Sunday, November 7, 2010

കര്‍മ്മഫലം

മാലാഖയാണത്ര..മാലാഖ.. വടക്കേപ്പുറത്തെ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് വേലിക്കരുകില്‍ നിന്നും ഉറക്കെ ഉള്ള വര്‍ത്താനം കേള്‍ക്കണത്, തങ്കേടത്തിയാണ്..തെങ്ങിന്‍ തടത്തില്‍ കുന്തിച്ചിരുന്നു എന്തോ കുത്തിയിടുകയാണ്.അതിനിടയില്‍ തനിച്ചിരുന്നാണീ വര്‍ത്തമാനം ..എന്നെ കണ്ടതും വിളിച്ചു, ഉഷേ ഒന്ന് ഇങ്ങോട്ടു വരൂ..ഹോ, നാശം ..ഇനി ഒരു നൂറുകൂട്ടം പുരാണങ്ങളുടെ കെട്ടഴിക്കും...കണ്ടോരടെ കുറ്റം അതെ പറയാന്‍ കാണൂ ..അത് കേള്‍ക്കാന്‍ എനിക്കെന്തോ ദേഷ്യാ അതോണ്ട് തന്നെ എപ്പഴും വടക്കെപ്പുറത്തേക്ക് ഇറങ്ങുമ്പോ വേലിക്കരികില്‍ തങ്കെടത്തീണ്ടോ എന്ന് നോക്കീട്ടെ ഇറങ്ങൂ ..ഇന്നും ഇറങ്ങുമ്പോ നോക്കിയതാ...കഷ്ടകാലത്തിന്‌ തെങ്ങിന്റെ തടത്തില്‍ ഇരിക്കണ കാരണം കണ്ടൂല്ല്യ. ഇനീപ്പ ഇന്നത്തെ ദിവസം പോക്കാ..

എന്തേ തങ്കേടത്തീഒറ്റക്കിരുന്നു ..വര്‍ത്താനം പറയണത്.. എന്ന്‌ ചോദി ചോണ്ട് അങ്ങോട്ട്‌ ചെന്നു...എന്താ മാലാഖ ..മാലാഖ എന്നൊക്കെ പറയണ കേട്ടൂലോ? ഹോ, ചോദിച്ചു തീര്‍ന്നില്ല്യ. അപ്പോളേക്കും തൊടങ്ങി ...

"അവളേയ് മാലഖയാ..മാലാഖാ..."

ഇതാരപ്പാ ഇത് ഈ മാലാഖ?ഹോ...പിടികിട്ടി..മരുമോളേ കുറിച്ചാ പറയണത്..ഉം..എന്തോ കാര്യായിട്ട് ഉണ്ടായിട്ടുണ്ട്..അല്ലേലും അത് അത് നേര് തന്ന്യാ, അവളൊരു മാലഖ തന്ന്യാ എന്ന്‌ മനസ്സില്‍ പറഞ്ഞു.കഴിഞ്ഞ ആഴ്ച ആ കുട്ടി എത്തീട്ടുണ്ട് എന്ന്‌ ഇന്നലെ ജാനു വന്നപ്പോ പറഞ്ഞിരുന്നു..ഇങ്ങോട്ടു വന്നില്ല്യല്ലോ അതിന്റെ ഏനക്കേടാവും ആവും തള്ളക്ക്.. അല്ല, എങ്ങിന്യാ ആ കുട്ടി വരാ..അതും ഇതിന്റെ അടുത്തേക്ക്..വയസ്സ് പത്ത് എണ്‍പത് ആയി , കൂനി കൂടിയാ നടപ്പ്.. എന്നാലും വായിലെ നാക്കിന്‌ മാത്രം ഒരു കൊഴപ്പോം ഇല്ല്യ!! ...ആണായി ഒരുത്തനെ ഉള്ളൂ തള്ളക്ക്. ബാക്കി മൂന്നു പെണ്‍കുട്യോള്...അവനു ഇഷ്ടപെട്ട പെണ്ണിനെ കല്യാണം കഴിക്കണം എന്ന്‌ പറഞ്ഞപ്പോ എന്തായിരുന്നു ഇവിടത്തെ പുകില്..പെണ്ണിന് നൂറു പവന്‍ കിട്ടണം.. കാറുവേണം..പെണ്ണിന് ജോലി വേണം..അങ്ങിനെ എന്തൊക്കെ ..തള്ളേടെ ഡിമാന്റ് കേട്ടാ തോന്നും മോന്‍ ഐ.എ.എസോ മറ്റോ ആണെന്ന്..പത്തും പ്രീഡിഗ്രിയും ഒരു വിധം കഴിഞ്ഞപ്പോ ബാഗ്ലൂര്‍ക്ക് പറഞ്ഞയച്ചു ഫാര്‍മസി കോഴ്സ് പഠിക്കാനായി..എന്നിട്ടെന്തേണ്ടായി...അവിടെ ചട്ടമ്പിയായി .. പെണ്‍പിള്ളാരുടെ പിറകെ കറങ്ങി നടന്നു..പെണ്‍പിള്ളാരൊക്കെ കൂടെ കീശ ഊറ്റി എന്നല്ലാതെ കാര്യമായ പഠിപ്പൊന്നും ഉണ്ടായില്ല്യ.. അവസാനം കോളേജീന്നുതന്നെ പൊറത്താക്കി.. കയ്യിലിരിപ്പിന്റെ ഗുണംകൊണ്ട്.. എന്നിട്ടാ തള്ള നെഗളിചീര്‍ന്നത്‌..വല്ല ഉദ്യോഗവും മോന് കിട്ടീര്‍രുന്നെങ്കില്‍ തള്ള എന്താകുമായിരുന്നു...കുതിരക്ക് കൊമ്പ് കൊടുത്താല്‍ എന്ന്‌ പറയണ പോലെ ആയേനേ കാര്യങ്ങള്‍..ഉം..പക്ഷേങ്കില് അവന്‌ ഭാഗ്യണ്ട്. എന്തായാലും അവസാനം കെട്ടിയ കുട്ടി നല്ലകുട്ടിയാ..ആ കുട്ടി ഇവടെ ഒന്നും എത്തി പെടേണ്ടതല്ല. പേരുകേട്ട തറവാട്ടിലെയാ .. അവരുടെ വീടിന്റെ ഒന്നും എഴയലത്തേക്ക് എതില്ല്യ ഈ തള്ളേം പുള്ളേം ഒന്നും.. അവര്‍ക്ക് പണത്തിന്റെ കുറവുണ്ട് എന്നേ ഉള്ളൂ..ആ കുട്ടീനേ പോലെ ഒരു കുട്ടിയെ കിട്ടീത് തള്ളെടേം മോന്റെം ഭാഗ്യാ..എന്നിട്ടും ങേഹേ, ആ കുട്ടിക്കില്ല്യാത്ത കുറ്റങ്ങള്‍ ഇല്ല്യ. അവള്‍ക്കു കോങ്കണ്ണ് ആണ്, പഠിപ്പില്ല്യ ആകെ ഒന്നര അടി നീളം..അങ്ങിനെ എന്തൊക്കെ കണ്ടുപിടുത്തങ്ങള്‍..

തങ്കേടത്തിക്കും ഭര്‍ത്താവിനും സര്‍ക്കാരാപ്പീസിലെ പണി ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ വേറെ ഒന്നും ഇല്ല്യ..പിന്നെ റോഡുവക്കില്‍ കണ്ണായ സ്ഥലത്ത് കാര്‍ന്നോമ്മാരു വാങ്ങിച്ചിട്ട അഞ്ചാറുസെന്റു ഭൂമി ഉണ്ട്..അല്ലാതെ എന്താ ഉള്ളേ..ഉം.. അതൊന്നും പറയാണ്ടിരിക്ക്യാ ഭേദം..

കാര്യന്തൊക്കേണേലും അവന്‍ ഒരു ആണ്‍കുട്ട്യാ.. ആ പെങ്കൊച്ചിനെ തന്നെ കെട്ടൂ എന്ന വാശിയില്‍ അവനും ഒറച്ചുനിന്നു. പറ്റില്ല്യാന്ന് തള്ളയും,പെങ്ങന്മാരും..തന്തക്കു പിന്നെ തള്ളടെ വാക്കിന്‌ എതിര്‍വാ ഇല്ല്യ..വീട്ടുഭരണം തള്ളേടെ കയ്യില്‍ അല്ലെ..അങ്ങേരൊരു പാവം മനുഷ്യന്‍..പെങ്കുട്ട്യോള്‍ക്കാച്ചാ എങ്ങിനേലും ആങ്ങളയെ പൊറത്താക്കി സ്വത്തു അടിച്ചുമാറ്റണം എന്ന ചിന്തയാ..അതിനുവേണ്ടി തള്ളയെ എങ്ങിനെ ഒക്കെ പിരികേറ്റാന്‍ കഴിയുമോ അതൊക്കെ ചെയ്തു..എന്നിട്ടിപ്പോ എന്തായി? കണ്ടില്ലേ.. ഇതാ പറയണേ കാലത്തിനെ മറന്ന് , മോളിലുള്ള ആളെ മറന്ന് കളിക്കരുതെന്ന്.. അല്ലെങ്കില്‍ കാലം എല്ലാത്തിനും പകരം ചോദിക്കോന്ന് പറയണത് എത്ര നേരാ..ആ പെങ്കൊച്ചിനെ പറ്റി എന്തൊക്കെ വേണ്ടാദീനങ്ങളാ ഈ നശൂല തള്ള പറഞ്ഞൂണ്ടു നടന്നീര്‍ന്നത്‌..പറക്കുന്ന കാക്കയോടു പോലും പറയാര്‍ന്നു..ആരെകണ്ടാലും ആ കൊച്ചിന്റെ കൊറവ് പറയാനേ നേരമുണ്ടായിരുന്നൂള്ളൂ തള്ളക്ക്. കണകുണാ കണകൂണാ എന്ന്.. ഹയ്യേ, എന്നെയൊന്നും കിട്ടൂല്ല ഇങ്ങനത്തെ കിച്ചിക്കിന്നാരത്തിന്‌. മോത്ത് നോക്കി പറയും ഞാന്‍.. അതോണ്ട് എന്റെയടുത്ത് അധികം പറയാറില്ല കേട്ടോ..

മൂത്തമോളുടെ മോളൊരുത്തി ഉണ്ട്. . ഇരുപത്തെട്ടു വയസ്സുവരെ ഇരുന്നു. ഒടുവില്‍ ദേ ഈ അടുത്തല്ലേ അതിന്റെ കല്ല്യാണം നടന്നത്.അതിന്റെ താഴെ ഉള്ളത് ഏതാണ്ട് ഇരുപത്തിഏഴു ആയി . നടന്നോ വല്ലതും. ഇതുവരെ വല്ലോം ശരിയായോ..ആരാന്റെ മക്കളെ കുറിച്ച വേണ്ടാദീനം പറഞ്ഞോണ്ട് നടകുമ്പോ ഒര്‍ത്തില്ല്യ അവനാന്റെ വീട്ടിലും പെങ്കൊച്ചുങ്ങളുണ്ടെന്ന്... പക്ഷെ ഇവരടെ മോന്‍.. അവന്‍ മിടുക്കനാ.. ഇവരുടെ തന്യാവോ? ഏതായാലും ആ മണകൊണാഞ്ചന്റെ ആവില്ല.. പിന്നെ ഞാനീ വക കിന്നാരത്തിന്‌ നിക്കാതതുകൊണ്ട് ആളോളു പറയുന്ന് ഇത്തരം കാര്യങ്ങള്‍ ഇങ്ങനെ മനസ്സിലിരിക്കും..എന്നിട്ടെന്തായീ അവസാനം ആ ചെക്കന്‍ അതിനെ കെട്ടീല്ലേ..കല്യാണത്തിനു ഇവരൊന്നും കൂടീല്ലെങ്കിലും എല്ലാം ഭംഗിയായി നടന്നു ..കല്യാണത്തിന്റെ അന്ന് തള്ളേം മക്കളും കൂടി വലിയൊരു കറുത്ത തുണികൊണ്ടുവന്നു ഗേറ്റില്‍ കെട്ടി തൂക്കി ..ഇതെന്തേ തങ്കേടത്തീ ചെയ്യണേ എന്ന്‌ ചോദിച്ചപ്പോ പറയാ ,എന്റെ മോനെ ചത്ത്‌ പോയെന്ന്..ഇനി ഈ വീട്ടില്‍ അവനെ കാലുകുതിക്കില്ല്യാന്നു .. അഹമ്മദി അല്ലാതെന്താ!! എന്നിട്ടെന്തേ ആര്‍ക്ക് പോയി? തള്ളക്കു തന്നെ. ആകെ ഉള്ള ഒരു മോന്റെ കല്യാണം കൂടാന്‍ യോഗം ഇല്ല്യണ്ടായി..അവന്‍ യോഗോള്ളോനാ.. അവരിപ്പോ സുഖായി ഗള്‍ഫില്‍ കഴിയുന്നു.. അതാണ്‌ യോഗം..യോഗം എന്ന്‌ പറേണതു..

ഒരു കുട്ടി ജനിച്ചിട്ടുകൂടി ആരും പോയതും കണ്ടതും ഇല്ല്യ..പത്തുവര്‍ഷത്തിന്‌ ശേഷാ മകനേം മരുമോളെയും വീട്ടിലേക്ക് വിളിക്കണേ.. അതും തന്തക്കു സുഖല്ല്യാണ്ടായപ്പോ. കാണണോന്ന് നിര്‍ബദ്ധായി പറഞ്ഞപ്പോ.. ഒരൂസം രാമേട്ടനെ വഴീ വെച്ച് കണ്ടപ്പോ എന്നോട് പറഞ്ഞു..മകനുംമരുമകളും പേരകുട്ടീം ഒക്കെ വന്നപ്പോഴാ ആ വീടൊരു വീടായത് എന്ന്‌.. ശരിയാ കേട്ടാ..അത്..രാമേട്ടന്‍ പറയേം ചെയിതു ,സീത വന്നെപിന്നെ നേരത്തിനു ഭക്ഷണം കിട്ടുന്നുണ്ട്‌ ..അതോണ്ടിപ്പോ ചായപ്പീടീല് വല്ലപ്പോഴുമേ പോകുള്ളൂ....രാമേട്ടന്‍ രാവിലെ അഞ്ചുമണിക്ക് എഴുനേല്‍ക്കും..അപ്പൊ ഒരു ചായ കിട്ടണം..അത് രാമേട്ടന്‍ തന്നെ ഉണ്ടാക്കി കുടിക്കും..പിന്നെ ഒരു ഏഴെട്ടു മണി ആകുമ്പോ പതുക്കെ അടുത്തുള്ള പീടികയിലേക്ക് നടക്കും..അങ്ങിനെ ചുരുക്കി പറഞ്ഞാല്‍ മൂന്നു നേരവും രാമേട്ടന്റെ ഭക്ഷണം ചായപീട്യേ തന്നേയ്..നേരത്തിനു വെച്ചുണ്ടാക്കി കൊടുക്കാന്‍ തങ്കെടത്തിക്ക് കഴിയാറില്ല്യ....തങ്കേടത്തീടെ ഇഷ്ടത്തിനും ,സൗകര്യത്തിനും വെച്ചുണ്ടാക്കി വരുമ്പോഴേക്കും ആണുങ്ങളല്ലേ അവര്‍ക്ക് നേരത്തിനു കേട്ടീല്ലെങ്കില്‍ കിട്ടുന്നിടത്തേക്ക് പോകില്ലേ..എന്നാലും ഒന്നിനും ഒരു പരാതിയും ആ മനുഷ്യനുണ്ടായീര്‍ന്നില്ല്യ...ഒരു കണക്കിന് വേഗം മരിച്ചു പോയത് നന്നായി..ഇവറ്റകളുടെ ഇടയില്‍ കിടന്നു നരകിക്കേണ്ടി വന്നില്ല്യ..ആദ്യത്തെ അറ്റാക്ക് വന്നപ്പോ ഡോക്ടര്‍ പറഞ്ഞതാ ഓപ്പറേഷന്‍ നടത്താന്‍..തങ്കേടത്തീസമ്മതിചില്ല്യ..ഏതായാലും നിങ്ങള്‍ ചാകും ,പിന്നെ എന്തിനാ ഒപ്പറേഷന്‍ ചെയ്തു പൈസകളയുന്നത് എന്നാത്രെ തള്ള പറഞ്ഞത് എന്ന്‌ രാമേട്ടന്‍ പറയുമ്പോ കണ്ണുകള്‍ നിരഞ്ഞിരുന്നതായി തോന്നി..പാവം മനുഷ്യന്‍...ഈ ജീവിതത്തില്‍ ഒന്നും അയാള്‍ നേടിയില്ല്യ..ചെറുപ്പത്തിലെ അമ്മ നഷ്ടപെട്ടു..പിന്നെ രണ്ടാനമ്മ ,..എല്ലാസ്നേഹവും ഭാര്യയില്‍നിന്ന് കിട്ടാനും ഭാഗ്യം ചെയിതില്ല്യ..ഇങ്ങനെ എത്ര എത്ര പുരുഷ ജന്മങ്ങള്‍ ഉണ്ട് ഈ ഭൂമിയില്‍!! ജനിച്ചു പൊയില്ലേ ഇനി മരിക്കുംവരെ ജീവിച്ചല്ലേ പറ്റൂ എന്നോര്‍ത്ത് ജീവിതം തള്ളി നീക്കുന്ന പാഴ്‌ജന്മങ്ങള്‍..രാമേട്ടന്‍ മരിച്ചിട്ട് ആ മരണ പായില്‍ ഇരിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല്യ. മരിച്ച പായില്‍ ആള്‍ ഇരിക്കുന്നതിനുപകരം ചൂലായിരുന്നൂത്രേ ഇട്ടിരുന്നത്..അത് സീതകുട്ടി പറഞ്ഞപ്പോഴാ ഞാന്‍ അറിയണതു..ആരേലും പടികടന്നു വരുമ്പോ തള്ളേം മക്കളും ഓടിപോയി പായില്‍ ഇരിക്കും .അതുവരെ മുക്കിലും മൂലയിലും ഇരുന്നു തന്തേടെ ബാങ്ക് ബാലന്‍സ് അന്വേഷണങ്ങളും ,കുറ്റംപറച്ചിലും ആയിരുന്നു...അതൊരു മരിച്ച വീടാണ് എന്ന്‌ തോന്നില്ലായിരുന്നു.രാമേട്ടന്‍ രാവിലെ പത്രം നോക്കി കൊണ്ട് ഇരിക്കുമ്പോഴാ നെഞ്ചുവേദന വരണത്..രാമേട്ടന് എന്നും ലോട്ടറി എടുക്കുന്ന സ്വഭാവം ഉണ്ടായിരുന്നു..പത്രം നോക്കി ഇനി ലോട്ടറി അടിച്ചു എന്നറിഞ്ഞിട്ടാണോ നെഞ്ചുവേദന വന്നത് എന്ന്‌ കരുതി ശവം അടക്കുന്നതിനു മുന്പേ പെണ്‍കുട്യോള് ലോട്ടറി ടിക്കെറ്റു തിരഞ്ഞൂണ്ടു നടക്കായിരുന്നു എന്ന്‌ ആരോ പറയണത് കേട്ടു..മരിച്ചതിന്റെ പെലയില്‍ ഇരിക്കണ സമയത്ത് ഒരൂസം രാവിലെ ഉച്ചത്തില്‍ ഉള്ള വര്‍ത്താനം കേട്ടു വേലിക്കടുത്ത് വന്നപ്പോ സീതകുട്ടി കൈകൊണ്ടു മാടി വിളിച്ചു ഞാന്‍ ചെന്നപ്പോ എന്നേ തെക്കൊര്തിക്ക് കൂട്ടി കൊണ്ടോയി..അവിടെ കണ്ട കാഴ്ച മക്കള്‍ ഉള്ള ഒരു തന്തക്കും ,തള്ളക്കും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല്യ.അവിടെ ബലിദര്‍പ്പണം നടത്തുകയാണ് രണ്ടാമത്തെ മകള്‍..അപ്പോള്‍ വിളിച്ചു പറയുകയാണ്‌ പണ്ടാര തന്തേ നീ മരിച്ചുപോയടത്ത് ഗതികിട്ടാതെ അലഞ്ഞു തിരിയട്ടെ..തന്ത വയ്യണ്ടേ കേടന്നപ്പോ തീട്ടവും ,മൂത്രവും കോരാന്‍ ഈ ഞാനേണ്ടായിരുന്നുള്ളൂ..എന്നിട്ടിപ്പോ ബാങ്കിലെ പൈസമുഴുവാന്‍ മൂതമകള്‍ക്ക് കൊടുത്തു..എനിക്കും എന്റെ മക്കള്‍ക്കും ഒന്നും തന്നില്ലലോ തന്തേ..നീ അലഞ്ഞു തിരിയുകയെ ഉള്ളൂ..അതുകേട്ടപ്പോ നെഞ്ചു പോട്ടിപോയി. ഏത് ദുഷ്ടര്‍ മരിച്ചാലും അവരുടെ ആത്മാവിനു നിത്യശാന്തി ലഭിക്കണേ എന്നേ ഏതൊരാളും പ്രാര്‍ഥിക്കുകയുള്ളൂ എന്നിട്ടും സ്വന്തം മക്കള്‍ പണത്തിനു വേണ്ടി ഇങ്ങനെ വിളിച്ചു പറയുമ്പോ ആ മക്കളെ സൃഷ്ടിച്ചു പോയല്ലോ എന്നോര്‍ത്ത് അയാളുടെ ആത്മാവ് വേദനിച്ചിരിക്കാം..ഇങ്ങനെ ഒരു രെക്ഷിതക്കള്‍ക്കുംമക്കള്‍ ഉണ്ടാകല്ലേ എന്ന്‌ പ്രാര്‍ഥിചിരിക്കാം...ഇവറ്റകളുടെ കൂടെ കെടന്നു നരകിക്കാതെ ദൈവം നേരത്തെ വിളിച്ചത് ഭാഗ്യാ..ഇപ്പോ ദാ..ഇരിക്കണത് കണ്ടില്ലേ..മര്യാദക്ക് എഴുന്നേറ്റു നില്‍ക്കാന്‍ കൂടി കഴിയാണ്ട് ..ഇപ്പളും കുറ്റം പറഞ്ഞു പറഞ്ഞു തീരണ്ടേ..ഇപ്രാവശ്യം സീതകുട്ടി നാട്ടി വന്നപ്പോ ഇങ്ങോട്ടു വന്നില്ല്യ എങ്ങിനെ വരും ?കഴിഞ്ഞ തവണ വരുമ്പോ കൊണ്ടുവന്ന സാധനങ്ങള്‍ വെടിച്ചുവേക്കുമ്പോ തള്ള പറയണത് കേട്ടു മിണ്ടാതെ നിന്നത് അവളായിട്ടാ ..ഞാനട്ടാ ആയിരിക്കണം അവളുടെ സ്ഥാനത്തെങ്കില്‍ പുളിച്ചതെറി പറഞ്ഞീരുന്നു..കൊണ്ട് വന്ന സാധനങ്ങള്‍ കൊണ്ട് പൊയ് അവന്റെ അതായത് സ്വന്തം മകന്റെ കുഴിവെട്ടി അതില്‍ ഇട്ടുകോളളാന്‍..സ്വന്തം മകന്‍ ചത്താലും മരുമകളുടെ കണ്ണീരു കണ്ടാല്‍മതി എന്ന്‌ പറയുന്ന കൂട്ടത്തില്ല ഈ വര്‍ഗം ഒക്കെ...ഇപ്പോ അവള്‍ അവള്‍ടെ വീട്ടില്‍ ഇടക്ക് വരുകയും പോവുകയും ചെയ്യും..ഇങ്ങോട്ടു വരാരില്ല്യ അതിന്റെ സൂക്കേടാ....

എടീ ഉഷേ.. എന്റെ സ്വതീന്നു അവള്‍ക്കു ഞാന്‍ അഞ്ചുപൈസ കൊടുക്കില്ല്യ..എന്റെ മോനെ അവള് അരേകെട്ടി നടക്കാ...അവള്‍ടെ ഭര്‍ത്താവിന്റെ തള്ള അല്ലെ ഞാന്‍ ഒന്ന് എന്നേ കാണാന്‍ വരണം എന്ന്‌ തോന്നീല്ല്യല്ലോ..അവളങ്ങിനെ പറന്നു നടകുകയല്ലേയ്..മാലാഖയെ പോലെ.. ഫൂ.. ഹഹ...അതെ..അവള്‍ മാലഖ തന്നെയാണ്..മാലാഖ.. താന്‍ താന്‍ നിരന്തരം ചെയ്യും കര്മ്മത്തിന് ഫലം താന്‍ താന്‍ തന്നെ അനുഭവിചീടുകെന്നേ വരൂ..

Monday, November 1, 2010

തിരയൊടുങ്ങാത്ത കടല്‍

ചുംബിച്ചുണര്ത്തുമെന്‍
മനസ്സിന്‍ അകത്തളങ്ങളില്‍
നീയെന്നുമൊരു കടംങ്കഥയാണ് .
ഇന്നലയുടെ മേച്ചില്‍പുറങ്ങളില്‍
ഉപേക്ഷിച്ച ജീവനുള്ള കടംങ്കഥകള്‍ .

ഈ എരിഞ്ഞമരുന്ന പകലിനൊപ്പം
ഉരുകി പതകുന്നതെന്‍ നെഞ്ചകമല്ലയോ?
തലക്കുമീതെ ഇരുണ്ടൊരീ
ആകാശചരുവില്‍ മറഞ്ഞിരിപ്പൂ
നറുനിലാവിന്‍ ചന്ദ്രന്‍ .

എന്റെയെല്ലാം നീയാണെന്ന് നിനക്കവേ
എന്റെതായി എനിക്കൊന്നുമില്ലന്നറിയുന്നു ഞാന്‍
എല്ലാമനസ്സിലുമുണ്ടൊരു നോവുന്ന ഹൃദയം .
എല്ലാചിരിയിലുമുണ്ടൊരു ഒളിക്കുന്നദു:ഖം
നിറനിലാവിനുപിറകിലുമുണ്ടൊരു കൂരിരുള്‍ .
കാണാതെ കാണ്മുഞാന്‍ നിന്മുഖം
നീറുംവ്യഥയിലും .
ഏതു ചിതാഗ്നിയില്‍ ദഹിപ്പിക്കണം
ഞാനെന്‍ ഹൃത്തടം .

കണ്‍കള്‍ ഇറുകെ അടച്ചാലും ഇരമ്പുന്നു
നീയെന്‍ ചെവിയില്‍ മന്ത്രിച്ച
വാക്കുകളത്രയും കടല്‍തിരപോലെ .
ഒക്കയും വെറുതെയാണ്,വെറുതെയാണെന്നറിഞ്ഞിട്ടും
പിറക്കുന്നു വീണ്ടും.. മനസ്സിന്റെ
മച്ചിനകത്തൊരു ലോകം .

Tuesday, October 12, 2010

വിശ്വസിച്ചാലും ഇല്ലെങ്കിലും ...

വിവാഹത്തിന് മുന്‍പുതന്നെ ഏട്ടന്‍ ഒരു വീട് വെക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആയിരുന്നു..പല കാരണങ്ങള്‍ കൊണ്ട് ഒന്നും നടന്നില്ല. അങ്ങിനെ വിവാഹശേഷം വീണ്ടും ആ അന്വേഷണം പഴയതിലും വേഗത്തില്‍ നടന്നു. പല വീടുകളും,സ്ഥലങ്ങളും പൊയികണ്ടു .ഒന്നും ശരിയായില്ല. അങ്ങിനെ ഇരിക്കുമ്പോഴാണ് പത്രത്തില്‍ കണ്ട ഒരു പരസ്യം അനുസരിച്ച് ഞങ്ങള്‍ ഒരു സ്ഥലം കാണാന്‍ പോകുന്നത്.വെട്ടി നിരപ്പാക്കിയ ഒരേക്കര്‍ ഭൂമി.മരം പോയിട്ട്, ഒരു പുല്ലുപോലും ഇല്ലാത്ത മണ്ണ്.അടുത്ത് താമസിക്കുന്നവര്‍ സാധാരണക്കാരായ മനുഷ്യര്‍.ഒരു നാട്ടിന്‍ പുറത്തിന്റെ പ്രതീതി.

തൃശൂര്‍ നഗരത്തില്‍ നിന്നും വെറും നാലുകിലോമീറ്റര്‍ മാത്രം ദൂരം. ഒച്ചയും ,ബഹളവും ഇല്ലാത്ത നിശബ്ധമാര്‍ന്ന ഇടം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമായി.അങ്ങിനെ ആ ഒരേക്കര്‍ ഭൂമിയിലെ ആറ് സെന്റ് ഭൂമി ഞങ്ങള്‍ക്ക് സ്വന്തമായി. വീടുപണി തട്ടിയും മുട്ടിയും, മുട്ടില്‍ ഇഴഞ്ഞും,പിച്ചവെച്ചും ,ഏതാണ്ട് പൂര്‍ത്തിയായി വരുന്നതിന്‌ ഇടക്കാണ് അയല്‍വാസികളായ ചില സ്ത്രീകളെ ഞാന്‍ പരിചയപെടാന്‍ ഇടയായത്.അപ്പോഴാണ്‌ ആ സ്ഥലത്തെക്കുറിചു അറിയാത്ത പല കഥകള്‍ അറിയുന്നത്.ആ ഒരേക്കാര്‍ സ്ഥലം വൃദ്ധരായ ദമ്പതികളുടെതായിരുന്നു. അവിടെ മുഴുവന്‍ മാവും ,പ്ലാവും,തെങ്ങും,കവുങ്ങും,എന്നുവേണ്ട എല്ലാതരം മരങ്ങളും തിങ്ങി നിറഞ്ഞ ഒരു കാടായിരുന്നു.അതിനു നടുവില്‍ ആയിരുന്നു അവരുടെ വീട്.ദേവസ്സി എന്നായിരുന്നു അയാളുടെ പേര്.ആറുപിശുക്കനായിരുന്ന ദേവസ്സി പറമ്പില്‍ നിന്നും കിട്ടുന്ന ആദായം കൊണ്ടും,പശുക്കളെ വളര്‍ത്തിയുമാണ് ജീവിച്ചിരുന്നത്.ഇതില്‍ നിന്നും കിട്ടുന്ന വരുമാനം ഇയാള്‍ ബാങ്കില്‍ നിക്ഷേപിച്ചു ദരിദ്രരായി ജീവിച്ചു.ഇവര്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല.അതിനു പിറകില്‍ ഒരു നീണ്ട കഥ ഉണ്ടായിരുന്നു.ഒരു പാമ്പിന്‍ ശാപത്തിന്റെ കഥ .ഒരിക്കല്‍ ദേവസ്സി തന്റെ പറമ്പില്‍ ഇണ ചേര്‍ന്ന രണ്ടു പാമ്പുകളെ കാണുകയും,അതില്‍ ഒരെണ്ണതിനെ തല്ലികൊല്ലുകയും ചെയ്തു. ഇതിനുശേഷം എന്നും രാത്രികാലങ്ങളില്‍ ഒരു പാമ്പ്‌ എവിടെനിന്നോ ഇഴഞ്ഞു വന്നു ദേവസ്സിയുടെ വാതിലില്‍ കൊത്തുക പതിവായി.പാമ്പിനെ കാണുമ്പോള്‍ ദേവസ്സിയുടെ വളര്‍ത്തുനായ കുരക്കുകയും,അകത്തുനിന്നും ഇറങ്ങിവന്നു ദേവസ്സി പാമ്പിനെ തല്ലികൊല്ലുകയും,ചെയ്ത് കൊണ്ടിരുന്നു.ഒരിക്കല്‍ ഒരു വിഷപാമ്പിന്‍ കൊത്തുകൊണ്ട് ദേവസ്സിയുടെ നായ അകാലമരണം പൂകി.എന്നിട്ടും പാമ്പിന്‍ ശല്ല്യം തുടര്‍ന്നുകൊണ്ടിരുന്നു.ഈ പമ്പുകളുടെ ശാപം മൂലമാണ് ദേവസ്സിക്ക് കുട്ടികള്‍ ഇല്ലാതെ പോയതെന്ന് നാട്ടുകാര്‍ പറയുന്നു. അങ്ങിനെ ദേവസ്സി "പാമ്പ്‌ ദേവസ്സി "എന്ന് അറിയപ്പെട്ടു.

ദേവസ്സിക്കും ഭാര്യക്കും പ്രായാദിക്ക്യം വന്നപ്പോള്‍ അവര്‍ ആ സ്ഥലം മറ്റാര്‍ക്കോ വില്‍ക്കുകയും, അവര്‍ അവിടെ മരങ്ങള്‍ എല്ലാം വെട്ടി, നിരപ്പാക്കി ഹൌസിംഗ് പ്ലോട്ടായി വില്‍ക്കാന്‍ ഇടുകയും ചെയ്തു. അങ്ങിനെയാണ് ആ സ്ഥലം ഞങ്ങളും വാങ്ങുന്നത്.ഞങ്ങളുടെ വീട്പണി പൂര്‍ത്തി ആകാറായപ്പോഴേക്കും മിക്കപ്ലോട്ടുകളും വിറ്റുകഴിഞ്ഞിരുന്നു.ഒരു പാമ്പിന്‍ ശാപം നിലനില്‍ക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ അല്പം ഭയം തോന്നാതിരുന്നില്ല.അവിടെ താമസമാക്കിയതിനുശേഷം പലപ്പോഴും അകത്തും ,പുറത്തുമായി ഉഗ്രവിഷമുള്ള പാമ്പുകളെ കാണുന്നത് പതിവായി.ചിലതിനെ ഞങ്ങള്‍ തന്നെ കൊല്ലുകയും ചെയ്തു. അങ്ങിനെ ആ വീട്ടില്‍ എന്നെയുംമോനെയും നിര്‍ത്തി ഏട്ടന്‍ പ്രവാസ ജീവിതത്തിലേക്ക് കടന്നു. എനിക്ക് കൂട്ടിന്‌ ഇടക്കിടെ കാണുന്ന പാമ്പിന്‍ കുട്ടികളും,എന്റെ പ്രിയപ്പെട്ട നായയും ആയി.അവനായിരുന്നു എന്റെ ധൈര്യം. പലരാത്രികളിലും എന്റെ പ്രിയ നായയുടെ കുരകേട്ട് ഞാനും വാതില്‍തുറന്നു.അപ്പോഴൊക്കയും വിഷമുള്ള പാമ്പുകളെ കാണുകയും അയല്‍ക്കാര്‍ വന്നു അവയെ കൊല്ലുകയും ചെയ്യും.എന്റെ വീട്ടില്‍ മാത്രം നായ ഉള്ളതുകൊണ്ട് പാമ്പിനെ കാണുമ്പോള്‍ കുരച്ച് അപ്പപ്പോള്‍ വിവരം അറിയിച്ചു. മറ്റുള്ളവരുടെ വീടുകളില്‍ ഇടക്കൊകെ കാണുമെങ്കിലും ആരും അതത്ര കാര്യം ആക്കിയില്ല.
ഒരു ഉച്ചനേരത്ത് നായയുടെ നിര്‍ത്താതെ ഉള്ള കുരകേട്ടാണ് ഞാന്‍വാതില്‍ തുറന്നു പുറത്തു വന്നത്.വാതില്‍ തുറന്ന ഞാന്‍ ഞെട്ടി പോയി. പത്തിവിടര്‍ത്തി നില്‍ക്കുന്നമൂര്‍ഖനെയും ,മൂര്‍ഖനേരെ ചാടുന്ന എന്റെ പ്രിയ നായയും..എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങി.നായയാണെങ്കില്‍ധൈര്യവാനായി പാമ്പിനെ വകവരുത്താന്‍ മുന്നോട്ടു ആയുകയാണ്..എന്റെ പ്രിയപ്പെട്ട നായയുടെ മരണം ഞാന്‍ മുന്‍പില്‍ കണ്ടു .എത്ര വിളിച്ചിട്ടും തിരികെ വരാന്‍ അവന്‍ തയ്യാറായില്ല.ഒരു പക്ഷെ എന്നോടുള്ള അവന്റെ സ്നേഹം തന്നെയാകാം...എന്റെ പ്രാര്‍ത്ഥന കൊണ്ടോ, നായയുടെ ആയുസ്സിന്‍ ബലം കൊണ്ടോ..അതോ പാമ്പിനു മനസ്സിലായോ ആവോ എനിക്ക് കൂട്ടിനു ഇവന്‍ മാത്രമേ ഉള്ളൂ എന്ന് ..പാമ്പ് സ്വയം പിന്മാറി ഇഴഞ്ഞു പോയി...വന്നു കയറിയത് എന്റെ അടുക്കളയിലും..ദൈവത്തിന്റെ കാരുണ്യം കൊണ്ടോ..പാമ്പിന്‍ ദയകൊണ്ടോ..ആയുസ്സിന്റെ ബലംകൊണ്ടോ എന്നറിയില്ല, ഒരു പാമ്പും എന്നെയും മോനെയും ഉപദ്രവിച്ചില്ല.പല ജോത്സ്യന്‍ മാരെയും കൊണ്ടുവന്നു പ്രശ്നം വെപ്പിച്ചു.പലരും പറഞ്ഞത് ഒന്നുമാത്രം,പാപം ചെന്ന ഭൂമി..മരണം സുനിശ്ചിതം..ഭാര്യഭര്‍തൃഭന്ധം നിഷിദ്ധം..സര്‍വത്ര നാശം..പ്രേതങ്ങള്‍ അലഞ്ഞു തിരിയുന്നു..എന്നിട്ടും ... അഞ്ചു വര്‍ഷം ഞാനും എന്റെ മകനും ആ വീട്ടില്‍ തനിച്ചു താമസിച്ചു.പ്രേതതെക്കാള്‍ വലിയ ഭൂതം ആണ് ഞാന്‍ എന്ന് പ്രേതങ്ങള്‍ മനസ്സിലാക്കിയിട്ടോ എന്തോ,ഒരു പ്രേതവും എന്റെ അടുത്തുവന്നില്ല. ഇന്നു എനിക്ക് എന്തൊക്കെ നേട്ടം ഉണ്ടായിട്ടുണ്ടോ അതൊക്കെ ആ വീട് പ്ണിതതിനു്‌ ശേഷം ആയിരുന്നു.എന്നിരുന്നാലും ,ഇന്നും ആ വീടിനു ഒരു പൂര്‍ണ്ണത വന്നിട്ടില്ല,എത്ര പണിതാലും പണിതീരാത്ത ഒരു വീടായി ഇന്നും അത് നിലനില്‍ക്കുന്നു.ആ സ്ഥലത്ത് കുടിയേറി താമസിച്ചവര്‍ക്കെല്ലാം പ്രശ്നങ്ങള്‍ എന്നു കേള്‍ക്കുമ്പോഴും വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല.എങ്കിലും ,നല്ലതും,ചീത്തയും ജീവിതത്തില്‍ ഉയര്‍ച്ചയും ,താഴ്ചയും പതിവാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം..എങ്കിലും ഏറെ ദുരൂഹതകള്‍ പിന്നെയും ബാക്കിയാകുന്നു...

Sunday, October 3, 2010

മൂടല്‍ മഞ്ഞു

പകല്‍ അസ്തമിക്കുന്നു
മനസ്സൊരു ഓട്ടപാത്രമായി
ഒഴിഞ്ഞു കിടക്കുന്നു.
മൂടല്‍ മഞ്ഞുപൊതിഞ്ഞു
ഓര്‍മ്മകള്‍ അവ്യക്തം.


പഴയ വേദനകള്‍ മറക്കാന്‍
പുതിയവ അയവിറക്കുന്നു.

നിന്റെ വഴിയിലെ
വെളിച്ചമായി ഞാന്‍ മാറുമ്പോള്‍
എനിക്ക് ചുറ്റിലും
കട്ടപിടിച്ച ഇരുട്ടു..

Saturday, September 25, 2010

തേടുന്നതാരെ

സൈബർ ലോകത്തിന്റെ മാസ്മരീക പ്രപഞ്ചത്തിൽ എപ്പോഴോ , ഏതോ ഒരു നിമിഷം ആണ്‌ ഒരു കാവലാളെപോലെ നീ എന്നിലേക്ക്‌ കടന്ന് വന്നത്‌. എനിക്കറിയില്ല. തികച്ചും ഏകാകിയായിരുന്ന ഞാൻ പരസ്പരം അറിയാതെ ഏതോ ജാലകങ്ങൾക്കപ്പുറവും ഇപ്പുറവുമിരുന്ന് കണ്ണാരം പൊത്തിക്കളിക്കുന്ന , സൗഹൃദത്തിന്റെ പുതിയ മാനങ്ങൾ തേടുന്ന സൈബർ ലോകത്തിലേക്ക്‌ എങ്ങിനെ എടുത്തെറിയപ്പെട്ടു എന്ന്. ഒരു പക്ഷെ എന്റെ ഏകാന്തതകൾ എന്നെ ഞാൻ പോലുമറിയിക്കാതെ നല്ലതും ചീത്തയുമായ ,ചോദിക്കുന്നതെന്തും മടിയില്ലാതെ മുന്നിലേക്ക്‌ വാരിയിടുന്ന ഈ ലോകത്തേക്ക്‌ ആകൃഷ്ടയാക്കിയതാവാം. രസകരമാണീ ലോകം. ചിലപ്പോളെല്ലാം നനുത്ത വേദനകൾ സമ്മാനിക്കുമെങ്കിൽ പോലും.... ജീവിതത്തിന്റെ പല നൂലാമാലകളിൽ കുടുങ്ങികിടക്കുന്ന മനുഷ്യജന്മങ്ങൾ...!! എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലിനിടയിൽ നിനച്ചിരിക്കാതെ കണ്ടുമുട്ടുന്ന, ചെറിയ ചെറിയ ഹായ്‌ വിളികളിൽ തുടങ്ങുന്ന, സുഹൃദ്‌ ബന്ധങ്ങൾ....

ഇപ്പോളെനിക്കറിയാം മുൻപൊരിക്കൽ ചാറ്റിങ്ങിനിടയിൽ നീ പറഞ്ഞ ആ വാക്കുകളുടെ അർത്ഥം. ഓർമ്മയില്ലേ നിനക്ക്‌? അന്ന് ഒന്നും മനസ്സിലാവാതെ ഒരു ബുദ്ധൂസിനെ പോലെ മിഴിച്ചിരുന്ന എന്നെ നീ സ്മെയിലികളിലൂടെ ഒത്തിരി നേരം കളിയാക്കി. അതെ, മനസ്സിന്റെ കോണിലെവിടെയോ ഒരു നേർത്ത പാളികളാൽ മൂടപ്പെട്ടുകിടക്കുന്ന പലതും കാലമെത്രകഴിഞ്ഞാലും ഓർമ്മയുടെ മേച്ചിൻപുറങ്ങളിൽ ഉടമയില്ലാത്ത പശുക്കളെ പോലെ മേഞ്ഞു നടക്കും എന്ന് നീ പറഞ്ഞപ്പോൾ അയ്യോ അവന്റെ ഒടുക്കത്തെ ഫിലോസഫി എന്ന് പറഞ്ഞ്‌ ഞാൻ ആർത്ത്‌ കൂവിയത്‌. പക്ഷെ, ഇപ്പോൾ മനസ്സിലാവുന്നു നീ അന്ന് പറഞ്ഞതിന്റെ പൊരുൾ..

നിനക്കോർമ്മയുണ്ടോ എപ്പോഴാണ്‌ നമ്മൾ പരസ്പരം കണ്ടുമുട്ടിയതെന്ന്? പരസ്പരം ആരെന്നോ എന്തെന്നോ അറിയാതെ നല്ല സുഹൃത്തുക്കളായി നമ്മൾ മാറിയപ്പോഴും ഒരിക്കലും ഞാൻ ഓർത്തില്ലല്ലോ എന്നെങ്കിലും ഒരിക്കൽ അപ്രത്യക്ഷമാവുന്ന വെറുമൊരു നക്ഷത്രമായി നീ മാറുമെന്ന്. ഇന്ന് ഞാൻ എന്റെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അതിൽ നിന്റെ കൈയൊപ്പ്‌ പതിഞ്ഞിട്ടുണ്ടെന്ന് ഞാൻ അറിയുന്നു. അത്‌ മുഴുവൻ നീ നൽക്കിയ സൗഹൃദത്തിന്റെ ശക്തിയിൽ നിന്നും മാത്രമായിരുന്നു.. നിന്റെ കൈ പിടിച്ചല്ലേ ഞാൻ പിച്ചവെച്ച്‌ തുടങ്ങിയത്‌.. പക്ഷെ.. ഇന്ന്.. ഞാൻ നടക്കാറായപ്പോഴേക്കും നീ എവിടെയാണ്‌ പോയ്‌ ഒളിച്ചത്‌? ഇന്നിപ്പോൾ എനിക്ക്‌ കിട്ടുന്ന ഈ അംഗീകാരങ്ങളേക്കാൾ, അനുമോദനങ്ങളേക്കാൾ ഞാൻ കൊതിച്ചത്‌ നിന്റെ പ്രോത്സാഹനങ്ങളായിരുന്നു.. അല്ലെങ്കിൽ നിന്റെ അനുമോദനങ്ങളായിരുന്നു. പക്ഷെ, എവിടെയും നിറ്റ്നെ ഒരു കുറിപ്പും കണ്ടില്ലല്ലോ പ്രിയ സ്നേഹിതാ.. എന്റെ ഇപ്പോഴുള്ള ഈ കുത്തിക്കുറിക്കലുകൾ ഒരിക്കലെങ്കിലും നീ വായിച്ചു കാണുമോ? അച്ഛനായും സഹോദരനായും നീ എന്നെ ശാസിക്കുമ്പോഴും , ഇടക്ക്‌ പറയാതെ പറയുന്ന വാക്കുകളിൽ ഒരു കള്ളകാമുകനാവുമ്പോഴും ഒരിക്കലും ഞാൻ അറിഞ്ഞിരുന്നില്ലല്ലോ തെളിഞ്ഞ്‌ നിൽക്കുന്ന ഈ പച്ച വെളിച്ചം പ്രകാശം നഷ്ടപ്പെട്ട ഒരു ചിഹ്നം മാത്രമാവുമെന്ന്.

ജീവിതത്തിന്റെ കട്ടപിടിച്ച , ഇരുണ്ട മേച്ചിൽ പുറങ്ങളിലൂടെ നീ വീണ്ടും യാത്ര തുടർന്നപ്പോൾ തനിച്ചായി പോയത്‌ ഈ ഞാനല്ലേ ! ചോര്‍ന്നു പോയത് എന്റെ ശക്തിയും ധൈര്യവുമല്ലേ!! ഈ കുറ്റാക്കൂറ്റിരുട്ടിലും നിന്റെ അവ്യക്തമായ കാലടിപാതകൾ പിൻതുടരാൻ ഞാൻ ശ്രമിച്ചെങ്കിലും ജീവിത പ്രാരാബ്ദങ്ങളുടെ ഈ ഘോരവനാന്തരങ്ങളിൽ എനിക്ക്‌ ഒന്നും കാണാൻ കഴിഞ്ഞില്ലല്ലോ.. ഇരുളിന്റെ അഗാധതയിൽ എവിടെയോ ഒളിച്ചിരിക്കുന്ന നിന്നെ തേടിപിടിക്കാൻ എന്റെ കാലുകൾക്ക്‌ ഇന്ന് ശേഷിയില്ലാതായിരിക്കുന്നു. ഇന്ന് ഈ സൈബർ ലോകത്തിന്റെ വിസ്മയത്തിൽ ഒരിക്കലും കാണാത്ത പല കാഴ്ചകളും , നേടാനാവുമെന്ന് കരുതാതിരുന്ന നേട്ടങ്ങളും ലഭിച്ചപ്പോഴും എനിക്ക്‌ സന്തോഷിക്കാൻ കഴിയുന്നില്ലല്ലോ?? നിന്നിലൂടെ , നിന്റെ സൗഹൃദത്തിലൂടെ ഞാൻ നേടിയ പലതും ഇന്ന് നിന്റെ തിരോധാനം ഏൽപ്പിച്ച വിടവിൽ എനിക്ക്‌ ഒന്നുമല്ലാതാകുന്നു. .

മനസ്സിൽ നിന്നും എത്ര ഡിലീറ്റ്‌ ചെയ്താലും ഡിലീറ്റാവാത്ത ചിലതുണ്ടെന്ന് കാലം എന്നെ പഠിപ്പിച്ചല്ലോ.. അതോ നീയാണോ അതും എന്നെ പഠിപ്പിച്ചത്‌!!! നിന്റെ യാത്രയിൽ നീ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ പാതിവഴിയിൽ മുറിഞ്ഞ്‌ പോയ നമ്മുടെ സൗഹൃദത്തിന്റെ നേർത്ത പട്ടുനൂലിഴകൾ.. ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ മുഖം ആൾക്കൂട്ടത്തിൽ എപ്പോഴെങ്കിലും തേടിയിട്ടുണ്ടോ നിന്റെ കണ്ണുകൾ... ഇല്ല , ഓർത്തിട്ടുണ്ടാകില്ല.. അങ്ങിനെ ഓർത്തിരുന്നെങ്കിൽ ഇന്നും നിന്റെ സന്തോഷത്തിലും ദു:ഖത്തിലും പ്രിയ സുഹൃത്തുക്കളിൽ ഒരാളായി ഞാനുണ്ടാവുമായിരുന്നു. പക്ഷെ,നീ എന്നെ ഓർക്കാറുണ്ടെന്ന് എന്റെ മനസ്സിനെ വിശ്വസിപ്പിക്കാൻ ഞാൻ വെറുതെ ശ്രമിക്കട്ടെ.. അങ്ങിനെ വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. നിന്റെ ജീവിതത്തിലെ ലാഭങ്ങളും നഷ്ടങ്ങളൂം സന്തോഷങ്ങളും ദുഃഖങ്ങളും ഒപ്പം.. നിനക്ക്‌ നഷ്ടമായ നിന്റെ പ്രണയത്തിന്റെ നോവും എല്ലാം എല്ലാം നീ പങ്ക്‌ വെച്ചത്‌ എന്നോടല്ലേ? ആ എന്നെ മറവിയുടെ ചവിറ്റുകൊട്ടയിലേക്ക്‌ വലിച്ചെറിയാൻ നിനക്കാവുമോ? ഇല്ലെന്ന് തന്നെ ഇന്നും ഞാൻ വിശ്വസിക്കട്ടെ... നിനക്കയക്കുന്ന മെയിലുകൾ ബൗൺസാകുമ്പോൾ ഞാൻ എന്താണ്‌ വിശ്വസിക്കേണ്ടത്‌?? നിന്റെ ജീവന്റെ തുടിപ്പുകൾ ഈ ഭൂമിയിൽ അവശേഷിക്കുന്നില്ലെന്നോ? അതോ, ജിവിതത്തിന്റെ നെട്ടോട്ടങ്ങളിൽ മെയിലുകൾ തുറക്കാനാവാതെ എല്ലാം ക്യാൻസലായി എന്നോ?? അതോ നിനച്ചിരിക്കാതെ ഉണ്ടായ അന്നത്തെ ആക്സിഡന്റിൽ ബുദ്ധിമാന്ദ്യം സംഭവിച്ച നിന്റെ മകനുവേണ്ടി നീ നിന്റെ ജിവിതം ഉഴിഞ്ഞുവച്ചുവേന്നോ??? അതല്ലാതെ നീ ജിവിച്ചിരിപ്പില്ലെന്നോ നിന്റെ മെയിൽ വിലാസം നീ എന്തിന്റെ പേരിലാണെങ്കിലും മാറ്റിയെന്നോ വിശ്വസിക്കാൻ ഞാൻ ഒരുക്കമല്ല..

എന്നെങ്കിലുമൊരിക്കൽ എന്റെ കുറിപ്പുകളിൽ നിന്റെ കൈയൊപ്പ്‌ പതിയുന്നതും കാത്ത്‌ ഞാൻ ഇരിക്കും എന്ന് നീ അറിയുക.. മറ്റൊന്നിനും അല്ല... ഈ ഭൂമിയിൽ നിന്നിലെ ജീവന്റെ തുടിപ്പ്‌ ശേഷിക്കുന്നുണ്ടെന്നറിയാൻ.. അതിനു വേണ്ടി മാത്രം... ഞാനെന്ന വ്യക്തി അറിയപ്പെടാൻ , ഇങ്ങനെയൊക്കെ ആയിതീരാൻ ദൈവത്തിനെ നിയോഗമായിരുന്നോ നീ.. ഒരിക്കൽ ഒന്നുമല്ലാതിരുന്ന എന്നിലെ ചെറിയ കഴിവുകൾ വരെ കണ്ടെത്തിയ നിന്നോട്‌ ഒരു നന്ദി വാക്കെങ്കിലും പറയാതെ പോകാൻ എനിക്കാവില്ല. അത്‌.. അത്‌ ഇന്നെന്റെ ഏറ്റവും വലിയ മോഹമാണ്‌. അതിന്‌ വേണ്ടി ഞാൻ ഇവിടെ ഈ സൈബർജാലകത്തിന്റെ നേർത്ത തിരശ്ശീലക്ക്‌ പിന്നിൽ കണ്ണിമ ചിമ്മാതെ കാത്തിരിക്കും. അതിനു വേണ്ടി മാത്രം...എപ്പോഴെങ്കിലും ഒരു ചെറിയ പ്രകാശ വലയമായി വീണ്ടും എന്റെ മുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കാൻ നിനക്കാവില്ലെന്ന പ്രതീക്ഷ ഒരു നേർത്തവലയമായി എനിക്ക്‌ ചുറ്റിലും നിറയുന്നു. സൗഹൃദത്തിന്റെ ആ നല്ല നാളുകളിൽ നീ ആരെന്ന് കണ്ടെത്താൻ കഴിയാതെ പോയ എനിക്ക്‌ ഇപ്പോഴറിയാം നീ എനിക്ക്‌ ആരായിരുന്നെന്ന്. ഞാൻ അത്‌ മനസ്സിലാക്കുന്നു. . ഇപ്പോൾ ഞാൻ തേടുന്നതാരെയെന്ന് ഞാനറിയുന്നു.....