Tuesday, July 27, 2010

ജീവിതയാത്ര

അത്രമേല്‍ തെളിയാത്തൊരീപേന കൊണ്ട്
വെട്ടിയും തിരുത്തിയും,
പോകേണ്ടതുണ്ട് ഇനിയുമേറെ ദൂരം .
എഴുതാത്ത പുസ്തകത്താളില്‍
തെളിയാത്ത പേനകൊണ്ട്
പതിക്കട്ടെ ഞാനെന്‍ ഹൃദയതുടിപ്പും
തിളക്കമറ്റയീ കയ്യൊപ്പും .
കാലം കര്‍ക്കിടക വാവില്‍
തിമിര്‍ത്തു പെയ്യുമ്പോഴും
ഉഷ്ണത്താൽ വെന്തുരുകുന്നു
അസ്വസ്ഥമാമെന്നകവും പുറവും.
പറഞ്ഞുകേട്ട വാക്കുകള്‍
പഠിച്ചാർത്തിയോടെചേര്‍ത്തുവെച്ചു
അക്ഷരത്തെറ്റ് വരാതെ
എഴുതാന്‍ ശ്രമിച്ചുരാപകലുകള്‍ .
ഒടുവില്‍ തെറ്റും ശെരിയും ചേര്‍ന്നതാണ്
ജീവിതമെന്നു കാലം തിരുത്തി പഠിപ്പിച്ചു.
കാലവേഗത്തിലേക്ക് സവിനയം,
നിശബ്ദം യാത്രയാകുന്നു ....

Monday, July 26, 2010

കഥ തുടരുന്നു..

ഓരോ ദിവസത്തിനും അങ്ങനെ പ്രത്യേക ചിട്ടവട്ടങ്ങള്‍ ഇല്ലാത്ത ഒരു സാധാരണ പ്രവാസിവീട്ടമ്മയായി കഴിഞ്ഞുകൂടുകയായിരുന്നു ഞാൻ. വീട്ടുജോലികള്‍ തീർന്നാൽ അല്പ സമയം ടീവി കാണുക , പിന്നെ മോന്റെ കൂടയും ഭര്‍ത്താവിന്റെ കൂടെയും ഒന്ന് പുറത്ത് പോയി വരിക അതൊക്കെ യായി ഇങ്ങനെ കഴിഞ്ഞു പോകുമ്പോളാണ് ഒരു ഉച്ച മയക്കം കഴിഞ്ഞതിന്റെ ആലാസ്യത്തില്‍ കയ്യില്‍ കിട്ടിയ ഒരു മാഗസിന്‍ വെറുതെ മറിച്ച് നോക്കുമ്പോള്‍ മമ്മുട്ടിക്ക്‌ ഉള്ളത് പോലെ മോഹന്‍ലാലിനും ഇപ്പോള്‍ ബ്ലോഗുണ്ട് എന്ന് വായിക്കാന്‍ ഇടയായത് ... അതുവരെ കേള്‍ക്കാത്ത ഒരു വാക്ക് "ബ്ലോഗ്‘’. എന്താണാത്? മനസ്സില്‍ അറിയാനുള്ള വെമ്പലായി .ഇവര്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍... അവര്‍ക്ക് ബ്ലോഗ് എന്ന പേരിൽ എന്തോ ഉണ്ട്!!! യഥാര്‍ത്ഥത്തില്‍ എന്തായിരിക്കും അത്.? ഇനി ഇത് സിനിമപോലെയോ ടീ വി സീരിയല്‍ പോലെയോ വല്ലതുമാണോ ..? ചോദ്യം സ്വയം ചോദിച്ചു. ഒരു രൂപവും ഇല്ല. അറിയാത്ത ഒരു വാക്ക്, പക്ഷെ അതില്‍ എന്തൊക്കെയോ ഉണ്ട് . ഉറങ്ങിപോയ പകലിന്റെ സായന്തനത്തില്‍ ചോദ്യത്തിനു ദിശാബോധം ഉണ്ടായി .പ്രിയ കൂട്ടുകാരിയോട് ചോദിച്ചു. അങ്ങനെ ഒരു വാക്ക് ഇത് ആദ്യമായാണ്‌ കേള്‍ക്കുന്നത്എന്ന്‍ അവളും പറഞ്ഞു.ആ ദിവസത്തെ കാര്യമായ അന്വഷണം വഴിമുട്ടി അടുത്ത പകലിന്റെ ഉച്ചയിലേക്ക് സൂര്യം ജ്വലിച്ചേറുമ്പോളാണ് ഭര്‍ത്താവിനോട് ഒന്നു ചോദിച്ചാല്‍ എന്താ എന്ന ന്യായമായ ആശയം മനസ്സില്‍ ഓടിയെത്തിയത് .

അന്ന് വൈകിട്ട് കമ്പ്യുട്ടറില്‍ ബുദ്ധിവ്യായാമം നടത്തുമ്പോള്‍ ചേട്ടനോട് മടിച്ചുകൊണ്ടാണെങ്കിലും ഞാന്‍ ചോദിച്ചു. “അതേയ്.. പിന്നെ... ഈ ബ്ലോഗ്ഗ് എന്ന് പറഞ്ഞാല്‍ എന്താ?“ കണ്ണടയുടെ ലോലമായ ഫ്രെയിമിനു ഇടയിലൂടെ പുള്ളി എന്നെ ഒന്നു മൊത്തത്തിൽ നോക്കി.. എന്താണ് ചോദിക്കാന്‍ കാരണം എന്നൊരു മറുചോദ്യം വന്നു .ഇന്നലെ ഒരു മാഗസിനില്‍ മമ്മുട്ടിക്ക് ഉള്ളത് പോലെ മോഹന്‍ലാലിനും ഇപ്പോള്‍ ബ്ലോഗുണ്ട് എന്ന് വായിച്ചു എന്നും സംഭവം എന്തെന്ന് മനസ്സിലായില്ലെന്നും ഞാൻ മറുപടി കൊടുത്തു.
ബ്ലോഗ് എന്ന് പറയുന്നത് തുറന്ന ഒരു ഡയറി എഴുത്തു പോലുള്ള ഇന്റര്‍നെറ്റ് സംവിധാനമാണന്നു ചേട്ടന്‍ പറഞ്ഞു . അതിനു ഒരു ജീ മെയില്‍ ഐ .ഡി ഉണ്ടങ്കില്‍ ആര്‍ക്കും ബ്ലോഗ്ഗ് തുടങ്ങാം എന്നും പറഞ്ഞുതന്നു . അങ്ങനെയാണ് ഗൂഗിളില്‍ ബ്ലോഗ്ഗ് എന്നെഴുതി സെര്‍ച്ച് ചെയ്തത് . അപ്പോള്‍ ഇംഗ്ലിഷ് ബ്ലോഗിന്റെ കുറേ നിരകിട്ടി . ചേട്ടന്‍ പറഞ്ഞ പ്രകാരം മലയാളം ബ്ലോഗ് എന്നെഴുതി സെര്‍ച്ച് ചെയ്തപ്പോള്‍ സംഭവം വന്നു . തിരഞ്ഞു തിരഞ്ഞു ക്രിയേറ്റ് എ ബ്ലോഗിൽ എത്തി അങ്ങനെ ഒരു ബ്ലോഗിനു ഞാനും ഉടമയായി. അതിന് ‘ലച്ചുവിന്റെ ലോകം‘ എന്ന് ഒരു പേരും കൊടുത്തു. അങ്ങിനെ തുടങ്ങിയ ബ്ലോഗെഴുത്തിന് ഈ ജൂലൈ 26ആകുമ്പോള്‍ ഒരു വയസ് തികയുന്നു . ആദ്യത്തെ പോസ്റ്റു എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ചിത്രമായിരുന്നു. ആദ്യ കമന്റ് നല്‍കി എന്നെ എതിരേറ്റ ശ്രീക്ക് ഒരായിരം നന്ദി.. പിന്നീട് എന്തൊക്കെയോ കുത്തിക്കുറിച്ചു. കവിതയെന്നും, കഥയെന്നും, നർമ്മമെന്നും മറ്റും ഞാൻ തന്നെ അവയെ പേരിട്ട് വിളിച്ചു. പിന്നീട് എപ്പോഴോ ഫോട്ടോകൾ സൂക്ഷിച്ച് വെക്കാനായി ‘ലച്ചുവിന്റെ കാഴ്ചകളും‘ ഇഷ്ടപ്പെട്ട പാട്ടുകളെ ചേർത്ത് വെക്കാൻ ‘ലച്ചുവിന്റെ പ്രിയ പാട്ടുകളും‘ തുടങ്ങി. കുറെ നല്ല കൂട്ടുകാരെ കിട്ടി. കുറേയേറെ അഭിപ്രായങ്ങളും. അതിൽ വിമർശനങ്ങളുണ്ട്. അഭിനന്ദനങ്ങളുണ്ട്. ആശംസകളുണ്ട്. ഒന്നും മറന്നിട്ടില്ല. എല്ലാം മനസ്സിലുണ്ട്. പേരെടുത്ത് പറയാനാണെങ്കിൽ ഒട്ടേറെ പേരുണ്ട്. അതുകൊണ്ട് തന്നെ ആരെയും പേരെടുത്ത് പറയുന്നില്ല. . തുടര്‍ന്നും എല്ലാവരുടെയും അഭിപ്രായങ്ങളും ,വിമര്‍ശനങ്ങളും ,പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു..എല്ലാവർക്കും നന്ദി

Sunday, July 11, 2010

‘സായന്തനത്തിലെ സ്വപ്നം‘

പതിവ് പോലെ അന്നും നേരത്തെ എഴുന്നേറ്റു വന്നു ജനല്‍ പാളികള്‍ തുറന്നിട്ടു എന്‍റെ പ്രിയ കൂട്ടുകാര്‍ അവര്‍ അവിടെ തന്നെ ഇല്ലെ എന്ന് ഉറപ്പു വരുത്തി ,ഫ്ലാറ്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന മരക്കൊമ്പില്‍ കൂട് കൂട്ടിയ അമ്മപ്രാവും രണ്ടു മക്കളും.എന്‍റെ കൂട്ടുകാര്‍ ഇപ്പോ ഇവരൊക്കെആണല്ലോ എന്ന സത്യം ഒരു നിമിഷം ഓര്‍ത്തു,ഇടക്ക് നല്‍കുന്ന അരിമണികള്‍ കൊത്തിതിന്നാന്‍ എന്റെ അടുത്ത് ഒരു ഭയവും കൂടാതെ വന്നു നില്‍ക്കും.അപ്പൊ തോന്നും ഈ പക്ഷികള്‍ക്ക് എന്ത് സുഖാ..അവരെ പോലെ ഈ ആകാശത്തു പാറി നടക്കാന്‍ കഴിഞ്ഞിരുനെങ്കില്‍ എന്ന്..ടി വിയിലെ കോമാളിത്തരങ്ങള്‍ കണ്ടു ഇരിക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതുകൊണ്ട് പതിവ് വായനയിലേക്ക് തിരിഞ്ഞു.


ഉയര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റുകളും,ഓഫീസ് കെട്ടിടങ്ങളും,അതിനിടയിലൂടെ കടന്നു പോകുന്ന റോഡുകളും .അതിലൂടെ അതിവേഗത്തില്‍ പാഞ്ഞു പോകുന്ന വാഹനങ്ങളും.കുറച്ചകലെയായി കാണുന്ന കടലും..അതില്‍നിന്നും അടിച്ചെത്തുന്ന സുഖമുള്ള തണുത്ത കാറ്റും വിരസമായ എന്റെ ജീവിതത്തിനു അല്പം ഒരാശ്വാസം ആയിരുന്നു !


അര്‍ത്ഥ മില്ലാത്ത ജീവിതത്തിന്റെ അടിവേരുകള്‍ മാന്തിയും.. അവ വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്യപ്പെടുമ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു .."എന്തിനാണ് ഇനി ഒരു സ്വയം ന്യായികരിക്കല്‍.. അല്ലെങ്കില്‍ മറ്റുള്ളവരില്‍ ഒരു പഴിചാരല്‍"??എല്ലാം ഒരു നിയോഗം ആയിരുന്നില്ലേ?


എന്നും വഴികണ്ണുമായി റോഡിലേക്ക് നോക്കി ഇരിക്കുമ്പോ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.." നീ ആരെയാണ് പ്രതീക്ഷിക്കുന്നതെന്ന്"? എന്നെ തേടി ആരും വരാന്‍ ഇല്ലെന്ന് അറിഞ്ഞിട്ടും എന്തെ ഇങ്ങനെ പ്രതീക്ഷിക്കുനത്? വര്‍ഷങ്ങളായി ഞാൻ സ്വയം ചോദിക്കുന്ന ചോദ്യം .. ആ ചോദ്യത്തിന് ഇപ്പോൾ ഉത്തരം ഉണ്ടായിരിക്കുന്നു.. എന്റെ പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ചിരിക്കുന്നു. !

ജീവിതത്തില്‍ ഒറ്റപെട്ടു പോകുനതിന്റെ നീറുന്ന വേദന അറിഞ്ഞു തുടങ്ങിയത് എപ്പോള്‍ മുതലാണ്‌.?

അവളെ എന്റെ ജീവിതത്തില്‍ എനിക്ക് നഷ്ടമായപ്പോഴോ? നഷ്ടമാവുകയായിരുന്നോ?? അല്ലല്ലോ, ഞാന്‍ നഷ്ടപെടുത്തിയതല്ലേ!! അവളുടെ നിഷ്കളങ്കമായ സ്നേഹത്തെ..അവളുടെ കരുതലിനെ... എല്ലാം ഞാന്‍ നഷ്ടപെടുത്തുകയായിരുന്നു. എല്ലാം എന്റെ പ്രവർത്തിയുടെ ഫലമല്ലേ ? പ്രായത്തിന്റെ, അതോ ആ ഒരു നിമിഷത്തിന്റെയോ, ചാപല്ല്യത്തില്‍ എല്ലാം ഞാന്‍ മറന്നു..അവളെ..അവള്‍ എനിക്കു നൽകിയ സ്നേഹത്തെ ..എല്ലാം.. ആ ഒരു നശിച്ച അവധി ദിനം അല്ലേ എന്നെ ഇന്നീ അവസ്ഥയിലാക്കിയത്? ഇനി നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയിട്ട് എന്ത് നേടാൻ? നഷ്ടപ്പെട്ടതൊന്നും ഇനി തിരികെ കിട്ടില്ലാന്നു അറിഞ്ഞിട്ടും വെറുതെ ആശിക്കുന്നു..ഒരിക്കലെങ്കിലും അവസാനമായി അവളെ ഒന്ന് കാണണം ആ കൈകള്‍ പിടിച്ചു മാപ്പ് പറയണം.. എങ്കിലേ എനിക്ക് സമാധാനമായി മരിക്കാന്‍ കഴിയൂ ..


പേരും പെരുമയും ഉള്ള അച്ഛന്റെ അഞ്ചു മക്കളില്‍ മൂത്ത ആളായിരുന്ന എന്നെ അച്ഛന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ വേണ്ടി ആയിരുന്നു ആയുര്‍വേദ കോളേജില്‍ ചേര്‍ത്തത്. അവിടെ വെച്ചാണ് എന്റെ ക്ലാസ്സിൽ തന്നെ പഠിച്ചിരുന്ന തുളസിയെ പരിചയപെടുന്നത്.പേര് പോലെതന്നെ തുളസികതിരിന്റെ നൈര്‍മല്ല്യമുള്ളവൾ. നിസ്സാര പ്രശ്നങ്ങള്‍ക്ക് പെട്ടന്ന് സങ്കടപ്പെടുകയും ,ചെറിയ ചെറിയ സന്തോഷങ്ങളില്‍ അളവറ്റു സന്തോഷിക്കയും ചെയ്തിരുന്ന ഒരു തനി നാടന്‍ പെണ്‍കുട്ടി. ഒരു തൊട്ടാവാടി!! ആരും ഇഷ്ടപ്പെട്ടു പോകുന്ന പ്രകൃതം.സൌഹൃദം പതുക്കെ പതുക്കെ പ്രണയത്തിന് വഴിമാറുന്നത് ഇരുവരും മനസ്സിലാക്കി.വിവാഹം കഴിക്കുന്നെങ്കില്‍ അത് തുളസിയെ മാത്രം എന്ന് തീരുമാനിച്ചതായിരുന്നു. എന്നിട്ടും.. വിധി, അതിന്റെ കളി എല്ലാ തീരുമാനങ്ങളെയും മാറ്റി മറിച്ചു. വിധിയാണോ? അതോ...


ജീവിതംതന്നെ തിരുത്തികുറിച്ചത് ആ വെക്കേഷനിൽ ആയിരുന്നു. വീട്ടിലെ പുറം പണിക്ക് വരാറുള്ള ജാനുവിന്റെ മകള്‍ ലത ,അവള്‍ വളര്‍ന്നു വലുതായി മുതിര്‍ന്ന പെണ്ണ് ആയ ശേഷം ഞാന്‍ ആദ്യമായി അവളെ കാണുന്നത് അപ്പോളാണ്. കറുത്തതെങ്കിലും ഒരു സുന്ദരിയായിരുന്നു അവള്‍.ഞാൻ ഉണ്ടെന്നുള്ള അറിവാകാം ആ കൊച്ച് പെണ്ണ് ഇടക്കിടെ എന്നെ ഒളികണ്ണിട്ടു നോക്കുന്നതും ,ഞാന്‍ ഉള്ള ഇടങ്ങളില്‍ എല്ലാം വെറുതെ വലംവെച്ചു നടക്കുന്നതും , ഒക്കെ ഒരു പതിവായി. എന്തുകൊണ്ടോ, എനിക്കും അതൊരു നേരമ്പോക്കും രസവുമായി തോന്നി. ആളൊഴിഞ്ഞ കോലായില്‍ വെച്ച് പലപ്പോഴും മുട്ടി മുട്ടിയില്ലെന്ന മട്ടില്‍ അവൾ കടന്ന് പോകുമ്പോള്‍ കാച്ചിയ എണ്ണയുടെ മണം എന്റെ സിരകളെ ചൂട് പിടിപ്പിക്കുന്നത് ഞാന്‍ അറിഞ്ഞു. ഒരൂസം അവള്‍ കാലുകള്‍ കാണ്‍കെ പാവാടതെറുത്തു കുത്തി നെല്ലുചിക്കുന്നതും നോക്കി അവളുടെ ആ താളം നോക്കി ഞാന്‍ അങ്ങിനെ നില്‍ക്കുമ്പോ ആണ് പെട്ടന്ന് അമ്മ കടന്നു വന്നത്."അപ്പുവേ നെനക്ക് പഠിക്കാനൊന്നും ഇല്ല്യേ "?എന്ന അമ്മയുടെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി !ജാള്ല്യം മറച്ചുവെച്ചു ഞാന്‍ വേഗം അവിടുന്ന് മുങ്ങി.ഞാന്‍ അപ്പുറത്തേക്ക് മാറിയതും അമ്മ അവളോട്‌ ഒച്ചയെടുക്കുനത് കേട്ടു."ആങ്കുട്ട്യോള് ഉള്ള വീടാണ് അടക്കതിലും ഒതുക്കതിലും നടക്കാന്‍ പറ്റില്ല്യാച്ചാ നാളെ മുതല്‍ പണിക്കു വരണ്ട".ഉച്ചക്ക് നടപ്പുരയില്‍ ഞങ്ങള്‍ ആങ്കുട്ട്യോള് ഉണ്ണാന്‍ ഇരുന്നപ്പോ അമ്മ എല്ലാരും കേള്‍ക്കാന്‍ വേണ്ടി ഉറക്കെ പറഞ്ഞു ",ആ ലതക്ക് പിന്നാലെ ഉള്ള കറക്കം വേണ്ട.അവളും അവളുടെ തള്ളേം അത്രനല്ല തരം അല്ല..പറഞ്ഞത് മനസ്സിലായല്ലോ ?" എന്ന് എന്നെ നോക്കിയാണ് അവസാന വാചകം പറഞ്ഞു നിര്‍ത്തിയത്.എന്റെ നെഞ്ചൊന്നു കാളി ..


ഉച്ച നേരത്ത് നീണ്ടു പരന്നു കിടക്കുന്ന പറങ്കിമാവിന്‍ തോപ്പിലേക്ക് അണ്ടി പെറുക്കാന്‍ പോകുന്നത് ഞാന്‍ കേള്‍ക്കാന്‍ തക്കവണ്ണം അവള്‍ ജാനുവിനോട്‌ വിളിച്ചുപറയുന്നത്‌ കേട്ടപ്പോൾ ഒരു കൌതുകത്തിനായിരുന്നു അവളുടെ പുറകെ മറ്റാരും കാണാതെ ഞാൻ നടന്നത്,സത്യം. !! പക്ഷെ, പറങ്കിമാവിൻ തോപ്പിലെ ഇരുളിൽ എന്നിലെ കൌമാരം പെട്ടന്ന് സടകുടഞ്ഞെഴുന്നേറ്റപ്പോൾ, കോളേജിലെ സൌഹൃദസദ്ദസ്സുകളിൽ കേട്ടിരുന്ന വീരകഥകളുടെ ഉൾപ്രേരണയാൽ അവളെ മാറോടടുക്കി ഉമ്മവേച്ചപ്പോള്‍ ഞാൻ അറിഞ്ഞിരുന്നില്ല അത് എന്റെ ജീവിതത്തിന്റെ മറ്റൊരു അദ്ധ്യായമാണെന്ന്. അവളിൽ നിന്നും എതിർപ്പില്ലാതെ വന്നപ്പോൾ പിന്നെ ഞാന്‍ എന്നെ മറന്നു... എന്റെ തുളസിയെയും അവള്‍ക്കു നല്‍കിയ വാക്കിനെയും വിസ്മരിച്ചു. എന്റെ വീടിനെ അതിന്റെ പ്രൊഢിയെ എല്ലാം മറന്നു..


അതൊരു വലിയ ചതിയായിരുന്നു എന്ന് മനസ്സിലാക്കാന്‍ അവള്‍ ഗര്‍ഭിണി ആണെന്നും വിവാഹം കഴിച്ചില്ലെങ്കില്‍ തറവാട് വീടിന്റെ ഉത്തരത്തില്‍ തൂങ്ങി ചാകും എന്ന അവളുടെ ഭീഷണി വരെ വേണ്ടി വന്നു..വിവാഹം കഴിക്കയല്ലാതെ നിവര്‍ത്തി ഇല്ലായിരുന്നു.അതോടെ കുടുംബത്തില്‍ നിന്നും പടിയടക്കപ്പെട്ടു. പഠനം ഉപേക്ഷിക്കേണ്ടി വന്നു .അല്ലെങ്കിലും കോളേജിലേക്ക് തിരിച്ചുപോകാന്‍ മാത്രം ധൈര്യം എനിക്ക് ഇല്ലായിരുന്നു എന്ന് പറയുന്നതാകും ശരി. തുളസി , അവളുടെ മുഖത്ത് നോക്കാന്‍ ശക്തി ഇല്ലായിരുന്നു.അവള്‍ എന്നെ മനമുരുകി ശപിച്ചിരിക്കാം, ഒരു പക്ഷെ.. അതാവാം കാലങ്ങളായി ഇങ്ങിനെ നീറി..നീറി... ഒരു നിമിഷത്തിന്റെ ദൌര്‍ബല്ല്യത്തിനു കൊടുക്കേണ്ടി വന്ന വില വളരെ ഏറെ ആണെന്ന് മനസ്സിലാക്കാന്‍ മറ്റൊരാളുടെ ജീവിതം ഞാന്‍മൂലം നശിച്ചു എന്നറിഞ്ഞപ്പോള്‍ ആയിരുന്നു. തുളസി വിവാഹം കഴിക്കാതെ ഇന്നും ജീവിക്കുന്നു എന്ന് കേട്ടപ്പോൾ ആ നിമിഷം ഉരുകിയില്ലാതെയായെങ്കിൽ എന്നാശിച്ചു. ലതയെ മനസ്സുതുറന്നു സ്നേഹിക്കാന്‍, അവളോട്‌ നീതിപുലര്‍ത്താന്‍ എനിക്കൊരിക്കലും കഴിഞ്ഞിരുന്നില്ല.രണ്ടു മക്കള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ അവളെ എന്റെ തുളസിയുടെ സ്ഥാനത് കാണാന്‍ എനിക്കൊരിക്കലും കഴിയുമായിരുന്നില്ല. ഇതെല്ലാം ലതയും അറിഞ്ഞിരുന്നതുകൊണ്ടോ എന്നും പരിഭവവും,പരാതിയും കുറ്റപെടുത്തലും നിറഞ്ഞതായി ഞങ്ങളുടെ ജീവിതം. എല്ലാ തെറ്റും ഞാൻ ഏറ്റെടുക്കുന്നു .ശാപം പിടിച്ച ഒരു ജന്മം!! മക്കള്‍ ഇരുവരും വിവാഹിതരായിട്ടും എന്റെ നെഞ്ചിലെ തീ അണഞ്ഞിരുന്നില്ല. എന്റെ തുളസി.. അവൾ ഉരുകുകയല്ലേ ഇപ്പോൾ എന്ന ചിന്ത..


കുറച്ച് ദിവസം മുന്‍പ് അനുജന്റെ മകന്‍ വല്ല്യച്ചനു ഒരു എഴുത്തുണ്ട് അത് കൊണ്ട് തരാന്‍ ഞാന്‍ അങ്ങോട്ട്‌ വരുന്നുണ്ട് എന്ന് വിളിച്ച് പറഞ്ഞപ്പോൾ ഒരിക്കലും അത് തുളസീടെ കത്താകും എന്ന് വിചാരിച്ചില്ല. അവള്‍ക്കു എന്റെ തറവാട്ടു വീട്ടിലെ അഡ്രസ്സല്ലേ അറിയൂ .അത് നഷ്ടപെടാതെ വര്‍ഷങ്ങളോളം അവള്‍ സൂക്ഷിക്കുമെന്നോ കത്തയക്കുമെന്നോ ഒരിക്കലും കരുതിയതല്ല.ഒരു കത്ത് അവള്‍ക്കയക്കാന്‍ മാത്രം ധൈര്യം എനിക്ക് ഇല്ലായിരുന്നു.അവളെക്കുറിച്ചറിയാന്‍ പലപ്പോഴും ആഗ്രഹിച്ചു . പിന്നെ സ്വയം വേണ്ടാന്ന് വെച്ചു.കത്ത് കയ്യില്‍ കിട്ടി അത് പൊട്ടിച്ചു വായിക്കും വരെ അത് അവളുടേതാണെന്ന് അറിയില്ലായിരുന്നു."സുഖാണോ?മറക്കാന്‍ കഴിയാത്തതുകൊണ്ട് മരിക്കുനതിനു മുന്പ് ഒരിക്കല്‍ക്കൂടി ഒന്ന് കാണണം.അടുത്തമാസം പിറന്നാള്‍ അല്ലെ അന്ന് ഞാന്‍ ഗുരുവായൂരില്‍ വരും അവിടെ ഞാന്‍ പ്രതീക്ഷിക്കുന്നു.പടിഞ്ഞാറെ നടയില്‍ കാത്തു നില്‍ക്കും"ഇതായിരുന്നു കത്തിൽ.. അതെ അടുത്ത മാസം രോഹിണി നക്ഷത്രം !എന്റെ പിറന്നാള്‍ ദിനംഞാന്‍ ഓര്‍ക്കാറെ ഇല്ല.അവള്‍ ഒന്നും മറന്നിട്ടില്ല..കത്തുവായിച്ചു സ്തബിച്ചു നിന്ന എന്റെ കൈകളില്‍ നിന്നും കത്ത് ലത പിടിച്ചു വാങ്ങുമ്പോ ഒന്നും പറയാൻ കഴിഞ്ഞില്ല.വാക്കുകള്‍ തൊണ്ടയില്‍ തങ്ങി നിന്നു.കരച്ചിലോ ,ചിരിയോ..എന്തായിരുന്നു എന്റെ ഉള്ളില്‍ അപ്പോള്‍..അത് വായിച്ചു ലത കൊടുങ്കാറ്റു പോലെ വീശി അടിച്ചു.എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഞാന്‍ കാണാന്‍ പോകും എന്ന് തീര്‍ത്തു പറഞ്ഞു. അതോടെ അവസാനമായി കൂടെയുണ്ടായിരുന്ന ലതയുംഎന്നെ ഉപേക്ഷിച്ചു. .തിരിച്ചു വിളിക്കാനോ,പോകരുത് എന്ന് പറയുവാനോ എനിക്ക് തോന്നിയില്ല...നാളെ ..നാളെ യാണ് ആ ദിവസം..വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള ആ കണ്ടുമുട്ടല്‍ പ്രായം ശരീരത്തെ തളർത്തിയെങ്കിലും അവൾ വരമെന്നുള്ള പ്രതീക്ഷ എല്ലാ തളർച്ചയെയും മറികടന്നു. വീണ്ടും ആ സുവര്‍ണ നിമിഷങ്ങള്‍. നഷ്ടപെട്ട ആ കാലങ്ങള്‍ കൈവന്ന തോന്നല്‍ ..നാളെ എന്ന ദിവസം ഒന്ന് വേഗം പിറന്നെങ്കില്‍ ... എവിടെയോ പെയ്ത മഴയുടെ നേര്‍ത്ത കുളിരുള്ള കാറ്റ് തഴുകി പോകുമ്പോഴും മനസ്സ് ഒന്നും അറിയാതെ നാളെ എന്ന പ്രതീക്ഷയില്‍ കണ്ണും നട്ട് ക്ലോക്കിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. ..

Saturday, July 3, 2010

പെയ്തൊഴിയാതെ


വാനവും ,മനവും ഒരുപോലെ ഇരുള്‍ മൂടുന്നു.
വാനില്‍ വെട്ടും വെള്ളിടി കണക്കെ
വാക്കുകള്‍ ഹൃത്തില്‍ തറച്ചിടുന്നു.
പെയ്തൊഴിയും മേഘം കണക്കെ
മനസ്സും പെയ്തുതോരുന്നൊരു വേള.
എത്രപെയ്തു തോര്‍ന്നാലും,
കാര്‍മേഘം മൂടിയൊരകം
പെയ്യാനാഞ്ഞുനിക്കുന്നു ,
മൂടിക്കെട്ടി ആര്‍ദ്രം .
കരളുരുകും വേദനയില്‍
സാന്ത്വനമായൊരു പ്രണയം
അരുതെന്നോതുവാനും കഴിയാതെ
വാക്കുവിലക്കി നില്‍ക്കുന്നു നിശബ്ദം.