Wednesday, March 2, 2011

ഇതും ഒരു റിയാലിറ്റിഷോ

ലോകം വലിയൊരു നാടക ശാലയാണെന്ന് വിഖ്യാത എഴുത്തുകാരന്‍ വില്യം ഷേക്സ്പിയര്‍ പറഞ്ഞിട്ടുണ്ട് (All the world's a stage..The men and women are players)

..ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുസരിച്ച് എടുത്തണിഞ്ഞ വേഷങ്ങള്‍ എത്ര തന്മയത്വമായി അഭിനയിച്ചു തീര്‍ക്കുന്നവരാണ് നമ്മളില്‍ പലരും.

അഭിനയം ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ പറ്റാത്ത വിധത്തില്‍ ലോകവും മനുഷ്യരും മാറി എന്നതാണ് യാഥാര്‍ത്ഥ്യം ..

സമൂഹത്തിലും കുടുംബത്തിലും വ്യക്തി ജീവിതത്തിലും നാം കെട്ടിയാടുന്ന വേഷങ്ങള്‍ വേഷ പകര്‍ച്ചകള്‍ എത്രയാണെന്ന് ഒന്ന് ചിന്തിച്ചു നോക്കിയാല്‍ നാം തന്നെ വിസ്മയിച്ചു പോകും !

മനുഷ്യ ബന്ധങ്ങളില്‍ സംഭവിക്കുന്ന വിള്ളലുകളെക്കുറിച്ചുള്ള ചിന്തകളിലാണ് ഈയിടെയായി എന്റെ മനസ് വ്യാപരിക്കുന്നത് ..പത്രങ്ങള്‍ നിവര്‍ത്തിയാല്‍ ...മക്കളെ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കള്‍ , ഭാര്യയെ ഉപേക്ഷിക്കുന്ന ഭര്‍ത്താവ് , ഭര്‍ത്താവിനെ വിട്ടു പോകുന്ന ഭാര്യ ..
മകന്റെ അടിയേറ്റു അച്ഛന്‍ മരിച്ചു ,പെറ്റമ്മ ചോരകുഞ്ഞിനെ കൊന്നു കുഴിച്ചു മൂടി .., എന്നിങ്ങനെ മനസ്സ് മരവിപ്പിക്കുന്ന നിരവധി വാര്‍ത്തകളാണ് കാണുന്നത് !

സത്യത്തില്‍ നമ്മുടെ സമൂഹത്തിനു എന്താണ് സംഭവിച്ചത് ? ഭാര്യ ഭര്‍തൃ ബന്ധത്തിലും കുടുംബ ജീവിതത്തിലും ഒക്കെ ഉണ്ടായേക്കാവുന്ന താളപ്പിഴകളെ ക്കുറിച്ചുള്ള ചില ചിന്തകളാണ് ഇന്ന് ഞാന്‍ പങ്കു വയ്ക്കുന്നത് ..പരസ്പര വിശ്വാസം എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നതാണ് പ്രശ്നം .

കുടുംബ ജീവിതത്തില്‍ ഏറ്റവും വേണ്ടത് തുറന്നു പറച്ചില്‍ തന്നെയാണ്.രണ്ടു ചുറ്റുപാടുകളില്‍ വളര്‍ന്നവര്‍ ഒരുമിച്ചു ജീവിക്കേണ്ടി വരുമ്പോള്‍ രണ്ടുപേരുടെയും താല്‍പ്പര്യങ്ങള്‍ വ്യത്യസ്തമായിരിക്കും.അത് തുറന്നുപറയുമ്പോള്‍ മാത്രമാണ് മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ.

ഒരു കള്ളം ഒളിക്കാന്‍ പലകള്ളങ്ങള്‍ പറയേണ്ടിവരുമ്പോള്‍ അവിടെ നഷ്ടമാകുന്നത് ഒരാള്‍ മറ്റൊരാളില്‍ പുലര്‍ത്തുന്ന വിശ്വാസമാണ്.പരസ്പരമുള്ള തുറന്നുപറച്ചിലുകള്‍ പോലെതന്നെയാണ് പരസ്പരമുള്ള സെക്ഷ്വല്‍ റിലേഷനും‍ .ഇതു രണ്ടും കുടുംബബന്ധം കൂടുതല്‍ കെട്ടുറപ്പുള്ളതാക്കി മാറ്റുന്നു.
ഇന്നത്തെ കാലഘട്ടത്തില്‍ പീഡനത്തില്‍ അറസ്റ്റിലാകുന്ന ഭര്‍ത്താക്കന്മാരുടെയും,ഒളിച്ചോടുന്ന വീട്ടമ്മ മാരുടെയും എണ്ണം ദിനം പ്രതി കൂടുകയാണ്. പണ്ട് കാലങ്ങളില്‍ ഭര്‍ത്താവിനെ കാണപ്പെട്ട ദൈവം ആയികണക്കാക്കിയിരുന്ന സ്ത്രീകള്‍ ഉണ്ടായിരുന്നു.ഇന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ഒരു പക്ഷെ കണ്ടെന്നിരിക്കാം.ദാമ്പത്യ ബന്ധങ്ങളിലെ തകര്‍ച്ച മിക്ക ജീവിതങ്ങളെയും താളം തെറ്റിക്കുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടാകുന്ന ഈഗോ കുടുംബ ബന്ധത്തില്‍ വിള്ളല്‍വരുവാന്‍ കാരണം ആകുന്നു.,ലഭിക്കാത്ത സ്നേഹവും ,കെയറിങ്ങും മറ്റൊരാള്‍ നല്‍കുമ്പോള്‍ ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയാതെ അതിനുപുറകെ പോകുന്നതാണ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നത്.രണ്ടും മൂന്നും മക്കള്‍ ഉള്ള വീട്ടമ്മമാര്‍ വരെ ഒളിച്ചോടുന്നു.തനിക്ക് ഭര്‍ത്താവില്‍ നിന്നും കിട്ടാത്ത സ്നേഹം,പരിഗണന ഇതെല്ലാം മറ്റൊരാളില്‍ നിന്നും ലഭിക്കും എന്ന തോന്നല്‍ ആണു സ്ത്രീ ആ പ്രവൃര്‍ത്തിചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷെ അത് വെറും ഒരു തോന്നല്‍ മാത്രമായിരുന്നു എന്നു പിന്നീട് തിരിച്ചറിയുന്നു .

തെറ്റ് ചെയ്യുന്ന പെണ്ണിനെ പിഴച്ചവളായിട്ടാണ് സമൂഹം എന്നും നോക്കി കാണുന്നത് .തെറ്റ് ചെയ്യാന്‍ കൂട്ട് നില്‍ക്കുന്ന പുരുഷന്‍ പലപ്പോഴും പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെടുന്നു .
മാനാഭിമാനങ്ങള്‍ പാലിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ടവള്‍ എന്നും പെണ്ണ് തന്നെ .
വ്യഭിചാര ശാല കളിലെ നിത്യ സന്ദര്‍ശകരും പ്രേമ ഭിക്ഷാം ദേഹികളുമായ കാമവെറിയന്മാര്‍ പോലും ഒരു വിവാഹത്തെ പറ്റി ചിന്തിക്കുമ്പോള്‍ തന്റെ വധുവായി വരുന്നവള്‍ കന്യകയായിരിക്കണം എന്ന അത്യാഗ്രഹത്തില്‍ ഉറച്ചു നില്‍ക്കുന്നത് കാണാം . വിവാഹ ശേഷം പാതിവ്രത്യവും വിശ്വാസവും സൂക്ഷിക്കാനുള്ള ഏകപക്ഷീയമായ ബാധ്യതയും പെണ്ണിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് മതവും പുരുഷ മേധാവിത്വത്തില്‍ കേന്ദ്രീകരിക്കപ്പെട്ട സാമൂഹിക വ്യവസ്ഥിതിയും ശുഷ്ക്കാന്തി കാണിക്കുന്നത്.

താന്‍ ജീവിത പങ്കാളിയാക്കുന്ന പുരുഷനും തന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സദാചാര നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തി ആയിരിക്കണമെന്ന് ആഗ്രഹിച്ചു കൂടാ?സ്ത്രീക്കും പുരുഷനും വികാരങ്ങള്‍ ഒരുപോലെയാണ്.പുരുഷന്‍ തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ സ്ത്രീ പ്രകടിപ്പിക്കുന്നില്ല.പുരുഷന്‍ വ്യത്യസ്തത തേടി അല്ലെങ്കില്‍ സ്വന്തം ഇണയുടെ പോരായ്മകള്‍ മറികടക്കാന്‍ മറ്റു സ്ത്രീകളെ തേടി പോകുമ്പോള്‍ അത്തരം ചിന്തകള്‍ എന്ത് കൊണ്ട് സ്ത്രീക്കും ആയിക്കൂടാ..??അവള്‍ക്കും എന്തുകൊണ്ട് ഇങ്ങനെ എല്ലാം ചിന്തിച്ചു കൂടാ..? പരസ്ത്രീകളുമായി തനിക്ക് ബന്ധം ഉണ്ട് എന്ന് സ്വയം വിളിച്ചു പറഞ്ഞു വലിയവന്‍ ആവാന്‍ ശ്രമിക്കുന്ന ചിലരുണ്ട് . തന്റെ വ്യക്തിപരമായ മഹത്ത്വമായി ഇതെല്ലാം ചിലര്‍ കണക്കാക്കുന്നു, ആഘോഷിക്കുന്നു.


ഇന്നത്തെ പുതു തലമുറയിലെ പെണ്‍കുട്ടികള്‍ ഏറെക്കുറെ അത് മനസ്സിലാക്കി കഴിഞ്ഞു.സ്ത്രീകള്‍ക്ക് മാത്രം കെട്ടി എഴുന്നള്ളിച്ചു നടക്കാന്‍ കന്യകാത്വം വേണം ,പാതിവ്രത്യം വേണം എന്നൊക്കെ നിഷ്കര്ഷിക്കുനത് പോലെ പുരുഷന്മാര്‍ക്കും തങ്ങളുടെ പരിശുദ്ധി പരസ്ത്രീകള്‍ക്ക് മുന്നില്‍ അടിയറ വയ്ക്കാനുള്ളതല്ല എന്ന ബോധം ഉണ്ടാവേണ്ടിയിരിക്കുന്നു . സമൂഹത്തിലും കുടുംബത്തിലും എല്ലാ മേഖലയിലും ഏറക്കുറെ പുരുഷന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരാണ് സ്ത്രീകള്‍ .കുടുംബവും, തൊഴില്‍ മേഖലയും നീതിന്യായ വ്യവസ്ഥയും, ഭരണ രംഗവും മെച്ചപ്പെട്ട രീതിയില്‍ കൊണ്ട് പോകാന്‍ ഇന്ന് സ്ത്രീകള്‍ക്ക് തനിച്ചു കഴിയും .എന്തിനു ,ശൂന്യാകാശ സഞ്ചാര രംഗത്ത് പോലും ഇന്ന് സ്ത്രീയും പുരുഷനും തുല്യ ശക്തിയായ് മാറിക്കഴിഞ്ഞു .ഈ തുല്യത ദാമ്പത്യ ബന്ധത്തിലും അവള്‍ ആഗ്രഹിച്ചാല്‍ അത് അത്യാഗ്രഹമാവില്ല . .അത് പാലിക്കാനുള്ള മിനിമം ബാധ്യതയെങ്കിലും പുരുഷന്‍ കാണിക്കുന്നില്ല എങ്കില്‍ അവരുടെ പങ്കാളികളായ പെണ്‍കുട്ടികളും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ തുനിഞ്ഞാല്‍ നമ്മള്‍ ആരെ കുറ്റം പറയണം ? ,.കന്യകാത്വം എന്ന് പറയുന്നത് പറയുന്നത് രണ്ടുകൂട്ടര്‍ക്കും ഒരു പോലെ വിലപെട്ടതാണ് എന്ന്ഇന്നത്തെ പുതു തലമുറയിലെ പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നു . അത് സംരെക്ഷിക്കാന്‍ പുരുഷന്‍ ശ്രമിക്കുന്നില്ല എന്ന് മനസ്സിലാക്കിയ പുതുതലമുറ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ വിവാഹപൂര്‍വ ബന്ധങ്ങളില്‍ എത്തിപെടാന്‍ അവര്‍ക്കും ഒട്ടും മടി ഇല്ലാതായിരിക്കുന്നു..



സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് മിക്ക ഭാര്യമാര്‍ക്കും നല്ല മതിപ്പായിരിക്കും..തിരിച്ചും അങ്ങനെ തന്നെ കരുതുന്നവരും കുറവല്ല ..അങ്ങിനെ വലിയ മതിപ്പുമായി ഇരിക്കുന്ന ഭാര്യ ഭര്‍ത്താക്കന്മാര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഒരു കണ്ണ് അവരില്‍ ഇരുന്നോട്ടെ. തന്റെ ഭര്‍ത്താവു കുടിക്കില്ല,വലിക്കില്ല ,യാതൊരു ദു;സ്വഭാവവും ഇല്ലാന്ന് മറ്റുള്ളവരോട് വീമ്പു പറയുമ്പോള്‍ ഓര്‍ക്കുക, നല്ലപോലെ തന്റെ ഭര്‍ത്താവിനെ കുറിച്ച അറിയുമെങ്കില്‍ മാത്രം എങ്ങനെ വീരവാദം മുഴക്കാവൂ.ഇല്ലെങ്കില്‍ മറ്റുള്ളവരുടെ മുന്‍പില്‍ പരിഹാസകഥാ പാത്രം ആകേണ്ടി വരുന്നത് സ്ത്രീകള്‍ തന്നെ .

ദീര്‍ഘ കാലം കൂടെ കഴിഞ്ഞിട്ടും തന്റെ ഭര്‍ത്താവ് കുടിക്കുമോ ,വലിക്കുമോ എന്നു പോലും അറിയാത്ത ഭാര്യമാരും ഉണ്ട്.അത് മറച്ചു വെക്കാനുള്ള പുരുഷന്റെ കഴിവ് പ്രശംസനീയം തന്നെ ...ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്.ഒരു പെണ്ണിന് വേണ്ടുന്ന നല്ല വസ്ത്രം ,ആഹാരം ,പാര്‍പ്പിടം,പണം ഇതൊക്കെ നല്കുന്നുണ്ടല്ലോ ,പിന്നെ ആണുങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ള രീതിയില്‍ നടന്നാല്‍ എന്താണെന്ന് ..കുടുംബം പുലര്‍ത്തുന്നത് മാത്രമാണ് ദാമ്പത്യ ബന്ധത്തിന്റെ വിജയം എന്ന് കരുതി പോരുന്ന ഈ പഴയ വാദഗതി ഇന്നത്തെ സ്ത്രീ ശക്തി അംഗീ കരിക്കുമെന്നു കരുതാന്‍ വയ്യ.
എല്ലാ സുഖങ്ങളെക്കാളും മീതെ തന്റെ ഇണയുടെ കരുതല്‍ (caring )എന്നും തന്റെ മേല്‍ ഉണ്ടായിരിക്കണം എന്ന് കൊതിക്കുന്നതാണ് പെണ്‍ മനസ് എന്ന് പുരുഷ സമൂഹം എന്നാണ് തിരിച്ചറിയുക ?


ഇതുപോലെത്തന്നെയാണ് ജോലി ആവശ്യാര്‍ത്ഥം എന്നും, റിട്ടന്‍ ടെസ്റ്റ് ഉണ്ടെന്നും പറഞ്ഞു പോകുന്ന ഉദ്യോഗസ്ഥകളായ ഭാര്യമാര്‍(ഭര്‍ത്താക്കന്മാരും ). കാമുകന്മാരോടൊത്ത് അന്തി ഉറങ്ങുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. അടുത്തിടെ റെയില്‍വേ സ്റ്റേഷനില്‍ നടന്ന റെയിഡില്‍ ഒഴിഞ്ഞുകിടക്കുന്ന ബോഗികളില്‍ നിന്നും അറസ്റ്റു ചെയ്തവരില്‍ ഉദ്യോഗസ്ഥകളായ വീട്ടമ്മമാരും, വലിയ വീടുകളിലെ വീട്ടമ്മമാരും, കോളജു വിദ്യാര്‍ഥികളും,സമൂഹത്തില്‍ ഉന്നതന്മാരായ ഭര്താക്കാന്‍മാരും ഉള്‍പ്പെട്ടിരുന്നു എന്നത് ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ് .പ്രണയത്തിന്റെ മറവിലാണു ഇത്തരം ബന്ധങ്ങള്‍ അധികവും നടക്കുന്നത് .എന്നാല്‍ കക്ഷത്തില്‍ ഉള്ളത് പോകാതെ ഉത്തരത്തില്‍ ഉള്ളത് എടുക്കണം എന്നാണു മിക്കവരുടെയും ചിന്ത.അതിനെ പ്രണയം എന്ന് വിളിക്കാന്‍ കഴിയില്ല ..മറ്റെന്തോക്കയോ ആണത് .ഒരാളുടെ കുറവ് നികത്താന്‍ മറ്റൊരാള്‍.

(എല്ലാവരും ഇങ്ങനെ ആണെന്നല്ല അതിനര്‍ത്ഥം. ഒരു വിഭാഗം ഇങ്ങനെയും ഉണ്ടെന്നു പലരും അറിയാതെ പോകുന്നു )

എന്നും പുതുമയും , റൊമാന്‍സും ഏറെ ഇഷ്ടപെടുന്ന തരക്കാരായിട്ടാണ് ദൈവം പുരുഷന്റെ നെറുകയില്‍ സ്ത്രീകളെക്കാള്‍ രണ്ടു വര കൂടുതല്‍ വരച്ചു ചേര്‍ത്തിട്ടുള്ളത്. അതുകൊണ്ട് എപ്പോഴും,അമ്പലവും പള്ളിയും,നോയമ്പും,വൃതവും,നേര്‍ച്ചയും വഴിപാടുമായി നടന്നാല്‍ പലരും പരിധിക്കു പുറത്താകും .

സദാ സമയം വഴക്കുണ്ടാക്കുന്ന ഭാര്യയാണെങ്കില്‍ ഒരു പക്ഷെ ഭര്‍ത്താവ് എന്നും ടൂറും, ബിസിയും ആയിരിക്കും.

പണവും പ്രശസ്തിയും മറ്റു പലതും തേടി കുടുംബജീവിത ത്തിലെ വേഷം കെട്ടലുകള്‍ തുടരുകയാണ് . .

ഭാര്യയെ നിറകണ്ണുകളോടെ പ്രസവത്തിനായി നാട്ടിലേക്ക് കയറ്റിവിടുന്ന ഭര്‍ത്താക്കന്മാരെ കണ്ടിട്ടുണ്ട്."യെന്‍ പൊണ്ടാട്ടി ഊരുക്കു പോയാച്ച് "എന്നും പറഞ്ഞു നിലം വിട്ടു ചാടുന്ന ഇവര്‍ ഭര്‍ത്താവിനു നേരത്തിനു ഭക്ഷണം കിട്ടുമോ ,വസ്ത്രം ആര് കഴുകി കൊടുക്കും,

ഒരു പാത്രം പോലും കഴുകിവെക്കാന്‍ തന്റെ ഭര്‍ത്താവിന് അറിയില്ലല്ലോ എന്നും, താന്‍ ഇല്ലാതെ അദ്ദേഹം കഷ്ടപ്പെടു മല്ലോ എന്നോര്‍ത്തും ദു;ഖിക്കുന്ന മഹിളാ രത്നങ്ങള്‍ ഉണ്ട്. അവര്‍ അറിയുന്നില്ല ഭാര്യയില്ലാത്ത ഈ അവധി ദിവസങ്ങള്‍ എങ്ങിനെ നൂറാം വാരം ഓടിക്കാം എന്നോര്‍ത്ത് തലപുകക്കുകയാണ് തങ്ങളുടെ മനസിലെ തങ്ക വിഗ്രഹങ്ങളായ ഭര്‍തൃ കോമളന്‍മാര്‍ എന്ന് !എപ്പോഴും ,തിരക്കും മീറ്റിങ്ങും എന്ന് പറഞ്ഞു നടക്കുന്നവരെ ഒന്ന് ഭാര്യമാര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും...

തന്റെ ഭര്‍ത്താവിന്റെ ഇഷ്ടവും,അനിഷ്ടവും,നല്ലസ്വഭാവവും ദു:സ്വഭാവവും ഉത്തമയായ ഒരു സ്ത്രീക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരും. അതനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞാല്‍ നല്ലത്. ഒരു സ്ത്രീ പരപുരുഷ ബന്ധം പുലര്‍ത്തി എന്ന് കേട്ടാല്‍ അതിനെ പര്‍വതീകരിച്ച് പറയാന്‍ മിടുക്ക് കാട്ടുന്ന പുരുഷന്‍ ഒന്ന് അറിയാതെ പോകുന്നു. തെറ്റുകാരില്‍ ഒരാള്‍ ഒരു പുരുഷനും കൂടി ആണെന്നുള്ളത്‌ . അത് പോലെ തിരിച്ചും.. ഒരു പുരുഷന്‍ തെറ്റായ മാര്‍ഗത്തിലൂടെ പോകുന്നുണ്ടെങ്കില്‍ അത് സ്ത്രീയുടെ പോരായ്മ യാകാം .

ഭര്‍ത്താവിന്റെ നിഴലായി മാറാന്‍ ഒരു സ്ത്രീക്ക് കഴിഞ്ഞിരിക്കണം എങ്കിലേ ഭാര്യക്ക്‌ ഭര്‍ത്താവിനെയും , ഭര്‍ത്താവിനു ഭാര്യയെയൂം അറിയാന്‍ കഴിയൂ..ഭാര്യയുടെ ഉള്ളറിഞ്ഞ് അവളെ സ്നേഹിക്കാന്‍ പുരുഷനും കഴിയണം ..ഒന്നുമില്ലെങ്കില്‍ പരസ്പരം സ്നേഹിക്കുന്നതായി അഭിനയിക്കുകയെങ്കിലും വേണം .

തന്റെ പങ്കാളിയുടെ പോരായിമകള്‍ തിരിച്ചറിയുകയും ,മറ്റൊരാളെ കാണുമ്പോള്‍ അയാള്‍ എന്റെ പങ്കാളി ആയെങ്കില്‍ എന്ന് ധരിക്കുകയും,അയാള്‍ എല്ലാം തികഞ്ഞവന്‍ (തികഞ്ഞവള്‍) എന്ന് ധരിച്ചാല്‍ അത് ശുദ്ധ മണ്ടത്തരംആകും..

ദൈവം കൂട്ടിച്ചേര്‍ക്കുന്ന കണ്ണികള്‍ക്ക് എന്തിന്റെ പേരിലായാലും ഒരാള്‍ക്ക്‌ പകരമാകാന്‍ മറ്റൊരാള്‍ക്ക്‌ കഴിഞ്ഞെന്നു വരില്ല..

ജീവിതത്തിലെ അഭിനയത്തിനാണ് ഓസ്ക്കാര്‍ കൊടുക്കേണ്ടത് എന്ന് ആരോ പറഞ്ഞത് ഞാന്‍ ഓര്‍ത്തു പോവുകയാണ്..



എല്ലാ പുരുഷന്‍ മാരും അല്ലെങ്കില്‍ എല്ലാ സ്ത്രീകളും ഇങ്ങനെയാ ണെന്ന് സ്ഥാപിക്കാനല്ല ഞാന്‍ ഇവിടെ ശ്രമിച്ചത്.

ഇങ്ങനെയും ഒരു വിഭാഗം പരസ്പരം കോമാളി വേഷം കെട്ടുന്നത് ചൂണ്ടിക്കാണിച്ചു എന്ന് മാത്രം ...


36 comments:

Unknown said...

ഒന്നും പറയാനില്ല ....തുടക്കത്തില്‍ നിക്ഷ്പക്ഷമായി തുടങ്ങി പിന്നെ പതുകെ സ്ട്രീപക്ഷത്തിലാണ് ലേഘനം പോകുന്നത് എങ്കിലും പിന്നെ അത് അല്ല എന്ന് സ്ഥാപിക്കാന്‍ ഒരു ശ്രമം ഉണ്ട് ..കാലഹരണപ്പെട്ടു പോയികൊണ്ടിരികുന്ന മാനുഷിക മൂല്യങ്ങളെ കുറിച്ച് ഒന്ന് കൂടി ഓര്‍മിപ്പിക്കുന്നു.
പക്ഷേ ആര് ഒക്കെ എന്ത് ഒക്കെ പറഞ്ഞാലും കാലം അതിന്റെ എല്ലാ കെടുതികളും കൂടെ കൂട്ടി ഒഴുകികൊണ്ടേയിരിക്കും...

ജസ്റ്റിന്‍ said...

ലേഖിക സ്ത്രീ പക്ഷത്ത് നിന്ന് വാ തോരാതെ സംസാരിക്കുന്നു. കന്യകാത്വം പെണ്ണിന്റെ മാത്രം ആണെന്ന് ആരാണ് ഹേ(ഏത് പുരുഷന്‍) പറഞ്ഞത്. മാത്രവുമല്ല വിവാഹം കഴിക്കുന്ന സ്ത്രീ പരിശുദ്ധയാകണം എന്നാഗ്രഹിക്കുന്ന പുരുഷന്മാര്‍ പോലും കെട്ടിയത് കന്യകയെയാണെന്ന് വിശ്വസിക്കാറില്ല. കല്യാണത്തിന് ശേഷം ഭാര്യ വേറെയാരുടെയും കൂടെ പോകരുത് എന്നെ ആഗ്രഹിക്കാറുള്ളു. അത് തിരിച്ചും ആയിക്കോട്ടെ. അങ്ങനെ തന്നെ വേണം താനും.

വിവാഹ പൂര്‍വ്വ ബന്ധങ്ങളെ സാമൂഹ്യ വല്‍ക്കരിക്കാന്‍ സ്ത്രീകള്‍ കുറെക്കാലമായി നടത്തുന്ന വാഗ്വാദങ്ങളും, ന്യായങ്ങളും ഒക്കെയാണ് ഇവിടെയും കാണുന്നത്. അല്ലാതെ ലോകത്ത് 95 ശതമാനത്തില്‍ കൂടുതല്‍ പുരുഷന്മാര്‍ ലേഖനം പൊലെയല്ല.

പിന്നെ വേശ്യാ വൃത്തിയെ ന്യായീകരിക്കാനും ഒരു സ്രമം നടത്തുന്നത് കണ്ടു. കാമവെറിയന്മാര്‍ ഉള്ളത് കൊണ്ട് എന്നൊക്കെ. മാംസം വില്‍ക്കുന്നവര്‍ ന്യായ വാദികള്‍.

ലോകത്തിന്റെ ഏതെങ്കിലും ഇരുണ്ട മുഖം ഒക്കെ പറഞ്ഞ് പുരുഷ കുലത്തെ ദ്വേഷിക്കുന്ന നിലപാട് സ്ത്രീകള്‍ മാറ്റേണ്ടിയിരിക്കുന്നു. പകരം പുരുഷനെയും ഒരു മനുഷ്യ ജീവിയായി കാണുക.

സ്വന്തം കുടുമ്പം നന്നായാണോ പോകുന്നത് എന്നെങ്കിലും നോക്കുന്നത് നന്ന്. ലോകം ഒക്കെ അവിടെ നില്‍ക്കട്ടെ. പ്രതികരണം ഒരിക്കലും പ്രതികാരമാക്കി മാറ്റാന്‍ സ്രമിക്കരുത് എന്നൊരു അഭ്യര്‍ത്ഥന ഉണ്ട്.

ആസാദ്‌ said...

ലച്ചൂ, ലേഖനങ്ങള്‍ കുറച്ചു കൂടി ചെറുതാവുന്നതാണ്‌ നല്ലതെന്ന്‌ തോണുന്നു. (പറഞ്ഞു എന്നു മാത്രം. ഞാനും നീട്ടി വലിച്ചെഴുതുന്ന ആസാമിയാണ്‌ കേട്ടോ) വിഷയം കൊള്ളാം. വിഷയം അല്ല ഇത്‌, വിഷയങ്ങളാണ്‌ എന്നതൊരു പ്രശ്ണമുണ്ട്‌. ഒന്നുകില്‍ ഭാര്യ ഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തെ കുറിച്ചു മാത്രം പറയുക. അതു തന്നെ സാമാന്യം നന്നായിട്ട്‌ പറയാനുണ്ടാവും. അല്ലെങ്കില്‍ അവര്‍ തമ്മിലുള്ള സെക്ഷ്വാലിറ്റിയെ കുറിച്ചു പറയുക. നല്ല ചര്‍ച്ചക്ക്‌ അതും ഒരു വിഷയമാണ്‌. അല്ലായിരുന്നെങ്കില്‍ കന്യകാത്വത്തെ കുറിച്ചു മാത്രം പറയുക. അങ്ങിനെ ഒരു പാട്‌ നല്ല നല്ല പോയിണ്റ്റുകളെ കുറിച്ച്‌ ഒരൊറ്റ ലേഖനത്തിലെഴുതുമ്പോള്‍ ഇവയുടെ ഒക്കെ ആത്മാവ്‌ ചിലപ്പോള്‍ നഷ്ടപ്പെട്ടു എന്നു വരും. ഉദ്ധ്യമം ഉശാറായിരുന്നു. സ്‌ത്രീ പക്ഷത്തു നിന്നും എഴുതുന്നതിനു കുഴപ്പമില്ല. അതൊരു തെറ്റൊന്നുമല്ല. ഏതു പക്ഷത്തു നിന്നായാലും നേരിണ്റ്റെ കൂടെ നില്‍ക്കുക എന്നതാണ്‌ പ്രാധാന്യം. വിവരക്കേടിണ്റ്റെ പക്ഷത്തു നില്‍ക്കാതിരിക്കുക എന്നതാണ്‌ മുഖ്യം. ഇങ്ങിനെ ചിന്തിക്കുന്നുണ്ട്‌ എന്നതു തന്നെ അഭിനന്ദനീയമാണ്‌. തുടര്‍ന്നും എഴുതുക. കടുകിനെ കുറിച്ച്‌ പറയുമ്പോള്‍ കടുകിനെ കുറിച്ച്‌ മാത്രം ഓര്‍ക്കുക. ഉലവയെ മറന്നേക്കുക. ഉലുവയും കടുകും അടുക്കളയില്‍ ഉപയോഗിക്കുന്നതാണെങ്കിലും... ഒരു പുഞ്ചിരി സമ്മാനമായി തന്നു കൊണ്ട്‌.

Pranavam Ravikumar said...

എഴുത്ത് നന്നായി..എല്ലാ ചിന്തകളോടും യോജിക്കാന്‍ കഴിയുന്നില്ല..ആശംസകള്‍

usman said...

പലരും ചൂണ്ടിക്കാണിച്ചപോലെ, ഒരുപാട് കാര്യങ്ങൾ കൂട്ടിക്കുഴച്ചെഴുതിയതിനാൽ വാദമുഖങ്ങൾക്ക് വേണ്ടത്ര ക്ര്‌ത്യത കൈവന്നില്ല. അവതരിപ്പിച്ച നിലപാടുകളെപറ്റിയെല്ലാം അഭിപ്രായം എഴുതണമെങ്കിൽ മറ്റൊരു ലേഖനം തന്നെ വേണ്ടിവരും. വ്യക്തികളുടെ ഭാഗത്തുനിന്ന് പലപ്പോഴും വന്നുപോകാറുള്ള മാർഗ്ഗഭ്രംശങ്ങളെ മൊത്തത്തിൽ സാമാന്യവത്ക്കരിച്ച് ആക്ഷേപിച്ചെഴുതുന്ന രീതിയോടും യോജിക്കാൻ നിവ്ര്‌ത്തിയില്ല. ഭാര്യഭർത്താക്കന്മാർ പരസ്പരവിശ്വാസവും പരസ്പരസ്നേഹവും അന്യോന്യം സദാ ‘കെയറിങ്ങും’ നിലനിർത്തേണ്ടവരാണെന്നതിലും അക്കാര്യത്തിൽ ഇരുവർക്കും തുല്യ ഉത്തരവാദിത്തവും ഉദ്ദേശശുദ്ധിയും ജാഗ്രതയും ആവശ്യമാണ് എന്നതിലും ലക്ഷ്മി പറഞ്ഞതിനോട് ആരും വിയോജിക്കാനിടയില്ല. ഏതായാലും, സാമൂഹികനന്മ ലാക്കാക്കിയുള്ള ചിന്തകളെ അനുമോദിക്കുന്നു.

നന്ദു said...

ലച്ചു വളരെ ലളിതമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. കൂടുതല്‍ വിശദാംശങ്ങളിലേക്കു പോയതുകൊണ്ടാകണം, ഇത്തിരി നീണ്ടുപോയത്. മാറിയ കാലത്തിന്റെ സുഖതൃഷ്ണയുടെ ഭാഗമായ പല പരസ്ത്രീ- പരപുരുഷ ബന്ധങ്ങളും സ്ത്രീ-പുരുഷ വര്‍ഗ്ഗസ്വഭാവം എന്നനിലയ്ക്കല്ലാതെ, വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടു കൂടിയാണ്. കുടുംബത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കുന്നതില്‍ പുരുഷനും സ്ത്രീക്കും തുല്യ പങ്കാണെന്നതില്‍ യോജിക്കുന്നു. ആശംസകള്‍!
:)

ശ്രീനാഥന്‍ said...

യോജിപ്പാണ് ലച്ചൂ, തുല്യത ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും വേണം, കന്യകാത്വം എന്നതൊക്കെ പുരുഷ കേന്ദ്രീകൃതമായ ഒരു ചിന്താപദ്ധതിയുടെ ഭാഗമാണ്, എന്തായാലും ഉറക്കെ ചിന്തിച്ചു ലച്ചു.

അലി said...

സൽസ്വഭാവവും സദാചാരവും പറയുമ്പോൾ സ്ത്രീയും പുരുഷനും എന്ന വേർതിരിവ് വേണ്ടതില്ല എന്നാണെന്റെ പക്ഷം.

കുസുമം ആര്‍ പുന്നപ്ര said...

സമൂഹത്തിലും കുടുംബത്തിലും വ്യക്തി ജീവിതത്തിലും നാം കെട്ടിയാടുന്ന വേഷങ്ങള്‍ വേഷ പകര്‍ച്ചകള്‍ എത്രയാണെന്ന് ഒന്ന് ചിന്തിച്ചു നോക്കിയാല്‍ നാം തന്നെ വിസ്മയിച്ചു പോകും !

ശരിയാണു ലച്ചു. കഴിയുന്നതും കാണികളെ രസിപ്പിച്ചു കൊണ്ട് ആടി തിമര്‍ക്കുക.
കുറച്ചുകൂടി ചുരുക്കിയെഴുതുക
ഒരു ഫെമിനിസത്തിന്‍റ നിഴല്‍ പരന്നോ?

Unknown said...

എഴുത്ത് നന്നായി

കുസുമം ആര്‍ പുന്നപ്ര said...
This comment has been removed by the author.
ente lokam said...

കുറെ ചിന്തകള്‍ പങ്ക് വെച്ചു എന്നതില്‍
ഉപരി ഒരു വിഷയത്തില്‍ ഊന്നി കാര്യ
കാരണ സഹിതം ഉള്ള ഒരു ലേഖനം
എന്ന് പറയാന്‍ പറ്റില്ല .

എല്ലാ വിവരങ്ങളും രണ്ടു പക്ഷത്തെയും
വെറുപ്പിക്കാന്‍ ശ്രമിക്കാതെ പറഞ്ഞതിനാല്‍
പ്രത്യേകിച്ച് ഒരു വാദത്തില്‍ കഴമ്പും ഇല്ല..കാട് കയറാതെ ഒന്ന് കൂടി ചുരുക്കി അടുത്തതില്‍ ശ്രമിക്കുക .നന്നായി ലെച്ചു. ആശംസകള്‍ .

കുസുമം :feminism.വളരെ നല്ല ഒരു article എച്ച്മുവിന്റെ ബ്ലോഗില്‍ ഉണ്ട് .സമയം കിട്ടിയാല്‍ നോക്കുക .

Manoraj said...

സ്ത്രീയെയും പുരുഷനെയും ഒരേ തട്ടില്‍ കാണാതെ ചില ഭാഗങ്ങളില്‍ പെണ്‍പക്ഷത്തേക്ക് ഒരു ചായ്‌വ് കൂടുതല്‍ ഉണ്ട് ലേഖനത്തില്‍. എന്നിരിക്കിലും നിഷ്പക്ഷത പുലര്‍ത്താന്‍ ശ്രമിക്കുന്നുമുണ്ട്. കാതലായ വിഷയം. കാമ്പുള്ളത്. ഇത്തരം ചിന്താധാര ഇനിയുമുണ്ടാവട്ടെ..

പാവപ്പെട്ടവൻ said...

ഇന്നുകളിലാണ് ഇങ്ങനെയൊക്കെ നടക്കുന്നതു എന്നത് തെറ്റായ വാദമാണ്.എക്കാലവും ഇതൊക്കെ നടന്നിരുന്നു .എന്നാൽ മുൻപൊക്കെ ഇവിടെ പറഞ്ഞ കാ‍ര്യങ്ങളീൽ ഇന്നത്തെ പോലെ വലിയ പ്രചാരം ഇല്ലായിരുന്നു എന്നതു സത്യമാണ്. അന്നെത്തെ മാധ്യമങ്ങൾക്ക് ഇത്തരം വാർത്തകളെ വലുതാക്കുന്നതിൽ തല്പര്യം ഇല്ലയിരുന്നു എന്നതുകൊണ്ടാണത്.
മാനസികമായി ഇഷ്ടവും താല്പര്യവുമുള്ള സ്ത്രീയും പുരുഷനും പരസ്പരം മനസും,ശരീരവും പങ്കുവെക്കുന്നതു ഒരു വലിയ കുറ്റമായി എനിക്കു തോന്നുന്നില്ല.ഇതു പറയുകയോ പാലിക്കപെടാതിരിക്കുകയോ ചെയ്യുന്നതാണ് നമ്മൾ നമ്മളോടു ചെയ്യുന്ന വലിയ കുറ്റവും ,ദ്രോഹവും എന്നാണ് എനിക്കു തോന്നുന്നത്.( അതു വിവാഹിതർ ആണങ്കിലും അല്ലങ്കിലും )എന്നാൽ ബലാൽകാരവും, വിലക്കുവാങ്ങലും ,സമ്മാനങ്ങൾകൊടുത്തു വശത്താക്കലും തെറ്റുതന്നെയാണ്.

ലേഖിക പറയുന്ന ഒരു കാര്യത്തിനോട് പൂർണമായി യോചിക്കുന്നു.
“ഭര്‍ത്താവിന്റെ നിഴലായി മാറാന്‍ ഒരു സ്ത്രീക്ക് കഴിഞ്ഞിരിക്കണം എങ്കിലേ ഭാര്യക്ക്‌ ഭര്‍ത്താവിനെയും , ഭര്‍ത്താവിനു ഭാര്യയെയൂം അറിയാന്‍ കഴിയൂ“
ഇങ്ങനെയായൽ മുകളീൽ പറഞ്ഞ താല്പര്യങ്ങൾ നമ്മളീൽ ഇല്ലാതാകും .അതാണ് വേണ്ടതും.

മനുഷ്യബന്ധങ്ങളില്‍ സംഭവിക്കുന്ന വിള്ളലുകളെക്കുറിച്ചുള്ള ചിന്തകളിലാണ് ഈയിടെയായി എന്റെ മനസ് വ്യാപരിക്കുന്നത്..നല്ലതാണ്..

മനുഷ്യബന്ധങ്ങളില്‍ സംഭവിക്കുന്ന അല്ലേ ..?

sm sadique said...

താന്‍ ജീവിത പങ്കാളിയാക്കുന്ന പുരുഷനും തന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സദാചാര നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തി ആയിരിക്കണമെന്ന് ആഗ്രഹിച്ചു കൂടാ?സ്ത്രീക്കും പുരുഷനും വികാരങ്ങള്‍ ഒരുപോലെയാണ്.പുരുഷന്‍ തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ സ്ത്രീ പ്രകടിപ്പിക്കുന്നില്ല.പുരുഷന്‍ വ്യത്യസ്തത തേടി അല്ലെങ്കില്‍ സ്വന്തം ഇണയുടെ പോരായ്മകള്‍ മറികടക്കാന്‍ മറ്റു സ്ത്രീകളെ തേടി പോകുമ്പോള്‍ അത്തരം ചിന്തകള്‍ എന്ത് കൊണ്ട് സ്ത്രീക്കും ആയിക്കൂടാ..??അവള്‍ക്കും എന്തുകൊണ്ട് ഇങ്ങനെ എല്ലാം ചിന്തിച്ചു കൂടാ..? പരസ്ത്രീകളുമായി തനിക്ക് ബന്ധം ഉണ്ട് എന്ന് സ്വയം വിളിച്ചു പറഞ്ഞു വലിയവന്‍ ആവാന്‍ ശ്രമിക്കുന്ന ചിലരുണ്ട് . തന്റെ വ്യക്തിപരമായ മഹത്ത്വമായി ഇതെല്ലാം ചിലര്‍ കണക്കാക്കുന്നു, ആഘോഷിക്കുന്നു.


ഇങ്ങനെ പരസ്പരം കലഹിക്ക്ട്ടെ…….
അടിച്ച് പിരിയട്ടെ……………..
അല്ലങ്കിൽ, ആരോടെങ്കിലും ഒളിച്ചോടട്ടെ……
ഒളിച്ചോടിയിട്ട് (കുറച്ച് കാലം കഴിഞ്ഞ്) തൂങ്ങി ചാവുകയോ, വിഷമടിക്കുകയോ,ട്രെയിന്റകീഴിലോ….ഏത് കോത്താഴത്തെങ്കിലും പോയി തുലയട്ടെ……
(അല്ലാതെ ഞാനെന്ത് പറയാൻ……..?????????????????????)

A said...

കാര്യങ്ങള്‍ വ്യക്തമായി, വചാലമായി പറഞ്ഞു. സ്ത്രീ പക്ഷത്തു നിന്ന് കൊണ്ട് എഴുതുന്നത്‌ ഒരു കുറ്റമായി കാണേണ്ടതില്ല. പക്ഷം ചേരുക എന്നതും ഒരു രാഷ്ട്രീയമാണ്. ആ ചേരല്‍ ഒരു നന്മക്ക് വേണ്ടി, നീതിക്ക് വേണ്ടിയാണെങ്കില്‍ എന്താണ് തെറ്റ്?

ajith said...

ദീര്‍ഘ കാലം കൂടെ കഴിഞ്ഞിട്ടും തന്റെ ഭര്‍ത്താവ് കുടിക്കുമോ ,വലിക്കുമോ എന്നു പോലും അറിയാത്ത ഭാര്യമാരും ഉണ്ട്.അത് മറച്ചു വെക്കാനുള്ള പുരുഷന്റെ കഴിവ് പ്രശംസനീയം തന്നെ ..
എന്റെ ലച്ചു, വര്‍ക്ക് ചെയ്യുന്ന ഒരു മൂക്ക് ഉണ്ടെങ്കില്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന രണ്ട് വിഷയങ്ങള്‍ ആണ് ഇവ രണ്ടും. അതുപോലെ തന്നെ അപഥസഞ്ചാരവും ഒരുതരം ഗന്ധമുണ്ടാക്കും. അതറിയണമെങ്കില്‍ വിവേചനശക്തിയുള്ള ഒരു മനസ്സാക്ഷി മതി. നീണ്ട ലേഖനം വായിച്ചപ്പോള്‍ എനിക്ക് യഥാര്‍ത്ഥത്തില്‍ തോന്നിയതെന്തെന്നോ?
Preaching to the converted

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു പൂരം വെടിക്കെട്ട് പോലെ കത്തി കത്തി കയറി കൂട്ടപൊരിച്ചിൽ പോലെ ശരിക്കുള്ള ജീവിതങ്ങളിലെ റിയാലിറ്റികൾ വെളിവാക്കി..അല്ലേ.
നന്നായിട്ടുണ്ട് കേട്ടൊ ലച്ചു

സ്ത്രീയും പുരുഷനും രണ്ടുവിഭിന്ന തരത്തിലുള്ള വ്യക്തിത്തങ്ങളാണ്...
കുടുംബം ഒരു പാർട്ട്ണർ ഷിപ് ബിസിനസ്സ് പോലെയും - ഡെയിലി കണക്ക് നോക്കണം,ലാഭവും,നഷ്ട്ടവും പങ്കുവെക്കണം,പരസ്പര വിശ്വാസം വേണം,ഒരാളുടെ പോരായ്മകൾ മറ്റുള്ളയാൾ പരമാവുധി നികത്തി കൊടുക്കണം,...

അല്ലെങ്കിൽ കച്ചോടം പൊളിയും...തീർച്ച ..!

രമേശ്‌ അരൂര്‍ said...

ലേഖനം നീണ്ട വാദമുഖങ്ങള്‍ക്ക് വഴിവച്ചല്ലോ ...
ആശംസകള്‍ ...:)

സന്യാസി said...

മനുഷ്യരുടെ മനസും ചിന്തയും നന്നായാല്‍ പിന്നൊന്നും കുഴപ്പം വരില്ല ..പരസ്പര വിശ്വാസം തന്നെ പ്രധാനം ..

Anonymous said...

ലച്ചൂ,
നമ്മള്‍ പുതു തലമുറക്കാരെങ്കിലും അലിയെ പോലെ ചിന്തിക്കണം (സ്ത്രീയും പുരുഷനും എന്ന വേർതിരിവ് വേണ്ടതില്ല എന്നാണെന്റെ പക്ഷം) എന്നാണ് എന്റെയും പക്ഷം. പ്രസവിക്കല്‍,മുലയൂട്ടല്‍ എന്നീ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട് എന്നതിനാല്‍ സ്ത്രീക്കു പുരുഷനെ അപേക്ഷിച്ച് കായികബലം കുറവായിരിക്കും. അതുകൊണ്ടാണ് അവള്‍ അബല ആവുന്നതും. പുരുഷന് പറ്റുന്ന പല കാര്യങ്ങളും ചെയ്യാന്‍ സ്ത്രീക്കു പറ്റില്ല. തിരിച്ചും അങ്ങനെ തന്നെ. അവിടെയും അവര്‍ തുല്യരാണ്. പിന്നെ എവിടെയാണ് സ്ത്രീയും പുരുഷനും തുല്യരല്ലാത്തത് എന്ന്‌ എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല. തുല്യതക്കു വേണ്ടി വാദിക്കുമ്പോഴാണ് തുല്യത നഷ്ടമാവുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. സംവരണം ആഗ്രഹിക്കാതെ, പൊരുതി നേടാനാണ് സ്ത്രീകള്‍ ശ്രമിക്കേണ്ടത് എന്നാണ് എന്റെ എളിയ അഭിപ്രായം.

പിന്നെ കുടുംബം, ഒരു നാടകമാടിയാലല്ലാതെ അതിന് നിലനില്‍പ്പില്ല. ഒരു സുഹൃത്ത്‌ പറഞ്ഞത് ഓര്‍ക്കുന്നു, ഈ ലോകത്ത് രണ്ടു പേര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ ബുദ്ധിമുട്ടാണ്, വിട്ടുവീഴ്ച്ചകള്‍ കൂടിയേ തീരൂ.. എന്നുവെച്ച്, ഭര്‍ത്താവിനെ അല്ലെങ്കില്‍ ഭാര്യയെ കബളിപ്പിക്കുന്ന പരബന്ധങ്ങള്‍ വളരെ വിലകുറഞ്ഞതാണ് , ഏതു കാലമായാലും.

ആശംസകള്‍..

jayaraj said...

ഒരു വിവാദം/ സംവാദം വീണ്ടും

വീകെ said...

"..ഒന്നുമില്ലെങ്കില്‍ പരസ്പരം സ്നേഹിക്കുന്നതായി അഭിനയിക്കുകയെങ്കിലും വേണം"

ജീവിതത്തിലെ ഈ അഭിനയമല്ലെ രണ്ടു കൂട്ടരുടേയും വഴിവിട്ട ജീവിതരീതിക്കു കാരണം....? ആത്മാർത്ഥതയും സ്നേഹവുമില്ലാത്ത ജീവിതത്തിൽ എവിടെയാണ് സത്യസന്തത...?

ജീവിതത്തിൽ നിന്നും വേർപിരിഞ്ഞു പോയ ഭാര്യയെ ഓർത്ത് മക്കളോടൊപ്പം ജീവിതം തള്ളി നീക്കുന്ന ഭർത്താക്കന്മാരും, അദ്ദേഹത്തോടൊപ്പം ജീവിച്ച് മതിയായില്ലെന്ന് വിലപിക്കുന്ന വിധവകളും ഒരുപാട് നമ്മുടെ നാട്ടിൽ കാണാം. അവരല്ലെ അധികവും....?
മറിച്ചുള്ളത് വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. പക്ഷെ, അവരെക്കുറിച്ച് പറയാൻ മാദ്ധ്യമങ്ങൾക്ക് താല്പര്യമാണ്. നല്ല സെൻസേഷൻ ന്യൂസാണല്ലൊ. അതുകൊണ്ട് അത്തരം വാർത്തകൾ പാർവ്വതീകരിക്കപ്പെടുന്നു.

ബഹുഭൂരിപക്ഷം വരുന്ന നല്ല രീതിയിൽ ആത്മാർത്ഥതയോടെ സത്യസന്തമായി ജീവിക്കുന്നവരെക്കുറിച്ചെഴുതാൻ ആർക്കും താല്പര്യമില്ലന്നു മാത്രമല്ല അവർക്കും അത് പുറം ലോകത്തോട് പറയുന്നതിന് താൽ‌പ്പര്യമില്ല. ഇതല്ലെ സത്യം...?

ആശംസകൾ...

ഒരില വെറുതെ said...

രണ്ട് മനുഷ്യരാണ്. വെവ്വേറെ ലോകങ്ങളുള്ള രണ്ടു പേര്‍. മടുപ്പും ഈഗോയും ഒക്കെ പൊതിഞ്ഞു വെച്ച പാവം മനുഷ്യര്‍.
സത്യത്തില്‍, എല്ലാ വഴി മാറി നടത്തങ്ങള്‍ക്കും പിന്നില്‍ അതാണ്.

ചന്തു നായർ said...

ഒരുപാട് പറയാനുണ്ട്...ലച്ചൂ...ഈ കാനുന്നതല്ലാ ലൊകം... വിശദമായി പിന്നെ എഴുതാം...1,കന്യകാത്വം- അങ്ങനെ ഒന്ന് ഉണ്ടോ ഇപ്പോൾ,ഹെൽത്ത് ക്ലപ്പുകളിൽ,സൈക്കിളിങ്ങിൽ...തകർന്നു പോകുന്ന ചർമ്മം...അതുമാത്രമായിത്തീർന്നില്ലേ, പുരുഷനിൽ അത് അളക്കേണ്ട് മാനദണ്ഡം..എവിടെയാണ്...

jayanEvoor said...

സ്ത്രീ സ്വയം സമ്പാദിക്കാൻ തുടങ്ങുകയും, പുരുഷന്റെ നിഴലിൽ നിന്നു വെട്ടത്തേക്കു വരികയും ചെയ്യുന്ന കാലമാണിത്.

90% കുടുംബങ്ങ്ലിലും സ്ത്രീ വിട്ടുവീഴ്ച ചെയ്യുക എന്നതാണു നടക്കുന്നത്.

അത് ഇനി മാറാൻ പോവുകയാണ്.

അതുകൊണ്ടു തന്നെ വിട്ടുവീഴ്ച എന്നത് ഇനിമേൽ പുരുഷന്റെ കൂടി ബാധ്യതയായി മാറിക്കഴിഞ്ഞു.

അതിനു തയ്യാറാകാത്തവർക്ക് കുടുംബജീവിതം എന്നൊന്ന് ബുദ്ധിമുട്ടാവുന്ന കാലം ആണ് ഇനി വരാൻ പോകുന്നത്.

കുടുംബജീവിതം വേണോ, പുരുഷനും വിട്ടുവീഴ്ച ചെയ്യണം.

ഇതിന്റെ പരിണതി, പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ വിവാഹങ്ങൾ കുറയലും, കുട്ടികൾ കുറയലും അതു വഴി ജനസംഖ്യ കുറയലുമാണ്.

അത് കേരളത്തിൽ ഉടൻ ദൃശ്യമാകാൻ തുടങ്ങും. താമസിയാതെ ഇൻഡ്യമുഴുവനും...

ലച്ചു പറയാനുള്ളത് ധീരമായി പറയേണ്ടിയിരിക്കുന്നു. എല്ല്ലാവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കേണ്ടതില്ല.

പിന്നെ,
വിട്ടുവീഴ്ച ചെയ്യാത്തത് പുരുഷന്മാർ മാത്രമല്ല. ചില സ്ത്രീകളും ഉണ്ട്; എന്നാൽ അവർ എണ്ണത്തിൽ കുറവാണ്. അങ്ങനെയുള്ള സ്ത്രീകളും വിട്ടുവീഴ്ച ചെയ്യേണ്ടി വരും.

ബെഞ്ചാലി said...

പുരുഷന്മാരുടെ കന്യകത്വം തെളിയിക്കാൻ ഈ പ്രകൃതിയിലൊരൂ മാർഗ്ഗവുമില്ലല്ലോ… തെറ്റ് ചെയ്യുന്നവരിൽ ആണ്, പെണ്ണ് എന്നൊക്കെ തരം തിരിച്ചെഴുതാനാവില്ല.

lekshmi. lachu said...

@ ആദ്യ കമന്റ് നല്‍കിയ മൈ ഡ്രീംസ് നന്ദി..രണ്ടു പക്ഷത്
നിന്നു സംസാരിച്ചു എന്നുള്ളത് ശെരിയാണ്,കാരണം തെറ്റുകള്‍
ഒരാള്‍ മാത്രം അല്ലല്ലോ ചെയ്യുന്നത്.സ്ത്രീയെ മാത്രം
കുറ്റപെടുതീട്ടോ ,അല്ലങ്കില്‍ പുരുഷന്‍ ആണു എല്ലാത്തിനും
കാരണം എന്ന് പറഞ്ഞിട്ടോ കാര്യം ഇല്ല.ഉത്തരവാദിത്തം
രണ്ടുപേര്‍ക്കും ഒരുപോലെ ആണു.അത് കൊണ്ട്
രണ്ടു കൂട്ടരുടെയും ശെരി തെറ്റുകള്‍ പറയണം എന്ന് തോന്നി.നന്ദി ഡ്രീംസ്‌..

@ജെസ്റ്റിന്‍ ,എന്‍റെ ബ്ലോഗില്‍ വന്നതിനു നന്ദി..ഒരിക്കലും വേശ്യാവൃത്തിയെ
ന്യായീകരിക്കുകയല്ല.ഒരു സ്ത്രീ വേശ്യയായി ജെനിക്കുന്നില്ല്യ..നിങ്ങള്‍ ഉള്‍പ്പെടുന്ന
സമൂഹമാണ് അങ്ങിനെ ആക്കി തീര്‍ക്കുന്നത്.. പിന്നെ വിവാഹം കഴിക്കുന്ന
പെണ്ണ് കന്യക ആയിരിക്കണം എന്ന് ആഗ്രഹിക്കാറില്ല എന്ന് പറഞ്ഞല്ലോ,ഒന്നു ചോതിചോട്ടെ
വിവാഹ രാത്രി അവള്‍ മറ്റൊരുവന്റെ കൂടെ കഴിഞ്ഞിട്ടുണ്ടെന്നു പറഞ്ഞാല്‍
ഈ പറയുന്ന പുരുഷന്റെ കപട സതാചാരബോധം അപ്പോള്‍ ഉണര്‍ന്നു
പ്രവര്തിക്കില്ലേ ?ഏതുപുരുഷന്‍ ആണു അവളെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുക..
അതുമല്ലെങ്കില്‍ പീഡനത്തില്‍ ഇര ആകേണ്ടി വന്ന ഏതെങ്കിലും പെണ്‍കുട്ടിക്ക്
ഒരു ജീവിതം കൊടുക്കാന്‍ അറിഞ്ഞുകൊണ്ട് നിങ്ങള്‍ പുരുഷ
സമൂഹത്തില്‍ എത്ര പേര്‍ തയ്യാറാകും??പറയാന്‍ ആര്‍ക്കും എന്തും പറയാം..അത് സ്വന്തം
ജീവിതമാക്കാന്‍ ആരും തയാറാകില്ല.ഈ വരവിനും അഭിപ്രായത്തിനും ഏറെ നന്ദി.

@ആസാദ് ഈ വരവിനു നന്ദി.. എഴുത്തില്‍ പലതും
കടന്നു വന്നു..എല്ലാതും ഇതില്‍ ഉള്‍പെടുത്തണം
എന്ന് തോന്നി...ഇനി എഴുതുമ്പോള്‍ ശ്രദ്ധിക്കാം..നന്ദി..
@പ്രണവം..വരവിനും അഭിപ്രായത്തിനും നന്ദി.
@ഉസ്മാന്‍ മാഷെ , മനപൂര്‍വം അല്ല എഴുതി വന്നപ്പോള്‍
എല്ലാ ടോപിക്കും വന്നു പൊയ്.ഇനി എഴുതുമ്പോള്‍
ശ്രദ്ധിക്കാം..വരവിനും അഭിപ്രായത്തിനും ഏറെ നന്ദി.
@നന്ദു ,എന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു
എന്നറിഞ്ഞതില്‍ സന്തോഷം..ഈ വരവിനും അഭിപ്രായത്തിനും
ഏറെ നന്ദി.
@ശ്രീനാഥന്‍ മാഷെ,അഭിപ്രായത്തോട് യോജിക്കുന്നു എന്നതില്‍
സന്തോഷം..നന്ദി ഈ വരവിനും അഭിപ്രായത്തിനും.

lekshmi. lachu said...

@അലി ,സ്ത്രീയും പുരുഷനെയും ഞാന്‍ വേര്‍തിരിക്കാന്‍
ശ്രമിച്ചിട്ടില്ല.സദചാരത്തിന്റെ പേരില്‍ പെണ്ണിനെ മാറ്റിനിര്‍ത്തുന്ന
സമൂഹത്തിന്റെ കഴച്ചപാടിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്..
നന്ദി അലി ഈ വരവിനും അഭിപ്രായത്തിനും.
@കുസുമം.ഇതില്‍ ഫെമിനിസം എവിടെയാണ് കടന്നു
വന്നത് എന്ന് എനിക്കറിയില്ല.അങ്ങിനെ തോന്നിയെങ്കില്‍
അത് കാഴ്ച്ചപാടിന്റെ തെറ്റാകാം..നന്ദി കുസുമം.
@ജോഷി നന്ദി വരവിനും അഭിപ്രായത്തിനും.
@എന്‍റെ ലോകം ,തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാം.
വരവിനും അഭിപ്രായത്തിനും ഏറെ നന്ദി.
@മനോരാജ് ,സ്ത്രീപക്ഷത് ഞാന്‍ നിന്നു സംസാരിച്ചു
എന്നുള്ളതില്‍ എന്താണ് തെറ്റ്..ഞാനും ഒരു സ്ത്രീ അല്ലെ ..
നന്ദി മനു,ഈ വരവിനും അഭിപ്രായത്തിനും ..
@പാവപ്പെട്ടവന്‍,ഈ വരവിനും , അഭിപ്രായത്തിനു നന്ദി.
പിന്നെ അവസാനം ഒരു വരി (മനുഷ്യബന്ധങ്ങളില്‍ സംഭവിക്കുന്ന അല്ലേ ..? )വീണ്ടും
ആവര്‍ത്തിച്ചത് എന്താണെന്ന് ഈ ചെറിയ തലക്കകത്ത് തെളിയുന്നില്ല.നന്ദി

@സാദിക്ക് ,അത് തന്നെയാ വരും വരായികള്‍ ചിന്തിക്കാതെ
എടുത്തുചാടി വല്ലവന്റെയും,വല്ലവളുടെയും പുറകെ പൊയ് അവസാനം
ചാകാന്‍ തോന്നുനെകില്‍ ചാകട്ടെ ...ഹല്ലാ പിന്നെ..ഇത്രയൊക്കെ തന്നെയേ
എനിക്കും പറയാന്‍ ഉള്ളൂ..നന്ദി സാദിക്ക് വരവിനും അഭിപ്രായത്തിനും.

@സലാം ,ഒരുപക്ഷത് നിന്നു പറയുന്നത് തെറ്റാണ് എന്ന് ചിന്തിക്കുന്നില.
രണ്ടുപക്ഷതും ഇല്ലെ പോരായിമകള്‍..അതുകൊണ്ടാണ്
രണ്ടും പറഞ്ഞത്..നന്ദി മാഷെ ,ഈ വരവിനും അഭിപ്രായത്തിനും .
@അജിത്‌ മാഷെ,മാഷിനു തെറ്റി പൊയ് മൂക്ക് ഉണ്ടായത് കൊണ്ട്
ഡോക്ടരെട്ടു നേടും വരെ പഠിച്ചതുകൊണ്ടോ ജീവിതത്തിന്റെ ചില ഭാഗങ്ങള്‍
അറിയാത്ത എത്രയോ സ്ത്രീകള്‍ ഇന്നും ഉണ്ട്.എല്ലാ സ്ത്രീകള്‍ക്കും
സ്നഫ്ഫിംഗ് ഡോഗിന്റെ കഴിവ് കിട്ടികൊള്ളണം എന്നില്ല.എനിക്ക് നേരിട്ടറിയുന്ന
അനുഭവം ആണു ഞാന്‍ ഇതില്‍ പങ്കു വെച്ചത്.ഈ വരവിനും അഭിപ്രായത്തിനും
ഏറെ നന്ദി.
@ബിലാത്തി ,അതാണ്‌ ഞാന്‍ പറഞ്ഞത് കച്ചോടം രണ്ടുപേരും ഒരുപോലെ
ശ്രദ്ധിക്കണം എന്ന്..വരവിനും അഭിപ്രായത്തിനും ഏറെ നന്ദി.
@രമേശ്‌ നന്ദി വരവിനും അഭിപ്രായത്തിനും.
@സന്ന്യാസി ,വിശ്വാസം അതല്ലേ എല്ലാം..നന്ദി മാഷെ..
@ അഞ്ജു ,സ്ത്രീക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ സംവരണത്തില്‍ അല്ല
സഹതാപത്തില്‍ ആണു എന്നാണ് എന്‍റെ വിശ്വാസം .പിന്നെ ഈ വരവിനും അഭിപ്രായത്തിനും ഏറെ
നന്ദി ..,
@വികെ ,ശെരിയാണ് അഭിനയം..ആ ജീവിതത്തെക്കുറിച്ചും ,അതിലൂടെ ഉണ്ടാകുന
കുടുംബ ബന്ധതകര്‍ച്ചയെക്കുറിച്ചും തന്നെയാണ് ഞാന്‍ പറഞ്ഞു പോയത്.ഇങ്ങനെയും
വ്യക്തിബന്ധങ്ങള്‍ ഉണ്ടെന് കാണിക്കാന്‍ ആണു ശ്രമിച്ചത്‌..
നന്ദി വി കെ ഈ വരവിനും ഈ അഭിപ്രായത്തിനും ..
@ഒരില അതെ എല്ലാരും പാവമാണ്.. നന്ദി ..വരവിനും അഭിപ്രായത്തിനും.
@ചന്തു മാഷെ,ശെരിയാണ് നമ്മള്‍ കാണുന്നതിനും അപ്പുറമാണ്
ഈ ലോകം..നന്ദി മാഷെ ഈ വരവിനും അഭിപ്രായത്തിനും ഏറെ നന്ദി.
@ജയന്‍ മാഷെ,വിട്ടു വീഴ്ച രണ്ടു കൂട്ടര്‍ക്കും ബാധകമാണ്..ഞാന്‍ ആരെയും സന്തോഷിപ്പിക്കാന്‍
ശ്രമിച്ചല്ല എഴുതിയത് .തെറ്റുകള്‍ എല്ലാം ഒരാളില്‍ പരാമര്ശിക്കുന്നതില്‍
കഴമ്പുണ്ടെന്ന് തോന്നിയില്ല. മാഷെ ഈ വരവിനും അഭിപ്രായത്തിനും ഏറെ നന്ദി .
@ബെഞ്ചാലി (ഈപേര് എഴുതാന്‍ ഏറെ ബുദ്ധിമുട്ടി )ഈ ആദ്യ സന്ദര്‍ശനത്തിനും
അഭിപ്രായത്തിനും ഏറെ നന്ദി.

sreee said...

“സമൂഹത്തിൽ സ്ത്രീക്കു ലഭിക്കാത്ത എല്ലാ സ്ഥാനങ്ങളും അംഗീകാരങ്ങളും തന്റെ സർഗസ്രഷ്ടികളിൽ കൊടുത്തു കൊണ്ട് തന്റെ ഔദാര്യം പ്രകടിപ്പിക്കാനും വിപരീതമായി പ്രവർത്തിക്കാനും തയ്യാറാകുന്ന ഒരു ലോകത്താണു നാം ജീവിക്കുന്നതു. സ്ത്രീകളുടെ ചാരിത്ര്യത്തിന്റെ താക്കോൽ സൂക്ഷിക്കുന്ന മഹാന്മാർക്കു സ്വന്തം ജീവിതത്തിന്റെ മറകളിലേക്കു വല്ലപ്പോഴും ഒന്നു സൂക്ഷിച്ചു നോക്കാൻ സാധിച്ചാലറിയാം , സന്മാർഗത്തെപറ്റി അധ്യാപകരും പുരൊഹിതരും പറയുന്നതെല്ലാം വെറും വിശ്വസിപ്പിക്കലുകൾ മാത്രമാണെന്നു.”
-നിത്യചൈതന്യയതി

Unknown said...

ചിന്തകള്‍ ലേഖനങ്ങള്‍ അനസ്യൂതം :)

പോരട്ടിനിയും.
വിമര്‍ശനങ്ങള്‍ പലരും പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.

ബെഞ്ചാലി said...

മൂന്നക്ഷരം എഴുതാനാണോ ബുദ്ധിമുട്ടിയത്… :)

ചെകുത്താന്‍ said...

എന്താ ഇവിടെ പ്രശ്നം

Adv mskponnani said...
This comment has been removed by the author.
റഷീദ് കോട്ടപ്പാടം said...

ജീവിത സാഗരത്തിലെ ചെറിയ വലിയ തിരമാലകളും കൈവഴികളും തിരിച്ചറിയാന്‍ നമുക്ക് സാധിക്കട്ടെ!

Gokul said...

Its becoming more and more clear with each passing day that modern society and most of the youngsters lack in the 'crisis management' part. They are fine, when everything around them are fine and perfect. However, when something around them goes wrong or when they are made to come out of their comfort zone, then, they simply dont know what to do. Thats when everything will start going haywire. Its really amazing to obsevre how certain people manage to come out of certain difficult situations in life with ease where as someothers will complicate the same issue till it becomes un-solvable.

Need not have to be careless, but, it is worth remembering that caring too much is worse than being careless for most of the issues.

Gokul Kenath