Tuesday, April 27, 2021

ജീവിതം മടുത്തു തുടങ്ങുമ്പോൾ, ഈ പോരാട്ടം അവസാനിക്കുന്നില്ലലോ എന്നു സങ്കടപ്പെടുമ്പോൾ, ഒറ്റക്കാണല്ലോ എന്നോർത്ത് ശ്വാസം മുട്ടുമ്പോൾ,  വെറുതെയൊരു യാത്ര പോകണം.. പിന്നിട്ട വഴികളിലൂടെ ഒരു യാത്ര..  ജീവിതം നിറയെ മുറിവുകളാണെന്നു തോന്നുമ്പോൾ  വീടിനോട് ചേർന്നുള്ള പാടവരമ്പത്തു അസ്തമയ സൂര്യനെ നോക്കി ഇരിക്കണം.. ഇടവഴികളിലൂടെ ഇലയനക്കാതെ നടക്കണം. സന്ധ്യാ നേരത്തു പാടവരമ്പിലൂടെ കയ്യിൽ ഒരുകറുത്ത  ബാഗും,  പിടിച്ചു നടന്നു വരുന്ന അച്ഛനെയും കാത്തു കുളക്കരയിൽ നിൽക്കുന്ന കൊച്ചു കുട്ടിയായി നിൽക്കണം..  ഒറ്റക്കാണെന്ന ചിന്ത കാർന്നു തിന്നുന്ന നേരം  വീടിന്റെ രണ്ടാം നിലയിലെ പഴയ പുസ്തകങ്ങളും പണ്ടുകാലത്തെ ഉപയോഗ ശൂന്യമായ  സാധനങ്ങളും വെറുതെ പരതികൊണ്ടിരിക്കണം. മുത്തച്ഛൻ മാർ മറന്നു പോയ വല്ല നിധി ശേഖരവും കണ്ടെത്താൻ കഴിഞ്ഞാലോ എന്നോർത്ത് ഓരോ മുക്കും മൂലയും പരതണം..   മറക്കാൻ ശ്രമിച്ചിട്ടും ഓർമ്മയുടെ അടിത്തട്ടിൽ മായാതെ കിടക്കുന്ന മുഖങ്ങൾ നിറം മങ്ങി തുടങ്ങിയ ആൽബംങ്ങളിൽ പരതി ഓരോന്നും ഓർത്തെടുക്കണം..  പ്രതിസന്ധികൾ ഒന്നിന് പുറകെ ഒന്നായിവലംവെച്ചു ശ്വാസം മുട്ടിക്കുമ്പോൾ,  അച്ഛൻ മരിച്ചപ്പോൾ ആ വലിയ വീട്ടിൽ മുപ്പത്തിമൂന്നാം വയസ്സിൽ ഒറ്റക്കായ അമ്മയെ  രാത്രികൾ പേടിപെടുthiyathum  നെഞ്ചിനകത്തു പെരുമ്പറ കൊട്ടിയ ദിനങ്ങളും, ഉറങ്ങാതെ ഇടനാഴികയിൽ വെറും നിലത്തു വിരിച്ച പായയിൽ റാന്തൽ വെളിച്ചത്തിൽ  അമ്മക്ക് കാവലിരിക്കുന്ന ഏട്ടൻ മാരെയും, ചേച്ചി മാരെയും ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ നോക്കി ഇരുന്ന ആറാം ക്ലാസ്സുകാരി പെൺകുട്ടിയായി ഇടനാഴികയിൽ വല്ല ശബ്ദവും കേൾക്കുന്നുണ്ടോ എന്നു കാതോർത്തു,  അമ്മയുടെ മടിയിൽ തലവെച്ചുറങ്ങണം.. .  നൽകിയ സ്നേഹത്തിനോ ആൽമാര്ഥതക്കൊ അൽപ്പം പോലും പരിഗണന തിരികെ കിട്ടിയില്ലല്ലോ എന്നോർത്ത് ചങ്കു പൊട്ടുമ്പോൾ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്യുകയോ വാട്സാപ്പ് ഡിലീറ്റ് ചെയ്യുകയോ, fb ഡീആക്ടീവ് ചെയ്യുകയോ ചെയ്തു  ഒറ്റക്കിരുന്നു  ഉറക്കെ ഉറക്കെ കരയണം .. എന്നിട്ടും ശാന്തമാകാത്ത മനസ്സെങ്കിൽ ഹെഡ് ഫോണും വെച്ചു പാട്ടു കേട്ടു കിടക്കണം   രാവിരുണ്ടിട്ടും വന്നു ചേരാത്ത നിദ്രാ ദേവിയോടും, ജീവിതത്തോടും  തളരാത്ത മനസ്സുമായി വീറോടെ വാശിയോടെ, തോൽക്കാനെനിക്ക്  മനസ്സില്ലെന്നു വിളിച്ചു പറയണം..  ഇനിയും എത്തിപ്പെടാത്ത അയാൾക്കുവേണ്ടി ഇന്നും കാത്തിരിപ്പാണെല്ലോ എന്നോർത്ത്  സ്വയം വിഡ്ഢിചിരി ചിരിക്കണം , എന്നെങ്കിലും എന്നെ തേടി അയാൾ വരുമെന്ന് സ്വയം സമാധാനിക്കാൻ ശ്രമിച്ചു, വേദനിക്കുന്ന മനസ്സുകൊണ്ടല്ലാതെ എന്നെങ്കിലും മധുരംകൊണ്ട് പൊട്ടിക്കരയുന്നൊരു ദിനം വരുന്നത് സ്വപ്നം കണ്ടുറങ്ങണം..   അതിരാവിലെയുണർന്നു വറ്റിവരണ്ട കണ്ണുനീർ തടങ്ങളെ തടവി മടുപ്പിക്കുന്ന രാവിലകളെ എതിരേറ്റു മനോഹരമായൊരു ചിരിയും ഫിറ്റ് ചെയ്തു വീണ്ടും കാലചക്രം തിരിക്കണം..

No comments: