Sunday, June 19, 2011

മനസ്സ്






ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഏതാനും മണിക്കൂറുകള്‍ ... ആ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കേണ്ടി വന്നവര്‍ എന്തായിരിക്കാം ചിന്തിച്ചിട്ടുണ്ടാവുക? ജീവിതത്തിന്റെ കെട്ടിയാടലുകള്‍ ഇവിടെ തീരുകയാണെന്നോ?? അതോ ഇനി ഒരിക്കലും കണ്ണുതുറക്കാതെ സുഖ നിദ്രയില്‍ ആഴ്തണേ എന്നോ. ജീവിതത്തോട് കൂടുതല്‍ ആസക്തി കൂള്ളവര്‍ ഒരുപക്ഷെ എന്റെ ജീവനും , ഓര്‍മ്മയും ഇല്ലാതാക്കല്ലേ എന്ന് ചിന്തിച്ചേക്കാം . ഞാന്‍ എന്തായിരുന്നു ആ നിമിഷം ചിന്തിച്ചിരുന്നത്.?

ജീവിതത്തിന്റെയും മരണത്തിനും ഇടയിലുള്ള ഒരു കൈവിട്ട കളിയാണിതിതെന്ന്‍ ഞാന്‍ ചിന്തിച്ചു പോയത് എനിക്കൊരു സര്‍ജറി വേണമെന്ന് ഡോക്റ്റര്‍ എന്നോട് പറഞ്ഞപ്പോള്‍ മാത്രമാണ്. ഓപ്പറേഷന്‍ തീയറ്ററിലേക്ക് കയറുന്നതിന്റെ തൊട്ടുമുന്‍പ് അമ്മയെ കെട്ടിപിടിക്കുമ്പോള്‍
എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞിരുന്നോ.... അറിയില്ല.. അറിയാതെയെങ്കിലും പ്രതീക്ഷയുടെ ഒരു നനുത്ത സ്വാന്ത്വനം അപ്പോള്‍ എന്നില്‍ അവശേഷിച്ചിരുന്നു. ഒരു പക്ഷെ ഞാന്‍ ജീവിതത്തിലേക്ക് തിരികെ എത്തിയില്ലെങ്കിലോ? എന്റെ മനസ്സിലെ ചിന്തകള്‍ ഒന്നും ആര്‍ക്കും മനസ്സിലാവാന്‍ ഇടനല്‍കാതെ ഓപ്പറേഷന്‍ തീയ്യറ്ററിന്റെ വാതില്‍ അടയുമ്പോള്‍ അമ്മയുടെ കലങ്ങിയ കണ്ണുകളില്‍ നിറഞ്ഞ നിസ്സഹായ മുഖം ഞാന്‍ കണ്ടു. മരണത്തിനും ജീവിതത്തിനും ഇടയിലൂടെ ഉള്ള നൂല്പ്പാലത്തിനു മുകളിലൂടെയാണ്‌ ഇനി ഞാന്‍ സഞ്ചരിക്കേണ്ടത് എന്ന ചിന്ത എന്നെ അലട്ടിയതെയില്ല. തീയ്യറ്ററില്‍ കയറുകയാണെന്ന അവസാന സന്ദേശം പ്രിയതമന് കൈമാറുമ്പോള്‍ മനസ്സ് പതറിയിരുന്നോ.. മകനോടോന്ന് മിണ്ടാന്‍ അറിയാതെയെങ്കിലും കൊതിച്ചു. ആ ബന്ധവും വിച്ഛേദിച്ച് ഫോണ് നിശ്ചലം ആയപ്പോള്‍ എനിക്ക് ചുറ്റിലും ഒരു ശൂന്യത പടരുന്നത്‌ മെല്ലെ ഞാന്‍ അറിഞ്ഞു. ബന്ധങ്ങള്‍ എല്ലാം ഓരോന്നായി എടുത്തെറിയപ്പെട്ടു കഴിഞ്ഞു. എന്റെ ഊഴവും കാത്തു കിടക്കേണ്ടി വന്നപ്പോള്‍ ഒരു വീര്‍പ്പുമുട്ടല്‍ .. എല്ലാവരുടെയും മുഖം ഒരിക്കല്‍ കൂടി കാണണം എന്നൊരാശ... പ്രിയപ്പെട്ടവരുടെ ഓരോരുത്തരുടേയും മുഖം മനസ്സിലൂടെ മിന്നി മറഞ്ഞു. ഇനി ഒരു പക്ഷെ ഞാന്‍ ഒരിക്കലും കണ്ണുതുറക്കാതെ പോയാല്‍ പറയാതെ ബാക്കി വെച്ച വാക്കുകള്‍ ...കേള്‍ക്കാനായി കാത്തുവെച്ച വാക്കുകള്‍ ...എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചു നടന്നു നീങ്ങുകയാണെന്ന തോന്നലില്‍ എന്റെ കണ്ണില്‍ കണ്ണുനീര്‍ പൊടിയുന്നത് ഞാനറിഞ്ഞു. തീയ്യറ്ററിന്‌ പുറത്തു നീയപ്പോള്‍ എന്നെ കാത്തു നില്‍ക്കുന്നത് വെറുതെയെങ്കിലും സങ്കല്‍പ്പിച്ചു. കണ്ണൂതുറക്കുമ്പോള്‍ നീ അവിടെ ഉണ്ടാകണം എന്നു ഞാന്‍ ആശിച്ചിരുന്നു. നീണ്ട എന്റെ കാത്തിരിപ്പിനും ചിന്തകള്‍ക്കും ഒടുവിലായി എന്റെ പേര് വിളിച്ചപ്പോള്‍ ഹൃദയം നിയന്ത്രണാതീതമായി പിടച്ചിരുന്നത് എന്തിനായിരുന്നു. ഞാന്‍ എന്ന സത്യം ഇവിടെ അസ്തമിച്ചേക്കുമോ എന്ന ഭയമോ ,മരിക്കാന്‍ പേടിയില്ലാത്ത നീ എന്തിനാണ് ഭയക്കുന്നതെന്ന് ഞാന്‍ എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ തിരിച്ചു വരുന്നതും പ്രതീക്ഷിച്ച്.. എന്റെ വിളിയും പ്രതീക്ഷിച്ച് കാതങ്ങള്‍ക്കപ്പുറം നീ നെടുവീര്‍പ്പിടുന്ന സ്വരം എന്റെ ചെവിയില്‍ മുഴങ്ങിയിരുന്നു...
അനസ്തേഷ്യയുടെ സൂചിമുനകള്‍ എന്റെ ശരീരത്തില്‍ ആഴ്ന്നിറങ്ങുമ്പോള്‍ ഭൂമിയുമായുള്ള ചിന്തയുടെ അവസാന സമ്പര്‍ക്കം നിലക്കുമ്പോള്‍ കൃഷ്ണാ എന്ന് ഞാന്‍ വിളിക്കുമ്പോഴും എന്റെ ചിന്തകളില്‍ നീയായിരുന്നു. അവസാന വിളിയില്‍ ജീവിക്കാനുള്ള കൊതിയായിരുന്നോ ,അതോ.. അതോ നഷ്ടപെടുന്ന വേദനയോ ...എല്ലാ ബന്ധവും ഭൂമിയില്‍ ഉപേക്ഷിച്ച് എന്റെ മനസ്സൊരു പഞ്ഞികെട്ടായി പറന്നുയരുന്നത് ഞാനറിഞ്ഞു ...

മണിക്കൂറുകള്‍ക്കു ശേഷം എന്റെപേര് ആരോ ഉച്ചത്തില്‍ വിളിക്കുന്നത്‌ ഞാന്‍ കേട്ടു. ആ വിളിക്കുത്തരമായി പതുക്കെ മൂളുമ്പോള്‍ എവിടെയൊക്കയോ വേദന എന്റെ ശരീരത്തെ കീഴടക്കുന്നത്‌ ഞാന്‍ അറിഞ്ഞു... എന്റെ ചിന്തകള്‍ക്കും,ബോധത്തിനും ഒന്നും സംഭവിചിട്ടില്ലെന്നും ഡോക്റ്റര്‍ക്ക് കൈപ്പിഴ പറ്റിയിട്ടില്ലെന്നും അറിഞ്ഞപ്പോള്‍ ജീവിതമെന്ന എന്റെ നിയോഗം അവസാനിച്ചിട്ടെല്ലെന്ന് എനിക്ക് ബോദ്ധ്യമായി.

വെളിച്ചത്തിലേക്ക് എന്നെ കൊണ്ട് പോകുമ്പോള്‍ മോളൂ ഞാന്‍ ഇവിടെ ഉണ്ടെന്നു പറയുന്ന നിന്റെ ശബ്ദം കേള്‍ക്കാന്‍ എന്റെ ഉപബോധ മനസ്സു അലയുന്നത് ഞാന്‍ അറിഞ്ഞു.. സംസാരിക്കാറായപ്പോള്‍ നിന്റെ നെടുവീര്‍പ്പുകള്‍ ഞാന്‍ അറിയാതിരിക്കാന്‍ നീ ശ്രമിക്കുന്നത് ഞാന്‍ അറിഞ്ഞു.. നീണ്ട മൂന്നു മണിക്കൂറുകള്‍ മരണത്തിനും ജീവിതത്തിനും ഇടയിലൂടെ ഉള്ള നൂല്‍‌പാലത്തിലൂടെ ഞാന്‍ സഞ്ചരിച്ചപ്പോള്‍ ആയിരുന്നോ നീ എന്നെ സ്നേഹിച്ചു തുടങ്ങിയത്..?
ഒരിക്കലും തിരികെ വരാതെ ഞാന്‍ നിശ്ചലമായേക്കും എന്ന ഒരു സത്യത്തെ നീ അപ്പോഴാണോ തിരിച്ചറിഞ്ഞത് .. അത് തിരിച്ചറിയാന്‍ നിനക്ക് എനിക്ക് ബോധം നഷ്ടപ്പെട്ട ആ മൂന്നു മണിക്കൂറുകള്‍ വേണ്ടി വന്നു !. ഞാന്‍ എന്ന വ്യക്തിയെ സ്നേഹിക്കാന്‍.. നിനക്കുപറയാനുള്ളത് മുഴുവന്‍ പറഞ്ഞുകേള്‍പ്പിക്കാന്‍, നിന്റെ പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും ചെവി തരുവാന്‍, നിനക്കും താങ്ങും തണലുമായി ഞാനീ ജീവിതകാലം മുഴുവന്‍ ഉണ്ടാവണമെന്ന തോന്നല്‍ നിന്റെ ഉള്ളില്‍ നിറയാന്‍ ഞാന്‍ ബോധം മറിഞ്ഞ് കിടന്ന ആ മൂന്ന് മണിക്കൂറുകള്‍ വേണ്ടിവന്നോ ? വിളിച്ചാല്‍ വിളികേള്‍ക്കാത്ത ദൂരത്തിലാണ് ഞാന്‍ ഉള്ളതെന്ന തോന്നലില്‍ ആയിരുന്നോ പ്രിയനേ എന്നിലെ മുറിവുകള്‍ നിന്നിലേക്ക് കൂടെ പകുത്തെടുക്കണമെന്ന് തോന്നിയത്. എന്തായാലും ഇപ്പോഴെങ്കിലും നിനക്ക് അത് തോന്നിയല്ലോ. എന്റെ ശ്വാസം നിലക്കാതിരിക്കാന്‍ നീ ആഗ്രഹിച്ചു പോയ മൂന്നു മണിക്കൂറുകള്‍.. അവിടെ തുടങ്ങട്ടെ എന്റെ ശരീരത്തിന്റെ പുതിയ ജീവിതം.

39 comments:

Anonymous said...

Lachu,exclnt..keep on write and expecting mre frm you.
sashi

ajith said...

ലച്ചു, ഇതെന്താ, വല്ല സര്‍ജറിയുടെയും അനുഭവത്തിലെഴുതിയതാണോ? അതോ വെറും ഭാവനയോ? അനുഭവം പോലെ തോന്നിപ്പിക്കുന്ന വാക്കുകള്‍ ആയതുകൊണ്ടാണീ ചോദ്യം. എന്തായാലും നന്മകള്‍ നേരുന്നു.

Ismail Chemmad said...

ഒരു ലേബല്‍ ഇല്ലാത്തത് കൊണ്ടു, അനുഭവമോ ഭാവനയോ എന്ന് തിരിച്ചറിയാന്‍ വയ്യ. പക്ഷെ ഒന്ന് ഞാന്‍ പറയാം ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ കുറിച്ചിട്ടു. അഭിനന്ദനങ്ങള്‍ ലച്ചു.

Unknown said...

ആദ്യ സര്‍ജറിക്ക് ഞാന്‍ വിധേയനായപ്പോള്‍ തോന്നിയ അതേ വികാരവിചാരങ്ങള്‍ ലച്ചു ഇവിടെ കുറിച്ചിട്ടിരിക്കുന്നു.... ഹൃദയസ്പര്‍ശിയായ വാക്കുകളും, കൃത്യതയാര്‍ന്ന നിരീക്ഷണങ്ങളും.

Unknown said...

ആദ്യ സര്‍ജറിക്ക് ഞാന്‍ വിധേയനായപ്പോള്‍ തോന്നിയ അതേ വികാരവിചാരങ്ങള്‍ ലച്ചു ഇവിടെ കുറിച്ചിട്ടിരിക്കുന്നു.... ഹൃദയസ്പര്‍ശിയായ വാക്കുകളും, കൃത്യതയാര്‍ന്ന നിരീക്ഷണങ്ങളും.

അനിയൻ തച്ചപ്പുള്ളി said...

ചില കാര്യങ്ങള്‍ അങ്ങിനെ ആണ് ഒരുപ്പാട്‌ വര്ഷം കൂടെ ഉണ്ടായാലും ചിലപ്പോള്‍ ഇതു പോലെ ഒരു നിമിഷം വേണ്ടി വരും പരസ്പരം മനസ്സിലാക്കാന്‍ .നന്നായി എഴുതി അക്ഷരതെറ്റുകള്‍ കുടി ഒഴിവാക്കാമായിരുന്നു."അമ്മയുടെ കലങ്ങിയ കണ്ണുകള്‍ നിറഞ്ഞ, നിസ്സഹായ മുഖം " ലച്ചു ആ വരികളില്‍ എവിടേയോ ഒരു കുടി ചെരയ്മ ഉണ്ട് .അത് ഒന്ന് കൂടെ വായിച്ചു ശരിയാക്കിയാല്‍ നന്നായിരുന്നു

Manoraj said...

ഒരു മനസ്സ് ശരീരത്തിന്റെ അവസ്ഥയില്‍ ആധിപൂണ്ട് സംസാരിക്കും പോലെയും ഒരു സ്ത്രീ ആരെയോ പ്രതീക്ഷിച്ച് എഴുതിയ പോലെയും ഫീല്‍ ചെയ്യുന്നു. നന്നായി എഴുതിയിട്ടുണ്ട്. എനിക്ക് തോന്നുന്നു ഒരു പക്ഷെ സര്‍ജറിക്ക് കയറിയ ഒരു ശരീരത്തിന് ജീവിക്കുവാനുള്ള പ്രേരണ മനസ്സ് കൊടുക്കുന്നതായിട്ട്. എന്റെ വായന തെറ്റെങ്കില്‍ തല്ലിക്കൊല്ല് :):)

അലി said...

ജീവിതത്തേക്കുറിച്ച് ആഴത്തിൽ ചിന്തിക്കുവാൻ ചില നിമിത്തങ്ങൾ ഹേതുവാകും. സ്നേഹിക്കുന്നവരും സ്നേഹിക്കപ്പെടുന്നവരും എന്നും ഒപ്പമുണ്ടാകട്ടെ.

ജസ്റ്റിന്‍ said...

Lachu,

വിഹ്വലതകള്‍

sreee said...

കത്തിവയ്ക്കാൻ കാത്ത് തിയേറ്ററിനു മുൻപ്പിൽ കാവൽ, ഒരുകൂട്ടം ഡോക്ടർമാർ ഒത്തു ചുറ്റും കൂടുന്നതു, അനസ്തീഷ്യ തരുന്നതു പിന്നെ നഷ്ടമായ സമയം.....പിന്നെ എപ്പോഴോ ഐ.സി.യു വിൽ കണ്ണുതുറക്കുന്നതു,മരിച്ചിട്ടില്ലായെന്നു ഓർമപ്പെടുത്തലുമായി കാണാനെത്തുന്ന ബന്ധുക്കൾ ഇതിനെല്ലാം ഉപരിയായി ഐ.സി. യു വിലെ കിടപ്പ് , അതാണു സഹിക്കാൻ കഴിയാത്തത്.ചുറ്റും കിടക്കുന്ന ദയനീയ മുഖങ്ങൾ,നഴ്സുമാരുടെ പരിചരണം, പിന്നിൽ മോണിട്ടറിലേക്കു ആശങ്കയോടെ നോക്കുന്ന അവരുടെ മുഖങ്ങൾ,പിന്നെ നടക്കാൻ പഠിപ്പിച്ചത്....രാത്രികളിൽ ഉരുളുന്ന ചക്രങ്ങൾ ഓർമ്മിപ്പിക്കും പുതിയ ആരോ എത്തി.ഇടയ്ക്കെവിടെയോ പൊലിഞ്ഞു പോകുന്ന ജീവനുകൾ. നിസ്സഹായതയുടെ ആള്രൂപമായി അവിടുത്തെ കിടപ്പ്.... അപ്പോൾ ആഗ്രഹിക്കുക ഒന്നു എഴുന്നേറ്റിരുന്നെങ്കിൽ എന്നു മാത്രമാവും.

നാമൂസ് said...

ശരീരത്തെ ഓജസ്സോടെ നടത്തുന്ന തേജസ്സാര്‍ന്നൊരു മനസ്സ്. അത്രയും എളുപ്പത്തില്‍ വായിച്ചെടുക്കാവുന്നത്.

ജെ പി വെട്ടിയാട്ടില്‍ said...

അടിപൊളി..........

ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍.............

ശ്രീനാഥന്‍ said...

മനോഹരമായി ലച്ചു. കൈവിട്ടു പോകുമെന്നറിയുമ്പോഴാണ് നാം പലപ്പോഴും സ്നേഹമയിയെ തിരിച്ചറിയുന്നത്. സാന്ദ്രമായ ഭാഷയിൽ എഴുതി ലച്ചു.

കുഞ്ഞൂസ് (Kunjuss) said...

ചിലപ്പോള്‍ , അല്ല പലപ്പോഴും കൈവിട്ടു പോകുന്നു എന്നറിയുമ്പോഴാവും മൂല്യം തിരിച്ചറിയപ്പെടുന്നത് .
വിഹല്വമായ മനസ്സ് നന്നായി വരച്ചിട്ടു ലച്ചൂ...

Satheesh Haripad said...

നന്നായി എഴുതി ലച്ചൂ.
ജീവിക്കാനുള്ള ഒരു ത്വര മനസ്സിലുണ്ടാവുമ്പോൾ ചുറ്റുമുള്ളതിനൊക്കെ ഒരു പ്രത്യേക തിളക്കം തോന്നും..ബന്ധങ്ങൾക്കുവരെ.

satheeshharipad.blogspot.com

ഷാജു അത്താണിക്കല്‍ said...

വളരെ നല്ല ഒരു എഴുത്,
ജീവിതം അങ്ങനെയാണ്, എപ്പോഴും ഒരു ഞാണിന്മേല്‍ കളിയാണ്
വിചിന്തനം നന്നായി

Naushu said...

ഹൃദയസ്പര്‍ശിയായ എഴുത്ത്....

അഭിനന്ദനങ്ങള്‍

കുസുമം ആര്‍ പുന്നപ്ര said...

ഭൂമിയില്‍ ഉപേക്ഷിച്ച് എന്റെ മനസ്സൊരു പഞ്ഞികെട്ടായി പറന്നുയരുന്നത് ഞാനറിഞ്ഞു ...

ഞാനും അറിഞ്ഞു..രണ്ടു പ്രാവശ്യം. ശരിക്കും അതനുഭവിച്ചവര്‍ക്കേ അറിയൂ.. ആ അനുഭൂതി..
ലച്ചൂ നന്നായി എഴുതിയിരിക്കുന്നു.

Echmukutty said...

ഭംഗിയായി എഴുതി, ലച്ചു.

അനസ്തേഷ്യ തരുമ്പോൾ ഡോക്ടർ പറഞ്ഞു..ഇതാ ഇപ്പോൾ.നിങ്ങൾ മയങ്ങിപ്പോകും..
അതൊരു തണുപ്പായിരുന്നു, പൊടുന്നനെ ഒരു ഇരുട്ടിലേയ്ക്ക് ഇറങ്ങിപ്പോവുകയായിരുന്നു....
പിന്നീട് ജീവിതത്തിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട മണിക്കൂ‍റുകൾക്ക് ശേഷം, മരണവും ഇങ്ങനെയായിരിയ്ക്കുമോ എന്ന് ഡോക്ടറോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. “മരണത്തെക്കുറിച്ച് പറയുവാൻ ഞാൻ ആരാണ്? ഞാനൊരു പാവം ഡോക്ടർ മാത്രം“!

എല്ലാ മറവികളും മാറ്റിയതിന്......ലച്ചൂ നന്ദി.

അണ്ണാറക്കണ്ണന്‍ said...

ഇത് അനുഭവക്കുറിപ്പാണോ...?
എന്തായാലും മനോഹരമായ എഴുത്ത്...

Muralee Mukundan , ബിലാത്തിപട്ടണം said...

കത്തി വെക്കുവാൻ കൊണ്ടുപോകുന്നതിന് മുമ്പ് ഏവരുടേയും ചിന്താമണ്ഡലങ്ങളിൽ ചേക്കേറുന്ന സകലതിനെ കുറിച്ചും നല്ലയനുഭവകുറിപ്പായി കാഴ്ച്ചവെച്ചിരിക്കുന്നൂ..കേട്ടൊ ലച്ചു.

ente lokam said...

ലച്ചുവിന്റെ എഴുത്തില്‍
ഞാന്‍ വായിച്ചതില്‍
ഏറ്റവും ഹൃദയ സ്പര്‍ശി
ആയതു ....

എല്ലാവരും ഒരിക്കല്‍ എങ്കിലും
ചിന്തിക്കേണ്ടത് ....

എന്‍റെ ഭാര്യ രണ്ടു ആഴ്ച
നാട്ടില്‍ പോയപ്പോള്‍ എനിക്ക് മനസ്സിലായി കേട്ടോ എന്‍റെ ജീവിതത്തില്‍ അവളുടെ
പ്രാധാന്യം ..!!! ചിലത് ചിലതിനു നിമിത്തം
ആയെ തീരു ....

കൂതറHashimܓ said...

അനസ്ത്യേ തരുന്ന ആ നിമിഷം...
ഓർമ്മകൾ മറയുന്ന ആ നൂൽപ്പാലം.....
വിവരിക്കാൻ ആവാത്ത ഒരു തീക്ഷ്ണാനുഭവത്തിന്റെ നിമിഷങ്ങള്‍...
.................


നട്ടെല്ലിന്റെ കശേരുക്കള്‍ തപ്പിനോക്കി ഡോക്റ്റര്‍ പറഞ്ഞു ചെറിയ ഒരു ഇഞ്ചക്ഷന്‍ വെക്കുന്നുണ്ടെന്ന്. “നുണ” എനിക്കറിയാം, കാണാന്‍ പേടിതോനുന്ന ഒരു വലിയ സൂചിയാണ് ഇഞ്ചക്ഷന് ഉപയോഗിക്കുന്നതെന്ന്. വേദന സഹിക്കാന്‍ തയ്യാറായി ജാഡയോടെ ഞാന്‍ “ഓക്കെ” പറഞ്ഞു. നട്ടെല്ലില്‍ ഒരു കിടിലം വേദന....... കുത്തി നിര്‍ത്തിയ സൂചി തിരിച്ചെടുക്കും വരെ ഞാന്‍ ചോദിചോണ്ടിരുന്നു “തീര്‍ന്നോ”.
(എന്റെ സര്‍ജറി അനുഭത്തില്‍ നിന്ന്)

കൂതറHashimܓ said...

നല്ല വായനാ തീക്ഷ്ന്ണത.
നല്ല എഴുത്ത്.

മൻസൂർ അബ്ദു ചെറുവാടി said...
This comment has been removed by the author.
മൻസൂർ അബ്ദു ചെറുവാടി said...

നല്ല എഴുത്ത്.
മനസ്സിലേക്ക് കയറുന്ന ഭാഷ /വിവരണം
ഇഷ്ടപ്പെട്ടു എന്നല്ല സ്വദീനിച്ചു എന്ന് പറയട്ടെ.

Phayas AbdulRahman said...

കൊള്ളാം നന്നായിട്ടുണ്ട്.. ഏകദേശം ഈ ഓപറേഷന്‍, അനസ്ത്യേഷ്യ സംഭവങ്ങള്‍ ഞാനും കുറച്ച് എഴുത്യ് മുഴുവനാക്കാതെ എന്റെ ബ്ലോഗ് ഡ്രാഫ്റ്റില്‍ കിടപ്പുണ്ട്..

Lipi Ranju said...

ഞാനും അനുഭവിച്ചിട്ടുണ്ട് ഈ അവസ്ഥ ... ഒരിക്കലല്ല.. രണ്ടുവട്ടം... ഇനിയൊരിക്കലും അങ്ങനൊരു അനുഭവം ഉണ്ടാവല്ലേ ഈശ്വരാ....
വളരെ നന്നായി പറഞ്ഞുട്ടോ ലച്ചൂസെ ...

സീത* said...

മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള നിമിഷങ്ങളും അതിന്റെ വ്യാകുലതകളും വ്യക്തമായി പറഞ്ഞൂല്ലോ ലച്ചു...അനുഭവം പോലെ തോന്നിച്ചു..

Unknown said...

ഒരു ശസ്ത്രക്രിയ ഇത്ര മാത്രം നാടകീയതയോടെ എഴുതാന്‍ സാധിക്കും അല്ലെ .....കൊള്ളാം
എന്നാല്‍ ശസ്ത്രക്രിയമുറിയില്‍ ഉള്ളവരുടെ ഭാവം കണ്ടാല്‍ ഇത്ര മാത്രം എളുപ്പമാണ് ഇത് എന്ന് തോനിപ്പിക്കും ....അത് ഒരു പരിധിവരെ രോഗികള്‍ക്ക് ആശ്വാസമാകാറുണ്ട് ....ഇന്നലെ വരെ വളരെ ഗൌരവത്തില്‍ ഇരുന്ന ഡോക്ടര്‍ ആണോ ഇത്ര മാത്രം തമാശകള്‍ പറയുന്നത് എന്ന് ഓര്‍ത്തു nammal ആശ്ച്ചര്യപെടും

Yasmin NK said...

നന്നായി എഴുതി. ആശംസകള്‍

ഒരില വെറുതെ said...

ജീവിതത്തിന്റെയും മരണത്തിന്റെയും
ഇടയിലെ എല്ലാ നൂല്‍പ്പാലവും
പുതിയ ജീവിതത്തിലേക്കുള്ള കവാടമാണ്.
പുതിയ തിരിച്ചറിവുകള്‍.
പുതിയ കാഴ്ചകള്‍.

ഇന്‍സിഡന്റ് അറ്റ് ഓള്‍ക്രിക്ക് എന്ന
സിനിമ ഓര്‍മ്മ വന്നു.

സങ്കൽ‌പ്പങ്ങൾ said...

അബോധമനസ്സ് സംസാരിക്കുന്നതുപോലെ തോന്നി .സര്‍ജ്ജറിക്കുമുമ്പുള്ളതും ശേഷവും പോരുത്തപെടുന്നില്ലാത്തതുപോലെ..ആശംസകളോടെ സങ്കല്‍പ്പങ്ങള്‍....

അന്ന്യൻ said...

നല്ല തീക്ഷ്ണതയുള്ള എഴുത്ത്...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വളരെ ഹൃദയസ്പര്‍ശിയായി, വശ്യമായി എഴുതി.
ആശംസകള്‍

smiley said...

ഒരിക്കല്‍ ബാപ്പയെ ഒരു പ്രമുഖ ആശുപത്രിയില്‍ അഡ്മിറ്റ്‌
ചെയ്യേണ്ടതായി വന്നു ..
cardio surgeon മുറിക്കു പുറത്തു ആശുപത്രി വക ഒരു പരസ്യം
angioplasty മുപ്പതിനായിരം
angiogram പതിനായിരം
bypass എഴുപതിയഞ്ഞു ആയിരം മാത്രം
ഇതു കേട്ട് അടുത്തുള്ള നേഴ്സ് നോട് ഞാന്‍ പറഞ്ഞു പോയി
"ഈ പരസ്യം കണ്ടു കൊതിയാവുന്നു"
ലച്ചുവിന്റെ അനുഭവകുറിപ്പ് വായിച്ചപ്പോള്‍
ഹമ്മോ..
ആ കൊതി ഇവിടെ തീര്‍ന്നിരിക്കുന്നു..

Vp Ahmed said...

വൈകാരികത നിറഞ്ഞ ഒരു കുറിപ്പ്‌. സ്വയം അനുഭവിച്ച പോലെ തോന്നി

പാവപ്പെട്ടവൻ said...

മനുഷ്യൻ അവന്റെ നിസാരതയിലേക്ക് മൌനമായി സഞ്ചരിക്കുന്ന അപൂർവ്വമായി സാഹചര്യമാണ് ഇത്തരം അവസ്ഥകൾ .സഹചമയ എല്ലാദുശാഠ്യങ്ങളും,ധീരമയ എല്ലാമാനസികബലവും ചോർന്നുപോകുന്ന ജീവിതത്തിന്റെപച്ചയായ സന്ദർഭമാണത്. വളരെ നിലവാരം പുലർത്തിയ അതീവഹൃദ്യമായ ഒരു അനുഭവകുറീപ്പ്.ഒരു ജീവിതപരിചയം .

lekshmi. lachu said...

ഈ വഴി വന്ന എല്ലാര്‍ക്കും നന്ദി.