മോഹങ്ങൾക്ക് മീതെ 
ചത്ത്‌ മലച്ചൊരു മീന്കണ്ണ്‍ പോലെയെൻ ജീവിതവും... 

Saturday, May 18, 2013

ഇരുട്ട്

 





















സ്വപ്‌നങ്ങൾ പിറക്കുന്നതും ,
സ്വപ്ങ്ങൾ പിടഞ്ഞു ഇല്ലാതാകുന്നതും ഇരുട്ടിലത്രേ
കരയുന്ന കണ്ണുകളെ ഒളിപ്പിക്കാനും
ഇരുട്ടിനെയാണ്എനിക്കേറെയിഷ്ടം .
എല്ലാം അറിഞ്ഞും ഒന്നും അറിയാത്ത
തുപോൽ
ഊറിചിരിക്കാനും വേണമെനിക്കിരുട്ട് ....

ഇരുട്ടറ കണക്കെൻഅകവും  ഇരുട്ടാണ്‌.
എങ്കിലും ഞാനെൻ  കണ്ണുകൾ മിഴിചിരിപ്പാണ്
നിൻ കണ്ണുകൾ അടയാതിരിക്കാൻ!

Tuesday, March 12, 2013

ഞാനറിയുന്നു..



















നിന്നെ ഞാനറിയുന്നു
നിഴലായ്  വെളിച്ചമായ് ,
ആഹ്ലാദമായ്‌  ,വിഷാദമായ് ,
പിന്നെയോ ?നിലാവിന്‍ ഏറ്റിറക്കമായ്‌

നിന്നെ ഞാനറിയുന്നു
ബന്ധുര  മോഹമായ്!

എന്റെയീ വഴിയിലെ
വിളക്കും
മെൻഭാരഇറക്കുമൊരത്താണിയും ,
 എന്റെഎല്ലാം  നീയെന്നറിയുന്നു.

എങ്കിലും ഞാനറിയുന്നു ,
എന്റെതായില്ല എനിക്കൊന്നുമെന്നും.

Wednesday, July 11, 2012

ഹൃദയം

ചിന്തക്കും , ഹൃദയത്തിനുചുറ്റും
 വിലങ്ങു വീണതുകൊണ്ടാകാം
ലോഭമില്ലാതെ ഒന്നുകരയാന്‍ ആഗ്രഹിച്ചിട്ടും
 കണ്ണുനീരിനു പകരം
 ഹൃദയരക്തം ഒലിച്ചിറങ്ങിയത്!

Sunday, June 12, 2011

ദൈന്യത



ദീനതയിലെക്കു കണ്ണുതുറക്കുന്ന പുലരികള്‍
അസ്തമയം വരെ സഹിക്കാം ,
അതുകഴിഞ്ഞുറങ്ങും രാവിലും നിറയുന്നു
ദൈന്യതയാര്‍ന്ന നിനവുകള്‍ മിഴികളില്‍ .

ജീവിത നോവറിയണമെങ്കില്‍
പഠിക്കണംഅനുഭവജീവിത പാഠപുസ്തകതാളുകള്‍

ജീവിത വിക്ഷണം അഴിച്ചു പണിതപ്പോള്‍
കൈ വിട്ടു പോയതെന്‍ ജീവിതമത്രയും

വെയിലിലും,മഴയിലും
കയ്പ്പും,മധുരവുമായി
ആലയില്‍ പഴുക്കും ഇരുമ്പ് പോല്‍
പൊള്ളുന്നു ഇന്നെന്‍ ഉള്ളവും.

ഇന്നിന്റെ ദീനതയില്‍ നിന്നും
പുറത്തുകടക്കാനാവാത്ത വിധം
തളര്‍ന്നുപൊയ് ഞാനും .

നിസ്സഹായതയുടെ നോവായി
എന്നാത്മാവിനെ ദഹിപ്പിക്കുന്നു നീയും .






Wednesday, June 1, 2011

മൌനം

പ്രണയിച്ചിരുന്നു ഞാന്‍
ഇടക്കെപ്പോഴോ പെയ്തറങ്ങി
മനസ്സിനെ തരളിതമാക്കിയ കവിതകളെ .

തരിശാണ്‌..ഇന്നവിടം
എഴുതുവാന്‍ ഏറെ ആശിപ്പതെങ്കിലും
മസ്തിഷ്ക്കം മരവിച്ച്,ചിന്തകള്‍ തുരുമ്പെടുത്ത്
മൌനത്തിന്‍ പടിവാതിലില്‍ തനിച്ചിന്നു
നില്‍ക്കുമ്പോള്‍ മൌനിയകുന്നു ഞാനും .


ഒന്നുറക്കെ കരയണമെന്നുണ്ട്
ശബ്ദം തൊണ്ടയില്‍ കുടുങ്ങീടെ
എന്‍റെ മൗനത്തില്‍ നിന്നും
ഒരു ബീജംപിറകൊള്‍വതിനായി
കാതോര്തിരിപ്പിന്നു ഞാന്‍ .


എനിക്കിനിയും പോകണം
ഏറെ ദൂരെ
പക്ഷെ എന്‍റെ മുന്‍പില്‍ ഇരുട്ടാണ്‌
തണുത്തുറഞ്ഞ ഇരുള്‍ മാത്രം !.

Sunday, May 8, 2011

മഞ്ഞുതുള്ളി



മൂളുന്നുണ്ട് ചെവിയിലൊരു വണ്ട്‌ ,
കാറ്റും,കോളും,ഇടിയും മിന്നലും നിലച്ചപ്പോള്‍
എന്‍റെ മസ്തിഷ്ക്കം മരവിച്ചിരുന്നു.
തോറ്റു ,തോറ്റു ഒടുവില്‍ജയിച്ചെന്ന
സത്യത്തെമുറുകെ ചേര്‍ത്ത്
കണ്ണുനീരാല്‍ ഞാനെന്‍ ചിതയൊരുക്കി.
സ്വപ്നത്തില്‍ ഞാന്‍ തീര്‍ത്ത
പട്ടുതൂവാലയില്‍
ഒരുനാളും മായാത്തൊരു
കയ്യൊപ്പ് പതിച്ചു നീ.
ജീവിതവഴിവക്കില്‍ വീണുടഞ്ഞൊരു
മഞ്ഞുതുള്ളിയായി ഞാനും.

Tuesday, April 26, 2011

മുഖമില്ലാത്തവര്‍

എന്റെ മുഖം കാണണമെന്നു നീ
ശഠിക്കരുത് .
പലപ്പോഴും എനിക്ക്
പലമുഖം ആണ്.

ഞാന്‍ നിന്റെ ഹൃദയത്തിൽ
എന്ന പോല്‍.
ഞാന്‍ പറയട്ടെ
നമുക്കൊരു മുഖമേ ഇല്ല !



എന്റെ വസന്തം

വരും ദിനങ്ങളെ ,
നിങ്ങള്‍ എന്‍ പാതയില്‍
പൂക്കള്‍ വിരിച്ചാല്‍
അതായിരിക്കും എന്‍
വസന്തകാലം.
ഒരു വാക്കില്‍,ഒരു നോക്കില്‍
തിരിയുന്നു ഞാനും എന്‍ ലോകവും'
നിനക്ക് ചുറ്റിലും.

Tuesday, February 15, 2011

വിശപ്പ്‌ .




എല്ലാവരും പറയുന്നു
വിശപ്പാണെന്ന്..വിശപ്പ്‌ !
പുതിയ ചിന്തയ്ക്കുള്ള വിശപ്പ്.
ലാഭ ,നഷ്ടങ്ങളുടെ വിശപ്പ്
മനസും ശരീരവും കൊതിക്കുന്ന വിശപ്പ്‌.

ചിലര്‍
വയറിന്റെ വിശപ്പകറ്റാന്‍ ഇറങ്ങിത്തിരിച്
മനസില്‍ ആളുന്ന വിശപ്പുമായി കയറി വരുന്നു.
ഉള്ളവനും ഇല്ലാത്തവനും
ഒരുപോലെ വിശപ്പ്‌.

ജീവിതത്തില്‍ നിന്നും
പിഴുതെറിയുന്ന ചില ബന്ധങ്ങള്‍
ഹൃദയത്തില്‍
വിശപ്പായി ആളുന്നു .

എനിക്കുമുണ്ട് ചെറുതാ മൊരു വിശപ്പ്‌ .

ഈ വിശപ്പുമായി ഞാനിരിക്കെ
അതിലേറെ വിശപ്പ്‌ നിനക്കുന്ടെന്നറിയുന്നു
എന്‍റെ വിശപ്പിനെ ഞാന്‍ മറന്നു പോകുന്നു ..
മറന്നേ പോകുന്നു ...

Saturday, January 1, 2011

ലഹരി

ആദ്യമൊരു രസത്തിനായി
നിന്നെ ഞാനൊന്ന് ചുംബിച്ചു
പിന്നെ നീ എനിക്കൊരു നേരമ്പോക്കായി
നിറംക്കെട്ട എന്റെ ഏകാന്ത സന്ധ്യകളില്‍
നിറങ്ങളേഴും വാരിവിതറി കടന്നു വന്നു നീ
പുറത്ത്‌ വീഴുന്ന മഞ്ഞിന്‍ തണുപ്പിലും,
പൊള്ളും ചൂടിലും
ഉറങ്ങാന്‍ കഴിയാതെ കിടന്നീടവേ
ഒരു താരാട്ട് പാട്ടായി
എന്നെ ഉറക്കി നീ.
നിന്നെ ഞാന്‍ ആര്‍ത്തിയോടെ വിഴുങ്ങുമ്പോള്‍
എന്നില്‍ നീ ഒരു ലഹരിയായി നിറഞ്ഞു
മതികെട്ട്‌ പോയൊരെന്‍ വിഭ്രാന്ത ചിന്തയില്‍
വാരിയെടുത്തു മാറോട് ചേര്‍ക്കുമ്പോള്‍
ഒരു ലഹരിയായി
നീയെന്നില്‍ പടരുന്നതറിഞ്ഞു ഞാന്‍
ചിന്തയും,സിരകളും
നിനക്കായി തുടിക്കുമ്പോഴും
തിരിച്ചറിഞ്ഞില്ല
ഞാന്‍ നിന്‍ അടിമയായി തീര്‍ന്നെന്
ഒടുവില്‍ ഞാന്‍ ചോരതുപ്പുമ്പോള്‍ അറിയുന്നു
നീയെന്‍ കരളും കവര്‍ന്നെന്ന് .

Monday, November 1, 2010

തിരയൊടുങ്ങാത്ത കടല്‍

ചുംബിച്ചുണര്ത്തുമെന്‍
മനസ്സിന്‍ അകത്തളങ്ങളില്‍
നീയെന്നുമൊരു കടംങ്കഥയാണ് .
ഇന്നലയുടെ മേച്ചില്‍പുറങ്ങളില്‍
ഉപേക്ഷിച്ച ജീവനുള്ള കടംങ്കഥകള്‍ .

ഈ എരിഞ്ഞമരുന്ന പകലിനൊപ്പം
ഉരുകി പതകുന്നതെന്‍ നെഞ്ചകമല്ലയോ?
തലക്കുമീതെ ഇരുണ്ടൊരീ
ആകാശചരുവില്‍ മറഞ്ഞിരിപ്പൂ
നറുനിലാവിന്‍ ചന്ദ്രന്‍ .

എന്റെയെല്ലാം നീയാണെന്ന് നിനക്കവേ
എന്റെതായി എനിക്കൊന്നുമില്ലന്നറിയുന്നു ഞാന്‍
എല്ലാമനസ്സിലുമുണ്ടൊരു നോവുന്ന ഹൃദയം .
എല്ലാചിരിയിലുമുണ്ടൊരു ഒളിക്കുന്നദു:ഖം
നിറനിലാവിനുപിറകിലുമുണ്ടൊരു കൂരിരുള്‍ .
കാണാതെ കാണ്മുഞാന്‍ നിന്മുഖം
നീറുംവ്യഥയിലും .
ഏതു ചിതാഗ്നിയില്‍ ദഹിപ്പിക്കണം
ഞാനെന്‍ ഹൃത്തടം .

കണ്‍കള്‍ ഇറുകെ അടച്ചാലും ഇരമ്പുന്നു
നീയെന്‍ ചെവിയില്‍ മന്ത്രിച്ച
വാക്കുകളത്രയും കടല്‍തിരപോലെ .
ഒക്കയും വെറുതെയാണ്,വെറുതെയാണെന്നറിഞ്ഞിട്ടും
പിറക്കുന്നു വീണ്ടും.. മനസ്സിന്റെ
മച്ചിനകത്തൊരു ലോകം .

Sunday, October 3, 2010

മൂടല്‍ മഞ്ഞു

പകല്‍ അസ്തമിക്കുന്നു
മനസ്സൊരു ഓട്ടപാത്രമായി
ഒഴിഞ്ഞു കിടക്കുന്നു.
മൂടല്‍ മഞ്ഞുപൊതിഞ്ഞു
ഓര്‍മ്മകള്‍ അവ്യക്തം.


പഴയ വേദനകള്‍ മറക്കാന്‍
പുതിയവ അയവിറക്കുന്നു.

നിന്റെ വഴിയിലെ
വെളിച്ചമായി ഞാന്‍ മാറുമ്പോള്‍
എനിക്ക് ചുറ്റിലും
കട്ടപിടിച്ച ഇരുട്ടു..

Tuesday, September 7, 2010

വാക്ക്

പ്രതീക്ഷ എന്ന വാക്കിനാല്‍
കൊരുത്തിടും ജീവിത മോഹസൗധങ്ങള്‍
ചീട്ടുകൊട്ടാരമായി പടുത്തുയര്‍ത്തി
ഒക്കയും തകര്‍ന്നടിയാന്‍
ഒരു വാക്കല്ലോ ധാരാളം .

ബ്ലോത്രം പത്രത്തില്‍ ജൂണ്‍ 27 വന്ന കവിത

Tuesday, July 27, 2010

ജീവിതയാത്ര

അത്രമേല്‍ തെളിയാത്തൊരീപേന കൊണ്ട്
വെട്ടിയും തിരുത്തിയും,
പോകേണ്ടതുണ്ട് ഇനിയുമേറെ ദൂരം .
എഴുതാത്ത പുസ്തകത്താളില്‍
തെളിയാത്ത പേനകൊണ്ട്
പതിക്കട്ടെ ഞാനെന്‍ ഹൃദയതുടിപ്പും
തിളക്കമറ്റയീ കയ്യൊപ്പും .
കാലം കര്‍ക്കിടക വാവില്‍
തിമിര്‍ത്തു പെയ്യുമ്പോഴും
ഉഷ്ണത്താൽ വെന്തുരുകുന്നു
അസ്വസ്ഥമാമെന്നകവും പുറവും.
പറഞ്ഞുകേട്ട വാക്കുകള്‍
പഠിച്ചാർത്തിയോടെചേര്‍ത്തുവെച്ചു
അക്ഷരത്തെറ്റ് വരാതെ
എഴുതാന്‍ ശ്രമിച്ചുരാപകലുകള്‍ .
ഒടുവില്‍ തെറ്റും ശെരിയും ചേര്‍ന്നതാണ്
ജീവിതമെന്നു കാലം തിരുത്തി പഠിപ്പിച്ചു.
കാലവേഗത്തിലേക്ക് സവിനയം,
നിശബ്ദം യാത്രയാകുന്നു ....

Saturday, July 3, 2010

പെയ്തൊഴിയാതെ


വാനവും ,മനവും ഒരുപോലെ ഇരുള്‍ മൂടുന്നു.
വാനില്‍ വെട്ടും വെള്ളിടി കണക്കെ
വാക്കുകള്‍ ഹൃത്തില്‍ തറച്ചിടുന്നു.
പെയ്തൊഴിയും മേഘം കണക്കെ
മനസ്സും പെയ്തുതോരുന്നൊരു വേള.
എത്രപെയ്തു തോര്‍ന്നാലും,
കാര്‍മേഘം മൂടിയൊരകം
പെയ്യാനാഞ്ഞുനിക്കുന്നു ,
മൂടിക്കെട്ടി ആര്‍ദ്രം .
കരളുരുകും വേദനയില്‍
സാന്ത്വനമായൊരു പ്രണയം
അരുതെന്നോതുവാനും കഴിയാതെ
വാക്കുവിലക്കി നില്‍ക്കുന്നു നിശബ്ദം.

Sunday, June 27, 2010

അച്ഛന്‍

എന്‍ അച്ഛനാം നിധിക്ക് ഞാന്‍ഏകിടും
ദിവസത്തിന്‍ആദ്യ കൈനീട്ടം.
പകരമീ കവിളിലേകിടും
സ്നേഹ വാല്‍സല്യം, മധുരമൊരുമ്മ .
ജീവിതപന്ഥാവില്‍
സ്വയം എരിഞ്ഞടങ്ങി മക്കള്‍ക്കൊരു അച്ഛനായി .

അച്ഛന്‍തന്‍ സ്നേഹലാളന
എന്തെന്ന് അറിഞിടുംമുന്‍പേ
ഒരു പിടി ചാരമായി
മാറി എന്‍അച്ഛന്‍.
അമ്മതന്‍ സീമന്തരേഖ മായിച്ചതൊരോര്‍മ
എങ്കിലും ഇന്നും മെന്‍ കുഞ്ഞുഓര്‍മയില്‍
നെയ്‌ തിരിനാളമായി
ഹൃത്തടം നിറഞ്ഞു നില്‍ക്കുമെന്‍അച്ഛന്‍ ... ...

Tuesday, June 8, 2010

കാഴ്ച

എന്നും നമ്മുടെ കാഴച്ചയിലൂടെയാണ്
നാം കലഹിച്ചിരുന്നത്
ഓരോ കാഴ്ചയിലുമുണ്ടേറെ
വൈരുദ്ധ്യങ്ങള്‍
എന്‍റെ കാഴ്ചകള്‍
നിറം മങ്ങിയ കാഴ്ചകള്‍.
ഞാന്‍ കാണുന്ന പോലെ
നീയും കാണുമെന്നു ശഠിച്ചാലത്
നമ്മുടെ കാഴ്ചയുടെ തെറ്റാകാം.
എന്‍റെ മോഹമെന്നപോലെ
നിന്‍റെയുമെന്നാല്‍ അതല്ലോ
സുന്ദരമാം അതിമോഹം .
എന്റെയും,നിന്റെയും
കാഴ്ചപ്പുറങ്ങള്‍ ഒന്നായാല്‍
പിന്നവിടല്ലോ സ്വര്‍ഗ്ഗവും.

Sunday, May 16, 2010

ആര്‍ദ്രമാംസ്നേഹം.

മെരുങ്ങാത്ത മനസ്സിന്റെ
അടങ്ങാത്ത മോഹങ്ങള്‍
തേടി അലയുന്നതല്ലോയീ ജീവിതം.

സ്നേഹത്തിന്‍ ജാലകപ്പാളികൾ
നിനക്കായ് തുറന്നപ്പോൾ
ആര്‍ദ്രമാം നിന്‍സ്നേഹവും,
അതിരറ്റ വാത്സല്ല്യവും,
ആവോളം നുകർന്നു ഞാൻ .

സ്നേഹത്തിന്‍ ചൂരും,ചൂടും നിറഞ്ഞ
ആ നല്ലകാലത്തിലൂടെ
നടന്നു പോകുമ്പോള്‍
ഒരു സുനാമിയായി വന്നു നീ
എടുത്തുകൊണ്ടു പോയത്
എന്‍ ഹൃദയമാണ്!!

കാലത്തിന്‍ കുത്തൊഴുക്കില്‍
ഒലിച്ചുപോയോരെന്‍
ആര്‍ദ്രമാം സ്നേഹത്തിന്‍
ഓര്‍മ്മകളെ നെഞ്ചോടു ചേർത്തിടുന്നു.

ചഞ്ചലമാം മനസ്സിന്‍
പാകപ്പിഴയിൽ നിന്നു മറികടക്കാന്‍,
ചിലത് വേണ്ടന്നു വെക്കാന്‍
ചിലത് നേടാൻ,
ഇനിയും ഏറെദൂരം
പോകേണ്ടതുണ്ട് ഇന്നെനിക്ക്..

Sunday, May 9, 2010

മാനസാന്തരങ്ങളുടെ ഒച്ചകള്‍

വ്യഥയുണ്ടെങ്കിലുമിന്നുള്ളമറിയാതെ
എന്‍റെ മിഴികള്‍ നിറഞ്ഞിടുന്നു.
ഞാന്‍ അറിയാതെ എന്‍റെ നെഞ്ചും
നോവിനാല്‍ലേറെ പിടഞ്ഞിടുന്നു.
കേട്ടതത്രയും സങ്കടപ്പെരുമഴ,
അറിയില്ലെനിക്ക്‌ നിന്നെയെങ്കിലും ,
അറിയുന്നു ഞാനിന്നുനിന്റെ ദുഃഖം.
എന്റേത് ,എന്റേതെന്ന് മാത്രമോതി
നെഞ്ചോടു ചേര്‍ത്തതെല്ലാം
നിന്റെതല്ലന്നപരമസത്യം
മറന്നിടുന്നതെന്തേ..?

ഏറെമോഹമില്ലാത്തൊരെന്‍
മനസ്സിലെക്കേറെമോഹങ്ങള്‍
പകര്‍ന്നൊരുതുലാഭാരം നടത്തി.
മോഹങ്ങളും ,സ്വപ്നങ്ങളും
അശ്വമേഥരഥത്തിലേറി കുതിക്കവേ,
ഒരു പത്മവ്യൂഹത്തില്‍
അകപെട്ടതെന്നസത്യം
അറിയാന്‍ ഏറെ വൈകിയോ...?
ദിശയറിയാതെ,വഴിയറിയാതെ
ജീവരക്ഷക്കായി കൈകൂപ്പി നില്‍ക്കെ
ഇതാണ് നിന്റെവിധി,ഇതാണ് നിന്റെനിയോഗം
എന്നോതി മാറിനില്പൂ ഭഗവാന്‍.
അമ്മതന്‍ ഗര്‍ഭപാത്രത്തില്‍
ജീവനായി തുടിച്ചനേരം തലയെഴുത്തിന്റെ
നിയോഗവും നിന്നോടു ചേര്‍ക്കപെട്ടുവെന്നു..
ഇന്നലെയുടെ തെറ്റ്
ഇന്നിന്റെ ശരിയായിമാറ്റി
നീയും ,നിന്റെ സ്വപ്നങ്ങളും
സ്വര്‍ണ്ണരഥത്തിലേറി പായുകയാണ്
ദിശതേടി.. ദിക്കുതേടി ,ഒരു അവസാനം തേടി.

Thursday, April 8, 2010

പിണക്കം മറന്നൊരു ഇണക്കം.

ഓരോ പിണക്കവും ഒടുവിലൊരു
നല്ലയിണക്കമായ് മാറിടുന്നു.
പിണങ്ങിയാല്‍ പിന്നെ
ഇണങ്ങാന്‍ കൊതിക്കുന്ന മനസ്സ്
മഴകൊതിക്കും വേഴാമ്പല്‍ പോലായിടുന്നു.
പിണക്കവും,ഇണക്കവും
ജീവിത ഗതി മാറ്റിടുന്നു...
ഓരോ പിണക്കത്തിനന്ത്യവും
പിടയുന്ന രണ്ടു മനസുകള്‍ ഉറങ്ങാതിരിക്കുന്നു .
പറയാതെ പറയുന്ന നോവിന്റെ
വഴികള്‍ ഒടിവിലോന്നായി
മഴതോര്‍ന്ന മനസുപോലെ... നേര്‍ത്ത കുളിരായി
എങ്കിലും എന്റെ മനസ്സിന്‍ നോവിന്നാരറിയാന്‍
ഓരോ പിണക്കവും
ഉമിതീയില്‍വെന്തുരുകും മനംപോലാണ് ..