Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Tuesday, October 12, 2010

വിശ്വസിച്ചാലും ഇല്ലെങ്കിലും ...

വിവാഹത്തിന് മുന്‍പുതന്നെ ഏട്ടന്‍ ഒരു വീട് വെക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആയിരുന്നു..പല കാരണങ്ങള്‍ കൊണ്ട് ഒന്നും നടന്നില്ല. അങ്ങിനെ വിവാഹശേഷം വീണ്ടും ആ അന്വേഷണം പഴയതിലും വേഗത്തില്‍ നടന്നു. പല വീടുകളും,സ്ഥലങ്ങളും പൊയികണ്ടു .ഒന്നും ശരിയായില്ല. അങ്ങിനെ ഇരിക്കുമ്പോഴാണ് പത്രത്തില്‍ കണ്ട ഒരു പരസ്യം അനുസരിച്ച് ഞങ്ങള്‍ ഒരു സ്ഥലം കാണാന്‍ പോകുന്നത്.വെട്ടി നിരപ്പാക്കിയ ഒരേക്കര്‍ ഭൂമി.മരം പോയിട്ട്, ഒരു പുല്ലുപോലും ഇല്ലാത്ത മണ്ണ്.അടുത്ത് താമസിക്കുന്നവര്‍ സാധാരണക്കാരായ മനുഷ്യര്‍.ഒരു നാട്ടിന്‍ പുറത്തിന്റെ പ്രതീതി.

തൃശൂര്‍ നഗരത്തില്‍ നിന്നും വെറും നാലുകിലോമീറ്റര്‍ മാത്രം ദൂരം. ഒച്ചയും ,ബഹളവും ഇല്ലാത്ത നിശബ്ധമാര്‍ന്ന ഇടം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമായി.അങ്ങിനെ ആ ഒരേക്കര്‍ ഭൂമിയിലെ ആറ് സെന്റ് ഭൂമി ഞങ്ങള്‍ക്ക് സ്വന്തമായി. വീടുപണി തട്ടിയും മുട്ടിയും, മുട്ടില്‍ ഇഴഞ്ഞും,പിച്ചവെച്ചും ,ഏതാണ്ട് പൂര്‍ത്തിയായി വരുന്നതിന്‌ ഇടക്കാണ് അയല്‍വാസികളായ ചില സ്ത്രീകളെ ഞാന്‍ പരിചയപെടാന്‍ ഇടയായത്.അപ്പോഴാണ്‌ ആ സ്ഥലത്തെക്കുറിചു അറിയാത്ത പല കഥകള്‍ അറിയുന്നത്.ആ ഒരേക്കാര്‍ സ്ഥലം വൃദ്ധരായ ദമ്പതികളുടെതായിരുന്നു. അവിടെ മുഴുവന്‍ മാവും ,പ്ലാവും,തെങ്ങും,കവുങ്ങും,എന്നുവേണ്ട എല്ലാതരം മരങ്ങളും തിങ്ങി നിറഞ്ഞ ഒരു കാടായിരുന്നു.അതിനു നടുവില്‍ ആയിരുന്നു അവരുടെ വീട്.ദേവസ്സി എന്നായിരുന്നു അയാളുടെ പേര്.ആറുപിശുക്കനായിരുന്ന ദേവസ്സി പറമ്പില്‍ നിന്നും കിട്ടുന്ന ആദായം കൊണ്ടും,പശുക്കളെ വളര്‍ത്തിയുമാണ് ജീവിച്ചിരുന്നത്.ഇതില്‍ നിന്നും കിട്ടുന്ന വരുമാനം ഇയാള്‍ ബാങ്കില്‍ നിക്ഷേപിച്ചു ദരിദ്രരായി ജീവിച്ചു.ഇവര്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല.അതിനു പിറകില്‍ ഒരു നീണ്ട കഥ ഉണ്ടായിരുന്നു.ഒരു പാമ്പിന്‍ ശാപത്തിന്റെ കഥ .ഒരിക്കല്‍ ദേവസ്സി തന്റെ പറമ്പില്‍ ഇണ ചേര്‍ന്ന രണ്ടു പാമ്പുകളെ കാണുകയും,അതില്‍ ഒരെണ്ണതിനെ തല്ലികൊല്ലുകയും ചെയ്തു. ഇതിനുശേഷം എന്നും രാത്രികാലങ്ങളില്‍ ഒരു പാമ്പ്‌ എവിടെനിന്നോ ഇഴഞ്ഞു വന്നു ദേവസ്സിയുടെ വാതിലില്‍ കൊത്തുക പതിവായി.പാമ്പിനെ കാണുമ്പോള്‍ ദേവസ്സിയുടെ വളര്‍ത്തുനായ കുരക്കുകയും,അകത്തുനിന്നും ഇറങ്ങിവന്നു ദേവസ്സി പാമ്പിനെ തല്ലികൊല്ലുകയും,ചെയ്ത് കൊണ്ടിരുന്നു.ഒരിക്കല്‍ ഒരു വിഷപാമ്പിന്‍ കൊത്തുകൊണ്ട് ദേവസ്സിയുടെ നായ അകാലമരണം പൂകി.എന്നിട്ടും പാമ്പിന്‍ ശല്ല്യം തുടര്‍ന്നുകൊണ്ടിരുന്നു.ഈ പമ്പുകളുടെ ശാപം മൂലമാണ് ദേവസ്സിക്ക് കുട്ടികള്‍ ഇല്ലാതെ പോയതെന്ന് നാട്ടുകാര്‍ പറയുന്നു. അങ്ങിനെ ദേവസ്സി "പാമ്പ്‌ ദേവസ്സി "എന്ന് അറിയപ്പെട്ടു.

ദേവസ്സിക്കും ഭാര്യക്കും പ്രായാദിക്ക്യം വന്നപ്പോള്‍ അവര്‍ ആ സ്ഥലം മറ്റാര്‍ക്കോ വില്‍ക്കുകയും, അവര്‍ അവിടെ മരങ്ങള്‍ എല്ലാം വെട്ടി, നിരപ്പാക്കി ഹൌസിംഗ് പ്ലോട്ടായി വില്‍ക്കാന്‍ ഇടുകയും ചെയ്തു. അങ്ങിനെയാണ് ആ സ്ഥലം ഞങ്ങളും വാങ്ങുന്നത്.ഞങ്ങളുടെ വീട്പണി പൂര്‍ത്തി ആകാറായപ്പോഴേക്കും മിക്കപ്ലോട്ടുകളും വിറ്റുകഴിഞ്ഞിരുന്നു.ഒരു പാമ്പിന്‍ ശാപം നിലനില്‍ക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ അല്പം ഭയം തോന്നാതിരുന്നില്ല.അവിടെ താമസമാക്കിയതിനുശേഷം പലപ്പോഴും അകത്തും ,പുറത്തുമായി ഉഗ്രവിഷമുള്ള പാമ്പുകളെ കാണുന്നത് പതിവായി.ചിലതിനെ ഞങ്ങള്‍ തന്നെ കൊല്ലുകയും ചെയ്തു. അങ്ങിനെ ആ വീട്ടില്‍ എന്നെയുംമോനെയും നിര്‍ത്തി ഏട്ടന്‍ പ്രവാസ ജീവിതത്തിലേക്ക് കടന്നു. എനിക്ക് കൂട്ടിന്‌ ഇടക്കിടെ കാണുന്ന പാമ്പിന്‍ കുട്ടികളും,എന്റെ പ്രിയപ്പെട്ട നായയും ആയി.അവനായിരുന്നു എന്റെ ധൈര്യം. പലരാത്രികളിലും എന്റെ പ്രിയ നായയുടെ കുരകേട്ട് ഞാനും വാതില്‍തുറന്നു.അപ്പോഴൊക്കയും വിഷമുള്ള പാമ്പുകളെ കാണുകയും അയല്‍ക്കാര്‍ വന്നു അവയെ കൊല്ലുകയും ചെയ്യും.എന്റെ വീട്ടില്‍ മാത്രം നായ ഉള്ളതുകൊണ്ട് പാമ്പിനെ കാണുമ്പോള്‍ കുരച്ച് അപ്പപ്പോള്‍ വിവരം അറിയിച്ചു. മറ്റുള്ളവരുടെ വീടുകളില്‍ ഇടക്കൊകെ കാണുമെങ്കിലും ആരും അതത്ര കാര്യം ആക്കിയില്ല.
ഒരു ഉച്ചനേരത്ത് നായയുടെ നിര്‍ത്താതെ ഉള്ള കുരകേട്ടാണ് ഞാന്‍വാതില്‍ തുറന്നു പുറത്തു വന്നത്.വാതില്‍ തുറന്ന ഞാന്‍ ഞെട്ടി പോയി. പത്തിവിടര്‍ത്തി നില്‍ക്കുന്നമൂര്‍ഖനെയും ,മൂര്‍ഖനേരെ ചാടുന്ന എന്റെ പ്രിയ നായയും..എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങി.നായയാണെങ്കില്‍ധൈര്യവാനായി പാമ്പിനെ വകവരുത്താന്‍ മുന്നോട്ടു ആയുകയാണ്..എന്റെ പ്രിയപ്പെട്ട നായയുടെ മരണം ഞാന്‍ മുന്‍പില്‍ കണ്ടു .എത്ര വിളിച്ചിട്ടും തിരികെ വരാന്‍ അവന്‍ തയ്യാറായില്ല.ഒരു പക്ഷെ എന്നോടുള്ള അവന്റെ സ്നേഹം തന്നെയാകാം...എന്റെ പ്രാര്‍ത്ഥന കൊണ്ടോ, നായയുടെ ആയുസ്സിന്‍ ബലം കൊണ്ടോ..അതോ പാമ്പിനു മനസ്സിലായോ ആവോ എനിക്ക് കൂട്ടിനു ഇവന്‍ മാത്രമേ ഉള്ളൂ എന്ന് ..പാമ്പ് സ്വയം പിന്മാറി ഇഴഞ്ഞു പോയി...വന്നു കയറിയത് എന്റെ അടുക്കളയിലും..ദൈവത്തിന്റെ കാരുണ്യം കൊണ്ടോ..പാമ്പിന്‍ ദയകൊണ്ടോ..ആയുസ്സിന്റെ ബലംകൊണ്ടോ എന്നറിയില്ല, ഒരു പാമ്പും എന്നെയും മോനെയും ഉപദ്രവിച്ചില്ല.പല ജോത്സ്യന്‍ മാരെയും കൊണ്ടുവന്നു പ്രശ്നം വെപ്പിച്ചു.പലരും പറഞ്ഞത് ഒന്നുമാത്രം,പാപം ചെന്ന ഭൂമി..മരണം സുനിശ്ചിതം..ഭാര്യഭര്‍തൃഭന്ധം നിഷിദ്ധം..സര്‍വത്ര നാശം..പ്രേതങ്ങള്‍ അലഞ്ഞു തിരിയുന്നു..എന്നിട്ടും ... അഞ്ചു വര്‍ഷം ഞാനും എന്റെ മകനും ആ വീട്ടില്‍ തനിച്ചു താമസിച്ചു.പ്രേതതെക്കാള്‍ വലിയ ഭൂതം ആണ് ഞാന്‍ എന്ന് പ്രേതങ്ങള്‍ മനസ്സിലാക്കിയിട്ടോ എന്തോ,ഒരു പ്രേതവും എന്റെ അടുത്തുവന്നില്ല. ഇന്നു എനിക്ക് എന്തൊക്കെ നേട്ടം ഉണ്ടായിട്ടുണ്ടോ അതൊക്കെ ആ വീട് പ്ണിതതിനു്‌ ശേഷം ആയിരുന്നു.എന്നിരുന്നാലും ,ഇന്നും ആ വീടിനു ഒരു പൂര്‍ണ്ണത വന്നിട്ടില്ല,എത്ര പണിതാലും പണിതീരാത്ത ഒരു വീടായി ഇന്നും അത് നിലനില്‍ക്കുന്നു.ആ സ്ഥലത്ത് കുടിയേറി താമസിച്ചവര്‍ക്കെല്ലാം പ്രശ്നങ്ങള്‍ എന്നു കേള്‍ക്കുമ്പോഴും വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല.എങ്കിലും ,നല്ലതും,ചീത്തയും ജീവിതത്തില്‍ ഉയര്‍ച്ചയും ,താഴ്ചയും പതിവാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം..എങ്കിലും ഏറെ ദുരൂഹതകള്‍ പിന്നെയും ബാക്കിയാകുന്നു...

Wednesday, April 21, 2010

മോഷണം

ഈയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചോക്കുപൊടിയില്‍ വന്ന ഒരു ലേഖനം പറഞ്ഞത്,മോഷണം നടത്തിയ രണ്ടുകുട്ടികളെ ശിക്ഷിക്കാതെ ഉപദേശിച്ചു വിട്ട കഥയായിരുന്നു. അപ്പോഴാണ്‌ എന്‍റെ ജീവിതത്തില്‍ ഞാന്‍ നേരിട്ട രണ്ടു മോഷണ സന്ദര്‍ഭങ്ങളുടെ ഓര്‍മ്മകളിലേക്ക് മനസ് അറിയാതെ മടക്കയാത്ര പോയത്.
എന്‍റെ സ്കൂള്‍ കാലഘട്ടം മുഴുവന്‍ ഒരു കോണ്‍വെന്റ് സ്കൂളിലെ ബോര്‍ഡിങ്ങില്‍ ആയിരുന്നു.( മുന്‍പൊരിക്കല്‍ ഞാന്‍ പറഞ്ഞിട്ടുണ്ടിത്)വീര്‍പ്പുമുട്ടലിന്റെയും ഒറ്റപ്പെടലിന്റെയും കൂട്ടുകൂടലിന്റെയും കുസൃതിത്തരങ്ങളുടെയും ഒരു കാലമായിരുന്നു അത്. അന്ന് ഹോസ്റ്റലിലാണ് താമസം. ഹോസ്റ്റല്‍ എന്ന് ആഘോഷമായി പറഞ്ഞുകൂടാ. ഒരുപാടു പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ച് അന്തിയുറങ്ങാനും പടിക്കാനുമായ് ഉണ്ടാക്കിയിരിക്കുന്ന ഡോര്‍മെറ്ററി. എന്റെ എത്രയോ വര്‍ഷങ്ങള്‍ അവീടെയാണ് വിടര്‍ന്നു കൊഴിഞ്ഞത്.
ഞങ്ങളുടെ ഹോസ്റ്റെല്‍ വാര്‍ഡന്‍ സിസ്റ്റര്‍ റീത്ത ആയിരുന്നു. ഒരു ഹോസ്റ്റല്‍ വാര്‍ഡന് അനുവദിച്ചുകിട്ടിയ അധികാരം മുഴുവന്‍ സിസ്റ്റെര്‍ ഞങ്ങള്‍ പെണ്‍കുട്ടികളുടെ മേല്‍ പയറ്റിയിട്ടുണ്ട്. ഞാനാകട്ടെ എപ്പോഴും സിസ്റ്റര്‍ റീത്തയുടെ നോട്ടപുള്ളി ആയിരുന്നു. അതിനു കാരണമുണ്ട്. എന്റെ വായില്‍ കിടക്കുന്ന നാവ് വിശ്രമമില്ലാതെ പണിയെടുക്കുന്നത് സിസ്റ്ററെ വല്ലാതെ പ്രകൊപിപ്പിക്കും.എനിക്കകട്ടെ എന്തുകേട്ടാലും നാവിനെ അടക്കിനിര്‍ത്താനും പറ്റിയിരുന്നില്ല. പഠിക്കുന്ന കുട്ടികളുടെ ശ്രദ്ധ മാറ്റുവാനായി എന്ത് കോമാളിത്തരവും ഞാന്‍‍ കാണിച്ചിരുന്നു.,മിമിക്രി വരെ കളത്തിലിറക്കും.ആ മിമിക്രി കളി പിന്നീട് സ്കൂള്‍ യുവജനോത്സവങ്ങളില്‍ ഒന്നാം സമ്മാനം നേടി തരുകയും ഉണ്ടായി. എന്റെ മിടുക്കു കൊണ്ടോഎന്തൊ എല്ലാവരുടെയും ശ്രദ്ധ പിടിച്ചെടുക്കാന്‍ എനിക്കു കഴിഞ്ഞിരുന്നു. പിന്നെ ബാലരമയും,പൂമ്പാറ്റയും എന്‍റെ കൈകളില്‍ നിന്നും ഒരിക്കലും തഴെയിരിക്കില്ല...മിക്കവാറും എനിക്ക് എന്തു പണിഷ്മെന്റ് എന്ന് ആലോചിക്കല്‍ തന്നെ വാര്‍ഡനും റ്റീച്ചേര്‍സിനും ഒരു പണി ആയിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ടീചെര്സിനെല്ലാം എന്നോട് വല്ലാത്ത ഒരു സ്നേഹംഉണ്ടായിരുന്നു. അതിന്റെയും കാരണം എനിക്കറിയില്ല. ഹിന്ദി ആയിരുന്നു എന്‍റെ ഏറ്റവും വലിയ പേടി സ്വപ്നം.ഹിന്ദി പടിപ്പിക്കുന്ന ജയലേഖടീച്ചര്‍ ഏതാണ്ട് തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെപ്പോലെ ഇരിക്കും പേരിലുമുണ്ടല്ലോ സാമ്യം. ടീച്ചറിന്റെ പിരീഡില്‍ ഞാന്‍ വളരെ പാവം കുട്ടിയായി അടങ്ങിയൊതുങ്ങി പൂച്ചകുട്ടിയെപ്പോലെ ഇരിക്കും.. കാരണം, ടീച്ചറുടെ ഉറ്റ കൂട്ടുകാരി വിലാസിനി ടീച്ചര്‍ ആയിരുന്നു. വകയില്‍ ഒരു അമ്മായി ആയിരുന്നു..
ഓരോ ദിവസത്തെ കംപ്ലൈയിന്റ് അപ്റ്റുഡേറ്റായി അമ്മായിടെ ചെവിയില്‍ എത്തിക്കുന്നതില്‍ ജയലേഖടീച്ചര്‍ക്ക് ഒരു പ്രത്യേക സന്തോഷമുണ്ടായിരുന്നു.ഓരോ ഗുലുമാലുകള്‍ ഉണ്ടാക്കി ഓഫീസ് റൂമിലോ സ്റ്റാഫ് റൂമിലോ കയറിയിറങ്ങുക എന്റെയും ഹോബികളില്‍ പെടും.ചീത്തവിളിയും നാണംകെടുത്തലും സ്ഥിരമായപ്പോള്‍ എനിക്കും അതൊരു രസമായി. ആ തൊലിക്കട്ടി ഇന്ന് എനിക്കൊട്ടുമില്ല കേട്ടോ. ചില ദിവസങ്ങളില്‍ ഓഫീസ് റൂമില്‍ ഇരുന്നു കരഞ്ഞിട്ടുണ്ട് ഞാന്‍. അപ്പോള്‍ എന്നെ രക്ഷിക്കാന്‍ ഏതെങ്കിലും ടീച്ചേര്‍സ് എത്തും..അവാസാനം രക്ഷപെട്ടു പോകാന്‍ നേരത്ത് അമ്മായിയുടെ ഒരു കമന്റ് വരും‘അപാര തൊലിക്കട്ടിയാ,കണ്ടില്ലേ ആ നില്പ്‘. എന്ത് പറഞ്ഞാലും നാണം ഇല്ല,“.അത് കേട്ടു മനസ്സില്‍ ഞാന്‍ ചിരിക്കും... പ്രാക്കുകൊണ്ട് ടീച്ചറെ അഭിഷേകം ചെയ്യും.. ആരും കേള്‍ക്കാതാണ് കേട്ടോ. ഇങ്ങനെ ഒക്കെ ആണെങ്കിലും എന്‍റെ അമ്മായിക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും എന്നെ നല്ല സ്നേഹമായിരുന്നു.മിക്കവാറും പരാതിക്കാരി ജയലേഖ ടീച്ചര്‍ ആകും. അതുകൊണ്ട് ഹിന്ദി ഉള്ള ദിവസം ഒരു സമരം വരണേ ഇന്നു ഉള്ളുരുകി പ്രാര്‍ത്ഥിക്കും.ഞങ്ങളുടെ സ്കൂള്‍ ഗേള്‍സ്‌ മാത്രം ഉള്ളതായിരുന്നു,എങ്കിലും ക്രിസ്ത്യന്‍ കോളേജിലെ ചേട്ടന്‍മാര്‍ പലപ്പോഴും ഞങ്ങള്‍ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി എത്താറുണ്ടായിരുന്നു.അതുകൊണ്ട് ഹിന്ദി ഉള്ള ദിവസം കാതോര്‍ക്കും സമരം വിളികള്‍ അകലെ നിന്നും മുഴങ്ങുന്നുണ്ടോ എന്നു..
ഹോസ്റ്റലില്‍ ഞങ്ങള്‍ നാല്‍പ്പതു പേരാണ് ഉണ്ടായിരുന്നത്. ഒരു വലിയ ഹാള്‍ ആയിരുന്നു.ഒരു കട്ടിലിനു മുകളില്‍ മറ്റൊരു കട്ടില്‍ എന്നക്രമതില്‍ രണ്ടു കട്ടിലുകലാണ് ഉള്ളത്.നാല്‍പ്പതു പേരും ഒരു ഹാളില്‍ കിടക്കുന്നു.അതിനോട് ചേര്‍ന്നാണ് ട്രങ്ക് റൂം.അതായതു പെട്ടികള്‍ സൂക്ഷിക്കുന്ന സ്ഥലം.ഒരിക്കല്‍ നല്ല ഉറക്കത്തില്‍ ആയിരുന്ന ഞാന്‍ മഴ പെയ്യുന്നത് സ്വപ്നം കണ്ടു. ആ മഴയത് ഞാന്‍ നനഞ്ഞു നില്‍ക്കുന്നതു അറികയും ചെയിതു.,പെട്ടന്ന് ഞെട്ടി ഉണര്‍ന്നപ്പോഴാണ് അറിയുന്നത് മഴയല്ല മുകളിലെ കുട്ടി മൂത്രം ഒഴിച്ചതാണെന്ന്.ഞാന്‍ നനഞ്ഞു കുതിര്‍ന്നങ്ങനെ കിടകുകയാ. മൂത്രത്തില്‍. കൊല്ലാന്‍ ഉള്ള ദേഷ്യം വന്നു .ആ പാതിരാത്രിയില്‍ കിടുങ്ങി വിറക്കുന്ന തണുപ്പത്ത് കുളിക്കെണ്ടിയും വന്നു.അങ്ങനെ എന്തെല്ലാം രസങ്ങള്‍. ഇന്നോര്‍ക്കുമ്പോള്‍ ചിരി ഊറിവരുന്നു.

മിക്ക കുട്ടികളുടെയും രക്ഷിതാക്കളോ ബന്ധുക്കളോ അവധിദിവസങ്ങളില്‍ പലഹാരപ്പൊതികളുമായി എത്തും.അതും നോക്കിയിരിപ്പാണ് ഞങ്ങളുടെ ഞങ്ങളുടെ ഞായറാഴ്ചകള്‍.... കിട്ടുന്ന വക ഭുതം പൊന്നു കാക്കുന്ന പോലെ കരുതിവച്ചു കുറേശ്ശെ അകത്താക്കും. ആയിടക്കാണ് പലരുടെയും പലഹാരങ്ങളുടെ എണ്ണം കുറയുന്നതായി പലരും ,പരസ്പ്പരം പറയുവാന്‍ തുടങ്ങിയത്.ഞങ്ങളുടെ കൂട്ടത്തിലെ ദീപയെ കാണാന്‍ കുറെ പലഹാര പൊതികളുമായി ഒരു ദിവസം സന്ധ്യക്ക് അവളുടെ അച്ഛന്‍ എത്തി. കിട്ടിയത് പൊതിപോലുമഴിക്കാതെ അവള്‍ പെട്ടിയിലാക്കി.പിറ്റേദിവസം രാവിലെ പെട്ടി തുറന്നപ്പോള്‍ പലഹാരപൊതികളില്‍പ്പാതിയും തീര്‍ന്നിരിക്കുന്നു.ഇതുകണ്ട് ദീപ കരച്ചില്‍ തുടങ്ങി. മോശമായ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നും ഏകആശ്രയം അവധിദിവസങ്ങളില്‍ കിട്ടുന്ന പലഹാരപ്പൊതികള്‍ ആയിരുന്നു.ആരാണ് കപ്പലിലെ കള്ളന്‍ എന്ന് ആര്‍ക്കും അറിയില്ല.ആരുമാരും,കണ്ടവരില്ല. കള്ളനെ എങ്ങിനെയെങ്കിലും പിടികൂടണം. ആ ചിന്തയുമായി ഞാന്‍ നടന്നു.

അപ്പോഴാണ് ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും തടിയുള്ള രശ്മിയുടെ കിടക്കയില്‍ ഏതാനും മൈസൂര്‍പ്പാക്കിന്റെ അവശിഷ്ടം കിടക്കുനത് എന്‍റെ ശ്രദ്ധയില്‍ പെട്ടത്.ഞാന്‍ ഉടനെ ദീപയെ കൂട്ടി ആ കുട്ടിയുടെ കിടക്കയും ബാഗും പരിശോധിച്ചു.തൊണ്ടിമുതല്‍ അടക്കം പിടികൂടി.രശ്മിയെ വിളിച്ചു.അതോടെ ആ കുട്ടി വലിയ കരച്ചിലായി.സിസ്റ്റെര്‍ന്റെ അടുത്ത് പറയരുത്.സിസ്റ്റെര്‍ അറിഞ്ഞാല്‍ അച്ഛനെ വിളിപ്പിക്കും.കുട്ടികള്‍ അറിഞ്ഞാല്‍ പിന്നെ എനിക്ക് ഇവിടെ നില്ക്കാന്‍ കഴിയില്ല.ഇനി ആവര്‍ത്തിക്കയില്ല.,ഇവിടെ കിട്ടുന്ന ചോറുകൊണ്ട് വിശപ്പ്‌ മാറാത്തത് കൊണ്ട് വിശന്നിട്ടു ചെയിതതാണ് എന്നുപറഞ്ഞുള്ള ആ കുട്ടീടെ കരച്ചില്‍ കണ്ടപ്പോള്‍ എന്റെയും ദീപയുടെയും മനസ്സലിഞ്ഞു. ഞങ്ങള്‍ക്കു വല്ലാത്ത അനുതാപം തോന്നി. ഈ കാര്യം ഞങ്ങള്‍ രഹസ്യമായി സൂക്ഷികയും ചെയിതു.

പിന്നീട് സിസ്റെര്നോട് മോഷണക്കാര്യം പറയുകയും,രാത്രിയില്‍ ട്രങ്ക് റൂം പൂട്ടി ഇടാന്‍ അപേക്ഷിക്കയും ചെയിതു.അതിനു ശേഷം മോഷണം നടന്നതില്ല. ഈ സംഭവം അന്ന് ഞങള്‍ മറ്റുകുട്ടികളെ കൂടി അറിയിച്ചിരുന്നെങ്കില്‍ ആ കുട്ടീക്കു കള്ളി എന്ന പേര് വീഴുമായിരുന്നു. വിശപ്പ് മനുഷ്യനെ ഏതേതെല്ലാം തെട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നാലോചിക്കാനുള്ള ബുദ്ധിയൊന്നും അന്നില്ല. പക്ഷെ രശ്മിയെ രക്ഷിക്കാന്‍ തോന്നിയ മനസ്സോര്‍ത്ത് ഇന്നെനിക്ക് വല്ലാത്ത ആശ്വാസം തോന്നാറുണ്ട്.

കാലങ്ങള്‍ക്ക് ശേഷം ,ഞാന്‍ തൃശ്ശൂരില്‍ താമസമാക്കി. എനിക്ക് അവിടെ കുറച്ചു കുട്ടികളെ കൂട്ടുകാരായി ലഭിച്ചു..അക്കൂട്ട്ത്തില്‍ സ്കൂളിലും ,കൊളേയ്ജിലും പഠിക്കുന്ന കുട്ടികള്‍ ഊണ്ടായിരുന്നു.അവരെല്ലാം എന്നോട് നല്ല അടുപ്പം കാട്ടിയിരുന്നു.. എന്നെ ഒരു ചേച്ചിയെ പോലെ കരുതുകയും ,എന്‍റെ അനിയത്തിമാരായി ഞാന്‍ അവരെയും കണ്ടിരുന്നു. ആ ഇടക്കാണ് എനിക്ക് വിലകൂടിയ ഒരു ഫോണ്‍ ഏട്ടന്‍ കൊടുത്തയക്കുന്നത്.ഒരു ദിവസം സന്ധ്യാനേരത്ത് കുട്ടികളില്‍ ഒരാള്‍ എന്നെ കാണാന്‍ വന്നു..അല്പം നേരം സംസാരിച്ചിരുന്നിട്ട് ,ഞാന്‍ സന്ധ്യാദീപം കൊളുത്താനായി പൊയി.. ഞാന്‍ നാമം ചൊല്ലുന്നതിനിടക്ക് എന്‍റെ സുഹൃത്ത്‌ പോകയാണെന്നു വിളിച്ചു പറഞ്ഞു.വേഗം പ്രാര്‍ത്ഥന കഴിഞ്ഞു തിരിച്ചു വന്നപ്പോഴേക്കും അവള്‍ പൊയിരുനു. എന്‍റെ വീട്ടില്‍ ഞാന്‍ അവര്‍ക്ക് സര്‍വ സ്വാതന്ത്ര്യവും നല്‍കിയിരുന്നു.അവള്‍ പൊയ് അല്പം കഴിഞ്ഞു ഞാന്‍ എന്‍റെ മൊബൈല്‍ നോക്കിയപ്പോള്‍ കാണുന്നില്ല.എല്ലായിടത്തും നോക്കി.ലാന്‍ഡ്ഫോണില്‍ നിന്നും വിളിച്ചു നോക്കിയപ്പോള്‍ സ്വിചിടു ഓഫ്‌ എന്നാണു മറുപടി..ആ ഫോണ്‍ കയ്യില്‍ കിട്ടിയിട്ട് അധികം നാള്‍ കഴിഞ്ഞിരുന്നില്ല. എനിക്കു വല്ലാത്ത സങ്കടവും കരച്ചിലും വന്നു..സിം അടക്കം പോയതിനാല്‍ ബി എസ് . എന്നില്‍ നിന്നും അതിന്റെ ഡ്യൂപ്ലിക്കേറ്റ്‌ കിട്ടണമെങ്കില്‍ അടുത്തുള്ള പോലീസ്സ് സ്റ്റേഷനില്‍ കംപ്ലൈന്റ്റ്‌ എഴുതി നല്‍കണം എന്ന് പറഞ്ഞു.കംപ്ലൈന്റ്റ്‌ നല്‍കുമ്പോള്‍ അവിടുത്തെ ഇന്‍സ്പക്റ്റര്‍ ആരെയെങ്കിലും സംശയം ഉണ്ടോ എന്ന് ചോതിക്കയുണ്ടായി .ഞാന്‍ അന്നേ ദിവസം അവിടെ വന്ന കുട്ടിയെ പറ്റി പറഞ്ഞു. എന്നാല്‍ ആ കുട്ടി തന്നെയാവും. ഒരു കംപ്ലൈന്റ്റ്‌ എഴുതി തന്നാല്‍ സാധനം തിരിച്ചു കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ വേണ്ടാന്ന് പറഞ്ഞു.കാരണം മുതിര്‍ന്ന ഒരു പെണ്‍കുട്ടി പോലിസ് സ്റ്റേഷനില്‍ കേറിയാല്‍ നമ്മുടെ നാട്ടില്‍ എന്താവും സ്ഥിതി.? പിന്നീട് ഒരുപക്ഷെ കുറ്റം തെളിഞ്ഞാല്‍ ആ കുട്ടി എന്തു ചെയ്തുകൂടാ? നാണക്കേട്‌ ഭയന്നു ആല്‍മഹത്യ ചെയ്താല്‍.?. ഇന്നു എന്തിനും ഏതിനും ആല്‍മഹത്യ ഒരു പരിഹാരമായി കണുന്നവരാണല്ലൊ നമ്മുടെ കുട്ടികള്‍. ഈ ഒരു കാരണം കൊണ്ട് അങ്ങിനെ ചെയിതു പോയാല്‍? ഒരു മൊബൈലിനെക്കാളും വില ഞാന്‍ ഒരു മനുഷ്യജീവനകല്പിക്കേണ്ടേ.‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍... ജീവിതകാലം മുഴുവന്‍ ഞാന്‍ മനസ്സമാധാനം പകരം കൊടുക്കേണ്ടി വരില്ലേ?അത് ജീവിതകാലം മുഴുവന്‍ എന്നെ സങ്കടപെടുത്തും. ഞാന്‍ കംപ്ലൈന്റ്റ്‌ കൊടുക്കാന്‍ തയ്യാറായില്ല.എനിക്ക് മൊബൈല്‍ തിരിച്ചു കിട്ടുകയും ചെയിതില്ല.

അതിനുശേഷം പരിധിയില്‍ കവിഞ്ഞ കൂട്ടുകെട്ട് ഞാന്‍ അവസാനിപ്പിക്കയും ചെയിതു.സാമാന്യം ഭേദപെട്ട വീട്ടിലെ കുട്ടി ആയിരുന്നു അവള്‍.എന്തിനാണവള്‍ അത് ചെയ്തത്.?.ഇങ്ങനെയും ഒരു രസത്തിന് വേണ്ടിയാവുമോ?.വീട്ടുകാരോടു മൊബൈല്‍ വാങ്ങിത്തരാന്‍ പറയുന്നതെങ്ങനെ. എല്ല്വരുടെയും കൈയില്‍ അതുണ്ടുതാനും. അപ്പോള്‍ മാര്‍ഗ്ഗം മോഷണം തന്നെ. അവര്‍ അറിയുന്നില്ല അതിന്റെ ഭവിഷ്യത്ത്എന്തെന്ന്..ഒരു പക്ഷെ അറിവില്ലായ്മ ആകാം. പ്രലോഭനങ്ങളെ അതിജീവിക്കാന്‍ നമ്മള്‍ ചെറിയ മനുഷ്യര്‍ക്ക് ഇത്തിരി പ്രയാസം തന്നെ.കുട്ടികള്‍ തെറ്റ് ചെയ്യുമ്പോള്‍ അത് ശ്രദ്ധിക്കാതെ വിടുന്ന രക്ഷിതാക്കളും ഉണ്ട്.അവരും ഒരു തരത്തില്‍ കുറ്റവാളികളായി മക്കളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്..പിനീട് വലിയ തെറ്റുകളിലേക്ക് അവര്‍ എത്തിപ്പെടുമ്പോഴാണ് പലരും ശ്രദ്ധിക്കുന്നത്.അപ്പോഴേക്കും തിരുത്താന്‍ പറ്റാത്ത തലങ്ങളിലേക്ക് അവ വളര്‍ന്നു കഴിഞ്ഞിരിക്കാം.മറ്റുള്ളവന്റെ ഏതൊരു വസ്തുവും അയാളുടെ സമ്മതം ഇല്ലാതെ സ്വന്തമാകുന്നതു തെറ്റാണ് എന്ന ബോധം ചെറുപ്പത്തിലെ കുട്ടികള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് മുതിര്‍ന്നവര്‍ ആണ്. പക്ഷേ എല്ലാവരും അതിര് കവിഞ്ഞ് തോന്നുന്നതെല്ലാം സ്വന്തമാക്കന്‍ നെട്ടോട്ടമോടുമ്പോള്‍ ആര്‍ക്ക് ആരെ ശ്രദ്ധിക്കാന്‍ നേരം. ആര് ആരെ തിരുത്തും??

Monday, April 12, 2010

ഒരു പേര് വരുത്തി വെച്ച വിന.

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഏട്ടനെ ഞാന്‍ കണ്ണേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്‌.എന്‍റെ സംഭാവന ആയിരുന്നു ആ പേര്.അത് ചെവിയിലോതി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ആ പേര് എനിക്ക് തന്നെ ഒരു പാര ആയി തീരും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.വാക്കുകള്‍ സൂക്ഷിച്ചും കണ്ടും ഉപയോഗിച്ചില്ലെങ്കില്‍ ജീവിതത്തില്‍ അതെല്ലാം നമ്മെ പലവിധത്തില്‍ ബാധിക്കും എന്ന് അനുഭവം എന്നെ പഠിപ്പിച്ചു.

ഏട്ടന്‍ ഗള്‍ഫിലേക്ക് പോയ ശേഷം ഞാനും ,മോനും ഒരു പ്രത്യേക സാഹചര്യത്തില്‍ കുറച്ചുനാള്‍ തനിച്ചു താമസിക്കേണ്ടിവന്നു.പരിചയമില്ലാത്ത തൃശ്ശിവപേരൂര്‍ എന്ന തൃശ്ശൂരില്‍ ഒരു കൊച്ചു വീട് വെച്ചു താമസിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ പരിചയക്കാര്‍വളരെ കുറച്ചു പേര്‍ മാത്രമേഉണ്ടായിരുന്നുള്ളൂ . അതില്‍ വളരെ സ്നേഹപൂര്‍വ്വം എന്നെ ഒരു മോളെപ്പോലെ കാണുകയും,ഒരു അമ്മയുടെ കരുതലും ,സ്നേഹവും ഒക്കെ നല്‍കിഎന്നെ സ്നേഹിച്ച ഒരു അമ്മ ഉണ്ടായിരുന്നു അയല്‍പക്കത്ത്. അവര്‍ ഇടക്കിടെ വന്നു എന്‍റെ കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. അവരുടെ പേര് വിലാസിനി എന്നായിരുന്നു.എന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ ആയിരുന്നു അവരുടെ വീട്.എന്‍റെ വീടിനു അടുത്ത്അല്ലെങ്കിലും കൂടി മിക്ക ദിവസങ്ങളിലും അവര്‍ എന്‍റെ വീട്ടില്‍ വരുമായിരുന്നു.അവര്‍ക്ക് ഒരു മകനും,രണ്ടു പെണ്‍ മക്കളുമാണ് ഉണ്ടായിരുന്നത്.അതില്‍ ഒരു മകള്‍ ആത്മഹത്യ ചെയിതിരുന്നു.അതെ കുറിച്ചോര്‍ത്തു അവര്‍ എന്നും സങ്കടപെട്ടിരുന്നു. അവരുടെ ഭര്‍ത്താവ് വളരെ മുന്‍പുതന്നെ മരിച്ച് പോയിരുന്നു .അവര്‍ മകന്റെയും ,മരുമകളുടെയും പേരകുട്ടികളുടെയും കൂടെ ആണു താമസിച്ചിരുന്നത്. ഒരു സ്നേഹമയിയായ അമ്മയായിരുന്നു അവര്‍..

ഒരു ഉച്ച നേരത്ത് ഞാന്‍ ടൌണില്‍ പൊയ് തിരിച്ചു വരുമ്പോള്‍ അവരുടെ വീട്ടുമുറ്റത്ത്‌ നിറയെ ആളുകള്‍ നില്‍ക്കുനതു കണ്ടു.കാര്യം തിരക്കിയപ്പോള്‍ ആ അമ്മ മരിച്ചെന്നു പറഞ്ഞു.ഞാന്‍ ടൌണില്‍ പോകുമ്പോള്‍ വീട്ടുമുറ്റത്ത്‌ നിന്ന അവര്‍ കൈഉയര്‍ത്തി എന്നോട് ചിരിച്ച അവര്‍ ,ഞാന്‍ തിരിച്ചെത്തുംബോഴേക്കും മരിച്ചെന്നു കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അറ്റാക്ക്‌ ആയിരുന്നു അവര്‍ക്ക്.മനുഷ്യന്റെ കാര്യം അത്രെ ഉള്ളൂ എന്നും,അകത്തേക്കെടുത്ത ശ്വാസം പുറത്തേക്കു വിടാന്‍ പോലും കഴിയാതെ എപ്പോവേണോങ്കിലും നിലച്ചു പോകാവുന്ന ഹൃദയം..അത് ഒരു നിമിഷം പോലും ഓര്‍ക്കാതെ മനുഷ്യര്‍ എന്തൊക്കെ കാട്ടി കൂട്ടുന്നു.

അവര്‍ മരിച്ച വാര്‍ത്ത കേട്ട് വളരെ വിഷമത്തോടെ ഞാന്‍ വീട്ടില്‍ എത്തി ,ഈ വിവരം ഞാന്‍ ഗള്‍ഫില്‍ ഉള്ള ഏട്ടനെ അറീക്കുവാനായി ഫോണില്‍ വിളിച്ചു. ഏട്ടനും അവരെ ഒരുപാട് ഇഷ്ടമായിരുന്നു.ഞാന്‍ വളരെ വിഷമത്തോടെ ഉച്ചമയക്കതിലായിരുന്ന ഏട്ടനെ വിളിച്ചുണര്‍ത്തി.ആ സമയത്ത് സാധരണ ഞാന്‍ വിളിക്കാറില്ല,കാരണം നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു പകല്‍ മുഴുവന്‍ ഉറക്കം ആകും എന്നറിയാവുന്നതുകൊണ്ട് വിളിച്ചു ശല്ല്യ പെടുത്താറില്ല്യ്.ഉറക്കം കഴിഞ്ഞു എന്നെ വിളിക്കുകയാണ്‌ പതിവ്.പതിവ് തെറ്റി ഞാന്‍ വിളിച്ചപ്പോള്‍ എന്ത് പറ്റി എന്ന് എന്നോട് ചോദിചു. ..!ഞാന്‍ വളരെ സങ്കട പെട്ട് "കണ്ണാ,കണ്ണേട്ടന്റെ അമ്മ മരിചു "എന്ന് പറഞ്ഞു.ഇതു കേട്ടതും അല്പം നേരം മിണ്ടാതെ നിന്നു,പിന്നെ ചോദിച്ചു എപ്പോള്‍ എന്നു..അല്‍പ്പം മുന്പ് എന്ന് ഞാന്‍ പറഞ്ഞു.ഞാന്‍ അങ്ങോട്ട്‌ പൊക്കോട്ടെ എന്നും ചോദിച്ചു.പൊക്കോളൂ എന്ന് പറഞ്ഞു പെട്ടന്ന് ഫോണ്‍ കട്ട്‌ ചെയിതു.

ഞാന്‍ അവരുടെ വീട്ടില്‍ പൊയ് കുറച്ചു സമയത്തിന് ശേഷം തിരിച്ചു വന്നു ,വീണ്ടും ഏട്ടനെ വിളിച്ചു,ഹോസ്പിറ്റലില്‍ നിന്നും ബോഡി എത്തിയിട്ടില്ലനും അല്‍പ്പം കഴിഞ്ഞേ എത്തുകയുള്ളൂ എന്നും പറയുവാന്‍ വേണ്ടി ഞാന്‍ വിളിച്ചു ,വിളിച്ചപ്പോള്‍ എന്നോട് പൊട്ടിതെറിച്ചുകൊണ്ടൊരു ചോദ്യം ,ആരുടെ അമ്മയാടി മരിച്ചത് എന്ന്...?ഞാന്‍ പറഞ്ഞു "കണ്ണേട്ടന്റെ ....ഡ്രൈവര്‍ കണ്ണേട്ടന്റെ അമ്മ "..അത് പറഞ്ഞതും പിന്നെ കേട്ടത് കാതു പൊട്ടിപോകുന്ന ചീത്തയാ..ഭാഗ്യത്തിന് കാതു പൊട്ടിയില്ല്യ.

പിന്നീടാണ് എനിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്‌ ,ഞാന്‍ ഏട്ടനെ വിളിച്ചിരുന്ന പേര്‍ കണ്ണേട്ടന്‍ എന്നായിരുന്നു,മരിച്ച ആ അമ്മയുടെ മകന്റെ പേരും കണ്ണന്‍ എന്നായിരുന്നു.ഞങ്ങള്‍ കണ്ണേട്ടന്‍ എന്നാണു വിളിച്ചിരുന്നത്‌.ഇതു ഞാന്‍ ഓര്‍ക്കാതെ കണ്ണേട്ടാ,കണ്ണേട്ടന്റെ അമ്മ മരിച്ചു എന്ന് പറഞ്ഞപ്പോള്‍ കേട്ട പാതി ,കേള്‍ക്കാത്ത പാതി എന്‍റെ പ്രിയ ഭര്‍ത്താവ് കരുതി ,അദ്ദേഹത്തിന്റെ അമ്മ അതായത് എന്‍റെ അമ്മായി അമ്മ ആണു ഇഹലോഹം വെടിഞ്ഞതു എന്ന്. ഞാന്‍ മരിച്ച കാര്യം പറഞ്ഞു കൂടുതല്‍ ഒന്നും പറയാതെ പെട്ടന്നു ഫോണ്‍ കട്ട് ചെയിതപ്പോള്‍ ഞാന്‍ കരുതിയത്‌ അവര്‍ മരിച്ചതിലുള്ള വിഷമം കൊണ്ടാകാം എന്നാണ്,എന്നാല്‍ ഞാന്‍ ഫോണ്‍ വെച്ച ഉടനെ ഏട്ടന്‍ നാട്ടിലേക്ക് ഏട്ടന്റെ വീട്ടിലെക്ക് വിളിയോട് വിളി,അവിടെ മറ്റാരോടോ സംസാരിച്ചു ഏറെ നേരം ഫോണ്‍ എന്‍ഗേജ് ആയി,അപ്പോള്‍ എന്‍റെ ഭര്‍ത്താവ് കരുതി ,മരിച്ച വീടല്ലേ എല്ലാവരെയും വിവരം അറീക്കയാകും എന്ന്.ഫോണ്‍ എന്‍ഗേജ് ആയ സമയത്തിനിടക്കു ഓഫീസിലേക്ക് വിളിച്ചു പറയുകയും,ലീവ് കിട്ടുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയും ,അതിനിടക്ക് ടിക്കറ്റ് എടുക്കുവാനും ആളെ ഏര്‍പ്പാടാക്കി.റൂമില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ അമ്മ മരിച്ചിരിക്കുന്ന ഏട്ടനെ ആശ്വസിപ്പിക്കയും കൊണ്ടുപോകാനുള്ള ഡ്രസ്സുകള്‍ പെട്ടിയില്‍യെടുതുവേക്കുകയും ചെയിതു.അല്‍പ സമയത്തിന് ശേഷം ഏട്ടന്‍ വീണ്ടും വീട്ടിലേക്കു വിളിച്ചപ്പോള്‍ അങ്ങേതലക്കല്‍ നിന്നും,അമ്മയുടെ സ്വരം കേട്ടു,അതോടെ ഏട്ടന്‍ ഒന്നു ഞെട്ടി...അപ്പൊ മരിച്ചില്ലേ എന്ന ചോദ്യം മനസ്സില്‍ വന്നത് വിഴുങ്ങി ,വേഗം രണ്ടു വാക്ക് സംസാരിച്ചു ഫോണ്‍ വെച്ചു .ഇത്രയും സംഭവങ്ങള്‍ അവിടെ നടന്ന ശേഷം ആണു ഞാന്‍ വീണ്ടും വിളിക്കുനത്‌,ഇനി ഭാക്കി കാര്യം ഇതു വായിക്കുന്ന നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.....

വളരെ നല്ല ആരോഗ്യവതിയായ എന്‍റെ അമ്മായിഅമ്മയെ ഞാന്‍ അല്‍പനേരത്തേക്ക് കൊന്നു .എന്‍റെ സംഭാഷണത്തില്‍ ഉണ്ടായ ഏറ്റക്കുറച്ചിലും,ഒരേ പേരുകള്‍ ആയതിനാലും സംഭവിച്ചു പോയ അബദ്ധം .പിന്നീട് ഏട്ടന് ,അമ്മ മരിച്ചിട്ടില്ലന്നും,അത് ഒരു അബദ്ധം പറ്റിയതാണെന്നും അധികൃതരെ അറീ്ക്കുവാന് വേണ്ടി വാക്കുകള്‍ക്കുണ്ടായ ദാരിദ്ര്യത്തിനും എന്നെ കൊന്നാല്‍ ദേഷ്യം അടങ്ങുമോ അപ്പോള്‍ ...ആവോ??എല്ലാം കൂടി മരിക്കാത്ത അമ്മായിഅമ്മയെ ഞാന്‍ കൊന്നപ്പോള്‍ എന്‍റെ ചെവി പൊട്ടി പൊയില്ല്യാന്നെ ഉള്ളൂ..ഇത്തരത്തില്‍ അമ്മായിഅമ്മയെ കൊന്ന ആദ്യത്തെ മരുമകള്‍ ഒരുപക്ഷെ ഞാന്‍ ആകാം ആ സംഭവത്തിനു ശേഷം ഞാന്‍ പിന്നീട് ഒരിക്കലും ഏട്ടനെ കണ്ണാ എന്ന് വിളിചിട്ടില്ല്യ.

ഈ ലേഖനം ഇപ്പോഴും ജീവിച്ചിരിക്കുന്ന എന്‍റെ അമ്മായിഅമ്മ വായിക്കാന്‍ ഇടയായാല്‍ എന്‍റെ കാര്യം കട്ട പൊക....ഈശ്വരോരക്ഷ .....

Saturday, April 3, 2010

വിണ്ണിലേക്ക്‌മടങ്ങിയ നക്ഷത്രം..

ദാസ്...ദാസ് എന്‍റെ നല്ല ഒരു സുഹൃത്തായിരുന്നു. അവൻ കാണാന്‍ സുന്ദരനായിരുന്നു .ഋതിക്ക്റോഷന്റെ മുഖം എന്ന് പറയാം.നിഷ്കളങ്കമായ മുഖവും ,പൂച്ചകണ്ണും ,ആരെയും ആകര്‍ഷിക്കുന്ന ചിരിയും ,അവനു ഒരു പറ്റം ആരാധകരെ തന്നെ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു.ഞാനും ,ദാസുമായുള്ള പരിചയം വളരെ മുന്‍പുള്ളതാണ്.കൃത്യമായി പറഞ്ഞാല്‍ ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതലുള്ള അടുപ്പം.എന്‍റെ ചേച്ചിയെ കല്ല്യാണം കഴിച്ച വീടിനടുതായിരുന്നു ദാസിന്റെ വീട്.അന്ന് ദാസ് നാലാം ക്ലാസ്സിലാണ്.അന്നും ദാസിനെ കാണാന്‍ നല്ല ഭംഗി ആയിരുന്നു.പെട്ടന്ന് തന്നെ ഞങ്ങള്‍ നല്ല കൂട്ട്കാരായി .ഇടക്കിടെ ഞാന്‍ ചേചീടെ വീട്ടിലെ അതിഥിയായി എത്തുന്ന വേളകളില്‍ ഞങ്ങള്‍ കളിച്ചു നടന്നു.പിന്നീട് പറിച്ചു നടപെട്ട എന്‍റെ സ്ക്കൂള്‍ കാലഘട്ടത്തില്‍ ഞങ്ങള്‍ തമ്മില്‍ കാണുന്നത് വല്ലപ്പോഴും ആയി.എങ്കിലും കാണുന്ന വേളകളില്ലെല്ലാം ഞങ്ങള്‍ ഞങ്ങളുടെ സൌഹൃദം പുതുക്കി കൊണ്ടിരുന്നു
മുതിര്‍ന്നപ്പോള്‍ പിന്നെ കാണാനുള്ള അവസരങ്ങൾ കുറഞ്ഞു.കുറെ കാലത്തിനു ശേഷം ഞാന്‍ ദാസിനെ കാണുമ്പോള്‍ ഞങ്ങൾ രണ്ടുപേരും ഏറെ മാറിയിരുന്നു.ദാസ് കൂടുതല്‍ സുന്ദരനായി. ആരെയും ആകര്‍ഷിക്കുന്ന അവന്റെ വ്യക്തിതവും എനിക്കേറെ ഇഷ്ടമായിരുന്നു.വളര്‍ന്നിട്ടും ഞങ്ങള്‍ക്കിടയിലെ നല്ല സൌഹൃദം നിലനിന്നു.കാണുമ്പോഴെല്ലാം എന്നോട് പറയുവാന്‍ ഒരായിരം കാര്യങ്ങള്‍ ഉണ്ടാകുമായിരുന്നു അവന്. പരസ്പ്പരം എന്തും തുറന്നു പറയാവുന്ന ഒരുനല്ല സൌഹൃദം ആയിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.
അവന്‍ പഠിക്കുവാനായി ബംഗ്ലൂര്‍ക്ക് പോയപ്പോള്‍ പിന്നെ വളരെ കുറച്ചേ ഞങ്ങൾ കണ്ടിട്ടുള്ളൂ.കുറെ നാളുകള്‍ക്കു ശേഷം പിന്നെ അവനെ കാണുന്നത് എന്റെ വിവാഹത്തിനായിരുന്നു.വിവാഹശേഷം ഞാന്‍ അവൻ വീട്ടിലുണ്ടായിരുന്ന ഒരു ദിവസം ഒരിക്കല്‍ അവന്റെ വീട്ടില്‍ പോകുകയുണ്ടായി .അന്ന് ഞങ്ങൾ കാണുമ്പോള്‍ ദാസ് ആകെ നിരാശനായിട്ടാണ് കാണപ്പെട്ടത്. മഴപെയ്യാനായി മൂടികെട്ടി നില്‍ക്കുന്നത് പോലെ ആയിരുന്നു അവന്റെ മനസ്സ് അപ്പോള്‍ എന്ന് എനിക്ക് മനസ്സിലായി.ഒറ്റ ശ്വാസത്തില്‍ എല്ലാം അവന്‍ എന്നോട് പറഞ്ഞു അവന്റെ വീടിനടുത്തുള്ള ഒരു കുട്ടിയുമായി ഇഷ്ടത്തിലാണെന്നും ,അത് വീട്ടുകാര്‍ അറിഞ്ഞെന്നും,ഗള്‍ഫില്‍ ഉള്ള അച്ഛന്‍ അവനെ അങ്ങോട്ട്‌ കൊണ്ട് പോകുകയാണെന്നും.വീട്ടുകാര്‍ക്ക് ആ ബന്ധത്തിന് താല്‍പ്പര്യം ഇല്ലന്നും,കുട്ടിയുടെ ജാതി ആയിരുന്നു പ്രശ്നം.അവന്‍ പോയാല്‍ ആ പെണ്‍കുട്ടിയെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു കൊടുക്കുമോ എന്നായിരുന്നു അവന്റെ പേടി.ഒരു ജോലി എത്രയും പെട്ടന്ന് നേടി തിരികെ വന്നു ആ കുട്ടിയെ സ്വന്തമാക്കാന്‍ എന്റെയും ഏട്ടന്റെയും എല്ലാ സപ്പോര്‍ട്ടും അവനു ഉണ്ടാകും എന്ന് ഞാന്‍ അവനു ധൈര്യം നല്‍കി.പിന്നീട് ഞാന്‍ അവനെ കാണുന്നത് ഗള്‍ഫില്‍ പോകാൻ യാത്രപറയുവാനായി വീട്ടില്‍ വന്നപ്പോള്‍ ആണു. എല്ലാവിധ നന്മകളും ആശംസിച്ചു ഞാന്‍ അവനെ യാത്രയാക്കി...
പിന്നീട് ഒരു വര്‍ഷത്തിനു ഞാന്‍ കേള്‍ക്കുന്നത് അവന്റെ മരണവാര്‍ത്തയാണ്.എനിക്കത് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലായിരുന്നു.കാരണം അത് ഒരു സ്വാഭാവിക മരണം ആയിരുന്നില്ല്യ.ആത്മഹത്യ ആയിരുന്നു.ദാസ് ആത്മഹത്യ ചെയ്യാന്‍മാത്രം ഉള്ള ഒരു പ്രശ്നം എന്തായിരുന്നു എന്നതിന് ഇന്നും ആര്‍ക്കും വ്യക്തമായ ഉത്തരം ഇല്ല.ഗള്‍ഫില്‍ ദാസിനു തരക്കേടില്ലാത്ത ഒരു ജോലി ഉണ്ടായിരുന്നു. ദാസ് താമസിച്ചിരുന്നത് അച്ഛന്റെ കൂടെ ആയിരുന്നു.അച്ഛന്‍ റൂമില്‍ ഇല്ലാത്ത ഒരു സമയം ദാസ് മുറിയില്‍ കെട്ടി തൂങ്ങുകയായിരുന്നു.ഗള്‍ഫിലെ നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുവന്നപ്പോള്‍ അവസാനമായി ഒരിക്കല്‍ കൂടി ദാസിനെ കാണാന്‍ ഞാന്‍ പോയി. തണുത്തുറഞ്ഞു കിടക്കുന്ന ദാസിന്റെ മുഖത്തേക്ക് എനിക്കൊരിക്കലേ നോക്കുവാന്‍ കഴിഞ്ഞുള്ളു .എല്ലാവരോടും എപ്പോഴും ചിരിച്ചുകൊണ്ട് ,വളരെ സൌമ്യനായി സംസാരിക്കുന്ന ദാസ് എന്തിനു ആത്മഹത്യ ചെയ്തു. എന്നാര്‍ക്കും അറിയില്ല.അവന്‍ പ്രണയിക്കുന്ന പെണ്‍കുട്ടി നാട്ടില്‍ അവനായി കാത്തിരിക്കുന്നുണ്ടായിട്ടും ,എന്തിന് അവനിത് ചെയ്തു?പലരും പലതും പറഞ്ഞു കേട്ടു.അതെല്ലാം സത്യമായിരുന്നോ ,അതില്‍ എത്രമാത്രം സത്യം ഉണ്ടെന്നും ഇന്നും എനിക്കറിയില്ല.. ദാസിനു മാത്രം അറിയാവുന്ന സത്യങ്ങള്‍ ...
ദാസും,അച്ഛനും തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും,അവന്റെ അച്ഛനും,അമ്മയും ചെറിയ ഒരു അകല്‍ച്ചയില്‍ ആയിരുന്നു.ദാസിന്റെ അച്ഛന്‍ ഗള്‍ഫില്‍ ഒരു സ്ത്രീയുമായി അടുപ്പത്തില്‍ ആകുകയും ആസ്ത്രീയെ വിവാഹം ചെയ്തു കൂടെ താമസിപ്പിക്കുകയും ചെയ്തിരുന്നു.ആ സ്ത്രീ ദാസ്സിനോട് അടുപ്പം കാണിക്കുകയും,ദാസിനെ വശീകരിക്കാന്‍ ശ്രമിക്കുകയും അതില്‍ നിന്നും രക്ഷപെടാന്‍ ദാസ് തിരഞ്ഞെടുത്ത മാര്‍ഗം ആയിരുന്നു ആത്മഹത്യ എന്നുമൊക്കെയാണ് നാട്ടറിവ് !!!. എല്ലാ സങ്കടങ്ങളും ഉള്ളില്‍ ഒതുക്കി ചിരിച്ചു കൊണ്ട് നടക്കുന്നവരുടെ ഉള്ളില്‍ ഒരു കടലോളം ദുഃഖം ഉണ്ടാകും എന്ന് പണ്ടാരോ പറഞ്ഞത് ശരിയാണ്. ദാസിന്റെ മനസ്സ് പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു അഗ്നി പര്‍വതം ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ അവന്റെ അച്ഛന് പോലും കഴിയാതെ പോയി.അല്ലെങ്കിൽ നല്ലവനായ ആ മകനെ.. അദ്ദേഹത്തിന് നഷ്ടമാകില്ലായിരുന്നു.. ഒരു പെൺകുട്ടിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ആർക്കും കാണേണ്ടി വരില്ലായിരുന്നു.. ഒപ്പം എനിക്ക് എന്റെ നല്ല സുഹൃത്തിനെയും നഷ്ടമാകില്ലായിരുന്നു..
*******************************************
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇന്നും എന്റെ കണ്ണില്‍ ദാസിന്റെ നിഷ്കളങ്കമായ ചിരി മായാതെ നില്‍ക്കുന്നു....സ്വന്തം ജീവിതവും,മകന്റെ ജീവിതവും തകര്‍ത്ത ആ അച്ഛന്‍ എന്ത് നേടി??മൂന്നു ജീവിതങ്ങള്‍ തകര്‍ത്ത ആ സ്ത്രീ എന്ത് നേടി...?? സ്നേഹവും ,പ്രേമവും ,കാമവും എല്ലാം വെറും നൈമിഷികം അതില്‍ ഒരുപാട് ജീവിതങ്ങള്‍ കൊഴിഞ്ഞു വീഴുന്നു..

Sunday, January 3, 2010

പക്ഷി നാണു..

എന്‍റെ വീടിനു അടുത്താണ് നാണു ഏട്ടന്റെയും നാണി ഏടത്തിടേം വീട്. നാണു ഏട്ടന് പ്രായം ഏതാണ്ട് അറുപതു കഴിഞ്ഞിരിക്കുന്നു. നാണി ഏടത്തിക്ക് അറുപതിനോടടുത്ത് കാണും പ്രായം. നാണു ഏട്ടന്‍ മെലിഞ്ഞു നീണ്ടു ആറു അടിയിലും കൂടുതല്‍ പൊക്കം ഉണ്ട്. രണ്ടു പേരും കൂലിപണി യെടുതാണ് ജീവിച്ചിരുന്നത് . അവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല്യ.
നാണു ഏട്ടന് നാണി ഏട്ടത്തീനുച്ചാ ജീവനാ. ഒരൂസം പോലും കാണാണ്ടേ ഇരിക്കാന്‍ രണ്ടു പേര്‍ക്കും പറ്റില്ല്യ. അതോണ്ട് നാണി ഏടത്തി നാണി ഏടത്തീടെ വീട്ടില് പോലും പോകില്ല്യ; നാണു ഏട്ടനെ തനിച്ചാക്കി. ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരൂസം പോലും അവർ തമ്മിൽ വഴക്കിടാത്ത ദിവസം ഉണ്ടാകാറില്ല്യ. നാണു ഏട്ടന് പണി കഴിഞ്ഞു വരുമ്പോള്‍ അല്‍പം കള്ളുകുടിക്കണ സ്വഭാവം ഉണ്ട്. അത് അകത്തു ചെന്നാല്‍ എന്തേലും ഒക്കെ പറഞ്ഞു ചൊറിഞ്ഞു തുടങ്ങും, അത് ചിലപ്പോ കറിക്ക് ഉപ്പു കൂടി, എരിവുകൂടി എന്നൊക്കെ പറഞ്ഞാകും. വഴക്ക് മൂക്കുമ്പോള്‍ നാണി ഓടും അടുത്തുള്ള കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാൻ‍. നാണി ഏടത്തി ഓടുമ്പോള്‍ പിന്നാലെ നാണു ഏട്ടനും ഓടും പുറകെ കുളത്തില്‍ ചാടാന്‍, നാണി ഏടത്തിയെ രക്ഷിക്കാൻ‍. ഇതൊരു സ്ഥി്രം കലാപരിപാടി ആയതു കൊണ്ട് അയൽ‌പക്കക്കാര്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ പോകാറില്ല്യ.. കുളത്തില്‍ ചാടി നാണി ഏടത്തിയെ എടുത്തോണ്ട് വന്നാല്‍ പിന്നെ നല്ല സ്നേഹമായി. എല്ലാ വഴക്കും മറക്കും. രണ്ടൂസം കഴിഞ്ഞാല്‍ വീണ്ടും തുടങ്ങും പഴയ പടി. ഒരൂസം നാണു ഏട്ടനും, നാണി ഏടത്തിയും പൊരിഞ്ഞ അങ്കം. അന്ന് വഴക്കിനു തുടക്കം ഇട്ടത് നാണി ഏടത്തി ആയിരുന്നു.. സംഭവം വളരെ നിസ്സാരം. എങ്കിലും നാണി ഏടത്തിക്ക് അത് സഹിക്കാന്‍ പറ്റുന്നതായിരുന്നില്യ. സംഭവം ഇതായിരുന്നു, നാണു ഏട്ടന്‍ അപ്പുറത്തെ വീട്ടിലെ സരോജത്തിനു രണ്ടു പരിപ്പുവട വാങ്ങിച്ചു കൊടുത്തു. അതായിരുന്നു അന്നത്തെ പ്രശ്നത്തിനു കാരണം. പാവം നാണു ഏട്ടന്‍. പണി കഴിഞ്ഞു വരണ വഴിക്ക് ചായപീട്യേന്നു നാല് പരിപ്പുവട നാണി ഏടത്തിക്ക് വാങ്ങിക്കാന്‍ നില്‍ക്കുമ്പോള്‍ ആണ് ആപ്പുറത്തെ പീട്യേന്നു പലചരക്കുസാധനങ്ങള്‍ വാങ്ങിക്കാന്‍ നില്‍ക്കണ സരോജത്തിനെ കണ്ടത്. ഒന്നും രണ്ടും പറഞ്ഞു വര്‍ത്താനം പറഞ്ഞു നിന്നപ്പോൾ രണ്ടു പരിപ്പുവട സരോജത്തിനും വാങ്ങിച്ചു കൊടുത്തു. ഇതു നാണു ഏട്ടന്‍ വീട്ടില്‍ എത്തിയപ്പോ നാണി ഏടത്തിയോട്‌ പറഞ്ഞു. പോരെ പൂരം.. പാവം നാണു ഏട്ടന്‍.. പിന്നെ നാണു ഏട്ടന് ഇല്ല്യാത്ത കുറ്റങ്ങള്‍ ഇല്ല്യ. നാണി ഏടത്തി അങ്ങിനെ കലി തുള്ളി നില്‍ക്കയാണ്‌, നാണു ഏട്ടന്‍ എത്ര പറഞ്ഞിട്ടും കലി അടങ്ങുന്നില്ല്യ. നാണു ഏട്ടന്‍ ഒരു പെൺകോന്തനാണെന്നും, വയസ്സ് പത്തറുപതു കഴിഞ്ഞെങ്കിലും പെണ്ണുങ്ങളെ കാണുമ്പോ ഉള്ള ഇളക്കം അല്പം കൂടുതല്‍ ആണെന്നും; പണ്ടേ അറിയാം സരോജത്തെ കാണുമ്പോള്‍ ഉള്ള നിങ്ങടെ ഒരു കിന്നാരം പറച്ചില്‍ എന്നൊക്കെ പറഞ്ഞു നാണി ഏടത്തി തൊള്ളതൊറക്കാന്‍ തുടങ്ങി. അതോടൊപ്പം നാണു ഏട്ടന്‍ കൊണ്ടുവന്ന പരിപ്പുവട അവള്‍ക്കു തന്നെ കൊണ്ട് പൊയ് കൊടുത്തോ എന്നും പറഞ്ഞു മുറ്റത്തേക്ക് ഒരേറും വെച്ച് കൊടുത്തു. പാവം നാണു ഏട്ടന്‍ കഷ്ടത്തിലായി എന്ന് പറയാലോ.. നാണു ഏട്ടന്‍ സ്വയം പറഞ്ഞു, അപ്പോഴും പറഞ്ഞതാ നാവേ, നാവേ വേണ്ടാ മിണ്ടാണ്ടെ ഇരുന്നോ എന്ന്.. ഇപ്പൊ കിട്ടേണ്ടത് കിട്ടിയപ്പോ സമാധാനം ആയല്ലോ.. സ്വയം പണ്ടാരടക്കി തലയ്ക്കു കയ്യും കൊടുത്തു മിണ്ടാണ്ടെ ഇരുന്നു. എന്തൊക്കെ പറഞ്ഞിട്ടും നാണി ഏടത്തി അടങ്ങുന്നില്ല്യ. ഇതൊക്കെ കേട്ട് സഹികെട്ട് അവസാനം നാണു ഏട്ടന്‍ പറഞ്ഞു; നിര്‍ത്തുന്നുണ്ടോ ? ഇല്ലെങ്കില്‍ ഞാന്‍ ഇപ്പൊ ഈ കായലില്‍ ചാടി ചാകും എന്നു പറഞ്ഞു ഭീഷിണിപ്പെടുത്തി. കേട്ട പാതി, കേള്‍ക്കാത്ത പാതി എടുത്തടിച്ച പോലെ നാണി ഏടത്തി പറഞ്ഞു പോയ് ചത്തോ, എനിക്ക് കാണണ്ട. നാണു ഏട്ടന്‍ ഇറങ്ങി നടന്നു തൊട്ടടുത്ത കായലിനെ ലക്ഷ്യമാക്കി. കായലില്‍ നല്ല വെള്ളം ഉണ്ട്. വെള്ളത്തിലൂടെ വേഗത്തില്‍ ദൂരേക്ക്‌ നടന്നു പോകന്നത് കണ്ടപ്പോ അത് വരെ ക്രുദ്ധയായി നിന്ന നാണി ഏടത്തി ഒറക്കെ നിലവിളിച്ചു... നാണി ഏടത്തീടെ നിലവിളി കേട്ട് അയല്‍പ്പക്കത്തെ വീട്ടുകാര്‍ ഓടി വന്നു. നോക്കുമ്പോ നാണു ഏട്ടന്‍ കായലില്‍ വെള്ളത്തിലൂടെ ആഴത്തിലേക്ക് നടന്നകലുന്നു. ഇതു കണ്ടു രണ്ടു പേര്‍ നാണു ഏട്ടനെ രക്ഷപെടുത്താനായി ഓടിച്ചെന്നു. നാണു ഏട്ടന്‍ എത്ര നടന്നിട്ടും നാണു ഏട്ടനെ മൂടാനുള്ള വെള്ളം ഇല്ല്യ. നാണു ഏട്ടന്‍ നടന്നകലുംതോറും കൂടെ പിടിക്കാന്‍ വന്നവര്‍ വെള്ളത്തില്‍ ആണ്ടു പോയി; ഇതു കണ്ടു കരക്ക്‌ നിന്നവര്‍ നിലവിളിച്ചു. അപ്പോഴും ആറടിയില്‍ കൂടുതല്‍ പൊക്കമുള്ള നാണു ഏട്ടന്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്. നാണു ഏട്ടന്‍ വേഗം തിരിച്ചു വന്നു മുങ്ങി താഴുന്ന അവരെ പൊക്കി എടുത്തു കരയില്‍ എത്തിച്ചു. ഇതു കണ്ടു കരക്കുനിന്ന നാണി ഏടത്തി അടക്കമുള്ളവർ ആര്‍ത്തു ചിരിച്ചു.. മരിക്കാന്‍ പോയ ആള്‍ മറ്റുള്ളവരെ രക്ഷിച്ചു തിരികെ പോന്നു. അന്ന് മുതല്‍ നാണു ഏട്ടന് നാട്ടുകാര്‍ പുതിയ പേരിട്ടു. പക്ഷി നാണു.. പിന്നീട് നാണു ഏട്ടന്‍ പക്ഷി നാണു എന്ന പേരിലാണ് അറിയപെട്ടത്‌.

Wednesday, November 25, 2009

അപ്പുണ്ണ്യേട്ടന്റെ ഗൾഫ് യാത്ര

അപ്പുണ്ണ്യേട്ടൻ; കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ നിന്നും വന്നത്. നാട്ടില്‍ നിന്നും കൊണ്ട് വന്ന പലഹാരങ്ങളുമായി വന്നതാണ്. അപ്പോൾ ഞാനോർത്തു പോയി, അപ്പുണ്ണ്യേട്ടൻ ആദ്യമായി ഈ ഗൾഫ് രാജ്യത്ത് കാലുകുത്തിയ ദിവസം. അന്നത്തെ ആ മനുഷ്യനിൽ നിന്നും ഇന്നത്തെ മനുഷ്യനിലേക്ക് എത്രയോ മാറി അദ്ദേഹം.



അന്ന് ആദ്യായിട്ടാണു ഒരു ഗള്‍ഫ് രാജ്യം അപ്പുണ്ണിഏട്ടന്‍ കാണണത്. അത് പറയണേക്കാളും മുൻപ് അപ്പുണ്ണ്യേട്ടന്‍ ആരെന്നും, ഞാനും അപ്പുണ്ണ്യേട്ടനും തമ്മിലുള്ള ബന്ധവും പറയണമല്ലോ...
എന്റെ ചെറുപ്പം തൊട്ടു എന്ന് വെച്ചാല്‍ എനിക്ക് ഓർമ്മ വെച്ചനാള്‍ മുതല്‍ എന്നെ തോളിലേറ്റി നടന്നത് അപ്പുണ്ണ്യേട്ടന്‍ ആയിരുന്നു. അദ്ദേഹം പറഞ്ഞുതന്ന കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്‌. എന്റെ വീടിനു അര കിലോമീറ്റര്‍ അകലെ ആയിട്ടാണ് അദ്ദേഹത്തിന്റെ വീട്. അപ്പുണ്ണ്യേട്ടന്റെ അച്ഛന്‍ വീട്ടിലെ സ്ഥിരം പണിക്കാരനാണ്. അങ്ങിനെ ആണ് അദ്ദേഹം ഞങ്ങള്‍ടെ വീട്ടില്‍ എത്തിചേർന്നത്.
എന്റെ വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു അദ്ദേഹം‍. നല്ല വെളുത്ത നിറായിരുന്നു അപ്പുണ്ണ്യേട്ടന്. ഇപ്പോ കാണുമ്പോ ആ നിറം ഒക്കെ പോയീരിക്കുണു. ജീവിത പ്രാരബ്ധങ്ങളാകാം അപ്പുണ്ണിയേട്ടനെ ഇപ്പൊ ഇരുണ്ട നിറം ആക്കി മാറ്റിയത്. ഏത് ഉത്സവത്തിനു പോയി വരുമ്പോഴും എന്റെ കൈകളില്‍ ഇടുവാനായി നിറയെ കുപ്പിവളകളും, കിലുങ്ങുന്ന ബലൂണുകളും, ചുറ്റു ചുറ്റു വളകളും കൊണ്ടേ വരൂ. പത്താം ക്ലാസ്സ് തോറ്റപ്പോള്‍ എന്റെ അച്ഛന്റെ സഹായിയായി വീട്ടിലെ അല്ലറ, ചില്ലറ ജോലികളും ചെയ്തു വീട്ടില്‍ തന്നെ കൂടി.



ഞാന്‍ ആറാം ക്ലാസ്സില് പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കണത്. അന്ന് ഞങ്ങള്‍ക്കു
പേടിക്ക്‌ കൂട്ട് കിടക്കാന്‍ വരുന്നതു അപ്പുണ്ണ്യേട്ടനായിരുന്നു. വല്യേ ധൈര്യശാലി ആണ് താന്‍ എന്നായിരുന്നു അപ്പുണ്ണ്യേട്ടന്റെ നാട്ട്യം. മഹാ പേടിത്തൊണ്ടനായിരുന്നു അദ്ദേഹം‍. ഞങ്ങള്‍ടെ വീടാണെങ്കില്‍ മൂന്ന് നാലു ഏക്കറിന് നടുവില്‍ ഒരു ഒറ്റപ്പെട്ട വീട്. നിറയെ തെങ്ങും കവുങ്ങു. അന്ന് കരണ്ടൊന്നും ഇല്ല്യ. രാത്രിയായാല്‍ മുറ്റത്തേക്ക് ഇറങ്ങാന്‍പോലും പേടിയാകും. ഒരൂസം അപ്പുണ്ണ്യേട്ടന്‍ വീട്ടില്‍ എത്താന്‍ വൈകി. അന്ന് അദ്ദേഹം ആകെ പേടിച്ച മട്ടുണ്ട്, കാരണം ഇടവഴിയില്‍ ഇരുന്നു ഒരു കുറ്റിചൂളന്‍ കരഞ്ഞിരുന്നു. (കാലന്‍ കോഴി എന്നും പറയും ചിലര്‍.) അതിന്റെ കരച്ചില്‍ കേട്ടാല്‍ ഞങ്ങള്‍ക്കൊക്കെ വലിയ പേടിയാ. എല്ലാരും അമ്മയെ ചുറ്റി പറ്റി നില്ക്കും. കുറ്റിചൂളാന്‍ കരഞ്ഞാല്‍ അടുത്ത് എവിടേലും മരണം നടക്കും എന്നാ പറയാ. ഇരുട്ടിനെ കീറി മുറിച്ചുള്ള ആ കരച്ചില്‍ ആരേയും പേടിപ്പെടുത്തും. അമ്മ അപ്പൊ ഇരുമ്പിന്റെ എന്തേലും ഒരു ആയുധം എടുത്ത് അടുപ്പില്‍ കനലില്‍ വെക്കും. അല്പം കഴിയുമ്പോള്‍ അതിന്റെ കരച്ചില്‍ താനേ നില്‍ക്കും. അടുപ്പില്‍ ഇരുമ്പ് വെക്കുമ്പോ അതിന്റെ കാലില്‍ ചൂടു പിടിക്കുമത്രേ. അപ്പോഴാണ്‌ അത് പറന്നുപോകണത് എന്ന് അമ്മ പറയും. അന്നും അതുപോലെ അപ്പുണ്ണ്യേട്ടൻ വരണ വഴിയില്‍ ഇതിരുന്നു കരഞ്ഞിരുന്നു. പക്ഷെ ആ പേടി ഒന്നും മൂപ്പര്‍ പുറത്തു കാണിച്ചില്യ. എന്നാലും ഞങ്ങൾക്കെല്ലാം കാര്യം പിടികിട്ടി. എല്ലാരും കൂടി ചോറുണ്ണാന്‍ ഇരിക്കാന്‍ തുടങ്ങിയ നേരത്ത് അപ്പുണ്ണ്യേട്ടന്‍ കൈകഴുകാനായി എഴുന്നേറ്റു പോയി. പിന്നെ കേൾക്കണത് അദ്ദേഹത്തിന്റെ ഒരു അലര്‍ച്ചയാണ്. എല്ലാരും പേടിച്ചോണ്ട് ഓടി ചെന്നു. എന്ത് പറ്റി എന്ന് ചോദിച്ചിട്ടും അപ്പുണ്ണ്യേട്ടന്‍ കണ്ണുതുറിച്ചു കൈകള്‍ ചൂണ്ടി കാണിക്കുന്നു. വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല. എന്ത് പറ്റി എന്നാവർത്തിച്ചു ചോദിച്ചപ്പോ വിക്കി വിക്കി പറഞ്ഞു; അതാ അവിടെ ഒരാള്‍ നിൽക്കണ്ട്.. എല്ലാർക്കും പേടിയായി. ഒരു വിധം ധൈര്യം സംഭരിച്ചു എന്റെ മൂത്ത ഏട്ടന്‍ ജനവാതിലിനു അടുത്തേക്ക് ടോര്‍ച്ചടിച്ചു. ആരെയും കാണുന്നില്ല. വീണ്ടും ഒരുവട്ടം കൂടി നോക്കിയപ്പോള്‍ ആണ് കാര്യം പിടികിട്ടിയത്. ജനവാതിലിനു മുകളില്‍ ഒരു കണ്ണാടി തൂക്കിയിട്ടിരുന്നു. അതില്‍ അപ്പുണ്ണ്യേട്ടന്റെ പ്രതിബിംബം കണ്ടാണ്‌ മൂപ്പരു പേടിച്ചു നിലവിളിച്ചത്. ആ അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാരും കൂടി അപ്പുണ്ണ്യേട്ടന്റെ ധൈര്യത്തെ വാനോളം പുകഴ്ത്തി. അതിന് ശേഷം അപ്പുണ്ണ്യേട്ടന്റെ, താന്‍ വലിയ ധൈര്യശാലി ആണ് എന്ന ആ നാട്യം അല്പം കുറഞ്ഞു.



അച്ഛന്‍ മരിച്ചതോടു കൂടി വീട്ടില്‍ പ്രത്യേകിച്ച് ജോലി ഒന്നും അപ്പുണ്ണ്യേട്ടന് ഇല്ലാതായി.
ഒരൂസം ആരോടും പറയാണ്ടെ അദ്ദേഹം നാടു വിട്ടു; മദ്രാസ്സിലേക്ക്. പിന്നെ കുറെ നാളുകള്‍ അദ്ദേഹത്തെ കുറിച്ചു ഒരു വിവരവും ഇല്ലായിരുന്നു. കുറെ കഴിഞ്ഞപ്പോ ആരോ പറഞ്ഞു അവിടെ ഒരു തമിഴത്തി പെണ്ണിനെ കല്യാണം കഴിച്ചു അവിടെ കൂടി എന്ന്.



കുറേ നാളുകൾക്കു ശേഷം; ഒരു ദിവസം അപ്പുണ്ണ്യേട്ടന്റെ വീടിന്റെ അടുത്തുള്ള ഒരുവീട്ടിലെ കല്യാണം കൂടാന്‍ ഞാനും മോനും പോയി. അവിടെ വെച്ചു അവിചാരിതമായി അപ്പുണ്ണ്യേട്ടനെ കാണാനിടയായി. അദ്ദേഹം ആകെ മാറിരിക്കുന്നു. തടി വെച്ചു അല്പം കുടവയറൊക്കെ ആയി മുഖത്തു ഒരു കണ്ണടയും ഫിറ്റ് ചെയ്ത്. ആദ്യത്തെ ആ നിറം ഒക്കെ മാറീരിക്കുന്നു. എന്നെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു. എന്നെ കണ്ടിട്ട് മനസ്സിലായില്യ കക്ഷിക്ക്. കാരണം അന്ന് അദ്ദേഹം നാടു വിടുമ്പോ ഞാന്‍ എട്ടിലോ, ഒമ്പതിലോ ആണ് പഠിക്കണത്. ഇന്ന് എന്റെ രൂപം തന്നെ മാറീലേ, ആകെ തടിച്ചു , ഒരു കുട്ടിയേയും കൈയിൽ പിടിച്ചു നില്‍ക്കണ എന്നെ പെട്ടന്ന് അങ്ങട് മനസ്സിലായില്യ. ആരോ പറഞ്ഞു കൊടുത്തപ്പോഴാ മനസ്സിലായെ പണ്ടത്തെ മോളൂട്ടിയാ ഇതെന്നു. എന്നെ കണ്ടപ്പോ ഓടി വന്നു കെട്ടി പിടിച്ചു. ആളുകള്‍ ഉണ്ടെന്നും, അതൊരു കല്യാണ പന്തല്‍ ആണെന്ന കാര്യം പോലും അപ്പുണ്ണ്യേട്ടന്‍ മറന്നു. എന്റെ തോളില്‍ പിടിച്ചു അദ്ദേഹത്തോടു ചേർത്തു നിർത്തി. കൈ എടുത്തു മാറ്റാന്‍ ഞാന്‍ ശ്രമിച്ചിട്ടും മൂപ്പരു വിടുന്നില്യ. എല്ലാരും ഞങ്ങളെ നോക്കുന്നു. അതൊന്നും അദ്ദേഹം കാണുന്നില്യ. അദ്ദേഹത്തിന്റെ മനസ്സില്‍ നിറയെ എന്നെ കണ്ടതിലുള്ള സന്തോഷം. എനിക്കത് മനസ്സിലാകുമെങ്കിലും മറ്റുള്ളവര്‍ക്ക് അത് മനസ്സിലാകില്ല്യാലോ. എന്റെ അവസ്ഥ കണ്ടു അപ്പുണ്ണ്യേട്ടന്റെ ജേഷ്ഠത്തി അവിടേക്ക് വന്നു. ഡാ അപ്പുണ്ണി, അത് പഴയ മോളൂട്ടി അല്ല അവള്‍ വളർന്നു വലുതായി; ഒരുത്തന്റെ ഭാര്യയും, ഒരു കുട്ടീടെ അമ്മയുമാ.. നീ അവളുടെ ദേഹത്തൂന്നു കൈ എടുക്ക്. ആളുകള്‍ ശ്രദ്ധിക്കുന്നു, എന്നു പറഞ്ഞപ്പോളാണു മൂപ്പരു പരിസരം ശ്രദ്ധിക്കുന്നത്. അല്പനേരം വിശേഷങ്ങൾ പറഞ്ഞു , പെട്ടെന്ന് തന്നെ ഞാൻ സ്ഥലം കാലിയാക്കി.



പിന്നീട് കുറെ നാളിനുശേഷം ഞാന്‍ ഗള്‍ഫിലേക്ക് വന്നു. പിന്നീട് ഒരുദിവസം അപ്പുണ്ണിഏട്ടന്‍ എന്നെ ഫോണില്‍ വിളിച്ചു. അപ്പുണ്ണിഏട്ടന് എങ്ങിയെങ്കിലും ഒരു വിസ ശരിയാക്കി കൊടുക്കണം എന്നും, രണ്ടു പെണ്കുട്ട്യോളാണ് തനിക്ക് ഉള്ളതെന്നും, എങ്ങിനെയെങ്കിലും വിസ എടുക്കണം എന്നും അഭ്യർത്ഥിച്ചു. ഏട്ടനോട് ഞാൻ കാര്യം ആവശ്യപ്പെട്ടതിൻ പ്രകാരം ഒരു വിസിറ്റ് വിസ എടുത്തു കൊണ്ടുവരുവാന്‍ തീരുമാനിച്ചു. വിസ ശരിയായി അപ്പുണ്ണിയേട്ടനെ വിളിച്ചു. വിസ ശരിയായ കാര്യം അറിയിച്ചു. അത് കേട്ടപ്പോ ആള്‍ക്ക് വലിയ സന്തോഷമായി. പിറ്റേ ദിവസം എന്നെ വീണ്ടും വിളിച്ചു , ടിക്കറ്റ്‌ എടുത്തു എന്നും, ഇപ്പൊ വരാന്‍ പേടിയാകുന്നു എന്നും പറഞ്ഞു. ഞാന്‍ പറഞ്ഞു പേടിക്കേണ്ട കാര്യം ഒന്നും ഇല്ല്യ; ഒന്നു ഉറങ്ങി എഴുന്നേല്‍ക്കുംമ്പോഴേക്കും ഇവിടെ എത്തും. എയര്‍പോര്‍ട്ടില്‍ ഞങ്ങള്‍ ഉണ്ടാകുകയും ചെയ്യും, പേടിക്കേണ്ടാതില്ല്യ എന്നൊക്കെ ഞാന്‍ ആശ്വസിപ്പിച്ചു. എന്നാലും അപ്പുണ്ണിഏട്ടന്റെ പേടി മാറിയില്ല്യ. വരുന്നതിന്റെ തലേദിവസം വീണ്ടും വിളിച്ചു, എന്താണാവോ എനിക്ക് പേടി കൊണ്ടു ഉറങ്ങീട്ടു കുറെ ദിവസായി, പ്ലെയിന്‍ അല്ലെ താഴെ വീണാലോ.. എന്റെ കുട്ട്യോള്.. ഇപ്പോ തോന്നാ ഒന്നും വേണ്ടായിരുന്നു എന്ന്. എന്റെ ആശ്വാസവാക്കുകള്‍ അല്പം ധൈര്യം കൊടുത്തു എന്ന് തോന്നി. എനിക്കും കേട്ടപ്പോള്‍ പാവം തോന്നി. ആദ്യമായിട്ടല്ലേ, ഇതു വരെ ഇങ്ങനെ ഒന്നും യാത്ര ചെയ്തിട്ടില്ല്യാലോ, അപ്പുണ്ണിയെട്ടനച്ചാ വലിയ പഠിപ്പൊന്നും ഇല്ല്യാലോ, അപ്പോ ആള്‍ക്ക് പേടി ഇംഗ്ലീഷ് എങ്ങിനെ പറയും, വല്ലതും തിന്നാന്‍ കിട്ടുമോ? ഒന്നു ബാത്‌റൂമില്‍ പോണം എന്ന് തോന്ന്യാല്‍ എന്ത് ചെയ്യും..? ഇതൊക്കെ ഓർത്തു അപ്പുണ്ണ്യേട്ടന്റെ നെഞ്ചു പട, പട എന്ന് മിടിക്കാൻ തുടങ്ങി. പാവം ആകെ കഷ്ടത്തിലായി എന്ന് പറയാലോ. ഞാന്‍ എല്ലാം പറഞ്ഞു മനസ്സിലാക്കികൊടുത്തു. ഒന്നിനും ഒരു ബുദ്ധിമുട്ടും വരില്ല്യ എന്നും .



അങ്ങിനെ ആ ദിവസം എത്തി, ഞങ്ങള്‍ നേരത്തെ തന്നെ എയര്‍പോര്‍ട്ടില്‍ എത്തി. ഇനി ഞങ്ങള്‍ എത്താന്‍ വൈകിയാല്‍ അപ്പുണ്ണിഏട്ടന്‍ വിഷമിച്ചാലോ എന്നോര്‍ത്ത്. കറക്റ്റ് ടൈമിനു തന്നെ ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്തു. അല്പം കഴിഞ്ഞപ്പോ ഒരു ട്രോളിയും തള്ളികൊണ്ട് അപ്പുണ്ണിഏട്ടന്‍ ക്ഷീണിച്ചു അവശനായി വരുന്നതു കണ്ടു. ഞങ്ങള്‍ വേഗം അടുത്തേക്ക് ചെന്നു. ഇനിയും വീണ്ടും കെട്ടിപ്പിടിച്ചാലോ എന്നോര്‍ത്ത് ഞാന്‍ അല്പം മാറി നിന്നു. കാറില്‍ കയറിയതിനു ശേഷം ആണ് അപ്പുണ്ണിഏട്ടന് ദീര്‍ഘനിശ്വാസം വീണത്‌. എങ്ങിനെ ഉണ്ടായിരുന്നു യാത്ര എന്ന് ചോദിച്ചപ്പോള്‍ ആണ് പറയണത്, ഒന്നും കഴിച്ചിട്ടില്യ എന്നും, വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴും ടെന്‍ഷന്‍ കാരണം ഒന്നും കഴിച്ചില്ല്യ എന്നും. അപ്പോ ഞാന്‍ ചോദിച്ചു ഫ്ലൈറ്റില്‍ നിന്നും ഭക്ഷണം കിട്ടിയില്ലെ എന്ന് ചോദിച്ചപ്പോ പറഞ്ഞു ; കിട്ടി, പക്ഷെ ഞാന്‍ കഴിച്ചില്ല്യ, എന്ത്യെ കഴിക്കാഞ്ഞെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി കേട്ട് ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. കൈകഴുകാന്‍ വെള്ളം കിട്ടാത്തത് കാരണം ഭക്ഷണം കഴിച്ചില്ല്യാന്നു. വേറെ ഒന്നും കിട്ടിയില്ലെ എന്ന് ചോദിച്ചു ഞാന്‍, അപ്പോ പറഞ്ഞു എന്തൊക്കയോ കുടിക്കാന്‍ കൊടുത്തു; എല്ലാരും എന്തൊക്കെയോ കുടിക്കണത് കണ്ടു. എന്നോട് എന്തൊയോ ചോദിച്ചു. ഞാന്‍ തലയാട്ടി ;വേണ്ടാന്ന് പറഞ്ഞു. അവര്‍ ചോദിച്ചത് എന്താണെന്നു എനിക്ക് മനസ്സിലായില്ല. അത് കൊണ്ടു ഞാന്‍ തലയാട്ടി. അപ്പോ എനിക്കൊന്നും തന്നില്യ. പിന്നെ ഒരു ട്രേയില്‍ എന്തോ കൊണ്ടു വന്നു. ഞാന്‍ അത് ചൂയിംഗം ആണെന്നു കരുതി ഞാന്‍ അതെടുത്ത് വായില്‍ ഇട്ടു. അത് വായില്‍ ഇട്ടപ്പോള്‍ ഒരു രുചി വ്യത്യാസം, അപ്പുറത്തിരിക്കുന്ന ആളെ നോക്കിയപ്പോള്‍ അയാള്‍ എന്നെ നോക്കുന്നു. ആ സാധനം കൊണ്ടു അയാള്‍ മുഖം തുടക്കുന്നു. ഞാന്‍ പതുക്കെ വായില്‍ നിന്നും അതെടുത്തു; അയാളെ നോക്കി ചിരിച്ചു, അതെവിടെ കളയും എന്നറിയാതെ കുഴഞ്ഞു. അവസാനം അതെന്റെ പോക്കറ്റില്‍ തന്നെ ഇട്ടു. എന്നിട്ട് അതെടുത്ത് ഞങ്ങൾക്കു കാണിച്ചു തന്നു. അത് കണ്ടു ഞങ്ങള്‍ കുറെ ചിരിച്ചു. വിമാനം പൊങ്ങിത്തുടങ്ങിയപ്പോ സര്‍വദൈവങ്ങളെയും വിളിച്ചുപോയി. എന്തൊരു തിരിച്ചിലാ അത് തിരിയണേ !!! ഈശ്വരാ ഇനി നിലം തൊടില്യ എന്നാ കരുതിയത്; പേടി കൊണ്ടു ടോയലറ്റില്‍ പോകാന്‍ വല്ലാണ്ടേ മുട്ടി. കുറെ സഹിച്ചു ഇരുന്നു. അവസാനം ഒരു രക്ഷയും ഇല്ല്യ എന്നായപ്പോ; ഇടക്കിടക്ക് ചിലര് എഴുന്നേറ്റു പോകുന്നത് കണ്ടു, അവരുടെ പിന്നാലെ ഞാനും കൂടി. അവസാനം ടോയ്ലെറ്റില്‍ കേറി, കാര്യം ഒക്കെ സാധിച്ചു. വെള്ളം എങ്ങിനെ ഒഴിക്കണം എന്ന് ഒരു പിടിയും ഇല്ല്യ. ഈശ്വരന്‍മാരെ കാത്തുകൊള്ളണേ എന്ന് ദൈവത്തെ വിളിച്ചു. വെള്ളം ഒഴിക്കാതെ പോയാല്‍ എന്റെ പുറകെ കേറുന്നവന്‍, ഞാന്‍ ഒരു തെണ്ടി ആണെനു കരുതില്ലേ.. ഈശ്വരാ..എന്ത് ചെയ്യും?? ഇതില്‍ കുറെ ബട്ടന്‍ മാത്രേ കാണുനുള്ളൂലോ ഭഗവാനെ.. ഇതില്‍ എതെങ്കിലും അമര്‍ത്തിയാല്‍ പ്ലെയിൻ എങ്ങാനും താഴെ വീണാലോ...!! ഹോ.. ആലോചി്ക്കാന്‍ വയ്യ. ഞാന്‍ കാരണം എത്രപേർ മരിക്കും അപ്പൊ. എന്ത് ചെയ്യും?? അവസാനം കണ്ണടച്ച് സര്‍വ ദൈവങ്ങളെയും വിളിച്ചു ഒരു ബട്ടന്‍ അമര്‍ത്തി. ഒരു വലിയ ശബ്ദത്തോടെ വെള്ളം ചീറ്റി. ആ ശബ്ദം കേട്ട് ഞാന്‍ ഞെട്ടി. എല്ലാം കഴിഞ്ഞു പുറത്തു കടക്കാന്‍ നോക്കിയപ്പോ വാതില്‍ എങ്ങിനെ തുറക്കണം എന്നൊരു പിടിയും ഇല്ല്യ. ഈശ്വരാ ഇതെന്തു പരീക്ഷണം.. ആരെ വിളിക്കും? നിന്നു തിരിയാന്‍ ഇടവും ഇല്ല്യ.. എങ്ങിനെ ഇനി പുറത്തു കടക്കും. എല്ലായിടത്തും പിടിച്ചു വലിച്ചു. തള്ളി നോക്കി; തുറക്കുന്നില്ല. എന്ത് കഷ്ടകാലത്താണാവൊ ഗള്‍ഫിലേക്ക് വരാന്‍ തോന്നിയത്.. ആ സമയത്തെ സ്വയം ശപിച്ചു. എല്ലാതും പിടിച്ചമര്‍ത്തി എവിടെയോ കൈകൊണ്ടപ്പോള്‍ വാതില്‍ താനെ തുറന്നു. ഞാന്‍ ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് വിജയ ശ്രീലാളിതനായി ഒന്നും സംഭവിച്ചിട്ടില്യ എന്ന മട്ടില്‍ സീറ്റില്‍ വന്നിരുന്നു. പിന്നെ ഞാന്‍ അനങ്ങാൻ പോയില്ല്യ. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ പാവം തോന്നി. എന്റെ മോൻ ഇതെല്ലാം കേട്ടിട്ട് ചിരി അടക്കാന്‍ പാടു പെടുകയാണ്. ഇനി അടുത്തൊന്നും നാട്ടിലേക്ക് പോകുന്നില്യ എന്ന് പറഞ്ഞ ആള് എവിടെ എത്തി കൃത്യം ഒരു വർഷം ആയപ്പോഴേക്കും നാട്ടിലേക്ക് തിരിച്ചു പോയി. ഇപ്പൊ പണ്ടത്തെ ആ പാവം അപ്പുണ്ണിയേട്ടനല്ല. നല്ല ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി കിട്ടി. ഇപ്പൊ നല്ലപോലെ ഇംഗ്ലീഷ് ഒക്കെ പറയാന്‍ പഠിച്ചു. കാലങ്ങൾ മനുഷ്യനെയും, അവന്റെ ജീവിത രീതിയെയും എത്ര പെട്ടന്നാ മാറ്റി മറിക്കുനത്. പണ്ടത്തെ ആ പേടിതൊണ്ടനായ അപ്പുണ്ണിയേട്ടനാണോ ഇതെന്ന് തോന്നും. കാലം പോയ പോക്ക്..