ഉയര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റുകളും,ഓഫീസ് കെട്ടിടങ്ങളും,അതിനിടയിലൂടെ കടന്നു പോകുന്ന റോഡുകളും .അതിലൂടെ അതിവേഗത്തില്‍ പാഞ്ഞു പോകുന്ന വാഹനങ്ങളും.കുറച്ചകലെയായി കാണുന്ന കടലും..അതില്‍നിന്നും അടിച്ചെത്തുന്ന സുഖമുള്ള തണുത്ത കാറ്റും വിരസമായ എന്റെ ജീവിതത്തിനു അല്പം ഒരാശ്വാസം ആയിരുന്നു !
അര്‍ത്ഥ മില്ലാത്ത ജീവിതത്തിന്റെ അടിവേരുകള്‍ മാന്തിയും.. അവ വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്യപ്പെടുമ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു .."എന്തിനാണ് ഇനി ഒരു സ്വയം ന്യായികരിക്കല്‍.. അല്ലെങ്കില്‍ മറ്റുള്ളവരില്‍ ഒരു പഴിചാരല്‍"??എല്ലാം ഒരു നിയോഗം ആയിരുന്നില്ലേ?
എന്നും വഴികണ്ണുമായി റോഡിലേക്ക് നോക്കി ഇരിക്കുമ്പോ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.." നീ ആരെയാണ് പ്രതീക്ഷിക്കുന്നതെന്ന്"? എന്നെ തേടി ആരും വരാന്‍ ഇല്ലെന്ന് അറിഞ്ഞിട്ടും എന്തെ ഇങ്ങനെ പ്രതീക്ഷിക്കുനത്? വര്‍ഷങ്ങളായി ഞാൻ സ്വയം ചോദിക്കുന്ന ചോദ്യം .. ആ ചോദ്യത്തിന് ഇപ്പോൾ ഉത്തരം ഉണ്ടായിരിക്കുന്നു.. എന്റെ പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ചിരിക്കുന്നു. !
ജീവിതത്തില്‍ ഒറ്റപെട്ടു പോകുനതിന്റെ നീറുന്ന വേദന അറിഞ്ഞു തുടങ്ങിയത് എപ്പോള്‍ മുതലാണ്.?
അവളെ എന്റെ ജീവിതത്തില്‍ എനിക്ക് നഷ്ടമായപ്പോഴോ? നഷ്ടമാവുകയായിരുന്നോ?? അല്ലല്ലോ, ഞാന്‍ നഷ്ടപെടുത്തിയതല്ലേ!! അവളുടെ നിഷ്കളങ്കമായ സ്നേഹത്തെ..അവളുടെ കരുതലിനെ... എല്ലാം ഞാന്‍ നഷ്ടപെടുത്തുകയായിരുന്നു. എല്ലാം എന്റെ പ്രവർത്തിയുടെ ഫലമല്ലേ ? പ്രായത്തിന്റെ, അതോ ആ ഒരു നിമിഷത്തിന്റെയോ, ചാപല്ല്യത്തില്‍ എല്ലാം ഞാന്‍ മറന്നു..അവളെ..അവള്‍ എനിക്കു നൽകിയ സ്നേഹത്തെ ..എല്ലാം.. ആ ഒരു നശിച്ച അവധി ദിനം അല്ലേ എന്നെ ഇന്നീ അവസ്ഥയിലാക്കിയത്? ഇനി നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയിട്ട് എന്ത് നേടാൻ? നഷ്ടപ്പെട്ടതൊന്നും ഇനി തിരികെ കിട്ടില്ലാന്നു അറിഞ്ഞിട്ടും വെറുതെ ആശിക്കുന്നു..ഒരിക്കലെങ്കിലും അവസാനമായി അവളെ ഒന്ന് കാണണം ആ കൈകള്‍ പിടിച്ചു മാപ്പ് പറയണം.. എങ്കിലേ എനിക്ക് സമാധാനമായി മരിക്കാന്‍ കഴിയൂ ..
പേരും പെരുമയും ഉള്ള അച്ഛന്റെ അഞ്ചു മക്കളില്‍ മൂത്ത ആളായിരുന്ന എന്നെ അച്ഛന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ വേണ്ടി ആയിരുന്നു ആയുര്‍വേദ കോളേജില്‍ ചേര്‍ത്തത്. അവിടെ വെച്ചാണ് എന്റെ ക്ലാസ്സിൽ തന്നെ പഠിച്ചിരുന്ന തുളസിയെ പരിചയപെടുന്നത്.പേര് പോലെതന്നെ തുളസികതിരിന്റെ നൈര്‍മല്ല്യമുള്ളവൾ. നിസ്സാര പ്രശ്നങ്ങള്‍ക്ക് പെട്ടന്ന് സങ്കടപ്പെടുകയും ,ചെറിയ ചെറിയ സന്തോഷങ്ങളില്‍ അളവറ്റു സന്തോഷിക്കയും ചെയ്തിരുന്ന ഒരു തനി നാടന്‍ പെണ്‍കുട്ടി. ഒരു തൊട്ടാവാടി!! ആരും ഇഷ്ടപ്പെട്ടു പോകുന്ന പ്രകൃതം.സൌഹൃദം പതുക്കെ പതുക്കെ പ്രണയത്തിന് വഴിമാറുന്നത് ഇരുവരും മനസ്സിലാക്കി.വിവാഹം കഴിക്കുന്നെങ്കില്‍ അത് തുളസിയെ മാത്രം എന്ന് തീരുമാനിച്ചതായിരുന്നു. എന്നിട്ടും.. വിധി, അതിന്റെ കളി എല്ലാ തീരുമാനങ്ങളെയും മാറ്റി മറിച്ചു. വിധിയാണോ? അതോ...
ജീവിതംതന്നെ തിരുത്തികുറിച്ചത് ആ വെക്കേഷനിൽ ആയിരുന്നു. വീട്ടിലെ പുറം പണിക്ക് വരാറുള്ള ജാനുവിന്റെ മകള്‍ ലത ,അവള്‍ വളര്‍ന്നു വലുതായി മുതിര്‍ന്ന പെണ്ണ് ആയ ശേഷം ഞാന്‍ ആദ്യമായി അവളെ കാണുന്നത് അപ്പോളാണ്. കറുത്തതെങ്കിലും ഒരു സുന്ദരിയായിരുന്നു അവള്‍.ഞാൻ ഉണ്ടെന്നുള്ള അറിവാകാം ആ കൊച്ച് പെണ്ണ് ഇടക്കിടെ എന്നെ ഒളികണ്ണിട്ടു നോക്കുന്നതും ,ഞാന്‍ ഉള്ള ഇടങ്ങളില്‍ എല്ലാം വെറുതെ വലംവെച്ചു നടക്കുന്നതും , ഒക്കെ ഒരു പതിവായി. എന്തുകൊണ്ടോ, എനിക്കും അതൊരു നേരമ്പോക്കും രസവുമായി തോന്നി. ആളൊഴിഞ്ഞ കോലായില്‍ വെച്ച് പലപ്പോഴും മുട്ടി മുട്ടിയില്ലെന്ന മട്ടില്‍ അവൾ കടന്ന് പോകുമ്പോള്‍ കാച്ചിയ എണ്ണയുടെ മണം എന്റെ സിരകളെ ചൂട് പിടിപ്പിക്കുന്നത് ഞാന്‍ അറിഞ്ഞു. ഒരൂസം അവള്‍ കാലുകള്‍ കാണ്‍കെ പാവാടതെറുത്തു കുത്തി നെല്ലുചിക്കുന്നതും നോക്കി അവളുടെ ആ താളം നോക്കി ഞാന്‍ അങ്ങിനെ നില്‍ക്കുമ്പോ ആണ് പെട്ടന്ന് അമ്മ കടന്നു വന്നത്."അപ്പുവേ നെനക്ക് പഠിക്കാനൊന്നും ഇല്ല്യേ "?എന്ന അമ്മയുടെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി !ജാള്ല്യം മറച്ചുവെച്ചു ഞാന്‍ വേഗം അവിടുന്ന് മുങ്ങി.ഞാന്‍ അപ്പുറത്തേക്ക് മാറിയതും അമ്മ അവളോട് ഒച്ചയെടുക്കുനത് കേട്ടു."ആങ്കുട്ട്യോള് ഉള്ള വീടാണ് അടക്കതിലും ഒതുക്കതിലും നടക്കാന്‍ പറ്റില്ല്യാച്ചാ നാളെ മുതല്‍ പണിക്കു വരണ്ട".ഉച്ചക്ക് നടപ്പുരയില്‍ ഞങ്ങള്‍ ആങ്കുട്ട്യോള് ഉണ്ണാന്‍ ഇരുന്നപ്പോ അമ്മ എല്ലാരും കേള്‍ക്കാന്‍ വേണ്ടി ഉറക്കെ പറഞ്ഞു ",ആ ലതക്ക് പിന്നാലെ ഉള്ള കറക്കം വേണ്ട.അവളും അവളുടെ തള്ളേം അത്രനല്ല തരം അല്ല..പറഞ്ഞത് മനസ്സിലായല്ലോ ?" എന്ന് എന്നെ നോക്കിയാണ് അവസാന വാചകം പറഞ്ഞു നിര്‍ത്തിയത്.എന്റെ നെഞ്ചൊന്നു കാളി ..
ഉച്ച നേരത്ത് നീണ്ടു പരന്നു കിടക്കുന്ന പറങ്കിമാവിന്‍ തോപ്പിലേക്ക് അണ്ടി പെറുക്കാന്‍ പോകുന്നത് ഞാന്‍ കേള്‍ക്കാന്‍ തക്കവണ്ണം അവള്‍ ജാനുവിനോട് വിളിച്ചുപറയുന്നത് കേട്ടപ്പോൾ ഒരു കൌതുകത്തിനായിരുന്നു അവളുടെ പുറകെ മറ്റാരും കാണാതെ ഞാൻ നടന്നത്,സത്യം. !! പക്ഷെ, പറങ്കിമാവിൻ തോപ്പിലെ ഇരുളിൽ എന്നിലെ കൌമാരം പെട്ടന്ന് സടകുടഞ്ഞെഴുന്നേറ്റപ്പോൾ, കോളേജിലെ സൌഹൃദസദ്ദസ്സുകളിൽ കേട്ടിരുന്ന വീരകഥകളുടെ ഉൾപ്രേരണയാൽ അവളെ മാറോടടുക്കി ഉമ്മവേച്ചപ്പോള്‍ ഞാൻ അറിഞ്ഞിരുന്നില്ല അത് എന്റെ ജീവിതത്തിന്റെ മറ്റൊരു അദ്ധ്യായമാണെന്ന്. അവളിൽ നിന്നും എതിർപ്പില്ലാതെ വന്നപ്പോൾ പിന്നെ ഞാന്‍ എന്നെ മറന്നു... എന്റെ തുളസിയെയും അവള്‍ക്കു നല്‍കിയ വാക്കിനെയും വിസ്മരിച്ചു. എന്റെ വീടിനെ അതിന്റെ പ്രൊഢിയെ എല്ലാം മറന്നു..
അതൊരു വലിയ ചതിയായിരുന്നു എന്ന് മനസ്സിലാക്കാന്‍ അവള്‍ ഗര്‍ഭിണി ആണെന്നും വിവാഹം കഴിച്ചില്ലെങ്കില്‍ തറവാട് വീടിന്റെ ഉത്തരത്തില്‍ തൂങ്ങി ചാകും എന്ന അവളുടെ ഭീഷണി വരെ വേണ്ടി വന്നു..വിവാഹം കഴിക്കയല്ലാതെ നിവര്‍ത്തി ഇല്ലായിരുന്നു.അതോടെ കുടുംബത്തില്‍ നിന്നും പടിയടക്കപ്പെട്ടു. പഠനം ഉപേക്ഷിക്കേണ്ടി വന്നു .അല്ലെങ്കിലും കോളേജിലേക്ക് തിരിച്ചുപോകാന്‍ മാത്രം ധൈര്യം എനിക്ക് ഇല്ലായിരുന്നു എന്ന് പറയുന്നതാകും ശരി. തുളസി , അവളുടെ മുഖത്ത് നോക്കാന്‍ ശക്തി ഇല്ലായിരുന്നു.അവള്‍ എന്നെ മനമുരുകി ശപിച്ചിരിക്കാം, ഒരു പക്ഷെ.. അതാവാം കാലങ്ങളായി ഇങ്ങിനെ നീറി..നീറി... ഒരു നിമിഷത്തിന്റെ ദൌര്‍ബല്ല്യത്തിനു കൊടുക്കേണ്ടി വന്ന വില വളരെ ഏറെ ആണെന്ന് മനസ്സിലാക്കാന്‍ മറ്റൊരാളുടെ ജീവിതം ഞാന്‍മൂലം നശിച്ചു എന്നറിഞ്ഞപ്പോള്‍ ആയിരുന്നു. തുളസി വിവാഹം കഴിക്കാതെ ഇന്നും ജീവിക്കുന്നു എന്ന് കേട്ടപ്പോൾ ആ നിമിഷം ഉരുകിയില്ലാതെയായെങ്കിൽ എന്നാശിച്ചു. ലതയെ മനസ്സുതുറന്നു സ്നേഹിക്കാന്‍, അവളോട് നീതിപുലര്‍ത്താന്‍ എനിക്കൊരിക്കലും കഴിഞ്ഞിരുന്നില്ല.രണ്ടു മക്കള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ അവളെ എന്റെ തുളസിയുടെ സ്ഥാനത് കാണാന്‍ എനിക്കൊരിക്കലും കഴിയുമായിരുന്നില്ല. ഇതെല്ലാം ലതയും അറിഞ്ഞിരുന്നതുകൊണ്ടോ എന്നും പരിഭവവും,പരാതിയും കുറ്റപെടുത്തലും നിറഞ്ഞതായി ഞങ്ങളുടെ ജീവിതം. എല്ലാ തെറ്റും ഞാൻ ഏറ്റെടുക്കുന്നു .ശാപം പിടിച്ച ഒരു ജന്മം!! മക്കള്‍ ഇരുവരും വിവാഹിതരായിട്ടും എന്റെ നെഞ്ചിലെ തീ അണഞ്ഞിരുന്നില്ല. എന്റെ തുളസി.. അവൾ ഉരുകുകയല്ലേ ഇപ്പോൾ എന്ന ചിന്ത..
കുറച്ച് ദിവസം മുന്‍പ് അനുജന്റെ മകന്‍ വല്ല്യച്ചനു ഒരു എഴുത്തുണ്ട് അത് കൊണ്ട് തരാന്‍ ഞാന്‍ അങ്ങോട്ട് വരുന്നുണ്ട് എന്ന് വിളിച്ച് പറഞ്ഞപ്പോൾ ഒരിക്കലും അത് തുളസീടെ കത്താകും എന്ന് വിചാരിച്ചില്ല. അവള്‍ക്കു എന്റെ തറവാട്ടു വീട്ടിലെ അഡ്രസ്സല്ലേ അറിയൂ .അത് നഷ്ടപെടാതെ വര്‍ഷങ്ങളോളം അവള്‍ സൂക്ഷിക്കുമെന്നോ കത്തയക്കുമെന്നോ ഒരിക്കലും കരുതിയതല്ല.ഒരു കത്ത് അവള്‍ക്കയക്കാന്‍ മാത്രം ധൈര്യം എനിക്ക് ഇല്ലായിരുന്നു.അവളെക്കുറിച്ചറിയാന്‍ പലപ്പോഴും ആഗ്രഹിച്ചു . പിന്നെ സ്വയം വേണ്ടാന്ന് വെച്ചു.കത്ത് കയ്യില്‍ കിട്ടി അത് പൊട്ടിച്ചു വായിക്കും വരെ അത് അവളുടേതാണെന്ന് അറിയില്ലായിരുന്നു."സുഖാണോ?മറക്കാന്‍ കഴിയാത്തതുകൊണ്ട് മരിക്കുനതിനു മുന്പ് ഒരിക്കല്‍ക്കൂടി ഒന്ന് കാണണം.അടുത്തമാസം പിറന്നാള്‍ അല്ലെ അന്ന് ഞാന്‍ ഗുരുവായൂരില്‍ വരും അവിടെ ഞാന്‍ പ്രതീക്ഷിക്കുന്നു.പടിഞ്ഞാറെ നടയില്‍ കാത്തു നില്‍ക്കും"ഇതായിരുന്നു കത്തിൽ.. അതെ അടുത്ത മാസം രോഹിണി നക്ഷത്രം !എന്റെ പിറന്നാള്‍ ദിനംഞാന്‍ ഓര്‍ക്കാറെ ഇല്ല.അവള്‍ ഒന്നും മറന്നിട്ടില്ല..കത്തുവായിച്ചു സ്തബിച്ചു നിന്ന എന്റെ കൈകളില്‍ നിന്നും കത്ത് ലത പിടിച്ചു വാങ്ങുമ്പോ ഒന്നും പറയാൻ കഴിഞ്ഞില്ല.വാക്കുകള്‍ തൊണ്ടയില്‍ തങ്ങി നിന്നു.കരച്ചിലോ ,ചിരിയോ..എന്തായിരുന്നു എന്റെ ഉള്ളില്‍ അപ്പോള്‍..അത് വായിച്ചു ലത കൊടുങ്കാറ്റു പോലെ വീശി അടിച്ചു.എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഞാന്‍ കാണാന്‍ പോകും എന്ന് തീര്‍ത്തു പറഞ്ഞു. അതോടെ അവസാനമായി കൂടെയുണ്ടായിരുന്ന ലതയുംഎന്നെ ഉപേക്ഷിച്ചു. .തിരിച്ചു വിളിക്കാനോ,പോകരുത് എന്ന് പറയുവാനോ എനിക്ക് തോന്നിയില്ല...നാളെ ..നാളെ യാണ് ആ ദിവസം..വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള ആ കണ്ടുമുട്ടല്‍ പ്രായം ശരീരത്തെ തളർത്തിയെങ്കിലും അവൾ വരമെന്നുള്ള പ്രതീക്ഷ എല്ലാ തളർച്ചയെയും മറികടന്നു. വീണ്ടും ആ സുവര്‍ണ നിമിഷങ്ങള്‍. നഷ്ടപെട്ട ആ കാലങ്ങള്‍ കൈവന്ന തോന്നല്‍ ..നാളെ എന്ന ദിവസം ഒന്ന് വേഗം പിറന്നെങ്കില്‍ ... എവിടെയോ പെയ്ത മഴയുടെ നേര്‍ത്ത കുളിരുള്ള കാറ്റ് തഴുകി പോകുമ്പോഴും മനസ്സ് ഒന്നും അറിയാതെ നാളെ എന്ന പ്രതീക്ഷയില്‍ കണ്ണും നട്ട് ക്ലോക്കിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. ..