നബീസു ഇപ്പോ നല്ല തിരക്കിലാണ്...പാട്ട് പഠിത്തവും പിന്നെ റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാര്യം നാടായ നാടൊക്കെ, എന്നുവെച്ചാ വള്ളീലും ,പുള്ളീലും ഒക്കെ ഉള്ള ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ തേടി പിടിച്ച് എല്ലാവരെയും അറിയിക്കുന്ന തിരക്കിലാണ്. ഫോണ്‍ താഴെവെക്കാന്‍ നേരം ഇല്ല..ആകെ ബഹളം.. ഈ നബീസു ആരെന്ന് അറിയണ്ടേ..എന്റെ അയല്പക്കക്കാരിയാ.. രണ്ടു വീടിനപ്പുറത്താണ് നബീസുവിന്റെ മണിമാളിക.കുറ്റം പറയരുതല്ലോ, ഇത്രേം തങ്കപെട്ട സ്വഭാവം ഉള്ള ഒരാള്‍ ആ പരിസരത്തൊന്നും വേറെ ഇല്ല.കാണാന്‍ വലിയ സുന്ദരി ഒന്നും അല്ലെങ്കിലും,താന്‍ വലിയ സുന്ദരി ആണെന്ന ഭാവമാണ് നബീസുവിന്. തന്റേടിയും, അഹങ്കാരിയും, പച്ച പരിഷ്ക്കാരിയും ആയ നബീസുവിനു വിദ്യാഭ്യാസം കുറവാണ്.അഞ്ചാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും, നല്ല വകതിരിവും, വാക്ക്സാമര്ത്യവുംകൊണ്ട് എവിടെയും വാദിച്ചു ജയിക്കാനുള്ള കഴിവ് കുറച്ചു കൂടുതലായി ദൈവം അവള്‍ക്ക് അറിഞ്ഞു കൊടുത്തിട്ടുമുണ്ട്.. പക്ഷെ എന്തു ചെയ്യാം ,കുതിരക്ക് കൊമ്പ് കൂടി ദൈവം കൊടുത്തിരുന്നെങ്കില്‍ എന്ന് പറയുന്നതുപോലെയാ കാര്യം. നബീസുവിനു അല്പം സൌന്ദര്യം കൂടി ഉണ്ടായിരുന്നെങ്കില്‍ എല്ലാവരെയും മലര്‍ത്തി അടിക്കുക്കുമായിരുന്നു...
നബീസു ജനിച്ചതും വളര്‍ന്നതും,ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു.വളരെ പാവമായ അലി എന്ന ഗള്‍ഫുകാരനാണ് നബീസുവിനെ വിവാഹം കഴിച്ചത്. വിവാഹശേഷം ഗള്‍ഫിലേക്ക്
കൊണ്ടുപോകുകയും ചെയ്തു. അവിടെ പോയതിനു ശേഷം ആണത്രേ നബീസു വലിയ പൊങ്ങച്ചക്കാരി ആയി മാറിയത് എന്ന് പറഞ്ഞു കേള്‍ക്കുന്നു. തന്നെ വിവാഹം ചെയ്തതിനു ശേഷം ആണ് അലിക്കക്ക് ബിസിനസ് വളര്‍ന്നതും.. ഇ കണ്ടസ്വത്തും, പ്രാതപവും ഉണ്ടായത് എന്ന് കാണുന്നവരോടൊക്കെ ഒരിക്കലെങ്കിലും പറയാന്‍ നബീസു മറക്കാറില്ല.
നബീസുവിന്റെ ഒരു ദിവസം ആരഭിക്കുന്നത് ഫോണ്‍ വിളിയിലൂടെയാണ്. കാതില്‍ നിന്നും മൊബൈല്‍ മാറ്റിയിട്ട് നബീസുവിനെ കാണുക എന്നത് പ്രയാസമുള്ള കാര്യമാകും. എത്ര നേരം വേണമെങ്കിലും നിര്‍ത്താതെ സംസാരിക്കാന്‍ ഉള്ള ഒരു കഴിവ് ഉണ്ട്. ഫോണിലൂടെ നിര്‍ത്താതെ ഉള്ള സംസാരത്തിന് സര്‍ക്കാര്‍ വല്ല സമ്മാനവും ഏര്‍പ്പെടുത്തിയാല്‍ ആ സമ്മാനം നബീസുവിനു തന്നെ ലഭിക്കും എന്നാ കാര്യത്തില്‍ നാട്ടുകാര്‍ക്കെല്ലാം ഏകാഭിപ്രായമാണ്. പാചകം ചെയ്യുക എന്ന് വെച്ചാല്‍ നബീസുവിനെ കൊല്ലുന്നതിനു തുല്ല്യമാ..അടിക്കാനും തുടക്കാനും ആളുവരുന്നതുകൊണ്ട് അത് നടന്നു പോകും. പിന്നെ
ഭക്ഷണത്തിന്റെ കാര്യമാണ്. അത് ആ വീട്ടില്‍ ചുരുക്കം ദിവസങ്ങളില്‍ മാത്രമേ നടക്കാറുള്ളൂ എന്ന്
പറയുന്നതാകും ശരി. നബീസുവിനു മക്കള്‍ മൂന്നാണ്. മക്കള്‍ക്ക് വേണ്ടത് പിസ്സയും, ബര്‍ഗറും, പെപ്സിയും!!! അവരുടെ ആവശ്യം അതില്‍ ഒതുങ്ങുന്നതിനാല്‍ ഈ വക സാധനങ്ങള്‍ എപ്പോഴും കാണും.. അത് വലിച്ച് വാരി കഴിച്ച് കുട്ടികള്‍ മൊബൈലിലും, കമ്പ്യൂട്ടര്‍ ഗെയിമിലും സമയം ചിലവഴിച്ചു തീര്‍ക്കുന്നു. മിക്കപ്പോഴും ഹോട്ടലില്‍ നിന്നുമുള്ള ഐറ്റംസ് ആണ് ആ വീട്ടിലെ പ്രാതലും, ഉച്ചഭക്ഷണവും, അത്താഴവും എല്ലാം..
ഒരിക്കല്‍ നബീസുവും,നബീസൂന്റെ ഉമ്മ പാത്തുമ്മയും,വീട്ടു വേലക്കാരിയും കൂടി ഒരു മുന്തിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി കയറി. ചോറും കറിയും,രണ്ടു സെറ്റ് നെയ്മീന് വറുത്തതും ചിക്കന്‍ ഫ്രൈയും ഓര്‍ഡര്‍ ചെയ്തു. നബീസു , ഉമ്മാന്റെ പ്ലയിറ്റിലെ മീന്‍ വറുത്ത് കൂടി വെട്ടി വിഴുങ്ങുന്നത് കണ്ടപ്പോ പാവം പാത്തുമ്മയുടെ മനസ്സിലെ അമ്മമനം ഇളകി. അതങ്ങിനെ ആണല്ലോ മക്കളെ ഊട്ടാന്‍ ആണല്ലോ അമ്മമാര്‍ ശ്രദ്ധിക്കുക. നബീസു അത് കയ്യിട്ടു വാരി തിന്നുന്നത് കണ്ടപ്പോ പാത്തുമ്മ പറഞ്ഞു; "ന്റെ കുട്ടി തിന്നോളിന്‍, ഉമ്മാക്ക് വേണ്ട." ഇതും പറഞ്ഞ് മീന്‍ പാത്രം നബീസുന്റെ മുന്‍പിലേക്ക് നീക്കി വെച്ച് കൊടുത്തു. അവസാനം കയ്യൊക്കെ കഴുകി ഇരിക്കുമ്പോഴാണ് പാത്തുമ്മ അത് കാണുന്നത്.. നബീസൂന്റെ പ്ലൈയിറ്റിലെ മീന്‍ വറുത്ത് അങ്ങിനെ തന്നെ ഇരിക്കുന്നു. "അതെന്തെയിനി മോളെ തിന്നാതെ വെച്ചത്... അതുങ്ങടു പൊതിഞ്ഞു കെട്ടി എടുത്തോ..കുടീ പൊയ് തിന്നാം..." അപ്പൊ നബീസു പറഞ്ഞു..ഉമ്മാ..അങ്ങിനെ എല്ലനൊന്നും തിന്നരുത് , അപ്പോ ഹോട്ടലുകാര്‍ വിചാരിക്കും മ്മള് ഇതൊന്നും കാണാതെ കിടക്കുന്നോരാ എന്ന്.. മ്മടെ ഒരു പത്രാസിനു അതവിടെ ഇരുന്നോട്ടെ..അത് കേട്ട് പാത്തുമ്മ അറിയാതെ ന്റെ റബ്ബേന്നു വിളിച്ചുപോയി... !!
അഞ്ചാം ക്ളാസ്സില്പഠിപ്പു നിര്‍ത്തിയപ്പോ ചായ പീടിക നടത്തുന്ന ബീരാന്‍ക്ക പാത്തുമ്മയോട് ചോദിച്ചു, എടീ പാത്ത്വാ, അന്റെ രണ്ടാമത്തെ മോള് എന്തേയ് ഇഷ്ക്കൂളില്‍ പോവാത്തത് എന്ന്... അപ്പൊ പാത്തുമ്മ പറഞ്ഞു,അത് ഓള് ഒരൂസം ക്ലാസ്സില്‍ പഠിപ്പിചോണ്ടിരിക്കുമ്പോ ഒന്നും തുമ്മി..അപ്പൊ കുട്ട്യോളെല്ലാം കൂടി ഓളെ കളിയാക്കിയത്രെ..അതീപിന്നെ സ്ക്ക്കൂലിന്റെ പടി ചവിട്ടാന്‍ ഓള് കൂട്ടാക്കിനില്ല്യ. അപ്പോ ബീരാന്‍ക്ക ചോദിച്ചു, അതെന്തെയിനു ഒന്ന് തുമ്മിയാല്‍ ഇത്ര ചിരിക്കാന്‍ എന്ന്.. അപ്പൊ പാത്തുമ്മ പറഞ്ഞു..ഓള് തുമ്മിയപ്പോ അതിന്റെ കൂടെ ഒരു കാറ്റും
പൊയ് ..... ഇതു കേട്ട് ബീരാന്‍ക്ക ആര്‍ത്തു ചിരിച്ചു..പിന്നെ എവിടെ കണ്ടാലും ബീരാന്‍ക്ക നബീസുനോട് ചോതിക്കും ഇപ്പോ ഇഞ്ച് തുമ്മാര്ണ്ടോ എന്ന്..
നബീസൂന്റെ ആര്‍ഭാട ജീവിതവും,പൊങ്ങച്ചവും കാരണം അലിയുടെ ബിസ്സിനസ്സ് പൊളിഞ്ഞു.... അലി ആണെങ്കില്‍ നബീസു പറഞ്ഞതിന് അപ്പുറം ഇല്ല. കുറെക്കാലം അലി നാട്ടില്‍ തെക്ക് വടക്ക് നടന്നപ്പോഴും ,നബീസു ചോദിക്കുന്നവരോടൊക്കെ പറഞ്ഞോണ്ടിരുന്നത് പുതിയ ഒരു ബിസ്സിനസ്സ് തുടങ്ങീട്ടുണ്ടെന്നും അടുത്ത മാസം പോകും എന്നുമാണ് .. പിന്നെ പൊങ്ങച്ചത്തിന്റെ കെട്ടഴിക്കും കഴിഞ്ഞ മാസം വന്നതേ ഉള്ളൂ.. മൂപ്പര്‍ക്ക് എന്നേം കുട്ടികളയും വിട്ടുനില്‍ക്കാന്‍ കഴിയില്ല , അതോണ്ട്
ഇടയ്ക്ക് ഓടി വരുന്നു.. അത് കേള്‍ക്കുന്നവര്‍ മൂളി കേള്‍ക്കും..ബിസ്സിനസ്സെല്ലാം പൊട്ടി പാളീസായിട്ടും നബീസു അടങ്ങി ഇരുന്നില്ല. മാര്‍ക്ക് കുറവായ മകനെ എങ്ങിനെ എങ്കിലും ഡോക്ടര്‍ ആക്കണം എന്ന വാശിയില്‍ ഉള്ളതെല്ലാം വിറ്റു പെറുക്കി എം ബി ബി എസ്സിനു ചേര്‍ത്തു.. എല്ലാരോടും
വിളിച്ചു പറഞ്ഞു മോന് ഡോക്ടര്‍ ഭാഗം പഠിക്കുകയാണെന്ന്.. അധികം നാള് കഴിഞ്ഞില്ല.. മകന് പോയ പോലെ തിരിച്ചെത്തി.. വലിയ ഫീസ് താങ്ങാനുള്ള ശേഷി ഇല്ലായിരുന്നു എന്നതാണ് വാസ്തവമെങ്കിലും അപ്പോഴും നബീസു പറഞ്ഞു ന്റെ മോന് അവിടുത്തെ കാലാവസ്ഥ പിടിക്കുന്നില്ല.. പോയതിനു ശേഷം എന്നും സൂക്കേടാ ..അപ്പൊ മതി പഠിച്ചത് ന്റെ കുട്ടി ഇങ്ങട് പോരെന്നു ഞാന്‍ പറഞ്ഞു .. അരമന രഹസ്യം അങ്ങാടി പാട്ട് എന്ന് പറഞ്ഞപോലെ സത്യമൊക്കെ എല്ലാര്ക്കും അറിയാം ,എന്നാലും നബീസ്സു പൊങ്ങച്ചസഞ്ചി തുറക്കുനത് കേള്‍ക്കാനായി ആളുകള്‍ ചോദിച്ചു കൊണ്ടിരിക്കും..
നബീസൂന്റെ പൊങ്ങച്ചം ഇവിടെ അവസാനിക്കുന്നില്ല..ആരോ പറഞ്ഞത്രേ നബീസൂന്റെ
നല്ല സ്വരം ആണല്ലോ എന്ന് ... അതോടെ നബീസു പാട്ട് പഠിത്തം തുടങ്ങി ...ഇപ്പോ
റിയാലിറ്റി ഷോയില്‍ മുഖം കാണിച്ചതിന്റെ ത്രില്ലില്‍ ആണ്... നബീസു പാടുകയാണ്...നബീസൂന്റെ പാട്ട് ഒരിക്കലും നിലയ്ക്കുന്നില്ല...
24 comments:
ഇക്കുറി ഞാന്‍ ഉദ്ഘാടനം ചെയ്യാം ..:)
ഇത് ശെരിക്കും ഒരു പെണ്ണ് വേറൊരു പെണ്ണിനെ കുറ്റം പറയുകയാണെന്ന് തോന്നും ..നബീസുവിനു സത്യത്തില്‍ കുറച്ചൊക്കെ സൌന്ദര്യം ഇല്ലേ ലച്ചു...കാര്യം ച്ചിരി പൊങ്ങച്ചം ഒക്കെ ഉണ്ടെങ്കിലും ഇത്രയ്ക്ക അങ്ങ് കുശുമ്പു പറഞ്ഞു പരത്തണമായിരുന്നോ ??
എന്തായാലും കൊള്ളാം ..നബീസുവിനു വോട്ടു ചെയ്യേണ്ട ഫോര്‍മാറ്റ് കൂടി പറഞ്ഞിരുന്നു വെങ്കില്‍ എന്റെ വോട്ടു കൊടുക്കാമായിരുന്നു :)
നബീസുവിന്റെ ഫോര്‍മാറ്റ് പറഞ്ഞാല്‍ രമേശ്നൊപ്പം ഞാനും എസ എം എസ് അയക്കാം.
വളരെ ഫോർമലായി തന്നെ നാട്ടിലെ നബീസുമാരുടെ നഖചിത്രം ആലേഖനം ചെയ്തിരിക്കുന്നു....
ഒപ്പം റിയലിറ്റി ഷോ എന്ന പ്രേതം മനുഷ്യനിൽ കൂടിയാലുള്ള പരവേശങ്ങളും...
കഷണ്ടിക്ക് വിഗ് വെച്ച് അഡ്ജസ്റ്റ് ചെയാം..അസൂയക്ക് എന്താ ചെയ്ക ലക്ഷ്മി? എസ് എം എസ് എന്റെ വകയും ഉണ്ടാകും..!!
പോട്ടെ. നബീസു റിയാലിറ്റി ഷോയിലൂടെയെങ്കിലും രക്ഷപ്പെടട്ടെ. വോട്ടിനെന്തായാലും പഞ്ഞമുണ്ടാവില്ലാന്നു മനസ്സിലായില്ലേ.
വിവരം അറിഞ്ഞാൽ നബീസു കോഴിബിരിയാണി വാങ്ങിത്തരും. കയ്യിട്ടു വാരാതെ നോക്കിയാൽ മതി.
എഴുത്തു അവതരണ രീതി നന്നായിരിക്കുന്നു. എങ്ങനെയായാലും ആർക്കും നബീസുവിനോടു ഒരു ഇഷ്ടക്കുറവു തോന്നുന്നില്ല. അവതരണരീതിയുടെ മിടുക്കാണത്.
കൊള്ളാം...
നബീസുവിന്റെ പൊങ്ങച്ചങ്ങള്‍ രസകരമായി അവതരിപ്പിച്ചു
അങ്ങനെയും ആളുകള്‍...
ഇവിടെ രമേശ്അരൂരിനെ പകര്‍ത്തുന്നു..
നബീസു...ആളു മോശമില്ലല്ലോ...?
എന്തൊരു പൊങ്ങച്ചം...?
എന്റെ കത്ത്യാഷിയെ ഒന്നു പരിചയപ്പെടുത്തി കൊടുക്കൂ...
പാവം നബീസു കൊറച്ച് പൊങ്ങച്ചോക്കെയായി ജീവിച്ചു പോകട്ടെ ലച്ചു, നല്ല രസായി എഴുത്ത്!
ലച്ചൂ..............................
പാവം നബീസു............
ഹും.....ഇയാള്‍ ആള് കൊള്ളാമല്ലോ.......
ലച്ചൂ..വായിക്കാന്‍ നല്ല രസം.
എന്റെ വോട്ട് നബീസൂനല്ല.ലച്ചൂനാണ്.
ഈ ആണുങ്ങള് ഇങ്ങനെയാ..
നബീസു പാടിക്കൊണ്ടെയിരിക്കട്ടെ....അലിയുടെ മനസ്സിലെ ദുഃഖഗാനം ആരു കേള്‍ക്കും....
നബീസൂനെ ഇന്നാ പിടിച്ചേ :)
അപ്പൊ ഫോര്‍മാറ്റ് പറഞ്ഞില്ലാാാാ :))
എഴുത്ത് ഭംഗിയായി, പക്ഷെ കാമ്പ് കുറഞ്ഞുപോയി എന്ന് ഞാന്‍ പറയും.
സാരമില്ല ലക്ഷ്മിയേച്ചി...! വരാനുള്ളത് വഴിയിൽ തങ്ങോ...?
ലച്ചുവിന്റെ ലോകത്തില്‍ മുമ്പ് ഒന്നുരണ്ടു തവണ വന്ന് വായിച്ചപ്പോള്‍ അവിടെ കണ്ട കനം ഈ പോസ്റ്റിനില്ല. നബീസുമാര്‍ ഇപ്പോഴൊക്കെ വളരെ സാധാരണ ദൃശ്യമായതുകൊണ്ടാവാം.
മുമ്പത്തെ ലച്ചുവിന്റെ ലേഖനങ്ങളും മറ്റും എടുത്ത് നോക്കുമ്പോള്‍ എന്തോ ഇത് എനിക്ക് ശരിക്കും പിടിച്ചില്ല ഒരു കുട്ടികളോട് പറയുന്ന ഫീലിംഗ് പോലെ
എന്റെ തോന്നല്‍
പാവം നബീസു.. :-)
നബീസു ഒരു പാവമല്ലേ ലച്ചൂ, ആ കുട്ടിക്കു സന്തോഷത്തിന് വേറെ എന്താ വഴി, അതുകൊണ്ട് അല്പം പൊങ്ങച്ചമൊക്കെ പറഞ്ഞോട്ടെന്നേ....
പതിവുവഴിയിൽ നിന്നും മാറി സഞ്ചരിക്കാൻ തോന്നിയതെന്തേ ലച്ചൂ...??
പാവം നബീസു. ഇത്തിരി കരുണയാവാം.
കൊള്ളാം...
നെബീസൂന്റെ തൊലിയുരിച്ചു അല്ലെ.. ഇത്തിരി ദയയൊക്കെ വേണ്ടേ ലച്ചൂ.. (എഴുത്ത് രസിച്ചു ട്ടൊ)
നബീസു ഇങ്ങനെയാണോ ശരിയ്ക്കും? എന്നാലും നബീസൂനോട് ദേഷ്യം ഒന്നും വരുന്നില്ല. പൊങ്ങച്ചവുമായി കഴിഞ്ഞു കൂടിക്കോട്ടെ...
Post a Comment