ഞായര്‍ ആഴ്ചകളിലെ മാട്രിമോണിയല്‍ പരസ്യങ്ങള്‍ ആവശ്യമില്ലെങ്കിലും വെറുതെയെങ്കിലും ഒന്ന് കണ്ണോടിച്ചു നോക്കാത്തവരായി ആരും ഉണ്ടാകില്ല. ഈ മാട്രിമോണിയല്‍ നോക്കുവാന്‍ വേണ്ടി മാത്രം ഞായറാഴ്ച പേപ്പര്‍ നോക്കുന്നവരും ഉണ്ട്. എന്നാല്‍ ഇന്നു പത്ര താളുകള്‍ നോക്കി കണ്ടെതുന്നതിനേക്കാള്‍ വധൂ വരന്മാരെ കണ്ടെത്തുന്നതിനായി പലരും നെറ്റിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരം സൈറ്റുകളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്.
തനിക്കിഷ്ടപെട്ട ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ മാട്രിമോണിയല്‍ സൈറ്റിനെ ഉപയോഗപ്പെടുത്തുന്ന യുവതികളുടെയും ,യുവാക്കളുടെയും എണ്ണം ദിനം പ്രതി ഏറി കൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. തനിക്കിഷ്ടപെട്ട, അല്ലങ്കില്‍ തനിക്കിണങ്ങുന്ന യുവതികളെയും യുവാക്കളെയും എളുപ്പത്തില്‍ കണ്ടു പിടിക്കാന്‍ ഇത്തരം സൈറ്റുകള്‍ ഉപകാരപ്രദം ആകുന്നുണ്ടെങ്കിലും ഏതൊരു നല്ല കാര്യത്തിനെയും എങ്ങിനെ നശിപ്പിക്കാം എന്ന് ചിന്തിച്ചു കൂട്ടുന്ന ഒരു വിഭാഗം നമുക്കിടയില്‍ ഇപ്പോഴും ഉണ്ടെന്ന കാര്യം പലരും മറന്നു പോകുന്നു.
ഇന്റര്‍നെറ്റിന്റെ ഉപയോഗം ഇന്നത്തെ ജീവിതകാലഘട്ടത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി തീരുമ്പോള്‍ അതിനുള്ളിലെ കുറ്റകൃത്യങ്ങളും ദിനം പ്രതി കൂടികൊണ്ടിരിക്കുന്നു. ഇന്നു സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതില്‍ ഏറ്റവും കൂടുതല്‍ എത്തി നില്‍ക്കുന്നത് മാട്രിമോണിയല്‍ സൈറ്റുകളാണ് എന്ന സത്യം പലരും അറിയാതെ പോകുന്നു.അടുത്ത കാലത്ത് പുറത്തു വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഓണ്‍ലൈന്‍ ബിസിനസ്സില്‍ ഒന്നാം സ്ഥാനം മാട്രിമോണിയല്‍ സൈറ്റുകള്‍ കരസ്ഥമാക്കിയിരിക്കുന്നു. എന്നാല്‍ ക്രിമിനല്‍ മനസ്സുള്ള ആളുകള്‍ ഓണ്‍ലൈനില്‍ എത്തിയതോടെ സൈബര്‍ കുറ്റകൃത്യങ്ങളിളുടെ നിരയില്‍ നിന്നും മാട്രിമോണിയല്‍ സൈറ്റുകളും രക്ഷപെട്ടില്ല.
മാട്രിമോണിയല്‍ സൈറ്റുകളില്‍ അല്ലങ്കില്‍ പത്രങ്ങളില്‍ പരസ്യം നല്കി വഞ്ചിക്കപ്പെടുന്നവരില്‍ ഏറിയ പങ്കും സ്ത്രീകള്‍ ആണെന്ന കാര്യത്തില്‍ സംശയം ഒട്ടും തന്നെ ഇല്ല .അടുത്തിടെ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഏറെ ശ്രദ്ധ പിടിച്ചു പറ്റി.വിവാഹിതനും കുട്ടികള്‍ ഉള്ളതും ഇപ്പോഴും ഭാര്യക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന വ്യക്തി മാട്രിമോണിയലില്‍ പരസ്യം നല്‍കിയത് തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമിചിതന്‍ ആണെന്നും, സാമ്പത്തികം പ്രശ്നമല്ല എന്നുമാണ്. ഇത്തരം പരസ്യങ്ങളില്‍ അകപ്പെടുന്നത് പാവപ്പെട്ട കുടുംബങ്ങളിലെ യുവതികളാണ്. സാമ്പത്തിക ശേഷി ഇല്ലാത്തവരെ വട്ടമിട്ട് നടത്തുന്ന ഇത്തരം പരസ്യങ്ങളില്‍ ചെന്ന് വീഴുന്ന സ്ത്രീകള്‍ ഒട്ടേറെയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത്തരത്തില്‍ നാലും അഞ്ചും വിവാഹം കഴിക്കുന്നവര്‍ വല്ലപ്പോഴും മാത്രമാണ് പിടിക്കപ്പെടുന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ നേരമ്പോക്കിന് യാഹൂ ചാറ്റ്പോലുള്ള സൈറ്റുകളില്‍ സമയം കൊന്നിരുന്ന പലരും ഇന്നു നേരമ്പോക്കിന് മാട്രിമോണിയല്‍ സൈറ്റുകളില്‍ സജീവമാണ്.,വിവാഹമോചിതന് ,അല്ലെങ്കില്‍ ഭാര്യാ മരിച്ചവന് എന്നൊക്കെ പറഞ്ഞു അതില്‍ അപേക്ഷകൊടുക്കുന്നു...സത്യം അതൊന്നും അല്ലെങ്കിലും!! ഒരു ഇരയെ പെട്ടന്ന് വലയില്‍ വീഴ്ത്താനുള്ള എളുപ്പമാര്‍ഗമായി ഇന്നു മാട്രിമോണിയല്‍ സൈറ്റുകള്‍ മാറിയിരിക്കുന്നു.സ്ത്രീകള്‍ അതില്‍ ഫോട്ടോ സഹിതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആ സ്ത്രീയെക്കുറിച്ചുള്ള എല്ലാ ഡിറ്റെയില്‍സും എളുപ്പം കിട്ടുന്നതുകൊണ്ട് അതിനനുസരിച്ച് വലവിരിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയുന്നു. ഇത്തരക്കാര്‍ക്ക് ഇത് ഒരു നേരമ്പോക്കായി മാറുമ്പോള്‍ അങ്ങേതലക്കലുള്ള സ്ത്രീ അറിയുന്നില്ല ഇതിലെ ചതി .പുരുഷന് എന്നും ഒരു വേട്ടക്കാരന്റെ മനസ്സുമായി സ്ത്രീക്ക് പുറകെ വട്ടമിടുന്നു.
ഒരായിരം പ്രതീക്ഷയോടെ ആരംഭിക്കുന്ന ചാറ്റിംഗ് ,പിന്നീട് ഫോണ്‍വിളിയിലെക്കും മറ്റും മാറി മറിയുമ്പോള്‍ ,അവിടെ ഒളിഞ്ഞിരിക്കുന്ന ചീറ്റിങ്ങ് മനസ്സിലാക്കി വരുമ്പോഴേക്കും പെണ്ണിന് വീണ്ടും സ്വന്തം ജീവിതം തന്നെ നഷ്ടപെടുന്നു... എവിടെയും ഇരകള്‍ ആകുന്നതു സ്ത്രീകള്‍ തന്നെ. മറിച്ചുള്ള അനുഭവങ്ങള്‍ വളരെ വിരളമെന്നും ഇത്തരം പഠനങ്ങളീല്‍ പറയുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ മാട്രിമോണിയല്‍ സൈറ്റുകളിലെ ചതികളെക്കുറിച്ച് നമ്മള് ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. നല്ലതെന്നു കരുതി തുടങ്ങുന്ന ഇത്തരം കാര്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ചതിയെക്കുറിച്ച് ഏറെ ബോധവല്‍ക്കരണം ആവശ്യമാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍..