"ബേബ്യെടത്തിയേ ..".
പടിഞ്ഞാറ് നിന്നു വീശിയ നേരിയ തുലാക്കാറ്റിനൊപ്പം പടിപ്പുരകടന്നു എത്തിയ കാളിയുടെ
നീട്ടി വിളി. നീട്ടിയുള്ള ആ വിളികേട്ടു തെക്കേമുറിയില്‍ കഥാപ്പുസ്തകം വായിച്ചിരുന്ന ഞാന്‍ ഒന്ന് ഞെട്ടി .. .കുട്ട്യോളെ പിടിക്കാന്‍ വരണ കാളിയു ടെ വരവാണ് ആ വിളംബരം ..പിന്നില്‍ തൂങ്ങിയാടുന്ന ചാക്കില്‍ ആമകള്‍ക്കൊപ്പം തന്നെ പോലുള്ള കുട്ടികളും ഉണ്ടാകുമായിരിക്കും !! അതോര്‍ത്തു ഞാന്‍ പേടിച്ചു വിറച്ചു ..
"ബേബ്യേടത്തിയെ..."അമ്മയെ കാളി വിളിക്കണതാണ്.ആ ഒരു വിളി.. വെറും വിളിയല്ല.അത് ... ..ആ വിളിക്ക് ഒരു താളം ഉണ്ടായിരുന്നു. രാമനും,കാളിയുംമാസത്തില്‍ രണ്ടു തവണയെങ്കിലും വന്നു പോകാറുണ്ട് .
രണ്ടാള്‍ക്കും കുളത്തില്‍
നിന്നും,പാടത്തുനിന്നുംആമയെ കുത്തി പിടിക്കലാണ് പണി ..
കറുത്ത നിറവും ,കുടവയറും,ചുവന്ന ഉണ്ടകണ്ണുകളും ,മുറുക്കിച്ചുവപ്പിച്ച വായും , കുട്ടികള്‍ക്ക് പേടിതോന്നുന്ന രൂപമായിരുന്നു രാമന്റെത് ,കവിളൊക്കെ ഒട്ടി കുറെ പല്ലുകളും കൊഴിഞ്ഞു ,കുനിഞ്ഞു കൂടിയാണ് കാളി യുടെ നടപ്പ്. വെളുത്ത ആമയും,കറുത്ത ആമയും,ചിലപ്പോഴൊക്കെ പോക്രാച്ചി തവളയും കാണും അവരുടെ ഭാണ്ടകെട്ടില്‍ ..
ആമയെ പിടിക്കാനുള്ള നീണ്ട മുളവടിയും കുത്തി ഭാണ്ഡവും
തൂക്കിയുള്ള ആ വരവ് ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ കുട്ടികള്‍ ഓടിയോളിക്കും....
വീടിന്റെ പടിക്കല്‍ എത്തുമ്പോഴേക്കും" ബേബ്യെടത്തിയേ "യെന്നു കാളി നീട്ടി വിളിക്കും....താളത്തിലുള്ള ആ വിളി കേള്‍ക്കേണ്ട താമസം .
ഞാന്‍ഏതേലും മുറിയിലോ ,കട്ടിനടീലോ ,ഓവ് മുറീലോ ,കയ്യാലയിലോ പോയി പതുങ്ങി ഒളിച്ചിരിക്കും.
പിന്നെ കാളി പോകുംവരെ എത്ര വിളിച്ചാലും വിളികേള്‍ക്കില്ല .
കാളി പടിക്കല്‍ പേരയുടെ ചുവട്ടില്‍ ഇരിക്കുകയെ ഉള്ളൂ..വീടിനടുത്തൊന്നും
വരുകയോ ഇരിക്കുകയോ ചെയ്യില്ല്യ.
അമ്മ അവര്‍ക്ക് ഒരു ഇലവെട്ടി അതില്‍ ചോറും കൂട്ടാനും ഒഴിച്ചുകൊടുക്കും.തിന്നു മതിയാകുമ്പോള്‍ ബാക്കി ഭാണ്ഡത്തിലെ പിച്ചള തൂക്കുപാത്രത്തില്‍ നിറച്ചു വെക്കും.
പോകാറകുമ്പോള്‍ അല്പം അരിയും കൊടുക്കും..
ചോറൊക്കെ തിന്നുകഴിയുമ്പോ കാളി അമ്മയോട് എന്നെ തിരക്കും
"മോളൂട്ടി എവിടെ കണ്ടില്ല്യല്ലോ " എന്ന്..
ഞാന്‍ ആണെങ്കില്‍ കൊന്നാലും
പുറത്തെക്കിറങ്ങില്ല്യ.. .എനിക്കവരെകാണുന്നത് പോലും അത്രയ്ക്ക് പേടിയായിരുന്നു...
അവര്‍ വന്നുപോകുന്ന ദിവസങ്ങളിലൊക്കെ രാത്രിയില്‍ ഞാന്‍ പേടിച്ചു കരയുമായിരുന്നു ...ആ കരച്ചിലിന്റെ ആക്കം കുറക്കാനായി എന്നും രാത്രിയില്‍ എനിക്ക് കഴിക്കാനായി അമ്മ കരുതാറുള്ള ബിസ്ക്കറ്റും കാപ്പിയും അന്ന് അല്‍പ്പം കൂടുതല്‍ കിട്ടും.. ഇങ്ങനെ കൂടുതല്‍ കിട്ടുന്നബിസ്ക്കട്ടിന്റെ പങ്കു പറ്റാനായി ഏട്ടന്മാര് കാവലിരിക്കുന്നുണ്ടാകും
..ആര്‍ക്കും കൊടുക്കാതെ മൊത്തമായി ഞാന്‍ അതെല്ലാം അകതാക്കുമ്പോ അതുവരെ ഉറക്കമൊഴിച്ചു കാത്തിരുന്നതു വെറുതെ യായല്ലോ എന്ന ദേഷ്യത്തോടെ എനിക്കൊരു നുള്ളും തന്നു അവര്‍ കിടക്കാന്‍ പോകും ,
എന്നാല്‍ എനിക്ക് കഥകള്‍ പറഞ്ഞുതരികയും എന്നെ,ഊട്ടുകയും,ഉറക്കുകയും ചെയ്യുന്ന എന്റെ രണ്ടാമത്തെ ചേച്ചിക്ക് ഒരു പങ്ക് കരുതാന്‍ ഞാന്‍
മറക്കാറില്ല്യ...എന്റെ ഈ കാളിപ്പേടിക്കുപിന്നില്‍ ഒരു കഥയുണ്ടായിരുന്നു.
ഒരിക്കല്‍ അച്ഛന്റെ കയ്യും പിടിച്ചു അവരുടെ ഭാണ്ഡതിലെ ആമയെ ഏറെ കൌതുകത്തോടെ നോക്കി നില്‍ക്കുകയായിരുന്നു
ഇടയ്ക്ക് .ഈര്‍ക്കിലി കൊണ്ട് അതിനെ കുത്തുകയും.കല്ല് എടുത്തു എറിയുകയും ചെയ്യു മ്പോള്‍ അതിന്റെ തല ഉള്ളിലേക്ക് വലിയും
ശല്യം സഹിക്കാതെ വരുമ്പോള്‍ സൂത്രക്കാരനായ ആമ അനങ്ങാതെ കിടക്കുകയും,ഞാന്‍ മാറിനിന്നാല്‍ ഇഴയാന്‍ തുടങ്ങുകയും ചെയ്യുന്നത് നോക്കിനിന്നു ..
അങ്ങിനെ പാവം ആമയെ ഉപദ്രവിക്കുന്നതിനിടയിലാണ് അച്ഛന് ഒരൂസം എന്റെ പിഞ്ചു മനസ്സില്‍ തീ കോരിയിട്ട ആ ഭീകര സത്യം എന്നോട് വിളിച്ചു പറഞ്ഞത് ...
എന്നോ ഒരിക്കല്‍ ആമയെ വില്‍ക്കാനായി കാളിവന്നപ്പോ ഭാണ്ഡത്തിലെ ഒരുകെട്ടില്‍ ചുവന്നുതുടുത്ത ഒരു സുന്ദരികുട്ടി ആമകള്‍ക്കൊപ്പം കിടക്കണതു എന്റെ അച്ഛന് കണ്ടത്രെ !
പാവം തോന്നിയ .അച്ഛന് കാളിയോടും,രാമനോടും " ആ കുട്ടിയെ എനിക്ക് തന്നാല്‍ ഞാന്‍ വളര്‍ത്തിക്കോളാം എന്ന് പറഞ്ഞു ,അവര്‍ സമ്മതിക്കുകയും അതിനു പകരം അച്ഛന് അവര്‍ക്ക് ഭാണ്ഡം നിറയെ തവിട് നല്‍കുകയും ചെയതു വിട്ടത്രേ ...
ആകുട്ടിയാണ് ഞാന്‍ എന്ന് പറഞ്ഞപ്പോ സത്യത്തില്‍ ഞാന്‍ തേങ്ങിക്കരഞ്ഞു പോയി !
അവര്‍ ആമയെ പിടിക്കാനല്ല മാസത്തില്‍ രണ്ടുതവണ വരുന്നത്..എന്നെ കാണാന്‍ വേണ്ടിയാണെന്നും കൂടി കേട്ടപ്പോ ഞാന്‍ തകര്‍ന്നു തരിപ്പണമായി പോയി .
അതോടെ അവരുടെ വരവ് എനിക്കൊരു പേടി സ്വപ്നമായി മാറി.എന്നെ നെഞ്ചത്ത് കിടത്തി വളര്‍ത്തിയ എന്റെ അച്ഛനെ വിട്ട് , അമ്മയെ
വിട്ടു,ഇടവും വലവും ചേര്‍ത്തു നിര്‍ത്തി എന്നെ കൊണ്ട് നടന്ന ഏട്ടന്മാരെയും ചേച്ചിമാരെയും വേര്‍പിരിഞ്ഞു അവര്‍ എന്നെ അകലെയെങ്ങോ ഉള്ള അവരുടെ വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകുമോ എന്ന പേടി..
പിന്നീടെല്ലാം കാളിയുടെ വിളികെല്‍ക്കുമ്പോഴേക്കും ഞാന്‍ ഓടി ഒളിക്കും.ഏട്ടന്മാര് ചിലപ്പോഴെല്ലാം ഭയന്ന് ഒളിച്ചിരിക്കുന്ന എന്നെ കണ്ടു പിടിച്ചു പിടിച്ചുവലിച്ചു അവരുടെ മുന്പില് കൊണ്ടുനിര്ത്തും .. എന്നെ കൊല്ലുന്നതിനു തുല്യമായിരുന്നു അത്..
എന്നെ കാണുമ്പോ പല്ലില്ലാത്ത മോണകാട്ടി അവര്‍ ചിരിക്കും.എന്റെ കവിളില്‍ അവര്‍ തൊടും..കൈതട്ടിമാറ്റി കരഞ്ഞു ബഹളം വെച്ച് ഞാന്‍ ഓടും..അവര്‍ വരുന്ന ദിവസങ്ങളില്‍ എല്ലാം ഇതൊരു പതിവായിരുന്നു...
അച്ഛന് വീട്ടില്‍ വരുന്നവരോടെല്ലാം ഇവളെ തവിടുകൊടുത്തു വാങ്ങ്യതാ എന്നുപറയുമ്പോള്‍ " അല്ല... അല്ല..." എന്നുവാദിച്ചുജയിക്കാന്‍ ഞാന്‍ പാടുപെട്ടു...പിന്നീട് ഞാനും ഏട്ടന്മാരും തല്ലുകൂടുമ്പോഴെല്ലാം അവര്‍ ഇതുപറഞ്ഞു എന്നെ കളിയാക്കി നാണം കെടുത്തും ..
"തവിട് കൊടുത്ത് വാങ്ങിയത് കൊണ്ടാണ് ഞങ്ങളുടെ അച്ഛന് നിന്നോട് ഇത്ര സ്നേഹം "
എന്നവര്‍ വാദിച്ചു ജയിച്ചു .
പാവം ഞാന്‍ ...വര്‍ഷങ്ങളോളം ഞാന്‍ അത് വിശ്വസിച്ചിരുന്നു എന്നുള്ളതാണ് സത്യം..
ഇന്നും എവിടെയെങ്കിലും ആമയെ കാണുമ്പോ കാളിയെയും അവരുടെ ബെബീയ്ടത്യെ എന്ന നീട്ടി വിളിയും എന്റെ കാതില്‍ മുഴങ്ങും...
59 comments:
ലച്ചൂ,ഇതു പോലെ ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു.തവിട് കൊടുത്ത് വാങ്ങിയതാണെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കിയ ഒരു കുട്ടി
ക്കാലം.നിറമുള്ള കുട്ടിക്കാല ഓർമ്മകൾ പങ്ക് വെച്ചതിനു ,അതിലേക്ക് എന്നെ കൊണ്ട് പോയതിനു നന്ദി.
കുഞ്ഞുങ്ങളോട് കള്ളക്കഥകള്‍ പറയരുതെന്ന് മനഃശ്ശാസ്ത്രവിദഗ്ദ്ധര് പറയാറുണ്ട്. അഹമ്മദ് എന്ന് പേരുള്ള എന്റെ ബഹറീനി സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഞാന്‍ എപ്പോഴുമോര്‍ക്കും. അദ്ദേഹം തന്റെ കുഞ്ഞിനോട് ഒരിക്കലും പറയില്ല “നീ മരുന്ന് കഴിച്ചാല്‍ നിന്നെ പാര്‍ക്കില്‍ കൊണ്ടുപോകാം” അല്ലെങ്കില്‍, “പഠിച്ചില്ലെങ്കില്‍ പോലീസിനെ വിളിക്കും” എന്നൊക്കെ.
പാവം ലച്ചു.
തവിടു കൊടുത്തല്ലേ വാങ്ങീത്.
എന്റെയും അനുഭവമാ ലചൂ ഇത് എങ്കിലെന്താ ഇപ്പോള്‍ ഓര്‍ക്കാന്‍ എന്ത് രസാല്ലേ
ബേബി യേട്ടത്തിയും കാളിയും തിളങ്ങി നിന്ന നല്ല അവതരണം
തവിട് തിന്നാല്‍ തടി വെക്കും എന്നു നിന്റെ ഫോട്ടോ കണ്ടപ്പോള്‍ മനസ്സിലായി ........... എനിക്കും തവിട് തിന്നാന്‍ തോന്നുന്നു
ഈ തവിട് കൊടുത്തു വാങ്ങുന്ന കുട്ടികൾ മിക്ക വീടുകളിലുമുണ്ട്.
ആദ്യമൊക്കെ ഒരു പേടിയാണ്..
തവിട് ലച്ചു :)
ലച്ചൂ...ഞങ്ങള്‍ക്കിപ്പോഴും സംശയമുണ്ട് കേട്ടോ :-)
വായിക്കാന്‍ സുഖമുള്ളൊരു ഓര്‍മ്മകുറിപ്പ്.
നല്ല എഴുത്ത് .
ഒരു ഭാണ്ഡം തവിടിന്റെ വില!
നല്ല പോസ്റ്റ്... വായിക്കാന്‍ സുഖമുള്ള എഴുത്ത് ..
തവിട് കൊടുത്തു വാങ്ങിയ കുട്ടി നല്ല ചേലായിട്ടുണ്ട് കേട്ടോ...
ബാല്ല്യ കാല സ്മരണകൾ വായനാ സുഖം തരുന്ന രചന ..ആശംസകൾ
ചെമ്പൻ മുടിയുണ്ടായിരുന്ന ഒരു വെളുത്തകുട്ടിയോട് വീട്ടിലെ മൂത്തകുട്ടികൾ “നിന്നെ ഏതോ സായിപ്പൂ ഉപേക്ഷിച്ചു പോയപ്പോ അമ്മ എടുത്തു കൊണ്ടൂ വന്നതാ. നീ ഈ വീട്ടിലെയല്ല“ എന്നു പറഞ്ഞു സങ്കടപ്പെടുത്താറുള്ളതും ഒരു ദിവസം കുട്ടി സങ്കടത്തോടെ വീടു വിട്ടു തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പോയതും വഴിയിൽ പരിചയമുള്ള ആരോ കണ്ടു കൂട്ടിക്കൊണ്ടു വന്നതും എല്ലാം ഇന്ന് ഭാര്യയും അമ്മയൂമൊക്കെയായ ആ കുട്ടി പറഞ്ഞു ചിരിക്കുമെങ്കിലും ഉള്ളിൽ നുരഞ്ഞ അന്നത്തെ സങ്കടം വളരെ വലുതായിരുന്നു എന്നും അവൾ ഓർക്കുന്നു.. ഇപ്പോഴവൾക്കു നല്ല കറുത്തമുടിയാണ്. പാവം വളരെ കഷ്ടപ്പെട്ടാണ് എള്ളെണ്ണയൊക്കെ തേച്ച് തേച്ചു കറുപ്പിച്ചെടുത്തത്.
അതുകൊണ്ടു തവിടുകുട്ടിയുടെ സങ്കടം മനസ്സിലായി നല്ലോണം.
നന്നായി എഴുതി.
ഈ തവിടു കൊടുത്ത് വാങ്ങുന്ന കുട്ടികൾ കേരളക്കരയാകെ ഉണ്ടെന്നു തോന്നുന്നു....!
അന്നങ്ങനെ വാങ്ങിയില്ലായിരുന്നെങ്കിൽ ഇന്നീ പോസ്റ്റിടാൻ ഒരു ലക്ഷ്മിയേച്ചി ഉണ്ടാകുമായിരുന്നോ...?
ഏതെങ്കിലും ആമ സങ്കേതത്തിൽ ആമ പെറുക്കിയായി കാലം കഴിക്കുന്നുണ്ടാകും...!!
ഹാ...ഹാ...ഹാ....
പാവം ലക്ഷ്മിയേച്ചി....
ഇത്തരം എത്രയോ ഓര്‍മ്മകള്‍ കുട്ടിക്കാലവുമായി ബന്ധപ്പെട്ട് ഉണ്ട് !മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ...ഇനിയും എഴുതുക
ആശംസകള്‍ !
ഈ തവിട്കഥ നേരിടേണ്ടിവന്ന ബാല്യങ്ങൾ നിരവധി. ഞാനും അതിന്റെ ഒരു ഇരയാണ്. എന്നെ തവിട് കൊടുത്ത് വാങ്ങിയതാണന്ന് വീട്ടിൽ തേങ്ങയിടാൻ വന്നിരുന്ന വേട്ടുവരും അല്ലെന്ന് ഞാനും നിരന്തരം തർക്കത്തിലായിരുന്നു. ലച്ചുവിന്റെ അനുഭവക്കുറിപ്പ് വായിച്ച് ബാല്യത്തിലേയ്ക്കൊരു സഞ്ചാരം തരായി.
"കുറച്ചു തവിട് കിട്ടിയിരുന്നെങ്കില്‍ ഒരു കുട്ടിയെ വാങ്ങാമായിരുന്നൂ ... ന്നൂ ന്നൂ ന്നൂ .....:)
തവിടിലും തിളങ്ങുന്ന ലച്ചു വിന്റെ ഓര്‍മ്മകള്‍ നന്നായി ....
ലച്ചൂ എനിക്ക് വല്ലാതെ മനസ്സിൽ തട്ടി ഈ സംഭവം.എന്റെ ഒരു ബന്ധു എന്നെ തവിടു കൊടുത്തു വാങ്ങിയതാണ് എന്ന് പറഞ്ഞിരുന്നു കുട്ടിക്കാലത്ത്. അതു വിശ്വസിച്ച് ഞാൻ ഏറെക്കാലം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. അപകർഷതാബോധമുണ്ടായിരുന്നു. ആ ബന്ധുവിന്റെ സാഡിസം വല്ലാതെ ഞാൻ വെറുത്തു പിന്നീട്. എന്നെക്കുറിച്ചാണോ ഇത്, എന്ന് തോന്നിപ്പോയി ആദ്യം. ലച്ചുവിന്റെ കാര്യത്തിൽ അച്ഛൻ അതിന്റെ ഗൌരവം കണ്ടിരിക്കില്ല. വളരെ ഇഷ്ടമായി.
കുട്ടിക്കാലത്തിന്റെ ഈ രസകരമായ ഓർമകൾ മങ്ങില്ലാന്നു തോന്നുന്നു. സ്വന്തം കുട്ടിക്കാലം എല്ലാവരെയും ഒന്നോർമ്മിപ്പിച്ചു.
പ്രിയപ്പെട്ട ലച്ചു,
മനോഹരമായി കുട്ടിക്കാലം വരച്ചു കാണിച്ചു...വാക്കുകള്‍ വളരെ ഹൃദ്യം!ഈ തവിട് കൊടുത്തു വാങ്ങുന്ന കാര്യം മിക്ക വീട്ടിലും ഉണ്ടായിട്ടുണ്ട്!
ചിത്രം സുന്ദരമായിരിക്കുന്നു..
ഒരു സുന്ദര സന്ധ്യ ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു
ഇതപ്പോള്‍ എല്ലായിടത്തും ഉള്ള നമ്പരാണല്ലേ?
ഈ 'തവിടു കൊടുത്തു വാങ്ങിയ കുട്ടി' എന്ന പേര് ഞാനും കുറേ കേട്ടിട്ടുണ്ട് :)
പോസ്റ്റ് മനസ്സില്‍ തട്ടുന്നുണ്ട്.. അപ്പോള്‍ തവിട് കൊടുത്തുവാങ്ങിയതാണല്ലേ.. ഇതുപോലെ ചെമ്മീത്തല കൊടുത്ത് വാങ്ങിയ കഥ എന്നെ പറ്റി വലിയച്ഛന്റെ മക്കള്‍ പറയുമായിരുന്നു. എഴുത്ത് നന്നായിരിക്കുന്നു.
ഞാനും അങ്ങിനെ തവിടിന്റെയും ചെമ്മീന്‍ തലയുടെയും ഒക്കെ ബാര്‍ട്ടര്‍ സിസ്റ്റത്തില്‍ വന്നു ചേര്‍ന്നതാണ് എന്റെ വീട്ടില്‍ ....
ഹൃദ്യമായ രചന , എല്ലാവരെയും ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോയല്ലോ...നന്നായി
നല്ല ബാല്യകാല സ്മൃതി ..തവിടെന്താ അത്ര മോശം സാധനമാണോ ? തവിടിന്റെ വിലയാ ഈ ബ്ലോഗെഴുതിയ ലച്ചു വിനും ഇവിടെ കമന്റാന്‍ വന്ന പലര്‍ക്കും ഉള്ളതെന്ന് മനസിലായില്ലേ ? എന്റെ പിതാവ് എന്നെ ദര്‍ഭ പുല്ലു കൊടുത്ത് വാങ്ങിയതാണെന്നാണ് മാതാ ശ്രീ പറഞ്ഞു കേട്ടിട്ടുള്ളത് ..ഓം ...
ഹാവൂ ഭാഗ്യം,എന്നെ നല്ല പെടപെടക്ക്ണ നോട്ടു കൊടുത്താ വാങ്ങിയത്.തവിട് കൊടുത്താണെങ്കില്‍ എന്നേ തവിട്പൊടിയായിപ്പോയേനെ.
കണ്ടാലാരും പറയില്ലാട്ടോ, തവിടിനു പകരം കിട്ടിയതാനെന്ന്....
കുട്ടിക്കാലത്തിലേക്കു നടത്തിക്കൊണ്ടു പോയ നല്ല അവതരണം.
നല്ല പോസ്റ്റ്. ഓര്‍മ്മയിലുണ്ട് സമാനമായ കുട്ടിക്കാലം. അതിന്റെ ഭീതികള്്
പണ്ടെല്ലാം എല്ലാവീട്ടിലുമുണ്ടാകും ഒരു തവിടുകൊടൂത്ത് വാങ്ങിയ കുഞ്ഞ് ..!
നല്ല ഓർമ്മകലായി കേട്ടൊ എച്ചു..
എന്റെ കുട്ടിക്കാലം ഓര്മിപ്പിച്ചതിനു നന്ദി.ഇപ്പോള്‍ ഈ പറച്ചില് ഇല്ല എന്ന് തോന്നുന്നു.
ഞാന്‍ വേണ്ടുവോളം കേട്ടിരുന്നു.എന്റെ മക്കളെ കേള്പിചിട്ടില്ല.എന്തായാലും വരരെ
നന്നായി പറഞ്ഞിരിക്കുന്നു.ആശംസകള്‍.
ഇന്നത്തെ കുട്ടികള്‍ക്ക് തവിടുമില്ല, കഥയുമില്ല !!!
ലച്ചൂ ഒളിച്ചിരുന്നോ കാളിവരുന്നുണ്ട്...പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചതിനു ആശംസകള്‍
ബാല്ല്യത്തിന്റെ ഇനിയും മറവിയെടുക്കാത്ത ഓർമ്മയിലേക്കു വളരെ മൃതുലമായി ഈ കുറിപ്പു വായനക്കരനെ ഹൃദയപൂർവ്വം കൂട്ടികൊണ്ടുപോകുന്നു.എല്ലാവരുടെയും ബാല്യങ്ങളിൽ ഇതുപോലുള്ള ഒരു തവിടു കഥയൊ..? ചെമ്മിൻ തലകഥയൊ ,പാണ്ടിയിൽ നിന്നു വാങ്ങിയ കഥയൊ ഉണ്ടാകും.ആ നനുനനുത്ത ഓർമ്മയുമായി വീണ്ടും അനുവാചകനു സല്ലപിക്കാൻ ഈ കുറിപ്പു ഇടവഴിയായി ഇറങ്ങിവരുന്നു...
Nostalgic...
ലച്ചു,
മനോഹരമായി എഴുതിയിരിക്കുന്നു...
ചില ഓര്‍മ്മകള്‍ക്ക് നെല്ലിക്ക തിന്ന ശേഷം വെള്ളം കുടിക്കുംബോഴുണ്ടാകുന്ന മധുരമാണ്...
എല്ലാം നേരില്‍ കാണുന്ന പ്രതീതി ഉണ്ടാകാന്‍ എഴുത്തിനു കഴിഞ്ഞു...
ആശംസകള്‍..
അപ്പോ ഈ തവിടിനൊക്കെ ഇത്ര വെലേയ്ള്ളൂല്ലേ....
എന്റെ ഏറ്റവും ഇളയ സഹോദരി..ലതക്ക് (അഞ്ചാമത്തേതും,അവസാനത്തേതും)ഞങ്ങൾ നാലുപേരെക്കാളും ലേശം കറുത്തിട്ടാ... കുഞ്ഞുന്നാളിൽ , തേങ്ങാവെട്ടുകാരന്മാരായ മത്തായിയും,വാസുപിള്ളയും, അവളെ തവിട് കൊടുത്ത് വാങ്ങിയതാണെന്ന് അന്ന് ഞങ്ങൾക്കിടയിൽ ഒരു കിംവദന്തി പറഞ്ഞു പരത്തിയിരുന്നൂ...ഞാൻ ഉൾപ്പെടെ അത് ശരിയാണെന്നും ധരിച്ച് വശായി...കാലമെറെക്കഴിഞപ്പോഴാഴാണ് സം ഗതിയുടെ ഗുട്ടൻസ് പിടികിട്ടിയത്..ഇത്തരം ഓർമ്മകൾ ബാല്ല്യത്തിലോട്ട് എത്തിനോക്കാൻ സഹ്ഹയിക്കുന്നൂ 48 വസ്സ് കഴിഞ്ഞ അനിയത്തിയെ ഞങ്ങൾ ഇപ്പോഴും “തവിട് കാരി” എന്ന് വിളിച്ച് കളിയാക്കാറുണ്ട്...ലച്ചുവിന്റെ നല്ല രചനക്ക് ഭാവുകങ്ങൾ
വായിക്കാന്‍ നല്ല രസം
തവിട് കൊടുത്ത് വാങ്ങിയ കുട്ടി, നെല്ല കൊടുത്തു വാങ്ങിയകുട്ടി എന്നൊക്കെ പറഞ്ഞ് അനിയത്തിയെ കളിയാക്കാറുണ്ടായിരുന്നു അച്ചമ്മ എപ്പോഴും.. ആ ഓർമ്മകളിലേക്ക് കൊണ്ടു പോയി ഈ പോസ്റ്റ്...! നന്ദി..
ഇത് വായിച്ചപോള്‍ ചിരിയാണ് വന്നത് ...കുട്ടികാലതിന്റെ ഒര്മംമകള് ഒരികല് കൂടി
ചെറുപ്പത്തില്‍ അമ്മ പറയുമായിരുന്നു എന്നെ ആ തോടില്‍ നിന്ന് കിട്ടിയതാണ് എന്ന് ഒക്കെ
നന്നായി പറഞ്ഞു ലെച്ചു
വായിച്ചപ്പോള്‍ ഇപ്പൊ തന്നെ ഒന്ന് വീട്ടില്‍ പോകണം എന്ന് തോന്നുന്നു. :) നല്ല കുറിപ്പ്
തവിടു കൊടുത്ത് വാങ്ങിയ കുട്ടീ കഥ നന്നായി.
മനോഹരമായി എഴുതി.
നല്ല വായന സുഖം നൽകുന്ന എഴുത്ത്.
ഇത്തരം കാര്യങ്ങൾ കുട്ടികളോട് പറയുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കുട്ടികളിൽ മാനസികമായ സംഘർഷങ്ങൾ ഉണ്ടാക്കാൻ ഇതുതന്നെ ധാരാളം. എല്ലാ കുട്ടികൾക്കും ഒരു പക്ഷെ പ്രശ്നമായിരിക്കില്ല....
എല്ലാ ആശംസകളും!
എന്റെ അനുജത്തിയെ മീന്കാരന്റെ അടുത്തുനിന്നും വാങ്ങിയതാണെന്ന് പറഞ്ഞു ഞങ്ങള്‍ കളിയാക്കുമായിരുന്നു അത് ഓര്‍മ്മ വന്നു, എന്നെ ബാല്യ കാലത്തേക്ക് കൊണ്ടുപോയ സുഹൃത്തേ നന്ദി
കുഞ്ഞുങ്ങള്‍, അതും കൊച്ചു കുഞ്ഞുങ്ങള്‍, ഞാനെങ്ങിനെ ഉണ്ടായി എന്നു ചോദിക്കുന്ന സന്ദര്‍ഭം ഒരു പരിധി വരെ ഇന്നത്തെ കേരളത്തിലെ മാതാപിതാക്കളും ഭയക്കുന്നുണ്ട് എന്നതാണ് സത്യം. അപ്പോള്‍ പിന്നെ ആ ചോദ്യം ഒഴിവാക്കാന്‍ വേണ്ടി പറയുന്ന ചില ഉടായിപ്പ് കഥകളിലെ സ്തിരം ഡയലോഗാണീ തവിടു കഥ. ചിലര്‍ക്ക് വെള്ളപ്പൊക്കമാണ്. ചിലര്‍ കാറ്റില്‍ വന്നത്. പേറും പ്രസവവുമൊന്നുമറിയാത്ത ആ കുട്ടിക്കാലത്ത് പാവം കുഞ്ഞുങ്ങള്‍ അതങ്ങു വിശ്വസിച്ചും പോകും. എന്തായാലും താങ്കള്‍ എഴുതിയതും, അവതരണ ശൈലിയും ഒക്കെ നന്നായിട്ടുണ്ട്. ബാല്യമോര്ക്കുക എന്നതു തന്നെ ഒരു സുകൃതമാണ്. ഈ ഒരു കുളിര് തെന്നല്‍ തന്നതിനു നന്ദി.. ശുഭാശംസകളോടെ....
വളരെ നന്നായിട്ടുണ്ട് ലച്ചു. തവിട് കൊടുത്തു വാങ്ങിയതല്ല എന്ന് മനസ്സിലായ ദിവസം ഒത്തിരി സന്തോഷിച്ചു കാണുമല്ലോ :-)
അപ്പൊ എല്ലാ നാട്ടിലുമുണ്ടല്ലേ ഈ പറ്റിക്കല്‍.എന്റെ വീട്ടില്‍ അനിയത്തിയാണ് ഇതിനിരയായത്.
നന്നായി ലെച്ചൂ..
അത് ശരി, അപ്പോള്‍ ശരിക്കും തവിട് കൊടുത്ത് വാങ്ങിയത് തന്നെയാ അല്ലേ.
സാരമില്ലട്ടോ, ഇനി വരുമ്പോള്‍ ആ തവിട് തിരിച്ചു ചോതിച്ചോ, ഇന്ന് എവിടെയും കിട്ടാനില്ല ഈ തവിട്.
നല്ല ബാല്യകാല സ്മരണ.
ഇത്തരം മധുരിക്കുന്ന, നൊമ്പരപ്പെടുത്തുന്ന ഓര്‍മകളാണ് ലേച്ഛൂ, നമ്മെയെല്ലാം (കൂടെ എന്നെയും കൂട്ടിയതാണ് ട്ടോ, കിടക്കട്ടെന്നേ, ഒരു വഴിക്ക് പോവുകയല്ലേ) ഇന്നും നല്ല മനസിന്റെ ഉടമകളാക്കി നിര്‍ത്തുന്നത്.
ഇനി ഏതായാലും കരയില്ലല്ലോ. അത് മതി.
(ഇപ്പോഴും ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്ന് കരയാറുണ്ടെന്ന് കേള്‍ക്കുന്നല്ലോ, ശരിയാണോ?)
http://ienjoylifeingod.blogspot.com/
ആദ്യമായാണ് ഇവിടെ കൂട്ടു കൂടാമോ..?
http://ienjoylifeingod.blogspot.com/2011/03/blog-post_22.htmlഒന്ന് നോക്കൂ.
എല്ലാവരും വന്നു എല്ലാം പറഞ്ഞിട്ട് പോയി.
ഇനി ഞാനായിട്ടെന്തു പറയാന്‍...?
എന്നാലും പറയാ....
ഇതു ലച്ചുവിന്റെ മാത്രം കാര്യമല്ല...
ഒട്ടു മിക്ക വീടുകളിലും സംഭവിച്ചിട്ടുള്ള,സംഭവിച്ചു കൊണ്ടിരിക്കുന്ന
കാര്യമാണ്...പഴയകാലത്തേക്ക് കൂട്ടി കൊണ്ടു പോയി...
തവിടിനു ഇങ്ങിനെയും ഒരു കഥയുണ്ട് അല്ലെ? പോസ്റ്റ് നന്നായി
മറവിയോടടുത്ത ഒരു കാലം തിരിച്ചു വന്നു .
വേനലിന് ഒരു ബാല്യത്തിന്റെ ഭാവമുണ്ട് .
ഇഷ്ടായി പോസ്റ്റ് ആശംസകള്‍
കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ ഇങ്ങനെ ഓരോന്നു പറഞ്ഞ് അവരുടെ കുഞ്ഞു മനസ്സിനെ വേദനിപ്പിയ്ക്കും. എനിയ്ക്ക് ഒട്ടും യോജിക്കാന്‍ പറ്റാത്ത ഒരു കാര്യമാണത്. ലച്ചൂ നല്ലവണ്ണം എഴുതി. അഭിനന്ദനങ്ങള്‍.
ലച്ചുചേച്ചി
തവിട് കൊടുത്ത് വാങ്ങിയാലെന്താ, നല്ലൊരച്ഛനേം അമ്മേം കിട്ടീല്ലേ പിന്നെ ചേച്ചി ചേട്ടന്മാര് വേറെം..
കുട്ടിക്കാലത്തെ നല്ലൊരനുഭവം. കാളിയെ ഓര്‍ത്തു ചിരിക്കാന്‍ , കരയാന്‍..
ആശംസകള്‍!
www.chemmaran.blogspot.com
ഈ തവിട് പൂപ്പല്‍ പിടിച്ചു കാണും ..ബ്ലോഗും ..ഒന്ന് അടിച്ചു തൂത്തു വെയിലത്ത് ഇട്ടു കൂടെ ?
:)
ഓര്‍മ്മകള്‍ നന്നായി..ഞാനും കുറച്ചു കാലം തവിട് കൊടുത്തു വാങ്ങിയ കുട്ടിയായി നീറി ജീവിച്ചിട്ടുണ്ട്.
പരപ്പനങ്ങാടിള്ള ഒരുമ്മേന്റെ കുട്ട്യായ ഞാനും എന്റമ്മ പ്രസവിച്ച കുട്ടീം തമ്മില്‍ മാറിപ്പോയതാണെന്ന നുണ വിശ്വസിച്ചു സങ്കടപ്പെട്ട കാലം ഓര്‍മ്മ വന്നു.
ആമ ചാക്കിലെ സുന്ദരികുട്ടീ!
ലച്ചൂ തവിട് കഥ ഉഗ്രന്‍!
നല്ല എഴുത്ത്..എല്ലാവരേയും സ്വന്തം കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി...
കൊളളാ ട്ടോ ...തവിട് കഥയൊക്കെ അപ്പൊ എല്ലാ വീട്ടുകാരുടെയും സ്ഥിരം നമ്പരാ ... ല്ലേ
Post a Comment