
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഏതാനും മണിക്കൂറുകള്‍ ... ആ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കേണ്ടി വന്നവര്‍ എന്തായിരിക്കാം ചിന്തിച്ചിട്ടുണ്ടാവുക? ജീവിതത്തിന്റെ കെട്ടിയാടലുകള്‍ ഇവിടെ തീരുകയാണെന്നോ?? അതോ ഇനി ഒരിക്കലും കണ്ണുതുറക്കാതെ സുഖ നിദ്രയില്‍ ആഴ്തണേ എന്നോ. ജീവിതത്തോട് കൂടുതല്‍ ആസക്തി കൂള്ളവര്‍ ഒരുപക്ഷെ എന്റെ ജീവനും , ഓര്‍മ്മയും ഇല്ലാതാക്കല്ലേ എന്ന് ചിന്തിച്ചേക്കാം . ഞാന്‍ എന്തായിരുന്നു ആ നിമിഷം ചിന്തിച്ചിരുന്നത്.?
ജീവിതത്തിന്റെയും മരണത്തിനും ഇടയിലുള്ള ഒരു കൈവിട്ട കളിയാണിതിതെന്ന്‍ ഞാന്‍ ചിന്തിച്ചു പോയത് എനിക്കൊരു സര്‍ജറി വേണമെന്ന് ഡോക്റ്റര്‍ എന്നോട് പറഞ്ഞപ്പോള്‍ മാത്രമാണ്. ഓപ്പറേഷന് തീയറ്ററിലേക്ക് കയറുന്നതിന്റെ തൊട്ടുമുന്‍പ് അമ്മയെ കെട്ടിപിടിക്കുമ്പോള്‍
എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞിരുന്നോ.... അറിയില്ല.. അറിയാതെയെങ്കിലും പ്രതീക്ഷയുടെ ഒരു നനുത്ത സ്വാന്ത്വനം അപ്പോള്‍ എന്നില്‍ അവശേഷിച്ചിരുന്നു. ഒരു പക്ഷെ ഞാന്‍ ജീവിതത്തിലേക്ക് തിരികെ എത്തിയില്ലെങ്കിലോ? എന്റെ മനസ്സിലെ ചിന്തകള്‍ ഒന്നും ആര്‍ക്കും മനസ്സിലാവാന്‍ ഇടനല്‍കാതെ ഓപ്പറേഷന് തീയ്യറ്ററിന്റെ വാതില്‍ അടയുമ്പോള്‍ അമ്മയുടെ കലങ്ങിയ കണ്ണുകളില്‍ നിറഞ്ഞ നിസ്സഹായ മുഖം ഞാന്‍ കണ്ടു. മരണത്തിനും ജീവിതത്തിനും ഇടയിലൂടെ ഉള്ള നൂല്പ്പാലത്തിനു മുകളിലൂടെയാണ് ഇനി ഞാന്‍ സഞ്ചരിക്കേണ്ടത് എന്ന ചിന്ത എന്നെ അലട്ടിയതെയില്ല. തീയ്യറ്ററില്‍ കയറുകയാണെന്ന അവസാന സന്ദേശം പ്രിയതമന് കൈമാറുമ്പോള്‍ മനസ്സ് പതറിയിരുന്നോ.. മകനോടോന്ന് മിണ്ടാന്‍ അറിയാതെയെങ്കിലും കൊതിച്ചു. ആ ബന്ധവും വിച്ഛേദിച്ച് ഫോണ്‍ നിശ്ചലം ആയപ്പോള്‍ എനിക്ക് ചുറ്റിലും ഒരു ശൂന്യത പടരുന്നത് മെല്ലെ ഞാന്‍ അറിഞ്ഞു. ബന്ധങ്ങള്‍ എല്ലാം ഓരോന്നായി എടുത്തെറിയപ്പെട്ടു കഴിഞ്ഞു. എന്റെ ഊഴവും കാത്തു കിടക്കേണ്ടി വന്നപ്പോള്‍ ഒരു വീര്‍പ്പുമുട്ടല്‍ .. എല്ലാവരുടെയും മുഖം ഒരിക്കല്‍ കൂടി കാണണം എന്നൊരാശ... പ്രിയപ്പെട്ടവരുടെ ഓരോരുത്തരുടേയും മുഖം മനസ്സിലൂടെ മിന്നി മറഞ്ഞു. ഇനി ഒരു പക്ഷെ ഞാന്‍ ഒരിക്കലും കണ്ണുതുറക്കാതെ പോയാല്‍ പറയാതെ ബാക്കി വെച്ച വാക്കുകള്‍ ...കേള്‍ക്കാനായി കാത്തുവെച്ച വാക്കുകള്‍ ...എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചു നടന്നു നീങ്ങുകയാണെന്ന തോന്നലില്‍ എന്റെ കണ്ണില്‍ കണ്ണുനീര് പൊടിയുന്നത് ഞാനറിഞ്ഞു. തീയ്യറ്ററിന് പുറത്തു നീയപ്പോള്‍ എന്നെ കാത്തു നില്‍ക്കുന്നത് വെറുതെയെങ്കിലും സങ്കല്പ്പിച്ചു. കണ്ണൂതുറക്കുമ്പോള്‍ നീ അവിടെ ഉണ്ടാകണം എന്നു ഞാന്‍ ആശിച്ചിരുന്നു. നീണ്ട എന്റെ കാത്തിരിപ്പിനും ചിന്തകള്‍ക്കും ഒടുവിലായി എന്റെ പേര് വിളിച്ചപ്പോള്‍ ഹൃദയം നിയന്ത്രണാതീതമായി പിടച്ചിരുന്നത് എന്തിനായിരുന്നു. ഞാന്‍ എന്ന സത്യം ഇവിടെ അസ്തമിച്ചേക്കുമോ എന്ന ഭയമോ ,മരിക്കാന്‍ പേടിയില്ലാത്ത നീ എന്തിനാണ് ഭയക്കുന്നതെന്ന് ഞാന്‍ എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ തിരിച്ചു വരുന്നതും പ്രതീക്ഷിച്ച്.. എന്റെ വിളിയും പ്രതീക്ഷിച്ച് കാതങ്ങള്‍ക്കപ്പുറം നീ നെടുവീര്‍പ്പിടുന്ന സ്വരം എന്റെ ചെവിയില്‍ മുഴങ്ങിയിരുന്നു...
അനസ്തേഷ്യയുടെ സൂചിമുനകള്‍ എന്റെ ശരീരത്തില്‍ ആഴ്ന്നിറങ്ങുമ്പോള് ഭൂമിയുമായുള്ള ചിന്തയുടെ അവസാന സമ്പര്‍ക്കം നിലക്കുമ്പോള്‍ കൃഷ്ണാ എന്ന് ഞാന്‍ വിളിക്കുമ്പോഴും എന്റെ ചിന്തകളില്‍ നീയായിരുന്നു. അവസാന വിളിയില്‍ ജീവിക്കാനുള്ള കൊതിയായിരുന്നോ ,അതോ.. അതോ നഷ്ടപെടുന്ന വേദനയോ ...എല്ലാ ബന്ധവും ഭൂമിയില്‍ ഉപേക്ഷിച്ച് എന്റെ മനസ്സൊരു പഞ്ഞികെട്ടായി പറന്നുയരുന്നത് ഞാനറിഞ്ഞു ...
മണിക്കൂറുകള്‍ക്കു ശേഷം എന്റെപേര് ആരോ ഉച്ചത്തില്‍ വിളിക്കുന്നത് ഞാന്‍ കേട്ടു. ആ വിളിക്കുത്തരമായി പതുക്കെ മൂളുമ്പോള്‍ എവിടെയൊക്കയോ വേദന എന്റെ ശരീരത്തെ കീഴടക്കുന്നത് ഞാന്‍ അറിഞ്ഞു... എന്റെ ചിന്തകള്‍ക്കും,ബോധത്തിനും ഒന്നും സംഭവിചിട്ടില്ലെന്നും ഡോക്റ്റര്‍ക്ക് കൈപ്പിഴ പറ്റിയിട്ടില്ലെന്നും അറിഞ്ഞപ്പോള്‍ ജീവിതമെന്ന എന്റെ നിയോഗം അവസാനിച്ചിട്ടെല്ലെന്ന് എനിക്ക് ബോദ്ധ്യമായി.
വെളിച്ചത്തിലേക്ക് എന്നെ കൊണ്ട് പോകുമ്പോള്‍ മോളൂ ഞാന്‍ ഇവിടെ ഉണ്ടെന്നു പറയുന്ന നിന്റെ ശബ്ദം കേള്‍ക്കാന്‍ എന്റെ ഉപബോധ മനസ്സു അലയുന്നത് ഞാന്‍ അറിഞ്ഞു.. സംസാരിക്കാറായപ്പോള്‍ നിന്റെ നെടുവീര്‍പ്പുകള്‍ ഞാന്‍ അറിയാതിരിക്കാന്‍ നീ ശ്രമിക്കുന്നത് ഞാന്‍ അറിഞ്ഞു.. നീണ്ട മൂന്നു മണിക്കൂറുകള്‍ മരണത്തിനും ജീവിതത്തിനും ഇടയിലൂടെ ഉള്ള നൂല്പാലത്തിലൂടെ ഞാന്‍ സഞ്ചരിച്ചപ്പോള്‍ ആയിരുന്നോ നീ എന്നെ സ്നേഹിച്ചു തുടങ്ങിയത്..?
ഒരിക്കലും തിരികെ വരാതെ ഞാന്‍ നിശ്ചലമായേക്കും എന്ന ഒരു സത്യത്തെ നീ അപ്പോഴാണോ തിരിച്ചറിഞ്ഞത് .. അത് തിരിച്ചറിയാന്‍ നിനക്ക് എനിക്ക് ബോധം നഷ്ടപ്പെട്ട ആ മൂന്നു മണിക്കൂറുകള്‍ വേണ്ടി വന്നു !. ഞാന്‍ എന്ന വ്യക്തിയെ സ്നേഹിക്കാന്‍.. നിനക്കുപറയാനുള്ളത് മുഴുവന്‍ പറഞ്ഞുകേള്‍പ്പിക്കാന്‍, നിന്റെ പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും ചെവി തരുവാന്‍, നിനക്കും താങ്ങും തണലുമായി ഞാനീ ജീവിതകാലം മുഴുവന്‍ ഉണ്ടാവണമെന്ന തോന്നല്‍ നിന്റെ ഉള്ളില്‍ നിറയാന്‍ ഞാന്‍ ബോധം മറിഞ്ഞ് കിടന്ന ആ മൂന്ന് മണിക്കൂറുകള്‍ വേണ്ടിവന്നോ ? വിളിച്ചാല്‍ വിളികേള്‍ക്കാത്ത ദൂരത്തിലാണ് ഞാന്‍ ഉള്ളതെന്ന തോന്നലില്‍ ആയിരുന്നോ പ്രിയനേ എന്നിലെ മുറിവുകള്‍ നിന്നിലേക്ക് കൂടെ പകുത്തെടുക്കണമെന്ന് തോന്നിയത്. എന്തായാലും ഇപ്പോഴെങ്കിലും നിനക്ക് അത് തോന്നിയല്ലോ. എന്റെ ശ്വാസം നിലക്കാതിരിക്കാന്‍ നീ ആഗ്രഹിച്ചു പോയ മൂന്നു മണിക്കൂറുകള്‍.. അവിടെ തുടങ്ങട്ടെ എന്റെ ശരീരത്തിന്റെ പുതിയ ജീവിതം.