Thursday, September 26, 2013

തിരുത്തപ്പെടാനാകാത്ത ജാതകം....





 


''തലക്കുമേല്‍ വെളുത്തൊരാകാശം
തലക്കുള്ളില്‍ കറുകറുത്തതാം മേഘം
അതിലെരിയുന്നുണ്ടൊരു ശോണചന്ദ്രന്‍
അതെന്‍ നിയോഗമാണതെന്റെ ജാതകം.''

അതെ..
എല്ലാം എന്റെ നിയോഗമായിരുന്നു. ജീവിതം കയ്പും, മധുരവും നിറഞ്ഞതാണെന്ന്
പണ്ടുള്ളവര്‍ പറഞ്ഞെതെത്ര ശരിയാണ്. ഏറെ കയ്പുകള്‍ സമ്മാനിക്കുമ്പോഴും ഒരുനുള്ളു
മധുരം അവശേഷിപ്പിക്കുന്ന  ജീവിതം എന്ന കടങ്കഥ.
അതെ ജീവിതത്തെ കടങ്കഥയെന്നു വിശേഷിപ്പിക്കാം എന്നെനിക്ക് തോന്നുന്നു.
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ മാത്രമാകുന്ന  ജീവിതം. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ ഞാനേറെ മുമ്പോട്ടു പോയിരിക്കുന്നു... ഇടക്കെപ്പോഴോ എന്റെ പാതയില്‍ പൂക്കളും ഉണ്ടായിരുന്നു . ജീവിതയാത്രയില്‍ ഞാന്‍ പെറുക്കിയെടുത്ത ഓരോ മുത്തുമണികളും എനിക്ക് പ്രിയപ്പെട്ടവയായിരുന്നു.. അവയെല്ലാം ജീവിതത്തിന്റെ പച്ചയായ നിറഭേതങ്ങള്‍ എനിക്ക് കാണിച്ചു തന്നു.. അവയിലെ ഒളിച്ചുവെച്ച കാക്കക്കറുപ്പിന്റെ കാപട്യം ഞാന്‍ തിരിച്ചറിഞ്ഞു. വര്‍ണ്ണങ്ങള്‍ വാരി വിതറിയ വഴിവക്കിലൂടെ ഓരോ കാലടി വെക്കുമ്പോഴും ഇനി വരാനിരിക്കുന്ന നിറഭേതങ്ങള്‍
എനിക്കജ്ഞാതമായിരുന്നു.. എങ്കിലും ഞാന്‍ പതറിയില്ല. മുമ്പിലെ പടികള്‍ ഓരോന്നായി ചവിട്ടിക്കയറി. ഇടറി വീഴാന്‍ തുടങ്ങുമ്പോള്‍ ഒരു താങ്ങിനായി ഞാന്‍ പരതി.
കൂര്‍ത്ത കല്ലുകളില്‍ തട്ടി കാലില്‍ ചോര പൊടിഞ്ഞിട്ടും, കുണ്ടിലും
കുഴിയിലും പലവട്ടം വീണിട്ടും ഞാന്‍ തോറ്റില്ല. പൊരുതുകയായിരുന്നു...
എന്നോടു തന്നെ... തോല്ക്കാന്‍ തയ്യാറല്ലായിരുന്നു.. മരുഭൂമിയിലെ കൊടുംചൂടില്‍
ഉള്ളു പൊള്ളുമ്പോഴും കുളിരുള്ള സ്വപ്‌നങ്ങളെ കെട്ടിപ്പിടിച്ച് ഓര്‍മ്മകളുടെ
ഭാണ്ഡത്തിലെ തുടിക്കുന്ന ഓര്‍മ്മകളെ താലോലിച്ച് ഞാന്‍ ഉറങ്ങി. എവിടെയും

തോല്‍ക്കരുതെന്ന് ആശിച്ചിട്ടും പലവുരു എന്നോടുതന്നെ പറഞ്ഞിട്ടും
എവിടെയൊക്കയോ ഞാന്‍ തോറ്റുപോയി.

തീജ്വാലകള്‍ക്കിടയിലൂടെ ജീവിതത്തിന്റെ മധ്യകാലത്തിലേക്കുള്ള യാത്രയില്‍ എനിക്ക്
എന്നെത്തന്നെ നഷ്ടമായി.  ജീവിതയാത്രയുടെ തുടക്കത്തില്‍ തിരിച്ചറിയാതെ പോയ
യാഥാര്‍ത്ഥ്യങ്ങളെ, ഞാന്‍ നെയ്ത എന്റെ നിറമുള്ള സ്വപ്‌നങ്ങളെ, യാത്രയുടെ ഓരോ
നിമിഷത്തിലും ഞാന്‍ പെറുക്കിയെടുത്ത മണിമുത്തുകളെ, ഓരോന്നായി  വഴിവക്കില്‍
വലിച്ചെറിഞ്ഞു. ജീവിതമെന്ന മഹാ പാഠപുസ്തകതില്‍നിന്നും മനസിലാക്കിയ
നെല്ലിക്കയുടെ കയ്പ്പും പുളിപ്പുമാര്‍ന്ന  ജീവിതമെന്ന യാത്രയില്‍ ഞാന്‍
തനിച്ചായി. ബാല്യത്തില്‍ ഞാന്‍ പഠിച്ച സഹനം എനിക്കെന്നും തുണയായി.ഏതു
പരിതഃസ്ഥിതിയിലും ഞാന്‍ അതിജീവനം ശീലമാക്കി.
പതറാതെ പടികള്‍ കയറുമ്പോഴും മുമ്പില്‍ ശൂന്യത നിറഞ്ഞുനിന്നു. എന്നെങ്കിലും
വിജയത്തിന്റെ കൊടുമുടിയില്‍ എനിക്കെത്താന്‍ കഴിയുമെന്ന് വെറുതെയെങ്കിലും
ആശ്വസിച്ചു. ഒടുവില്‍ മുകളിലെത്തപ്പെട്ടപ്പോള്‍ ഒരുസത്യം ഞാന്‍ തിരിച്ചറിഞ്ഞു.
യാത്രയുടെ തുടക്കത്തില്‍ എന്നെ പിന്തുടര്‍ന്ന വെളിച്ചം പാതിവഴിയിലെപ്പോഴോ
നിലച്ചുപോയെന്ന്..


ആരൊക്കയൊ എനിക്കൊപ്പൊം ഉണ്ടെന്ന തോന്നലിലൂടെ ആയിരുന്നു
എന്റെ യാത്ര. അതെന്റെ വെറും തോന്നല്‍ മാത്രമായിരുന്ന. ഞാന്‍
ഏകയായിരുന്നു. പരാജയങ്ങളുടെ ചതുപ്പുനിലത്തില് വീണ് തോല്ക്കാനെനിക്ക്
മനസ്സില്ലെന്ന് പറയുമ്പോഴും അസ്വസ്ഥമാകുന്ന  മനസ്.  തികച്ചും
ഏകയും, ദരിദ്രയും ആയപ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ കൊണ്ടു ഞാന്‍ സമ്പന്നയായി
.എന്റെ സ്വപ്നങ്ങള്‍ക്കിന്ന്  ജീവന്റെ തുടിപ്പില്ല. ഓര്‍മ്മകളുടെ
മാധുര്യവും ഇല്ല. ജീവിതമെന്ന നെല്ലിക്കയുടെ കൈപ്പുനീര്‍ മാത്രം.
സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ജീവനറ്റുപോയിരിക്കുന്നു. കയറിവന്ന
ഉയരത്തില്‍നിന്നും യാഥാര്‍ത്ഥ്യമെന്ന താഴ്ചയിലേക്ക്
ഉറ്റുനോക്കുകയാണ് ...ഞാനിപ്പോള് പാതാളത്തോളം ആഴമുള്ള ഗര്‍ത്തത്തിലേക്ക്
വീണുകൊണ്ടിരിക്കുന്നു.. കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപെട്ടിരിക്കുന്നു. അവിടം
ഇരുട്ടാണ് ..കൂരാക്കൂരിരുട്ട്. അര്‍ഹതപ്പെട്ട സ്‌നേഹവും ലാളനയും എന്റെ
പ്രതീക്ഷകള്‍ക്കൊപ്പം വളരാതെപോയപ്പോള്‍ നിരാശ എന്നില്‍ ഒരു അര്‍ബുദമായി പടര്‍ന്നു.
അതെ.... ഇതെന്‍ നിയോഗമാണിതെന്റ ജാതകം...
തിരുത്തപ്പെടാനാകാത്ത ജാതകം....

21 comments:

Echmukutty said...

വാക്കുകള്‍ വേദനിപ്പിക്കുന്നു..

ajith said...

തിരുത്തപ്പെടാമല്ലോ

Anonymous said...

thoovaanathumbikal

Anonymous said...

ആരൊക്കയൊ എനിക്കൊപ്പൊം ഉണ്ടെന്ന തോന്നലിലൂടെ ആയിരുന്നു
എന്റെ യാത്ര. അതെന്റെ വെറും തോന്നല്‍ മാത്രമായിരുന്ന

Unknown said...

ഒരു വെളിച്ചം എവിടെയോ ഉണ്ട് അണയാതെ.
ആശംസകൾ !

വിനുവേട്ടന്‍ said...

ഇത് ഒരു കഥ മാത്രമാണെന്ന് വിശ്വസിച്ചോട്ടെ...?

Unknown said...

ഇത്രയും പെസ്സിമിസ്റ്റിക് ആകരുതു. . പ്ലീസ്...ഇതു വായിക്കുന്നവരും അങ്ങനെ ആയിപ്പോകുന്നു. ജീവിതം നിനക്കൊരു ചൂളയായിരുന്നീടിൽ- ഭൂവിനാ വെളിച്ചത്താൽ വെണ്മ നീയുളവാക്കൂ....

ബൈജു മണിയങ്കാല said...

മനുഷ്യൻ എന്ന സൃഷ്ടി ഘടനാപരമായും ചിന്ത പരമായും ഒന്നാണ് ..അത് ഏകമാണ് ..ആ തിരിച്ചറിവിൽ നിന്നാണ് ദൈവം എന്ന കണ്ടുപിടിത്തം ഉരിത്തിരിഞ്ഞു വരുന്നത്
യുക്തി വാദത്തിനും അപ്പുറം നില്ക്കുന്ന യുക്തി തന്നെയാണ് ഇവിടെ ദൈവം.. മനുഷ്യൻ എന്ന സാമൂഹിക ജീവി സാമൂഹിക ജീവി എന്നുള്ള അർഥം അറിഞ്ഞു ജീവിച്ചിരുന്നെങ്കിൽ ദൈവം എന്ന കണ്ടു പിടിത്തം ഉണ്ടാകുമായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട് നല്ല കഥ എന്ന് ഒരു ഭംഗി വാക്കുകൂടി

jayaraj said...

വായിച്ചു കഴിഞ്ഞപ്പോ വല്ലാത്തൊരു വേദന മനസ്സില്‍ നിറയുന്നു. തനിയെ എന്ന തോന്നല്‍ വേണ്ട...ഒരു നിശബ്ദ സഹയാത്രികനായി കൂടെ കാണും.

ആശംസകൾ

http://pularveela.blogspot.in/

the man to walk with said...

ഇനിയും എത്ര ദൂരം ബാക്കിയുണ്ട് ?എത്ര ലക്ഷ്യങ്ങൾ ?
ചിന്തയാൽ തുഴഞ്ഞു നീങ്ങാൻ ഇനിയും എത്ര കാതം ?

ശ്രീ said...

തിരുത്തപ്പെടാത്തത് എന്നൊന്നും പറയാനാകില്ലെന്നേ...

നളിനകുമാരി said...

ഇത് എന്റെ മനസ്സാണ്.

Anonymous said...

അവനവനോട് തന്നെ കള്ളം പറയുന്ന ജീവിയാണ് മനുഷ്യന്‍ പിന്നെ എങ്ങനെയാണ് ഞാന്‍ നിന്നെ വിശ്വസിക്കുകാ

ഹാഷ് said...

അവനവനോട് തന്നെ കള്ളം പറയുന്ന പ്രത്യേക ജീവിയാണ് മനുഷ്യന്‍ പിന്നെ നിന്നെ ഞാന്‍ എങ്ങനെയാണ് വിശ്വസിക്കുക

Shahida Abdul Jaleel said...

വാക്കുകള്‍ വേദനിപ്പിക്കുന്നു....

പാവപ്പെട്ടവൻ said...

സ്‌നേഹവും ലാളനയും എന്റെ പ്രതീക്ഷകള്‍ക്കൊപ്പം വളരാതെപോയപ്പോള്‍ നിരാശ എന്നില്‍ ഒരു അര്‍ബുദമായി പടര്‍ന്നു. ..
നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നമുക്ക് നടന്നാൽ പിന്നെ ഈ ലോകത്ത് ഏറ്റവും വിലകുറഞ്ഞത് നമ്മളാകും. എപ്പോഴും ചുറ്റുപാടുകളിൽ നിന്നു വിപരീതങ്ങളെ നമ്മേതേടിവരുകയുള്ളു അതാണു യാഥാർത്ഥ്യം

ManzoorAluvila said...

പിടിവിട്ട പട്ടം പോലെ...മനസ്സ് ചഞ്ചലമാകുമ്പോൾ..നിരാശ പടരാതെ മൻസ്സിനു കരുത്ത് പകർന്ന് മുന്നോട്ട്..മുന്നോട്ട്...മുന്നിൽ തുറക്കനുള്ള വതിലുകൾ ഇനിയുമെത്രയോ... ആശംസകൾ !

നരിക്കുന്നൻ said...

തോല്‍ക്കരുതെന്ന് ആശിച്ചിട്ടും പലവുരു എന്നോടുതന്നെ പറഞ്ഞിട്ടും
എവിടെയൊക്കയോ ഞാന്‍ തോറ്റുപോയി.

ഇത് ഒരു കഥമാത്രമല്ലന്നറിയുമ്പോഴേ കത്തുന്ന അക്ഷരങ്ങളുടെ ചൂട് അറിയുകയുള്ളൂ... പൊരുതുകു... ഇനിയുമിനിയും വിജയത്തിനായി...

വീകെ said...

ഇതൊരു കഥ മാത്രം. ല്ലേ ലച്ചു...? അങ്ങനെ വിശ്വസിക്കാനാ ഇഷ്ടം.

lekshmi. lachu said...

ഒരുപാട് കാലങ്ങള്ക്കു ശേഷം ഇന്നാണ് ഞാൻ ഈ ബ്ളോഗ് തുറന്നത്.ഇവിടെ അഭിപ്രായം പറഞ്ഞു പോയ എല്ലാവര്ക്കും നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

വെറുതെ ജാതകത്തെ കുറ്റം പറഞ്ഞിരുന്ന് ജീവിതം പാഴാക്കി കളയരുത് കേട്ടൊ