Tuesday, May 7, 2024
നമുക്കൊരാളെ സ്നേഹിക്കാൻ കഴിഞ്ഞേക്കാം പക്ഷെ ആത്മാർത്ഥമായി സ്നേഹിക്കപ്പെടുക എന്നതു ഏറ്റവുംഭാഗ്യവുമുള്ളവർക്കെ ലഭിക്കൂ ..പാതിയിൽ നഷ്ടപെട്ട സ്വപ്നം വീണ്ടും കിട്ടിയെന്നു തോന്നിപ്പിച്ച് ഒരു കൊച്ചുകുട്ടീടെ നിഷ്കളങ്കതയോടെ ഞാനയാളെ ചേർത്തു വെച്ചു .
എനിക്കെപ്പോഴും അയാളോട് മിണ്ടിപ്പറയാൻ തോന്നുമായിരുന്നു ..മിണ്ടിപ്പറയുമ്പോൾ
ശബ്ദവും ശബ്ദവും ചേർന്ന് ഒന്നാകുമ്പോൾ ഞാനൊറ്റ നോറ്റക്കല്ലെതോന്നുമായിരുന്നു .
പങ്കുവെയ്ക്കാത്ത സങ്കടങ്ങൾ അത്രയ്ക്ക് ഉള്ളിലുള്ളത് കേൾക്കുവാനൊരാൾ ...
പക്ഷേ, അയാൾക്കു അതിനൊന്നും സമയം ഉണ്ടാകാറില്ല .
ശബ്ദവും ശബ്ദവും തമ്മിൽ പലപ്പോഴും ഇടറിപ്പിരിയുകയാണ് പതിവ് .
അക്ഷമയും വേവലാതിയും ഞാൻ പറയുമ്പോൾ അവനത് കുറ്റപ്പെടുത്തലുകൾ മാത്രമായി തോന്നും .പതിയെ പതിയെ വിളികൾ കുറയുമ്പോൾ തിരക്കാണെന്നു ഞാനും ഉൾക്കൊള്ളും...
സ്വരങ്ങൾ പിണങ്ങിപ്പിണങ്ങി പതിയെപ്പതിയെ ഞാനൊരു മൗനിയാകും....
ഓരോ നിമിഷവും കാണണമെന്നു കൂടെവേണമെന്നും കൊതിക്കും...
പക്ഷേ, അവനതു കേട്ടെന്നു നടിക്കില്ല....അയാൾക്കു അയാളുടേതായൊരു ലോകമുണ്ടെന്നതു ഞാൻ മറക്കും .എന്റെ യെന്റെതെന്നു കരുതി ചേർത്തുവെക്കുമ്പോഴൊക്കെയും ,ബ്രാല് പോലെ അയാൾ വഴുതി മാറും .
പറഞ്ഞുമടുക്കുമ്പോൾ സ്വയം സമാധാനിക്കാൻ ശ്രമിക്കും
കൈപൊള്ളിയാൽ, വിരൽ മുറിഞ്ഞാൽ, തല വേദനിച്ചാൽ ഞാൻ ഓടി വന്ന് പറയും,
നിന്റെ മുറിവ് ഉണങ്ങിയോ, തലവേദന മാറിയോയെന്നു തിരക്കാതാകുമ്പോൾ ഉള്ളിലെ മുറിവിന്റെയും വേദനയുടെയും ആഴം മാത്രം കൂടും....
പോകെപ്പോകെ കാണണമെന്ന ആർത്തിയുടെ തീയും അണയും...
ഫോൺ ചെയ്യുമ്പോൾ കാൾ വെയ്റ്റിംഗ് എന്നു കണ്ടാൽ നെഞ്ചൊന്നു പിടയ്ക്കും..
മറ്റെങ്ങോട്ടോ പോകുന്നതായി ഹൃദയം മിടിച്ചുകൊണ്ടിരിക്കും...
എന്റെ ചോദ്യത്തിന് മറുപടി ഇല്ലാതാകുമ്പോൾ, മിടിപ്പുകൾ പോലുമടങ്ങും..
പിന്നെപ്പിന്നെ ഒരാകാംഷയുമില്ല... നിസ്സംഗമായി എന്നിലേക്കു ചുരുങ്ങൽ മാത്രം....
മറ്റുള്ളവർക്ക് നിസ്സാരമെന്ന് തോന്നുന്ന ചിലതിലാണ് ഞാൻ ജീവിക്കുന്നത് എന്നത് എനിക്കു മാത്രമറിയുന്ന രഹസ്യം .അവന്റെ ജീവിതത്തിൽ തനിക്കു പ്രത്യേകിച്ചൊരു സ്ഥാനവും നല്കീട്ടില്ലന്നു തിരിച്ചറിയുമ്പോൾ ,അവഗണിക്കപ്പെടുന്നു എന്നു തോന്നി തുടങ്ങിയപ്പോൾ അയാളെ വെറുക്കാൻ തുടങ്ങി ..
ഒരു കാലത്തെ ഇഷ്ടത്തെ പല മടങ്ങായി വെറുക്കാൻ തുടങ്ങിയപ്പോൾ ..
ഭൂമിയോളം താഴ്ന്നിരുന്ന ഞാൻ തലയിൽ ചവിട്ടി തിരിച്ചു കയറും....
ഒരൊറ്റ രാത്രികൊണ്ട്, വെറുപ്പിന്റെ ചെളിവെള്ളത്തിൽ ഞാൻ അവനെ മുക്കിപ്പിടിക്കും...അതിൽ കിടന്നയാൾ വാവിട്ടു കരയും .
ഒരാളെ സ്നേഹിച്ചു തുടങ്ങുമ്പോൾ നമ്മളറിയാതെ അഹങ്കരിക്കാറുണ്ട് ..എന്നെ ഏറെ മനസ്സിലാക്കിയതും ,സ്നേഹിച്ചതും അയാൾ മാത്രമാണെന്ന് .,..ചിലരുടെ കാര്യത്തിൽ അത് വെറും തെറ്റിദ്ധാരണ മാത്രമായിരുന്നു എന്ന് കാലം കാണിച്ചു തരും ..നമ്മളോളം നമ്മെ ചേർത്തുവെക്കുവാന് മറ്റാർക്കുമാകില്ലന്ന സത്യം വേദനയോടെ തിരിച്ചറിയും ..
ഒരു കാലത്തെ ഇഷ്ടത്തെ പല മടങ്ങായി വെറുക്കാൻ തുടങ്ങും .
വന്നുപോകുന്ന മനോവികാരങ്ങൾക്ക് ഒരു ചലച്ചിത്രത്തിലെ ഫ്രെയിമുകളുടെ വൈവിധ്യം വരും .
വേദനയോടെ, നിരാശയോടെ കാത്തിരിപ്പുകൾക്കു വിരാമമിടും .
വേദനകൾക്കു വൈവിധ്യമില്ല .ഒറ്റ വികാരത്തിന്റെ ആഴം.ദുരന്തത്തോടടുത്ത തീവ്രത...
സ്നേഹിക്കപ്പെടുവാൻ അത്രയും കൊതിയാണല്ലോ എന്നും പെണ്ണുങ്ങൾക്ക്...
എത്ര കിട്ടിയാലും വേണ്ടത്ര സ്നേഹം കിട്ടിയില്ലെന്ന തോന്നൽ...
കാത്തിരിപ്പുകൾ അവസാനിപ്പിക്കുമ്പോഴാണ് ഒരു പ്രണയിനി യഥാർത്ഥത്തിൽ ജീവിക്കാൻ തുടങ്ങുന്നത്...
ആർക്കു വേണ്ടിയും ഒന്നിനും വേണ്ടിയും കാത്തിരിക്കാതിരിക്കുക...
അപ്പോൾളാണ് ഉള്ളിലെ സ്നേഹത്തെ സ്വയം അറിയാൻ തുടങ്ങുക .
നനയാൻ കൊതിക്കുന്ന ഭൂമിയാവുന്നതിനെക്കാൾ നല്ലത് പെയ്തുതീരാത്ത മഴമേഘമാകുന്നതാണ്...😊
Monday, June 21, 2021
നിന്നെലേക്കെത്താൻ കുതിക്കുന്ന മനസ്സിനെ തളച്ചിടാൻ ശ്രമിക്കാറുണ്ട്.ചിലതൊക്കെ അങ്ങിനെയാണ്,
അരുതെന്ന് എത്ര തോന്നിയാലും അതങ്ങുവളർന്നു ആഴത്തിൽ വേരിറങ്ങി കാണും പറിച്ചു മാറ്റാൻ ആവാത്തവിധം.
ഞാനെന്നകണ്ണിയുടെ അവസാന ഇഴ പൊട്ടുന്നനാൾവരെ ഞാനിങ്ങനെവ്യഥാ ഇഴകോർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും.
എന്നിലൂട െമാത്രമവസാനിക്കുന് നനിഗൂഢമായൊരു
പ്രണയകവിതയില െഅവസാനവാക്കാണ് നീ എനിക്കിന്നു. അവഗണനയുടെ തീച്ചൂളയേറ്റു പൊള്ളിയിട്ടും,
പിന്നെയും പിന്നെയും പടർന്നു കയറാൻ തുടിക്കുന്ന മനസ്സിനെ
തളച്ചിടാൻ ശ്രമിച്ചു പരാജിതയായി ഭ്രാന്ത്മൂത്തു പൊട്ടിക്കരയുമ്പോൾ ഉള്ളിലിരുന്നു
എന്നെ നോക്കി ആർത്തട്ടഹസിക്കും നിന്നോടുള്ള എന്റെ പ്രണയമപ്പോൾ.
Tuesday, April 27, 2021
ജീവിതം മടുത്തു തുടങ്ങുമ്പോൾ, ഈ പോരാട്ടം അവസാനിക്കുന്നില്ലലോ എന്നു സങ്കടപ്പെടുമ്പോൾ,
ഒറ്റക്കാണല്ലോ എന്നോർത്ത് ശ്വാസം മുട്ടുമ്പോൾ, വെറുതെയൊരു യാത്ര പോകണം..
പിന്നിട്ട വഴികളിലൂടെ ഒരു യാത്ര..
ജീവിതം നിറയെ മുറിവുകളാണെന്നു തോന്നുമ്പോൾ വീടിനോട് ചേർന്നുള്ള പാടവരമ്പത്തു
അസ്തമയ സൂര്യനെ നോക്കി ഇരിക്കണം.. ഇടവഴികളിലൂടെ ഇലയനക്കാതെ നടക്കണം.
സന്ധ്യാ നേരത്തു പാടവരമ്പിലൂടെ കയ്യിൽ ഒരുകറുത്ത ബാഗും, പിടിച്ചു നടന്നു വരുന്ന
അച്ഛനെയും കാത്തു കുളക്കരയിൽ നിൽക്കുന്ന കൊച്ചു കുട്ടിയായി നിൽക്കണം..
ഒറ്റക്കാണെന്ന ചിന്ത കാർന്നു തിന്നുന്ന നേരം വീടിന്റെ രണ്ടാം നിലയിലെ പഴയ പുസ്തകങ്ങളും
പണ്ടുകാലത്തെ ഉപയോഗ ശൂന്യമായ സാധനങ്ങളും വെറുതെ പരതികൊണ്ടിരിക്കണം.
മുത്തച്ഛൻ മാർ മറന്നു പോയ വല്ല നിധി ശേഖരവും കണ്ടെത്താൻ കഴിഞ്ഞാലോ എന്നോർത്ത് ഓരോ മുക്കും മൂലയും പരതണം..
മറക്കാൻ ശ്രമിച്ചിട്ടും ഓർമ്മയുടെ അടിത്തട്ടിൽ മായാതെ കിടക്കുന്ന മുഖങ്ങൾ നിറം മങ്ങി തുടങ്ങിയ
ആൽബംങ്ങളിൽ പരതി ഓരോന്നും ഓർത്തെടുക്കണം..
പ്രതിസന്ധികൾ ഒന്നിന് പുറകെ ഒന്നായിവലംവെച്ചു ശ്വാസം മുട്ടിക്കുമ്പോൾ,
അച്ഛൻ മരിച്ചപ്പോൾ ആ വലിയ വീട്ടിൽ മുപ്പത്തിമൂന്നാം വയസ്സിൽ ഒറ്റക്കായ അമ്മയെ രാത്രികൾ പേടിപെടുthiyathum
നെഞ്ചിനകത്തു പെരുമ്പറ കൊട്ടിയ ദിനങ്ങളും, ഉറങ്ങാതെ ഇടനാഴികയിൽ വെറും നിലത്തു വിരിച്ച പായയിൽ
റാന്തൽ വെളിച്ചത്തിൽ അമ്മക്ക് കാവലിരിക്കുന്ന ഏട്ടൻ മാരെയും, ചേച്ചി മാരെയും ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ
നോക്കി ഇരുന്ന ആറാം ക്ലാസ്സുകാരി പെൺകുട്ടിയായി ഇടനാഴികയിൽ വല്ല ശബ്ദവും കേൾക്കുന്നുണ്ടോ എന്നു കാതോർത്തു,
അമ്മയുടെ മടിയിൽ തലവെച്ചുറങ്ങണം.. .
നൽകിയ സ്നേഹത്തിനോ ആൽമാര്ഥതക്കൊ അൽപ്പം പോലും പരിഗണന തിരികെ കിട്ടിയില്ലല്ലോ എന്നോർത്ത് ചങ്കു പൊട്ടുമ്പോൾ
മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുകയോ വാട്സാപ്പ് ഡിലീറ്റ് ചെയ്യുകയോ, fb ഡീആക്ടീവ് ചെയ്യുകയോ ചെയ്തു
ഒറ്റക്കിരുന്നു ഉറക്കെ ഉറക്കെ കരയണം .. എന്നിട്ടും ശാന്തമാകാത്ത മനസ്സെങ്കിൽ ഹെഡ് ഫോണും വെച്ചു പാട്ടു കേട്ടു കിടക്കണം
രാവിരുണ്ടിട്ടും വന്നു ചേരാത്ത നിദ്രാ ദേവിയോടും, ജീവിതത്തോടും തളരാത്ത മനസ്സുമായി
വീറോടെ വാശിയോടെ, തോൽക്കാനെനിക്ക് മനസ്സില്ലെന്നു വിളിച്ചു പറയണം..
ഇനിയും എത്തിപ്പെടാത്ത അയാൾക്കുവേണ്ടി ഇന്നും കാത്തിരിപ്പാണെല്ലോ എന്നോർത്ത് സ്വയം വിഡ്ഢിചിരി ചിരിക്കണം ,
എന്നെങ്കിലും എന്നെ തേടി അയാൾ വരുമെന്ന് സ്വയം സമാധാനിക്കാൻ ശ്രമിച്ചു,
വേദനിക്കുന്ന മനസ്സുകൊണ്ടല്ലാതെ എന്നെങ്കിലും മധുരംകൊണ്ട് പൊട്ടിക്കരയുന്നൊരു ദിനം വരുന്നത് സ്വപ്നം കണ്ടുറങ്ങണം..
അതിരാവിലെയുണർന്നു വറ്റിവരണ്ട കണ്ണുനീർ തടങ്ങളെ തടവി മടുപ്പിക്കുന്ന രാവിലകളെ എതിരേറ്റു
മനോഹരമായൊരു ചിരിയും ഫിറ്റ് ചെയ്തു വീണ്ടും കാലചക്രം തിരിക്കണം..
Saturday, July 18, 2015
ചില തോന്നലുകൾ

എത്ര കഴുകി തുടച്ചിട്ടും പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു ചില പാടുകള്‍ കൂട്ടില്‍ കിളി പറന്നകന്നിട്ടും മായാത്ത ഗന്ധം പോലെ !ഞാൻ നിന്നെയും നീ എന്നെയും സ്നേഹിക്കുന്നു എന്ന തോന്നലുകൾ,ആ തോന്നലുകൾ നിലനിൽക്കുമ്പോൾ മാത്രമല്ലെ ബന്ധങ്ങൾ എന്നും ഊഷ്മളമായി നിലനിലനില്ക്കുന്നത് ..ആ തോന്നലുകൾ ഇല്ലാതാകുമ്പോൾ ബന്ധങ്ങളും അറ്റുപോകുന്നു..നീ എന്നെ സ്നേഹിക്കുന്നുവോ ? പലവട്ടം ഒരു ഉളുപ്പും നാണവും ഇല്ലാതെ എത്രയോ വട്ടം ചോദിച്ചു തുരുബെടുത്ത വാചകം എന്നത്തെയും നിന്റെ മറുപടി ഒന്നായിരുന്നു ...ഞാൻ നിന്നെ സ്നേഹിക്കുന്നത് ഞാൻ പറഞ്ഞു അറിയിച്ചിട്ട് വേണോ നിനക്കതറിയുവാൻ!!!!..എല്ലാം വെറും തോന്നലുകൾ അതല്ലെ ശെരിക്കും പ്രണയം .മൌനം തീര്‍ത്ത ദൂരങ്ങള്‍ക്കും അപ്പുറംഞാൻ ചോദിച്ച ഒരുപാട് ചോദ്യങ്ങള്‍
മറുപടികളില്ലാതെ ഞാൻ എന്നിലേക്ക് തന്നെ മടങ്ങുന്നു ...
പ്രണയം വാക്കുകളില്ലാതെ....ശബ്ദങ്ങളില്ലാതെ ...എന്നില്‍ ജനിച്ചു മരിക്കുന്നു ..
ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുമ്പോള്‍
നിന്നോടുള്ള എന്റെ പ്രണയം ചുവരില്‍ പകര്‍ത്തുവാന്‍ കഴിയാത്ത
ഒരു നിറക്കൂട്ട് മാത്രമായി അവശേഷിക്കുന്നു!!
ആരാണെനിക്ക് നീ ? ഓര്‍ക്കുകില്‍ ആരോ! എന്തോ ! ആരാകിലെന്താ നമ്മള്‍ അകലാന്‍ അടുത്തവര്‍ .. മുന്നിലായ് മറഞ്ഞോര്‍ക്ക് പിന്നാലെ പോകേണ്ടവര്‍
Tuesday, April 28, 2015
നമ്മൾ രണ്ടു പുഴകളായി തന്നെ ഇനിയും ഒഴുകും
ജീവിതം എങ്ങോട്ടാണ് പോകുന്നത് എനിക്ക് പോലും അറിയാത്ത വഴികളിലൂടെ അതെന്നയും കൊണ്ടു പായുന്നു .കുത്തി ഒലിച്ചു പോകുന്ന മലവെള്ളപ്പാച്ചില്‍ പോലെ, തീരതടുക്കാൻ നേരം പിന്നെയും ശക്തമായച്ചുഴിയിലേക്ക് വലിച്ചടിപ്പിക്കുന്ന കുത്തോഴുക്ക് പോലെ .
പൊരുത്തകെടുകളുടെയം ആകെ തുകയാണ് ജീവിതം.സന്ധി ചെയ്തു സമരസപെടാത്ത ,അതിനിഷ്ടപെടാത്ത ഞാന്‍ സന്ധിചെയ്തു ജീവിത വിജയം നേടാന്‍ ഉള്ള വിദ്യ ഉപദേശിക്കുന്നു .എന്തൊരു വിരോധാഭാസം ? .എവിടേയോ കാലം തെറ്റി പെയുന്ന ഒരു മഴയുണ്ട് അതിന്റെ താളമുണ്ട്,ആ താളം എന്നെ നിന്റെ വഴിയില്‍ നിന്നും വേര്‍പ്പിരിചിരിക്കുന്നു .നല്ലതിനയിരിക്കാം അല്ലെങ്കില്‍ എല്ലാ കൈ വഴികളും സമുദ്രത്തില്‍ ചെന്ന് ചേരുന്നു എന്ന് പറയുന്നത് പോലെ എല്ലാ വഴികളും ഒരിക്കല്‍ ഒന്ന് ചെരുംയിരിക്കും. .ആ അറ്റം വരെ നടന്നെത്താന്‍ വിധി അനുവദിച്ചാല്‍ അന്ന് നിനക്കന്റെ കാല്‍പ്പാടുകള്‍ പിന്തുടരാം,അല്ലെങ്കില്‍ ഞാനുപെക്ഷിച്ച സമരസപ്പെടലിന്റെ തന്ത്രവുമായി ജീവിക്കാം.ഒന്നുണ്ട് എനിക്ക് നിന്നോട് പറയാന്‍ അവസാനം എന്നെങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടങ്ങലയിരുന്നു അധികം എന്ന് തോന്നരുത് . ശത്രുവിനോട് പോലും സ്നേഹത്തോടെ പെരുമാരുന്നവന്റെ നാമം തങ്ക ലിപികളില്‍ എഴുതപെടും എന്നല്ലേ പുരാണം പറയുന്നത് .എനിക്കാരോടും വാശിയില്ല.വെറുപ്പില്ല. ..നമ്മൾ രണ്ടു പുഴകളായി തന്നെ ഇനിയും ഒഴുകും
പൊരുത്തകെടുകളുടെയം ആകെ തുകയാണ് ജീവിതം.സന്ധി ചെയ്തു സമരസപെടാത്ത ,അതിനിഷ്ടപെടാത്ത ഞാന്‍ സന്ധിചെയ്തു ജീവിത വിജയം നേടാന്‍ ഉള്ള വിദ്യ ഉപദേശിക്കുന്നു .എന്തൊരു വിരോധാഭാസം ? .എവിടേയോ കാലം തെറ്റി പെയുന്ന ഒരു മഴയുണ്ട് അതിന്റെ താളമുണ്ട്,ആ താളം എന്നെ നിന്റെ വഴിയില്‍ നിന്നും വേര്‍പ്പിരിചിരിക്കുന്നു .നല്ലതിനയിരിക്കാം അല്ലെങ്കില്‍ എല്ലാ കൈ വഴികളും സമുദ്രത്തില്‍ ചെന്ന് ചേരുന്നു എന്ന് പറയുന്നത് പോലെ എല്ലാ വഴികളും ഒരിക്കല്‍ ഒന്ന് ചെരുംയിരിക്കും. .ആ അറ്റം വരെ നടന്നെത്താന്‍ വിധി അനുവദിച്ചാല്‍ അന്ന് നിനക്കന്റെ കാല്‍പ്പാടുകള്‍ പിന്തുടരാം,അല്ലെങ്കില്‍ ഞാനുപെക്ഷിച്ച സമരസപ്പെടലിന്റെ തന്ത്രവുമായി ജീവിക്കാം.ഒന്നുണ്ട് എനിക്ക് നിന്നോട് പറയാന്‍ അവസാനം എന്നെങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടങ്ങലയിരുന്നു അധികം എന്ന് തോന്നരുത് . ശത്രുവിനോട് പോലും സ്നേഹത്തോടെ പെരുമാരുന്നവന്റെ നാമം തങ്ക ലിപികളില്‍ എഴുതപെടും എന്നല്ലേ പുരാണം പറയുന്നത് .എനിക്കാരോടും വാശിയില്ല.വെറുപ്പില്ല. ..നമ്മൾ രണ്ടു പുഴകളായി തന്നെ ഇനിയും ഒഴുകും
Saturday, August 23, 2014
ദാസിന്റെ ഓര്‍മ്മക്കായി..
ദാസ്...ദാസ് എന്‍റെ നല്ല ഒരു സുഹൃത്തായിരുന്നു.ദാസ് കാണാന്‍സുന്ദരനായിരുന്നു .ഋതിക്ക്റോഷന്റെ മുഖം എന്ന് പറയാം.നിഷ്കളങ്കമായ മുഖവും ,പൂച്ചകണ്ണും ,ആരെയും ആകര്‍ഷിക്കുന്ന ചിരിയും ,അവനു ചെറിയ ഒരു ആരാധകരെ തന്നെ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു.ഞാനും ,ദാസുമായുള്ള പരിചയം വളരെ മുന്‍പുള്ളതാണ്.കൃത്യമായി പറഞ്ഞാല്‍ ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതലുള്ള അടുപ്പം.എന്‍റെ ചേച്ചിയെ കല്ല്യാണം കഴിച്ച വീടിനടുതായിരുന്നു ദാസിന്റെ വീട്.അന്ന് ദാസ് നാലാം ക്ലാസ്സിലാണ്.അന്നും ദാസിനെ കാണാന്‍ നല്ല ഭംഗി ആയിരുന്നു.പെട്ടന്ന് തന്നെ ഞങ്ങള്‍ നല്ല കൂട്ട്കാരായി .ഇടക്കിടെ ഞാന്‍ ചേചീടെ വീട്ടിലെ അധിഥിയായി എത്തുന്ന ഇടവേളകളില്‍ ഞങള്‍ കളിച്ചു നടന്നു.പിന്നീട് പറിച്ചു നടപെട്ട എന്‍റെ സ്ക്കൂള്‍ കാലഘട്ടത്തില്‍ ഞങ്ങള്‍ തമ്മില്‍ കാണുന്നത് വല്ലപ്പോഴും ആയി.എങ്കിലും കാണുന്ന ഇടവേലകളില്ലെല്ലാം ഞങ്ങള്‍ ഞങ്ങളുടെ സൌഹൃദം പുതുക്കി കൊണ്ടിരുന്നു.
മുതിര്‍ന്നപ്പോള്‍ പിന്നെ കാണുന്ന ഇടവേളകള്‍ നീണ്ടു .കുറെ കാലത്തിനു ശേഷം ഞാന്‍ ദാസിനെ കാണുമ്പോള്‍ ഞാനും ദാസും ഏറെ മാറിയിരുന്നു.ദാസ് കൂടുതല്‍ സുന്ദരനും,ആരെയും ആകര്‍ഷിക്കുന്ന അവന്റെ വ്യക്തിതവും എനിക്കേറെ ഇഷ്ടമായിരുന്നു.വളര്‍ന്നിട്ടും ഞങ്ങള്‍ക്കിടയിലെ നല്ല സൌഹൃദം നിലനിന്നു.കാണുമ്പോഴെല്ലാം എന്നോട് പറയുവാന്‍ ഒരായിരം കാര്യങ്ങള്‍ ഉണ്ടാകുമായിരുന്നു.പരസ്പ്പരം എന്തും തുറന്നു പറയാവുന്ന ഒരുനല്ല സൌഹൃദം ആയിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.
അവന്‍ പഠിക്കുവാനായി ബംഗ്ലൂര്‍ക്ക് പോയപ്പോള്‍ പിന്നെ കാനുനത് വളരെ കുറവായി.കുറെ നാളുകള്‍ക്കു ശേഷം പിന്നെ ഞാന്‍ കാണുന്നത് എന്‍റെ വിവാഹത്തിനായിരുന്നു.വിവാഹശേഷം ഞാന്‍ ഒരിക്കല്‍ അവന്റെ വീട്ടില്‍ പോകുകയുണ്ടായി അന്ന് ഒരു അവധിക്കു അവനും വീട്ടില്‍ ഉണ്ടായിരുന്നു.അന്ന് ഞാന്‍ അവനെ കാണുമ്പോള്‍ ദാസ് ആകെ നിരാശനായിട്ടാണ് കാണപ്പെട്ടത്. മഴപെയ്യാനായി മൂടികെട്ടി നില്‍ക്കുന്ന ഒരു മനസ്സുപോലെ ആയിരുന്നു അവന്റെ മനസ്സ് അപ്പോള്‍ എന്ന് എനിക്ക് മനസ്സിലായി.ഒറ്റ ശ്വാസത്തില്‍ എല്ലാം അവന്‍ എന്നോട് പറഞ്ഞു അവന്റെ വീടിനടുത്തുള്ള ഒരു കുട്ടിയുമായി ഇഷ്ടതിലാനെന്നും ,അത് വീട്ടുകാര്‍ അറിഞ്ഞെന്നും,ഗള്‍ഫില്‍ ഉള്ള അച്ഛന്‍ അവനെ അങ്ങോട്ട് കൊണ്ട് പോകുകയാണെന്നും.വീട്ടുകാര്‍ക്ക് ആ ബന്ധത്തിന് താല്‍പ്പര്യം ഇല്ലന്നും,കുട്ടിയുടെ ജാതി ആയിരുന്നു പ്രശ്നം.അവന്‍ പോയാല്‍ ആ പെണ്‍കുട്ടിയെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയിതു കൊടുക്കുമോ എന്നായിരുന്നു അവന്റെ പേടി.ഒരു ജോലി ഇത്രയും പെട്ടന്ന് നേടി തിരികെ വന്നു ആ കുട്ടിയെ സ്വന്തമാക്കാന്‍ എന്റെയും ഏട്ടന്റെയും എല്ലാ സപ്പോര്‍ട്ടും അവനു ഉണ്ടാകും എന്ന് ഞാന്‍ അവനു ദൈര്യം നല്‍കി.പിന്നീട് ഞാന്‍ അവനെ കാണുന്നത് ഗള്‍ഫില്‍ പോകുനതിന്റെ യാത്രപറയുവാനായി വീട്ടില്‍ വന്നപ്പോള്‍ ആണു.എല്ലാവിധ നന്മകളും ആശംസിച്ചു ഞാന്‍ അവനെ യാത്രയാക്കി...
പിന്നീട് ഒരു വര്‍ഷത്തിനു ഞാന്‍ കേള്‍ക്കുന്നത് അവന്റെ മരണവാര്‍ത്തയാണ്.എനിക്കത് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലായിരുന്നു.കാരണം അത് ഒരു സ്വാഭാവിക മരണം ആയിരുന്നില്ല്യ.ആല്‍മഹത്യ ആയിരുന്നു.ദാസ് ആല്‍മഹത്യ ചെയ്യാന്‍മാത്രം ഉള്ള ഒരു പ്രശനം എന്തായിരുന്നു എന്നതിന് ഇന്നും ആര്‍ക്കും വ്യക്തമായ ഉത്തരം ഇല്ല.ഗള്‍ഫില്‍ ദാസിനു തരക്കേടില്ലാത്ത ഒരു ജോലി ഉണ്ടായിരുന്നു.ദാസ് താമസിച്ചിരുന്നത് അച്ഛന്റെ കൂടെ ആയിരുന്നു.അച്ഛന്‍ റൂമില്‍ ഇല്ലാത്ത ഒരു സമയം ദാസ് മുറിയില്‍ കെട്ടി തൂങ്ങുകയായിരുന്നു.ഗള്‍ഫിലെ നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുവന്നപ്പോള്‍ അവസാനമായി ഒരിക്കല്‍ കൂടി ദാസിനെ കാണാന്‍ ഞാന്‍ പോയി. തണുത്തുറഞ്ഞു കിടക്കുന്ന ദാസിന്റെ മുഖത്തേക്ക് എനിക്കൊരിക്കലേ നോക്കുവാന്‍ കഴിഞ്ഞുള്ളു .എല്ലാവരോടും എപ്പോഴും ചിരിച്ചുകൊണ്ട് ,വളരെ സൌമ്യനായി സംസാരിക്കുന്ന ദാസ് എന്തിനു ആല്‍മഹത്യ ചെയിതു എന്നാര്‍ക്കും അറിയില്ല.അവന്‍ പ്രണയിക്കുന്ന പെണ്‍കുട്ടി നാട്ടില്‍ അവനായി കാത്തിരിക്കുനുണ്ടായിട്ടും ,എന്തിനു ദാസ് ഈ ക്രൂരത ചെയിതു ?പലരും പലതും പറഞ്ഞു കേട്ടു.അതെല്ലാം സത്യമായിരുന്നോ ,അതില്‍ എത്രമാത്രം സത്യം ഉണ്ടെന്നും ദാസിനു മാത്രം അറിയാവുന്ന സത്യങ്ങള്‍ ...
ദാസും,അച്ഛനും തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നിലെങ്കിലും,ദാസിന്റെ അച്ഛനും,അമ്മയും ചെറിയ ഒരു അകല്‍ച്ചയില്‍ ആയിരുന്നു.ദാസിന്റെ അച്ഛന്‍ ഗള്‍ഫില്‍ ഒരു സ്ത്രീയുമായി അടുപ്പത്തില്‍ ആകുകയും ആസ്ത്രീയെ വിവാഹം ചെയിതു കൂടെ താമസിപ്പിക്കുകയും ചെയിതിരുന്നു.ആ സ്ത്രീ ദാസ്സിനോദ് അടുപ്പോം കാണിക്കയും,ദാസിനെ വശീകരിക്കാന്‍ ശ്രമിച്ചെന്നും അതില്‍ നിന്നും രെക്ഷപെടാന്‍ ദാസ് സ്വയം തിരഞ്ഞെടുത്ത മാര്‍ഗം ആയിരുന്നു ആല്‍മഹത്യ .എല്ലാ സങ്കടങ്ങളും ഉള്ളില്‍ ഒതുക്കി ചിരിച്ചു കൊണ്ട് നടക്കുന്നവരുടെ ഉള്ളില്‍ ഒരു കടലോളം ദുഃഖം ഉണ്ടാകും എന്ന് പണ്ടാരോ പറഞ്ഞത് ശെരിയാണ്. ദാസിന്റെ മനസ്സ് പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു അഗ്നി പര്‍വതം ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ അവന്റെ അച്ഛന് പോലും കഴിയാതെ പോയി.
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇന്നും എന്‍റെ കണ്ണില്‍ ദാസിന്റെ നിഷ്കളങ്കമായ ചിരി മായാതെ നില്‍ക്കുന്നു....സ്വന്തം ജീവിതവും,മകന്റെ ജീവിതവും തകര്‍ത്തു ആ അച്ഛന് എന്ത് നേടി??മൂന്നു ജീവിതങ്ങള്‍ തകര്‍ത്ത ആ സ്ത്രീ എന്ത് നേടി...?? സ്നേഹവും ,പ്രേമവും ,കാമവും എല്ലാം വെറും നൈമിഷികം അതില്‍ ഒരുപാട് ജീവിതങ്ങള്‍ കൊഴിഞ്ഞു വീഴുന്നു..
എന്റെ പ്രണയം

പ്രണയം മധുരമുള്ള ഒരു നൊമ്പരം.
മറ്റൊരു പേരിലും വിശേഷിപ്പിക്ക്നാകാത്ത
നീറും നൊമ്പരമത്രെ പ്രണയം....
ഇന്നലെ പെയ്ത മഴയിൽ കിളിർക്കുന്ന ഒന്നല്ല പ്രണയം ,പ്രണയത്തെ വാനോളം പുകഴ്ത്തി പാടിയ പ്രശ്സ്ത കവി പബ്ലൊ നെരുദയുടെ വാക്കുകൾ ഞാൻ കടം കൊള്ളട്ടെ...
"എന്റെ പ്രണയം നിന്റെ വിരൽ വിടാൻ മടിക്കുന്നകുട്ടിയാണു .... അതിനെ ഞാൻ നിന്നെ തന്നെ ഏൽപ്പിക്കുന്നു.."
Sunday, August 17, 2014
Thursday, September 26, 2013
തിരുത്തപ്പെടാനാകാത്ത ജാതകം....
''തലക്കുമേല്‍ വെളുത്തൊരാകാശം
തലക്കുള്ളില്‍ കറുകറുത്തതാം മേഘം
അതിലെരിയുന്നുണ്ടൊരു ശോണചന്ദ്രന്‍
അതെന്‍ നിയോഗമാണതെന്റെ ജാതകം.''
അതെ..
എല്ലാം എന്റെ നിയോഗമായിരുന്നു. ജീവിതം കയ്പും, മധുരവും നിറഞ്ഞതാണെന്ന്
പണ്ടുള്ളവര്‍ പറഞ്ഞെതെത്ര ശരിയാണ്. ഏറെ കയ്പുകള്‍ സമ്മാനിക്കുമ്പോഴും ഒരുനുള്ളു
മധുരം അവശേഷിപ്പിക്കുന്ന ജീവിതം എന്ന കടങ്കഥ.
അതെ ജീവിതത്തെ കടങ്കഥയെന്നു വിശേഷിപ്പിക്കാം എന്നെനിക്ക് തോന്നുന്നു.
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ മാത്രമാകുന്ന ജീവിതം. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ ഞാനേറെ മുമ്പോട്ടു പോയിരിക്കുന്നു... ഇടക്കെപ്പോഴോ എന്റെ പാതയില്‍ പൂക്കളും ഉണ്ടായിരുന്നു . ജീവിതയാത്രയില്‍ ഞാന്‍ പെറുക്കിയെടുത്ത ഓരോ മുത്തുമണികളും എനിക്ക് പ്രിയപ്പെട്ടവയായിരുന്നു.. അവയെല്ലാം ജീവിതത്തിന്റെ പച്ചയായ നിറഭേതങ്ങള്‍ എനിക്ക് കാണിച്ചു തന്നു.. അവയിലെ ഒളിച്ചുവെച്ച കാക്കക്കറുപ്പിന്റെ കാപട്യം ഞാന്‍ തിരിച്ചറിഞ്ഞു. വര്‍ണ്ണങ്ങള്‍ വാരി വിതറിയ വഴിവക്കിലൂടെ ഓരോ കാലടി വെക്കുമ്പോഴും ഇനി വരാനിരിക്കുന്ന നിറഭേതങ്ങള്‍
എനിക്കജ്ഞാതമായിരുന്നു.. എങ്കിലും ഞാന്‍ പതറിയില്ല. മുമ്പിലെ പടികള്‍ ഓരോന്നായി ചവിട്ടിക്കയറി. ഇടറി വീഴാന്‍ തുടങ്ങുമ്പോള്‍ ഒരു താങ്ങിനായി ഞാന്‍ പരതി.
കൂര്‍ത്ത കല്ലുകളില്‍ തട്ടി കാലില്‍ ചോര പൊടിഞ്ഞിട്ടും, കുണ്ടിലും
കുഴിയിലും പലവട്ടം വീണിട്ടും ഞാന്‍ തോറ്റില്ല. പൊരുതുകയായിരുന്നു...
എന്നോടു തന്നെ... തോല്ക്കാന്‍ തയ്യാറല്ലായിരുന്നു.. മരുഭൂമിയിലെ കൊടുംചൂടില്‍
ഉള്ളു പൊള്ളുമ്പോഴും കുളിരുള്ള സ്വപ്‌നങ്ങളെ കെട്ടിപ്പിടിച്ച് ഓര്‍മ്മകളുടെ
ഭാണ്ഡത്തിലെ തുടിക്കുന്ന ഓര്‍മ്മകളെ താലോലിച്ച് ഞാന്‍ ഉറങ്ങി. എവിടെയും
തോല്‍ക്കരുതെന്ന് ആശിച്ചിട്ടും പലവുരു എന്നോടുതന്നെ പറഞ്ഞിട്ടും
തീജ്വാലകള്‍ക്കിടയിലൂടെ ജീവിതത്തിന്റെ മധ്യകാലത്തിലേക്കുള്ള യാത്രയില്‍ എനിക്ക്
എന്നെത്തന്നെ നഷ്ടമായി. ജീവിതയാത്രയുടെ തുടക്കത്തില്‍ തിരിച്ചറിയാതെ പോയ
യാഥാര്‍ത്ഥ്യങ്ങളെ, ഞാന്‍ നെയ്ത എന്റെ നിറമുള്ള സ്വപ്‌നങ്ങളെ, യാത്രയുടെ ഓരോ
നിമിഷത്തിലും ഞാന്‍ പെറുക്കിയെടുത്ത മണിമുത്തുകളെ, ഓരോന്നായി വഴിവക്കില്‍
വലിച്ചെറിഞ്ഞു. ജീവിതമെന്ന മഹാ പാഠപുസ്തകതില്‍നിന്നും മനസിലാക്കിയ
നെല്ലിക്കയുടെ കയ്പ്പും പുളിപ്പുമാര്‍ന്ന ജീവിതമെന്ന യാത്രയില്‍ ഞാന്‍
തനിച്ചായി. ബാല്യത്തില്‍ ഞാന്‍ പഠിച്ച സഹനം എനിക്കെന്നും തുണയായി.ഏതു
പരിതഃസ്ഥിതിയിലും ഞാന്‍ അതിജീവനം ശീലമാക്കി.
പതറാതെ പടികള്‍ കയറുമ്പോഴും മുമ്പില്‍ ശൂന്യത നിറഞ്ഞുനിന്നു. എന്നെങ്കിലും
വിജയത്തിന്റെ കൊടുമുടിയില്‍ എനിക്കെത്താന്‍ കഴിയുമെന്ന് വെറുതെയെങ്കിലും
ആശ്വസിച്ചു. ഒടുവില്‍ മുകളിലെത്തപ്പെട്ടപ്പോള്‍ ഒരുസത്യം ഞാന്‍ തിരിച്ചറിഞ്ഞു.
യാത്രയുടെ തുടക്കത്തില്‍ എന്നെ പിന്തുടര്‍ന്ന വെളിച്ചം പാതിവഴിയിലെപ്പോഴോ
നിലച്ചുപോയെന്ന്..
ആരൊക്കയൊ എനിക്കൊപ്പൊം ഉണ്ടെന്ന തോന്നലിലൂടെ ആയിരുന്നു
ഏകയായിരുന്നു. പരാജയങ്ങളുടെ ചതുപ്പുനിലത്തില് വീണ് തോല്ക്കാനെനിക്ക്
മനസ്സില്ലെന്ന് പറയുമ്പോഴും അസ്വസ്ഥമാകുന്ന മനസ്. തികച്ചും
ഏകയും, ദരിദ്രയും ആയപ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ കൊണ്ടു ഞാന്‍ സമ്പന്നയായി
.എന്റെ സ്വപ്നങ്ങള്‍ക്കിന്ന് ജീവന്റെ തുടിപ്പില്ല. ഓര്‍മ്മകളുടെ
മാധുര്യവും ഇല്ല. ജീവിതമെന്ന നെല്ലിക്കയുടെ കൈപ്പുനീര്‍ മാത്രം.
സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ജീവനറ്റുപോയിരിക്കുന്നു. കയറിവന്ന
ഉയരത്തില്‍നിന്നും യാഥാര്‍ത്ഥ്യമെന്ന താഴ്ചയിലേക്ക്
ഉറ്റുനോക്കുകയാണ് ...ഞാനിപ്പോള് പാതാളത്തോളം ആഴമുള്ള ഗര്‍ത്തത്തിലേക്ക്
വീണുകൊണ്ടിരിക്കുന്നു.. കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപെട്ടിരിക്കുന്നു. അവിടം
ഇരുട്ടാണ് ..കൂരാക്കൂരിരുട്ട്. അര്‍ഹതപ്പെട്ട സ്‌നേഹവും ലാളനയും എന്റെ
പ്രതീക്ഷകള്‍ക്കൊപ്പം വളരാതെപോയപ്പോള്‍ നിരാശ എന്നില്‍ ഒരു അര്‍ബുദമായി പടര്‍ന്നു.
അതെ.... ഇതെന്‍ നിയോഗമാണിതെന്റ ജാതകം...
തിരുത്തപ്പെടാനാകാത്ത ജാതകം....
Saturday, May 18, 2013
ഇരുട്ട്
സ്വപ്‌നങ്ങൾ പിറക്കുന്നതും ,
സ്വപ്ങ്ങൾ പിടഞ്ഞു ഇല്ലാതാകുന്നതും ഇരുട്ടിലത്രേ
കരയുന്ന കണ്ണുകളെ ഒളിപ്പിക്കാനും
ഇരുട്ടിനെയാണ്എനിക്കേറെയിഷ്ടം .
എല്ലാം അറിഞ്ഞും ഒന്നും അറിയാത്തതുപോൽ
ഊറിചിരിക്കാനും വേണമെനിക്കിരുട്ട് ....
ഇരുട്ടറ കണക്കെൻഅകവും ഇരുട്ടാണ്.
എങ്കിലും ഞാനെൻ കണ്ണുകൾ മിഴിചിരിപ്പാണ്
നിൻ കണ്ണുകൾ അടയാതിരിക്കാൻ!
എങ്കിലും ഞാനെൻ കണ്ണുകൾ മിഴിചിരിപ്പാണ്
നിൻ കണ്ണുകൾ അടയാതിരിക്കാൻ!
Tuesday, March 12, 2013
Thursday, February 7, 2013
ഒരു പേരിലെന്തിരിക്കുന്നു?
ഒരു പേരിലെന്തിരിക്കുന്നു?” എന്നു ചോദിച്ചതു വിശ്വമഹാകവി ഷേക്സ്പിയറാണു് .പേരിലെന്തിരിക്കുന്നു എന്ന ചോദ്യം ഇന്ന് ഒരുപക്ഷേ അപ്രസക്തമാണെങ്കിലും ഒരുകാലത്ത് പേര് ഒരു കേവല വ്യക്തി ഐഡന്റിറ്റി മാത്രമായിരുന്നില്ല, മറിച്ച് അതു മറ്റു പലതും കുറിക്കുന്നുണ്ടായിരുന്നു. പേരുകളില്‍ ജാതിയും മതവും എല്ലാം ഒളിഞ്ഞിരുന്നു.ആളുകളുടെ ജാതിയും മതവും,സാമൂഹികസ്ഥാനവും തിരിച്ചറിയിച്ചുകൊണ്ടാണ് പണ്ട് പേരുകള്‍ കൊടുത്തിരുന്നത്.
അച്ഛനമ്മമാരുടെ പേരുമായി ബന്ധപ്പെടുത്തി മക്കളുടെ പേരിടുന്നതു പണ്ടേ ഉണ്ടായിരുന്നു. പാഞ്ചാലരാജാവായ ദ്രുപദന്റെ മകള്‍ക്കു പാഞ്ചാലി/ദ്രൌപദി, മൃകണ്ഡുവിന്റെ മകനു മാര്‍ക്കണ്ഡേയന്‍, പാശ്ചാത്യരുടെ ഇടയിലും കുടുംബം,ആഭിജാത്യം എന്നിവയുടെ അടിസ്ഥനാത്തിൽ പേരുകൾ വിളിച്ച് പോന്നു ജോണിന്റെ മകനു ജോണ്‍സണ്‍ എന്നിങ്ങനെ . അടുത്ത കാലത്തായി അച്ഛനമ്മമാരുടെ പേരുകളുടെ ആദ്യത്തെ അക്ഷരങ്ങള്‍ ചേര്‍ത്തു് കുട്ടിയ്ക്കു പേരുണ്ടാക്കുന്നതും കാണുന്നുണ്ടു്. രാമന്‍ , ജാനകി യുടെയും മകള്‍ക്കു “രാജി ” എന്നു പേരിടുന്നതു പോലെ.
കുട്ടികള്‍ക്കു പേരിടുമ്പോള്‍ അര്‍ത്ഥമുള്ള പേരുകളാണോ അതോ വിളിക്കാന്‍ എളുപ്പമുള്ള പേരുകളാണോ ഇടേണ്ടതു് ?
മറ്റെങ്ങും ഇല്ലാത്ത വിചിത്രവും അര്‍ത്ഥശൂന്യവുമായ പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ മലയാളികള്‍ പൊതുവെ മുന്‍പന്തിയിലാണ്
ഇന്നത്തെ കാലത്ത് കുട്ടികളുടെ പേര് കേട്ടാല്‍ നാവു വഴങ്ങുകയില്ല അതൊന്നു പറയാന്‍.വ്യത്യസ്ത മായ പേരുകള്‍ ഇടാന്‍ അച്ഛനമ്മമാര്‍ മത്സരിക്കുന്നത് കണ്ടിട്ടുണ്ട് ഈയിടെ ചില കുട്ടികളുടെ പേരുകള്‍ കേട്ടപ്പോൾ ആ അച്ഛനമ്മരോടും ഒപ്പം ആ കുട്ടികളോടും ഒരു പോലെ
സഹതാപം തോന്നി.പീലി,തത്തമ്മ,നാക്കിയ,നി സിന് എന്നിങ്ങനെ
വിചിത്രമായ പേരുകൾ
വഴക്കിടുമ്പോള്‍ ആകും കൂടുതലായും ഇത്തരം പേരുകള്‍ പുനർജനിക്കുകയോകേട്ടപ്പോ ഇന്നത്തെ തലമുറയുടെ കുഴപ്പം എന്നുകരുതി സമാധാനിച്ചു.പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് പേരിടുമ്പോള്‍ ആ പേരില്‍ത്തന്നെ ഒരു ഓമനത്തം അല്ലെങ്കില്‍ കേള്‍ക്കുമ്പോള്‍ തന്നെ കാണാതെ ആ വ്യക്തിയുടെ രൂപം
മനസ്സില്‍ തെളിയണം എന്ന പക്ഷക്കാരി ആണു ഞാന്‍ ..പണ്ടത്തെ പേരുകള്‍
പേരുകൾ എല്ലം തന്നെ അത്തരത്തിൽ ഉള്ളതായിരുന്നുഎന്ന്പറയാം.ചില പേരുകള്‍ കേൾക്കുമ്പോൾ ആ വ്യക്തിയുടെ ഒരു ഭീകര രൂപം മനസ്സില്‍ വന്നേക്കാം.നേരിട്ട് കാണുമ്പോൾചിലപ്പോൾ ആ വ്യക്തി തിരിച്ചായേക്കാം.ചില പേരുകളിൽ തന്നെ ഒരു സൗമ്യതയും കാണം.പണ്ടൊക്കെ പേരുകൾ കേട്ടാല്‍ അയാളുടെ ജാതിയും ,തൊഴിലും,കുലവും മനസ്സിലാകുമായിരുന്നു.ഇന്നത്തെ പേരുകൾ കേട്ടാൽ ആണാണോ ,പെണ്ണാണോ എന്ന് ഒരു നിമിഷം സംശയിച്ചേക്കാം.നായരാണോ,ക്രിസ് ത്യാനിയാണോ,മുസ്ലീം ആണോ എന്ന് വേര്‍തിരിച്ചറിയുക പ്രയാസമായിരിക്കുന്നു. അതറിയുക ഒരത്യാവിശ്യ ഘടകമാണു എന്ന വാദത്തിനു വേണ്ടിയല്ല ,മാറ്റങ്ങൾ അത്ര വരെ എത്തി എന്നു സൂച്ചിപ്പിച്ചു എന്നു മത്രം. കോമൻ,പങ്കജാക്ഷൻ,ഉത്പലാക്ഷൻ,കാളി,കോമളവല്ലി,പുഷപ,കോമളൻ തുടങ്ങിയ പേരുകള്‍ എല്ലാം തന്നെ ഇന്ന് വംശനാശം വന്ന പേരുകളായി മാറിയിരിക്കുന്നു.
ചിലരുടെ യഥാര്‍ത്ഥ പേരുപറഞ്ഞാല്‍ ആരും അവരെ അറിഞ്ഞെന്നു വരില്ല..
ഇരട്ടപ്പേരുകളിലുടെയോ,വട്ടപ്പേരുകളിലുടെയോ
അറിയപ്പെടുന്ന ഒരുപാട് ആളുകള്‍ ഉണ്ട്.വളരെ രസകരമായ അത്തരം പേരുകള്‍ ഒരിക്കല്‍ ചാർത്തി കിട്ടിയാല്‍ പിന്നീട് മരിച്ചാല്‍ പോലും ആ പേര് നിലനില്‍ക്കും..സ്ക്കൂളുകളില്‍ ടീച്ചര്‍ മാര്‍ക്കും,മാഷ്മാര്‍ക്കും,ഇത്തരം പേരുകള്‍ ധാരാളമായി ഉണ്ടാകാറുണ്ട്.കുട്ടികള്‍ പരസ്പ്പരം വഴക്കിടുമ്പോള്‍ ഇത്തരം പേരുകള്‍ വിളിക്കാറുണ്ട്. ചെറു പ്പക്കാലത്ത് എനിക്കും എന്‍റെ വീട്ടിലെ മിക്കവര്‍ക്കും ഉണ്ടായിരുന്നു രസകരമായ ഇരട്ടപ്പേരുകൾ.ഉണ്ടക് കണ്ണി,മത്തകോഴി,നീർക്കോലി, ഉണ്ടപക്രു..(ഇതില്‍ എന്‍റെ പേരില്ല ട്ടോ)
ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്ന മനോഹരങ്ങളായ ചില പേരുകള്‍ ഞാന്‍ ഓര്‍ക്കുകയാണ്..രസകരങ്ങളായ വേറെയും ഒരുപാട് പേരുകൾ കോഴിക്കാട്ടം , തുപ്പല്‍സാമി,കൂറ്റന്‍ അച്ചു,തവള
പണ്ട് കെ ആര്‍ വിജയ സിനിമയില്‍ കത്തി നിന്നകാലം ,കെ ആര്‍ വിജയയോടു പ്രണയം തോന്നി ഒരാള്‍ മദ്രാസ്സിലേക്ക് വണ്ടികയറി.കെ ആര്‍ വിജയയെ ഒരുനോക്ക്
കാണുവാന്‍ പോലും കഴിയാതെ തിരിച്ചുവന്ന അദേഹത്തിന് പേരിനൊപ്പം കെ ആര്‍ ചാര്‍ത്തി കിട്ടുകയുണ്ടായി..അങ്ങിനെ ഇന്നും ആ വ്യക്തി കെ ആര്‍ കേശവന്‍എന്നറിയപ്പെടുന്നു..
പട്ടി കുമാരന്‍..കുമാരേട്ടന്‍ വര്‍ഷങ്ങളായി ഒരു പ്രവാസിയായിരുന്നു.നാട്ടില്‍ ഒരു പ്രമാണിയായി വിലസിനടന്നിരുന്ന കാലം വീട്ടില്‍ നാലഞ്ചു നായക്കളും
ഉണ്ടായിരുന്നു.രാവിലെ എന്നും പ്രഭാത സവാരിക്കിറങ്ങുമ്പോള്‍ നായക്കളെയും കൂടെ കൂട്ടും അങ്ങിനെ കുമാരേട്ടന്‍ പട്ടി കുമാരേട്ടന്‍ ആയി മാറി.
കുടുക്കി...ഞങ്ങളുടെ നാട്ടിലെ വലിയ പണക്കാരനും അതിലുപരി വലിയ ബിസ്സിനസ്സ് സാമ്രാട്ടും .ആദ്യം അയാള്‍ ഒരു സ്ഥലം വാങ്ങിയാല്‍ ക്രമേണ അതിനു ചുറ്റുമുള്ള
സ്ഥലം എങ്ങിനെയെങ്കിലും കരസ്ഥമാക്കിയിരുന്നു.അങ്ങിനെ പലരെയും കുടുക്കിയും ,പണക്കാരനായി തീര്‍ന്ന അയാള്‍ കുടുക്കി ജബ്ബാര്‍ എന്നറിയപെട്ടു.
പുറത്തു വരികയോ ചെയ്യുക.
Sunday, October 7, 2012
വാചാല
ഇരുളിനും വെളിച്ചത്തിനുമിടയില്‍
പച്ചപ്പിനും,മരുഭൂവിനുമിടയില്‍
പെട്ട് ഞെരിഞ്ഞമരും ജീവിതത്തെ
ഞാനെന്തുപേരിട്ടു വിളിക്കും.?
ജീവിതകാലമത്രയും സ്നേഹത്തിന്‍
തത്വശാസ്ത്രത്തില്‍ വാചാലയായവള് ,
അലങ്കരിച്ച ജീവിതത്തിനും,
തെളിച്ചുവെക്കും വിളക്കുകള്‍ക്കുമിടയില്‍
ഏകയായ കളമെഴുത്തുകാരിയായ് ഇന്നുമാറി
തലച്ചോറില്‍ വാക്കുകളുടെ ചൂളം വിളി
ഇടക്കിടെ കടന്നുപോകുമ്പോള്‍ രണ്ടു ദിശയിലേക്കുള്ള
തീവണ്ടി പോലെ ഞാനും നീയും
കാതങ്ങള്‍ താണ്ടി കഴിഞ്ഞു.
Sunday, August 19, 2012
ഭ്രാന്ത്
സ്നേഹംദു:ഖമാണ് ,.
എത്രമേല്‍ സ്നേഹിച്ചീടുകില്‍
മതിക്കുന്നു ദു;ഖം അത്രമേല്‍ .
വെറുമൊരു ധാരണയല്ലോ സ്നേഹം ,
പരസ്പ്പരമറിയാന്‍ കഴിയാതെ പോയാലവിടം
മരിച്ചിടുന്നു സ്നേഹം മര്ത്ത്യനില്‍ .
ഞാന്‍ എന്‍റെ എന്ന രണ്ടുവാക്കില്‍
കുടുങ്ങി കിടപ്പിടും ,
ആസ്കതിയില്‍ ,ആഗ്രഹത്തില്‍ അധിഷ്ടിതമാം സ്നേഹം
ഭ്രാന്തനാക്കീടുന്നു മര്‍ത്ത്യനെ .
Saturday, August 11, 2012
പ്രഹേളിക

നീ എനിക്ക് ചുറ്റിലും വേലികെട്ടി തിരിച്ചു
വിളവിറക്കുന്നതും,കൊയ്യുന്നതും നീ തന്നെ.
എന്‍ ജന്മാവകാശം
നിനക്ക് മാത്രമെന്നിടയ്ക്കിടെ
കുത്തുംമുള്ള് പോലോര്മ്മപ്പെടുത്തി .
വിഷാദത്തിന്‍ ചുമരുകളില്‍
പടര്‍ന്നു കേറും മുല്ലപോല്‍ നിന്നോര്‍മ്മകള്‍ നീറ്റിടുന്നു.
എന്നും നിന്‍ചാരെ ഞാന്‍ ഉണ്ടായിരുന്നു,
പക്ഷെ നീ കണ്ടതില്ലെന്നു മാത്രം.
എഴുതാത്ത പുസ്തകത്താളില്‍
കാറ്റും മഴയും വെയിലും മേല്ക്കാതെ
പിടയുന്നുണ്ട് വാക്കുകള്‍ .
ഞാന്‍ ജീവിതത്തിന്‍ ആലയില്‍
പെട്ടുപോയൊരു ഇരുമ്പ് ദണ്ഡ്.
നീ വീശും വാക്കിന്‍ ചാട്ടുളികൊണ്ട്
മുറിഞ്ഞു ചോരവാര്‍ന്നു
പുകയുകയാണ്
എന്‍അകം പുറം .!
കരിയാ മുറിവിലൂടോഴുകുന്നതു
തീരാ നോവും നുരയുന്ന
ദ്വേഷവുമാണ് .
എന്നെ കുടിച്ചു വറ്റിക്കാന്‍ തുടങ്ങുമ്പോള്‍
കാലപ്പഴക്കമറിയാത്ത
ശിലാ ലിഖിതങ്ങള്‍ പോലെ നീ
എനിക്കെന്നുമോരജ്ഞാത
പ്രഹേളിക !
Friday, July 27, 2012
വിശ്വാസം
ഓരോ മനുഷ്യന്റെയും ജീവിതയാത്ര വഴുക്കലുള്ള ഒറ്റ തടിപ്പാലത്തില്‍ കൂടി നടക്കും പോലെയാണ് .അതിലൂടെ നടക്കുന്ന
ഒരാള്‍ തന്റെ ഓരോ ചുവടു വെപ്പും ശ്രദ്ധയോടെ വെച്ചില്ലെങ്കില്‍ വഴുതി വീഴും .ജീവിതവും അതുപോലെയാണ്
ഓരോ നിമിഷവും ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ,വാക്കും പ്രവര്‍ത്തിയും ചിന്തിച്ചു ചെയിതില്ലെങ്കില്‍
ജീവിതം കീഴ്മേല്‍ മറിഞ്ഞെന്നു വരും.
ജീവിതത്തിന്റെ വഴികള്‍ എത്ര വിചിത്രമാണ് .ജീവിതത്തിന്റെ നാല്‍ക്കവലയില്‍ ഒരു നിയോഗം പോലെ എവിടെയൊക്കയോ വെച്ചു കണ്ടുമുട്ടുന്ന മുഖങ്ങള്‍
പതിയെ മനസ്സില്‍ നേരിയ ഒരു ഓര്‍മ്മയുടെ താളില്‍ മറഞ്ഞിരിക്കുന്നു.ജീവിതം പലരെയും പലതലത്തിലാണ് കൊണ്ടുചെന്നത്തിക്കുന്നത് നിമിത്തങ്ങള്‍ മാത്രമാകാം.
സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ കടന്നു പോകുമ്പോള്‍ ആരൊക്കയോ നമുക്കുവേണ്ടി കാത്തിരിക്കുന്നു എന്ന തോന്നലിലൂടെ ജീവിതം
മുന്‍പോട്ടു കൊണ്ടുപോകുന്നു. ചിലപ്പോ ആ വെറും തോന്നല്‍ മാത്രമല്ലേ ഓരോ മനുഷ്യനെയും ജീവിതവുമായി പിടിച്ചു നിര്‍ത്തുന്നത്.
ഒരാള്‍ തന്റെ ഓരോ ചുവടു വെപ്പും ശ്രദ്ധയോടെ വെച്ചില്ലെങ്കില്‍ വഴുതി വീഴും .ജീവിതവും അതുപോലെയാണ്
ഓരോ നിമിഷവും ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ,വാക്കും പ്രവര്‍ത്തിയും ചിന്തിച്ചു ചെയിതില്ലെങ്കില്‍
ജീവിതം കീഴ്മേല്‍ മറിഞ്ഞെന്നു വരും.
ഒരാള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ കേള്‍ക്കുന്ന
ആളില്‍ വേദന ഉണ്ടാക്കുന്നുവെങ്കില്‍ ,പറഞ്ഞ ആള്‍ മരിച്ചു കഴിഞ്ഞാലും കേള്‍വിക്കാരെന്റെ മനസ്സില്‍നിന്നും അത് മാഞ്ഞെന്നു വരില്ല.
കൈവിട്ട ആയുധവും,വാ വിട്ട വാക്കും ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്നു പലപ്പോഴും പലരും ഓര്‍ക്കാറില്ലെന്നുള്ളതാണ് സത്യം .
ആളില്‍ വേദന ഉണ്ടാക്കുന്നുവെങ്കില്‍ ,പറഞ്ഞ ആള്‍ മരിച്ചു കഴിഞ്ഞാലും കേള്‍വിക്കാരെന്റെ മനസ്സില്‍നിന്നും അത് മാഞ്ഞെന്നു വരില്ല.
കൈവിട്ട ആയുധവും,വാ വിട്ട വാക്കും ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്നു പലപ്പോഴും പലരും ഓര്‍ക്കാറില്ലെന്നുള്ളതാണ് സത്യം .
ആത്മാവിന്റെ ഏകാന്തതയില്‍ നീറി നീറി ജീവിച്ചു തീര്‍ക്കുന്ന എത്രയോ മനുഷ്യ ജന്മങ്ങള്‍ നമുക്ക് ചുറ്റിലും കാണാം .ജനിച്ചു പോയില്ലേ ജീവിച്ചല്ലേ പറ്റൂ എന്ന ചിന്തയാണ് പലരെയും പിടിച്ചു നിര്‍ത്തുന്നത്.
ജീവിതത്തിന്റെ വഴികള്‍ എത്ര വിചിത്രമാണ് .ജീവിതത്തിന്റെ നാല്‍ക്കവലയില്‍ ഒരു നിയോഗം പോലെ എവിടെയൊക്കയോ വെച്ചു കണ്ടുമുട്ടുന്ന മുഖങ്ങള്‍
പതിയെ മനസ്സില്‍ നേരിയ ഒരു ഓര്‍മ്മയുടെ താളില്‍ മറഞ്ഞിരിക്കുന്നു.ജീവിതം പലരെയും പലതലത്തിലാണ് കൊണ്ടുചെന്നത്തിക്കുന്നത് നിമിത്തങ്ങള്‍ മാത്രമാകാം.
എനിക്ക് നീയും ,നിനക്ക് ഞാനും ഉണ്ടെന്നു പറഞ്ഞു കൈപിടിക്കും ബന്ധങ്ങള്‍ എപ്പോഴെന്നറിയാതെ,
എന്തിനെന്നറിയാതെ വീണുടയും പളുങ്കുപാത്രം പോലെ ഒരിക്കലും ചേര്‍ത്ത് വെക്കനകാതെ ഓര്‍മകളുടെ ചെപ്പിലെക്ക് അടക്കപെടുന്നു.
എന്തിനെന്നറിയാതെ വീണുടയും പളുങ്കുപാത്രം പോലെ ഒരിക്കലും ചേര്‍ത്ത് വെക്കനകാതെ ഓര്‍മകളുടെ ചെപ്പിലെക്ക് അടക്കപെടുന്നു.
സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ കടന്നു പോകുമ്പോള്‍ ആരൊക്കയോ നമുക്കുവേണ്ടി കാത്തിരിക്കുന്നു എന്ന തോന്നലിലൂടെ ജീവിതം
മുന്‍പോട്ടു കൊണ്ടുപോകുന്നു. ചിലപ്പോ ആ വെറും തോന്നല്‍ മാത്രമല്ലേ ഓരോ മനുഷ്യനെയും ജീവിതവുമായി പിടിച്ചു നിര്‍ത്തുന്നത്.
ശരിയാണ് , എനിക്ക് നീ ഉണ്ടെന്ന വെറും ഒരു തോന്നല്‍ !പൊള്ളയായ വെറും വാക്കാകം, ചിലപ്പോ ആ വെറും വാക്ക് മതിയാകാം ജീവിതത്തിനെ താങ്ങി നിര്‍ത്തും നെടുംതൂണ്‍ ആയി നിലകൊള്ളാന്‍
.ഓരോരുത്തരുടെയും ജീവിതം ഓരോ തരത്തില്‍ .സ്വന്തമെന്നു പറഞ്ഞു ഓര്‍ക്കാന്‍ കുറെ പേരുകള്‍ ഉണ്ടാകുന്നത് ഒരുകണക്കിന് രസം തന്നെയാണ്.
വീട്ടുകാരും,കൂട്ടുകാരും,ബന്ധു ക്കളും.പക്ഷെ എല്ലാബന്ധങ്ങള്‍ക്കും ഒരു പരിധി ഉണ്ടെന്നു തിരിച്ചറിയുക അനുഭവത്തിലൂടെയാണ്".ബന്ധം "അത് വാക്കുകളില്‍ മാത്രം ഒതുക്കിവെക്കാവുന്ന അക്ഷരങ്ങളായി മാറി പോകുന്ന നിമിഷങ്ങളും ജീവിതത്തില്‍ കടന്നു വന്നേക്കാം. ഒരുപാട് ബന്ധങ്ങല്‍ക്കിടക്ക് സ്വന്തം എന്ന് പറഞ്ഞു ചേര്‍ത്തുവെക്കാന്‍
വീട്ടുകാരും,കൂട്ടുകാരും,ബന്ധു
ആരും ഇല്ലെന്നിടതെക്ക് ശൂന്ന്യത കടന്നു വരുന്നു ..ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഒരു മടക്കയാത്ര വിധിച്ചിട്ടുണ്ട്. ഇരുളും, വെളിച്ചവും,നിലാവുംഅതിലേറെ നിഴലുകളും
നിറയുന്ന , ഒരിക്കലും തുറക്കാന്‍ ആകാത്ത
മനുഷ്യമനസ്സിന്‍ അറകള്‍..ഒരിക്കലും ഊഹിച്ചെടുക്കാന്‍ പോലും കഴിയാത്തത്ര വിചിത്രമാര്‍ന്ന മനസ്സുകളും പേറിനടക്കുന്ന മനുഷ്യജന്മങ്ങള്‍ .കേട്ടറിഞ്ഞ നേരിനെക്കാളും അധികമാകും കേള്‍ക്കാത്ത നേരുകള്‍ എന്ന അറിവുകളുടെ ഭാരവും പേറി നടക്കുന്ന മനസ്സുകള്‍ .സ്വന്തം മനസ്സിന്റെ പോരായ്മകള്‍ തിരിച്ചറിയാത്ത ഒരാള്‍ക്ക് മറ്റുള്ളവരെ വിലഇരുത്താനുള്ള അവകാശം ഇല്ല.
പരസ്പരം ഉള്ള വിശ്വാസമാണ് ജീവിതം, അത് ഇല്ലാതാക്കുമ്പോള്‍ ജീവിതം ദുസ്സഹമായി തീരുന്നു.സ്വന്തം കുടുംബത്തിന്റെ കെട്ടുറപ്പിന് വേണ്ടി എന്തും സഹിച്ചും ,ക്ഷമിച്ചും ജീവിക്കുന്ന പഴയ തലമുറയിലെ പെണ്ണുങ്ങള്‍ ഇന്ന് വിരളമാണ് .സ്വന്തം ജീവിതം അത് അവനവന്റെ
സന്തോഷത്തിനും കൂടി വേണ്ടി ഉള്ളതാകണം എന്ന തോന്നല്‍ ആകാം ഇതിനു കാരണം.കരുത്തുകൊണ്ടു പെണ്ണിനേക്കാള്‍ ബലവാന്‍ പുരുഷന്‍ ആണ്ന്നിരിക്കലും ,ആണിനെക്കാള്‍ മനശക്തി പെണ്ണിന് തന്നെയാണ്. ലോകചരിത്രത്തില്‍ പെണ്ണിനുമുന്പില്‍ പുരുഷന്‍ എന്നും തോറ്റിട്ടേ ഉള്ളൂ. അര്‍ഹത ഇല്ലാത്തവരെ നെഞ്ചിലേറ്റി അവര്‍ക്ക് വാരിക്കോരി സ്നേഹം നല്‍കുക എന്നതു പെണ്‍ജെന്മതിന്റെ ഒരു ശാപമാണ് .സ്വന്തം ജീവിതത്തില്‍ ഒരു ആണിനുവെണ്ടി ഇടം കൊടുക്കുന്ന ഓരോ പെണ്ണിനും ഉണ്ടാകും ഓരോ കാരണങ്ങള്‍ .അമര്‍ത്തി വെക്കപ്പെടുന്ന അഭിലാഷങ്ങള്‍ നിറഞ്ഞ ഒന്നാണ് പല സ്ത്രീകളുടെയും മനസ്സ് .
.പുരുഷന്‍ അവള്‍ക്ക് നല്‍കുന്ന സ്നേഹത്തിനും,പരിഗണനക്കും,വിശ്ദൈര്യവും പിന്തുണയും പുരുഷന് നല്‍കാനും സ്ത്രീക്ക് കഴിയുന്നത് ഇതൊന്നു കൊണ്ടു മാത്രമാണ്.പണത്തിനെക്കാളും സ്ത്രീക്ക് വലുത് പുരുഷന്‍ അവളില്‍ അര്‍പ്പിക്കുന്ന വിശ്വാസവും സ്നേഹവും ആണു.ദേഹത്തണിയാന്‍ കുറെ സ്വര്‍ണ്ണവും ,ഇഷ്ടംപോലെ വസ്ത്രവും,മറ്റു ഉപഭോഗ വസ്തുക്കളും കൊണ്ടു മൂടി ഒരു പെണ്ണിനെ ത്രിപ്തിപ്പെടുത്ത്തുവാന്‍ പുരുഷന് കഴിഞ്ഞെന്നു വരില്ല.അതിനൊക്കെ അപ്പുറമാണ് അവളില്‍ അര്‍പ്പിക്കുന്ന വിശ്വാസവും സ്നേഹവും.അതുമനസ്സിലാക്കാന്‍ കഴിയാതെപോകുന്നിടതാണ് ബന്ധങ്ങളില്‍ വിള്ളലുകള്‍ രൂപപ്പെടുന്നത് .വാസത്തിനും മുന്‍പില്‍ എന്തും സഹിക്കാനും,ക്ഷെമിക്കാനും,ഏതു പ്രതിസന്ധിയിലും കൂടെ നില്‍ക്കാനും
ഏതു സ്ത്രീക്കും ഏറ്റവും വലുത് അവളുടെ ആത്മാഭിമാനമാണ് എന്നതു പുരാണങ്ങളില്‍ കൂടി പ്രതിപാദിച്ചിരിക്കുന്നു .കൊട്ടാരവും ,രാജ്യവും വിട്ട് രാമനൊപ്പം സീത ഇറങ്ങി തിരിച്ചത് ,അവിടെ സീത കൊട്ടാരത്തെക്കാളും ,സൗഭാഗ്യതെക്കാളും വിലകല്പ്പിച്ചത് എന്തും സഹിച്ച് രാമനൊപ്പം ഉള്ള ജീവിതമാണ്. രാമന്‍ സീതയ്ക്ക് നല്‍കുന്ന സ്നേഹവും വിശ്വാസവുമാണ് അതിനവളെ പ്രേരിപ്പിച്ചത് എന്നതില്‍ സംശയം ഇല്ല .ആ വിശ്വാസം നഷ്ടപെട്ടപോള്‍ അവള്‍ അഗ്നിശുദ്ധി നടത്തി ഭുമി ആകുന്ന സ്വന്തം മാതാവിന്റെ നെഞ്ചില്‍ അഭയം തേടുകയാണ് ചെയ്തത് .ഒരു സ്ത്രീ പുരുഷന്റെ പ്രണയത്തിലും ,കാമത്തിലും ആര്ദ്രയാകണമെങ്കില്‍ അത്രമേല്‍ അയാളില്‍ പ്രണയംവേണം .എന്താണ് ഒരു പുരുഷന്‍ സ്ത്രീക്കെന്നു പുരുഷനേക്കാള്‍ ഏറെ അറിയുന്നത് സ്ത്രീക്ക് തന്നെയാണ്.അത് ബോധ്യപെടുത്തുന്നതും അവള്‍ തന്നെയാണ്..രാമായണത്തില്‍ സീതയുടെ അഗ്നി പ്രവേശത്തിനുമുന്പ് സീത പറയുന്നുട്"ഇനി അവന്‍ തൊടുമ്പോള്‍ ഈ മണ്ണ് ആര്‍ദ്ര മാവുകയില്ല" .കാരണം അവള്‍ അര്‍പ്പിച്ച സ്നേഹവും ,വിശ്വാസവും നഷ്ടപ്പെടുമ്പോള്‍ ഏതു സ്ത്രീക്കാണ് ഒരു പുരുഷനെ പ്രണയിക്കാനും സ്നേഹിക്കാനും കഴിയുക?
Wednesday, July 11, 2012
ഹൃദയം
ചിന്തക്കും , ഹൃദയത്തിനുചുറ്റും
വിലങ്ങു വീണതുകൊണ്ടാകാം
ലോഭമില്ലാതെ ഒന്നുകരയാന്‍ ആഗ്രഹിച്ചിട്ടും
കണ്ണുനീരിനു പകരം
ഹൃദയരക്തം ഒലിച്ചിറങ്ങിയത്!
വിലങ്ങു വീണതുകൊണ്ടാകാം
ലോഭമില്ലാതെ ഒന്നുകരയാന്‍ ആഗ്രഹിച്ചിട്ടും
കണ്ണുനീരിനു പകരം
ഹൃദയരക്തം ഒലിച്ചിറങ്ങിയത്!
Sunday, April 15, 2012
നീര്‍കുമിള
Friday, August 5, 2011
പിന്‍നിലാവ്

ഒരു നിലാവ് പോലെയാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. പ്രത്യേകിച്ചൊരു ബാഹ്യ സൌന്ദര്യവും നിന്നില്‍ കണ്ടെതാതിരുന്നിട്ടും ഞാന്‍ ഇഷ്ടപെട്ടത്, അല്ലെങ്കില്‍ ഇഷ്ടപെടാന്‍ തുടങ്ങിയത് നിന്റെ മനസ്സിന്റെ നൈര്‍മല്യത്തെയായിരുന്നു. പാറകെട്ടിനുള്ളില്‍ നിന്നും വരുന്ന നീരൊഴുക്കിന് തണുപ്പേറും എന്നതുപോലെ, നിന്റെ ഉള്ളിലെ പച്ചമനുഷ്യനെ, ആ കുളിരിനെ ഞാന്‍ പ്രണയിച്ചു തുടങ്ങിയിരുന്നു. എന്റെ ഓരോ നിമിഷവും കടന്നു പോകുന്നത് നീയെന്ന വിചാരത്താലാണ് .
പ്രണയം ഊഷ്മളമായ ഒരോര്‍മ്മയാണ്. എന്നും ഓര്‍ക്കാവുന്ന സുഖമുള്ളൊരു നോവായി പ്രണയം മനസ്സിനെ പൊതിയുന്നു. എന്റെ ലോകത്തിലേക്ക് ഒരു വസന്തം വാരി വിതറി കൊണ്ടാണ് നീ കടന്നുവന്നത്. എന്റെ ഹൃദയത്തിലേക്ക് പ്രണയത്തിന്റെ വിത്തുപാകിയത് ഞാനോ അതോ നീയോ? ഞാന്‍ തന്നെയായിരുന്നു അല്ലേ! എന്റെ ഭ്രാന്തന്‍ ചിന്തകള്‍ക്ക് ഞാന്‍ തന്നെ ആവശ്യത്തിനു വെള്ളവും വളവും നല്‍കി വളരാന്‍ അനുവദിച്ചു. എനിക്ക് പടരാന്‍.. എന്റെ ചിന്തകള്‍ക്ക് പടര്‍ന്നു പന്തലിക്കാന്‍ ആദ്യമായി ഒരു തണല്‍മരം കണ്ടെത്തിയതിന്റെ ആനന്ദത്തിലായിരുന്നു ഞാന്‍. അത്രമേല്‍ ... ഇനിയൊരിടവും ബാക്കിയില്ലാത്ത പോലെ നീ എന്നില്‍ ആണ്ടിറങ്ങിയിരുന്നു...
ഓരോ ദിവസം കടന്നു പൊയ്ക്കൊണ്ടിരിക്കെ എന്റെ മനസ്സ് നിന്നിലേക്ക് കൂടുതല്‍ അലിഞ്ഞു ചേരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും നീ അറിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാത്ത പോലെ നീ പെരുമാറിക്കൊണ്ടിരുന്നു. എന്നെ മനസ്സിലാക്കാന്‍ ആരുമില്ല എന്ന്‍ ഞാന്‍
വിശ്വസിച്ചിരുന്ന ഈ ലോകത്ത് പെട്ടെന്ന് എന്റെ സന്തോഷങ്ങളിലേക്ക് നീ കടന്നു വന്നപ്പോള്‍, ഞാന്‍ പറയാതെ തന്നെ എന്റെ ഹൃദയത്തിന്റെ ഭാഷ നീ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ എന്റെ മനസ്സിന്റെ അറകളില്‍ ഞാന്‍ കാത്ത് സുക്ഷിച്ചു വെച്ചിരുന്ന പ്രണയമരം വീണ്ടും തളിരിടാന്‍ തുടങ്ങുന്നത് ഞാനറിഞ്ഞു.
പരിചയപ്പെട്ടപ്പോള്‍ മുതലുള്ള എന്റെ ഒരു മോഹമായിരുന്നു നമ്മളൊരുമിച്ചുഒരു യാത്ര. എന്തായിരുന്നു എന്റെ മനസ്സില്‍.. അറിയില്ല എനിക്ക്. എന്തിനായിരുന്നു അത്തരം ഒരു യാത്ര ഞാന്‍ കൊതിച്ചത്. ഇന്നും അറിയില്ല. ഒന്നുമാത്രമറിയാം! നിന്നോട് ചേര്‍ന്ന് , നിന്നിലേക്ക് അലിഞ്ഞ് ഇല്ലാതാവുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു എന്ന് മാത്രം!! വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ആ യാത്രക്ക് അവസരം ഉണ്ടായത്. എനിക്കുള്ള ടിക്കറ്റ് നീ എടുക്കുമ്പോഴും നീയും എന്നോടൊത്ത് വരുമെന്ന് ഞാന്‍ കരുതിയതേയില്ല. പറഞ്ഞ് തീര്‍ക്കാനാവാത്ത വിശേഷങ്ങള്‍ക്കിടയില്‍ തികച്ചും ലാഘവത്തോടെ നാളത്തെ യാത്രയില്‍ ഞാന്‍ നിന്നോടൊത്തുണ്ടാവുമെന്ന് നീ പറഞ്ഞപ്പോള്‍ ചിരിക്കാനോ കരയാനോ കഴിയാത്ത ഒരു വല്ലാത്ത ആത്മസംഘര്‍ഷമായിരുന്നു എന്റെ മനസ്സില്‍.
പാളങ്ങളും ചക്രങ്ങളും തമ്മില്‍ സ്നേഹം കൂടി തുടങ്ങിയിട്ടും ചുവപ്പ് മഞ്ഞയായും മഞ്ഞ മെല്ലെ പച്ചയായും സിഗ്നല്‍ വെളിച്ചങ്ങള്‍ മാറിയിട്ടും നിന്റെ വരവിനായി കണ്‍പാര്‍ത്ത് ഞാന്‍ നിന്നു. എന്റെ ഹൃദയത്തിന്റെ ചൂളംവിളികള്‍ നിന്റെ ഹൃദയത്തിലേക്ക് തരംഗങ്ങളായി എത്താതെ പോയല്ലോ എന്ന് വല്ലാത്ത നിരാശതോന്നിയ നിമിഷങ്ങള്‍. നിന്റെ സെല്‍ ഫോണ്‍ പോലും എന്റെ നൊമ്പരങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവാതെ സ്വിച്ച് ഓഫ് എന്ന് കാര്‍ക്കശ്യത്തോടെ പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ അറിഞ്ഞു . കണ്‍പീലികള്‍ ഇറുകെയടച്ചപ്പോള്‍ കണ്ണില്‍ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ മറ്റാരും കാണാതിരിക്കാന്‍ ഞാന്‍ വല്ലാതെ പാടുപെട്ടു. ആ സമയത്ത് നീ വിളിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ എന്നെന്നേക്കുമായി ഗുണ്ടു ഇല്ലാതായേനേ." പേടിച്ചു പോയോ ഗുണ്ടൂ" എന്ന നിന്റെ പെട്ടന്നുള്ള ചോദ്യതോടെ പതിവ് പോലെ പുറകില്‍ നിന്നു പറഞ്ഞപ്പോള്‍ ശക്തിയോടെ നിന്റെ നെഞ്ചില്‍ ഇടിച്ചാണ് എന്‍റെ ദേഷ്യവും ,സങ്കടവും തകര്‍ത്തെറിഞ്ഞത്. അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഒരു പക്ഷെ ഞാന്‍ തകര്‍ന്നു പോയേനേ. എന്റെ ഓരോ ഇടിയും നിന്നില്‍ പൊട്ടിച്ചിരിയുണ്ടാക്കിയപ്പോള്‍ ഒരു വേള അതുവരെ ഉണ്ടായിരുന്ന വേദനയുടെ നൂറിരട്ടി സന്തോഷം എന്‍റെ ഹൃദയത്തെ പുണരുന്നത് ഞാന്‍ അറിഞ്ഞു. നെഞ്ചില്‍ കത്തിക്കൊണ്ടിരുന്ന നെരിപ്പോട് നീ കാണാതിരിക്കുവാന്‍ എനിക്ക് വല്ലാതെ പാടുപെടേണ്ടി വന്നു.
ജീവിതത്തില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന ചില നിമിഷങ്ങള്‍ ദൈവം വെച്ചു നീട്ടുമ്പോള്‍ എല്ലാം യാന്ത്രികമായി സംഭവിച്ചു കൊണ്ടിരിക്കും. എന്‍റെ ഭാഗ്യവും നിര്‍ഭാഗ്യവും എന്‍റെ മുന്‍പില്‍ ഇരിക്കുന്ന നീയാണെന്നും, എന്‍റെ സ്നേഹം മുഴുവന്‍ പ്രകടിപ്പിക്കാന്‍ അല്ലെങ്കില്‍ തുറന്നു പറയാന്‍ എനിക്ക് കിട്ടിയ ഏതാനും മണിക്കൂറുകള്‍ - അല്ലെങ്കില്‍ നീ എനിക്ക് ദാനം നല്‍കിയ ഈ മണിക്കൂറുകള്‍ - ശെരിയാണ് ..ആ മണിക്കൂറുകള്‍ നീ എനിക്ക് ദാനം നല്‍കിയത് തന്നെ ആയിരുന്നു. എനിക്കൊരിക്കലും അത് നഷ്ടപ്പെടുത്താനാവില്ലായിരുന്നു. എന്നെ തന്നെ നോക്കി ഒന്നും മിണ്ടാതെ ഇരിക്കുന്ന നിന്റെ മനസ്സില്‍ ആ നിമിഷങ്ങളില്‍ എന്തായിരിക്കുമെന്ന് ഞാന്‍ വെറുതെയെങ്കിലും ഒന്ന് സങ്കല്‍പ്പിച്ചു നോക്കി. ഒരിക്കലെങ്കിലും... 'ഗുണ്ടു ഞാന്‍ നിന്നെ സ്നേഹിക്കുന്നു' എന്ന് നീ പറയുന്നതുകേള്‍ക്കാന്‍ എന്‍റെ മനസ്സ് ഒരു പാട് കൊതിച്ചു. നീ ഒരു ദുഷ്ടനാ.. മറ്റുള്ളവരുടെ മനസ്സ് വേദനിക്കുന്നത് കാണാന്‍ കഴിയാത്ത ഹൃദയശൂന്യന്‍ എന്ന് സ്വയം പറയുമ്പോഴും എന്റെ മനസ്സ് നിന്നെ ന്യായീകരിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു! ഒടുവില്‍, 'നീ എന്നെ സ്നേഹിക്കുന്നുവോ'? എന്ന് മുഖത്ത് നോക്കി ചോദിച്ചപ്പോഴും പതിവ് കള്ളചിരിയായിരുന്നു നിന്റെ ഉത്തരം. 'എനിക്കറിയാം നീ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ' ഉത്തരവും ഞാന്‍ തന്നെ പറഞ്ഞപ്പോള്‍ വല്ലാത്ത ഒരു ചിരിയായിരുന്നു നിന്റെ മറുപടി. പറയുന്ന ഇഷ്ടത്തിന്റെ അളവിനേക്കാള്‍ പറയാത്ത ഇഷ്ടത്തിന് അളവ് കൂടുമെന്ന് കരുതിയല്ലേ നീ പറയാത്തതെന്ന എന്റെ ന്യായീകരണം കേട്ട് നീ പൊട്ടിച്ചിരിച്ചു. ക്രൂരന്‍! അല്പം പോലും സ്നേഹമില്ലാത്ത താന്തോന്നി!! പക്ഷെ എന്നിട്ടും നീ എന്നെ സ്നേഹിക്കുന്നില്ല എന്ന് കരുതുവാന്‍ , ചിന്തിക്കുവാന്‍ ഞാന്‍ തയ്യാറായില്ല. മറിച്ച് വിശ്വസിക്കുവാന്‍ …. സ്വയം വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.
ഒരിക്കലെങ്കിലും ഇഷ്ടമാണെന്ന വാക്ക് നീ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു. എന്‍റെ മോഹം ഒരു വേദനയായി എന്നില്‍ നിറയുന്നത് ഞാന്‍ അറിഞ്ഞിട്ടും എന്‍റെ വഴിയിലെ പ്രകാശത്തെ ഊതികെടുതുവാന്‍ എനിക്കായില്ല. ഓടികൊണ്ടിരിക്കെ തന്നെ ഈ ട്രെയിന്‍ യാത്ര ഒരു ദുരന്തമായി അവസാനിച്ചെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.കാരണം നിന്നോടൊത്തു ഈ ജീവിതം തീരുന്നെങ്കില്‍ അതില്‍ ഞാന്‍ ഏറെ സന്തോഷിച്ചിരുന്നു.സ്വന്തം സ്വാര്‍ത്ഥതക്കു വേണ്ടി ആയിരങ്ങളെ ബലിയാടാക്കാന്‍ ആഗ്രഹിച്ച എന്‍റെ മനസ്സിനോടെനിക്ക് വെറുപ്പുതോന്നി.
അണയാറായ തീ ആളികത്തുമെന്നു പറഞ്ഞപോലെ ആയിരുന്നു ഞാന്‍ അപ്പോള്‍. ആ തീ കെടും മുന്‍പ് എന്റെ പ്രണയത്തിന്റെ അഗ്നിയില്‍ നീ കൂടി കത്തി ചാമ്പലായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. പിണച്ചു വെച്ച കൈകള്‍ കൊരുത്തെടുത്ത് ഞാന്‍ എന്‍റെ നെഞ്ചോടുചേര്‍ത്തു പിടിച്ചു. ആ കൈകളില്‍ മൃദുവായി ഉമ്മവേക്കുമ്പോള്‍ അതുവരെ ഞാന്‍ അടക്കി വെച്ച സ്നേഹമത്രയും അണപൊട്ടുകയായിരുന്നു. മതിവരുവോളം നിന്റെ കൈകളില്‍ ഉമ്മവെച്ചിട്ടും തിരിച്ചൊരു തലോടല്‍ പോലും നല്‍കാതെ എന്‍റെ കണ്ണില്‍ നോക്കി ഇരുന്ന നിന്റെ മനസ്സില്‍ എന്തായിരുന്നു.. അടക്കിവെച്ച സ്നേഹമോ? അതോ എനിക്കായി നല്‍കാന്‍ നിന്റെ കയ്യില്‍ ഒന്നും ഇല്ലെന്നായിരുന്നോ? അത് സത്യമാകരുതെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു . ഉറക്കം വന്നു കണ്ണുകളെ തഴുകുമ്പോള്‍ ഉറങ്ങിക്കോ നീ എന്ന് പറഞ്ഞു ഉറങ്ങാന്‍ അനുവദിക്കുകയും അടുത്ത നിമിഷം ഉറക്കത്തിലേക്ക് വീഴുന്ന എന്നെ നുള്ളി ഉണര്‍ത്തിയതും ഒക്കെ എന്തിനായിരുന്നെന്ന് ഇന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. പറഞ്ഞിട്ടും,പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കിഴക്ക് സൂര്യന്‍ ഉദിച്ചു പൊങ്ങുമ്പോള്‍ തൂക്കിലേറ്റാന്‍ വിധിക്കപെട്ട കുറ്റവാളിയെ പോലെയായി എന്‍റെ മനസ്സ്. സ്റ്റേഷന്‍ അടുക്കുന്ന സമയം നീ എന്തിനാണ് എന്‍റെ നേരെ കൈ നീട്ടിയത്? ആ നീട്ടിയ കൈയില്‍ ഞാന്‍ പിടിക്കുമ്പോള്‍ ഈ പിടി ഒരിക്കലും വിടാതിരുന്നെങ്കില്‍ എന്ന്‍ ഒരു നിമിഷമെങ്കിലും വെറുതെ ആശിച്ചു പോയി. ട്രെയിന്റെ വേഗത കുറഞ്ഞ നില്ക്കാന്‍ തുടങ്ങുമ്പോള്‍ നീ എന്റെ കൈകളില്‍ മുറുകെ പിടിച്ചത് എന്തിനായിരുന്നു? എന്നെ പറഞ്ഞ വിടാന്‍ നിന്റെ മനസും ആഗ്രഹിചിരുന്നില്ല അല്ലേ? ഇറങ്ങി നടക്കുമ്പോള്‍ തിരിഞ്ഞു നോക്കരുതെന്ന് നീ പറഞ്ഞിട്ടും നോക്കാതിരിക്കാന്‍ എനിക്കായില്ല. ഒരുപക്ഷെ ഇനി ഒരിക്കലും കണ്ടുമുട്ടില്ലെന്ന വേദനയോടെ പിരിഞ്ഞകലുമ്പോഴും എന്‍റെ മനസ്സ് നിന്റെ ഒരു വിളിക്കായി കാതോര്‍ത്തു.
നീ ഒരിക്കലും പറഞ്ഞില്ല നിന്നെ സ്നേഹിക്കണമെന്നു. ബന്ധങ്ങളുടെ ബന്ധനത്തില്‍ പെട്ട് സ്വയം ജീവിക്കാന്‍ മറന്ന നിനക്ക് ഒരുപക്ഷെ എന്നെ ഓര്‍ക്കാന്‍ പോലും സമയം കുറവാണെന്ന് അറിയാം. ഒരു മെഴുകുതിരി പോലെ സ്വയം എരിഞ്ഞു മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തി സ്വയം നശിക്കുന്ന നിന്നെ ഒര്തെനിക്കെന്നും വിഷമം ആയിരുന്നു. സ്വന്തം യോഗ്യതപോലും നീ മറന്നു.ആവശ്യത്തില്‍ കൂടുതല്‍ അറിവും ബുദ്ധിയും ഉണ്ടായിട്ടും , ഒന്നും ഇല്ലാത്തവനെ പോലെ കഴിയേണ്ടി വരുന്നത് ഒരുപക്ഷെ നിന്റെ നിയോഗം തന്നെയാകാം.
നിന്നെ ഓര്‍ക്കണമെന്ന് പോലും നീ പറഞ്ഞിട്ടില്ല. കഴിഞ്ഞ മാസം ഏതാനും കത്തുകള്‍ നിന്റെതായി വീണ്ടും കിട്ടിയപ്പോള്‍ അതില്‍ പോലും പ്രണയത്തെ കുറിച്ചൊരു സൂചനയുമില്ല. കാരണം നിനക്കറിയാം പ്രണയം അങ്ങനെ പറയേണ്ടതല്ല എന്ന്. പ്രണയത്തെ അനുഗമിക്കുക . നമ്മുടെ കര്‍മം അതാണ്. ആലയില്‍ ഇരുമ്പ് വച്ച് കൊടുത്താല്‍ ബാക്കി തീ നോക്കി കൊള്ളുംഅതുപോലെ പ്രണയത്തെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചാല്‍ പിന്നെ നമ്മുടെ കര്‍മം കഴിഞ്ഞു. . പിന്നെ നടന്നു കൊള്ളുക. ഒരക്ഷരം പോലും ഉരിയാടാതെ. എനിക്കപ്പോള്‍ നീയെന്ന ബിന്ദുവിനെ കേന്ദ്രീകരിച്ച് കറങ്ങണം എന്നെ ഉള്ളൂ. നീയെന്ന അച്ചുതണ്ടാണ് എന്റെ ജീവിതം.
എന്തിനായിരുന്നു നമ്മള്‍ കണ്ടുമുട്ടിയത്? എന്തിനു വേണ്ടിയാണ് ഞാന്‍ നിന്നെ സ്നേഹിച്ചത് അറിയില്ലായിരുന്നു. എന്തിനു വേണ്ടിയാണ് എന്‍റെ ആത്മാവ് നിന്നില്‍ അലിയാന്‍ കൊതിച്ചത്? അറിയില്ലെനിക്കിന്നും.. എനിക്കറിയില്ല ഞാന്‍ നിനക്കാരയിരുന്നെന്ന്. ഒന്നെനിക്കറിയാം നിന്നെ ഞാന്‍ ഒരുപാട് പ്രണയിച്ചിരുന്നു.
എല്ലാം ഈശ്വര നിശ്ചയം എന്ന് പറയുമ്പോഴും ഇന്നും ഞാന്‍ എന്നോട് തന്നെ ചോദിക്കുന്നു നീ എന്നെ പ്രണയിച്ചിരുന്നോ..?
ഒരുനിമിഷം കൊണ്ട് മറക്കാനും ഓര്‍ക്കാനും നമ്മള്‍ ശ്രമിക്കുമ്പോള്‍ ഒരിക്കലും മറക്കരുതെന്ന് ആഗ്രഹിക്കുന്നതെല്ലാം മറവിയുടെ അടിത്തട്ടില്‍ പായല്‍ പിടിച്ചു കിടക്കും.. ഇടക്ക് അവ നമ്മള്‍ അറിയാതെ തന്നെ പൊടിതട്ടി എടുക്കുമ്പോള്‍ മനസ്സില്‍ ഒരു നീറ്റല്‍ നാമറിയാതെ കടന്നുവരുന്നത് അറിയുന്നു. നിനച്ചിരിക്കാതെ വന്നുചേര്‍ന്ന വിധിയുടെ വിളയാട്ടം പോലെ നീ എന്‍റെ ജീവിതത്തിന്റെ താളമായി മാറിയത് ഞാന്‍ പോലും അറിയാതെയാണ്. എത്രപെട്ടന്നാണ് ആ താളത്തിനൊത്ത് ഞാന്‍ ചുവടുകള്‍ വെച്ചത്. നീ ഇല്ലെങ്കില്‍ ഏതു വെട്ടവും എനിക്ക് ഇരുട്ടാണ്. അതുകൊണ്ടാണ് ഞാന്‍ തുടരെ നിനക്ക് കുറിച്ചത്. എവിടെയാണെങ്കിലും ഒരു വരിയെങ്കിലും കുറിച്ച് നിന്റെ സാന്നിധ്യം അറിയിക്കണമെന്ന്.ആ സാന്നിധ്യത്തിന്റെ തുടിപ്പിലാണ് എനിക്ക് എഴുതാനാവുക. ഈ എഴുത്തില്ലെങ്കില്‍ പിന്നെ ഞാനുണ്ടോ? "പലര്‍ക്കായി നീ വീതിച്ചുനല്കിയ ഈ ജന്മം തീര്‍ത്ത്, അടുത്ത ജന്മം എനിക്കുമാത്രം "എന്ന് നീ ഏകിയ വാക്കിനായി ഞാന്‍ കാത്തിരിക്കും. പണ്ട് ആകാശം കാണാതെ സൂക്ഷിക്കുമായിരുന്ന മയില്‍പ്പീലി പോലെ എന്‍റെ പ്രണയവും..
Tuesday, August 2, 2011
രണ്ടു കവിതകള്‍
സ്വപ്നം
അടഞ്ഞ വാതിലിനും ,
നിറഞ്ഞ മൌനത്തിനും
നിലച്ച ശബ്ദത്തിനും - അപ്പുറം;
കേള്‍ക്കുന്നു ഞാന്‍ നിന്‍
പതിഞ്ഞ കാലടിശബ്ദം.
നടക്കാത്ത എന്നിലെ ഭ്രാന്ത സ്വപ്നങ്ങളേ..
നിങ്ങളെ ഞാന്‍
എന്‍ ഗര്‍ഭത്തില്‍ പേറുന്നു.
മരണം
ഈ നഗരത്തിലെ ഏതെങ്കിലും
ഒരു മുറിയില്‍ വെച്ചു ഞാന്‍
മരണപെട്ടേയ്ക്കാം
അതൊരു ആത്മഹത്യയായി
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം!!
പക്ഷെ മറ്റാര്‍ക്കുമറിയില്ലല്ലോ
അതിനും എത്രയോ മുന്‍പ്‌തന്നെ
ഞാന്‍ കൊലചെയ്യപെട്ടിരുന്നെന്ന്.
അടഞ്ഞ വാതിലിനും ,
നിറഞ്ഞ മൌനത്തിനും
നിലച്ച ശബ്ദത്തിനും - അപ്പുറം;
കേള്‍ക്കുന്നു ഞാന്‍ നിന്‍
പതിഞ്ഞ കാലടിശബ്ദം.
നടക്കാത്ത എന്നിലെ ഭ്രാന്ത സ്വപ്നങ്ങളേ..
നിങ്ങളെ ഞാന്‍
എന്‍ ഗര്‍ഭത്തില്‍ പേറുന്നു.
മരണം
ഈ നഗരത്തിലെ ഏതെങ്കിലും
ഒരു മുറിയില്‍ വെച്ചു ഞാന്‍
മരണപെട്ടേയ്ക്കാം
അതൊരു ആത്മഹത്യയായി
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം!!
പക്ഷെ മറ്റാര്‍ക്കുമറിയില്ലല്ലോ
അതിനും എത്രയോ മുന്‍പ്‌തന്നെ
ഞാന്‍ കൊലചെയ്യപെട്ടിരുന്നെന്ന്.
Subscribe to:
Posts (Atom)






