സൈബർ ലോകത്തിന്റെ മാസ്മരീക പ്രപഞ്ചത്തിൽ എപ്പോഴോ , ഏതോ ഒരു നിമിഷം ആണ് ഒരു കാവലാളെപോലെ നീ എന്നിലേക്ക് കടന്ന് വന്നത്. എനിക്കറിയില്ല. തികച്ചും ഏകാകിയായിരുന്ന ഞാൻ പരസ്പരം അറിയാതെ ഏതോ ജാലകങ്ങൾക്കപ്പുറവും ഇപ്പുറവുമിരുന്ന് കണ്ണാരം പൊത്തിക്കളിക്കുന്ന , സൗഹൃദത്തിന്റെ പുതിയ മാനങ്ങൾ തേടുന്ന സൈബർ ലോകത്തിലേക്ക് എങ്ങിനെ എടുത്തെറിയപ്പെട്ടു എന്ന്. ഒരു പക്ഷെ എന്റെ ഏകാന്തതകൾ എന്നെ ഞാൻ പോലുമറിയിക്കാതെ നല്ലതും ചീത്തയുമായ ,ചോദിക്കുന്നതെന്തും മടിയില്ലാതെ മുന്നിലേക്ക് വാരിയിടുന്ന ഈ ലോകത്തേക്ക് ആകൃഷ്ടയാക്കിയതാവാം. രസകരമാണീ ലോകം. ചിലപ്പോളെല്ലാം നനുത്ത വേദനകൾ സമ്മാനിക്കുമെങ്കിൽ പോലും.... ജീവിതത്തിന്റെ പല നൂലാമാലകളിൽ കുടുങ്ങികിടക്കുന്ന മനുഷ്യജന്മങ്ങൾ...!! എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലിനിടയിൽ നിനച്ചിരിക്കാതെ കണ്ടുമുട്ടുന്ന, ചെറിയ ചെറിയ ഹായ് വിളികളിൽ തുടങ്ങുന്ന, സുഹൃദ് ബന്ധങ്ങൾ....
ഇപ്പോളെനിക്കറിയാം മുൻപൊരിക്കൽ ചാറ്റിങ്ങിനിടയിൽ നീ പറഞ്ഞ ആ വാക്കുകളുടെ അർത്ഥം. ഓർമ്മയില്ലേ നിനക്ക്? അന്ന് ഒന്നും മനസ്സിലാവാതെ ഒരു ബുദ്ധൂസിനെ പോലെ മിഴിച്ചിരുന്ന എന്നെ നീ സ്മെയിലികളിലൂടെ ഒത്തിരി നേരം കളിയാക്കി. അതെ, മനസ്സിന്റെ കോണിലെവിടെയോ ഒരു നേർത്ത പാളികളാൽ മൂടപ്പെട്ടുകിടക്കുന്ന പലതും കാലമെത്രകഴിഞ്ഞാലും ഓർമ്മയുടെ മേച്ചിൻപുറങ്ങളിൽ ഉടമയില്ലാത്ത പശുക്കളെ പോലെ മേഞ്ഞു നടക്കും എന്ന് നീ പറഞ്ഞപ്പോൾ അയ്യോ അവന്റെ ഒടുക്കത്തെ ഫിലോസഫി എന്ന് പറഞ്ഞ് ഞാൻ ആർത്ത് കൂവിയത്. പക്ഷെ, ഇപ്പോൾ മനസ്സിലാവുന്നു നീ അന്ന് പറഞ്ഞതിന്റെ പൊരുൾ..
നിനക്കോർമ്മയുണ്ടോ എപ്പോഴാണ് നമ്മൾ പരസ്പരം കണ്ടുമുട്ടിയതെന്ന്? പരസ്പരം ആരെന്നോ എന്തെന്നോ അറിയാതെ നല്ല സുഹൃത്തുക്കളായി നമ്മൾ മാറിയപ്പോഴും ഒരിക്കലും ഞാൻ ഓർത്തില്ലല്ലോ എന്നെങ്കിലും ഒരിക്കൽ അപ്രത്യക്ഷമാവുന്ന വെറുമൊരു നക്ഷത്രമായി നീ മാറുമെന്ന്. ഇന്ന് ഞാൻ എന്റെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അതിൽ നിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് ഞാൻ അറിയുന്നു. അത് മുഴുവൻ നീ നൽക്കിയ സൗഹൃദത്തിന്റെ ശക്തിയിൽ നിന്നും മാത്രമായിരുന്നു.. നിന്റെ കൈ പിടിച്ചല്ലേ ഞാൻ പിച്ചവെച്ച് തുടങ്ങിയത്.. പക്ഷെ.. ഇന്ന്.. ഞാൻ നടക്കാറായപ്പോഴേക്കും നീ എവിടെയാണ് പോയ് ഒളിച്ചത്? ഇന്നിപ്പോൾ എനിക്ക് കിട്ടുന്ന ഈ അംഗീകാരങ്ങളേക്കാൾ, അനുമോദനങ്ങളേക്കാൾ ഞാൻ കൊതിച്ചത് നിന്റെ പ്രോത്സാഹനങ്ങളായിരുന്നു.. അല്ലെങ്കിൽ നിന്റെ അനുമോദനങ്ങളായിരുന്നു. പക്ഷെ, എവിടെയും നിറ്റ്നെ ഒരു കുറിപ്പും കണ്ടില്ലല്ലോ പ്രിയ സ്നേഹിതാ.. എന്റെ ഇപ്പോഴുള്ള ഈ കുത്തിക്കുറിക്കലുകൾ ഒരിക്കലെങ്കിലും നീ വായിച്ചു കാണുമോ? അച്ഛനായും സഹോദരനായും നീ എന്നെ ശാസിക്കുമ്പോഴും , ഇടക്ക് പറയാതെ പറയുന്ന വാക്കുകളിൽ ഒരു കള്ളകാമുകനാവുമ്പോഴും ഒരിക്കലും ഞാൻ അറിഞ്ഞിരുന്നില്ലല്ലോ തെളിഞ്ഞ് നിൽക്കുന്ന ഈ പച്ച വെളിച്ചം പ്രകാശം നഷ്ടപ്പെട്ട ഒരു ചിഹ്നം മാത്രമാവുമെന്ന്.
ജീവിതത്തിന്റെ കട്ടപിടിച്ച , ഇരുണ്ട മേച്ചിൽ പുറങ്ങളിലൂടെ നീ വീണ്ടും യാത്ര തുടർന്നപ്പോൾ തനിച്ചായി പോയത് ഈ ഞാനല്ലേ ! ചോര്‍ന്നു പോയത് എന്റെ ശക്തിയും ധൈര്യവുമല്ലേ!! ഈ കുറ്റാക്കൂറ്റിരുട്ടിലും നിന്റെ അവ്യക്തമായ കാലടിപാതകൾ പിൻതുടരാൻ ഞാൻ ശ്രമിച്ചെങ്കിലും ജീവിത പ്രാരാബ്ദങ്ങളുടെ ഈ ഘോരവനാന്തരങ്ങളിൽ എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ലല്ലോ.. ഇരുളിന്റെ അഗാധതയിൽ എവിടെയോ ഒളിച്ചിരിക്കുന്ന നിന്നെ തേടിപിടിക്കാൻ എന്റെ കാലുകൾക്ക് ഇന്ന് ശേഷിയില്ലാതായിരിക്കുന്നു. ഇന്ന് ഈ സൈബർ ലോകത്തിന്റെ വിസ്മയത്തിൽ ഒരിക്കലും കാണാത്ത പല കാഴ്ചകളും , നേടാനാവുമെന്ന് കരുതാതിരുന്ന നേട്ടങ്ങളും ലഭിച്ചപ്പോഴും എനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ലല്ലോ?? നിന്നിലൂടെ , നിന്റെ സൗഹൃദത്തിലൂടെ ഞാൻ നേടിയ പലതും ഇന്ന് നിന്റെ തിരോധാനം ഏൽപ്പിച്ച വിടവിൽ എനിക്ക് ഒന്നുമല്ലാതാകുന്നു. .
മനസ്സിൽ നിന്നും എത്ര ഡിലീറ്റ് ചെയ്താലും ഡിലീറ്റാവാത്ത ചിലതുണ്ടെന്ന് കാലം എന്നെ പഠിപ്പിച്ചല്ലോ.. അതോ നീയാണോ അതും എന്നെ പഠിപ്പിച്ചത്!!! നിന്റെ യാത്രയിൽ നീ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ പാതിവഴിയിൽ മുറിഞ്ഞ് പോയ നമ്മുടെ സൗഹൃദത്തിന്റെ നേർത്ത പട്ടുനൂലിഴകൾ.. ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ മുഖം ആൾക്കൂട്ടത്തിൽ എപ്പോഴെങ്കിലും തേടിയിട്ടുണ്ടോ നിന്റെ കണ്ണുകൾ... ഇല്ല , ഓർത്തിട്ടുണ്ടാകില്ല.. അങ്ങിനെ ഓർത്തിരുന്നെങ്കിൽ ഇന്നും നിന്റെ സന്തോഷത്തിലും ദു:ഖത്തിലും പ്രിയ സുഹൃത്തുക്കളിൽ ഒരാളായി ഞാനുണ്ടാവുമായിരുന്നു. പക്ഷെ,നീ എന്നെ ഓർക്കാറുണ്ടെന്ന് എന്റെ മനസ്സിനെ വിശ്വസിപ്പിക്കാൻ ഞാൻ വെറുതെ ശ്രമിക്കട്ടെ.. അങ്ങിനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. നിന്റെ ജീവിതത്തിലെ ലാഭങ്ങളും നഷ്ടങ്ങളൂം സന്തോഷങ്ങളും ദുഃഖങ്ങളും ഒപ്പം.. നിനക്ക് നഷ്ടമായ നിന്റെ പ്രണയത്തിന്റെ നോവും എല്ലാം എല്ലാം നീ പങ്ക് വെച്ചത് എന്നോടല്ലേ? ആ എന്നെ മറവിയുടെ ചവിറ്റുകൊട്ടയിലേക്ക് വലിച്ചെറിയാൻ നിനക്കാവുമോ? ഇല്ലെന്ന് തന്നെ ഇന്നും ഞാൻ വിശ്വസിക്കട്ടെ... നിനക്കയക്കുന്ന മെയിലുകൾ ബൗൺസാകുമ്പോൾ ഞാൻ എന്താണ് വിശ്വസിക്കേണ്ടത്?? നിന്റെ ജീവന്റെ തുടിപ്പുകൾ ഈ ഭൂമിയിൽ അവശേഷിക്കുന്നില്ലെന്നോ? അതോ, ജിവിതത്തിന്റെ നെട്ടോട്ടങ്ങളിൽ മെയിലുകൾ തുറക്കാനാവാതെ എല്ലാം ക്യാൻസലായി എന്നോ?? അതോ നിനച്ചിരിക്കാതെ ഉണ്ടായ അന്നത്തെ ആക്സിഡന്റിൽ ബുദ്ധിമാന്ദ്യം സംഭവിച്ച നിന്റെ മകനുവേണ്ടി നീ നിന്റെ ജിവിതം ഉഴിഞ്ഞുവച്ചുവേന്നോ??? അതല്ലാതെ നീ ജിവിച്ചിരിപ്പില്ലെന്നോ നിന്റെ മെയിൽ വിലാസം നീ എന്തിന്റെ പേരിലാണെങ്കിലും മാറ്റിയെന്നോ വിശ്വസിക്കാൻ ഞാൻ ഒരുക്കമല്ല..
എന്നെങ്കിലുമൊരിക്കൽ എന്റെ കുറിപ്പുകളിൽ നിന്റെ കൈയൊപ്പ് പതിയുന്നതും കാത്ത് ഞാൻ ഇരിക്കും എന്ന് നീ അറിയുക.. മറ്റൊന്നിനും അല്ല... ഈ ഭൂമിയിൽ നിന്നിലെ ജീവന്റെ തുടിപ്പ് ശേഷിക്കുന്നുണ്ടെന്നറിയാൻ.. അതിനു വേണ്ടി മാത്രം... ഞാനെന്ന വ്യക്തി അറിയപ്പെടാൻ , ഇങ്ങനെയൊക്കെ ആയിതീരാൻ ദൈവത്തിനെ നിയോഗമായിരുന്നോ നീ.. ഒരിക്കൽ ഒന്നുമല്ലാതിരുന്ന എന്നിലെ ചെറിയ കഴിവുകൾ വരെ കണ്ടെത്തിയ നിന്നോട് ഒരു നന്ദി വാക്കെങ്കിലും പറയാതെ പോകാൻ എനിക്കാവില്ല. അത്.. അത് ഇന്നെന്റെ ഏറ്റവും വലിയ മോഹമാണ്. അതിന് വേണ്ടി ഞാൻ ഇവിടെ ഈ സൈബർജാലകത്തിന്റെ നേർത്ത തിരശ്ശീലക്ക് പിന്നിൽ കണ്ണിമ ചിമ്മാതെ കാത്തിരിക്കും. അതിനു വേണ്ടി മാത്രം...എപ്പോഴെങ്കിലും ഒരു ചെറിയ പ്രകാശ വലയമായി വീണ്ടും എന്റെ മുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കാൻ നിനക്കാവില്ലെന്ന പ്രതീക്ഷ ഒരു നേർത്തവലയമായി എനിക്ക് ചുറ്റിലും നിറയുന്നു. സൗഹൃദത്തിന്റെ ആ നല്ല നാളുകളിൽ നീ ആരെന്ന് കണ്ടെത്താൻ കഴിയാതെ പോയ എനിക്ക് ഇപ്പോഴറിയാം നീ എനിക്ക് ആരായിരുന്നെന്ന്. ഞാൻ അത് മനസ്സിലാക്കുന്നു. . ഇപ്പോൾ ഞാൻ തേടുന്നതാരെയെന്ന് ഞാനറിയുന്നു.....
43 comments:
ലച്ചു..
അവൻ വരും...ചിലപ്പോൾ കടലിന്നു മീതെ ഇരവിനെ ഭേദിച്ചൊരു മിന്നലായ്...മനസ്സിന്റെ ഊഷരതയ്ക്ക മീതെ പൊടുന്നനെ പെയ്യുന്ന മഴയായ്...അവൻ വരും..കാത്തിരിപ്പ് വ്യർഥമാവില്ല...തീർച്ച
ആരാ ലെച്ചൂസെ; ഈ കളഞ്ഞു പോയ തങ്കം..??!!
കഥ എന്ന ലേബലില്‍ ആയതുകൊണ്ട് ഇത് ഒരു കഥ തന്നെ എന്നു കരുതുന്നു...
വരും... വരാതിരിക്കില്ല...
ലച്ചുവിന്റെ ഈ അജ്ഞാത സുഹ്രത്തിനു വേണ്ടി എന്റെ ഒരു തുള്ളി കണ്ണുനീര് ..
ഞാനും നിങ്ങളുമെല്ലാം യുഗങ്ങളായി കാത്തിരിക്കുകയായിരുന്നു. കാലത്തിന്റെ പാറക്കെട്ടുകളില്‍ മഞ്ഞുവീഴുന്നു. ഉരുകുന്നു. വീണ്ടും മഞ്ഞിന് പടലങ്ങള്‍ തണുത്തുറഞ്ഞു കട്ടപിടിക്കുന്നു. നാമ്മെല്ലാവരും കാത്തിരിക്കുന്നു.
"അതെ, മനസ്സിന്റെ കോണിലെവിടെയോ ഒരു നേർത്ത പാളികളാൽ മൂടപ്പെട്ടുകിടക്കുന്ന പലതും കാലമെത്രകഴിഞ്ഞാലും ഓർമ്മയുടെ മേച്ചിൻപുറങ്ങളിൽ ഉടമയില്ലാത്ത പശുക്കളെ പോലെ മേഞ്ഞു നടക്കും"
അവസാനം മാത്രം കൈവരുന്ന തിരിച്ചറിയലുകള്‍
ഒരു നേർത്ത നൊമ്പരം ഉള്ളിൽ ശേഷിപ്പിച്ച കുറിപ്പ്. ഉള്ളിൽതട്ടുന്ന വിധത്തിൽ എഴുതി. അജ്ഞാതസുഹ്ര്ത്തിൽ നിന്നും വിനഷ്ടമായ പരിഗണന വീണ്ടും കരഗതമാകാനിടയാകട്ടെ....
വരും, ഒരുനാൾ വന്ന് ജീവിതത്തിന്റെ ഓരോ ചലനത്തിലും കൂട്ടിനുണ്ടാകും എന്ന് എന്റെ മനസ്സും പറയുന്നു... നല്ലചിന്തകൾ...ചില സ്വഗതമായ ഭൂതകാല സംഭാഷണങ്ങൾ കൂടി ചേർത്തിരുന്നെങ്കിൽ.... അവസാനം തിരിച്ചറിവുകൾ കാണിച്ചത് നന്നായി...ആശംസകൾ....
ശോ! ഇതിപ്പം ആകെ കണ്ഫ്യൂഷിക്കേണ്ട വിഷയമാണല്ലോ ലച്ചൂ. എന്തായാലും ആഗ്രഹം നടക്കട്ടെ.. അല്ലാതെന്തു പറയാന്‍....
ഇത്തവണ അങ്ങട് കണ്ടില്ലാട്ടാ... വേഗം വന്നോളൂ അല്ലെങ്കില്‍ പരിപാടി കഴിഞ്ഞു കര്ട്ടിന് ഇട്ടു കളയും. ങാ....
മനസ്സിൽ നിന്നും എത്ര ഡിലീറ്റ് ചെയ്താലും ഡിലീറ്റാവാത്ത ചിലതുണ്ടെന്ന് കാലം എന്നെ പഠിപ്പിച്ചല്ലോ.. അതോ നീയാണോ അതും എന്നെ പഠിപ്പിച്ചത്!!! നിന്റെ യാത്രയിൽ നീ ‘എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ പാതിവഴിയിൽ മുറിഞ്ഞ് പോയ നമ്മുടെ സൗഹൃദത്തിന്റെ നേർത്ത പട്ടുനൂലിഴകൾ.. ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ മുഖം ആൾക്കൂട്ടത്തിൽ എപ്പോഴെങ്കിലും തേടിയിട്ടുണ്ടോ നിന്റെ കണ്ണുകൾ... ഇല്ല , ഓർത്തിട്ടുണ്ടാകില്ല.. അങ്ങിനെ ഓർത്തിരുന്നെങ്കിൽ ഇന്നും നിന്റെ സന്തോഷത്തിലും ദു:ഖത്തിലും പ്രിയ സുഹൃത്തുക്കളിൽ ഒരാളായി ഞാനുണ്ടാവുമായിരുന്നു......‘
കാണാത്ത,കേൾക്കാത്ത ഈ സൈബർ മിത്രങ്ങളുണ്ടല്ലോ...
ചിലപ്പോൾ ഏറ്റവും നല്ല ബന്ധുകളേക്കാൾ സ്നേഹം പകരും...
അതുപോലെ തന്നെയാണ് ദു:ഖവും... കേട്ടൊ എച്ചുക്കാളി
words showing feelings..wht to say
depth there.
ഒരു ചുടു നെടുവീർപ്പ്!
ഒരു സാന്ത്വനം..
ജീവിതതിൽ ഇങ്ങനേയുള്ള അനുഭവങ്ങൾ എപ്പോഴും ഒരു തുടർ കഥ പോലെ
വന്നു പോകും.. നിരാശ വേണ്ട..
അതുമായീ ഇണങ്ങിച്ചേരുക
ഇതിൽ ആത്മകഥയുടെ പുകമറ ഒളിഞ്ഞിരിപ്പുണ്ട്.അതിന്റെ പുറകിലെ ആത്മാർത്ഥതയും..
ലച്ചു ഒരു പുലിയാണേ! സത്യം! അസൂയ തോന്നുന്നു. ഈ കഴിവിനെ പ്രശംസിക്കാൻ വാക്കുകളില്ല വീണ്ടും വീണ്ടും എഴുതുക. പടം എടുക്കുക പാട്ടു കേട്ടു തിരഞ്ഞെടുക്കുക.. നല്ലതു വരും ഉറപ്പു!
എനിക്ക് കരച്ചില് വരുന്നു.....
കാലമേറെ കഴിഞ്ഞില്ലെ...
അനുഭവങ്ങൾ അയാളെ ആകെ മാറ്റിമറിച്ചിട്ടുണ്ടാവും..
വരാതിരിക്കുന്നതല്ലെ നല്ലത്..?
എങ്കിൽ ഈ സുഖമുള്ള ഓർമ്മകളെങ്കിലും അവസാനവരെ കൊണ്ടു നടക്കാം...!!
ആശംസകൾ...
ആരാ ആ പഹയന് ?
ചിലപ്പോള്‍ ഈ പോസ്റ്റിനു കമന്റെഴുതാന്‍ എങ്കിലും വരുമായിരിക്കും ..! കത്തിരുന്നോളൂ നെറ്റ് കണക്ഷന് കട്ടാവുന്നത് സൂക്ഷിക്കണെ എപ്പഴാ വരിക എന്നറിയില്ലല്ലോ.. :)
----------------------------------------
എഴുത്ത് വായിക്കാന്‍ ഒരു സുഖമുണ്ട് ട്ടോ..
വല്ലാതെ ഉള്ളിൽ തട്ടുന്ന പോസ്റ്റ്, ലച്ചുവിന്റെ ഞാൻ കണ്ട ഏറ്റവും നല്ല പോസ്റ്റ്! ഹൃദയാവർജ്ജകമായ ഭാഷയിൽ സൌഹൃദവും ഒറ്റപ്പെടലും കാത്തിരിപ്പും തിരിച്ചറിയലും -മനുഷ്യബന്ധങ്ങളുടെ ഒത്തിരി ഭാവങ്ങൾ ഈ പോസ്റ്റിൽ വിടർന്നു നിൽക്കുന്നു!
ലച്ചുവിനു ഞാനൊരു വഴി പറഞ്ഞു തരാം.ആ പി.ടി.കുഞ്ഞുമുഹമ്മദിന്റെ പ്രവാസലോകത്തില്‍ ഒന്നു തപ്പി നോക്കുക,കിട്ടാതിരിക്കില്ല. അവന് വരും,എവിടെ പോവാനാ?. ഇതു വായിക്കുന്ന ആ അജ്ഞാത സുഹൃത്തെ, നീ വഴിയാധാരമാക്കിയ ഈ സൈബര്‍ സുഹൃത്തിന്റെ വേദന മാറ്റിക്കൊടുക്കുക!
ഒരു സൌഹാര്‍ദ്ദത്തിന്റെ ഓര്‍മയില്‍ വിരിഞ്ഞ മനോഹരമായ കാവ്യം
where ever you go...
what ever you do ...
i will be right here..
waiting for you...
good work!
എവിടെയായിരുന്നാലും നമ്മെ വിടാതെ പിന്തുടരുന്ന ചിലർ ,ചില ഓർമ്മകൾ.. ചിലത് നൊമ്പരമുണ്ടാക്കുന്നു. ചിലത് ആഹ്ലാദവും. പ്രതീക്ഷയും..
പ്രതീക്ഷയോടെ കാക്കാം..ആശംസകൾ
കാണാമറയത്തിരിക്കുന്ന അഞ്ജാത സുഹൃത്തെ...
നിന്റെ കൂട്ടുകാരിയുടെ വേദന നീ അറിയുന്നുണ്ടോ...?
തിരിച്ചു വരൂ സുഹൃത്തെ....
നന്നായി എഴുതിരിക്കുന്നു ,,,,പല വരികളും ജീവിക്കുന്നു എന്ന് തോനി പോവും
നന്നായി എഴുതി..സൈബർ സുഹൃത്ത് തിരിച്ചെത്തുമെന്ന് പ്രത്യാശിക്കാം
എന്തായാലും പേടിക്കണ്ട സുഹൃത്ത് പഴയസ്നേഹത്തെക്കാള് ഇരട്ടി സ്നേഹത്തോടെ തീര്‍ച്ചയായും തിരിച്ചു വരും....
ലച്ചു വളരെ നല്ല പോസ്റ്റ്. ലളിതമായ ഭാഷയില്‍, ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു. ലച്ചുവിന്റെ ഇതുവരെയുള്ള പോസ്റ്റുകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ പോസ്റ്റാണ്. അഭിനന്ദങ്ങള്‍.
ഇതു വായിച്ചപ്പോള്‍ മാണിക്യത്തിന്റെ ഒരു കവിതയാണ് എനിക്ക് ഓര്‍മ്മ വന്നത്. ഈ കഥയുമായി ആ കവിത ചേര്‍ന്നു പോകും. എനിക്ക് ഇഷ്ടപ്പെട്ട ഒരു കവിതയാണിത്.
സൗഹൃദത്തിനുമപ്പുറത്തേയ്ക്ക് രണ്ടു പേരുടേയും മനസ്സുകള്‍ അടുത്തു പോയേക്കുമോ എന്ന് ഭയന്ന് അവന് ബോധപൂര്‍വ്വം മാറി നില്ക്കുന്നതാണെങ്കിലോ? ഒരു പക്ഷേ അവന് എല്ലാം അറിയുന്നുണ്ടാകും. അറിയുന്നില്ലെന്ന് നടിക്കുകയാണ്. അത് സ്നേഹക്കൂടുതല് കൊണ്ടാണ്. അവന് ആരേയും വേദനിപ്പിക്കാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടായിരിക്കാം. അല്ലാതെ ആത്മമിത്രത്തെ മറന്നിട്ടൊന്നുമല്ല. അവനെ മനസ്സിലാക്കൂ. എന്തോ അങ്ങിനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.
ഈ പോസ്റ്റിനുള്ള കമന്റ് ഞാന്‍ താഴെ പറയുന്ന ബ്ലോഗില്‍ ഇട്ടിടുണ്ട്.... സമയം കിട്ടുമ്പോള്‍ നോക്കുമല്ലോ?
http://enikkuthonniyathuitha.blogspot.com/
ആശംസകളോടെ
കൊച്ചുരവി
ishtayyi..
All the Best
ലെചു,
എന്ത് പറയാനാ.. വരും എപ്പോഴെങ്കിലും.. തിരികെ വരാതിരിക്കാന്‍ ഒരിക്കലും നല്ല സൌഹൃദങ്ങള്ക്കാവില്ല. പക്ഷെ, തിരികെ വരും എന്ന അമിത പ്രതീക്ഷയില്‍ നല്ല സൌഹൃദങ്ങളെ മുറിച്ചിട്ട് ഒരു ഗൌളിയെ പോലെ രക്ഷപെട്ടോടരുത് എന്നാണ് കാലം നമ്മെ പഠിപ്പിക്കുന്നത്. മനസ്സിലെ നന്മ തിരിച്ചറിയപ്പെടാന്‍ ഒരു പക്ഷെ കാലം നമ്മെക്കൊണ്ട് ഒട്ടേറെ ചീട്ടുകൊട്ടാരങ്ങള്‍ പണിയിക്കും. ഒരു ചെറിയ കാറ്റില്‍ പോലും തകര്ന്നുപോകുന്നവ!. ഒരിക്കലും അവയെ നിസ്സാരവത്കരിക്കാതിരിക്കുക..
നല്ലൊരു സന്ദേശം കൂടെയുള്ക്കൊള്ളുന്നു ഈ പോസ്റ്റ്..
@വിമല്‍,@ഹരീഷ്,@വിനുവേട്ടന്,@ദേവദാസ്,
@റാംജി..@പള്ളികരയില്‍ @വി .എ @ആളവന്ന്താന് ,
@ബിലാത്തി @പൌര്‍ണമി ..ഈ സന്ദര്‍ശനത്തിനു
എല്ലാവര്ക്കും നന്ദി..
@കുഞ്ഞുബി ഈ ആദ്യ വരവിനു നന്ദി.
@ഇസ്മയില്‍ നന്ദി..@ വി കെ നന്ദി.
@ഹംസക്ക നന്ദി.@ ശ്രീനാഥന്‍ മാഷെ നന്ദി
@മുഹമ്മദ് മാഷെ നന്ദി @പാവപെട്ടവന് നന്ദി
@സാലബഞ്ചിക നന്ദി ഈ ആദ്യവരവിനു .
@ബഷീര്‍ നന്ദി @റിയാസ് നന്ദി @മയിഡ്രീംസ് നന്ദി
@ഗോപീകൃഷ്ണന് ആദ്യ വരവിനു നന്ദി @ജിഷാദ് നന്ദി
@വായാടി കാണാതെ പോയ ഒരു നല്ല കവിത
കാണിച്ചു നല്‍കിയതിനു നന്ദി..
@രവികുമാര്‍ നന്ദി @ദി മാന്‍ നന്ദി @മനോരാജ് നന്ദി
ആശംസകൾ... :)
തെടുന്നതാരെ യാരെ യാരെ .... എന്നെയാണോ
ലച്ചു,
നല്ല ഹൃദയസ്പര്‍ശിയായി എഴുതിയിരിയ്ക്കുന്നു. നല്ലവിഷമം തോന്നി.അവനെന്നിങ്കിലും വരുമായിരിയ്ക്കും..പുറപ്പെട്ടുപോയ മകനേ കാത്തിരിയ്ക്കുന്ന അമ്മ. എന്നും ഒരുപിടി ചോറ് അത്താഴത്തിനായ് കരുതിവെയ്കും. പിറ്റെ ദിവസം എടുത്ത് പട്ടിയ്ക്കു കൊടുക്കും..
അത് കാലങ്ങളായി തുടര്‍ന്നു..മകന് വന്നില്ല.. അമ്മ ഒരുപിടിചോറു വെയ്ക്കാതെയായ ഒരു ദിവസം രാത്രി മകന്‍വന്നു. അന്നു രാത്രി അമ്മ ഓണസദ്യ ഒരുക്കി രാവെളുക്കുവോളം ഉത്സവം പോലെ വീടൊരുക്കി.മണ്‍വിളക്കുകള്‍ തെളിച്ചു.അമ്മയുടെ പ്രായം മറന്നു.ദേഹം മറന്നു. അമ്മ നടനമാടി.തിരിച്ചുകിട്ടാതിരുന്ന മകനെ തിരിച്ചു കിട്ടിയപ്പോള്‍..അതുപോലെ ഒരുപിടി ചോറു കരുതി വെയ്ക്കക..വരും വരാതിരിയ്ക്കില്ല.
നന്നായിട്ടുണ്ട്...
നന്നായിട്ടുണ്ട്...
സൌഹൃദത്തിന്റെ ജീവന് , തുടിക്കുന്ന എഴുത്ത്
ലെച്ചു വളരെ നന്നായിട്ടുണ്ട് ശരിക്കും മനസ്സില്‍ തട്ടി,ഇത് വായിച്ചപ്പോള്‍ എനിക്ക് എന്റെ അനുഭവം തന്നെയാണ് ഓര്‍മ്മ വന്നത്..ഞാനും ഒരാളെ സ്നേഹിക്കുന്നു ഈ ലോകത്തെ മൂടിപ്പുതച്ചിരിക്കുന്ന നെറ്റ് എന്ന വലയിലെ ഒരു കണ്ണിയെ , എവിടെയോ ഇരിക്കുന്ന ,ഒരു പക്ഷെ ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ സാധ്യതയില്ലാത്ത ഒരു പെണ്‍കുട്ടിയെ .ജീവിതത്തില്‍ നെറ്റ് സൌഹൃദം ഒരു പാട് തലത്തില്‍ നമ്മളെ സ്വാധീനിക്കുന്നുണ്ട്.,ഒരാളും നല്ല ബന്ധങ്ങള്‍ മുറിഞ്ഞു പോവാന്‍ ആഗ്രഹിക്കുന്നില്ല,,ഒരിക്കലും അങ്ങനെ ഒരു വിഷമകരമായ അവസ്ഥ നമ്മളില്‍ ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..ഇനിയും ഇതുപോലെ കാലിക പ്രസക്തിയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിച്ചു കൊണ്ട് ലെച്ചുവിന്റെ ഒരു വായനക്കാരന് ,,,
ഹൃദയസ്പര്‍ശിയായി... നന്നായിരിക്കുന്നു, ആശംസകള്‍
(പുതിയ പോസ്റ്റുകള്‍ അറിയിക്കണേ)
വായിച്ചപ്പോള്‍ വല്ലാത്തൊരു സങ്കടം..നന്നായി എഴുതി ലച്ചൂ..അവന് വരും..വരാതിരിക്കാന്‍ ആകുമോ?
നല്ല കഥ ....! ഇപ്പോഴാണ് കാണുന്നത് .അഭിനന്ദനങ്ങള്‍
പ്രിയപ്പെട്ട ലച്ചു ,
അവിചാരിതമായി ഇവിടെയെത്തി....കുറെ സമയം താങ്കളുടെ ബ്ലോഗില്‍ ചിലവിട്ടു......ഭാവുകങ്ങള്‍
സ്നേഹപൂര്‍വ്വം മനു...
Post a Comment