Sunday, November 8, 2009

എന്റെ കുട്ട്യേട്ടൻ..

എന്റെ കുട്ടിക്കാലത്ത് അമ്മാമേടെ വീട്ടിലേക്കു പോക്വാ എന്ന് പറഞ്ഞാൽ എനിക്ക് വലിയ ഇഷ്ടായിരുന്നു. ഏതെങ്കിലും അവധിക്കാലത്താകും മിക്കവാറും യാത്ര. അമ്മേടെ വീട് ഒരു പുഴ കടന്നു വേണം പോകാന്‍. തോണിയിൽ കേറാന്‍ പേടിയാണെങ്കിലും വെള്ളത്തിലൂടെ അതങ്ങിനെ ഒഴുകി തുഴഞ്ഞു പോകുമ്പോള്‍ അമ്മേടെ അടുത്തൂന്ന് പതുക്കെ എഴുന്നേറ്റു അറ്റത്തു വന്നിരിക്കാന്‍ ബഹളം കൂട്ടും. അപ്പോ വെള്ളത്തില്‍ കൈ തൊടീക്കാലോ. മീനിനേം ഞണ്ടിനേം ഒക്കെ നല്ലോണം കാണുകയും ചെയ്യാം.



ചിലപ്പോ വേലി ഇറക്കം ആണെന്നുവെച്ചാല്‍ കുറെ ദൂരം പുഴയിലൂടെ നടക്കണം. അത് നല്ല രസാ.. വെള്ളം ഒക്കെ തട്ടി തെറിപ്പിച്ച് നടക്കാലോ.. തോണി കരക്കെത്തിക്കഴിഞ്ഞാൽ പിന്നെ വീടെത്താന്‍ കുറെ നടക്കണം. അതാ എനിക്കിഷ്ടം ഇല്ലാത്തെ. കുട്ട്യേട്ടന്‍ കോലായില്‍ തന്നെ ഇരിപ്പുണ്ടാകും. അതോർക്കുമ്പോൾ എന്റെ നടത്തത്തിനു വേഗം കൂടും. അമ്മേടെ മുന്‍പിലൂടെ ഞാൻ ഓടി ഓടി നടക്കും. എന്റെ ഓട്ടത്തിനിടയില്‍ അമ്മ വിളിച്ചോണ്ടിരിക്കും, ഓടല്ലേടീ മോളേയെന്നും പറഞ്ഞ്. പോകുന്ന വഴിക്കെല്ലാം തെങ്ങുംതോപ്പാണു. അതിനു നടുവിലൂടെ തോടുകള്‍ പോകുന്നുണ്ട്. ഇടക്ക്, തോട് കടക്കാനായി ചെറിയ പാലങ്ങളും, ചില സ്ഥലത്തു മരകഷ്ണങ്ങളും ആണ് ഇട്ടിട്ടുള്ളത്. മരത്തിനു മുകളിലൂടെ വളരെ സാഹസികമായി വേണം അപ്പുറത്തു എത്താന്‍. അതുകൊണ്ട് അവിടെ എത്തുമ്പോള്‍ ഞാന്‍ അമ്മയെ കാത്തു നില്‍ക്കും. തോടുകളിലെല്ലാം കയര്‍ പിരിക്കുവാനായി ചകിരി പൂഴ്ത്തി ഇട്ടിരിക്കും. വേലിയിറക്ക സമയമാണെങ്കിൽ തോടിന്റെ അരികിലെല്ലാം കുഞ്ഞു കുഞ്ഞു ഞണ്ടുകള്‍ വന്നു നിറയും. എന്റെ ഓട്ടത്തിനിടക്ക്‌ അവിടെ നിന്ന്, അതിനെ ഒക്കെ കല്ല് എടുത്തെറിയും.



വഴി അരികിലൂടെ നടന്നു പോകുമ്പോള്‍ അമ്മോയോട് എല്ലാരും ചോദിച്ചോണ്ടിരിക്കും. ബേബീടെ എളേകുട്ട്യാ ഇതു! ഇവള് വലുതായല്ലോ.. എന്നൊക്കെ. എനിക്കാച്ചാൽ വേഗം വീടെത്തിയാല്‍ മതീന്നാകും. മനസ്സില്‍ ദേഷ്യം കൊണ്ട് പിറുപിറുക്കും. അമ്മക്ക് മിണ്ടാണ്ടെ നടന്നൂടെ എന്നൊക്കെ. പ്രദേശത്തെ വലിയ തറവാട്ടു വീട്ടുകാരാ അമ്മേടെ വീട്ടുകാര്‍. അതോണ്ട് അമ്മേനെ എല്ലാര്‍ക്കും അറിയാം. അപ്പൊ മിണ്ടാണ്ടെ പോകാനും പറ്റില്ല്യാലോ.



വലിയ വീടാ അമ്മേടെ. കളപ്പുരയും,തൊഴുത്തും ഒക്കെ ഉള്ള ഒരു പഴയ ഇരുനില വീട്. വീടെത്താറാകുമ്പോള്‍ എന്റെ നടത്തത്തിന്റെ വേഗം കുറയും. ഞാന്‍ പതുക്കെ അമ്മേടെ സാരിതുമ്പില്‍ ഒളിക്കും. കാരണം കോലായില്‍ തന്നെ ചിലപ്പോ വല്യമ്മാവന്‍ ഇരിപ്പുണ്ടാകും. അമ്മക്ക് നാല് ആങ്ങളമാരാ. അതില്‍ മൂത്ത ആങ്ങളയാ തറവാട്ടില്‍ താമസിക്കണേ. വല്ല്യമാമക്ക് രണ്ടു കുട്ടികള്‍. മൂത്തത് തുളസി ഏടത്തി. രണ്ടാമത്തേത് ആണ് കുട്ട്യേട്ടന്‍. ശരിക്കും ഉള്ള പേര് ഹരി എന്നാ. ഞാന്‍ കുട്ട്യേട്ടന്‍ എന്ന് വിളിക്കും. എന്നേക്കാളും മൂന്നു വയസ്സിനു മൂത്തതാ കുട്ട്യേട്ടന്‍. വല്ല്യമ്മാമയെ എനിക്ക് പേടിയാ. നല്ല ആറടി പൊക്കവും, നീണ്ട മൂക്കും, തീഷ്ണമായ കണ്ണുകളും, ആരെയും വശീകരിക്കുന്ന ചിരിയുമാണ് വല്ല്യമാമയുടെ. മാമയെ എല്ലാര്‍ക്കും പേടിയാ. എന്നാല്‍ അമ്മായിടെ മുന്‍പില്‍ അമ്മാമ പൂച്ചയാ. വല്ലമ്മാമയെ എനിക്ക് പേടിയാ. വല്ല്യമ്മാമയ്ക്ക് എന്നെ കണ്ടാല്‍ ഒന്ന് മാത്രെ ചോദിക്കാന്‍ കാണൂ,എന്റെ പഠിപ്പിന്റെ കാര്യം. അതൊഴിച്ചു വേറെ എന്ത് ചോദിച്ചാലും റെഡിയായി ഉത്തരം കാണും. പിന്നെ അധികം ഒന്നും എന്നോട്‌ സംസാരിക്കില്യ. അമ്മയോട് സംസാരിക്കുന്നതിനിടക്ക് ഞാന്‍ പതുക്കെ വലിയും, കുട്ട്യേട്ടന്റെ മുറിയിലേക്ക്. കുട്ട്യേട്ടന്റെ മുറി മുകളില്‍ വടക്കേ മുറിയാ. തെക്കേ മുറി അമ്മാമേടെ. നടുക്ക്‌ തുളസി ഏടത്തീടെ.



തുളസി ഏടത്തീടെ മുറീല് കേറില്യ. മുറീലെ ഒന്നും തൊടാന്‍ സമ്മതിക്കില്യ. പിന്നെ എപ്പോ നോക്കിയാലും കണ്ണാടി നോക്കി കോപ്രായങ്ങള്‍ കാണിച്ചോണ്ടിരിക്കും ഏടത്തി. ഞാന്‍ എപ്പോഴും കുട്ട്യേട്ടന്റെ കൂടെ കാണൂ. താഴത്തെ വടക്കേ മുറി അമ്മമ്മയാ ഉപയോഗിക്കണേ. പിന്നെയും ഉണ്ട് രണ്ടു മുറി. ഞാന്‍ വന്നാല്‍ കുട്ട്യേട്ടനും ഞാനും അമ്മമ്മേടെ മുറീലാ കെടക്കാ. അമ്മമ്മേടെ മുറീല്‍ ഒരു പ്രത്യേക മണാ. തൈലത്തിന്റെ മണം ല്ലാ. ഒരു സുഖമുള്ള മണം. അതെന്തിന്റെ മണമാ എന്ന് പിന്നീട് ഒരിക്കല്‍ ഞാന്‍ അറിഞ്ഞൂ. ഒരു കൈതപ്പൂ അമ്മമ്മേടെ മരപ്പെട്ടികകത്തു സൂക്ഷിച്ചു വെച്ചിരുന്നു അതിന്റെ മണം ആയിരുന്നു അത്. ഇന്നും മണം എന്റെ മൂക്കില്‍ ഉള്ള പോലെ തോന്നുന്നു.
ഞാന്‍ എത്തി ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞാല്‍ ഞാനും കുട്ട്യേട്ടനും കൂടി നടക്കാന്‍ ഇറങ്ങും. തെക്കേല്‍ക്ക്. അത് അമ്മേടെ ചെറിയച്ചന്റെ വീടാ. തൊട്ടടുത്ത തന്നെയാ. അവിടെ പോയാല്‍ നല്ല മധുര പലഹാരങ്ങള്‍ എപ്പോഴും ഉണ്ടാകും. ഞാന്‍ എത്തി എന്നറിഞ്ഞാല്‍ അവിടെത്തെ അമ്മമ്മ എനിക്ക് കോഴിമുട്ട പുഴുങ്ങി എടുത്തു വെക്കും. എന്നിട്ട് പറയും ഇതു ബിന്ദൂനുള്ളതാ എന്ന്. ഞാന്‍ അമ്മേടെ വീട്ടില്‍ എല്ലാര്‍ക്കും ബിന്ദുവാ. എനിക്കാ പേരു ഇഷ്ടല്ല്യ. എന്നെ അച്ഛന്റെ വീട്ടില്‍ വിളിക്കണതു മോളൂട്ടീ എന്നാ. അതാ എനിക്കിഷ്ട്ടം. എല്ലാരെയും കണ്ടു വർത്താനം ഒക്കെ പറഞ്ഞു പതുക്കെ ഞങ്ങള്‍ പറമ്പിലേക്ക് നടക്കും. അവിടെ കുളിക്കുന്ന ഒരു വലിയ കുളം ഉണ്ട്. കുളത്തില്‍ നിറയെ മീനും ഉണ്ട്. കുളത്തിലെ വെള്ളത്തില്‍ ഒക്കെ കളിച്ചു ഞങ്ങള്‍ കുട്ട്യേട്ടന്റെ വീട്ടിലേക്ക് തിരിക്കും. പോകുന്ന വഴിക്ക് തെക്കേലെ പറമ്പില് ഒരു വലിയ ഞാവല്‍ മരം ഉണ്ട്. ഞാവല്‍ പൂക്കുന്ന കാലം ആണെങ്കില്‍ ഞാവല്‍ പൊട്ടിക്കാന്‍ കുട്ട്യേട്ടന്റെ സാഹസികമായ ഒരു മരം കയറ്റം ഉണ്ട്. എന്റെ മുന്‍പില്‍ വലിയ ആളാകണം അതാണ്‌ ലെക്ഷ്യം. കുട്ട്യേട്ടന്‍ മരത്തില്‍ കയറിയാല്‍ അടുത്ത പറമ്പിലെ മുക്കവമക്കള്‍ നിരന്നു നില്‍ക്കും. ഞാവല്‍ പഴം പെറുക്കാനായി. അവരെ എല്ലാം വെരട്ടി ഓടിക്കും കുട്ട്യേട്ടന്‍. ഞാവല്‍ പഴം കഴുകി അത് ഉപ്പിട്ട് വെയിലത്തു അല്പം നേരം വെച്ചു കൊണ്ടു വന്നു തരും. എന്ത് രസാ അത് തിന്നാന്‍. അതുപോലെ തന്നെ മാമേടെ വീട്ടിനു മുന്‍പില്‍ ഒരു അയിനി ചക്കമരം ഉണ്ട്. (ചക്കയുടെ ചെറുത്‌ ,ചെറിയ ചെറിയ കുരുക്കളായി കാണുന്നത്) മരം നില്‍ക്കുന്നതു പാമ്പിന്‍ കാവിലാണ്. അങ്ങോട്ട് പോകാന്‍ പേടിയാണ്. എന്നാലും അയിനിചക്ക ഉണ്ടാകുന്ന കാലം ആണെങ്കിൽ അപ്പുറത്തെ വീട്ടിലെ കോമന്റെ മകനെ വിളിച്ചു മരം കേറ്റിക്കും. അയിനിചക്ക നിലത്തു വീണാല്‍ അതു പിന്നെ തിന്നാന്‍ പറ്റില്ല്യ. നിലത്തു വീഴാതെ കിട്ടാനായി ഞാനും കുട്ട്യേട്ടനും കൂടി ഒരു മുണ്ട് വലിച്ചു പിടിച്ചു നില്ക്കും. പൊട്ടിച്ചു താഴേക്ക്‌ ഇട്ടു തരുമ്പോള്‍ പിടിക്കാനായി. തിന്നാലും,തിന്നാലും കൊതി തീരില്ല്യ.



അങ്ങിനെ എല്ലാ കറക്കവും കഴിഞു സന്ധ്യയാകും വീട്ടില്‍ എത്തുമ്പോഴേക്കും. പിന്നെ മേലുകഴുകി അമ്പലത്തില്‍ വിളക്ക് വെക്കണം. വീട്ടിന്റെ ഒരു ഭാഗത്ത് സുബ്രമണ്യസ്വാമീടെ ഒരു അമ്പലം ഉണ്ട്. കുട്യേട്ടനാണ് അവിടെത്തെ പൂജാരി. ചിലപ്പോ അമ്മമ്മയും വിളക്ക് വെക്കും. മേലുകഴുകി നാമം ജപിക്കലുണ്ട്. അതു ഒന്നു വേഗം കഴിഞ്ഞുകിട്ടാന്‍ വേഗത്തില്‍ ചൊല്ലി തീര്‍ക്കും. അതുകഴിഞ്ഞാല്‍ പിന്നെ ചോറുണ്ണാന്‍ വിളിക്കും വരെ ഞാനും കുട്ട്യേട്ടനും കൂടി മുകളില്‍ കളിച്ചോണ്ടിരിക്കും. ചിലപ്പോ നൂറാംകോല് ആണു കളിക്കുന്നതെങ്കില്‍ തുളസി ഏടത്തിയും കൂടും. ഓണത്തിനും,വിഷുനും ഒക്കെ ഉള്ള അവധിക്കാ ഞാന്‍ മിക്കവാറും വരണത്. ഞാന്‍ വരണവരെ എനിക്കായി ബാലരമയും,പൂമ്പാറ്റയും എടുത്തു വെച്ചിട്ടുണ്ടാകും കുട്ട്യേട്ടന്‍. പിന്നെ കുറെ ലോട്ടറി ടിക്കറ്റുകളും. അമ്മാമക്ക് എന്നും ലോട്ടറി എടുക്കണ സ്വഭാവം ഉണ്ട്. അപ്പൊ അതെല്ലാം കളയാണ്ടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടാകും. അതു ഞങ്ങള്‍ പൈസയായി ഉപയോഗിക്കും. പിന്നെ ചോറ് ഉണ്ണലൊക്കെ കഴിഞ്ഞാല്‍ ഉറങ്ങാനുള്ള നേരാകും. അമ്മമ്മേടെ അടുത്താ ഞങ്ങള്‍ രണ്ടാളും ഉറങ്ങാ. അമ്മമ്മ കൊറേ കഥകളൊക്കെ പറഞ്ഞു തരും. കഥ പറയാന്‍ തൊടങ്ങുമ്പൊഴേക്കും മിക്കവാറും ഞാന്‍ ഉറങ്ങീട്ടുണ്ടാകും.



ഞാന്‍ എണീക്കണതിനുമുന്പേ കുട്ട്യേട്ടന്‍ എണീററിട്ടുണ്ടാകും. എനിക്കുള്ള ഉമിക്കെരിയും ഈർക്കലും കൊണ്ടു എന്നെ കാത്തു കിണറ്റിന്‍ കരയില്‍ ഇരിപ്പുണ്ടാകും. കിണറ്റിന്‍ കരയിലെ പല്ലുതേപ്പ് കഴിയാന്‍ കുറെ നേരം എടുക്കും. കിണറിനു വെള്ളം കോരാന്‍ കപ്പി ഒന്നും ഇല്ല്യ. കയറിട്ടു വലിച്ചെടുക്കണം. ആഴം കുറവാണ് കിണറിനു. ഞാന്‍ വെള്ളം കോരാനായി വല്യേ ആളാകാന്‍ നോക്കും. എനിക്കാണെങ്കില് വെള്ളം കോരി വല്യേ പ്രാക്ടീസോന്നും ഇല്ല്യ. എന്നാലും വലിയ വീട്ടമ്മയാകാന്‍ ഞാന്‍ ശ്രമിക്കും. അവസാനം കരഞ്ഞു ബഹളം വെച്ചാകും പോകുക.



അമ്മായി ഉണ്ടാക്കുന്ന പലഹാരങ്ങൾക്കെല്ലാം നല്ല രുചിയാ. അതു തിന്നുമ്പോള് ഞാന്‍ വിചാരിക്കും കുട്ട്യേട്ടന് എന്ത് സുഖാ ഇവിടെ, നല്ല ഭക്ഷണം , നല്ല വീട് എല്ലാം നല്ലതാ ഇവിടെ . ഇതെല്ലാം എന്റെ വീട്ടിലും ഉണ്ടെങ്കിലും എനിക്കിഷ്ടം കുട്ട്യേട്ടന്റെ വീടാ. കുട്ട്യേട്ടന്റെ വീട്ടില് നാല് കുളങ്ങള്‍ ഉണ്ട്. ഒരു കുളം അമ്പലത്തിലെ ആവശ്യങ്ങൾക്കു മാത്രേ ഉപയോഗിക്കൂ. ഒന്ന്‍ കുളിക്കാന്‍, ഒന്ന്‍ ഓലമെടയാന്‍ ഉള്ള ഓലകള്‍ ഇടാന്‍ ഉള്ളതാ, പിന്നെ ഒന്ന്‍ അലക്കാന്‍ ഉള്ളത്‌. അമ്പല കുളത്തില് കുറെ മീന്‍ ഉണ്ട്. കുളിക്കാന്‍ പോകുന്നതിനുമുമ്പ് അമ്പലക്കുളത്തില്‍ ഇറങ്ങി തോര്‍ത്തു മുണ്ട് പിടിച്ചു ഞങ്ങള്‍ മീന്‍ പിടിക്കും. എന്നിട്ട് കുപ്പീലാക്കും. അതൊക്കെ കഴിഞ്ഞു പിന്നെം കുളിക്കാന്‍ പോകും. എന്റെ വീട്ടിലും ഉണ്ട് രണ്ടു കുളം. ഒരെണ്ണം മാത്രെ ഉപയോഗിക്കുണുളളൂ . കുളത്തില് ഒറ്റയ്ക്ക് പോകാനൊന്നും പറ്റില്ല്യ. നല്ല ആഴം ഉണ്ട്. ഞാന്‍ നീന്തൽ പഠിക്കണത് കുട്ട്യേട്ടന്റെ വീട്ടിന്നാ. കുട്ട്യേട്ടനാ എന്നെ നീന്തല് പഠിപ്പിക്കണേ. തേങ്ങെടെ മുപ്പിളി കെട്ടി (പെടു തേങ്ങ ) അതില് കിടത്തി കുറെ ദൂരം കൊണ്ട് പോകും. ഒരൂസം മുപ്പിളീന്നു വഴുതി മാറി. മുങ്ങി താഴാന്‍ തൊടങ്ങിയപ്പോഴേക്കും കുട്ട്യേട്ടന്‍ വന്നെന്നെ പൊക്കി എടുത്തു. അന്ന് ഞാന്‍ കുറെ വെള്ളം കുടിച്ചു. ഞാനും ,കുട്ട്യേട്ടനും ശെരിക്കും പേടിച്ചു അന്ന്. അന്നാ എന്റെ ഓര്‍മ്മയില് കുട്ട്യേട്ടന്റെ ആദ്യത്തെ ഉമ്മ എനിക്ക് കിട്ടണേ. ഞാന്‍ പേടിച്ച് കരഞ്ഞപ്പോള്‍ കുട്ട്യേട്ടന്റെ കവിളിലൂടെയും കണ്ണുനീര്‍ ഒഴുകി. ഞാന്‍ നഷ്ടപ്പെടണത് ഒരു നിമിഷം ഓര്‍ത്തിരിക്കണം. അന്നെന്നെ നെഞ്ചോടു ചേര്‍ത്തു കെട്ടിപിടിച്ച് ഉമ്മ വെച്ചു . നെറുകയിലും,കവിളിലും. അപ്പോള്‍ എന്റെ കരച്ചിലും താനെ നിന്നത് ഞാന്‍ ഇന്നും ഓർക്കണുണ്ട്. ഞാന്‍ ഒരു നിമിഷം അന്ധാളിച്ചു പോയി. കണ്ണുനീര്‍ തുടച്ചു കൊണ്ട് ഞാന്‍ ഏങ്ങി ഏങ്ങി പറഞ്ഞു , എനിക്കൊന്നും ഇല്ല്യാന്നു . അതിന് ശേഷം പേടി ആയിരുന്നു നീന്താന്‍. അവസാനം നിര്‍ബന്ധിച്ചു പഠിപ്പിച്ചു. ഒരവധിക്ക് ഞാന്‍ അമ്മമ്മേടെ വീട്ടില്‍ വന്നപ്പോളാണ് അത് സംഭവിച്ചത്. കുട്ട്യേട്ടന്റെ പറമ്പിലൂടെ ഒരു ലൈന്‍ കമ്പി പോകണുണ്ട്. അതിന്റെ തൊട്ടടുത്തായി ഒരു മാവുണ്ട്. മാവിന്റെ കൊമ്പ് ലൈനില്‍ തൊട്ടാണ് ഇരിക്കണേ. എന്റെ മുമ്പില് വല്ല്യേ ആളാകാന്‍ വേണ്ടി കൊമ്പില്‍ ഇരുന്നു സര്‍ക്കസ്സ് കാട്ടും. ഒരൂസം അഭ്യാസത്തിന് എടേല് കൈ അറിയാതെ ലൈനില്‍ കൊണ്ടതും" ട്ടെയ് " എന്ന ശബ്ദത്തോടെ മരകൊമ്പില്‍ നിന്ന് ബോധം കെട്ട് വീണു. താഴെ നിന്ന എന്റെ അലര്‍ച്ച കെട്ട് അമ്മയും,അമ്മാമയും എല്ലാരും ഓടി വന്നു. അമ്മാമ ഒരു മരകമ്പ് എടുത്തു അടിച്ചു . എന്തോ ഈശ്വരാധീനം കൊണ്ടു ജീവന്‍ തിരിച്ചു കിട്ടി. അപ്പോ തന്നെ ആശുപത്രീല് കൊണ്ടുപോയി. അന്ന് എല്ലാരും നന്നായി പേടിച്ചു. ബോധം വന്നപ്പോ എന്നെ നോക്കി ചിരിച്ചപ്പോ എനിക്ക് കരച്ചിലാ വന്നത്. എന്റെ കരച്ചില് കണ്ടു എല്ലാരും എന്നെ കളിയാക്കി. നിന്റെ കുട്ട്യേട്ടന്‍ നിനക്കു ഉള്ളതാ ... അതാ അവന് ഒന്നും പറ്റാഞ്ഞേ ന്നും പറഞ്ഞു ...
എല്ലാരും അങ്ങിന്യാ പറഞ്ഞീർന്നത്. അത് കേള്‍ക്കുമ്പോ ഞാന്‍ നാണം കൊണ്ട് ഓടി മറയും. അപ്പോ കുട്ട്യേട്ടന്‍ എന്നേ നോക്കി ചിരിക്കും.



ഓരോ അവധിക്കാലം കഴിഞ്ഞു തിരിച്ചു പോകുമ്പോളും മനസ്സു വല്ലാതെ പിടയും. വല്ലാത്ത ഒരു വേദന നെഞ്ചില്‍ പടരും. മനസ്സില്‍ ആരാധിച്ചു പൂജിച്ചു വെക്കുന്നവര്‍ കുറച്ചു കാലത്തേക്ക് പോലും നമ്മളില്‍ നിന്നകലുമ്പോൾ, മാറി നില്‍ക്കുമ്പോള്‍ ഏതൊരാള്‍ക്കും നെഞ്ച് അറിയാതെ തേങ്ങിപ്പോകും. ഇനി അടുത്ത അവധിക്കാലം വരും വരെ കാണില്ല്യ. അതൊന്നു വേഗം ആകണേ എന്ന് പ്രാര്‍ത്ഥിക്കും.
ഞാന്‍ തിരിച്ചു, അമ്മേടെ കയ്യും പിടിച്ചു പതുക്കേ തിരിഞ്ഞു നോക്കി, തിരിഞ്ഞു നോക്കി ടാറ്റ കാട്ടി, ടാറ്റ കാട്ടി നടന്നകലണതും നോക്കി കുട്ട്യേട്ടനും, അമ്മമ്മയും നില്ക്കും. ഞങ്ങള്‍ കണ്ണില്‍ നിന്നും മായും വരെ കുട്ട്യേട്ടന്‍ ടാറ്റ കാണിക്കും.


പിന്നീട് മുതിർന്നപ്പോള്‍ കുട്ട്യേട്ടന്‍ പഠിക്കാനായി ബാംഗുളൂരിലേക്ക് പോയി. പിന്നെ പിന്നെ എവിടെയൊക്കയോ കുട്ട്യേട്ടന് എന്നോടുള്ള ഇഷ്ടത്തിന് മങ്ങലേറ്റു. കുറെ കാലം കഴിഞ്ഞപ്പോള്‍ ആരോ പറേണതു കേട്ടു, കുട്ട്യേട്ടന്‍ കൂടെ പഠിക്കണ ഒരു കുട്ടി‌മായി അടുപ്പത്തിലാണെന്നു. കേട്ടപ്പോള്‍ എല്ലാം അസത്യം ആകണേ എന്ന് പ്രാർത്ഥിച്ചു. എന്റെ കുട്ട്യേട്ടന് എന്നെ മറക്കാന്‍ ആകില്ല്യാ എന്ന എന്റെ തോന്നലുകള്‍ വെറുതെ ആയിരുന്നു. കാലം മനുഷ്യരില്‍ മാറ്റങ്ങള്‍ തീര്‍ത്തത് ഞാന്‍ നീറുന്ന വേദനയോടെ തിരിച്ചറിഞ്ഞു. വീട്ടിലെ എല്ലാവരുടെയും എതിര്‍പ്പ് വകവെക്കാതെ കുട്ട്യേട്ടന്‍ കുട്ടിയെ രജിസ്റ്റര്‍ കല്യാണം കഴിച്ചു. അതോടെ കുട്ട്യേട്ടന്‍ കുട്ട്യേട്ടന്റെ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് കുറെ കാലങ്ങള്‍ക്ക് ശേഷം വല്യമ്മാമ മരിച്ചെന്നു കേട്ടപ്പോള്‍ അവര്‍ വന്നു. കുട്ട്യേട്ടനും,ഭാര്യയും,ഒരു മോനും. കുട്ട്യേട്ടന്റെ ഭാര്യാ ഒരു സുന്ദരി തന്നെ ആയിരുന്നു. എന്നെക്കാളും കുട്ട്യേട്ടന് യോജിച്ചവള്‍ തന്നെ.. ആരെയും ആകര്‍ഷിക്കുന്ന കണ്ണുകളും,ധാരാളം മുടിയും,നല്ല സംസാരവും. ആർക്കും ഇഷ്ടം തോന്നുന്ന പ്രകൃതം. എല്ലാം കൊണ്ടും കുട്ട്യേട്ടന് യോജിച്ചവൾ. കുട്ട്യേട്ടന്‍ ആളാകെ മാറീരിക്കുണു. കുറച്ചു തടിച്ചിരിക്കുണു. എന്നോട്‌ സംസാരിക്കാതിരിക്കാനും, തനിച്ച് കണ്ടുമുട്ടുണത് ഒഴിവാക്കാനും കുട്ട്യേട്ടന്‍ പ്രത്യേകം ശ്രദ്ധിച്ചു. മനസ്സില്‍ ഒരുപാട്‌ വേദനകൾ‍, നീറുന്ന ഓര്‍മ്മകള്‍ ബാക്കി വെച്ചു എന്റെ കുട്ട്യേട്ടന്‍ എന്നോ എന്നില്‍ നിന്നും അകന്നതല്ലേ.. പിന്നെ എന്തിന് വിഷമിക്കുന്നു എന്ന് സ്വയം ചോദിച്ചെങ്കിലും, എനിക്കായി സ്നേഹം നിറഞ്ഞ ഒരു നോട്ടം എങ്കിലും ലഭിക്കാന്‍ കൊതിച്ചു.. കാരണം ഇന്നും എന്റെ ഉള്ളില്‍ കുട്ട്യേട്ടന്‍ നിറഞ്ഞു നില്‍ക്കുന്നു.. ഒരിക്കലും മായാത്ത ഒരായിരം കിനാക്കളും ബാക്കി വെച്ചു...

30 comments:

Unknown said...

അതിഭാവുകത്വമില്ലാതെ അനായാസമായി ബാല്യകാല സ്മരണകള്‍ പുനരാവിഷ്ക്കരിച്ചത് നന്നായിട്ടുണ്ട്. മാതൃഭൂമി ബ്ലോഗനയിലേക്ക് ലിങ്ക് അയച്ചുകൊടുക്കുക. വിലാസം: mblogana@gmail.com

ആശംസകളോടെ,

Thus Testing said...

വളരെ നിഷ്കളങ്കമായ അവതരണരീതി. ബാല്യകാലം ആവശ്യത്തിന് മാത്രം നിറം കലര്‍ത്തി എന്നാല്‍ ഒട്ടും അമിതമാവാതെ വളരെ നന്നായി വരച്ച് വെച്ചിരിക്കുന്നു. ആശംസകള്‍.

SUNIL V S സുനിൽ വി എസ്‌ said...

വേദനയുടെ മധുരമുള്ള അനുഭവം.
ഇത്‌ ലച്ചുവിന്റെ കാണാതെ പോയ ഹൃദയം..!

ആശംസകൾ..!

വീകെ said...

എന്നാലും ന്റെ മോളൂട്ടി....
ശ്ശി സങ്കടായീട്ടൊ...!!

അസ്സലായിരിക്ക്ണു ഓർമ്മകൾ...
ആ കാലത്തേക്ക് തിരിച്ചു പോകാൻ മോഹോണ്ട് ല്യേ..

ഭാവുകങ്ങൾ..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വളരെ മെച്ചപ്പെട്ട എഴുത്ത്..

വായനാ സുഖം, എല്ലാമുണ്ട്.

ഇതൊക്കെ കയ്യില്‍വെച്ചിരികുകയായിരുന്നു അല്ലേ? .. :)
പറ്റിച്ചല്ലോ..


ആശംസകള്‍.

ഉപാസന || Upasana said...

gadyam ezhuthumpol vaaymozhi ozhivaakkunnathallE nallathe???

subject nice.

iyaaLkke veRe kuttEttane kittiyillE, ;-)

Upasana

രശ്മി മേനോന്‍ said...

നന്നായിട്ടുണ്ട് .....
എന്റെ എല്ലാ ആശംസകളും നേരുന്നു
:)

പാവപ്പെട്ടവൻ said...

മനോഹരമായ പുഴപ്പോലെ അത് ഒഴുകുന്നു സ്നേഹമായി........
ഓര്‍മ്മയുടെ മച്ചിന്‍പ്പുറങ്ങളില്‍ മധുരം...
ആശംസകള്‍

Manoraj said...

anayasamaya ezhuthu... evideyo M.Tude oru touch.. oru pakshe, aa nattu varthamanagalakam...enthayalum abhinandanagal...

ശ്രീ said...

നല്ല അവതരണം. ഒഴുക്കോടെ തന്നെ എഴുതിയിരിയ്ക്കുന്നു. ബാല്യകാലത്തെ കുറേ ഓര്‍മ്മകള്‍ തിരികെ കൊണ്ടു വന്നു...

lekshmi. lachu said...

എന്റെ ബ്ലോഗ്ഗ്‌ സന്ദര്‍ശിച്ചു കമന്റ്‌ എഴുതിയ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ നന്ദി .തുടര്‍ന്നും വായിക്കയും വിമര്‍ശനങളും,പ്രോത്സാഹനവും നല്‍കുമെന്ന് കരുതുന്നു.നന്ദി ഏവര്‍ക്കും...

വിനുവേട്ടന്‍ said...

ഒരിക്കലും തിരിച്ചു വരാത്ത ബാല്യത്തിന്റെ ഓര്‍മ്മകള്‍... എത്ര പെട്ടെന്നാണ്‌ കാലം പറന്ന് പോകുന്നത്‌...

Unknown said...

Nannayi ezhuthiyirikkunnu, Ella bhavukangalum.Iniyum nalla nalla srushtikalkkayi kaathirikkunnu.

Ezhuthukalellam manoharam.Aaru vaayichaalum athu avarude anubhavangal ennu thonnippovum.Othiri ishtamaayi

വിരോധാഭാസന്‍ said...

നന്നായിരിക്കുന്നു..ഭാവുകങ്ങള്‍

Unknown said...

nalla rasam und...eniyum ezhuthuka..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഹ്ര്‌ദയസ്പർശിയായ അനുഭവാ‍ഖ്യാനം. അതിമനോഹരമായിരിക്കുന്നു.

ആത്മദുഃഖത്തിന്റെ മൌനനൊമ്പരങ്ങൾ..
ഉള്ളിലൊരു വിങ്ങലോടെയാണ് വായിച്ചവസാ‍നിപ്പിച്ചത്...

Unknown said...

hrudaya sparsi ayittund....nalla avatharanam....

Unknown said...

well done...simple language nd beautiful too

ഹംസ said...

കുട്ടിക്കാലത്തെ ഓര്‍മകള്‍ വളരെ രസകരമായി പറഞ്ഞിരിക്കുന്നു. ! വിവരണം കേമമായതിനാല്‍ കണ്ണില്‍ കാണുമ്പോലെയുള്ള സുഖം ഒരു സിനിമ കാണും പോലെ.!

Vayady said...

ലച്ചു...ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. ഇതെഴുതിയ ലച്ചുവിന്‌ വിദൂര ഹസ്തം. അത്രയ്ക്കും മനസ്സില്‍ തട്ടി. കാരണം ഇതൊരു കഥയായിരുന്നില്ല. ഇത് ലച്ചുവിന്റെ മനസ്സായിരുന്നു. ആ മനസ്സ് എനിക്ക് കാണാനാവുന്നുണ്ട്.

ടൗണില്‍ ജനിച്ചു വളര്‍ന്ന എന്നെ ഗ്രാമം എന്നും കൊതിപ്പിക്കാറുണ്ട്. ഗ്രാമത്തേയും അവിടത്തെ നിഷ്ങ്കളങ്കരായ ആളുകളേയും നന്നായി വിവരിച്ചിരിക്കുന്നു.
അഭിനന്ദനം.

കുട്ടന്‍ said...

ലളിതമായ അവതരണം !!!!!!!!!!!
അസ്സലായിരിക്കുന്നു ട്ടോ ...എന്നും ഓര്‍ക്കാന്‍ ഇഷ്ട പെടുന്ന , ഒരു പാട് നല്ല മൂഹുര്ത്തങ്ങള്‍ തന്ന കുട്ടികാലം , അതിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ , ഒരു സുഖം തന്നെ ആണ് ട്ടോ.........

Mohamedkutty മുഹമ്മദുകുട്ടി said...

ന്നാലും മോളുട്ടി ഇപ്പഴും കുട്ടേട്ടനെ ഓര്‍ക്കുന്നല്ലോ!.വിവരണം വളരെ നന്നായി.ആശംസകള്‍!

Muralee Mukundan , ബിലാത്തിപട്ടണം said...

എന്റെ എച്ചുക്കാളി,എത്ര നിർമ്മലമായാണ് നീ കടിഞ്ഞൂൽ പ്രണയകഥയിലെ മുറച്ചെറുക്കനായ കുട്ട്യേട്ടനുമൊത്തുള്ള ബാല്യകാലസ്മരണകൾ അയവിറ്ക്കിയിരിക്കുന്നത്
ശരിക്കും മനസ്സുകൊണ്ടെഴുതിയ ഒരു കവിത തന്നെയാണിത് കേട്ടൊ..
അഭിനന്ദനങ്ങൾ....

അലി said...

ഒരിക്കലും നിറം‌മങ്ങാത്ത ബാല്യസ്മരണകളെ ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറഞ്ഞത് ഹൃദ്യമായ ഒരനുഭവമായി.

നന്ദി ലെച്ചു,
ഈ ഓർമ്മകളുടെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിന്.

Ashly said...

touching !!!!!!!nalla ezuthu, ttaa.

Bijith :|: ബിജിത്‌ said...

മനസ്സില്‍ ആരാധിച്ചു പൂജിച്ചു വെക്കുന്നവര്‍ കുറച്ചു കാലത്തേക്ക് പോലും നമ്മളില്‍ നിന്നകലുമ്പോൾ, മാറി നില്‍ക്കുമ്പോള്‍ ഏതൊരാള്‍ക്കും നെഞ്ച് അറിയാതെ തേങ്ങിപ്പോകും

pournami said...

lechu...lechu orupadu sneham agrahikkundu alle ippolum.good one

Unknown said...

lachu...കുട്ടിക്കാലതുണ്ടായ ഈ കഥ എനിക്ക് നാന്നായി ഇഷ്ടമായി .എന്നും ഓര്‍ക്കാന്‍ ഇഷ്ടപെടുന്ന ഇത്തരം കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു . എന്റ്റെ ഹൃദയം നിറഞ്ഞ ആശംസകള്‍

A said...

ഈ പോസ്റ്റ്‌ ഞാന്‍ മുന്‍പ് വായിച്ചതാ. എന്താ ഞാന്‍ കമന്ടിടാതിരുന്നത് ഈ മനോഹരമായ പോസ്റ്റിനു എന്നാണ് ഇപ്പൊ ആലോചിക്കുന്നത്

രമേശ്‌ അരൂര്‍ said...

വളരെ കാലത്തിനു ശേഷം ഒരിക്കല്‍ കൂടി വായിച്ചു ..അന്ന് കമന്റു എഴുതിയിരുന്നില്ല..ബാല്യകാല സഖാവിനെ നഷ്ടപ്പെട്ട നൊമ്പരം കലര്‍പ്പില്ലാതെ പകര്‍ത്തി..ഈ തുറന്നെഴുത്തിനു അഭിനന്ദനങ്ങള്‍ ..