Sunday, October 3, 2010
മൂടല്‍ മഞ്ഞു
മനസ്സൊരു ഓട്ടപാത്രമായി
ഒഴിഞ്ഞു കിടക്കുന്നു.
മൂടല്‍ മഞ്ഞുപൊതിഞ്ഞു
ഓര്‍മ്മകള്‍ അവ്യക്തം.
പഴയ വേദനകള്‍ മറക്കാന്‍
പുതിയവ അയവിറക്കുന്നു.
നിന്റെ വഴിയിലെ
വെളിച്ചമായി ഞാന്‍ മാറുമ്പോള്‍
എനിക്ക് ചുറ്റിലും
കട്ടപിടിച്ച ഇരുട്ടു..
Saturday, September 25, 2010
തേടുന്നതാരെ
ഇപ്പോളെനിക്കറിയാം മുൻപൊരിക്കൽ ചാറ്റിങ്ങിനിടയിൽ നീ പറഞ്ഞ ആ വാക്കുകളുടെ അർത്ഥം. ഓർമ്മയില്ലേ നിനക്ക്? അന്ന് ഒന്നും മനസ്സിലാവാതെ ഒരു ബുദ്ധൂസിനെ പോലെ മിഴിച്ചിരുന്ന എന്നെ നീ സ്മെയിലികളിലൂടെ ഒത്തിരി നേരം കളിയാക്കി. അതെ, മനസ്സിന്റെ കോണിലെവിടെയോ ഒരു നേർത്ത പാളികളാൽ മൂടപ്പെട്ടുകിടക്കുന്ന പലതും കാലമെത്രകഴിഞ്ഞാലും ഓർമ്മയുടെ മേച്ചിൻപുറങ്ങളിൽ ഉടമയില്ലാത്ത പശുക്കളെ പോലെ മേഞ്ഞു നടക്കും എന്ന് നീ പറഞ്ഞപ്പോൾ അയ്യോ അവന്റെ ഒടുക്കത്തെ ഫിലോസഫി എന്ന് പറഞ്ഞ് ഞാൻ ആർത്ത് കൂവിയത്. പക്ഷെ, ഇപ്പോൾ മനസ്സിലാവുന്നു നീ അന്ന് പറഞ്ഞതിന്റെ പൊരുൾ..
നിനക്കോർമ്മയുണ്ടോ എപ്പോഴാണ് നമ്മൾ പരസ്പരം കണ്ടുമുട്ടിയതെന്ന്? പരസ്പരം ആരെന്നോ എന്തെന്നോ അറിയാതെ നല്ല സുഹൃത്തുക്കളായി നമ്മൾ മാറിയപ്പോഴും ഒരിക്കലും ഞാൻ ഓർത്തില്ലല്ലോ എന്നെങ്കിലും ഒരിക്കൽ അപ്രത്യക്ഷമാവുന്ന വെറുമൊരു നക്ഷത്രമായി നീ മാറുമെന്ന്. ഇന്ന് ഞാൻ എന്റെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അതിൽ നിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് ഞാൻ അറിയുന്നു. അത് മുഴുവൻ നീ നൽക്കിയ സൗഹൃദത്തിന്റെ ശക്തിയിൽ നിന്നും മാത്രമായിരുന്നു.. നിന്റെ കൈ പിടിച്ചല്ലേ ഞാൻ പിച്ചവെച്ച് തുടങ്ങിയത്.. പക്ഷെ.. ഇന്ന്.. ഞാൻ നടക്കാറായപ്പോഴേക്കും നീ എവിടെയാണ് പോയ് ഒളിച്ചത്? ഇന്നിപ്പോൾ എനിക്ക് കിട്ടുന്ന ഈ അംഗീകാരങ്ങളേക്കാൾ, അനുമോദനങ്ങളേക്കാൾ ഞാൻ കൊതിച്ചത് നിന്റെ പ്രോത്സാഹനങ്ങളായിരുന്നു.. അല്ലെങ്കിൽ നിന്റെ അനുമോദനങ്ങളായിരുന്നു. പക്ഷെ, എവിടെയും നിറ്റ്നെ ഒരു കുറിപ്പും കണ്ടില്ലല്ലോ പ്രിയ സ്നേഹിതാ.. എന്റെ ഇപ്പോഴുള്ള ഈ കുത്തിക്കുറിക്കലുകൾ ഒരിക്കലെങ്കിലും നീ വായിച്ചു കാണുമോ? അച്ഛനായും സഹോദരനായും നീ എന്നെ ശാസിക്കുമ്പോഴും , ഇടക്ക് പറയാതെ പറയുന്ന വാക്കുകളിൽ ഒരു കള്ളകാമുകനാവുമ്പോഴും ഒരിക്കലും ഞാൻ അറിഞ്ഞിരുന്നില്ലല്ലോ തെളിഞ്ഞ് നിൽക്കുന്ന ഈ പച്ച വെളിച്ചം പ്രകാശം നഷ്ടപ്പെട്ട ഒരു ചിഹ്നം മാത്രമാവുമെന്ന്.
ജീവിതത്തിന്റെ കട്ടപിടിച്ച , ഇരുണ്ട മേച്ചിൽ പുറങ്ങളിലൂടെ നീ വീണ്ടും യാത്ര തുടർന്നപ്പോൾ തനിച്ചായി പോയത് ഈ ഞാനല്ലേ ! ചോര്‍ന്നു പോയത് എന്റെ ശക്തിയും ധൈര്യവുമല്ലേ!! ഈ കുറ്റാക്കൂറ്റിരുട്ടിലും നിന്റെ അവ്യക്തമായ കാലടിപാതകൾ പിൻതുടരാൻ ഞാൻ ശ്രമിച്ചെങ്കിലും ജീവിത പ്രാരാബ്ദങ്ങളുടെ ഈ ഘോരവനാന്തരങ്ങളിൽ എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ലല്ലോ.. ഇരുളിന്റെ അഗാധതയിൽ എവിടെയോ ഒളിച്ചിരിക്കുന്ന നിന്നെ തേടിപിടിക്കാൻ എന്റെ കാലുകൾക്ക് ഇന്ന് ശേഷിയില്ലാതായിരിക്കുന്നു. ഇന്ന് ഈ സൈബർ ലോകത്തിന്റെ വിസ്മയത്തിൽ ഒരിക്കലും കാണാത്ത പല കാഴ്ചകളും , നേടാനാവുമെന്ന് കരുതാതിരുന്ന നേട്ടങ്ങളും ലഭിച്ചപ്പോഴും എനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ലല്ലോ?? നിന്നിലൂടെ , നിന്റെ സൗഹൃദത്തിലൂടെ ഞാൻ നേടിയ പലതും ഇന്ന് നിന്റെ തിരോധാനം ഏൽപ്പിച്ച വിടവിൽ എനിക്ക് ഒന്നുമല്ലാതാകുന്നു. .
മനസ്സിൽ നിന്നും എത്ര ഡിലീറ്റ് ചെയ്താലും ഡിലീറ്റാവാത്ത ചിലതുണ്ടെന്ന് കാലം എന്നെ പഠിപ്പിച്ചല്ലോ.. അതോ നീയാണോ അതും എന്നെ പഠിപ്പിച്ചത്!!! നിന്റെ യാത്രയിൽ നീ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ പാതിവഴിയിൽ മുറിഞ്ഞ് പോയ നമ്മുടെ സൗഹൃദത്തിന്റെ നേർത്ത പട്ടുനൂലിഴകൾ.. ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ മുഖം ആൾക്കൂട്ടത്തിൽ എപ്പോഴെങ്കിലും തേടിയിട്ടുണ്ടോ നിന്റെ കണ്ണുകൾ... ഇല്ല , ഓർത്തിട്ടുണ്ടാകില്ല.. അങ്ങിനെ ഓർത്തിരുന്നെങ്കിൽ ഇന്നും നിന്റെ സന്തോഷത്തിലും ദു:ഖത്തിലും പ്രിയ സുഹൃത്തുക്കളിൽ ഒരാളായി ഞാനുണ്ടാവുമായിരുന്നു. പക്ഷെ,നീ എന്നെ ഓർക്കാറുണ്ടെന്ന് എന്റെ മനസ്സിനെ വിശ്വസിപ്പിക്കാൻ ഞാൻ വെറുതെ ശ്രമിക്കട്ടെ.. അങ്ങിനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. നിന്റെ ജീവിതത്തിലെ ലാഭങ്ങളും നഷ്ടങ്ങളൂം സന്തോഷങ്ങളും ദുഃഖങ്ങളും ഒപ്പം.. നിനക്ക് നഷ്ടമായ നിന്റെ പ്രണയത്തിന്റെ നോവും എല്ലാം എല്ലാം നീ പങ്ക് വെച്ചത് എന്നോടല്ലേ? ആ എന്നെ മറവിയുടെ ചവിറ്റുകൊട്ടയിലേക്ക് വലിച്ചെറിയാൻ നിനക്കാവുമോ? ഇല്ലെന്ന് തന്നെ ഇന്നും ഞാൻ വിശ്വസിക്കട്ടെ... നിനക്കയക്കുന്ന മെയിലുകൾ ബൗൺസാകുമ്പോൾ ഞാൻ എന്താണ് വിശ്വസിക്കേണ്ടത്?? നിന്റെ ജീവന്റെ തുടിപ്പുകൾ ഈ ഭൂമിയിൽ അവശേഷിക്കുന്നില്ലെന്നോ? അതോ, ജിവിതത്തിന്റെ നെട്ടോട്ടങ്ങളിൽ മെയിലുകൾ തുറക്കാനാവാതെ എല്ലാം ക്യാൻസലായി എന്നോ?? അതോ നിനച്ചിരിക്കാതെ ഉണ്ടായ അന്നത്തെ ആക്സിഡന്റിൽ ബുദ്ധിമാന്ദ്യം സംഭവിച്ച നിന്റെ മകനുവേണ്ടി നീ നിന്റെ ജിവിതം ഉഴിഞ്ഞുവച്ചുവേന്നോ??? അതല്ലാതെ നീ ജിവിച്ചിരിപ്പില്ലെന്നോ നിന്റെ മെയിൽ വിലാസം നീ എന്തിന്റെ പേരിലാണെങ്കിലും മാറ്റിയെന്നോ വിശ്വസിക്കാൻ ഞാൻ ഒരുക്കമല്ല..
എന്നെങ്കിലുമൊരിക്കൽ എന്റെ കുറിപ്പുകളിൽ നിന്റെ കൈയൊപ്പ് പതിയുന്നതും കാത്ത് ഞാൻ ഇരിക്കും എന്ന് നീ അറിയുക.. മറ്റൊന്നിനും അല്ല... ഈ ഭൂമിയിൽ നിന്നിലെ ജീവന്റെ തുടിപ്പ് ശേഷിക്കുന്നുണ്ടെന്നറിയാൻ.. അതിനു വേണ്ടി മാത്രം... ഞാനെന്ന വ്യക്തി അറിയപ്പെടാൻ , ഇങ്ങനെയൊക്കെ ആയിതീരാൻ ദൈവത്തിനെ നിയോഗമായിരുന്നോ നീ.. ഒരിക്കൽ ഒന്നുമല്ലാതിരുന്ന എന്നിലെ ചെറിയ കഴിവുകൾ വരെ കണ്ടെത്തിയ നിന്നോട് ഒരു നന്ദി വാക്കെങ്കിലും പറയാതെ പോകാൻ എനിക്കാവില്ല. അത്.. അത് ഇന്നെന്റെ ഏറ്റവും വലിയ മോഹമാണ്. അതിന് വേണ്ടി ഞാൻ ഇവിടെ ഈ സൈബർജാലകത്തിന്റെ നേർത്ത തിരശ്ശീലക്ക് പിന്നിൽ കണ്ണിമ ചിമ്മാതെ കാത്തിരിക്കും. അതിനു വേണ്ടി മാത്രം...എപ്പോഴെങ്കിലും ഒരു ചെറിയ പ്രകാശ വലയമായി വീണ്ടും എന്റെ മുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കാൻ നിനക്കാവില്ലെന്ന പ്രതീക്ഷ ഒരു നേർത്തവലയമായി എനിക്ക് ചുറ്റിലും നിറയുന്നു. സൗഹൃദത്തിന്റെ ആ നല്ല നാളുകളിൽ നീ ആരെന്ന് കണ്ടെത്താൻ കഴിയാതെ പോയ എനിക്ക് ഇപ്പോഴറിയാം നീ എനിക്ക് ആരായിരുന്നെന്ന്. ഞാൻ അത് മനസ്സിലാക്കുന്നു. . ഇപ്പോൾ ഞാൻ തേടുന്നതാരെയെന്ന് ഞാനറിയുന്നു.....
Saturday, September 18, 2010
മലയാളിയും സൌന്ദര്യവും
ഗള്‍ഫു മലയാളികളായ ഒട്ടേറെ പുരുഷന്മാര്‍ കഷണ്ടിയും,കുടവയറും ഉള്ളവരായി കണ്ടു വരുന്നു. കഷണ്ടിക്ക് കാരണം ഒരുപക്ഷെ ഇവിടുത്തെ കാലാവസ്ഥയാകാം,കുടവയര്‍ ഇവിടുത്തെ ഭക്ഷണ രീതികള്‍ കൊണ്ടും ആയിരിക്കാം.പത്തില്‍ എട്ടു ശതമാനം പുരുഷനും കഷണ്ടി ഉള്ളവര്‍ ആണെങ്കില്‍ അതില്‍ ഏഴു ശതമാനം പുരുഷനും ഗള്‍ഫ് ഗെയിറ്റ് (ARTIFICIAL HAIR FIXING )നെ ആശ്രയിച്ചു ജീവിക്കുന്നവരായിട്ടാണ് കണ്ടിട്ടുള്ളത്.എന്തുകൊണ്ടാണ് ഗള്‍ഫ് മലയാളികളായ പുരുഷന്‍മാര്‍ കൂടുതലായും ഗള്‍ഫ് ഗെയിറ്റ് പോലുള്ളവയെ ആശ്രയിച്ചു ജീവിക്കുന്നത് എന്നു ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട്....യൂറോപ്യന്‍സും,ഫിലിപ്പീന്‍സും,പോലുള്ള മറ്റു രാജ്യക്കാരായ പുരുഷന്മാര്‍ കഷണ്ടി ഒരു കോപ്ലെക്സു ആയി കണക്കാതെ കൊണ്ട് നടക്കുന്നതായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്.എന്നാല്‍ ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവരെ അപേക്ഷിച്ച് ഗള്‍ഫ് മലയാളി പുരുഷന്മാര്‍ കൂടുതലായും ഗള്‍ഫ് ഗെയിറ്റിനു സ്വന്തമാണ്. അതുവെച്ചു സ്വന്തം കഷണ്ടി മറക്കുന്നതിലൂടെ എന്താണ് പുരുഷന്‍ ഉദേശിക്കുന്നത് എന്നു എനിക്ക് മനസ്സിലാകുന്നില്ല.താന്‍ പ്രായം ആയില്ല ഇപ്പോഴും ചെറുപ്പം ആണ് എന്നു മറ്റുള്ളവരെ ബോദ്ദ്യപ്പെടുത്താന്‍ വേണ്ടി ആണോ ??തലയില്‍ ഒരു മുള്‍ക്കീരീടവും ചൂടി നടക്കുന്ന ഇവര്‍ അറിയുന്നില്ല അയാളുടെ യതാര്‍ത്ഥ വ്യക്തിതം ആണ് നഷ്ടപെടുത്തുന്നത് എന്ന്.ഭൂരിഭാഗം പേര്‍ക്കും വിഗ്ഗ് ബോര്‍ ആയി തോന്നുമെങ്കിലും,അപൂര്‍വ്വം ചിലര്‍ക്കൊകെ യോജിക്കാറുണ്ട് . തനതായ മുടിക്കുപകാരം മറ്റൊന്ന് അവിടെ സ്ഥാപിക്കപെടുമ്പോള്‍ സ്വാഭാവികമായും സാമാന്യബോധവും ,അറിവും ഉള്ളവര്‍ക്ക് ആ മുഖത്തെ വൈരൂപ്യം തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരും.. എന്താണ് ഇതിനു പിന്നില്‍ അവര്‍കാണുന്ന സൌന്ദര്യബോധം എന്നു എനിക്ക് മനസ്സിലാകുന്നില്ല.ഒരുവ്യക്തിയുടെ മനസ്സിലാണ് ചെറുപ്പം കാത്തുസൂക്ഷിക്കേണ്ടത് എന്നു ഞാന്‍ വിശ്വസിക്കുന്നു . ശരീര വ്യായമാത്തിലൂടെയും ഒരുപരിധിവരെ ചെറുപ്പം നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരാം.അത് പോലെതന്നെ അറുപതുകഴിഞ്ഞ സ്ത്രീയും ,പുരുഷനും എന്തിനുവേണ്ടിയാണ് മുടികറുപ്പിക്കുന്നത്?ഒരുപ്രായം കഴിഞ്ഞാല്‍ വാര്‍ദ്ധക്യം കടന്നു വരും .വാര്‍ദ്ധക്യം പിടികൂടിയ ശരീരത്തെ മറക്കുവാന്‍ കഴിയാതെ തലമുടി കറുപ്പിക്കുനതിലൂടെ എന്താണ് നേടുന്നത്?ഒരുവ്യക്തിയുടെ ചര്‍മ്മവും ,മുഖവും കണ്ടാല്‍ അറിയാം ഏറെക്കുറെ ആ വ്യക്തിയുടെ പ്രായം .പിന്നെ എന്തിനുവേണ്ടിയാണ് സ്ത്രീയും ,പുരുഷനും കരിതേച്ചു അയാം എ കോപ്ലാന്‍ ബോയ് (ഗേള്‍ )ആയി നടക്കുന്നത്? തികച്ചും ഇതൊരു അഭാസവും വൈരൂപ്യവും ആയിമാത്രമേ എനിക്ക് എന്റെ സൌന്ദര്യസങ്കല്‍പ്പത്തിലൂടെ ഇതിനെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. നാച്ച്വറല്‍ സൌന്ദര്യത്തിന്റെ അടുത്ത് ഈ വേഷംകെട്ടലുകള്‍ തികച്ചും ആരോചകരം എന്നു പറയാതെ വയ്യ.ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീ ആയാലും,പുരുഷന്‍ ആയാലും പ്രകൃതിയോടു സഹകരിക്കുന്നതാണ് അതിന്റെ മര്യാദ .ആ സൌന്ദര്യം മാര്‍ക്കറ്റില്‍ കിട്ടുന്ന ഒരു കരി ഓയലിനും മറികടക്കാന്‍ കഴിയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.ഇതൊക്കെ എന്റെ മാത്രം സൌന്ദര്യ സങ്കല്പം...
Tuesday, September 7, 2010
വാക്ക്
കൊരുത്തിടും ജീവിത മോഹസൗധങ്ങള്‍
ചീട്ടുകൊട്ടാരമായി പടുത്തുയര്‍ത്തി
ഒക്കയും തകര്‍ന്നടിയാന്‍
ഒരു വാക്കല്ലോ ധാരാളം .
ബ്ലോത്രം പത്രത്തില്‍ ജൂണ്‍ 27 വന്ന കവിത
Wednesday, August 4, 2010
മരണ ദൂത്
മരണത്തെ മുന്നില്‍ കാണുന്ന വ്യക്തിക്ക് പ്രിയപ്പെട്ടവരെ വേര്‍പിരിയുമ്പോള്‍ ഉണ്ടാകുന്ന വേദന പ്രവചനാതീതമാണ്...ഞാന്‍ സ്നേഹിച്ചവരെ ,എന്നെ സ്നേഹിച്ചവരെയൊക്കെ നഷ്ടപെടുത്താന്‍ പോവുകയല്ലേ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍. ആര്‍ക്കാണ് ഞാനെന്റെ അവസാന കുറിപ്പ് നല്‍കേണ്ടത്? പെറ്റുവളര്‍ത്തി വലുതാക്കിയ അമ്മക്കോ? അല്ല.അത് താങ്ങാനുള്ള കരുത്ത് അമ്മയുടെ മനസ്സിനില്ല...കൂടെപിറപ്പുകള്‍കോ ?വേണ്ട,അവരൊന്നും എനിക്ക് പ്രിയപ്പെട്ടവര്‍ ആയിരുന്നില്ലല്ലോ..പിന്നെയോ..എന്റെ ഭര്‍ത്താവിനോ..?ഹേ..!ഒരിക്കലും അല്ല...ജീവിച്ച കാലമത്രയും മുള്‍വാക്കുകളാല്‍ കുത്തിക്കീറി മുറിപ്പെടുത്തി ക്കൊണ്ടിരുന്ന അയാളോട് എനിക്കെന്തു പറയാന്‍ ഉണ്ട് ഇനി? ശാരീരിക പീഢനത്തിനേക്കാള്‍ വലിയ പീഢനം അല്ലെ അയാള്‍ എനിക്ക് നല്‍കിയിരുന്നത്. എന്റെ സുഹ്രദ്ബന്ധങ്ങളും, എന്റെ സൌന്ദര്യവും ആയിരുന്നില്ലേ അയാളുടെ ഉറക്കം കെടുത്തിയിരുന്നത്? എന്റെ സൌഹൃദങ്ങളില്‍ അയാള്‍ തേടികൊണ്ടിരുന്നത് എന്റെ കാമുകന്‍മാരെ ആയിരുന്നു..ഒരു കണക്കിന് അയാള്‍ ആഗ്രഹിക്കുന്നതും എന്റെ മരണം തന്നെയാകാം.പത്തിരുപതു വര്‍ഷം കൂടെ കഴിഞ്ഞിട്ടും,കഴുകന്‍ കണ്ണുകളും, ചെന്നായയുടെ കൂര്‍മ്മബുദ്ധിയും ഉള്ള അയാളുടെ മനസ്സറിയാന്‍ എനിക്ക് കഴിഞ്ഞില്ല .ഒരു പക്ഷെ അതെന്റെ പരാജയം ആകാം.അല്ലെങ്കില്‍ വികൃതമായി ചിന്തിക്കയും,പ്രവര്‍ത്തിക്കുകയും ,പറയുകയും ചെയ്യുന്ന ഒരാളുടെ കൂടെ ജീവിക്കാന്‍ എന്നെ പോലുള്ള ഒരുപാവം പെണ്ണിന് കഴിയുകയില്ലന്നു മനസ്സിലാക്കാന്‍ ഞാന്‍ ഏറെ വൈകി.ഒരു കണക്കിന് ഞാന്‍ എന്റെ മരണത്തിലൂടെ പ്രതികാരം ചെയ്യുന്നത് അയാളോട് അല്ലേ..?നിസ്സഹായയായ ഒരു പെണ്ണിന്റെ സ്ത്രീത്വത്തെ അപമാനിക്കുമ്പോള്‍ ,ഇറങ്ങി പോകാന്‍ മറ്റൊരു ഇടമില്ലാതെ നാലുച്ചുവരുകള്‍ക്കുള്ളില്‍ തളക്കപെടുന്ന ഒരു പെണ്ണിന് പിന്നെ എന്ത് ചെയ്യാന്‍ കഴിയും? കരഞ്ഞു തളര്‍ന്ന കണ്ണുകളില്‍ ഇനി കണ്ണുനീരില്ലാതായിരിക്കുന്നു.അയാളോട് പകവീട്ടാന്‍ എനിക്കെന്റെ ജീവന്‍ മാത്രമാണ് ഇന്ന് സ്വന്തം.നീറുന്ന മനസ്സിന്റെ വീര്‍പ്പുമുട്ടലില്‍ നിന്നും മനസ്സിനെ സ്വതന്ത്രമാക്കാന്‍ എന്റെ മുന്‍പില്‍ മരണം മാത്രം..
അപ്പോള്‍ ആര്‍ക്കുവേണ്ടി ആകണം എന്റെ ഈ കുറിപ്പ്.. എന്റെ മക്കള്‍ക്കോ..അല്ല..പാവം..അവര്‍ക്കറിയില്ലല്ലോ നീറുന്ന ഈ അമ്മയുടെ മനസ്സ്.. കഥ അറിയാതെ ആട്ടം കാണുകയല്ലേ അവര്‍ വളര്‍ന്നു വലുതാകുമ്പോ അവര്‍ അറിയണം ഈ അമ്മ ഒരു പാവം ആയിരുന്നെന്ന്...
പോലീസിനു വേണ്ടിയാകണോ ഈ കുറിപ്പ്? അല്ല..എന്റെ മരണത്തില്‍ ആരുമാരും കുറ്റക്കാരല്ല..ജീവിതം മടുത്തെന്നു തോന്നുന്നതുകൊണ്ട് ദൈവം എനിക്ക് നല്‍കിയ ആയുസ്സ് ഞാന്‍ തന്നെ വെട്ടികുറക്കുന്നു...അതില്‍ മറ്റാര്‍ക്കും പങ്കില്ല..എന്റെ സുഹൃത്തുക്കള്‍,അവരില്‍ ആര്‍ക്കാകണം എന്റെ അവസാന വരികള്‍ നല്‍കേണ്ടത്? എന്റെ ജീവിതം, എന്നെ മനസ്സിലാക്കിയ ഏതാനും നല്ല സൌഹൃദങ്ങള്‍.. അവരായിരുന്നു എന്റെ സന്തോഷം.. എന്റെ പ്രിയ കൂട്ടുകാരി നിനക്ക് മാത്രമാണ് എന്റെ അവസാനക്കുറിപ്പ് വായിക്കാനുള്ള അര്‍ഹത. നീ മാത്രമാണ് എന്റെ ദുഖത്തിലും, എന്റെ സന്തോഷത്തിലും കൂടെ നിന്നത് .... നീ അറിഞ്ഞപോലെ എന്റെ മനസ്സ് മറ്റാരും കണ്ടതില്ല. എന്റെ പ്രിയ ചങ്ങാതി.. ഞാനീ ലോകത്ത് ഒറ്റപെട്ടു പോകുന്നു.. ഞാന്‍ എന്നില്‍ സ്വയം ഒതുങ്ങുമ്പോ എന്റെ ഉള്ളം ഒരു തീഗോളമായി ആളി പടരുകയാണ്. ഞാന്‍ ഈ ജീവിതം കൊണ്ട് നേടിയത് ഒന്നുമാത്രം..എന്നെ സ്നേഹിച്ച കുറെ നല്ല സൌഹൃദങ്ങള്‍. എന്നിട്ടും ..ഞാന്‍ തനിച്ചാകുന്നു. എന്റെ തീരാവേദനകളില്‍ നിന്നും ഞാന്‍ ഒളിച്ചോടുകയാണ്. ആര്‍ക്കുമാര്‍ക്കും ഞാന്‍ ഒരു ശല്ല്യമാകാതെ ,ഒരു ബാധ്യത ആകാതെ.. പലപ്പോഴും ഞാന്‍ മരണത്തെ ക്കുറിച്ച് പരയുമ്പോഴൊക്കെയും എന്റെ മനസ്സിന് ശക്തി പകര്‍ന്നത് നിന്റെ വാക്കുകള്‍ ആയിരുന്നു. ഇന്നു ഞാന്‍ തീര്‍ത്തും നിസ്സഹായ ആയിരിക്കുന്നു..ജീവിതം ഇന്നെന്റെ മുന്‍പില്‍ ഒരു ചോദ്യചിഹ്നമാണ്.ഒരിക്കല്‍ എന്റെ മറ്റൊരു സുഹൃത്തിനോട് അത്മഹത്യയെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്നോട് പറഞ്ഞിരുന്നു, ഞാന്‍ ആത്മഹത്യ ചെയ്താല്‍ എന്നെ വെറുക്കും എന്ന്. ... ആ സുഹൃത്തിനോട് നീ പറയണം ജീവിതം വഴിമുട്ടിയപ്പോള്‍ ചെയ്തതാണെന്ന്... എന്നെ ഒരിക്കലും വെറുക്കരുതെന്ന് നീ പറയണം.. ഇല്ല എനിക്കറിയാം.. എന്നെ വെറുക്കാന്‍ എന്നെ സ്നേഹിച്ചവര്‍ക്കൊന്നും കഴിയില്ലെന്ന്.. അവരുടെ ഓര്‍മയില്‍ എനിക്ക് മരണം ഇല്ലെന്ന്....
എന്റെ കണ്ണില്‍ നിന്നും അവസാന തുള്ളി കണ്ണീരും വീണ് കഴിഞ്ഞു. പ്രിയ സ്നേഹിതേ, ഒരു പക്ഷെ ഈ കത്ത് ഇപ്പോള്‍ നിനക്ക് വായിക്കാന്‍ കഴിയുന്നില്ലായിരിക്കും. ആകെ നനഞ്ഞ് കുതിര്‍ന്ന്.. നിനക്കറിയോ, ഇതാ.. എന്നെയും കാത്ത് എന്റെ മുന്‍പില്‍ എന്റെ ഡസ്ക്കില്‍ ഇരിക്കയാണ് മരണം..ഞാന്‍ ഏറെനാളായി കാത്തിരുന്ന അനിവാര്യമായ എന്റെ മരണം ... ഇന്നു എന്റെ തൊട്ടടുത്ത് എത്തി കഴിഞ്ഞു. ഞാന്‍ ഒന്ന് കൈ എത്തിപിടിക്കുകയെ വേണ്ടൂ ..പിന്നെ ഞാനും ഈ ലോകത്ത് നിന്ന് മറയും..എന്നെ സ്നേഹിച്ചവര്‍ എന്നെ ഓര്‍ത്തു കണ്ണുനീര്‍ വാര്‍ക്കും ..ഒന്ന് ഫോണ്‍ ചെയ്ത് നിന്റെ സ്വരം കേള്‍ക്കണമെന്ന് ഉണ്ടായിരുന്നു എനിക്ക്.. പക്ഷെ കഴിയില്ല മോളേ.. നിന്റെ സ്വരം കേട്ടാല്‍ ഒരു പക്ഷെ ഞാന്‍ തളര്‍ന്ന് പോകും.. ഈ കത്ത് നിനക്ക് വരുമ്പോളേക്കും നീ ഒരു പക്ഷെ എന്റെ മരണ കര്‍മ്മങ്ങളില്‍ മൂകസാക്ഷിയായി .. കരഞ്ഞ് കലങ്ങിയ കണ്ണൂകളുമായി ഇരിക്കുകയാവും..നിനക്കറിയാല്ലോ... നാളെ എന്റെ ഇരുപതാം വിവാഹ വാര്‍ഷികം ആണെന്ന്... എന്റെ വിവാഹ സമ്മാനം ആണ് അയാള്‍ക്കിത്.. ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ നീ എന്റെ കൂടെപ്പിറപ്പായി ജനിക്കണേ എന്നാണ് എന്റെ ആഗ്രഹം. .
എന്റെ കാഴ്ച മങ്ങുകയാണ്.. കണ്ണില്‍ വെള്ളം നിറഞ്ഞിട്ടാണോ.. ഹേ അല്ല.. നീ അല്ലെ പറഞ്ഞത് എന്നോട് കരയരുതെന്ന്.. ഇല്ല ഞാന്‍ കരയുന്നില്ല.. എന്റെ ചുറ്റിലും എന്റെ ജീവരക്തം തളം കെട്ടിനില്‍ക്കുന്നു.. എന്റെ കൈകള്‍ തളരുകയാണ്.. മരണം എന്റെ തൊട്ടടുത്തെത്തി.. ഞാനിപ്പോള്‍ വീണു പിടയും.. അവസാന ശ്വാസം നീട്ടി വലിക്കട്ടെ ...ഈശ്വരാ... എന്നോട് പൊറുക്കേണ ...
ഇത് കഥയല്ല. മറിച്ച് മരണത്തെ മുന്നില്‍ വിളിച്ച് നിറുത്തി എന്റെ പ്രിയ കൂട്ടുകാരി എനിക്ക് എഴുതിയ ഒരു കത്താണ് മുകളില്‍ ഞാന്‍ പേസ്റ്റ് ചെയ്തത്..അവള്‍ മരിച്ചില്ല എന്ന സത്യം കൂടെ ഇവിടെ പറയട്ടെ. എനിക്ക് വേണ്ടി , ദൈവം അവിടെ മറ്റൊരാളുടെ രൂപത്തില്‍ അവതരിച്ചതാകാം. കൃത്യസമയത്ത് അവളെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ കഴിഞ്ഞത് കൊണ്ട് ഇപ്പോള്‍ അവള്‍ ജീവിതത്തോട് പൊരുതാന്‍ തീരുമാനിച്ചു. .എത്ര സന്തോഷവതിയായിരുന്നു അവള്‍ വിവാഹം വരെ.. ഒട്ടേറെ ക്കൂട്ടുകാരുമായി ഒരു പൂമ്പാറ്റയെ പോലെ ഞങ്ങള്‍ക്കിടയില്‍ പാറി നടന്നതാണ് അവള്‍..പക്ഷെ വിവാഹം അവളെ വല്ലാതെ മാറ്റി..എന്ത് കൊണ്ടോ അവള്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നോട് മാത്രമേ എന്തെങ്കിലും മനസ്സ് തുറന്നിരുന്നുള്ളൂ.. അവള്‍ എഴുതിയത് പോലെ ഭീകരമായിരുന്നു അവളുടെ അവസ്ഥ..!!! സമൂഹത്തിലെ മാന്യനായ മനുഷ്യന്‍.. എല്ലാവര്‍ക്കും സമ്മതന്‍.. പൊതുകാര്യ പ്രസക്തന്‍.. .. അവളുടെ കൂട്ടുകാര്‍ ആരെങ്കിലും അവളോട് ഒന്ന് സംസാരിച്ചാല്‍ ..അല്ലെങ്കില്‍ അവള്‍ക്ക് കൂട്ടുകാരുടെ ഫോണ്‍ വന്നാല്‍.. പിന്നെ ആ മനുഷ്യന്റെ മറ്റൊരു മുഖമായിരുന്നു. എന്നെ കൂടാതെ ആര്‍ക്കും ഇതൊന്നും അറിയില്ലായിരുന്നു. അവള്‍ ഈ കടുംകൈ ചെയ്യുന്നത് വരെ. പറയരുതെന്ന് എന്നെ അവള്‍ വിലക്കുകയും ചെയ്തിരുന്നു.എന്താ ഇവിടെ സ്ത്രീകള്‍ പുരുഷനുമായി കൂട്ടുകൂടിയാല്‍ തകര്‍ന്നു വീഴുമോ സദാചാരം..സത്യത്തില്‍ താലി പെണ്ണിന് ശാപമാകുന്നത് ഇങ്ങിനെയൊക്കെയാണോ?സ്വന്തം ഭാര്യയില്‍ വിശ്വാസമില്ലാത്ത ഇത്തരം ഭര്‍ത്താക്കന്മാരെ എന്താ ചെയ്യേണ്ടത്. ഇവരാണോ ശരിക്ക് ഭര്‍ത്താവ്? ഇന്ന് അവള്‍ക്കറിയാം.. അവളെ സ്നേഹിക്കാന്‍ ..അവളെ സ്വാന്തനിപ്പിക്കാന്‍ കുറേ നല്ല മനസ്സുകള്‍ ഉണ്ടേന്ന്. എനിക്ക് ഒന്നേ പറയാനുള്ളു.. ഇത്തരം പേപിടിച്ച ഭര്‍ത്താക്കന്മാരെ ചങ്ങലക്കിടുകയല്ലേ വേണ്ടത്. ചില സ്ഥലങ്ങളില്‍ ഇത് മറിച്ചും സംഭവിക്കുന്നുണ്ട്. സംശയ രോഗിയായ ഭാര്യ.. പാവം പിടിച്ച ഭര്‍ത്താവ്.. രണ്ടും ഒന്ന് തന്നെ. ഭാര്യ ഭർതൃ ബന്ധത്തില്‍ആദ്യം വേണ്ടത് പരസ്പര വിശ്വാസമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
മനുഷ്യന്‍ ആല്‍മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത് എപ്പോഴാണ്?ഈ ജീവിതത്തിനു ഒരു അര്‍ത്ഥവും ഇല്ലന്ന സ്വയം കണ്ടെത്തലുകള്‍ അവനെ അല്ലെങ്കില്‍ അവളെ ആല്‍മഹത്യയിലേക്ക് നയിക്കുന്നു.ജീവിതത്തിലെ പരാജയങ്ങള്‍ മനുഷ്യമനസ്സിനെ തളര്‍തുമ്പോ ജീവിതത്തില്‍
ഒറ്റപെട്ടു പോകുന്നു എന്ന് തോന്നുമ്പോള്‍ തന്റെതെന്നു പറഞ്ഞു നെഞ്ചോടു ചേര്‍ത്തുവെക്കാന്‍ ആരുമില്ലന്ന തോന്നല്‍ വരുമ്പോള്‍ അവന്‍ അവനിലേക്ക് ഉള്‍വലിയുന്നു.തെറ്റും ,ശെരിയും തിരിച്ചറിയാന്‍ കഴിയാതെ നീറി നീറി കഴിയുമ്പോള്‍ ദുഖത്തിന്റെ കാണാകയങ്ങളില്‍ ഊളിയിട്ടു മറയുന്ന മനസ്സിനെ രേക്ഷിക്കാന്‍
ചിലപ്പോ ഒരു ശക്തിക്കും കഴിയാതെവരുമ്പോള്‍ മനുഷ്യന്‍ എല്ലാ പാപ ഭാരവും ഇറക്കിവേക്കാന്‍ എളുപ്പം കണ്ടെത്തുന്ന മാര്‍ഗം ആണ് ആല്‍മഹത്യ..ഒരു പക്ഷെ ആല്‍മഹത്യയില്‍ അപയം തേടുന്ന മനസ്സിന് ധൈര്യവും രക്ഷയുംനല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ ഒരു നല്ല സുഹൃത്തിനു കഴിഞ്ഞെന്നു വരാം..ഒറ്റപെട്ടു പോകുന്ന സമയങ്ങളില്‍ ആരും ഇല്ലന്നു തോന്നുന്ന സമയങ്ങളില്‍ നിനക്ക് ഞാന്‍ ഉണ്ടെന്നു പറഞ്ഞു ആശ്വസിപ്പിക്കാന്‍ എല്ലാം പങ്കുവെക്കാന്‍ ഒരു ആത്മാർത്ഥസുഹൃത്തിനു കഴിഞ്ഞെന്നു വരാം..