Thursday, September 26, 2013

തിരുത്തപ്പെടാനാകാത്ത ജാതകം....





 


''തലക്കുമേല്‍ വെളുത്തൊരാകാശം
തലക്കുള്ളില്‍ കറുകറുത്തതാം മേഘം
അതിലെരിയുന്നുണ്ടൊരു ശോണചന്ദ്രന്‍
അതെന്‍ നിയോഗമാണതെന്റെ ജാതകം.''

അതെ..
എല്ലാം എന്റെ നിയോഗമായിരുന്നു. ജീവിതം കയ്പും, മധുരവും നിറഞ്ഞതാണെന്ന്
പണ്ടുള്ളവര്‍ പറഞ്ഞെതെത്ര ശരിയാണ്. ഏറെ കയ്പുകള്‍ സമ്മാനിക്കുമ്പോഴും ഒരുനുള്ളു
മധുരം അവശേഷിപ്പിക്കുന്ന  ജീവിതം എന്ന കടങ്കഥ.
അതെ ജീവിതത്തെ കടങ്കഥയെന്നു വിശേഷിപ്പിക്കാം എന്നെനിക്ക് തോന്നുന്നു.
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ മാത്രമാകുന്ന  ജീവിതം. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ ഞാനേറെ മുമ്പോട്ടു പോയിരിക്കുന്നു... ഇടക്കെപ്പോഴോ എന്റെ പാതയില്‍ പൂക്കളും ഉണ്ടായിരുന്നു . ജീവിതയാത്രയില്‍ ഞാന്‍ പെറുക്കിയെടുത്ത ഓരോ മുത്തുമണികളും എനിക്ക് പ്രിയപ്പെട്ടവയായിരുന്നു.. അവയെല്ലാം ജീവിതത്തിന്റെ പച്ചയായ നിറഭേതങ്ങള്‍ എനിക്ക് കാണിച്ചു തന്നു.. അവയിലെ ഒളിച്ചുവെച്ച കാക്കക്കറുപ്പിന്റെ കാപട്യം ഞാന്‍ തിരിച്ചറിഞ്ഞു. വര്‍ണ്ണങ്ങള്‍ വാരി വിതറിയ വഴിവക്കിലൂടെ ഓരോ കാലടി വെക്കുമ്പോഴും ഇനി വരാനിരിക്കുന്ന നിറഭേതങ്ങള്‍
എനിക്കജ്ഞാതമായിരുന്നു.. എങ്കിലും ഞാന്‍ പതറിയില്ല. മുമ്പിലെ പടികള്‍ ഓരോന്നായി ചവിട്ടിക്കയറി. ഇടറി വീഴാന്‍ തുടങ്ങുമ്പോള്‍ ഒരു താങ്ങിനായി ഞാന്‍ പരതി.
കൂര്‍ത്ത കല്ലുകളില്‍ തട്ടി കാലില്‍ ചോര പൊടിഞ്ഞിട്ടും, കുണ്ടിലും
കുഴിയിലും പലവട്ടം വീണിട്ടും ഞാന്‍ തോറ്റില്ല. പൊരുതുകയായിരുന്നു...
എന്നോടു തന്നെ... തോല്ക്കാന്‍ തയ്യാറല്ലായിരുന്നു.. മരുഭൂമിയിലെ കൊടുംചൂടില്‍
ഉള്ളു പൊള്ളുമ്പോഴും കുളിരുള്ള സ്വപ്‌നങ്ങളെ കെട്ടിപ്പിടിച്ച് ഓര്‍മ്മകളുടെ
ഭാണ്ഡത്തിലെ തുടിക്കുന്ന ഓര്‍മ്മകളെ താലോലിച്ച് ഞാന്‍ ഉറങ്ങി. എവിടെയും

തോല്‍ക്കരുതെന്ന് ആശിച്ചിട്ടും പലവുരു എന്നോടുതന്നെ പറഞ്ഞിട്ടും
എവിടെയൊക്കയോ ഞാന്‍ തോറ്റുപോയി.

തീജ്വാലകള്‍ക്കിടയിലൂടെ ജീവിതത്തിന്റെ മധ്യകാലത്തിലേക്കുള്ള യാത്രയില്‍ എനിക്ക്
എന്നെത്തന്നെ നഷ്ടമായി.  ജീവിതയാത്രയുടെ തുടക്കത്തില്‍ തിരിച്ചറിയാതെ പോയ
യാഥാര്‍ത്ഥ്യങ്ങളെ, ഞാന്‍ നെയ്ത എന്റെ നിറമുള്ള സ്വപ്‌നങ്ങളെ, യാത്രയുടെ ഓരോ
നിമിഷത്തിലും ഞാന്‍ പെറുക്കിയെടുത്ത മണിമുത്തുകളെ, ഓരോന്നായി  വഴിവക്കില്‍
വലിച്ചെറിഞ്ഞു. ജീവിതമെന്ന മഹാ പാഠപുസ്തകതില്‍നിന്നും മനസിലാക്കിയ
നെല്ലിക്കയുടെ കയ്പ്പും പുളിപ്പുമാര്‍ന്ന  ജീവിതമെന്ന യാത്രയില്‍ ഞാന്‍
തനിച്ചായി. ബാല്യത്തില്‍ ഞാന്‍ പഠിച്ച സഹനം എനിക്കെന്നും തുണയായി.ഏതു
പരിതഃസ്ഥിതിയിലും ഞാന്‍ അതിജീവനം ശീലമാക്കി.
പതറാതെ പടികള്‍ കയറുമ്പോഴും മുമ്പില്‍ ശൂന്യത നിറഞ്ഞുനിന്നു. എന്നെങ്കിലും
വിജയത്തിന്റെ കൊടുമുടിയില്‍ എനിക്കെത്താന്‍ കഴിയുമെന്ന് വെറുതെയെങ്കിലും
ആശ്വസിച്ചു. ഒടുവില്‍ മുകളിലെത്തപ്പെട്ടപ്പോള്‍ ഒരുസത്യം ഞാന്‍ തിരിച്ചറിഞ്ഞു.
യാത്രയുടെ തുടക്കത്തില്‍ എന്നെ പിന്തുടര്‍ന്ന വെളിച്ചം പാതിവഴിയിലെപ്പോഴോ
നിലച്ചുപോയെന്ന്..


ആരൊക്കയൊ എനിക്കൊപ്പൊം ഉണ്ടെന്ന തോന്നലിലൂടെ ആയിരുന്നു
എന്റെ യാത്ര. അതെന്റെ വെറും തോന്നല്‍ മാത്രമായിരുന്ന. ഞാന്‍
ഏകയായിരുന്നു. പരാജയങ്ങളുടെ ചതുപ്പുനിലത്തില് വീണ് തോല്ക്കാനെനിക്ക്
മനസ്സില്ലെന്ന് പറയുമ്പോഴും അസ്വസ്ഥമാകുന്ന  മനസ്.  തികച്ചും
ഏകയും, ദരിദ്രയും ആയപ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ കൊണ്ടു ഞാന്‍ സമ്പന്നയായി
.എന്റെ സ്വപ്നങ്ങള്‍ക്കിന്ന്  ജീവന്റെ തുടിപ്പില്ല. ഓര്‍മ്മകളുടെ
മാധുര്യവും ഇല്ല. ജീവിതമെന്ന നെല്ലിക്കയുടെ കൈപ്പുനീര്‍ മാത്രം.
സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ജീവനറ്റുപോയിരിക്കുന്നു. കയറിവന്ന
ഉയരത്തില്‍നിന്നും യാഥാര്‍ത്ഥ്യമെന്ന താഴ്ചയിലേക്ക്
ഉറ്റുനോക്കുകയാണ് ...ഞാനിപ്പോള് പാതാളത്തോളം ആഴമുള്ള ഗര്‍ത്തത്തിലേക്ക്
വീണുകൊണ്ടിരിക്കുന്നു.. കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപെട്ടിരിക്കുന്നു. അവിടം
ഇരുട്ടാണ് ..കൂരാക്കൂരിരുട്ട്. അര്‍ഹതപ്പെട്ട സ്‌നേഹവും ലാളനയും എന്റെ
പ്രതീക്ഷകള്‍ക്കൊപ്പം വളരാതെപോയപ്പോള്‍ നിരാശ എന്നില്‍ ഒരു അര്‍ബുദമായി പടര്‍ന്നു.
അതെ.... ഇതെന്‍ നിയോഗമാണിതെന്റ ജാതകം...
തിരുത്തപ്പെടാനാകാത്ത ജാതകം....

Saturday, May 18, 2013

ഇരുട്ട്

 





















സ്വപ്‌നങ്ങൾ പിറക്കുന്നതും ,
സ്വപ്ങ്ങൾ പിടഞ്ഞു ഇല്ലാതാകുന്നതും ഇരുട്ടിലത്രേ
കരയുന്ന കണ്ണുകളെ ഒളിപ്പിക്കാനും
ഇരുട്ടിനെയാണ്എനിക്കേറെയിഷ്ടം .
എല്ലാം അറിഞ്ഞും ഒന്നും അറിയാത്ത
തുപോൽ
ഊറിചിരിക്കാനും വേണമെനിക്കിരുട്ട് ....

ഇരുട്ടറ കണക്കെൻഅകവും  ഇരുട്ടാണ്‌.
എങ്കിലും ഞാനെൻ  കണ്ണുകൾ മിഴിചിരിപ്പാണ്
നിൻ കണ്ണുകൾ അടയാതിരിക്കാൻ!

Tuesday, March 12, 2013

ഞാനറിയുന്നു..



















നിന്നെ ഞാനറിയുന്നു
നിഴലായ്  വെളിച്ചമായ് ,
ആഹ്ലാദമായ്‌  ,വിഷാദമായ് ,
പിന്നെയോ ?നിലാവിന്‍ ഏറ്റിറക്കമായ്‌

നിന്നെ ഞാനറിയുന്നു
ബന്ധുര  മോഹമായ്!

എന്റെയീ വഴിയിലെ
വിളക്കും
മെൻഭാരഇറക്കുമൊരത്താണിയും ,
 എന്റെഎല്ലാം  നീയെന്നറിയുന്നു.

എങ്കിലും ഞാനറിയുന്നു ,
എന്റെതായില്ല എനിക്കൊന്നുമെന്നും.

Thursday, February 7, 2013

ഒരു പേരിലെന്തിരിക്കുന്നു?



ഒരു പേരിലെന്തിരിക്കുന്നു?” എന്നു ചോദിച്ചതു വിശ്വമഹാകവി   ഷേക്സ്പിയറാണു് .പേരിലെന്തിരിക്കുന്നു എന്ന ചോദ്യം ഇന്ന്‌ ഒരുപക്ഷേ അപ്രസക്തമാണെങ്കിലും ഒരുകാലത്ത്‌ പേര്‌ ഒരു കേവല വ്യക്തി ഐഡന്റിറ്റി മാത്രമായിരുന്നില്ല, മറിച്ച്‌ അതു മറ്റു പലതും കുറിക്കുന്നുണ്ടായിരുന്നു. പേരുകളില്‍ ജാതിയും മതവും എല്ലാം ഒളിഞ്ഞിരുന്നു.ആളുകളുടെ ജാതിയും മതവും,സാമൂഹികസ്ഥാനവും തിരിച്ചറിയിച്ചുകൊണ്ടാണ്‌ പണ്ട് പേരുകള്‍ കൊടുത്തിരുന്നത്‌.
 അച്ഛനമ്മമാരുടെ പേരുമായി ബന്ധപ്പെടുത്തി മക്കളുടെ പേരിടുന്നതു പണ്ടേ ഉണ്ടായിരുന്നു. പാഞ്ചാലരാജാവായ ദ്രുപദന്റെ മകള്‍ക്കു പാഞ്ചാലി/ദ്രൌപദി, മൃകണ്ഡുവിന്റെ മകനു മാര്‍ക്കണ്ഡേയന്‍, പാശ്ചാത്യരുടെ ഇടയിലും കുടുംബം,ആഭിജാത്യം എന്നിവയുടെ അടിസ്ഥനാത്തിൽ പേരുകൾ വിളിച്ച്‌ പോന്നു   ജോണിന്റെ മകനു ജോണ്‍സണ്‍ എന്നിങ്ങനെ . അടുത്ത കാലത്തായി അച്ഛനമ്മമാരുടെ പേരുകളുടെ ആദ്യത്തെ അക്ഷരങ്ങള്‍ ചേര്‍ത്തു് കുട്ടിയ്ക്കു പേരുണ്ടാക്കുന്നതും കാണുന്നുണ്ടു്. രാമന്‍ , ജാനകി യുടെയും മകള്‍ക്കു “രാജി ” എന്നു പേരിടുന്നതു പോലെ. 
 
കുട്ടികള്‍ക്കു പേരിടുമ്പോള്‍ അര്‍ത്ഥമുള്ള പേരുകളാണോ അതോ വിളിക്കാന്‍ എളുപ്പമുള്ള പേരുകളാണോ ഇടേണ്ടതു് ?
മറ്റെങ്ങും ഇല്ലാത്ത വിചിത്രവും അര്‍ത്ഥശൂന്യവുമായ പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ മലയാളികള്‍ പൊതുവെ മുന്‍പന്തിയിലാണ്
ഇന്നത്തെ കാലത്ത് കുട്ടികളുടെ പേര് കേട്ടാല്‍ നാവു വഴങ്ങുകയില്ല അതൊന്നു പറയാന്‍.വ്യത്യസ്ത മായ പേരുകള്‍ ഇടാന്‍ അച്ഛനമ്മമാര്‍ മത്സരിക്കുന്നത് കണ്ടിട്ടുണ്ട് ഈയിടെ ചില കുട്ടികളുടെ പേരുകള്‍ കേട്ടപ്പോ ആ അച്ഛനമ്മരോടും ഒപ്പം ആ കുട്ടികളോടും ഒരു പോലെ   
  സഹതാപം തോന്നി.പീലി,തത്തമ്മ,നാക്കിയ,നിസിന്‍ എന്നിങ്ങനെ    
   വിചിത്രമായ പേരുകൾ
കേട്ടപ്പോ ഇന്നത്തെ തലമുറയുടെ കുഴപ്പം എന്നുകരുതി സമാധാനിച്ചു.
പ്രത്യേകിച്ചും  പെണ്‍കുട്ടികള്‍ക്ക് പേരിടുമ്പോള്‍  ആ പേരില്‍ത്തന്നെ ഒരു ഓമനത്തം അല്ലെങ്കില്‍ കേള്‍ക്കുമ്പോള്‍ തന്നെ കാണാതെ ആ വ്യക്തിയുടെ രൂപം
മനസ്സില്‍ തെളിയണം എന്ന പക്ഷക്കാരി ആണു ഞാന്‍ ..പണ്ടത്തെ പേരുകള്‍ 
പേരുകൾ എല്ലം തന്നെ അത്തരത്തിൽ ഉള്ളതായിരുന്നു 
 
എന്ന്
 പറയാം.ചില പേരുകള്‍ കേൾക്കുമ്പോൾ ആ വ്യക്തിയുടെ  ഒരു ഭീകര രൂപം മനസ്സില്‍ വന്നേക്കാം.നേരിട്ട്‌ കാണുമ്പോൾ ചിലപ്പോൾ ആ വ്യക്തി 
തിരിച്ചായേക്കാം.ചില പേരുകളിൽ തന്നെ ഒരു സൗമ്യതയും കാണം.പണ്ടൊക്കെ പേരുകൾ  കേട്ടാല്‍  അയാളുടെ ജാതിയും ,തൊഴിലും,കുലവും മനസ്സിലാകുമായിരുന്നു.ഇന്നത്തെ പേരുകൾ  കേട്ടാൽ ആണാണോ ,പെണ്ണാണോ എന്ന് ഒരു നിമിഷം സംശയിച്ചേക്കാം.നായരാണോ,ക്രിസ്ത്യാനിയാണോ,മുസ്ലീം  ആണോ എന്ന് വേര്‍തിരിച്ചറിയുക പ്രയാസമായിരിക്കുന്നു. അതറിയുക ഒരത്യാവിശ്യ   ഘടകമാണു എന്ന വാദത്തിനു വേണ്ടിയല്ല ,മാറ്റങ്ങൾ അത്ര വരെ എത്തി എന്നു സൂച്ചിപ്പിച്ചു എന്നു മത്രം.

കോമൻ,പങ്കജാക്ഷൻ,ഉത്പലാക്ഷൻ,കാളി,കോമളവല്ലി,പുഷപ,കോമളൻ  തുടങ്ങിയ പേരുകള്‍ എല്ലാം തന്നെ ഇന്ന് വംശനാശം വന്ന പേരുകളായി മാറിയിരിക്കുന്നു.

ചിലരുടെ  യഥാര്‍ത്ഥ പേരുപറഞ്ഞാല്‍ ആരും അവരെ  അറിഞ്ഞെന്നു വരില്ല.. 
ഇരട്ടപ്പേരുകളിലുടെയോ,വട്ടപ്പേരുകളിലുടെയോ

 അറിയപ്പെടുന്ന ഒരുപാട് ആളുകള്‍ ഉണ്ട്.വളരെ രസകരമായ
അത്തരം പേരുകള്‍ ഒരിക്കല്‍ ചാർത്തി  കിട്ടിയാല്‍ പിന്നീട് മരിച്ചാല്‍ പോലും ആ പേര് നിലനില്‍ക്കും..സ്ക്കൂളുകളില്‍ ടീച്ചര്‍ മാര്‍ക്കും,മാഷ്മാര്‍ക്കും,ഇത്തരം പേരുകള്‍ ധാരാളമായി ഉണ്ടാകാറുണ്ട്.കുട്ടികള്‍ പരസ്പ്പരം  വഴക്കിടുമ്പോള്‍ ഇത്തരം പേരുകള്‍ വിളിക്കാറുണ്ട്‌. ചെറുപ്പക്കാലത്ത്‌ എനിക്കും എന്‍റെ വീട്ടിലെ മിക്കവര്‍ക്കും ഉണ്ടായിരുന്നു രസകരമായ ഇരട്ടപ്പേരുകൾ.ഉണ്ടക്കണ്ണി,മത്തകോഴി,നീർക്കോലി,  ഉണ്ടപക്രു..(ഇതില്‍ എന്‍റെ പേരില്ല ട്ടോ)
ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്ന മനോഹരങ്ങളായ ചില പേരുകള്‍ ഞാന്‍ ഓര്‍ക്കുകയാണ്..
പണ്ട് കെ ആര്‍  വിജയ സിനിമയില്‍ കത്തി നിന്നകാലം ,കെ ആര്‍ വിജയയോടു  പ്രണയം തോന്നി ഒരാള്‍ മദ്രാസ്സിലേക്ക് വണ്ടികയറി.കെ ആര്‍  വിജയയെ ഒരുനോക്ക്
കാണുവാന്‍ പോലും കഴിയാതെ തിരിച്ചുവന്ന അദേഹത്തിന്   പേരിനൊപ്പം കെ ആര്‍ ചാര്‍ത്തി കിട്ടുകയുണ്ടായി..അങ്ങിനെ ഇന്നും ആ വ്യക്തി കെ ആര്‍ കേശവന്‍എന്നറിയപ്പെടുന്നു..
പട്ടി കുമാരന്‍..കുമാരേട്ടന്‍ വര്‍ഷങ്ങളായി ഒരു പ്രവാസിയായിരുന്നു.നാട്ടില്‍ ഒരു പ്രമാണിയായി വിലസിനടന്നിരുന്ന കാലം വീട്ടില്‍ നാലഞ്ചു നായക്കളും
ഉണ്ടായിരുന്നു.രാവിലെ എന്നും  പ്രഭാത സവാരിക്കിറങ്ങുമ്പോള്‍  നായക്കളെയും കൂടെ കൂട്ടും അങ്ങിനെ കുമാരേട്ടന്‍ പട്ടി കുമാരേട്ടന്‍ ആയി മാറി.
കുടുക്കി...ഞങ്ങളുടെ നാട്ടിലെ  വലിയ പണക്കാരനും അതിലുപരി വലിയ ബിസ്സിനസ്സ്  സാമ്രാട്ടും .ആദ്യം അയാള്‍ ഒരു സ്ഥലം വാങ്ങിയാല്‍ ക്രമേണ അതിനു ചുറ്റുമുള്ള
സ്ഥലം എങ്ങിനെയെങ്കിലും  കരസ്ഥമാക്കിയിരുന്നു.അങ്ങിനെ പലരെയും കുടുക്കിയും ,പണക്കാരനായി തീര്‍ന്ന അയാള്‍  കുടുക്കി  ജബ്ബാര്‍ എന്നറിയപെട്ടു.
രസകരങ്ങളായ വേറെയും ഒരുപാട് പേരുകൾ കോഴിക്കാട്ടം  ,  തുപ്പല്‍സാമി,കൂറ്റന്‍ അച്ചു,തവള
   വഴക്കിടുമ്പോള്‍ ആകും കൂടുതലായും   ഇത്തരം  പേരുകള്‍ പുനർജനിക്കുകയോ 
പുറത്തു വരികയോ ചെയ്യുക.

Sunday, October 7, 2012

വാചാല

 









ഇരുളിനും വെളിച്ചത്തിനുമിടയില്‍
പച്ചപ്പിനും,മരുഭൂവിനുമിടയില്‍
പെട്ട് ഞെരിഞ്ഞമരും ജീവിതത്തെ
ഞാനെന്തുപേരിട്ടു വിളിക്കും.?

ജീവിതകാലമത്രയും സ്നേഹത്തിന്‍
തത്വശാസ്ത്രത്തില്‍ വാചാലയായവള് ,
അലങ്കരിച്ച ജീവിതത്തിനും,
തെളിച്ചുവെക്കും വിളക്കുകള്‍ക്കുമിടയില്‍ ‍
ഏകയായ കളമെഴുത്തുകാരിയായ് ഇന്നുമാറി

തലച്ചോറില്‍ വാക്കുകളുടെ ചൂളം വിളി
ഇടക്കിടെ കടന്നുപോകുമ്പോള്‍ രണ്ടു ദിശയിലേക്കുള്ള
തീവണ്ടി പോലെ ഞാനും നീയും
കാതങ്ങള്‍ താണ്ടി കഴിഞ്ഞു.