Wednesday, July 20, 2011

മനസ്സൊരു മാന്ത്രിക കൂട്


ഏതു ധീരനായ മനുഷ്യന്പോലും ഏറ്റവും ശ്രമകരവും ദുഷ്ക്കരവുമായ ഒന്നാണ് മനോനിയന്ത്രണം..ചഞ്ചലവും ,അനിയന്ത്രിതവും ,സദാ പ്രക്ഷുബ്ധവും ,ശക്തിയായ ദുര്‍വ്വാശിയുള്ളതുമായ മനസ്സിനെ നിയന്ത്രിക്കാന്‍ നിത്യാഭ്യാസംകൊണ്ടും ,വൈരാഗ്യം കൊണ്ടും നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞേക്കാം.ഒരിടത്തും ഉറച്ചു നില്‍ക്കാത്ത മനസ്സിനെ തടയണ കെട്ടുക കാറ്റിനെ പിടിച്ചു നിര്‍തുന്നതിനേക്കാള്‍ ദുഷ്കരം എന്നതു പറയാതെ വയ്യ.ഒരര്‍ത്ഥത്തില്‍ മനസ്സ് നിയന്ത്രിക്കുക എന്നാല്‍ വേണ്ടവിധം പെരുമാറാന്‍ പഠിപ്പിക്കല്‍ ആണു.നാം നമ്മുടെ മനസ്സിനെ നിയന്ത്രിക്കുന്നതിനു മുന്‍പ്‌ അതിനെ വേണ്ടവിധം അറിഞ്ഞിരിക്കേണ്ടതുണ്ട്.മനസ്സ് നിയന്ത്രിക്കുന്നതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് തെറ്റും ,ശരിയും,നന്മയും,തിന്മയും ,സത്യവും,അസത്യവും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവാണ്.

മനസ്സെന്നു പറയുന്നത് അലക്കിവെളുപ്പിച്ച തൂവെള്ള വസ്ത്രം പോലെയാണ് .ചുവപ്പ് ചായത്തില്‍ മുക്കിയാല്‍ ചുവപ്പാകും,നീലയില്‍ മുക്കിയാല്‍ നീലയാകും അതുപോലെ തന്നെയാണ് മനസ്സും.മനസ്സ് നിയന്ത്രിക്കാന്‍ നമുക്ക് ഇഛാശക്തി ഇല്ലെന്നു കരുതുന്നത് വെറുതെയാണ്.എല്ലാവരുടെ ഉള്ളിലെയും ആന്തരികസംഘര്ഷങ്ങളും,സംഘട്ടനങ്ങളും സൂചിപ്പിക്കുന്നത് നമുക്ക് വേണ്ടത്ര ഇച്ഹാശക്തി ഉണ്ടെന്നു തന്നെയാണ്.

ആവര്‍ത്തിച്ചുണ്ടാകുന്ന പരാജയങ്ങള്‍ക്ക് മുന്‍പില്‍ പതറാതെ മുന്നോട്ടു നീങ്ങാന്‍ തക്കവണ്ണം നമ്മുടെ മനസ്സ് ഇച്ചാശക്തിയെ ബലവത്താക്കണം . നിരാശരാകാതെ ,ഓരോ പരാജയവും പുത്തന്‍ ഉത്സാഹത്തോടെ നേരിടാന്‍ മനസ്സിനെ നിയന്ത്രിക്കുവാന്‍ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കണം.
പലരും മനസ്സിനോട് പടവെട്ടി പരാജയം പലവട്ടം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളവര്‍ ആണു.ശ്രീകൃഷ്ണന്‍ ഭഗവത്ഗീതയില്‍ പറയുന്നുണ്ട് "പരിപൂര്‍ണ്ണമായ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കുന്ന ബുദ്ധിമാനായ ജ്ഞാനിയെപോലും അനിയത്രിതമായി ഇന്ദ്രിയങ്ങള്‍ വശം കെടുത്താറുണ്ട് ".കാറ്റില്‍പെട്ട് തോണി വെള്ളത്തില്‍ ഉഴലുന്ന പോലെ ,ഇന്ദ്രീയങ്ങളുടെ അലക്ഷ്യഗമനത്തില്‍പെട്ട് ഉഴലുന്ന മനസ്സ് ഞ്ജാനിയുടെപോലും വിവേകത്തെയും,ഇച്ഹാശക്തിയെയും ഉലച്ചുകളയുന്നു.

ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച പണിയാണ് മനസ്സിനെ നിയന്ത്രിക്കുക എന്നതു.ഇടെക്കെല്ലാം നേരിടുന്ന പരാജയങ്ങളെയും ,പിഴവുകളേയും കാര്യമാക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ ,ബുദ്ധിപൂര്‍വ്വമായി മുന്നോട്ടു കരുക്കള്‍ നീക്കുവാന്‍ കഴിയണം.പ്രലോഭനങ്ങള്‍ക്ക് വഴങ്ങുകയില്ലെന്ന് സ്വയം തീരുമാനം എടുത്താല്‍ ,എത്രകാലം പ്രലോഭനം മനസ്സിനെ പിടിച്ചുലചാലും സ്വയം അതിനു സമ്മതംമൂളാത്തിടത്തോളം പാപിയാകാന്‍ കഴിയുകയില്ല.മനസ്സ് നിയന്ത്രണതീത മല്ലാത്ത ഒരുവന് മനസ്സമാധാനം ഉണ്ടാവുകയില്ല .

നൈരാശ്യബോധം നമ്മുടെ പ്രവര്‍ത്തനാശേഷിയെ കാര്‍ന്നുതിന്നാന്‍ അനുവദിക്കരുത്.നൈരാശ്യം എപ്പോ ഉദിക്കുന്നുവോ അപ്പോള്‍ അതിനെ തുരത്തണം.നമ്മളെ തോല്‍പ്പിക്കാന്‍നമ്മുടെ മനസ്സിനെ കഴിയൂ .അതിനു നിന്നുകൊടുക്കാതെ ജീവിതലെക്ഷ്യം എന്നഒന്നുണ്ടെങ്കില്‍ ഏതുപരാജയത്തിലും അടിപതറാതെ മുന്പോട്ടുപോയാല്‍ വിജയം നമ്മുടെ കൂടെ കാണും
.മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്തതുമൂലം മനസ്സിന്റെ താളം തെറ്റി പോകുന്നവരുണ്ട് .മനസ്സ് കാടു കയറാന്‍ അനുവദിക്കുന്ന ഒരാളുടെ ജീവിതത്തില്‍ എല്ലായിപ്പോഴും സാധാരണഗതിക്ക് വിരുദ്ധമായുള്ള സംഭവവികാസങ്ങളും ആല്‍മസങ്കര്‍ഷം മൂലം മനസ്സിന്റെ താളം തെറ്റാനുള്ള പ്രവണത കൂടുന്നു.ഏറ്റവും അനുകൂല സാഹചര്യങ്ങളെ പോലും വേണ്ടവിധം വിനിയോഗിച് സ്വന്തം പ്രതീക്ഷകളെ നിറവേറ്റാന്‍ കഴിയാതെ പോകുന്നു.
മനസ്സ് നിയന്ത്രിക്കുന്നതില്‍ വിജയിച്ച ഒരാള്‍ക്ക്‌ സ്വന്തം വ്യക്തിത്വത്തെ ഉയര്തുവാന്‍ കഴിഞ്ഞേക്കും.പ്രസിദ്ധമായ ഒരു സംസ്കൃത വാക്യമുണ്ട് "ആരാണ് കീഴടക്കുന്നതു ?സ്വന്തം മനസ്സിനെ കീഴടക്കിയവാന്‍ തന്നെ".
സ്വന്തം മനസ്സിനെ നിയന്ത്രിക്കാന്‍ നാം തന്നെ നമ്മോടു പറയുകയും പ്രതിഞ്ജ എടുക്കുകയും വേണം എങ്കില്‍ ഏതൊരു വ്യക്തിക്കും സ്വന്തം ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞേക്കും.
സ്വയം നാശം വരുന്ന രീതിയില്‍ ഒരിക്കലും സുഖം തേടി പോവുകയോ ,അനുഭവിക്കുകയോ ചെയ്യരുത്.ചിന്തിക്കുവാന്‍ കഴിവുള്ള മനുഷ്യന്‍ യുക്തിക്ക് നിരക്കാത്തത് ചെയ്യരുത്.സദാചാരതത്വങ്ങള്‍ പാലിക്കുന്നവന്‍ മനസ്സിനെ നിയന്ത്രിക്കുവാനും സ്വയം നാശത്തില്‍ നിന്നു കര കേയ്റാനും കഴിഞ്ഞെക്കം.
മനസ്സുകൊണ്ട്തന്നെയാണ് മനസ്സ് നിയന്ത്രിക്കേണ്ടത് .മനസ്സ് നിയന്ത്രിക്കുമ്പോള്‍ അനുഭവപെടുന്ന വിഷമങ്ങള്‍ മനസ്സുതന്നെ സൃഷ്ടിക്കുന്നതാണ്.മനപൂര്‍വ്വമായ ക്ഷമയോട്കൂടി ,കഠിനപരിശ്രമം കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞേക്കും.
ഗീതയില്‍ കൃഷന്‍ പറഞ്ഞത് ,"സ്വന്തം ദൌര്ലബ്ല്ല്യത്തെ സ്വയം കീഴടക്കുകയും സ്വപരിശ്രമം കൊണ്ട് സ്വയം ഉയര്‍ത്തുകയും വേണമെന്നാണ്".ഇതു എപ്പോഴും മനുഷ്യന്‍ ഒര്തിരിക്കെണ്ടാതാണ്.
മനുഷ്യന് അവന്റെ സ്വഭാവത്തെ മാറ്റുവാന്‍ അശ്രാന്ത പരിശ്രമം വേണം.എന്നെകൊണ്ട്‌ സാധികുകയില്ലെന്നു പറയാതെ സാധിക്കും എന്ന് മനസ്സിനെ പത്തുവട്ടം പറഞ്ഞു പഠിപ്പിച്ചാല്‍ സാധിക്കാത്തതായി ഒന്നും ഇല്ല.ഏതു കാര്യത്തിനും ആദ്യം വേണ്ടത് ഇച്ഹാശക്തിയാണ്. നൈരാശ്യത്തിനു വഴങ്ങികൊടുക്കാതെ ജീവിത വിജയത്തിനായി വാശിയോടെ പോരാടുക.
മനോനിയന്ത്രണം ഒരു അമൂല്ല്യസമ്പത്താണ്‌ .കാരണം അതുവഴി ഏറ്റവും വലിയ അനുഗ്രഹമായ ആല്മഞാന പ്രകാശം കൈവരുന്നു.നമ്മുടെ സ്വര്‍ഗ്ഗവും ,നരഗവും സൃഷ്ടിക്കുന്നത് മനസ്സുതന്നെയാണ് ആ മനസ്സിനെ നിയന്ത്രിക്കാതെ ഇന്ദ്രിയങ്ങളുടെ പിന്നാലെ വിട്ടാല്‍ അത് നരകവും തീര്‍ക്കുന്നു.

Thursday, July 7, 2011

സ്നേഹം


സ്നേഹം ഒരു കണക്കെടുപ്പത്രെ
എത്ര അളന്നാലും തീരാത്ത കണക്ക്.
നിന്നെ സ്നേഹിക്കേണ്ടത്
ഇന്ന് എന്റെ ആവശ്യമാണ്‌ .
കാരണം
നിന്നെക്കാള്‍ ഏറെ
ഞാന്‍ എന്നെ സ്നേഹിക്കുന്നു.

Sunday, June 19, 2011

മനസ്സ്






ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഏതാനും മണിക്കൂറുകള്‍ ... ആ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കേണ്ടി വന്നവര്‍ എന്തായിരിക്കാം ചിന്തിച്ചിട്ടുണ്ടാവുക? ജീവിതത്തിന്റെ കെട്ടിയാടലുകള്‍ ഇവിടെ തീരുകയാണെന്നോ?? അതോ ഇനി ഒരിക്കലും കണ്ണുതുറക്കാതെ സുഖ നിദ്രയില്‍ ആഴ്തണേ എന്നോ. ജീവിതത്തോട് കൂടുതല്‍ ആസക്തി കൂള്ളവര്‍ ഒരുപക്ഷെ എന്റെ ജീവനും , ഓര്‍മ്മയും ഇല്ലാതാക്കല്ലേ എന്ന് ചിന്തിച്ചേക്കാം . ഞാന്‍ എന്തായിരുന്നു ആ നിമിഷം ചിന്തിച്ചിരുന്നത്.?

ജീവിതത്തിന്റെയും മരണത്തിനും ഇടയിലുള്ള ഒരു കൈവിട്ട കളിയാണിതിതെന്ന്‍ ഞാന്‍ ചിന്തിച്ചു പോയത് എനിക്കൊരു സര്‍ജറി വേണമെന്ന് ഡോക്റ്റര്‍ എന്നോട് പറഞ്ഞപ്പോള്‍ മാത്രമാണ്. ഓപ്പറേഷന്‍ തീയറ്ററിലേക്ക് കയറുന്നതിന്റെ തൊട്ടുമുന്‍പ് അമ്മയെ കെട്ടിപിടിക്കുമ്പോള്‍
എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞിരുന്നോ.... അറിയില്ല.. അറിയാതെയെങ്കിലും പ്രതീക്ഷയുടെ ഒരു നനുത്ത സ്വാന്ത്വനം അപ്പോള്‍ എന്നില്‍ അവശേഷിച്ചിരുന്നു. ഒരു പക്ഷെ ഞാന്‍ ജീവിതത്തിലേക്ക് തിരികെ എത്തിയില്ലെങ്കിലോ? എന്റെ മനസ്സിലെ ചിന്തകള്‍ ഒന്നും ആര്‍ക്കും മനസ്സിലാവാന്‍ ഇടനല്‍കാതെ ഓപ്പറേഷന്‍ തീയ്യറ്ററിന്റെ വാതില്‍ അടയുമ്പോള്‍ അമ്മയുടെ കലങ്ങിയ കണ്ണുകളില്‍ നിറഞ്ഞ നിസ്സഹായ മുഖം ഞാന്‍ കണ്ടു. മരണത്തിനും ജീവിതത്തിനും ഇടയിലൂടെ ഉള്ള നൂല്പ്പാലത്തിനു മുകളിലൂടെയാണ്‌ ഇനി ഞാന്‍ സഞ്ചരിക്കേണ്ടത് എന്ന ചിന്ത എന്നെ അലട്ടിയതെയില്ല. തീയ്യറ്ററില്‍ കയറുകയാണെന്ന അവസാന സന്ദേശം പ്രിയതമന് കൈമാറുമ്പോള്‍ മനസ്സ് പതറിയിരുന്നോ.. മകനോടോന്ന് മിണ്ടാന്‍ അറിയാതെയെങ്കിലും കൊതിച്ചു. ആ ബന്ധവും വിച്ഛേദിച്ച് ഫോണ് നിശ്ചലം ആയപ്പോള്‍ എനിക്ക് ചുറ്റിലും ഒരു ശൂന്യത പടരുന്നത്‌ മെല്ലെ ഞാന്‍ അറിഞ്ഞു. ബന്ധങ്ങള്‍ എല്ലാം ഓരോന്നായി എടുത്തെറിയപ്പെട്ടു കഴിഞ്ഞു. എന്റെ ഊഴവും കാത്തു കിടക്കേണ്ടി വന്നപ്പോള്‍ ഒരു വീര്‍പ്പുമുട്ടല്‍ .. എല്ലാവരുടെയും മുഖം ഒരിക്കല്‍ കൂടി കാണണം എന്നൊരാശ... പ്രിയപ്പെട്ടവരുടെ ഓരോരുത്തരുടേയും മുഖം മനസ്സിലൂടെ മിന്നി മറഞ്ഞു. ഇനി ഒരു പക്ഷെ ഞാന്‍ ഒരിക്കലും കണ്ണുതുറക്കാതെ പോയാല്‍ പറയാതെ ബാക്കി വെച്ച വാക്കുകള്‍ ...കേള്‍ക്കാനായി കാത്തുവെച്ച വാക്കുകള്‍ ...എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചു നടന്നു നീങ്ങുകയാണെന്ന തോന്നലില്‍ എന്റെ കണ്ണില്‍ കണ്ണുനീര്‍ പൊടിയുന്നത് ഞാനറിഞ്ഞു. തീയ്യറ്ററിന്‌ പുറത്തു നീയപ്പോള്‍ എന്നെ കാത്തു നില്‍ക്കുന്നത് വെറുതെയെങ്കിലും സങ്കല്‍പ്പിച്ചു. കണ്ണൂതുറക്കുമ്പോള്‍ നീ അവിടെ ഉണ്ടാകണം എന്നു ഞാന്‍ ആശിച്ചിരുന്നു. നീണ്ട എന്റെ കാത്തിരിപ്പിനും ചിന്തകള്‍ക്കും ഒടുവിലായി എന്റെ പേര് വിളിച്ചപ്പോള്‍ ഹൃദയം നിയന്ത്രണാതീതമായി പിടച്ചിരുന്നത് എന്തിനായിരുന്നു. ഞാന്‍ എന്ന സത്യം ഇവിടെ അസ്തമിച്ചേക്കുമോ എന്ന ഭയമോ ,മരിക്കാന്‍ പേടിയില്ലാത്ത നീ എന്തിനാണ് ഭയക്കുന്നതെന്ന് ഞാന്‍ എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ തിരിച്ചു വരുന്നതും പ്രതീക്ഷിച്ച്.. എന്റെ വിളിയും പ്രതീക്ഷിച്ച് കാതങ്ങള്‍ക്കപ്പുറം നീ നെടുവീര്‍പ്പിടുന്ന സ്വരം എന്റെ ചെവിയില്‍ മുഴങ്ങിയിരുന്നു...
അനസ്തേഷ്യയുടെ സൂചിമുനകള്‍ എന്റെ ശരീരത്തില്‍ ആഴ്ന്നിറങ്ങുമ്പോള്‍ ഭൂമിയുമായുള്ള ചിന്തയുടെ അവസാന സമ്പര്‍ക്കം നിലക്കുമ്പോള്‍ കൃഷ്ണാ എന്ന് ഞാന്‍ വിളിക്കുമ്പോഴും എന്റെ ചിന്തകളില്‍ നീയായിരുന്നു. അവസാന വിളിയില്‍ ജീവിക്കാനുള്ള കൊതിയായിരുന്നോ ,അതോ.. അതോ നഷ്ടപെടുന്ന വേദനയോ ...എല്ലാ ബന്ധവും ഭൂമിയില്‍ ഉപേക്ഷിച്ച് എന്റെ മനസ്സൊരു പഞ്ഞികെട്ടായി പറന്നുയരുന്നത് ഞാനറിഞ്ഞു ...

മണിക്കൂറുകള്‍ക്കു ശേഷം എന്റെപേര് ആരോ ഉച്ചത്തില്‍ വിളിക്കുന്നത്‌ ഞാന്‍ കേട്ടു. ആ വിളിക്കുത്തരമായി പതുക്കെ മൂളുമ്പോള്‍ എവിടെയൊക്കയോ വേദന എന്റെ ശരീരത്തെ കീഴടക്കുന്നത്‌ ഞാന്‍ അറിഞ്ഞു... എന്റെ ചിന്തകള്‍ക്കും,ബോധത്തിനും ഒന്നും സംഭവിചിട്ടില്ലെന്നും ഡോക്റ്റര്‍ക്ക് കൈപ്പിഴ പറ്റിയിട്ടില്ലെന്നും അറിഞ്ഞപ്പോള്‍ ജീവിതമെന്ന എന്റെ നിയോഗം അവസാനിച്ചിട്ടെല്ലെന്ന് എനിക്ക് ബോദ്ധ്യമായി.

വെളിച്ചത്തിലേക്ക് എന്നെ കൊണ്ട് പോകുമ്പോള്‍ മോളൂ ഞാന്‍ ഇവിടെ ഉണ്ടെന്നു പറയുന്ന നിന്റെ ശബ്ദം കേള്‍ക്കാന്‍ എന്റെ ഉപബോധ മനസ്സു അലയുന്നത് ഞാന്‍ അറിഞ്ഞു.. സംസാരിക്കാറായപ്പോള്‍ നിന്റെ നെടുവീര്‍പ്പുകള്‍ ഞാന്‍ അറിയാതിരിക്കാന്‍ നീ ശ്രമിക്കുന്നത് ഞാന്‍ അറിഞ്ഞു.. നീണ്ട മൂന്നു മണിക്കൂറുകള്‍ മരണത്തിനും ജീവിതത്തിനും ഇടയിലൂടെ ഉള്ള നൂല്‍‌പാലത്തിലൂടെ ഞാന്‍ സഞ്ചരിച്ചപ്പോള്‍ ആയിരുന്നോ നീ എന്നെ സ്നേഹിച്ചു തുടങ്ങിയത്..?
ഒരിക്കലും തിരികെ വരാതെ ഞാന്‍ നിശ്ചലമായേക്കും എന്ന ഒരു സത്യത്തെ നീ അപ്പോഴാണോ തിരിച്ചറിഞ്ഞത് .. അത് തിരിച്ചറിയാന്‍ നിനക്ക് എനിക്ക് ബോധം നഷ്ടപ്പെട്ട ആ മൂന്നു മണിക്കൂറുകള്‍ വേണ്ടി വന്നു !. ഞാന്‍ എന്ന വ്യക്തിയെ സ്നേഹിക്കാന്‍.. നിനക്കുപറയാനുള്ളത് മുഴുവന്‍ പറഞ്ഞുകേള്‍പ്പിക്കാന്‍, നിന്റെ പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും ചെവി തരുവാന്‍, നിനക്കും താങ്ങും തണലുമായി ഞാനീ ജീവിതകാലം മുഴുവന്‍ ഉണ്ടാവണമെന്ന തോന്നല്‍ നിന്റെ ഉള്ളില്‍ നിറയാന്‍ ഞാന്‍ ബോധം മറിഞ്ഞ് കിടന്ന ആ മൂന്ന് മണിക്കൂറുകള്‍ വേണ്ടിവന്നോ ? വിളിച്ചാല്‍ വിളികേള്‍ക്കാത്ത ദൂരത്തിലാണ് ഞാന്‍ ഉള്ളതെന്ന തോന്നലില്‍ ആയിരുന്നോ പ്രിയനേ എന്നിലെ മുറിവുകള്‍ നിന്നിലേക്ക് കൂടെ പകുത്തെടുക്കണമെന്ന് തോന്നിയത്. എന്തായാലും ഇപ്പോഴെങ്കിലും നിനക്ക് അത് തോന്നിയല്ലോ. എന്റെ ശ്വാസം നിലക്കാതിരിക്കാന്‍ നീ ആഗ്രഹിച്ചു പോയ മൂന്നു മണിക്കൂറുകള്‍.. അവിടെ തുടങ്ങട്ടെ എന്റെ ശരീരത്തിന്റെ പുതിയ ജീവിതം.

Sunday, June 12, 2011

ദൈന്യത



ദീനതയിലെക്കു കണ്ണുതുറക്കുന്ന പുലരികള്‍
അസ്തമയം വരെ സഹിക്കാം ,
അതുകഴിഞ്ഞുറങ്ങും രാവിലും നിറയുന്നു
ദൈന്യതയാര്‍ന്ന നിനവുകള്‍ മിഴികളില്‍ .

ജീവിത നോവറിയണമെങ്കില്‍
പഠിക്കണംഅനുഭവജീവിത പാഠപുസ്തകതാളുകള്‍

ജീവിത വിക്ഷണം അഴിച്ചു പണിതപ്പോള്‍
കൈ വിട്ടു പോയതെന്‍ ജീവിതമത്രയും

വെയിലിലും,മഴയിലും
കയ്പ്പും,മധുരവുമായി
ആലയില്‍ പഴുക്കും ഇരുമ്പ് പോല്‍
പൊള്ളുന്നു ഇന്നെന്‍ ഉള്ളവും.

ഇന്നിന്റെ ദീനതയില്‍ നിന്നും
പുറത്തുകടക്കാനാവാത്ത വിധം
തളര്‍ന്നുപൊയ് ഞാനും .

നിസ്സഹായതയുടെ നോവായി
എന്നാത്മാവിനെ ദഹിപ്പിക്കുന്നു നീയും .






Wednesday, June 1, 2011

മൌനം

പ്രണയിച്ചിരുന്നു ഞാന്‍
ഇടക്കെപ്പോഴോ പെയ്തറങ്ങി
മനസ്സിനെ തരളിതമാക്കിയ കവിതകളെ .

തരിശാണ്‌..ഇന്നവിടം
എഴുതുവാന്‍ ഏറെ ആശിപ്പതെങ്കിലും
മസ്തിഷ്ക്കം മരവിച്ച്,ചിന്തകള്‍ തുരുമ്പെടുത്ത്
മൌനത്തിന്‍ പടിവാതിലില്‍ തനിച്ചിന്നു
നില്‍ക്കുമ്പോള്‍ മൌനിയകുന്നു ഞാനും .


ഒന്നുറക്കെ കരയണമെന്നുണ്ട്
ശബ്ദം തൊണ്ടയില്‍ കുടുങ്ങീടെ
എന്‍റെ മൗനത്തില്‍ നിന്നും
ഒരു ബീജംപിറകൊള്‍വതിനായി
കാതോര്തിരിപ്പിന്നു ഞാന്‍ .


എനിക്കിനിയും പോകണം
ഏറെ ദൂരെ
പക്ഷെ എന്‍റെ മുന്‍പില്‍ ഇരുട്ടാണ്‌
തണുത്തുറഞ്ഞ ഇരുള്‍ മാത്രം !.