Monday, November 30, 2009

വിധേയ

നാളയെ ഓർത്തെനിക്ക്

തെല്ലുമേ ഭീതിയില്ല

കാരണം നാളെകളെ കുറിച്ച്,

ഞാന്‍ വിശ്വസിക്കുന്നില്ല.

ഇന്നിന്റെ സ്വപ്നങ്ങളില്‍

ജീവന്‍ തുടിക്കുന്ന

നിറങ്ങളാകാനാണെനിക്കിഷ്ടം .

നാളെ എന്നത്

എനിക്ക് അതി വിദൂരം.

ഇന്നലെയുടെ മധുര

സ്മരണകള്‍ യേതുമില്ലെനിക്ക്

.

Wednesday, November 25, 2009

അപ്പുണ്ണ്യേട്ടന്റെ ഗൾഫ് യാത്ര

അപ്പുണ്ണ്യേട്ടൻ; കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ നിന്നും വന്നത്. നാട്ടില്‍ നിന്നും കൊണ്ട് വന്ന പലഹാരങ്ങളുമായി വന്നതാണ്. അപ്പോൾ ഞാനോർത്തു പോയി, അപ്പുണ്ണ്യേട്ടൻ ആദ്യമായി ഈ ഗൾഫ് രാജ്യത്ത് കാലുകുത്തിയ ദിവസം. അന്നത്തെ ആ മനുഷ്യനിൽ നിന്നും ഇന്നത്തെ മനുഷ്യനിലേക്ക് എത്രയോ മാറി അദ്ദേഹം.



അന്ന് ആദ്യായിട്ടാണു ഒരു ഗള്‍ഫ് രാജ്യം അപ്പുണ്ണിഏട്ടന്‍ കാണണത്. അത് പറയണേക്കാളും മുൻപ് അപ്പുണ്ണ്യേട്ടന്‍ ആരെന്നും, ഞാനും അപ്പുണ്ണ്യേട്ടനും തമ്മിലുള്ള ബന്ധവും പറയണമല്ലോ...
എന്റെ ചെറുപ്പം തൊട്ടു എന്ന് വെച്ചാല്‍ എനിക്ക് ഓർമ്മ വെച്ചനാള്‍ മുതല്‍ എന്നെ തോളിലേറ്റി നടന്നത് അപ്പുണ്ണ്യേട്ടന്‍ ആയിരുന്നു. അദ്ദേഹം പറഞ്ഞുതന്ന കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്‌. എന്റെ വീടിനു അര കിലോമീറ്റര്‍ അകലെ ആയിട്ടാണ് അദ്ദേഹത്തിന്റെ വീട്. അപ്പുണ്ണ്യേട്ടന്റെ അച്ഛന്‍ വീട്ടിലെ സ്ഥിരം പണിക്കാരനാണ്. അങ്ങിനെ ആണ് അദ്ദേഹം ഞങ്ങള്‍ടെ വീട്ടില്‍ എത്തിചേർന്നത്.
എന്റെ വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു അദ്ദേഹം‍. നല്ല വെളുത്ത നിറായിരുന്നു അപ്പുണ്ണ്യേട്ടന്. ഇപ്പോ കാണുമ്പോ ആ നിറം ഒക്കെ പോയീരിക്കുണു. ജീവിത പ്രാരബ്ധങ്ങളാകാം അപ്പുണ്ണിയേട്ടനെ ഇപ്പൊ ഇരുണ്ട നിറം ആക്കി മാറ്റിയത്. ഏത് ഉത്സവത്തിനു പോയി വരുമ്പോഴും എന്റെ കൈകളില്‍ ഇടുവാനായി നിറയെ കുപ്പിവളകളും, കിലുങ്ങുന്ന ബലൂണുകളും, ചുറ്റു ചുറ്റു വളകളും കൊണ്ടേ വരൂ. പത്താം ക്ലാസ്സ് തോറ്റപ്പോള്‍ എന്റെ അച്ഛന്റെ സഹായിയായി വീട്ടിലെ അല്ലറ, ചില്ലറ ജോലികളും ചെയ്തു വീട്ടില്‍ തന്നെ കൂടി.



ഞാന്‍ ആറാം ക്ലാസ്സില് പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കണത്. അന്ന് ഞങ്ങള്‍ക്കു
പേടിക്ക്‌ കൂട്ട് കിടക്കാന്‍ വരുന്നതു അപ്പുണ്ണ്യേട്ടനായിരുന്നു. വല്യേ ധൈര്യശാലി ആണ് താന്‍ എന്നായിരുന്നു അപ്പുണ്ണ്യേട്ടന്റെ നാട്ട്യം. മഹാ പേടിത്തൊണ്ടനായിരുന്നു അദ്ദേഹം‍. ഞങ്ങള്‍ടെ വീടാണെങ്കില്‍ മൂന്ന് നാലു ഏക്കറിന് നടുവില്‍ ഒരു ഒറ്റപ്പെട്ട വീട്. നിറയെ തെങ്ങും കവുങ്ങു. അന്ന് കരണ്ടൊന്നും ഇല്ല്യ. രാത്രിയായാല്‍ മുറ്റത്തേക്ക് ഇറങ്ങാന്‍പോലും പേടിയാകും. ഒരൂസം അപ്പുണ്ണ്യേട്ടന്‍ വീട്ടില്‍ എത്താന്‍ വൈകി. അന്ന് അദ്ദേഹം ആകെ പേടിച്ച മട്ടുണ്ട്, കാരണം ഇടവഴിയില്‍ ഇരുന്നു ഒരു കുറ്റിചൂളന്‍ കരഞ്ഞിരുന്നു. (കാലന്‍ കോഴി എന്നും പറയും ചിലര്‍.) അതിന്റെ കരച്ചില്‍ കേട്ടാല്‍ ഞങ്ങള്‍ക്കൊക്കെ വലിയ പേടിയാ. എല്ലാരും അമ്മയെ ചുറ്റി പറ്റി നില്ക്കും. കുറ്റിചൂളാന്‍ കരഞ്ഞാല്‍ അടുത്ത് എവിടേലും മരണം നടക്കും എന്നാ പറയാ. ഇരുട്ടിനെ കീറി മുറിച്ചുള്ള ആ കരച്ചില്‍ ആരേയും പേടിപ്പെടുത്തും. അമ്മ അപ്പൊ ഇരുമ്പിന്റെ എന്തേലും ഒരു ആയുധം എടുത്ത് അടുപ്പില്‍ കനലില്‍ വെക്കും. അല്പം കഴിയുമ്പോള്‍ അതിന്റെ കരച്ചില്‍ താനേ നില്‍ക്കും. അടുപ്പില്‍ ഇരുമ്പ് വെക്കുമ്പോ അതിന്റെ കാലില്‍ ചൂടു പിടിക്കുമത്രേ. അപ്പോഴാണ്‌ അത് പറന്നുപോകണത് എന്ന് അമ്മ പറയും. അന്നും അതുപോലെ അപ്പുണ്ണ്യേട്ടൻ വരണ വഴിയില്‍ ഇതിരുന്നു കരഞ്ഞിരുന്നു. പക്ഷെ ആ പേടി ഒന്നും മൂപ്പര്‍ പുറത്തു കാണിച്ചില്യ. എന്നാലും ഞങ്ങൾക്കെല്ലാം കാര്യം പിടികിട്ടി. എല്ലാരും കൂടി ചോറുണ്ണാന്‍ ഇരിക്കാന്‍ തുടങ്ങിയ നേരത്ത് അപ്പുണ്ണ്യേട്ടന്‍ കൈകഴുകാനായി എഴുന്നേറ്റു പോയി. പിന്നെ കേൾക്കണത് അദ്ദേഹത്തിന്റെ ഒരു അലര്‍ച്ചയാണ്. എല്ലാരും പേടിച്ചോണ്ട് ഓടി ചെന്നു. എന്ത് പറ്റി എന്ന് ചോദിച്ചിട്ടും അപ്പുണ്ണ്യേട്ടന്‍ കണ്ണുതുറിച്ചു കൈകള്‍ ചൂണ്ടി കാണിക്കുന്നു. വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല. എന്ത് പറ്റി എന്നാവർത്തിച്ചു ചോദിച്ചപ്പോ വിക്കി വിക്കി പറഞ്ഞു; അതാ അവിടെ ഒരാള്‍ നിൽക്കണ്ട്.. എല്ലാർക്കും പേടിയായി. ഒരു വിധം ധൈര്യം സംഭരിച്ചു എന്റെ മൂത്ത ഏട്ടന്‍ ജനവാതിലിനു അടുത്തേക്ക് ടോര്‍ച്ചടിച്ചു. ആരെയും കാണുന്നില്ല. വീണ്ടും ഒരുവട്ടം കൂടി നോക്കിയപ്പോള്‍ ആണ് കാര്യം പിടികിട്ടിയത്. ജനവാതിലിനു മുകളില്‍ ഒരു കണ്ണാടി തൂക്കിയിട്ടിരുന്നു. അതില്‍ അപ്പുണ്ണ്യേട്ടന്റെ പ്രതിബിംബം കണ്ടാണ്‌ മൂപ്പരു പേടിച്ചു നിലവിളിച്ചത്. ആ അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാരും കൂടി അപ്പുണ്ണ്യേട്ടന്റെ ധൈര്യത്തെ വാനോളം പുകഴ്ത്തി. അതിന് ശേഷം അപ്പുണ്ണ്യേട്ടന്റെ, താന്‍ വലിയ ധൈര്യശാലി ആണ് എന്ന ആ നാട്യം അല്പം കുറഞ്ഞു.



അച്ഛന്‍ മരിച്ചതോടു കൂടി വീട്ടില്‍ പ്രത്യേകിച്ച് ജോലി ഒന്നും അപ്പുണ്ണ്യേട്ടന് ഇല്ലാതായി.
ഒരൂസം ആരോടും പറയാണ്ടെ അദ്ദേഹം നാടു വിട്ടു; മദ്രാസ്സിലേക്ക്. പിന്നെ കുറെ നാളുകള്‍ അദ്ദേഹത്തെ കുറിച്ചു ഒരു വിവരവും ഇല്ലായിരുന്നു. കുറെ കഴിഞ്ഞപ്പോ ആരോ പറഞ്ഞു അവിടെ ഒരു തമിഴത്തി പെണ്ണിനെ കല്യാണം കഴിച്ചു അവിടെ കൂടി എന്ന്.



കുറേ നാളുകൾക്കു ശേഷം; ഒരു ദിവസം അപ്പുണ്ണ്യേട്ടന്റെ വീടിന്റെ അടുത്തുള്ള ഒരുവീട്ടിലെ കല്യാണം കൂടാന്‍ ഞാനും മോനും പോയി. അവിടെ വെച്ചു അവിചാരിതമായി അപ്പുണ്ണ്യേട്ടനെ കാണാനിടയായി. അദ്ദേഹം ആകെ മാറിരിക്കുന്നു. തടി വെച്ചു അല്പം കുടവയറൊക്കെ ആയി മുഖത്തു ഒരു കണ്ണടയും ഫിറ്റ് ചെയ്ത്. ആദ്യത്തെ ആ നിറം ഒക്കെ മാറീരിക്കുന്നു. എന്നെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു. എന്നെ കണ്ടിട്ട് മനസ്സിലായില്യ കക്ഷിക്ക്. കാരണം അന്ന് അദ്ദേഹം നാടു വിടുമ്പോ ഞാന്‍ എട്ടിലോ, ഒമ്പതിലോ ആണ് പഠിക്കണത്. ഇന്ന് എന്റെ രൂപം തന്നെ മാറീലേ, ആകെ തടിച്ചു , ഒരു കുട്ടിയേയും കൈയിൽ പിടിച്ചു നില്‍ക്കണ എന്നെ പെട്ടന്ന് അങ്ങട് മനസ്സിലായില്യ. ആരോ പറഞ്ഞു കൊടുത്തപ്പോഴാ മനസ്സിലായെ പണ്ടത്തെ മോളൂട്ടിയാ ഇതെന്നു. എന്നെ കണ്ടപ്പോ ഓടി വന്നു കെട്ടി പിടിച്ചു. ആളുകള്‍ ഉണ്ടെന്നും, അതൊരു കല്യാണ പന്തല്‍ ആണെന്ന കാര്യം പോലും അപ്പുണ്ണ്യേട്ടന്‍ മറന്നു. എന്റെ തോളില്‍ പിടിച്ചു അദ്ദേഹത്തോടു ചേർത്തു നിർത്തി. കൈ എടുത്തു മാറ്റാന്‍ ഞാന്‍ ശ്രമിച്ചിട്ടും മൂപ്പരു വിടുന്നില്യ. എല്ലാരും ഞങ്ങളെ നോക്കുന്നു. അതൊന്നും അദ്ദേഹം കാണുന്നില്യ. അദ്ദേഹത്തിന്റെ മനസ്സില്‍ നിറയെ എന്നെ കണ്ടതിലുള്ള സന്തോഷം. എനിക്കത് മനസ്സിലാകുമെങ്കിലും മറ്റുള്ളവര്‍ക്ക് അത് മനസ്സിലാകില്ല്യാലോ. എന്റെ അവസ്ഥ കണ്ടു അപ്പുണ്ണ്യേട്ടന്റെ ജേഷ്ഠത്തി അവിടേക്ക് വന്നു. ഡാ അപ്പുണ്ണി, അത് പഴയ മോളൂട്ടി അല്ല അവള്‍ വളർന്നു വലുതായി; ഒരുത്തന്റെ ഭാര്യയും, ഒരു കുട്ടീടെ അമ്മയുമാ.. നീ അവളുടെ ദേഹത്തൂന്നു കൈ എടുക്ക്. ആളുകള്‍ ശ്രദ്ധിക്കുന്നു, എന്നു പറഞ്ഞപ്പോളാണു മൂപ്പരു പരിസരം ശ്രദ്ധിക്കുന്നത്. അല്പനേരം വിശേഷങ്ങൾ പറഞ്ഞു , പെട്ടെന്ന് തന്നെ ഞാൻ സ്ഥലം കാലിയാക്കി.



പിന്നീട് കുറെ നാളിനുശേഷം ഞാന്‍ ഗള്‍ഫിലേക്ക് വന്നു. പിന്നീട് ഒരുദിവസം അപ്പുണ്ണിഏട്ടന്‍ എന്നെ ഫോണില്‍ വിളിച്ചു. അപ്പുണ്ണിഏട്ടന് എങ്ങിയെങ്കിലും ഒരു വിസ ശരിയാക്കി കൊടുക്കണം എന്നും, രണ്ടു പെണ്കുട്ട്യോളാണ് തനിക്ക് ഉള്ളതെന്നും, എങ്ങിനെയെങ്കിലും വിസ എടുക്കണം എന്നും അഭ്യർത്ഥിച്ചു. ഏട്ടനോട് ഞാൻ കാര്യം ആവശ്യപ്പെട്ടതിൻ പ്രകാരം ഒരു വിസിറ്റ് വിസ എടുത്തു കൊണ്ടുവരുവാന്‍ തീരുമാനിച്ചു. വിസ ശരിയായി അപ്പുണ്ണിയേട്ടനെ വിളിച്ചു. വിസ ശരിയായ കാര്യം അറിയിച്ചു. അത് കേട്ടപ്പോ ആള്‍ക്ക് വലിയ സന്തോഷമായി. പിറ്റേ ദിവസം എന്നെ വീണ്ടും വിളിച്ചു , ടിക്കറ്റ്‌ എടുത്തു എന്നും, ഇപ്പൊ വരാന്‍ പേടിയാകുന്നു എന്നും പറഞ്ഞു. ഞാന്‍ പറഞ്ഞു പേടിക്കേണ്ട കാര്യം ഒന്നും ഇല്ല്യ; ഒന്നു ഉറങ്ങി എഴുന്നേല്‍ക്കുംമ്പോഴേക്കും ഇവിടെ എത്തും. എയര്‍പോര്‍ട്ടില്‍ ഞങ്ങള്‍ ഉണ്ടാകുകയും ചെയ്യും, പേടിക്കേണ്ടാതില്ല്യ എന്നൊക്കെ ഞാന്‍ ആശ്വസിപ്പിച്ചു. എന്നാലും അപ്പുണ്ണിഏട്ടന്റെ പേടി മാറിയില്ല്യ. വരുന്നതിന്റെ തലേദിവസം വീണ്ടും വിളിച്ചു, എന്താണാവോ എനിക്ക് പേടി കൊണ്ടു ഉറങ്ങീട്ടു കുറെ ദിവസായി, പ്ലെയിന്‍ അല്ലെ താഴെ വീണാലോ.. എന്റെ കുട്ട്യോള്.. ഇപ്പോ തോന്നാ ഒന്നും വേണ്ടായിരുന്നു എന്ന്. എന്റെ ആശ്വാസവാക്കുകള്‍ അല്പം ധൈര്യം കൊടുത്തു എന്ന് തോന്നി. എനിക്കും കേട്ടപ്പോള്‍ പാവം തോന്നി. ആദ്യമായിട്ടല്ലേ, ഇതു വരെ ഇങ്ങനെ ഒന്നും യാത്ര ചെയ്തിട്ടില്ല്യാലോ, അപ്പുണ്ണിയെട്ടനച്ചാ വലിയ പഠിപ്പൊന്നും ഇല്ല്യാലോ, അപ്പോ ആള്‍ക്ക് പേടി ഇംഗ്ലീഷ് എങ്ങിനെ പറയും, വല്ലതും തിന്നാന്‍ കിട്ടുമോ? ഒന്നു ബാത്‌റൂമില്‍ പോണം എന്ന് തോന്ന്യാല്‍ എന്ത് ചെയ്യും..? ഇതൊക്കെ ഓർത്തു അപ്പുണ്ണ്യേട്ടന്റെ നെഞ്ചു പട, പട എന്ന് മിടിക്കാൻ തുടങ്ങി. പാവം ആകെ കഷ്ടത്തിലായി എന്ന് പറയാലോ. ഞാന്‍ എല്ലാം പറഞ്ഞു മനസ്സിലാക്കികൊടുത്തു. ഒന്നിനും ഒരു ബുദ്ധിമുട്ടും വരില്ല്യ എന്നും .



അങ്ങിനെ ആ ദിവസം എത്തി, ഞങ്ങള്‍ നേരത്തെ തന്നെ എയര്‍പോര്‍ട്ടില്‍ എത്തി. ഇനി ഞങ്ങള്‍ എത്താന്‍ വൈകിയാല്‍ അപ്പുണ്ണിഏട്ടന്‍ വിഷമിച്ചാലോ എന്നോര്‍ത്ത്. കറക്റ്റ് ടൈമിനു തന്നെ ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്തു. അല്പം കഴിഞ്ഞപ്പോ ഒരു ട്രോളിയും തള്ളികൊണ്ട് അപ്പുണ്ണിഏട്ടന്‍ ക്ഷീണിച്ചു അവശനായി വരുന്നതു കണ്ടു. ഞങ്ങള്‍ വേഗം അടുത്തേക്ക് ചെന്നു. ഇനിയും വീണ്ടും കെട്ടിപ്പിടിച്ചാലോ എന്നോര്‍ത്ത് ഞാന്‍ അല്പം മാറി നിന്നു. കാറില്‍ കയറിയതിനു ശേഷം ആണ് അപ്പുണ്ണിഏട്ടന് ദീര്‍ഘനിശ്വാസം വീണത്‌. എങ്ങിനെ ഉണ്ടായിരുന്നു യാത്ര എന്ന് ചോദിച്ചപ്പോള്‍ ആണ് പറയണത്, ഒന്നും കഴിച്ചിട്ടില്യ എന്നും, വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴും ടെന്‍ഷന്‍ കാരണം ഒന്നും കഴിച്ചില്ല്യ എന്നും. അപ്പോ ഞാന്‍ ചോദിച്ചു ഫ്ലൈറ്റില്‍ നിന്നും ഭക്ഷണം കിട്ടിയില്ലെ എന്ന് ചോദിച്ചപ്പോ പറഞ്ഞു ; കിട്ടി, പക്ഷെ ഞാന്‍ കഴിച്ചില്ല്യ, എന്ത്യെ കഴിക്കാഞ്ഞെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി കേട്ട് ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. കൈകഴുകാന്‍ വെള്ളം കിട്ടാത്തത് കാരണം ഭക്ഷണം കഴിച്ചില്ല്യാന്നു. വേറെ ഒന്നും കിട്ടിയില്ലെ എന്ന് ചോദിച്ചു ഞാന്‍, അപ്പോ പറഞ്ഞു എന്തൊക്കയോ കുടിക്കാന്‍ കൊടുത്തു; എല്ലാരും എന്തൊക്കെയോ കുടിക്കണത് കണ്ടു. എന്നോട് എന്തൊയോ ചോദിച്ചു. ഞാന്‍ തലയാട്ടി ;വേണ്ടാന്ന് പറഞ്ഞു. അവര്‍ ചോദിച്ചത് എന്താണെന്നു എനിക്ക് മനസ്സിലായില്ല. അത് കൊണ്ടു ഞാന്‍ തലയാട്ടി. അപ്പോ എനിക്കൊന്നും തന്നില്യ. പിന്നെ ഒരു ട്രേയില്‍ എന്തോ കൊണ്ടു വന്നു. ഞാന്‍ അത് ചൂയിംഗം ആണെന്നു കരുതി ഞാന്‍ അതെടുത്ത് വായില്‍ ഇട്ടു. അത് വായില്‍ ഇട്ടപ്പോള്‍ ഒരു രുചി വ്യത്യാസം, അപ്പുറത്തിരിക്കുന്ന ആളെ നോക്കിയപ്പോള്‍ അയാള്‍ എന്നെ നോക്കുന്നു. ആ സാധനം കൊണ്ടു അയാള്‍ മുഖം തുടക്കുന്നു. ഞാന്‍ പതുക്കെ വായില്‍ നിന്നും അതെടുത്തു; അയാളെ നോക്കി ചിരിച്ചു, അതെവിടെ കളയും എന്നറിയാതെ കുഴഞ്ഞു. അവസാനം അതെന്റെ പോക്കറ്റില്‍ തന്നെ ഇട്ടു. എന്നിട്ട് അതെടുത്ത് ഞങ്ങൾക്കു കാണിച്ചു തന്നു. അത് കണ്ടു ഞങ്ങള്‍ കുറെ ചിരിച്ചു. വിമാനം പൊങ്ങിത്തുടങ്ങിയപ്പോ സര്‍വദൈവങ്ങളെയും വിളിച്ചുപോയി. എന്തൊരു തിരിച്ചിലാ അത് തിരിയണേ !!! ഈശ്വരാ ഇനി നിലം തൊടില്യ എന്നാ കരുതിയത്; പേടി കൊണ്ടു ടോയലറ്റില്‍ പോകാന്‍ വല്ലാണ്ടേ മുട്ടി. കുറെ സഹിച്ചു ഇരുന്നു. അവസാനം ഒരു രക്ഷയും ഇല്ല്യ എന്നായപ്പോ; ഇടക്കിടക്ക് ചിലര് എഴുന്നേറ്റു പോകുന്നത് കണ്ടു, അവരുടെ പിന്നാലെ ഞാനും കൂടി. അവസാനം ടോയ്ലെറ്റില്‍ കേറി, കാര്യം ഒക്കെ സാധിച്ചു. വെള്ളം എങ്ങിനെ ഒഴിക്കണം എന്ന് ഒരു പിടിയും ഇല്ല്യ. ഈശ്വരന്‍മാരെ കാത്തുകൊള്ളണേ എന്ന് ദൈവത്തെ വിളിച്ചു. വെള്ളം ഒഴിക്കാതെ പോയാല്‍ എന്റെ പുറകെ കേറുന്നവന്‍, ഞാന്‍ ഒരു തെണ്ടി ആണെനു കരുതില്ലേ.. ഈശ്വരാ..എന്ത് ചെയ്യും?? ഇതില്‍ കുറെ ബട്ടന്‍ മാത്രേ കാണുനുള്ളൂലോ ഭഗവാനെ.. ഇതില്‍ എതെങ്കിലും അമര്‍ത്തിയാല്‍ പ്ലെയിൻ എങ്ങാനും താഴെ വീണാലോ...!! ഹോ.. ആലോചി്ക്കാന്‍ വയ്യ. ഞാന്‍ കാരണം എത്രപേർ മരിക്കും അപ്പൊ. എന്ത് ചെയ്യും?? അവസാനം കണ്ണടച്ച് സര്‍വ ദൈവങ്ങളെയും വിളിച്ചു ഒരു ബട്ടന്‍ അമര്‍ത്തി. ഒരു വലിയ ശബ്ദത്തോടെ വെള്ളം ചീറ്റി. ആ ശബ്ദം കേട്ട് ഞാന്‍ ഞെട്ടി. എല്ലാം കഴിഞ്ഞു പുറത്തു കടക്കാന്‍ നോക്കിയപ്പോ വാതില്‍ എങ്ങിനെ തുറക്കണം എന്നൊരു പിടിയും ഇല്ല്യ. ഈശ്വരാ ഇതെന്തു പരീക്ഷണം.. ആരെ വിളിക്കും? നിന്നു തിരിയാന്‍ ഇടവും ഇല്ല്യ.. എങ്ങിനെ ഇനി പുറത്തു കടക്കും. എല്ലായിടത്തും പിടിച്ചു വലിച്ചു. തള്ളി നോക്കി; തുറക്കുന്നില്ല. എന്ത് കഷ്ടകാലത്താണാവൊ ഗള്‍ഫിലേക്ക് വരാന്‍ തോന്നിയത്.. ആ സമയത്തെ സ്വയം ശപിച്ചു. എല്ലാതും പിടിച്ചമര്‍ത്തി എവിടെയോ കൈകൊണ്ടപ്പോള്‍ വാതില്‍ താനെ തുറന്നു. ഞാന്‍ ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് വിജയ ശ്രീലാളിതനായി ഒന്നും സംഭവിച്ചിട്ടില്യ എന്ന മട്ടില്‍ സീറ്റില്‍ വന്നിരുന്നു. പിന്നെ ഞാന്‍ അനങ്ങാൻ പോയില്ല്യ. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ പാവം തോന്നി. എന്റെ മോൻ ഇതെല്ലാം കേട്ടിട്ട് ചിരി അടക്കാന്‍ പാടു പെടുകയാണ്. ഇനി അടുത്തൊന്നും നാട്ടിലേക്ക് പോകുന്നില്യ എന്ന് പറഞ്ഞ ആള് എവിടെ എത്തി കൃത്യം ഒരു വർഷം ആയപ്പോഴേക്കും നാട്ടിലേക്ക് തിരിച്ചു പോയി. ഇപ്പൊ പണ്ടത്തെ ആ പാവം അപ്പുണ്ണിയേട്ടനല്ല. നല്ല ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി കിട്ടി. ഇപ്പൊ നല്ലപോലെ ഇംഗ്ലീഷ് ഒക്കെ പറയാന്‍ പഠിച്ചു. കാലങ്ങൾ മനുഷ്യനെയും, അവന്റെ ജീവിത രീതിയെയും എത്ര പെട്ടന്നാ മാറ്റി മറിക്കുനത്. പണ്ടത്തെ ആ പേടിതൊണ്ടനായ അപ്പുണ്ണിയേട്ടനാണോ ഇതെന്ന് തോന്നും. കാലം പോയ പോക്ക്..

Sunday, November 22, 2009

രണ്ടു നക്ഷത്രങ്ങള്‍


ആയിരം നക്ഷത്രങ്ങള്‍ തിളങ്ങുമീ

ആകാശ ചരുവില്‍

അധിശോഭയാല്‍ ഒരു നക്ഷത്രമെന്നെ

തുറിച്ചു നോക്കുന്നു.

ആ പ്രഭാകിരണങ്ങള്‍

എന്നില്‍ പുതു ജീവനേകുന്നു .

എത്രകണ്ടാലും കൊതിയടങ്ങാത്ത

നിറനിലാവ് പോല്‍ പരന്ന

അതിന്‍ മുഖം തേടി ഞാന്‍

ആകാശ പടിവാതിലില്‍

കണ്ണുനട്ടിരിക്കവേ,

ഇടക്കിടെ വന്നു

ഒന്ന് മിന്നി തെളിഞ്ഞു .

ഒരു പ്രകാശ ഗോളമായി

സ്വയം പ്രാകാശിച്ച നിന്നെ

ഞാന്‍

കണ്ണിമ പൂട്ടാതെ നോക്കി നിന്നു.

നീ എന്നിലേക്കടുക്കുവാന്‍

ശ്രമിക്കുംന്തോറും,ഞാന്‍ നിന്നില്‍

ഒരു പ്രകാശമായി ലയിക്കുകയല്ലേ

എങ്കിലും നാം തമ്മില്‍

എത്രയോ അകലെയാണെന്ന സത്യം

മറന്നു പോകുന്നു .

ഞാനും നീയും ഈ ഭ്രമണപഥത്തിലെ

രണ്ടു നക്ഷത്രങള്‍ മാത്രം.

പ്രകാശം പരത്തുവാന്‍ മാത്രം ,

പ്രകാശിക്കുന്നവര്‍ നമ്മള്‍ .

Monday, November 16, 2009

ഞാൻ നേടിയത്

കാലം ഒരു നോക്കു
കുത്തിയായി എന്നെ നോക്കി..
നിന്നെ ഞാന്‍ തോല്പിച്ചേ
എന്ന മട്ടിൽ..
പല്ലിളിച്ചു കാട്ടി
ചിരിക്കുമ്പോൾ..
നാല് ചുവരുകൾക്കുള്ളില്‍
ഞെരിഞ്ഞമരുമ്പോഴും
ഞാന്‍ സ്വയം ചോദിച്ചു
ആര്‍ക്കു വേണ്ടി ?
എന്തിനു വേണ്ടി ?
അവസാനം നേടിയതെന്ത് ?
കൂട്ടിയും, കുറച്ചും
എന്‍റെ കണക്കു പുസ്തകത്തില്‍
ഞാന്‍ നേടിയത്
ഒരു വല്യ വട്ടപൂജ്യം !! .

Saturday, November 14, 2009

നിനക്കായി..

സൂര്യന്‍ ഭൂമിയില്‍

പ്രകാശം പരത്തും പോലെ

നീ എന്നില്‍ പ്രഭചൊരിഞ്ഞു

മഴ ഭൂമിയെ

തണുപ്പിക്കും പോലെ

എൻ മനസ്സിലും

ഒരു മഴയായി നീ പെയ്തിറങ്ങി

കടല്‍ തീരത്തെ

പുല്‍കും പോലെ,


മേഘം ആകാശത്തെ

പുല്‍കും പോലെ ,

നീ എന്നെ വാരി വാരി പുണർന്നു



ചന്ദ്രന്‍ രാത്രിയെ

പ്രണയിക്കും പോലെ

നീ എന്നെ പ്രണയിച്ചു


ചന്ദ്രശോഭയാല്‍

വിടരാനായി

വെമ്പി നില്‍ക്കും

താമര
പോല്‍

എന്‍ മനം നിനക്കായി


തുടിച്ചു നില്പൂ..



Thursday, November 12, 2009

അശരീരി

കാലമെന്നിലേല്‍ പിച്ച

പ്രഹരത്തില്‍ നിന്നും

മുക്തി നേടിടാനായി

ഞാന്‍ നെട്ടോട്ടം

ഓടിടുംബോഴും

നിന്നെ കുറിചോര്‍ക്കാതിരിക്കുവാന്‍

ആകുന്നില്ലെനിക്ക്.

ഭൂമി തലകീഴായി മറിഞാലും

സൂര്യന്‍ പടിഞാറു ഉദിചാലും

നിനക്ക്‌ ഞാന്‍ കൂട്ടിനുടെന്നു

നീ പരഞുതിര്‍ന്നത്‌

വെറുമൊരു പാഴ് വാക്കാണെന്നു

ഞാന്‍ അറിഞിടുമ്പോഴും,

ഇറുകെ കൊട്ടിയടച്ച

എന്‍ കാതുകളില്‍

ഒരശരീരിയായി

ഇന്നും മുഴങിടുന്നു

നിനക്ക് ഞാന്‍ ഉണ്ട് !

Sunday, November 8, 2009

എന്റെ കുട്ട്യേട്ടൻ..

എന്റെ കുട്ടിക്കാലത്ത് അമ്മാമേടെ വീട്ടിലേക്കു പോക്വാ എന്ന് പറഞ്ഞാൽ എനിക്ക് വലിയ ഇഷ്ടായിരുന്നു. ഏതെങ്കിലും അവധിക്കാലത്താകും മിക്കവാറും യാത്ര. അമ്മേടെ വീട് ഒരു പുഴ കടന്നു വേണം പോകാന്‍. തോണിയിൽ കേറാന്‍ പേടിയാണെങ്കിലും വെള്ളത്തിലൂടെ അതങ്ങിനെ ഒഴുകി തുഴഞ്ഞു പോകുമ്പോള്‍ അമ്മേടെ അടുത്തൂന്ന് പതുക്കെ എഴുന്നേറ്റു അറ്റത്തു വന്നിരിക്കാന്‍ ബഹളം കൂട്ടും. അപ്പോ വെള്ളത്തില്‍ കൈ തൊടീക്കാലോ. മീനിനേം ഞണ്ടിനേം ഒക്കെ നല്ലോണം കാണുകയും ചെയ്യാം.



ചിലപ്പോ വേലി ഇറക്കം ആണെന്നുവെച്ചാല്‍ കുറെ ദൂരം പുഴയിലൂടെ നടക്കണം. അത് നല്ല രസാ.. വെള്ളം ഒക്കെ തട്ടി തെറിപ്പിച്ച് നടക്കാലോ.. തോണി കരക്കെത്തിക്കഴിഞ്ഞാൽ പിന്നെ വീടെത്താന്‍ കുറെ നടക്കണം. അതാ എനിക്കിഷ്ടം ഇല്ലാത്തെ. കുട്ട്യേട്ടന്‍ കോലായില്‍ തന്നെ ഇരിപ്പുണ്ടാകും. അതോർക്കുമ്പോൾ എന്റെ നടത്തത്തിനു വേഗം കൂടും. അമ്മേടെ മുന്‍പിലൂടെ ഞാൻ ഓടി ഓടി നടക്കും. എന്റെ ഓട്ടത്തിനിടയില്‍ അമ്മ വിളിച്ചോണ്ടിരിക്കും, ഓടല്ലേടീ മോളേയെന്നും പറഞ്ഞ്. പോകുന്ന വഴിക്കെല്ലാം തെങ്ങുംതോപ്പാണു. അതിനു നടുവിലൂടെ തോടുകള്‍ പോകുന്നുണ്ട്. ഇടക്ക്, തോട് കടക്കാനായി ചെറിയ പാലങ്ങളും, ചില സ്ഥലത്തു മരകഷ്ണങ്ങളും ആണ് ഇട്ടിട്ടുള്ളത്. മരത്തിനു മുകളിലൂടെ വളരെ സാഹസികമായി വേണം അപ്പുറത്തു എത്താന്‍. അതുകൊണ്ട് അവിടെ എത്തുമ്പോള്‍ ഞാന്‍ അമ്മയെ കാത്തു നില്‍ക്കും. തോടുകളിലെല്ലാം കയര്‍ പിരിക്കുവാനായി ചകിരി പൂഴ്ത്തി ഇട്ടിരിക്കും. വേലിയിറക്ക സമയമാണെങ്കിൽ തോടിന്റെ അരികിലെല്ലാം കുഞ്ഞു കുഞ്ഞു ഞണ്ടുകള്‍ വന്നു നിറയും. എന്റെ ഓട്ടത്തിനിടക്ക്‌ അവിടെ നിന്ന്, അതിനെ ഒക്കെ കല്ല് എടുത്തെറിയും.



വഴി അരികിലൂടെ നടന്നു പോകുമ്പോള്‍ അമ്മോയോട് എല്ലാരും ചോദിച്ചോണ്ടിരിക്കും. ബേബീടെ എളേകുട്ട്യാ ഇതു! ഇവള് വലുതായല്ലോ.. എന്നൊക്കെ. എനിക്കാച്ചാൽ വേഗം വീടെത്തിയാല്‍ മതീന്നാകും. മനസ്സില്‍ ദേഷ്യം കൊണ്ട് പിറുപിറുക്കും. അമ്മക്ക് മിണ്ടാണ്ടെ നടന്നൂടെ എന്നൊക്കെ. പ്രദേശത്തെ വലിയ തറവാട്ടു വീട്ടുകാരാ അമ്മേടെ വീട്ടുകാര്‍. അതോണ്ട് അമ്മേനെ എല്ലാര്‍ക്കും അറിയാം. അപ്പൊ മിണ്ടാണ്ടെ പോകാനും പറ്റില്ല്യാലോ.



വലിയ വീടാ അമ്മേടെ. കളപ്പുരയും,തൊഴുത്തും ഒക്കെ ഉള്ള ഒരു പഴയ ഇരുനില വീട്. വീടെത്താറാകുമ്പോള്‍ എന്റെ നടത്തത്തിന്റെ വേഗം കുറയും. ഞാന്‍ പതുക്കെ അമ്മേടെ സാരിതുമ്പില്‍ ഒളിക്കും. കാരണം കോലായില്‍ തന്നെ ചിലപ്പോ വല്യമ്മാവന്‍ ഇരിപ്പുണ്ടാകും. അമ്മക്ക് നാല് ആങ്ങളമാരാ. അതില്‍ മൂത്ത ആങ്ങളയാ തറവാട്ടില്‍ താമസിക്കണേ. വല്ല്യമാമക്ക് രണ്ടു കുട്ടികള്‍. മൂത്തത് തുളസി ഏടത്തി. രണ്ടാമത്തേത് ആണ് കുട്ട്യേട്ടന്‍. ശരിക്കും ഉള്ള പേര് ഹരി എന്നാ. ഞാന്‍ കുട്ട്യേട്ടന്‍ എന്ന് വിളിക്കും. എന്നേക്കാളും മൂന്നു വയസ്സിനു മൂത്തതാ കുട്ട്യേട്ടന്‍. വല്ല്യമ്മാമയെ എനിക്ക് പേടിയാ. നല്ല ആറടി പൊക്കവും, നീണ്ട മൂക്കും, തീഷ്ണമായ കണ്ണുകളും, ആരെയും വശീകരിക്കുന്ന ചിരിയുമാണ് വല്ല്യമാമയുടെ. മാമയെ എല്ലാര്‍ക്കും പേടിയാ. എന്നാല്‍ അമ്മായിടെ മുന്‍പില്‍ അമ്മാമ പൂച്ചയാ. വല്ലമ്മാമയെ എനിക്ക് പേടിയാ. വല്ല്യമ്മാമയ്ക്ക് എന്നെ കണ്ടാല്‍ ഒന്ന് മാത്രെ ചോദിക്കാന്‍ കാണൂ,എന്റെ പഠിപ്പിന്റെ കാര്യം. അതൊഴിച്ചു വേറെ എന്ത് ചോദിച്ചാലും റെഡിയായി ഉത്തരം കാണും. പിന്നെ അധികം ഒന്നും എന്നോട്‌ സംസാരിക്കില്യ. അമ്മയോട് സംസാരിക്കുന്നതിനിടക്ക് ഞാന്‍ പതുക്കെ വലിയും, കുട്ട്യേട്ടന്റെ മുറിയിലേക്ക്. കുട്ട്യേട്ടന്റെ മുറി മുകളില്‍ വടക്കേ മുറിയാ. തെക്കേ മുറി അമ്മാമേടെ. നടുക്ക്‌ തുളസി ഏടത്തീടെ.



തുളസി ഏടത്തീടെ മുറീല് കേറില്യ. മുറീലെ ഒന്നും തൊടാന്‍ സമ്മതിക്കില്യ. പിന്നെ എപ്പോ നോക്കിയാലും കണ്ണാടി നോക്കി കോപ്രായങ്ങള്‍ കാണിച്ചോണ്ടിരിക്കും ഏടത്തി. ഞാന്‍ എപ്പോഴും കുട്ട്യേട്ടന്റെ കൂടെ കാണൂ. താഴത്തെ വടക്കേ മുറി അമ്മമ്മയാ ഉപയോഗിക്കണേ. പിന്നെയും ഉണ്ട് രണ്ടു മുറി. ഞാന്‍ വന്നാല്‍ കുട്ട്യേട്ടനും ഞാനും അമ്മമ്മേടെ മുറീലാ കെടക്കാ. അമ്മമ്മേടെ മുറീല്‍ ഒരു പ്രത്യേക മണാ. തൈലത്തിന്റെ മണം ല്ലാ. ഒരു സുഖമുള്ള മണം. അതെന്തിന്റെ മണമാ എന്ന് പിന്നീട് ഒരിക്കല്‍ ഞാന്‍ അറിഞ്ഞൂ. ഒരു കൈതപ്പൂ അമ്മമ്മേടെ മരപ്പെട്ടികകത്തു സൂക്ഷിച്ചു വെച്ചിരുന്നു അതിന്റെ മണം ആയിരുന്നു അത്. ഇന്നും മണം എന്റെ മൂക്കില്‍ ഉള്ള പോലെ തോന്നുന്നു.
ഞാന്‍ എത്തി ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞാല്‍ ഞാനും കുട്ട്യേട്ടനും കൂടി നടക്കാന്‍ ഇറങ്ങും. തെക്കേല്‍ക്ക്. അത് അമ്മേടെ ചെറിയച്ചന്റെ വീടാ. തൊട്ടടുത്ത തന്നെയാ. അവിടെ പോയാല്‍ നല്ല മധുര പലഹാരങ്ങള്‍ എപ്പോഴും ഉണ്ടാകും. ഞാന്‍ എത്തി എന്നറിഞ്ഞാല്‍ അവിടെത്തെ അമ്മമ്മ എനിക്ക് കോഴിമുട്ട പുഴുങ്ങി എടുത്തു വെക്കും. എന്നിട്ട് പറയും ഇതു ബിന്ദൂനുള്ളതാ എന്ന്. ഞാന്‍ അമ്മേടെ വീട്ടില്‍ എല്ലാര്‍ക്കും ബിന്ദുവാ. എനിക്കാ പേരു ഇഷ്ടല്ല്യ. എന്നെ അച്ഛന്റെ വീട്ടില്‍ വിളിക്കണതു മോളൂട്ടീ എന്നാ. അതാ എനിക്കിഷ്ട്ടം. എല്ലാരെയും കണ്ടു വർത്താനം ഒക്കെ പറഞ്ഞു പതുക്കെ ഞങ്ങള്‍ പറമ്പിലേക്ക് നടക്കും. അവിടെ കുളിക്കുന്ന ഒരു വലിയ കുളം ഉണ്ട്. കുളത്തില്‍ നിറയെ മീനും ഉണ്ട്. കുളത്തിലെ വെള്ളത്തില്‍ ഒക്കെ കളിച്ചു ഞങ്ങള്‍ കുട്ട്യേട്ടന്റെ വീട്ടിലേക്ക് തിരിക്കും. പോകുന്ന വഴിക്ക് തെക്കേലെ പറമ്പില് ഒരു വലിയ ഞാവല്‍ മരം ഉണ്ട്. ഞാവല്‍ പൂക്കുന്ന കാലം ആണെങ്കില്‍ ഞാവല്‍ പൊട്ടിക്കാന്‍ കുട്ട്യേട്ടന്റെ സാഹസികമായ ഒരു മരം കയറ്റം ഉണ്ട്. എന്റെ മുന്‍പില്‍ വലിയ ആളാകണം അതാണ്‌ ലെക്ഷ്യം. കുട്ട്യേട്ടന്‍ മരത്തില്‍ കയറിയാല്‍ അടുത്ത പറമ്പിലെ മുക്കവമക്കള്‍ നിരന്നു നില്‍ക്കും. ഞാവല്‍ പഴം പെറുക്കാനായി. അവരെ എല്ലാം വെരട്ടി ഓടിക്കും കുട്ട്യേട്ടന്‍. ഞാവല്‍ പഴം കഴുകി അത് ഉപ്പിട്ട് വെയിലത്തു അല്പം നേരം വെച്ചു കൊണ്ടു വന്നു തരും. എന്ത് രസാ അത് തിന്നാന്‍. അതുപോലെ തന്നെ മാമേടെ വീട്ടിനു മുന്‍പില്‍ ഒരു അയിനി ചക്കമരം ഉണ്ട്. (ചക്കയുടെ ചെറുത്‌ ,ചെറിയ ചെറിയ കുരുക്കളായി കാണുന്നത്) മരം നില്‍ക്കുന്നതു പാമ്പിന്‍ കാവിലാണ്. അങ്ങോട്ട് പോകാന്‍ പേടിയാണ്. എന്നാലും അയിനിചക്ക ഉണ്ടാകുന്ന കാലം ആണെങ്കിൽ അപ്പുറത്തെ വീട്ടിലെ കോമന്റെ മകനെ വിളിച്ചു മരം കേറ്റിക്കും. അയിനിചക്ക നിലത്തു വീണാല്‍ അതു പിന്നെ തിന്നാന്‍ പറ്റില്ല്യ. നിലത്തു വീഴാതെ കിട്ടാനായി ഞാനും കുട്ട്യേട്ടനും കൂടി ഒരു മുണ്ട് വലിച്ചു പിടിച്ചു നില്ക്കും. പൊട്ടിച്ചു താഴേക്ക്‌ ഇട്ടു തരുമ്പോള്‍ പിടിക്കാനായി. തിന്നാലും,തിന്നാലും കൊതി തീരില്ല്യ.



അങ്ങിനെ എല്ലാ കറക്കവും കഴിഞു സന്ധ്യയാകും വീട്ടില്‍ എത്തുമ്പോഴേക്കും. പിന്നെ മേലുകഴുകി അമ്പലത്തില്‍ വിളക്ക് വെക്കണം. വീട്ടിന്റെ ഒരു ഭാഗത്ത് സുബ്രമണ്യസ്വാമീടെ ഒരു അമ്പലം ഉണ്ട്. കുട്യേട്ടനാണ് അവിടെത്തെ പൂജാരി. ചിലപ്പോ അമ്മമ്മയും വിളക്ക് വെക്കും. മേലുകഴുകി നാമം ജപിക്കലുണ്ട്. അതു ഒന്നു വേഗം കഴിഞ്ഞുകിട്ടാന്‍ വേഗത്തില്‍ ചൊല്ലി തീര്‍ക്കും. അതുകഴിഞ്ഞാല്‍ പിന്നെ ചോറുണ്ണാന്‍ വിളിക്കും വരെ ഞാനും കുട്ട്യേട്ടനും കൂടി മുകളില്‍ കളിച്ചോണ്ടിരിക്കും. ചിലപ്പോ നൂറാംകോല് ആണു കളിക്കുന്നതെങ്കില്‍ തുളസി ഏടത്തിയും കൂടും. ഓണത്തിനും,വിഷുനും ഒക്കെ ഉള്ള അവധിക്കാ ഞാന്‍ മിക്കവാറും വരണത്. ഞാന്‍ വരണവരെ എനിക്കായി ബാലരമയും,പൂമ്പാറ്റയും എടുത്തു വെച്ചിട്ടുണ്ടാകും കുട്ട്യേട്ടന്‍. പിന്നെ കുറെ ലോട്ടറി ടിക്കറ്റുകളും. അമ്മാമക്ക് എന്നും ലോട്ടറി എടുക്കണ സ്വഭാവം ഉണ്ട്. അപ്പൊ അതെല്ലാം കളയാണ്ടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടാകും. അതു ഞങ്ങള്‍ പൈസയായി ഉപയോഗിക്കും. പിന്നെ ചോറ് ഉണ്ണലൊക്കെ കഴിഞ്ഞാല്‍ ഉറങ്ങാനുള്ള നേരാകും. അമ്മമ്മേടെ അടുത്താ ഞങ്ങള്‍ രണ്ടാളും ഉറങ്ങാ. അമ്മമ്മ കൊറേ കഥകളൊക്കെ പറഞ്ഞു തരും. കഥ പറയാന്‍ തൊടങ്ങുമ്പൊഴേക്കും മിക്കവാറും ഞാന്‍ ഉറങ്ങീട്ടുണ്ടാകും.



ഞാന്‍ എണീക്കണതിനുമുന്പേ കുട്ട്യേട്ടന്‍ എണീററിട്ടുണ്ടാകും. എനിക്കുള്ള ഉമിക്കെരിയും ഈർക്കലും കൊണ്ടു എന്നെ കാത്തു കിണറ്റിന്‍ കരയില്‍ ഇരിപ്പുണ്ടാകും. കിണറ്റിന്‍ കരയിലെ പല്ലുതേപ്പ് കഴിയാന്‍ കുറെ നേരം എടുക്കും. കിണറിനു വെള്ളം കോരാന്‍ കപ്പി ഒന്നും ഇല്ല്യ. കയറിട്ടു വലിച്ചെടുക്കണം. ആഴം കുറവാണ് കിണറിനു. ഞാന്‍ വെള്ളം കോരാനായി വല്യേ ആളാകാന്‍ നോക്കും. എനിക്കാണെങ്കില് വെള്ളം കോരി വല്യേ പ്രാക്ടീസോന്നും ഇല്ല്യ. എന്നാലും വലിയ വീട്ടമ്മയാകാന്‍ ഞാന്‍ ശ്രമിക്കും. അവസാനം കരഞ്ഞു ബഹളം വെച്ചാകും പോകുക.



അമ്മായി ഉണ്ടാക്കുന്ന പലഹാരങ്ങൾക്കെല്ലാം നല്ല രുചിയാ. അതു തിന്നുമ്പോള് ഞാന്‍ വിചാരിക്കും കുട്ട്യേട്ടന് എന്ത് സുഖാ ഇവിടെ, നല്ല ഭക്ഷണം , നല്ല വീട് എല്ലാം നല്ലതാ ഇവിടെ . ഇതെല്ലാം എന്റെ വീട്ടിലും ഉണ്ടെങ്കിലും എനിക്കിഷ്ടം കുട്ട്യേട്ടന്റെ വീടാ. കുട്ട്യേട്ടന്റെ വീട്ടില് നാല് കുളങ്ങള്‍ ഉണ്ട്. ഒരു കുളം അമ്പലത്തിലെ ആവശ്യങ്ങൾക്കു മാത്രേ ഉപയോഗിക്കൂ. ഒന്ന്‍ കുളിക്കാന്‍, ഒന്ന്‍ ഓലമെടയാന്‍ ഉള്ള ഓലകള്‍ ഇടാന്‍ ഉള്ളതാ, പിന്നെ ഒന്ന്‍ അലക്കാന്‍ ഉള്ളത്‌. അമ്പല കുളത്തില് കുറെ മീന്‍ ഉണ്ട്. കുളിക്കാന്‍ പോകുന്നതിനുമുമ്പ് അമ്പലക്കുളത്തില്‍ ഇറങ്ങി തോര്‍ത്തു മുണ്ട് പിടിച്ചു ഞങ്ങള്‍ മീന്‍ പിടിക്കും. എന്നിട്ട് കുപ്പീലാക്കും. അതൊക്കെ കഴിഞ്ഞു പിന്നെം കുളിക്കാന്‍ പോകും. എന്റെ വീട്ടിലും ഉണ്ട് രണ്ടു കുളം. ഒരെണ്ണം മാത്രെ ഉപയോഗിക്കുണുളളൂ . കുളത്തില് ഒറ്റയ്ക്ക് പോകാനൊന്നും പറ്റില്ല്യ. നല്ല ആഴം ഉണ്ട്. ഞാന്‍ നീന്തൽ പഠിക്കണത് കുട്ട്യേട്ടന്റെ വീട്ടിന്നാ. കുട്ട്യേട്ടനാ എന്നെ നീന്തല് പഠിപ്പിക്കണേ. തേങ്ങെടെ മുപ്പിളി കെട്ടി (പെടു തേങ്ങ ) അതില് കിടത്തി കുറെ ദൂരം കൊണ്ട് പോകും. ഒരൂസം മുപ്പിളീന്നു വഴുതി മാറി. മുങ്ങി താഴാന്‍ തൊടങ്ങിയപ്പോഴേക്കും കുട്ട്യേട്ടന്‍ വന്നെന്നെ പൊക്കി എടുത്തു. അന്ന് ഞാന്‍ കുറെ വെള്ളം കുടിച്ചു. ഞാനും ,കുട്ട്യേട്ടനും ശെരിക്കും പേടിച്ചു അന്ന്. അന്നാ എന്റെ ഓര്‍മ്മയില് കുട്ട്യേട്ടന്റെ ആദ്യത്തെ ഉമ്മ എനിക്ക് കിട്ടണേ. ഞാന്‍ പേടിച്ച് കരഞ്ഞപ്പോള്‍ കുട്ട്യേട്ടന്റെ കവിളിലൂടെയും കണ്ണുനീര്‍ ഒഴുകി. ഞാന്‍ നഷ്ടപ്പെടണത് ഒരു നിമിഷം ഓര്‍ത്തിരിക്കണം. അന്നെന്നെ നെഞ്ചോടു ചേര്‍ത്തു കെട്ടിപിടിച്ച് ഉമ്മ വെച്ചു . നെറുകയിലും,കവിളിലും. അപ്പോള്‍ എന്റെ കരച്ചിലും താനെ നിന്നത് ഞാന്‍ ഇന്നും ഓർക്കണുണ്ട്. ഞാന്‍ ഒരു നിമിഷം അന്ധാളിച്ചു പോയി. കണ്ണുനീര്‍ തുടച്ചു കൊണ്ട് ഞാന്‍ ഏങ്ങി ഏങ്ങി പറഞ്ഞു , എനിക്കൊന്നും ഇല്ല്യാന്നു . അതിന് ശേഷം പേടി ആയിരുന്നു നീന്താന്‍. അവസാനം നിര്‍ബന്ധിച്ചു പഠിപ്പിച്ചു. ഒരവധിക്ക് ഞാന്‍ അമ്മമ്മേടെ വീട്ടില്‍ വന്നപ്പോളാണ് അത് സംഭവിച്ചത്. കുട്ട്യേട്ടന്റെ പറമ്പിലൂടെ ഒരു ലൈന്‍ കമ്പി പോകണുണ്ട്. അതിന്റെ തൊട്ടടുത്തായി ഒരു മാവുണ്ട്. മാവിന്റെ കൊമ്പ് ലൈനില്‍ തൊട്ടാണ് ഇരിക്കണേ. എന്റെ മുമ്പില് വല്ല്യേ ആളാകാന്‍ വേണ്ടി കൊമ്പില്‍ ഇരുന്നു സര്‍ക്കസ്സ് കാട്ടും. ഒരൂസം അഭ്യാസത്തിന് എടേല് കൈ അറിയാതെ ലൈനില്‍ കൊണ്ടതും" ട്ടെയ് " എന്ന ശബ്ദത്തോടെ മരകൊമ്പില്‍ നിന്ന് ബോധം കെട്ട് വീണു. താഴെ നിന്ന എന്റെ അലര്‍ച്ച കെട്ട് അമ്മയും,അമ്മാമയും എല്ലാരും ഓടി വന്നു. അമ്മാമ ഒരു മരകമ്പ് എടുത്തു അടിച്ചു . എന്തോ ഈശ്വരാധീനം കൊണ്ടു ജീവന്‍ തിരിച്ചു കിട്ടി. അപ്പോ തന്നെ ആശുപത്രീല് കൊണ്ടുപോയി. അന്ന് എല്ലാരും നന്നായി പേടിച്ചു. ബോധം വന്നപ്പോ എന്നെ നോക്കി ചിരിച്ചപ്പോ എനിക്ക് കരച്ചിലാ വന്നത്. എന്റെ കരച്ചില് കണ്ടു എല്ലാരും എന്നെ കളിയാക്കി. നിന്റെ കുട്ട്യേട്ടന്‍ നിനക്കു ഉള്ളതാ ... അതാ അവന് ഒന്നും പറ്റാഞ്ഞേ ന്നും പറഞ്ഞു ...
എല്ലാരും അങ്ങിന്യാ പറഞ്ഞീർന്നത്. അത് കേള്‍ക്കുമ്പോ ഞാന്‍ നാണം കൊണ്ട് ഓടി മറയും. അപ്പോ കുട്ട്യേട്ടന്‍ എന്നേ നോക്കി ചിരിക്കും.



ഓരോ അവധിക്കാലം കഴിഞ്ഞു തിരിച്ചു പോകുമ്പോളും മനസ്സു വല്ലാതെ പിടയും. വല്ലാത്ത ഒരു വേദന നെഞ്ചില്‍ പടരും. മനസ്സില്‍ ആരാധിച്ചു പൂജിച്ചു വെക്കുന്നവര്‍ കുറച്ചു കാലത്തേക്ക് പോലും നമ്മളില്‍ നിന്നകലുമ്പോൾ, മാറി നില്‍ക്കുമ്പോള്‍ ഏതൊരാള്‍ക്കും നെഞ്ച് അറിയാതെ തേങ്ങിപ്പോകും. ഇനി അടുത്ത അവധിക്കാലം വരും വരെ കാണില്ല്യ. അതൊന്നു വേഗം ആകണേ എന്ന് പ്രാര്‍ത്ഥിക്കും.
ഞാന്‍ തിരിച്ചു, അമ്മേടെ കയ്യും പിടിച്ചു പതുക്കേ തിരിഞ്ഞു നോക്കി, തിരിഞ്ഞു നോക്കി ടാറ്റ കാട്ടി, ടാറ്റ കാട്ടി നടന്നകലണതും നോക്കി കുട്ട്യേട്ടനും, അമ്മമ്മയും നില്ക്കും. ഞങ്ങള്‍ കണ്ണില്‍ നിന്നും മായും വരെ കുട്ട്യേട്ടന്‍ ടാറ്റ കാണിക്കും.


പിന്നീട് മുതിർന്നപ്പോള്‍ കുട്ട്യേട്ടന്‍ പഠിക്കാനായി ബാംഗുളൂരിലേക്ക് പോയി. പിന്നെ പിന്നെ എവിടെയൊക്കയോ കുട്ട്യേട്ടന് എന്നോടുള്ള ഇഷ്ടത്തിന് മങ്ങലേറ്റു. കുറെ കാലം കഴിഞ്ഞപ്പോള്‍ ആരോ പറേണതു കേട്ടു, കുട്ട്യേട്ടന്‍ കൂടെ പഠിക്കണ ഒരു കുട്ടി‌മായി അടുപ്പത്തിലാണെന്നു. കേട്ടപ്പോള്‍ എല്ലാം അസത്യം ആകണേ എന്ന് പ്രാർത്ഥിച്ചു. എന്റെ കുട്ട്യേട്ടന് എന്നെ മറക്കാന്‍ ആകില്ല്യാ എന്ന എന്റെ തോന്നലുകള്‍ വെറുതെ ആയിരുന്നു. കാലം മനുഷ്യരില്‍ മാറ്റങ്ങള്‍ തീര്‍ത്തത് ഞാന്‍ നീറുന്ന വേദനയോടെ തിരിച്ചറിഞ്ഞു. വീട്ടിലെ എല്ലാവരുടെയും എതിര്‍പ്പ് വകവെക്കാതെ കുട്ട്യേട്ടന്‍ കുട്ടിയെ രജിസ്റ്റര്‍ കല്യാണം കഴിച്ചു. അതോടെ കുട്ട്യേട്ടന്‍ കുട്ട്യേട്ടന്റെ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് കുറെ കാലങ്ങള്‍ക്ക് ശേഷം വല്യമ്മാമ മരിച്ചെന്നു കേട്ടപ്പോള്‍ അവര്‍ വന്നു. കുട്ട്യേട്ടനും,ഭാര്യയും,ഒരു മോനും. കുട്ട്യേട്ടന്റെ ഭാര്യാ ഒരു സുന്ദരി തന്നെ ആയിരുന്നു. എന്നെക്കാളും കുട്ട്യേട്ടന് യോജിച്ചവള്‍ തന്നെ.. ആരെയും ആകര്‍ഷിക്കുന്ന കണ്ണുകളും,ധാരാളം മുടിയും,നല്ല സംസാരവും. ആർക്കും ഇഷ്ടം തോന്നുന്ന പ്രകൃതം. എല്ലാം കൊണ്ടും കുട്ട്യേട്ടന് യോജിച്ചവൾ. കുട്ട്യേട്ടന്‍ ആളാകെ മാറീരിക്കുണു. കുറച്ചു തടിച്ചിരിക്കുണു. എന്നോട്‌ സംസാരിക്കാതിരിക്കാനും, തനിച്ച് കണ്ടുമുട്ടുണത് ഒഴിവാക്കാനും കുട്ട്യേട്ടന്‍ പ്രത്യേകം ശ്രദ്ധിച്ചു. മനസ്സില്‍ ഒരുപാട്‌ വേദനകൾ‍, നീറുന്ന ഓര്‍മ്മകള്‍ ബാക്കി വെച്ചു എന്റെ കുട്ട്യേട്ടന്‍ എന്നോ എന്നില്‍ നിന്നും അകന്നതല്ലേ.. പിന്നെ എന്തിന് വിഷമിക്കുന്നു എന്ന് സ്വയം ചോദിച്ചെങ്കിലും, എനിക്കായി സ്നേഹം നിറഞ്ഞ ഒരു നോട്ടം എങ്കിലും ലഭിക്കാന്‍ കൊതിച്ചു.. കാരണം ഇന്നും എന്റെ ഉള്ളില്‍ കുട്ട്യേട്ടന്‍ നിറഞ്ഞു നില്‍ക്കുന്നു.. ഒരിക്കലും മായാത്ത ഒരായിരം കിനാക്കളും ബാക്കി വെച്ചു...