
ഏതു ധീരനായ മനുഷ്യന്‍പോലും ഏറ്റവും ശ്രമകരവും ദുഷ്ക്കരവുമായ ഒന്നാണ് മനോനിയന്ത്രണം..ചഞ്ചലവും ,അനിയന്ത്രിതവും ,സദാ പ്രക്ഷുബ്ധവും ,ശക്തിയായ ദുര്വ്വാശിയുള്ളതുമായ മനസ്സിനെ നിയന്ത്രിക്കാന്‍ നിത്യാഭ്യാസംകൊണ്ടും ,വൈരാഗ്യം കൊണ്ടും നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞേക്കാം.ഒരിടത്തും ഉറച്ചു നില്‍ക്കാത്ത മനസ്സിനെ തടയണ കെട്ടുക കാറ്റിനെ പിടിച്ചു നിര്തുന്നതിനേക്കാള് ദുഷ്കരം എന്നതു പറയാതെ വയ്യ.ഒരര്‍ത്ഥത്തില്‍ മനസ്സ് നിയന്ത്രിക്കുക എന്നാല്‍ വേണ്ടവിധം പെരുമാറാന്‍ പഠിപ്പിക്കല്‍ ആണു.നാം നമ്മുടെ മനസ്സിനെ നിയന്ത്രിക്കുന്നതിനു മുന്‍പ് അതിനെ വേണ്ടവിധം അറിഞ്ഞിരിക്കേണ്ടതുണ്ട്.മനസ്സ് നിയന്ത്രിക്കുന്നതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് തെറ്റും ,ശരിയും,നന്മയും,തിന്മയും ,സത്യവും,അസത്യവും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവാണ്.
മനസ്സെന്നു പറയുന്നത് അലക്കിവെളുപ്പിച്ച തൂവെള്ള വസ്ത്രം പോലെയാണ് .ചുവപ്പ് ചായത്തില്‍ മുക്കിയാല്‍ ചുവപ്പാകും,നീലയില്‍ മുക്കിയാല്‍ നീലയാകും അതുപോലെ തന്നെയാണ് മനസ്സും.മനസ്സ് നിയന്ത്രിക്കാന്‍ നമുക്ക് ഇഛാശക്തി ഇല്ലെന്നു കരുതുന്നത് വെറുതെയാണ്.എല്ലാവരുടെ ഉള്ളിലെയും ആന്തരികസംഘര്ഷങ്ങളും,സംഘട്ടനങ്ങളും സൂചിപ്പിക്കുന്നത് നമുക്ക് വേണ്ടത്ര ഇച്ഹാശക്തി ഉണ്ടെന്നു തന്നെയാണ്.
ആവര്‍ത്തിച്ചുണ്ടാകുന്ന പരാജയങ്ങള്‍ക്ക് മുന്പില് പതറാതെ മുന്നോട്ടു നീങ്ങാന്‍ തക്കവണ്ണം നമ്മുടെ മനസ്സ് ഇച്ചാശക്തിയെ ബലവത്താക്കണം . നിരാശരാകാതെ ,ഓരോ പരാജയവും പുത്തന്‍ ഉത്സാഹത്തോടെ നേരിടാന്‍ മനസ്സിനെ നിയന്ത്രിക്കുവാന്‍ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കണം.
പലരും മനസ്സിനോട് പടവെട്ടി പരാജയം പലവട്ടം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളവര്‍ ആണു.ശ്രീകൃഷ്ണന് ഭഗവത്ഗീതയില്‍ പറയുന്നുണ്ട് "പരിപൂര്‍ണ്ണമായ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കുന്ന ബുദ്ധിമാനായ ജ്ഞാനിയെപോലും അനിയത്രിതമായി ഇന്ദ്രിയങ്ങള്‍ വശം കെടുത്താറുണ്ട് ".കാറ്റില്‍പെട്ട് തോണി വെള്ളത്തില്‍ ഉഴലുന്ന പോലെ ,ഇന്ദ്രീയങ്ങളുടെ അലക്ഷ്യഗമനത്തില്പെട്ട് ഉഴലുന്ന മനസ്സ് ഞ്ജാനിയുടെപോലും വിവേകത്തെയും,ഇച്ഹാശക്തിയെയും ഉലച്ചുകളയുന്നു.
ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച പണിയാണ് മനസ്സിനെ നിയന്ത്രിക്കുക എന്നതു.ഇടെക്കെല്ലാം നേരിടുന്ന പരാജയങ്ങളെയും ,പിഴവുകളേയും കാര്യമാക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ ,ബുദ്ധിപൂര്‍വ്വമായി മുന്നോട്ടു കരുക്കള്‍ നീക്കുവാന്‍ കഴിയണം.പ്രലോഭനങ്ങള്‍ക്ക് വഴങ്ങുകയില്ലെന്ന് സ്വയം തീരുമാനം എടുത്താല്‍ ,എത്രകാലം പ്രലോഭനം മനസ്സിനെ പിടിച്ചുലചാലും സ്വയം അതിനു സമ്മതംമൂളാത്തിടത്തോളം പാപിയാകാന്‍ കഴിയുകയില്ല.മനസ്സ് നിയന്ത്രണതീത മല്ലാത്ത ഒരുവന് മനസ്സമാധാനം ഉണ്ടാവുകയില്ല .
നൈരാശ്യബോധം നമ്മുടെ പ്രവര്ത്തനാശേഷിയെ കാര്‍ന്നുതിന്നാന്‍ അനുവദിക്കരുത്.നൈരാശ്യം എപ്പോ ഉദിക്കുന്നുവോ അപ്പോള്‍ അതിനെ തുരത്തണം.നമ്മളെ തോല്പ്പിക്കാന്നമ്മുടെ മനസ്സിനെ കഴിയൂ .അതിനു നിന്നുകൊടുക്കാതെ ജീവിതലെക്ഷ്യം എന്നഒന്നുണ്ടെങ്കില് ഏതുപരാജയത്തിലും അടിപതറാതെ മുന്പോട്ടുപോയാല് വിജയം നമ്മുടെ കൂടെ കാണും
.മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്തതുമൂലം മനസ്സിന്റെ താളം തെറ്റി പോകുന്നവരുണ്ട് .മനസ്സ് കാടു കയറാന്‍ അനുവദിക്കുന്ന ഒരാളുടെ ജീവിതത്തില്‍ എല്ലായിപ്പോഴും സാധാരണഗതിക്ക് വിരുദ്ധമായുള്ള സംഭവവികാസങ്ങളും ആല്മസങ്കര്ഷം മൂലം മനസ്സിന്റെ താളം തെറ്റാനുള്ള പ്രവണത കൂടുന്നു.ഏറ്റവും അനുകൂല സാഹചര്യങ്ങളെ പോലും വേണ്ടവിധം വിനിയോഗിച് സ്വന്തം പ്രതീക്ഷകളെ നിറവേറ്റാന്‍ കഴിയാതെ പോകുന്നു.
മനസ്സ് നിയന്ത്രിക്കുന്നതില്‍ വിജയിച്ച ഒരാള്‍ക്ക് സ്വന്തം വ്യക്തിത്വത്തെ ഉയര്തുവാന് കഴിഞ്ഞേക്കും.പ്രസിദ്ധമായ ഒരു സംസ്കൃത വാക്യമുണ്ട് "ആരാണ് കീഴടക്കുന്നതു ?സ്വന്തം മനസ്സിനെ കീഴടക്കിയവാന് തന്നെ".
സ്വന്തം മനസ്സിനെ നിയന്ത്രിക്കാന്‍ നാം തന്നെ നമ്മോടു പറയുകയും പ്രതിഞ്ജ എടുക്കുകയും വേണം എങ്കില്‍ ഏതൊരു വ്യക്തിക്കും സ്വന്തം ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞേക്കും.
സ്വയം നാശം വരുന്ന രീതിയില്‍ ഒരിക്കലും സുഖം തേടി പോവുകയോ ,അനുഭവിക്കുകയോ ചെയ്യരുത്.ചിന്തിക്കുവാന്‍ കഴിവുള്ള മനുഷ്യന് യുക്തിക്ക് നിരക്കാത്തത് ചെയ്യരുത്.സദാചാരതത്വങ്ങള്‍ പാലിക്കുന്നവന് മനസ്സിനെ നിയന്ത്രിക്കുവാനും സ്വയം നാശത്തില്‍ നിന്നു കര കേയ്റാനും കഴിഞ്ഞെക്കം.
മനസ്സുകൊണ്ട്തന്നെയാണ് മനസ്സ് നിയന്ത്രിക്കേണ്ടത് .മനസ്സ് നിയന്ത്രിക്കുമ്പോള്‍ അനുഭവപെടുന്ന വിഷമങ്ങള്‍ മനസ്സുതന്നെ സൃഷ്ടിക്കുന്നതാണ്.മനപൂര്‍വ്വമായ ക്ഷമയോട്കൂടി ,കഠിനപരിശ്രമം കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞേക്കും.
ഗീതയില്‍ കൃഷന് പറഞ്ഞത് ,"സ്വന്തം ദൌര്ലബ്ല്ല്യത്തെ സ്വയം കീഴടക്കുകയും സ്വപരിശ്രമം കൊണ്ട് സ്വയം ഉയര്‍ത്തുകയും വേണമെന്നാണ്".ഇതു എപ്പോഴും മനുഷ്യന് ഒര്തിരിക്കെണ്ടാതാണ്.
മനുഷ്യന് അവന്റെ സ്വഭാവത്തെ മാറ്റുവാന്‍ അശ്രാന്ത പരിശ്രമം വേണം.എന്നെകൊണ്ട് സാധികുകയില്ലെന്നു പറയാതെ സാധിക്കും എന്ന് മനസ്സിനെ പത്തുവട്ടം പറഞ്ഞു പഠിപ്പിച്ചാല്‍ സാധിക്കാത്തതായി ഒന്നും ഇല്ല.ഏതു കാര്യത്തിനും ആദ്യം വേണ്ടത് ഇച്ഹാശക്തിയാണ്. നൈരാശ്യത്തിനു വഴങ്ങികൊടുക്കാതെ ജീവിത വിജയത്തിനായി വാശിയോടെ പോരാടുക.
മനോനിയന്ത്രണം ഒരു അമൂല്ല്യസമ്പത്താണ് .കാരണം അതുവഴി ഏറ്റവും വലിയ അനുഗ്രഹമായ ആല്മഞാന പ്രകാശം കൈവരുന്നു.നമ്മുടെ സ്വര്‍ഗ്ഗവും ,നരഗവും സൃഷ്ടിക്കുന്നത് മനസ്സുതന്നെയാണ് ആ മനസ്സിനെ നിയന്ത്രിക്കാതെ ഇന്ദ്രിയങ്ങളുടെ പിന്നാലെ വിട്ടാല്‍ അത് നരകവും തീര്‍ക്കുന്നു.