"ബേബ്യെടത്തിയേ ..".
പടിഞ്ഞാറ് നിന്നു വീശിയ നേരിയ തുലാക്കാറ്റിനൊപ്പം പടിപ്പുരകടന്നു എത്തിയ കാളിയുടെ
അമ്മയെ കാളി വിളിക്കണതാണ്.ആ ഒരു വിളി.. വെറും വിളിയല്ല.അത് ... ..ആ വിളിക്ക് ഒരു താളം ഉണ്ടായിരുന്നു. രാമനും,കാളിയുംമാസത്തില്‍ രണ്ടു തവണയെങ്കിലും വന്നു പോകാറുണ്ട് .
രണ്ടാള്‍ക്കും കുളത്തില്‍
നിന്നും,പാടത്തുനിന്നുംആമയെ കുത്തി പിടിക്കലാണ് പണി ..
കവിളൊക്കെ ഒട്ടി കുറെ പല്ലുകളും കൊഴിഞ്ഞു ,കുനിഞ്ഞു കൂടിയാണ് കാളി യുടെ നടപ്പ്. വെളുത്ത ആമയും,കറുത്ത ആമയും,ചിലപ്പോഴൊക്കെ പോക്രാച്ചി തവളയും കാണും അവരുടെ ഭാണ്ടകെട്ടില്‍ ..
ആമയെ പിടിക്കാനുള്ള നീണ്ട മുളവടിയും കുത്തി ഭാണ്ഡവും
തൂക്കിയുള്ള ആ വരവ് ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ കുട്ടികള്‍ ഓടിയോളിക്കും....
വീടിന്റെ പടിക്കല്‍ എത്തുമ്പോഴേക്കും" ബേബ്യെടത്തിയേ "യെന്നു കാളി നീട്ടി വിളിക്കും....താളത്തിലുള്ള ആ വിളി കേള്‍ക്കേണ്ട താമസം .
ഞാന്‍ഏതേലും മുറിയിലോ ,കട്ടിനടീലോ ,ഓവ് മുറീലോ ,കയ്യാലയിലോ പോയി പതുങ്ങി ഒളിച്ചിരിക്കും.
പിന്നെ കാളി പോകുംവരെ എത്ര വിളിച്ചാലും വിളികേള്‍ക്കില്ല .
കാളി പടിക്കല്‍ പേരയുടെ ചുവട്ടില്‍ ഇരിക്കുകയെ ഉള്ളൂ..വീടിനടുത്തൊന്നും
വരുകയോ ഇരിക്കുകയോ ചെയ്യില്ല്യ.
അമ്മ അവര്‍ക്ക് ഒരു ഇലവെട്ടി അതില്‍ ചോറും കൂട്ടാനും ഒഴിച്ചുകൊടുക്കും.തിന്നു മതിയാകുമ്പോള്‍ ബാക്കി ഭാണ്ഡത്തിലെ പിച്ചള തൂക്കുപാത്രത്തില്‍ നിറച്ചു വെക്കും.
പോകാറകുമ്പോള്‍ അല്പം അരിയും കൊടുക്കും..
ചോറൊക്കെ തിന്നുകഴിയുമ്പോ കാളി അമ്മയോട് എന്നെ തിരക്കും
"മോളൂട്ടി എവിടെ കണ്ടില്ല്യല്ലോ " എന്ന്..
ഞാന്‍ ആണെങ്കില്‍ കൊന്നാലും
പുറത്തെക്കിറങ്ങില്ല്യ.. .എനിക്കവരെകാണുന്നത് പോലും അത്രയ്ക്ക് പേടിയായിരുന്നു...
അവര്‍ വന്നുപോകുന്ന ദിവസങ്ങളിലൊക്കെ രാത്രിയില്‍ ഞാന്‍ പേടിച്ചു കരയുമായിരുന്നു ...ആ കരച്ചിലിന്റെ ആക്കം കുറക്കാനായി എന്നും രാത്രിയില്‍ എനിക്ക് കഴിക്കാനായി അമ്മ കരുതാറുള്ള ബിസ്ക്കറ്റും കാപ്പിയും അന്ന് അല്‍പ്പം കൂടുതല്‍ കിട്ടും.. ഇങ്ങനെ കൂടുതല്‍ കിട്ടുന്നബിസ്ക്കട്ടിന്റെ പങ്കു പറ്റാനായി ഏട്ടന്മാര് കാവലിരിക്കുന്നുണ്ടാകും
..ആര്‍ക്കും കൊടുക്കാതെ മൊത്തമായി ഞാന്‍ അതെല്ലാം അകതാക്കുമ്പോ അതുവരെ ഉറക്കമൊഴിച്ചു കാത്തിരുന്നതു വെറുതെ യായല്ലോ എന്ന ദേഷ്യത്തോടെ എനിക്കൊരു നുള്ളും തന്നു അവര്‍ കിടക്കാന്‍ പോകും ,
എന്നാല്‍ എനിക്ക് കഥകള്‍ പറഞ്ഞുതരികയും എന്നെ,ഊട്ടുകയും,ഉറക്കുകയും ചെയ്യുന്ന എന്റെ രണ്ടാമത്തെ ചേച്ചിക്ക് ഒരു പങ്ക് കരുതാന്‍ ഞാന്‍
മറക്കാറില്ല്യ...എന്റെ ഈ കാളിപ്പേടിക്കുപിന്നില്‍ ഒരു കഥയുണ്ടായിരുന്നു.
ഒരിക്കല്‍ അച്ഛന്റെ കയ്യും പിടിച്ചു അവരുടെ ഭാണ്ഡതിലെ ആമയെ ഏറെ കൌതുകത്തോടെ നോക്കി നില്‍ക്കുകയായിരുന്നു
ഇടയ്ക്ക് .ഈര്‍ക്കിലി കൊണ്ട് അതിനെ കുത്തുകയും.കല്ല് എടുത്തു എറിയുകയും ചെയ്യു മ്പോള്‍ അതിന്റെ തല ഉള്ളിലേക്ക് വലിയും
ശല്യം സഹിക്കാതെ വരുമ്പോള്‍ സൂത്രക്കാരനായ ആമ അനങ്ങാതെ കിടക്കുകയും,ഞാന്‍ മാറിനിന്നാല്‍ ഇഴയാന്‍ തുടങ്ങുകയും ചെയ്യുന്നത് നോക്കിനിന്നു ..
അങ്ങിനെ പാവം ആമയെ ഉപദ്രവിക്കുന്നതിനിടയിലാണ് അച്ഛന് ഒരൂസം എന്റെ പിഞ്ചു മനസ്സില്‍ തീ കോരിയിട്ട ആ ഭീകര സത്യം എന്നോട് വിളിച്ചു പറഞ്ഞത് ...
എന്നോ ഒരിക്കല്‍ ആമയെ വില്‍ക്കാനായി കാളിവന്നപ്പോ ഭാണ്ഡത്തിലെ ഒരുകെട്ടില്‍ ചുവന്നുതുടുത്ത ഒരു സുന്ദരികുട്ടി ആമകള്‍ക്കൊപ്പം കിടക്കണതു എന്റെ അച്ഛന് കണ്ടത്രെ !
പാവം തോന്നിയ .അച്ഛന് കാളിയോടും,രാമനോടും " ആ കുട്ടിയെ എനിക്ക് തന്നാല്‍ ഞാന്‍ വളര്‍ത്തിക്കോളാം എന്ന് പറഞ്ഞു ,അവര്‍ സമ്മതിക്കുകയും അതിനു പകരം അച്ഛന് അവര്‍ക്ക് ഭാണ്ഡം നിറയെ തവിട് നല്‍കുകയും ചെയതു വിട്ടത്രേ ...
ആകുട്ടിയാണ് ഞാന്‍ എന്ന് പറഞ്ഞപ്പോ സത്യത്തില്‍ ഞാന്‍ തേങ്ങിക്കരഞ്ഞു പോയി !
അവര്‍ ആമയെ പിടിക്കാനല്ല മാസത്തില്‍ രണ്ടുതവണ വരുന്നത്..എന്നെ കാണാന്‍ വേണ്ടിയാണെന്നും കൂടി കേട്ടപ്പോ ഞാന്‍ തകര്‍ന്നു തരിപ്പണമായി പോയി .
അതോടെ അവരുടെ വരവ് എനിക്കൊരു പേടി സ്വപ്നമായി മാറി.എന്നെ നെഞ്ചത്ത് കിടത്തി വളര്‍ത്തിയ എന്റെ അച്ഛനെ വിട്ട് , അമ്മയെ
വിട്ടു,ഇടവും വലവും ചേര്‍ത്തു നിര്‍ത്തി എന്നെ കൊണ്ട് നടന്ന ഏട്ടന്മാരെയും ചേച്ചിമാരെയും വേര്‍പിരിഞ്ഞു അവര്‍ എന്നെ അകലെയെങ്ങോ ഉള്ള അവരുടെ വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകുമോ എന്ന പേടി..
പിന്നീടെല്ലാം കാളിയുടെ വിളികെല്‍ക്കുമ്പോഴേക്കും ഞാന്‍ ഓടി ഒളിക്കും.ഏട്ടന്മാര് ചിലപ്പോഴെല്ലാം ഭയന്ന് ഒളിച്ചിരിക്കുന്ന എന്നെ കണ്ടു പിടിച്ചു പിടിച്ചുവലിച്ചു അവരുടെ മുന്പില് കൊണ്ടുനിര്ത്തും .. എന്നെ കൊല്ലുന്നതിനു തുല്യമായിരുന്നു അത്..
എന്നെ കാണുമ്പോ പല്ലില്ലാത്ത മോണകാട്ടി അവര്‍ ചിരിക്കും.എന്റെ കവിളില്‍ അവര്‍ തൊടും..കൈതട്ടിമാറ്റി കരഞ്ഞു ബഹളം വെച്ച് ഞാന്‍ ഓടും..അവര്‍ വരുന്ന ദിവസങ്ങളില്‍ എല്ലാം ഇതൊരു പതിവായിരുന്നു...
അച്ഛന് വീട്ടില്‍ വരുന്നവരോടെല്ലാം ഇവളെ തവിടുകൊടുത്തു വാങ്ങ്യതാ എന്നുപറയുമ്പോള്‍ " അല്ല... അല്ല..." എന്നുവാദിച്ചുജയിക്കാന്‍ ഞാന്‍ പാടുപെട്ടു...പിന്നീട് ഞാനും ഏട്ടന്മാരും തല്ലുകൂടുമ്പോഴെല്ലാം അവര്‍ ഇതുപറഞ്ഞു എന്നെ കളിയാക്കി നാണം കെടുത്തും ..
"തവിട് കൊടുത്ത് വാങ്ങിയത് കൊണ്ടാണ് ഞങ്ങളുടെ അച്ഛന് നിന്നോട് ഇത്ര സ്നേഹം "
എന്നവര്‍ വാദിച്ചു ജയിച്ചു .
പാവം ഞാന്‍ ...വര്‍ഷങ്ങളോളം ഞാന്‍ അത് വിശ്വസിച്ചിരുന്നു എന്നുള്ളതാണ് സത്യം..
ഇന്നും എവിടെയെങ്കിലും ആമയെ കാണുമ്പോ കാളിയെയും അവരുടെ ബെബീയ്ടത്യെ എന്ന നീട്ടി വിളിയും എന്റെ കാതില്‍ മുഴങ്ങും...