വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഏട്ടനെ ഞാന്‍ കണ്ണേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്.എന്‍റെ സംഭാവന ആയിരുന്നു ആ പേര്.അത് ചെവിയിലോതി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ആ പേര് എനിക്ക് തന്നെ ഒരു പാര ആയി തീരും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.വാക്കുകള്‍ സൂക്ഷിച്ചും കണ്ടും ഉപയോഗിച്ചില്ലെങ്കില്‍ ജീവിതത്തില്‍ അതെല്ലാം നമ്മെ പലവിധത്തില്‍ ബാധിക്കും എന്ന് അനുഭവം എന്നെ പഠിപ്പിച്ചു.
ഏട്ടന്‍ ഗള്‍ഫിലേക്ക് പോയ ശേഷം ഞാനും ,മോനും ഒരു പ്രത്യേക സാഹചര്യത്തില്‍ കുറച്ചുനാള്‍ തനിച്ചു താമസിക്കേണ്ടിവന്നു.പരിചയമില്ലാത്ത തൃശ്ശിവപേരൂര്‍ എന്ന തൃശ്ശൂരില്‍ ഒരു കൊച്ചു വീട് വെച്ചു താമസിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ പരിചയക്കാര്‍വളരെ കുറച്ചു പേര്‍ മാത്രമേഉണ്ടായിരുന്നുള്ളൂ . അതില്‍ വളരെ സ്നേഹപൂര്‍വ്വം എന്നെ ഒരു മോളെപ്പോലെ കാണുകയും,ഒരു അമ്മയുടെ കരുതലും ,സ്നേഹവും ഒക്കെ നല്‍കിഎന്നെ സ്നേഹിച്ച ഒരു അമ്മ ഉണ്ടായിരുന്നു അയല്‍പക്കത്ത്. അവര്‍ ഇടക്കിടെ വന്നു എന്‍റെ കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. അവരുടെ പേര് വിലാസിനി എന്നായിരുന്നു.എന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ ആയിരുന്നു അവരുടെ വീട്.എന്‍റെ വീടിനു അടുത്ത്അല്ലെങ്കിലും കൂടി മിക്ക ദിവസങ്ങളിലും അവര്‍ എന്‍റെ വീട്ടില്‍ വരുമായിരുന്നു.അവര്‍ക്ക് ഒരു മകനും,രണ്ടു പെണ്‍ മക്കളുമാണ് ഉണ്ടായിരുന്നത്.അതില്‍ ഒരു മകള്‍ ആത്മഹത്യ ചെയിതിരുന്നു.അതെ കുറിച്ചോര്‍ത്തു അവര്‍ എന്നും സങ്കടപെട്ടിരുന്നു. അവരുടെ ഭര്‍ത്താവ് വളരെ മുന്‍പുതന്നെ മരിച്ച് പോയിരുന്നു .അവര്‍ മകന്റെയും ,മരുമകളുടെയും പേരകുട്ടികളുടെയും കൂടെ ആണു താമസിച്ചിരുന്നത്. ഒരു സ്നേഹമയിയായ അമ്മയായിരുന്നു അവര്‍..
ഒരു ഉച്ച നേരത്ത് ഞാന്‍ ടൌണില്‍ പൊയ് തിരിച്ചു വരുമ്പോള്‍ അവരുടെ വീട്ടുമുറ്റത്ത് നിറയെ ആളുകള്‍ നില്‍ക്കുനതു കണ്ടു.കാര്യം തിരക്കിയപ്പോള്‍ ആ അമ്മ മരിച്ചെന്നു പറഞ്ഞു.ഞാന്‍ ടൌണില്‍ പോകുമ്പോള്‍ വീട്ടുമുറ്റത്ത് നിന്ന അവര്‍ കൈഉയര്‍ത്തി എന്നോട് ചിരിച്ച അവര്‍ ,ഞാന്‍ തിരിച്ചെത്തുംബോഴേക്കും മരിച്ചെന്നു കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അറ്റാക്ക് ആയിരുന്നു അവര്‍ക്ക്.മനുഷ്യന്റെ കാര്യം അത്രെ ഉള്ളൂ എന്നും,അകത്തേക്കെടുത്ത ശ്വാസം പുറത്തേക്കു വിടാന്‍ പോലും കഴിയാതെ എപ്പോവേണോങ്കിലും നിലച്ചു പോകാവുന്ന ഹൃദയം..അത് ഒരു നിമിഷം പോലും ഓര്‍ക്കാതെ മനുഷ്യര്‍ എന്തൊക്കെ കാട്ടി കൂട്ടുന്നു.
അവര്‍ മരിച്ച വാര്‍ത്ത കേട്ട് വളരെ വിഷമത്തോടെ ഞാന്‍ വീട്ടില്‍ എത്തി ,ഈ വിവരം ഞാന്‍ ഗള്‍ഫില്‍ ഉള്ള ഏട്ടനെ അറീക്കുവാനായി ഫോണില്‍ വിളിച്ചു. ഏട്ടനും അവരെ ഒരുപാട് ഇഷ്ടമായിരുന്നു.ഞാന്‍ വളരെ വിഷമത്തോടെ ഉച്ചമയക്കതിലായിരുന്ന ഏട്ടനെ വിളിച്ചുണര്‍ത്തി.ആ സമയത്ത് സാധരണ ഞാന്‍ വിളിക്കാറില്ല,കാരണം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു പകല്‍ മുഴുവന്‍ ഉറക്കം ആകും എന്നറിയാവുന്നതുകൊണ്ട് വിളിച്ചു ശല്ല്യ പെടുത്താറില്ല്യ്.ഉറക്കം കഴിഞ്ഞു എന്നെ വിളിക്കുകയാണ് പതിവ്.പതിവ് തെറ്റി ഞാന്‍ വിളിച്ചപ്പോള്‍ എന്ത് പറ്റി എന്ന് എന്നോട് ചോദിചു. ..!ഞാന്‍ വളരെ സങ്കട പെട്ട് "കണ്ണാ,കണ്ണേട്ടന്റെ അമ്മ മരിചു "എന്ന് പറഞ്ഞു.ഇതു കേട്ടതും അല്പം നേരം മിണ്ടാതെ നിന്നു,പിന്നെ ചോദിച്ചു എപ്പോള്‍ എന്നു..അല്‍പ്പം മുന്പ് എന്ന് ഞാന്‍ പറഞ്ഞു.ഞാന്‍ അങ്ങോട്ട് പൊക്കോട്ടെ എന്നും ചോദിച്ചു.പൊക്കോളൂ എന്ന് പറഞ്ഞു പെട്ടന്ന് ഫോണ്‍ കട്ട് ചെയിതു.
ഞാന്‍ അവരുടെ വീട്ടില്‍ പൊയ് കുറച്ചു സമയത്തിന് ശേഷം തിരിച്ചു വന്നു ,വീണ്ടും ഏട്ടനെ വിളിച്ചു,ഹോസ്പിറ്റലില്‍ നിന്നും ബോഡി എത്തിയിട്ടില്ലനും അല്‍പ്പം കഴിഞ്ഞേ എത്തുകയുള്ളൂ എന്നും പറയുവാന്‍ വേണ്ടി ഞാന്‍ വിളിച്ചു ,വിളിച്ചപ്പോള്‍ എന്നോട് പൊട്ടിതെറിച്ചുകൊണ്ടൊരു ചോദ്യം ,ആരുടെ അമ്മയാടി മരിച്ചത് എന്ന്...?ഞാന്‍ പറഞ്ഞു "കണ്ണേട്ടന്റെ ....ഡ്രൈവര്‍ കണ്ണേട്ടന്റെ അമ്മ "..അത് പറഞ്ഞതും പിന്നെ കേട്ടത് കാതു പൊട്ടിപോകുന്ന ചീത്തയാ..ഭാഗ്യത്തിന് കാതു പൊട്ടിയില്ല്യ.
പിന്നീടാണ് എനിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത് ,ഞാന്‍ ഏട്ടനെ വിളിച്ചിരുന്ന പേര്‍ കണ്ണേട്ടന്‍ എന്നായിരുന്നു,മരിച്ച ആ അമ്മയുടെ മകന്റെ പേരും കണ്ണന്‍ എന്നായിരുന്നു.ഞങ്ങള്‍ കണ്ണേട്ടന്‍ എന്നാണു വിളിച്ചിരുന്നത്.ഇതു ഞാന്‍ ഓര്‍ക്കാതെ കണ്ണേട്ടാ,കണ്ണേട്ടന്റെ അമ്മ മരിച്ചു എന്ന് പറഞ്ഞപ്പോള്‍ കേട്ട പാതി ,കേള്‍ക്കാത്ത പാതി എന്‍റെ പ്രിയ ഭര്‍ത്താവ് കരുതി ,അദ്ദേഹത്തിന്റെ അമ്മ അതായത് എന്‍റെ അമ്മായി അമ്മ ആണു ഇഹലോഹം വെടിഞ്ഞതു എന്ന്. ഞാന്‍ മരിച്ച കാര്യം പറഞ്ഞു കൂടുതല്‍ ഒന്നും പറയാതെ പെട്ടന്നു ഫോണ്‍ കട്ട് ചെയിതപ്പോള്‍ ഞാന്‍ കരുതിയത് അവര്‍ മരിച്ചതിലുള്ള വിഷമം കൊണ്ടാകാം എന്നാണ്,എന്നാല്‍ ഞാന്‍ ഫോണ്‍ വെച്ച ഉടനെ ഏട്ടന്‍ നാട്ടിലേക്ക് ഏട്ടന്റെ വീട്ടിലെക്ക് വിളിയോട് വിളി,അവിടെ മറ്റാരോടോ സംസാരിച്ചു ഏറെ നേരം ഫോണ്‍ എന്‍ഗേജ് ആയി,അപ്പോള്‍ എന്‍റെ ഭര്‍ത്താവ് കരുതി ,മരിച്ച വീടല്ലേ എല്ലാവരെയും വിവരം അറീക്കയാകും എന്ന്.ഫോണ്‍ എന്‍ഗേജ് ആയ സമയത്തിനിടക്കു ഓഫീസിലേക്ക് വിളിച്ചു പറയുകയും,ലീവ് കിട്ടുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയും ,അതിനിടക്ക് ടിക്കറ്റ് എടുക്കുവാനും ആളെ ഏര്‍പ്പാടാക്കി.റൂമില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ അമ്മ മരിച്ചിരിക്കുന്ന ഏട്ടനെ ആശ്വസിപ്പിക്കയും കൊണ്ടുപോകാനുള്ള ഡ്രസ്സുകള്‍ പെട്ടിയില്‍യെടുതുവേക്കുകയും ചെയിതു.അല്‍പ സമയത്തിന് ശേഷം ഏട്ടന്‍ വീണ്ടും വീട്ടിലേക്കു വിളിച്ചപ്പോള്‍ അങ്ങേതലക്കല്‍ നിന്നും,അമ്മയുടെ സ്വരം കേട്ടു,അതോടെ ഏട്ടന്‍ ഒന്നു ഞെട്ടി...അപ്പൊ മരിച്ചില്ലേ എന്ന ചോദ്യം മനസ്സില്‍ വന്നത് വിഴുങ്ങി ,വേഗം രണ്ടു വാക്ക് സംസാരിച്ചു ഫോണ്‍ വെച്ചു .ഇത്രയും സംഭവങ്ങള്‍ അവിടെ നടന്ന ശേഷം ആണു ഞാന്‍ വീണ്ടും വിളിക്കുനത്,ഇനി ഭാക്കി കാര്യം ഇതു വായിക്കുന്ന നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.....
വളരെ നല്ല ആരോഗ്യവതിയായ എന്‍റെ അമ്മായിഅമ്മയെ ഞാന്‍ അല്‍പനേരത്തേക്ക് കൊന്നു .എന്‍റെ സംഭാഷണത്തില്‍ ഉണ്ടായ ഏറ്റക്കുറച്ചിലും,ഒരേ പേരുകള്‍ ആയതിനാലും സംഭവിച്ചു പോയ അബദ്ധം .പിന്നീട് ഏട്ടന് ,അമ്മ മരിച്ചിട്ടില്ലന്നും,അത് ഒരു അബദ്ധം പറ്റിയതാണെന്നും അധികൃതരെ അറീ്ക്കുവാന് വേണ്ടി വാക്കുകള്‍ക്കുണ്ടായ ദാരിദ്ര്യത്തിനും എന്നെ കൊന്നാല്‍ ദേഷ്യം അടങ്ങുമോ അപ്പോള്‍ ...ആവോ??എല്ലാം കൂടി മരിക്കാത്ത അമ്മായിഅമ്മയെ ഞാന്‍ കൊന്നപ്പോള്‍ എന്‍റെ ചെവി പൊട്ടി പൊയില്ല്യാന്നെ ഉള്ളൂ..ഇത്തരത്തില്‍ അമ്മായിഅമ്മയെ കൊന്ന ആദ്യത്തെ മരുമകള്‍ ഒരുപക്ഷെ ഞാന്‍ ആകാം ആ സംഭവത്തിനു ശേഷം ഞാന്‍ പിന്നീട് ഒരിക്കലും ഏട്ടനെ കണ്ണാ എന്ന് വിളിചിട്ടില്ല്യ.
ഈ ലേഖനം ഇപ്പോഴും ജീവിച്ചിരിക്കുന്ന എന്‍റെ അമ്മായിഅമ്മ വായിക്കാന്‍ ഇടയായാല്‍ എന്‍റെ കാര്യം കട്ട പൊക....ഈശ്വരോരക്ഷ .....